102 മണ്ഡലങ്ങളില്‍ ആര് ? ആദ്യഘട്ടം അതിനിര്‍ണായകം

തമിഴ്നാട്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പടിഞ്ഞാറൻ യു.പി, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, കാശ്മീര്‍, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, മഹാരാഷ്ട്ര, മേഘാലയ, ലക്ഷ്വദീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പിന് തുടക്കമായത്.

Think

18ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട ​വോട്ടെടുപ്പിന് തുടക്കം. 16 കോടിയിലേറെ വോട്ടർമാരാണ് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ പോളിങ്ബൂത്തുകളിലെത്തുക. തമിഴ്നാട്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പടിഞ്ഞാറൻ യു.പി, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, കാശ്മീര്‍, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, മഹാരാഷ്ട്ര, മേഘാലയ, ലക്ഷ്വദീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പിന് തുടക്കമായത്.

തമിഴ്‌നാട്ടില്‍ ആകെ 39 സീറ്റിലേക്കും രാജസ്ഥാനില്‍ആകെ 25 മണ്ഡലങ്ങളില്‍ 13 സീറ്റിലും 80 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 8 മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളിലെ 42 സീറ്റിൽ മൂന്നിടത്തും അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലേക്കും ആസാമിലും മഹാരാഷ്ട്രയിലും അഞ്ചിടത്തും ബീഹാറില്‍ നാലിടത്തേക്കും മധ്യപ്രദേശില്‍ ആറിടത്തേക്കും ഉത്തരാഖണ്ഡില്‍ എട്ടിടത്തേക്കുമാണ് ഒന്നാം ഘട്ടം വോട്ടെടുപ്പ്.

1625 സ്ഥാനാർഥികൾ- 1491 പുരുഷന്മാരും 134 സ്ത്രീകളും- ഇന്ന് ജനവിധി തേടുന്നു.

ബി.ജെ.പിക്കും പ്രതിപക്ഷത്തിനും ഒരുപോലെ അനുകൂലവും പ്രതികൂലവുമായ സാധ്യതകള്‍ നിലിനില്‍ക്കുന്നതാണ് ഈ മണ്ഡലങ്ങളില്‍ പലതും. ബി.ജെപിക്ക് ഈ തിരഞ്ഞെടുപ്പ് പ്രതിഛായയുടെ വിഷയമാണെങ്കില്‍ കോണ്‍ഗ്രസിന് ഇത് ജീവന്‍മരണപോരാട്ടമാണ്. പരമാവധി വിട്ടുവീഴ്ചകള്‍ ചെയത് പരമാവധി പ്രതിപക്ഷ കക്ഷികളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി നടത്തുന്ന പോരാട്ടം.

ബി.ജെപിക്ക് ഈ തിരഞ്ഞെടുപ്പ് പ്രതിഛായയുടെ വിഷയമാണെങ്കില്‍ കോണ്‍ഗ്രസിന് ഇത് ജീവന്‍മരണപോരാട്ടമാണ്.

ഒന്നാംഘട്ടത്തിനൊരുങ്ങുമ്പോള്‍ കഴിഞ്ഞ തവണത്തെ കണക്കുകളിലാണ് കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനും പ്രതീക്ഷ. കഴിഞ്ഞ തവണ നേടിയ നേരിയ ആധിപത്യം തുടരാന്‍ കഴിയുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. 2019-ലെ കണക്കുകള്‍ പ്രകാരം, ഇന്ന് വോ​ട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് 48 സീറ്റും എന്‍.ഡി.എ സഖ്യത്തിന് 51 സീറ്റുകളുമാണ് ലഭിച്ചത്. അന്തരീക്ഷമാണ് ഇപ്പോള്‍ പല മണ്ഡലങ്ങളിലേതും.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാന നേതാക്കളില്‍ ഒരാള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്നാണ് ഗഡ്കരി ജനവിധി തേടുന്നത്. 2014-ല്‍ മത്സരിച്ച ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തന്നെ നാഗ്പൂരില്‍ ഏഴ് തവണ എംപിയായിരുന്ന വിലാസ് മുത്തെംവാറിനെ 2.84 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ച ഗഡ്കരി, 2019-ല്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോളിനെ 2.16 ലക്ഷം വോട്ടിനും പരാജയപ്പെടുത്തിയിരുന്നു.

നിതിന്‍ ഗഡ്കരി

മറ്റൊരു കേന്ദ്രമന്ത്രിയായ കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍തിരഞ്ഞെടുപ്പിനെ നേരിടും. 2004 മുതല്‍ ഇവിടെ വിജയം കിരൺ റിജിജുവിനാണ്. നിലവിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അരുണാചല്‍പ്രദേശിൻ്റെ മുന്‍ മുഖ്യമന്ത്രിയുമായ നബാം തുകിയാണ് എതിർ സ്ഥാനാർത്ഥി

മന്ത്രിമാരായ സർബാനന്ദ സോനാവാള്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍, ഭൂപേന്ദ്ര യാദവ്, എന്നിവരും ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നു. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നാണ് ഭൂപേന്ദ്ര യാദവ് മത്സരിക്കുന്നത്. ബികാനീറിൽ നിന്നും അര്‍ജുന്‍ രാം മേഘ്‌വാളും.

ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുന്നത് പ്രധാനമായും തമിഴ്നാടും രാജസ്ഥാനുമാനവും. തമിഴ്‌നാട്ടില്‍ 39 സീറ്റിലും ഡി.എം.കെ സഖ്യത്തിന് മുൻതൂക്കമുണ്ട്. സ്റ്റാലിനും ഡി.എം.കെയും ദേശീയതലത്തിൽ തന്നെ ‘ഇന്ത്യ’ സഖ്യത്തിന്റെ വലിയ പ്രതീക്ഷയുമാണ്. തമിഴ്‌നാട്ടില്‍ രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

കനിമൊഴി പ്രചാരണത്തിനിടെ

ബി.ജെ.പിയെ സംബന്ധിച്ച് തമിഴ്‌നാട്ടിലെ വിജയം രാഷ്ട്രീയവിഷയം എന്നതിനപ്പുറത്തേക്ക് ഇമേജിന്റെ പ്രശ്‌നം കൂടിയാണ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് തവണ തമിഴ്‌നാട്ടിലെത്തി ബി.ജെ.പി പ്രചാരണത്തിന് നേതൃത്വം നൽകി. വിജയപ്രതീക്ഷയുള്ള ആറ് മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പിക്കുള്ളത്. അതുകൊണ്ട് തന്നെ 400- സീറ്റ് എന്ന എൻ.ഡി.എ സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിന് തമിഴ്‌നാട്ടില്‍ വിജയിക്കുന്ന ഓരോ സീറ്റും മുതല്‍ക്കൂട്ടാകുമെന്ന് ബി.ജെ.പി കരുതുന്നു.

കാർത്തി. പി. ചിദംബരം

തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായിരുന്ന തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്ത് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. ശിവഗംഗ എം.പി കാര്‍ത്തി ചിദംബരം, കോയമ്പത്തൂര്‍ സീറ്റില്‍ മത്സരിക്കുന്ന തമിഴ്‌നാട് ബി.ജെ.പി പ്രസിഡണ്ട് കെ. അണ്ണാമലൈ, മുന്‍ മന്ത്രി എ. രാജ, തൂത്തുക്കുടിയില്‍ മത്സരിക്കുന്ന ഡി.എം.കെയുടെ കനിമൊഴി, എന്നിവരാണ് തമിഴ്‌നാട്ടിലെ മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ആകെ 25 മണ്ഡലങ്ങളില്‍ 13 ഇടത്തേക്കാണ് ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് മാറിയെത്തിയ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി നേതാവ് ഹനുമാന്‍ ബനിവാള്‍ 2019ല്‍ ജയിച്ച നഗൗര്‍, സി പി എം മത്സരിക്കുന്ന സീക്കര്‍ എന്നിവിടങ്ങളിലാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതീക്ഷ. 2019-ലെ കണക്കുകള്‍ കോണ്‍ഗ്രസിനെയും ‘ഇന്ത്യ’ സഖ്യത്തെയും സംബന്ധിച്ച് നിരാശയാണെങ്കിലും എല്ലാ സീറ്റുകളിലേക്കും ‘ഇന്ത്യ’ സഖ്യം മത്സരത്തിനിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ രാജസ്ഥാനില്‍ നിന്ന് കിട്ടുന്ന ഓരോ സീറ്റും ‘ഇന്ത്യ’ സഖ്യത്തിന് എക്‌സ്ട്രാ പോയിന്റുകളാണ്.

ഹനുമാൻ ബെനിവാള്‍

മറ്റൊന്ന് ബി.ജെ.പിയുടെ എറ്റവും വലിയ ആത്മവിശ്വാസവും കരുത്തുമായ യു.പി ആണ്. ആകെ 80 മണ്ഡലങ്ങളുള്ള ഹിന്ദിഹൃദയഭൂമിയുടെ ഹൃദയമായ ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളിലായി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരാന്‍ മാത്രം ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണവും കേന്ദ്രഭരണത്തിന്റെ സിരാകേന്ദ്രവുമായ ഉത്തര്‍പ്രദേശില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബി.ജെ.പി ചിന്തിക്കുന്നില്ല. പക്ഷെ കാലിടറിയാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ബി.ജെ.പിക്ക് കിട്ടുന്ന എറ്റവും വലിയ തിരിച്ചടിയാവും. ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കർഷക പ്രക്ഷോഭത്തിന്റെ കേന്ദ്രമായ പടിഞ്ഞാറൻ യു.പിയിലാണ്. കര്‍ഷകപ്രക്ഷോഭത്തിന്റെ കെട്ടടങ്ങാത്ത അലയൊലികളും അഗ്നിപഥ് പദ്ധതിയോടുള്ള എതിര്‍പ്പും വോട്ടാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വലിയ അത്ഭുതങ്ങള്‍ യുപിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല.

ബീഹാറിലെ ഗയ കഴിഞ്ഞ രണ്ട് ലോകസഭാ മത്സരങ്ങളിലും എന്‍.ഡി.എ തോറ്റ മണ്ഡലമാണ്. ഗയയില്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഇറങ്ങുന്നത് ഹിന്ദുസ്ഥാനി അവാംമോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയാണ്. ആര്‍.ജെ.ഡിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന ബിഹാര്‍ മുന്‍ മന്ത്രി കുമാര്‍ സര്‍വജിത്താണ് എതിര്‍ സ്ഥാനാര്‍ത്ഥി. മത്സരം കടുക്കും.

മഹാരാഷ്ട്രയില്‍ ആദ്യഘട്ടത്തില്‍ അഞ്ചിടത്താണ് മത്സരം നടക്കുന്നത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ കിഴക്കന്‍ വിദര്‍ഭയില്‍ ഉള്‍പ്പടെ ‘ഇന്ത്യ’ സഖ്യത്തിന് നേരിയ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബി.ജെ.പി കോട്ടയായ, കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം പരാജയപ്പെട്ട മധ്യപ്രദശിലും ബി.ജെ.പിക്ക് വലിയ പ്രതീക്ഷയാണ് ഇത്തവണയുമുള്ളത്. കഴിഞ്ഞ തവണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി വിജയം കൊണ്ടുവന്നത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ ഛിന്ദ്വര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നകുല്‍നാഥ് മാത്രമാണ്. അതുകൊണ്ട് തന്നെ ഛിന്ദ്വാര മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഛിന്ദ്വാരയിലെ വിജയം അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് ഇത്തവണ പ്രസ്റ്റീജ് ഇഷ്യൂ ആണ്.

കഴിഞ്ഞ തവണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി വിജയം കൊണ്ടുവന്നത് ഛിന്ദ്വര മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നകുല്‍നാഥ് മാത്രമാണ്. അതുകൊണ്ട് തന്നെ ഛിന്ദ്വാര മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുരിലെ മത്സരവും ദേശീയശ്രദ്ധയിലേക്ക് വരുന്നു. ആകെ രണ്ട് ലോകസഭാ സീറ്റുകളാണുള്ളത്. 937,464 വോട്ടര്‍മാരുള്ള ഇന്നര്‍ മണിപ്പുരും 1,022,099 വോട്ടര്‍മാരുള്ള പട്ടികവര്‍ഗവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഔട്ടര്‍ മണിപ്പുരും.

ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സിറ്റിംഗ് മന്ത്രി കൂടിയായ ബസന്ത് കുമാറാണ്. ബസന്ത് കുമാറിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാല പ്രഫസര്‍ ബിമല്‍ അക്കോയിജാമും. മുന്‍ എംഎല്‍എ ആല്‍ഫ്രഡ് കെ. ആര്‍തര്‍ ഔട്ടര്‍ മണിപ്പുരിലും മത്സരിക്കും. കലാപം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴും മണിപ്പുരിലുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഔട്ടര്‍ മണിപ്പുരില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നത് എന്‍.ഡി.എയുടെ ഭാഗമായ നാഗാ പീപ്പിള്‍സ് ഫ്രണ്ടാണ്. ഇവിടെ കുക്കി വോട്ടുകള്‍ നിര്‍ണായകമാവും.

പ്രഫസര്‍ ബിമല്‍ അക്കോയിജാം

ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 102 ലോക്സഭാ സീറ്റുകളില്‍ 42 എണ്ണത്തിലും മത്സരിക്കുന്ന മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകള്‍ കാണിക്കുന്നു. 1,618 സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശകലനം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് സ്ഥാനാര്‍ത്ഥികളില്‍ 16% അല്ലെങ്കില്‍ 252 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളുള്ളവരാണ്. ഇതില്‍ തന്നെ 161 പേര്‍ക്കെതിരേയുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഏഴുപേര്‍ക്കെതിരേ കൊലപാതകക്കുറ്റവും 19 പേര്‍ക്കെതിരേ വധശ്രമത്തിനും കേസ് ഉണ്ട്. ബലാത്സംഗം കേസ് നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൊത്തം 18 സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ 35 സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ വിദ്വേഷപ്രചാരണത്തിനെതിരെയും കേസുകളുണ്ട്.

Comments