ആറാം ഘട്ടത്തിലും പോളിങ് കുറവ്, ഇനി 57 സീറ്റു കൂടി

അഞ്ച് ഘട്ടങ്ങളിൽ പോൾ ചെയ്ത വോട്ടിന്റെ വിവരം, ഏറെ വിവാദങ്ങൾക്കൊടുവിൽ ഇലക്ഷൻ കമീഷൻ പുറത്തുവിട്ടു. 76.4 കോടി വോട്ടർമാരിൽ 50.72 കോടി പേരാണ്, 66.39 ശതമാനം, അഞ്ച് ഘട്ടങ്ങളിലായി വോട്ടു ചെയ്തത്.

Election Desk

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പ്രാഥമിക കണക്കനുസരിച്ച് 61.2 ശതമാനം പോളിങ്. 64.4 ശതമാനമുണ്ടായിരുന്ന 2019-നെ അപേക്ഷിച്ച് ഈ ഘട്ടത്തിലും പോളിങ് കുറവാണ്. അതിശക്തമായ കാമ്പയിൻ നടന്ന സംസ്ഥാനങ്ങളായ ഡൽഹിയിൽ 57.67 ശതമാനവും യു.പിയിൽ 54.03 ശതമാനവുമാണ് പോളിങ്. ബിഹാർ- 55.24, ഹരിയാന- 60.06, ജമ്മു കാശ്മീർ- 54.15, ജാർക്കണ്ഠ്- 63.76, ഒഡീഷ- 69.32, ബംഗാൾ- 79.04 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലാണ് ഏറ്റവും കുറവ് പോളിങ്; 52 ശതമാനം.

ജൂൺ ഒന്നിന് ഏഴാം ഘട്ടം കൂടി പൂർത്തിയായാൽ പിന്നെ നാലാം തീയതി റിസൾട്ടിനായുള്ള കാത്തിരിപ്പാണ്. ആകെയുള്ള 543 സീറ്റിൽ 486 ഇടത്ത് വോട്ടെടുപ്പ് പൂർത്തിയായി.

ഏഴാം ഘട്ടത്തിൽ യു.പി- 13, പഞ്ചാബ്- 13, ബംഗാൾ-9, ബിഹാർ-8, ഒഡീഷ-6, ഹിമാചൽ പ്രദേശ്-4, ജാർക്കണ്ഠ്-3, ചണ്ഡീഗഡ്-1 അടക്കം 57 സീറ്റുകളിലാണ് ഇലക്ഷൻ.

ആദ്യ രണ്ടു ഘട്ടങ്ങളിലും 2019-ലേതിനേക്കാൾ കുറവായിരുന്നു പോളിങ് ശതമാനം. പിന്നീട് നടന്ന മൂന്നു ഘട്ടങ്ങളിൽ നേരിയ വർധന രേഖപ്പെടുത്തി. എങ്കിലും, വോട്ടർമാരുടെ വർധന കൂടി കണക്കിലെടുത്താൽ പോളിങ് ശതമാനത്തിൽ കുറവാണുള്ളത്.

മെയ് 20ന് അഞ്ചാം ഘട്ടത്തിൽ 62.2 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ ഇതേ ഘട്ടത്തിൽ 61.82 ശതമാനം.

മെയ് 13ന് നാലാം ഘട്ടത്തിൽ 69.16 ശതമാനം. 2019-ൽ 68.8 ശതമാനമായിരുന്നു.

മെയ് ഏഴിന് മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം, 2019-ൽ 66.58 ശതമാനം.

ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ 66.71 ശതമാനം, 2019-ൽ 69.43 ശതമാനം.

ഏപ്രിൽ 19ന് ആദ്യ ഘട്ടത്തിൽ 66.14, 2019-ൽ 69.29.

അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന 427 സീറ്റുകളിൽ 117 ഇടത്തും, അതായത് 27 ശതമാനം സീറ്റുകളിൽ, 2019-നേക്കാൾ കുറവ് പോളിങാണ് രേഖപ്പെടുത്തിയത്. തൊട്ടടുത്ത അഞ്ചു വർഷം മുമ്പു നടന്ന ഇലക്ഷനുമായി താരതമ്യം ചെയ്താൽ ഇത്രയും മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറയുന്നത് ഇതാദ്യമാണ്.

രാഷ്ട്രീയമായി അതിശക്തമായ കാമ്പയിനും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും അടങ്ങിയ നേതൃത്വത്തിന്റെ സാന്നിധ്യവുമെല്ലാമുണ്ടായിട്ടും, ആറാം ഘട്ട വോട്ടെടുപ്പിൽ ഡൽഹിയിൽ പോളിങ് കുറഞ്ഞത് എല്ലാ പാർട്ടികളെയും അമ്പരപ്പിച്ചിട്ടുണ്ട്. 2019-ൽ 60.6 ശതമാനവും 2014-ൽ 66.44 ശതമാനവുമായിരുന്നു പോളിങ്. കോൺഗ്രസിന്റെ കനയ്യ കുമാറും ബി.ജെ.പിയുടെ മനോജ് തിവാരിയും മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പോളിങ്, ഏറ്റവും കുറവ് ആപ്പിന്റെ സോമനാഥ് ഭാരതിയും ബി.ജെ.പിയുടെ ബാൻസുരി സ്വരാജും മത്സരിക്കുന്ന ന്യൂ ഡൽഹിയിലും.

കനയ്യ കുമാർ
കനയ്യ കുമാർ

അതിനിടെ, അഞ്ച് ഘട്ടങ്ങളിലും പോൾ ചെയ്ത വോട്ടിന്റെ വിവരം, ഏറെ വിവാദങ്ങൾക്കൊടുവിൽ ഇലക്ഷൻ കമീഷൻ ഇന്നലെ പുറത്തുവിട്ടു. ഓരോ ലോക്‌സഭാ മണ്ഡലത്തിലും പോൾ ചെയ്ത വോട്ടും ശതമാനവുമാണ് പ്രസിദ്ധീകരിച്ചത്. 76.4 കോടി വോട്ടർമാരിൽ 50.72 കോടി പേരാണ്, 66.39 ശതമാനം, അഞ്ച് ഘട്ടങ്ങളിലായി വോട്ടു ചെയ്തത്.

ഓരോ ഘട്ടത്തിലും വോട്ടു ചെയ്‌വരുടെ എണ്ണം, ബ്രാക്കറ്റിൽ ആകെ വോട്ടർമാരുടെ എണ്ണം.

ഒന്നാം ഘട്ടം: 11 കോടി (16.6 കോടി)
രണ്ടാം ഘട്ടം: 10.6 (15.8)
മൂന്നാം ഘട്ടം: 11.3 (17.2)
നാലാം ഘട്ടം: 12.2 (17.7)
അഞ്ചാം ഘട്ടം: 5.6 (8.9)

ആസാമിലെ ധുബ്രി സീറ്റിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്, 24.4 ലക്ഷം പേർ. ഏറ്റവും കുറവ് ലക്ഷദ്വീപിൽ, 48,630.

ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അട്ടിമറി സാധ്യമല്ലെന്ന് വിശദീകരിച്ച കമീഷൻ ഇലക്ഷൻ പ്രക്രിയയെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ വിമർശിച്ചു. വോട്ടിംഗ് ശതമാനം മാത്രം നൽകി, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മറച്ചുവച്ചത് അട്ടിമറിനീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഓരോ മണ്ഡലത്തിനും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കൃത്യമായി നൽകാൻ കമീഷനോട് നിർദേശിക്കാനാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കിയതിനുതൊട്ടുപുറകേയാണ് കമീഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

ആദ്യ രണ്ടു ഘട്ടങ്ങളുടെ ഡാറ്റ കമീഷൻ പുറത്തുവിട്ടത് ഏപ്രിൽ 30നാണ്. ആദ്യ ഘട്ടം കഴിഞ്ഞ് 11 ദിവസത്തിനും രണ്ടാം ഘട്ടം കഴിഞ്ഞ് നാലു ദിവസത്തിനും ശേഷം. സാധാരണ 24 മണിക്കൂറിനുള്ളിൽ കമീഷൻ അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാറുണ്ട്. എന്നാൽ, ഇത്തവണ പ്രതിപക്ഷ പാർട്ടികളും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും 'ദുരൂഹ കാരണങ്ങളാൽ' വൈകി.

കമീഷൻ ഇലഷൻ ദിവസം വൈകീട്ട് പുറത്തുവിട്ട ഡാറ്റയിലും ദിവസങ്ങൾക്കുശേഷം പുറത്തുവിട്ട അന്തിമ ഡാറ്റയിലും അസാധാരണമായ വ്യത്യാസമുണ്ടായിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 19ന് വൈകീട്ട് ഏഴിന് പുറത്തുവിട്ട 102 സീറ്റുകളിലെ വോട്ടിങ് ശതമാനം 60 ആയിരുന്നു. 20ാം തീയതിയിലെ ഡാറ്റയിൽ ഇത് 65.5 ശതമാനമായി ഉയർന്നു. എന്നാൽ, ഏപ്രിൽ 30ന് പുറത്തുവിട്ട അന്തിമ ഡാറ്റയിലെ വോട്ടിങ് ശതമാനമാകട്ടെ 66.14 ആയി. അതായത്, പ്രാഥമിക ഡാറ്റയിൽനിന്ന് അന്തിമ ഡാറ്റയിലെത്തുമ്പോൾ 5.5 ശതമാനം കൂടി.

88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ശതമാനക്കണക്കിലും ഇതേ അസാധാരണ വർധന കാണാം. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് വൈകീട്ട് ഏഴു മണിക്ക് പുറത്തുവിട്ട ഡാറ്റയിലെ വോട്ടിങ് ശതമാനം 60.96. അടുത്ത ദിവസം, 27ന് പുറത്തുവിട്ട ഡാറ്റയിൽ ഇത് 66 ശതമാനമായി ഉയർന്നു. നാലു ദിവസത്തിനുശേഷം, ഏപ്രിൽ 30 പുറത്തുവിട്ട അന്തിമ ഡാറ്റയിലുണ്ടായിരുന്നത് 66.71 ശതമാനം. അതായത്, പ്രാഥമിക കണക്കിൽനിന്ന് 5.74 ശതമാനത്തിന്റെ വർധന.
ശതമാന കണക്കിനൊപ്പം മു​ൻവർഷങ്ങളിൽ പുറത്തുവിടാറുണ്ടായിരുന്ന
വോട്ടർമാരുടെ കണക്ക് പ്രസിദ്ധീകരിക്കാത്തതാണ് പ്രതിപക്ഷ വിമർശനത്തിനിടയാക്കിയത്.

Comments