ഹിന്ദുത്വക്കെതിരെ രാഷ്ട്രീയ വോട്ട്; വീണ്ടുമൊരു ഗുജറാത്ത് പരീക്ഷണം

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അതിശക്തമായ പ്രയോഗഭൂമിയെന്ന നിലയ്ക്ക് ഗുജറാത്തിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ, ജനകീയ പ്രശ്നങ്ങൾ മുൻനിർത്തി രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനുള്ള ശേഷി കോൺഗ്രസിന് എത്രത്തോളമുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിലും ഉയരുന്ന പ്രധാന ചോദ്യം.

Election Desk

ഗുജറാത്ത്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകം. ലോകസഭാ തിരഞ്ഞടെുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനം. കാലങ്ങളായി ബി.ജെ.പിക്കാണ് ജയം. സംസ്ഥാനത്തെ ജയം ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുമെന്നതിനാൽ ഗുജറാത്ത് പിടിച്ചടക്കാൻകോൺഗ്രസും കിണഞ്ഞു പരിശ്രമിക്കുന്നു. എ.ബി.പി, ഇന്ത്യാ ടുഡേ തുടങ്ങിയ വാർത്താ ചാനലുകളുടെ പ്രീ പോൾ ഫലങ്ങളെല്ലാം ബി.ജെ.പിക്കാണ് സാധ്യത കൽപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനിടെ

അടുത്തിടെ ന്യൂസ് 18 നടത്തിയ ഒരു സർവേയിലും 26 മണ്ഡലങ്ങളും ബി ജെ പിക്കൊപ്പമായിരിക്കുമെന്നാണ് ​പ്രവചനം. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയും അമിത്ഷായും ഉൾപ്പടെ ബി.ജെ.പിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്ന സംസ്ഥാനം എന്ന ഖ്യാതി കൂടിയുണ്ട് ഗുജറാത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബി.ജെ.പിയുടെ കാമ്പയിൻ ലീഡർ.

2019-ൽ 26 മണ്ഡലങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. 26-ലും ജയം ബി ജെ പിക്കൊപ്പമായിരുന്നു. സംസ്ഥാനത്തെ ആകെ വോട്ടിന്റെ 62.21 ശതമാനവും ബി ജെ പി നേടി. 32 ശതമാനം വോട്ടു നേടാനേ കോൺഗ്രസിനായുള്ളൂ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ബി.ജെ.പിക്കെതിരെ കോൺഗ്രസ്- ആം ആദ്മി പാർട്ടികളുടെ 'ഇന്ത്യ' സഖ്യമാണ് എതിരാളി. കോൺഗ്രസ് 24 സീറ്റിലും ആപ്പ് രണ്ടിടത്തുമാണ് മത്സരിക്കുന്നത്.

സംസ്ഥാനത്തെ നാലു മേഖലകളിലും കഴിഞ്ഞ തവണ ബി.ജെ.പിക്ക് വ്യക്തമായ മുൻകൈയുണ്ടായിരുന്നു.

സൗരാഷ്ട്ര- കച്ച് മേഖലയിലെ എട്ടിടത്തും ബി.ജെ.പി ആധിപത്യമാണ്.
അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗർ അടക്കം നോർത്ത് ഗുജറാത്തിലെ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിക്കാണ് സ്വാധീനം.
മധ്യ ഗുജറാത്ത് ആദിവാസി മേഖലയാണ്. ആറു മണ്ഡലങ്ങളാണവിടെ. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തൂത്തുവാരിയ മേഖല.
സൗത്ത് ഗുജറാത്തിൽ അഞ്ചു സീറ്റുണ്ട്. ആപ്പ് മത്സരിക്കുന്ന ബറൂച്ച് ഈ മേഖലയിലാണ്. ആദിവാസി നേതാവ് ചൈതാർ വാസവയാണ് ഇവിടെ ആപ്പ് സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന ഘടകം അധ്യക്ഷൻ സി.ആർ. പാട്ടീൽ മത്സരിക്കുന്ന നവ്‌സാരിയും ഈ മേഖലയിലാണ്.

ചന്ദ്രകാന്ദ് രഘുനാഥ് പാട്ടീലിന്റെ നേതൃത്വത്തിൽ ആകെ 26 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി, ശക്തിസിൻഹ് ഗോലിയുടെ നേതൃത്വത്തിൽ കോൺഗ്രസും ചൈത്തർ വാസവയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരത്തിനിറങ്ങുന്നത്. ഏഴിടത്തു മാത്രമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. മത്സരിക്കുന്ന രണ്ട് സീറ്റുകളിലേക്കും, ഭാവ്‌നഗറിലേക്കും ഭാരൂച്ചിലേക്കും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി എസ് പിയാണ് മത്സരത്തിനിറങ്ങുന്ന മറ്റൊരു പാർട്ടി.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന റോഡ് ഷോ.

സ്ഥാനാർത്ഥി പ്രഖ്യാപനം നേരേത്ത പൂർത്തിയാക്കിയതിനാൽ പ്രചാരണത്തിൽ ഇന്ത്യാ സഖ്യത്തെക്കാൾ ഏറെ മുന്നേറാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനിടെ, പാർട്ടിയിൽ ചില പടലപ്പിണക്കങ്ങളുമുണ്ട്. കേതൻ ഇനാംദാർ എം.എൽ.എ രാജിവച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാണ്. പഴയ പ്രവർത്തകരെ പാർട്ടി അവഗണിക്കുന്നുവെന്നും ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും എന്നും പറഞ്ഞാണ് രാജി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നാല് എം.എൽ.മാർ ബി.ജെ.പിയിലേക്കുപോയത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതും മറ്റൊരു തിരിച്ചടിയായി. അംബരീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് പ്രസിഡന്റ് ശക്തി സിങ് ഗോഹിനും അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കേണ്ടതില്ല എന്ന പാർട്ടി നേതാക്കളുടെ തീരുമാനമാണ് കോൺഗ്രസ് വിടാനുള്ള കാരണമായി അംബരീഷ് പറയുന്നത്. അഹമ്മദാബാദി ഈസ്റ്റിലെ കോൺഗ്രസ് സ്ഥാനാർഥി രോഹൻ ഗുപ്ത മത്സരത്തിൽനിന്ന് പിന്മാറിയതാണ് പാർട്ടിക്കേറ്റ മറ്റൊരു തിരിച്ചടി. പിതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പിൻമാറ്റമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പാർട്ടിയുമായുള്ള ഭിന്നതയാണ് കാരണമെന്ന് സൂചനയുണ്ട്.

കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയും അമിത്ഷായും ഉൾപ്പടെ ബി.ജെ.പിയുടെ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്.

ബി ജെ പിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിലെ അഞ്ചു പേരും സിറ്റിംഗ് എം.പിമാരായിരുന്നു.

1960-ലാണ് ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കുന്നത്. 1962-ലാണ് ആദ്യ ലോകസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസിനായിരുന്നു ജയം. പിന്നീടും 1984-ൽ എട്ടാം നിയമസഭവരെയും ഗുജറാത്തിൽ നിന്ന് ഡൽഹിയിലെത്തിയത് കോൺഗ്രസ് എം.പിമാർ മാത്രമാണ്. 84-ൽ ആകെ 26 സീറ്റിൽ 24-ഉം കോൺഗ്രസ് നേടി. ഒരു സീറ്റ് വീതം ബി ജെ പിയും ജനതാപാർട്ടിയും.

1989-ലാണ് ഗുജറാത്തിന്റെ തെരഞ്ഞെടുപ്പുചിത്രം മാറിയത്. അതുവരെ ചിത്രത്തിലില്ലാതിരുന്ന ബി ജെ പി അക്കൊല്ലം 12 സീറ്റ് നേടി. കോൺഗ്രസ് മൂന്നിലേക്ക് ഒതുങ്ങിയപ്പോൾ ജനതാദൾ 11 സീറ്റിൽ ജയിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ സീറ്റ് നില ഉയർത്തിയ ബി ജെ പിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1989 മുതൽ 2019 വരെയും ബി ജെ പി ആധിപത്യം തുടർന്നു.

ഭരണവിരുദ്ധവികാരം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധികൾ രൂക്ഷമായ സംസ്ഥാനമാണെങ്കിലും ഇവ പ്രധാന പ്രചാരണായുധമാക്കാനുള്ള സംഘടനാശേഷി കോൺഗ്രസിനില്ല.

1990 മുതൽ നിയമസഭയിലും ബി ജെ പി തന്നെയാണ് മുന്നിൽ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 182 സീറ്റിൽ 156-ഉം നേടിയായിരുന്നു ബി ജെ പിയുടെ ജയം. കോൺഗ്രസിന് നേടാനായത് 17 സീറ്റ് മാത്രം. ആം ആദ്മിക്ക് അഞ്ചും.

ഭരണവിരുദ്ധവികാരം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധികൾ തുടങ്ങിയ ജനകീയ വിഷയങ്ങൾ രൂക്ഷമായ സംസ്ഥാനമാണെങ്കിലും ഇവ പ്രധാന പ്രചാരണായുധമാക്കാനുള്ള സംഘടനാശേഷി കോൺഗ്രസിനില്ല. കഴിഞ്ഞ പത്തു വർഷങ്ങളിൽ വിലക്കയറ്റം താഴ്ന്ന- ഇടത്തരം വിഭാഗങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്.

കനത്ത മഴയും രാസവളങ്ങളുടെ ലഭ്യതക്കുറവും വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കലും മൂലം കാർഷിക മേഖലയിൽ വൻ പ്രതിസന്ധിയാണ്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളാൽ പൂർണമായും ഒലിച്ചുപോയിട്ടില്ലാത്ത നല്ലൊരു ശതമാനം വോട്ടുകൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. എന്നാൽ, ഇത് സമാഹരിക്കുന്നതിൽ കോൺഗ്രസ് പരാജയമാണ്.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അതിശക്തമായ പ്രയോഗഭൂമിയെന്ന നിലയ്ക്ക് ഗുജറാത്തിന്റെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനുള്ള ശേഷി കോൺഗ്രസിന് എത്രത്തോളമുണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിലും ഉയരുന്ന പ്രധാന ചോദ്യം.

Comments