വോട്ടുചെയ്തു തെലങ്കാന : അടിയൊഴുക്കുകള്‍ എന്തൊക്കെ ?

ലോകസഭാ തിരഞ്ഞെടുപ്പ് നാലാംഘട്ടത്തോടടുത്തപ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു തെലങ്കാന. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്രസമിതി, ബി.ജെ.പി, അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം തുടങ്ങി ചെറുതും വലുതുമായ പാര്‍ട്ടികള്‍ ഒരുപോലെ മത്സരത്തിനിറങ്ങിയ തെലങ്കാന. പോളിംഗ് ദിവസം പോലും വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചേക്കാവുന്ന തെലങ്കാനയിലെ റിസള്‍ട്ട് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ പ്രധാനപ്പെട്ടതും ഒരുപോലെ കുഴപ്പിക്കുന്നതുമാണ്‌

Election Desk

ആകെയുള്ള 543 സീറ്റുകളില്‍ 379 സീറ്റുകളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി 2024 ലോകസഭാ തിരഞ്ഞെടുപ്പ് അതിന്റെ ഹാഫ് ടൈം പൂര്‍ത്തിയാക്കിയിരിക്കുന്നു. നാലാം ഘട്ടത്തിൽ രാജ്യമുറ്റുനോക്കിയ തെലങ്കാനയിൽ 64.93 ശതമാനമാണ് പോളിംഗ് ശതമാനം. സംസ്ഥാനത്തെ 17 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ഭോംഗിറിൽ, 76.47 ശതമാനം. ഏറ്റവും കുറവ് ഹൈദരാബാദിലും 46.08. ഹൈദരാബാദ്, മൽകാജ്ഗിരി, സെക്കന്തരാബാദ്, ചെവെല്ല എന്നീ നഗരങ്ങളിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ആകെയുള്ള 17 മണ്ഡലങ്ങളിൽ 10 എണ്ണത്തിലും 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019ലെ 62.77 ശതമാനമാണ് തെലങ്കാനയിൽ ഇത്തവണ 64ലേക്ക് ഉയർന്നത്.

എങ്കിലും ഹൈദരാബാദ് മണ്ഡലത്തിലെ പോളിംഗ് കുറവ് തെലങ്കാനയുടെ ആകെ റിസള്‍ട്ടിനെയും ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് സമയം ഒരു മണിക്കൂർ കൂടെ നീട്ടി നൽകിയിട്ടു പോലും പോളിഗ് ശതമാനം ഉയർന്നില്ലെന്നതും രാഷ്ട്രീയ കക്ഷികള്‍ക്ക് നിരാശയായി. പലരും വീടിനുള്ളിൽ തന്നെ തുടരാൻ തിരുമാനിക്കുകയായിരുന്നു. മത്സരത്തിനിറങ്ങിയ എല്ലാ പാർട്ടികളെയും കുഴപ്പിക്കുന്നുണ്ട് ഹൈദരാബാദിലെ പോളിംഗ് ശതമാനത്തിലുള്ള ഈ കുറവ്. അസദുദ്ദീന്‍ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിൻ്റെ നേതൃത്വത്തിൽ ഓൾഡ് സിറ്റിയിലുള്‍പ്പടെ വീടുവീടാന്തരം കയറിയിറങ്ങി വോട്ടിംഗ് നഷ്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ ചലനങ്ങള്‍ഉണ്ടാക്കിയില്ല.

ഗ്രേറ്റർ ഹൈദരാബാദിലെ പല പോളിംഗ് ബൂത്തുകളും ഒഴിഞ്ഞുകിടന്നെങ്കിലും, ബി.ജെ.പി സ്ഥാനാർത്ഥി മാധവി ലത, വോട്ട് ചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖാവരണം അഴിപ്പിച്ച് പരിശോധന നടത്തിയത് ഹൈദരാബാദ് മണ്ഡലത്തിൽ നാടകീയ സംഭവങ്ങള്‍ക്കും കാരണമായി. കുറച്ചു സമയത്തേത്തെങ്കിലും പോളിംഗിനെ ഇത് തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ബി.ജെ.പിയുടെ തെലങ്കാന പെർഫോമൻസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖാവരണം നീക്കി തിരിച്ചറിയല്‍ നടത്താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അധികാരം നല്‍കിയത് ആരാണെന്ന് ചോദിച്ച് കോണ്‍ഗ്രസും ബി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. പോളിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ ബി.ജെ.പി സ്ഥാനാർത്ഥി മാധവി ലതക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും ഹൈദരാബാദിനെ ബാധിച്ചിട്ടുണ്ട്.

ആകെയുള്ള 17 മണ്ഡലങ്ങളിൽ 10 എണ്ണത്തിലും 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019ലെ 62.77 ശതമാനമാണ് തെലങ്കാനയിൽ ഇത്തവണ 64ലേക്ക് ഉയർന്നത്. Photo : Election Commision Of India

വോട്ടിംഗ് തീരുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവമെന്നതും ഇത് ദേശീയ മാധ്യമങ്ങളുള്‍പ്പടെ ഏറ്റെടുത്തതും ചർച്ചയായതും വോട്ടിങ്ങിനെ ബാധിച്ചിട്ടുണ്ടാകുമോ എന്ന് ബി.ജെ.പി ഭയന്നിട്ടുണ്ട്. സംഭവം വിവാദമായിട്ടും തൻ്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് മാധവി ചെയ്തത്. ബി.ജെ.പി നേതാക്കളാരും സംഭവത്തിൽ പ്രതികരിച്ചതുമില്ല.

ചുരുക്കത്തിൽ ബി.ജെ.പിയുടെ മുസ്ലീം വിരോധത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു മാധവി ലതയുടെ പ്രവര്‍ത്തി എന്ന് തെളിഞ്ഞു. പോലീസും പോളിംഗ് ഓഫീസേഴ്‌സും മാധവിയുടെ പ്രവര്‍ത്തി നോക്കിനില്‍ക്കുകയല്ലാതെ നടപടിയെടുക്കുകയോ ചോദ്യം ചെയ്യുകയോ പോലും ചെയ്തതുമില്ല. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇതൊക്കെ തന്നെയാവും സംഭവിക്കാന്‍ പോകുന്നത് എന്ന് കോൺഗ്രസിന് പ്രചരിപ്പിക്കാനുമായി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പോലീസ് കേസും രെജിസ്റ്റര്‍ ചെയ്തു. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം ആണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. ബി.ജെ.പി മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആരോപിച്ചു.

ഇത്തരത്തിൽ, ആദ്യമൂന്ന് ഘട്ടങ്ങളെ അപേക്ഷിച്ച് നാലാംഘട്ടം ബി.ജെ.പിക്കും പ്രതിപക്ഷത്തിനും ഒരുപോലെ പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.

ആകെയുള്ള 17 സീറ്റുകളില്‍ എല്ലായിടത്തേക്കും കോണ്‍ഗ്രസും ബി.ജെ.പിയും ബി.ആര്‍.എസും മത്സരത്തിനിറങ്ങിയിരുന്നു. സിറ്റിംഗ് സീറ്റായ ഹൈദരാബാദില്‍ എ.ഐ.എം.ഐ.എമും മത്സരിച്ചു. ദേശീയ തലത്തിലേക്ക് ഉയരാന്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന ആദ്യത്തെ പേര് മാറ്റി ഭാരതീയ രാഷ്ട്ര സമിതിയായ, സംസ്ഥാന രൂപീകരണത്തിന്റെ അവകാശമുന്നയിക്കാന്‍ പ്രാപ്തിയുള്ള, ചന്ദ്രശേഖരറാവുവിന്റെ ബി.ആര്‍.എസിന് അവരുടെ പ്രസക്തി നിലനിര്‍ത്തണമെങ്കില്‍ ചെറുതല്ലാത്ത വിജയം നേടിയേ പറ്റൂ എന്ന സ്ഥിതിയുമുണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തെ തന്നെ അപ്പാടെ ഇളക്കിമറിച്ച സംഭവങ്ങള്‍ക്കിടെയാണ് തെലങ്കാനയിലുള്‍പ്പടെ നാലാംഘട്ട തിരഞ്ഞെടുപ്പ് നടന്നത് എന്നതും ശ്രദ്ദേയമാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി അറസ്റ്റ്, 50 ദിവസത്തെ ജയില്‍ ജിവിതം, തിരിച്ചിറക്കം, മോദിയുടെ ഭയം, വിദ്വേഷം - ഇതെല്ലാം നാലാംഘട്ടത്തെ നിര്‍ണണ്ണയിക്കുന്ന പ്രധാനഘടകങ്ങളാകും.

കെജ്രിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തിയിട്ടുമുണ്ട്.

2019ല്‍ ബി.ജെ.പി 50 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ച 224 സീറ്റുകളില്‍ 135 സീറ്റുകളില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി ബാക്കിയുള്ള 89 മണ്ഡലങ്ങളേ ഇത്തരത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുന്നവയുള്ളൂ. മറ്റു മണ്ഡലങ്ങളിലൊന്നും എളുപ്പമല്ല ബി.ജെ.പിക്ക് കാര്യങ്ങള്‍. പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ തീര്‍ന്നുപോയതും കെജ്രിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ബി.ജെ.പിയെ വല്ലാതെ ഭയപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് മോദിയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും കഴിഞ്ഞ കുറച്ചു ദിവസത്തെ പെര്‍ഫോമന്‍സില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഇപ്പോഴും മോദിയും അമിത്ഷായും ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിപ്പോരുന്ന വിദ്വേഷപ്രസംഗങ്ങളും മുസ്ലീം വിദ്വേഷവുമെല്ലാം ബി.ജെ.പിയെ പേടി പിടികൂടിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. കള്ളങ്ങളും പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്ന വിദ്വേഷങ്ങളും കൊണ്ട് ഈ ഭയം മറച്ചുവെക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഉത്തരേന്ത്യയില്‍ നിന്നെന്ന പോലെ തെക്കേ ഇന്ത്യയില്‍ നിന്ന് വോട്ട് പിടിക്കാമെന്നും. പക്ഷേ വിചാരിച്ചത് പോലെ അത്ര എളുപ്പമല്ല ബി.ജെ.പിക്ക് തെക്കേ ഇന്ത്യയിലെ കാര്യങ്ങള്‍. ബി.ജെ.പിയുടെ തെക്കോട്ടുള്ള തേരോട്ടത്തെ തെലങ്കാന തടുത്ത് നിർത്തുന്നുണ്ട്. നാലാംഘട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാന അതുകൊണ്ടാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്ന സംസ്ഥാനമായത്.

2019ല്‍ 17 സീറ്റില്‍ ഒമ്പതും നേടിയത് കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്ര സമിതിയായിരുന്നു. ബി.ജെ.പിക്ക് നാലും കോണ്‍ഗ്രസിന് മൂന്നും വീതം സീറ്റുകളും കിട്ടി. ഹൈദരാബാദില്‍ ആള്‍ ഇന്ത്യ മജ്ലീസ്-ഇ-ഇത്തഹദുല്‍ മുസ്ലീം ഒരു സീറ്റും നേടി. ബി.ആര്‍.എസ് 37.35 ശതമാനവും കോണ്‍ഗ്രസ് 39.4 ശതമാനവും ബി.ജെ.പി 13.9 ശതമാനവും വോട്ടാണ് നേടിയത്. എന്നാല്‍ തെലങ്കാന രാഷ്ട്രീയത്തില്‍ മാസങ്ങള്‍ കൊണ്ട് തന്നെ അടിമുടി മാറ്റം വന്നു കഴിഞ്ഞു. ബി.ആര്‍. എസിനെയും ബി.ജെ.പിയെയും നേരിടാന്‍ തക്ക ശക്തിയായി രേവന്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉയര്‍ന്നുവന്നിരിക്കുന്നു. ഇത്തവണ 14 സീറ്റു പിടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, പാചകവാതക സബ്‌സിഡി, എഴുതിത്തള്ളിയ കര്‍ഷക വായ്പകള്‍, സ്ത്രീകളുടെ സംരംഭങ്ങള്‍ക്കായി നടപ്പാക്കിയ പലിശരഹിത വായ്പ ഇവയെല്ലാം വോട്ടാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകുമോ എന്നാണ് സംശയം.

രേവന്ത് റെഡ്ഢിയുടെ നേതൃത്വം സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുവിജയത്തിന് പയറ്റിയ തന്ത്രങ്ങള്‍ തന്നെയാണ് രേവന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പയറ്റുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനെത്തിയ നോതാക്കള്‍ പലരും പെരുമാറ്റച്ചട്ടം ലംഘിച്ചതിനെത്തുടര്‍ന്നുള്ള വിവാദങ്ങളും പൊന്തി വരുന്നുണ്ട്. വിദ്വേഷ പ്രസംഗം മുതല്‍ വിവാദവിഷയങ്ങള്‍ വരെ പ്രചാരണത്തില്‍ നിറഞ്ഞാടിയിരുന്നു തെലങ്കാനയില്‍. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ, കഴിഞ്ഞ വെള്ളിയാഴ്ച അമരാവതിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി നവനീത് റാണ നടത്തിയ വിവാദ പരാമര്‍ശമായിരുന്നു ഈ സീരിസിലെ ഒടുവിലത്തേത്. 'രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്താല്‍ വോട്ട് പാക്കിസ്ഥാനിലേക്ക് പോകും എന്നായിരുന്നു നവനീത് റാണയുടെ പരാമര്‍ശം' തിരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരേ ഷാദ് നഗര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേ സമയം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേ തെലങ്കാന ബി.ജെ.പിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ട് ചെയ്ത ശേഷം രേവന്ത് റെഡ്ഡി വാര്‍ത്താസമ്മേളനം നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.

ഹൈദരബാദ് മണ്ഡലത്തില്‍ മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും മികച്ച മത്സരം കാഴ്ച്ചവെക്കുമെന്നുറപ്പ്. ഹൈദരാബാദില്‍ ഉവൈസിക്ക് മികച്ച രാഷ്ട്രീയ അടിത്തറ ഉണ്ടെന്നതും അനുകൂല ഘടകമാകും.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട, തെലങ്കാന ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മറ്റിടങ്ങളിലെല്ലാം അതിദയനീയമായി തോറ്റുപോയ കോണ്‍ഗ്രസിന് വിജയം കൊടുത്തത് തെലങ്കാന മാത്രമായിരുന്നു. കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്ര സമിതിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് കോണ്‍ഗ്രസിൻ്റെ രേവന്ത് റെഡ്ഡി സർക്കാരുണ്ടാക്കുകയും ചെയ്തു. ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

രേവന്ത് റെഡ്ഢിയുടെ നേതൃത്വം സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുവിജയത്തിന് പയറ്റിയ തന്ത്രങ്ങള്‍ തന്നെയാണ് രേവന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പയറ്റുന്നത്.

ഹൈദരബാദ് മണ്ഡലത്തില്‍ മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും മികച്ച മത്സരം കാഴ്ച്ചവെക്കുമെന്നുറപ്പ്. ഹൈദരാബാദില്‍ ഉവൈസിക്ക് മികച്ച രാഷ്ട്രീയ അടിത്തറ ഉണ്ടെന്നതും അനുകൂല ഘടകമാകും. മറ്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ഉവൈസിയുടെ ആഹ്വാനം എ.ഐ.എം.ഐ.എം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുക കൂടെ ചെയ്താല്‍ കോണ്‍ഗ്രസിനും കാര്യങ്ങള്‍ എളുപ്പമാകും.

'ഇത് മാമുവിന്റെ (ചന്ദ്രശേഖര്‍ റാവു) തിരഞ്ഞെടുപ്പല്ലെന്നും നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള തിരഞ്ഞെടുപ്പാണ്' എന്നുമാണ് ഉവൈസി പറഞ്ഞത്. പ്രധാനമന്ത്രി മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ തെലങ്കാനയിലും പുറത്തുമായി നടത്തിയ വിദ്വേഷ പ്രസംഗങ്ങളും അംബാനി-അദാനി പ്രസംഗവുമെല്ലാം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തലുകള്‍.

Comments