നിർണായകം, യു.പിയിലെ 80

ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുന്നതും രാഷ്ട്രീയ ലോക്ദളിന്റെ എൻ.ഡി.എയിലേക്കുള്ള ചേരിമാറ്റവും എസ്.പിയുടെ യാദവ വോട്ടുബാങ്കിലേക്ക് കടന്നുകയറാനുള്ള ബി.ജെ.പി നീക്കവും യു.പി ഇലക്ഷനെ സംഭവബഹുലമാക്കുന്നു.

Election Desk

ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ, 80 പേരെ, തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്, ലോക്സഭാ തെരഞ്ഞെടുപ്പിലെ ഒരു ഹോട്ട് സ്പോട്ട് എന്നു പറയാം.

ദേശീയതലത്തിൽ ഇത്തവണ 370 സീറ്റിൽ വിജയിക്കണം എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. എൻ.ഡി.എ 400-ഉം. ഇതിൽ, യു.പിയിൽനിന്നുമാത്രം 70 എം.പിമാർ എന്ന ടാർഗറ്റാണ് എൻ.ഡി.എക്ക് ഇത്തവണ.
2019-ൽ എൻ.ഡി.എ യു.പിയിൽ 64 സീറ്റിലാണ് ജയിച്ചത്; 62 സീറ്റിൽ ബി.ജെ.പിയും രണ്ടിടത്ത് അപ്നാ ദൾ- എസും. ബി.എസ്.പി 10, സമാജ് വാദി പാർട്ടി അഞ്ച് സീറ്റിൽ വീതം ജയിച്ചു. കോൺഗ്രസിന് സോണിയ ഗാന്ധിയുടെ റായ്ബറേലി മാത്രം.
വോട്ട് വിഹിത ശതമാനം: ബി.ജെ.പി- 49.6, ബി.എസ്.പി- 19.3, എസ്.പി- 18, അപ്നാ ദൾ- 1.2, കോൺഗ്രസ്- 6.3.

യു.പിയുടെ ലോക്സഭാ മാപ്, 2019-ലെ ചിത്രം.

2014-ൽ ബി.ജെ.പിക്ക് 71 സീറ്റാണ് ലഭിച്ചത്. എസ്.പിക്ക് അഞ്ച്, കോൺഗ്രസിന് രണ്ട് വീതം എം.പിമാരാണുണ്ടായിരുന്നത്. ബി.എസ്.പിക്ക് ഒരു സീറ്റിലും ജയിക്കാനായില്ല.

ഈയിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ, ആകെ പത്തിൽ എട്ടെണ്ണത്തിലും ബി.ജെ.പിക്കായിരുന്നു ജയം, എസ്.പിക്ക് രണ്ട് എം.പിമാരെ മാത്രമാണ് വിജയിപ്പിക്കാനായത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ ഏഴ് എം.എൽ.എമാരാണ് കൂറുമാറി ബി.ജെ.പിക്ക് വോട്ടു ചെയ്തത്. മൂന്നു സീറ്റ് ഉറപ്പിച്ചിരുന്ന എസ്.പിക്ക് ഇതോടെ ഒരു സീറ്റ് നഷ്ടമായി. എസ്.പിയുടെ മുൻ വീപ്പും മൂന്നു തവണ എം.എൽ.എയുമായിരുന്ന മനോജ് പാണ്‌ഡേയുടെ നേതൃത്വത്തിലുള്ള വിമതനീക്കമാണ് ബി.ജെ.പിക്ക് അപ്രതീക്ഷിതമായി ഒരു അധിക ജയം നേടിക്കൊടുത്തത്. എം.എൽ.എമാരുടെ കൂറുമാറ്റം, ഇന്ത്യ മുന്നണിയുടെ പ്രാദേശിക തലത്തിലെ സാധ്യതകളെ തകിടം മറിക്കുമെന്ന ആശങ്ക എസ്.പിക്കുണ്ട്.

2019-ൽ വാരണസിയിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ / Photo: BJP4U via X

സംസ്ഥാനത്ത് 80-ൽ 63 സീറ്റ് ജനറലാണ്, 17 എണ്ണം പട്ടികജാതി സംവരണവും. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും മത്സരിക്കുന്ന വാരണാസി, സോണിയാ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന റായ് ബറേലി, രാഹുൽഗാന്ധി സംശയിച്ചുനിൽക്കുന്ന അമേഥി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ സിറ്റിങ് സീറ്റായ ലഖ്നോ എന്നിവ ദേശീയ ശ്രദ്ധയാകർഷിക്കുന്നു.

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. റായ് ബറേലിയിൽ സോണിയക്കു പകരം പ്രിയങ്ക വന്നേക്കും. എന്നാൽ, കഴിഞ്ഞ തവണ ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ച അമേഥിയിൽ വീണ്ടും രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമോ എന്നുറപ്പില്ല. ആദ്യ സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് ഇതൊരു 'സസ്‌പെൻസാക്കി'വച്ചിരിക്കുകയാണ്.

പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി

എൻ.ഡി.എ, 'ഇന്ത്യ' മുന്നണികളുടെ ഏറ്റവും വലിയ പരീക്ഷണവേദി കൂടിയാകും ഇത്തവണ യു.പി. ഇരു മുന്നണികളെയും പരീക്ഷിക്കുന്ന രാഷ്ട്രീയസമസ്യകൾ യു.പിയിലെ മത്സരത്തെ നിർണായകമാക്കുന്നുണ്ട്.

ബി.ജെ.പിക്കു പുറമേ ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടി, സഞ്ജയ് നിഷാദിന്റെ നേതൃത്വത്തിലുള്ള നിഷാദ് പാർട്ടി, അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്‌ന ദൾ, പുതുതായി വന്ന ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി എന്നിവയാണ് എൻ.ഡി.എ ഘടകകക്ഷികൾ. 80-ൽ ആറു സീറ്റിലാണ് ഘടകകക്ഷികൾ മത്സരിക്കുക. അപ്‌നാദൾ, ആർ.എൽ.ഡി എന്നിവ രണ്ടു സീറ്റിൽ വീതം മത്സരിക്കും. ബാക്കി രണ്ടു സീറ്റുകൾ നിഷാദ് പാർട്ടിക്കും സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടിക്കുമാണ്.

ഓം പ്രകാശ് രാജ്ഭർ

ഇത്തവണ, യു.പിയിലുണ്ടായ ഏറ്റവും തന്ത്രപരമായ ഒരു രാഷ്ട്രീയനീക്കം, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിനെ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അടർത്തിയെടുത്തതാണ്. രാഷ്ട്രീയ ലോക്ദൾ, ജാട്ട് വിഭാഗം നിർണായകമായ പശ്ചിമ യു.പിയിലെ നിർണായക ശക്തിയാണ്. 2019-ൽ ജാട്ട് ഭൂരിപക്ഷ ജില്ലകളിൽ നേരിട്ട തിരിച്ചടി, ഇത്തവണ ആർ.എൽ.ഡിയിലൂടെ തിരിച്ചുപിടിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

2014-ൽ ഒറ്റയ്ക്കു മത്സരിച്ച ആർ.എൽ.ഡി 2019-ൽ സമാജ്വാദി പാർട്ടിയുമായി ധാരണയുണ്ടാക്കിയെങ്കിലും മത്സരിച്ച മൂന്നിടത്തും തോറ്റു. ഇത്തവണയും എസ്.പിയുമായി സീറ്റ് ധാരണയിലെത്തുകയും പശ്ചിമ യു.പിയിലെ ഏഴു സീറ്റുകളിൽ മത്സരിക്കാൻ ധാരണയാകുകയും ചെയ്തതാണ്. അപ്പോഴായിരുന്നു, ബി.ജെ.പിയുടെ പൂഴിക്കടകൻ. ജയന്ത് ചൗധരിയുടെ മുത്തച്ഛൻ ചരൺ സിങ്ങിന് ഭാരതരത്ന പ്രഖ്യാപിച്ചു, അതോടെ, ചെറുമകൻ പാർട്ടിക്കൊപ്പം എൻ.ഡി.എയിലേക്കുപോയി.

ജയന്ത് ചൗധരി

2019-ലെ എസ്.പി- ബി.എസ്.പി- ആർ.എൽ.ഡി സഖ്യത്തോളം ശക്തമല്ല ഇത്തവണത്തെ എസ്.പി- കോൺഗ്രസ് സഖ്യം. 2019-ലെ സഖ്യത്തിന് മുസ്‌ലിം, യാദവ, ജാട്ട്, ദലിത്, ഒരു വിഭാഗം ഒ.ബി.സി വോട്ടുകൾ ആകർഷിക്കാനായിരുന്നു. ഇത്തവണത്തെ സഖ്യത്തിലെ ബി.എസ്.പിയുടെയും ആർ.എൽ.ഡിയുടെയും അസാന്നിധ്യം ജാട്ട്, ദലിത്, അതി പിന്നാക്ക ഒ.ബി.സി വോട്ടുകളെ എങ്ങനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്.

യു.പി ജനസംഖ്യയിലെ ഏഴു ശതമാനം വരുന്ന യാദവ വിഭാഗം സമാജ്‌വാദി പാർട്ടിയുടെ വോട്ടുബാങ്കാണ്. ഈയൊരു വോട്ടുബാങ്കിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ട്. പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ട് രാഷ്ട്രീയ ഷോഷിത് സമാജ് പാർട്ടിയുണ്ടാക്കിയത് എസ്.പിക്ക് തിരിച്ചടിയാണ്. യാദവ സമുദായത്തിന്റെ 'അട്ടിപ്പേറവകാശം ഒരു കുടംബത്തിനുമാത്രമായി മേലിൽ ലഭിക്കില്ലെന്നും സമുദായം ഈ കോൺട്രാക്റ്റ് സിസ്റ്റത്തിൽനിന്ന് പൂർണമായും സ്വതന്ത്രമായി എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നു. യാദവ് സമുദായത്തോട് ബി.ജെ.പിയൽ ചേരാനും അദ്ദേഹം യാദവ് മഹാകുംഭ് പരിപാടിയിൽ ആഹ്വാനവും ചെയ്തു.

അഖിലേഷ് യാദവ്

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റിൽ വെറും രണ്ടു സീറ്റും 2.33 ശതമാനം വോട്ടും നേടിയ കോൺഗ്രസിന് ഇത്തവണ നൽകിയ 17 സീറ്റ് അനർഹമാണെന്ന വികാരം സമാജ്‌വാദി പാർട്ടിയിലുണ്ട്. സംസ്ഥാന ജനസംഖ്യയിൽ 20 ശതമാനമാണ് മുസ്‌ലിംകൾ. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പിക്ക് മുസ്‌ലിം വോട്ടുബാങ്ക് സുരക്ഷിതമാക്കാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, മുസ്‌ലിം വോട്ടിൽ ഭിന്നിപ്പുണ്ടാകാതിരിക്കുക എന്ന കരുതൽ കൂടി കോൺഗ്രസിനെ മുന്നിൽനിർത്തി എസ്.പി പയറ്റുന്നു.

മറ്റൊരു വോട്ടുബാങ്കായ പടിഞ്ഞാറൻ യു.പിയിലെ ജാട്ട് വിഭാഗം ആർ.എൽ.ഡിയുടെ കൂറുമാറ്റത്തോടെ നഷ്ടമാകുമെന്ന ഭീതി സമാജ്‌വാദി പാർട്ടിക്കുണ്ട്. ജാട്ട് ഭൂരിപക്ഷ മേഖലകളായ മുസാഫർ നഗർ, ബാഗ്പത്, സഹരാൻപുർ, അലിഗഡ്, ഹാപുർ ജില്ലകളിൽ ജയന്ത് ചൗധരി സൃഷ്ടിച്ച വിടവ് എങ്ങനെ നികത്തുമെന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടി.

ബി.എസ്.പി ഫാക്ടർ

ഇത്തവണ ബി.എസ്.പി ഫാക്ടർ എങ്ങനെ വർക്ക് ചെയ്യുമെന്ന് ഇരു മുന്നണികളും ഉറ്റുനോക്കുന്നുണ്ട്. ഒറ്റയ്ക്കു മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചുകഴിഞ്ഞു. രാഷ്ട്രീയ ലോക്ദളിന്റെ ചേരിമാറ്റം സൃഷ്ടിച്ച തിരിച്ചടി പരിഹരിക്കാൻ ബി.എസ്.പിയുമായുള്ള സഖ്യത്തിന് കഴിയുമെന്ന കോൺഗ്രസ് പ്രതീക്ഷയാണ് മായാവതി തകർത്തുകളഞ്ഞത്. മാത്രമല്ല, ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുന്നത്, പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനിടയാക്കും.

മായാവതി

ബി.എസ്.പിക്ക് സമാഹരിക്കാൻ കഴിയുന്ന മുസ്‌ലിം വോട്ടുകളുടെ കാര്യത്തിൽ എസ്.പിക്കും കോൺഗ്രസിനും ആശങ്കയുണ്ട്. മുസ്‌ലിം നേതാക്കൾ പാർട്ടിയിൽനിന്ന് വിട്ടുപോകുന്നത് ബി.എസ്.പിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

ബി.എസ്.പി പ്രഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റിലെ മുസ്‌ലിം സ്ഥാനാർഥികൾ കോൺഗ്രസിന് തിരിച്ചടിയാണ്. അംറോഹ സീറ്റിൽ ബി.എസ്.പി ഡോ. മുജാഹിദ് ഹുസൈനെയാണ് നിർത്തിയിരിക്കുന്നത്. കോൺഗ്രസാകട്ടെ സിറ്റിങ് ബി.എസ്.പി എം.പി ദാനിഷ് അലിയെയും. മുസ്ലിം വോട്ട് 35 ശതമാനമാണ് അംറോഹയിൽ. ദാനിഷ് അലി 2019-ൽ എസ്.പി- ബി.എസ്.പി മുന്നണി സ്ഥാനാർഥിയായിരുന്നു. ബി.ജെ.പിയുടെ കാൻവാർ സിങ് താൻവാറിനെ 64,000 വോട്ടിനാണ് തോൽപ്പിച്ചത്.

മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റാംപുരിലും ബി.എസ്.പി മുസ്‌ലിം സ്ഥാനാർഥിയെയാണ് നിർത്തുക. നവാബ് കാസിം അലി. മുതിർന്ന എസ്.പി നേതാവ് അസം ഖാന്റെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം. ഇയാൾ ഇപ്പോൾ ജയിലിലാണ്. അസം ഖാന്റെ കുടുംബത്തിൽനിന്ന് ഒരാളെ സ്ഥാനാർഥിയാക്കാനാണ് എസ്.പി നീക്കം.

അസം ഖാന്‍

2007 മുതൽ ബി.എസ്.പി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ശോഷിച്ചുവരികയാണ്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് 80 സീറ്റും 25 ശതമാനം വോട്ട് ഷെയറുമായിരുന്നു. 2017ലെത്തിയപ്പോൾ സീറ്റുകളുടെ എണ്ണം 19 ആയി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് ബി.എസ്.പിക്ക് ജയിക്കാൻ കഴിഞ്ഞത്, വോട്ട് വിഹിതമാകട്ടെ, 12.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.
17 പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ 2019-ൽ 15 സീറ്റും നേടിയത് ബി.ജെ.പിയാണ്. രണ്ടിടത്താണ് ബി.എസ്.പി ജയിച്ചത്.

പശ്ചിമ യു.പിയിലെ ദലിത് വോട്ടുകളിൽ സ്വാധീനമുള്ള ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുടെ നിലപാടും ഇതുവരെ ‘ഇന്ത്യ’ മുന്നണിക്ക് ആശ്വാസകരമല്ല. ആസാദുമായി സഖ്യമുണ്ടാക്കി പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിയെ നേരിടാനുള്ള നീക്കം എസ്.പി നടത്തുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല. പടിഞ്ഞാറൻ യു.പിയിൽ ജനം ബി.ജെ.പിയെ തോൽപ്പിക്കാൻ തയാറാണെങ്കിലും അവിടെ പ്രതിപക്ഷമില്ലാത്തതാണ് പ്രശ്‌നമെന്ന് ചന്ദ്രശേഖർ ആസാദും പറയുന്നു. സഖ്യമുണ്ടായില്ലെങ്കിൽ 14 സീറ്റിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് ചന്ദ്രശേഖർ ആസാദ്.

Comments