Photo: Ajmal M.K.

‘ബി.ജെ.പി സ്ഥാനാർഥികൾക്ക് പ്രവേശനമില്ല’;
പഞ്ചാബിൽ കർഷക രോഷം വിധിയെഴുതുമോ?

കർഷക പ്രക്ഷോഭം പഞ്ചാബിലെ ഗ്രാമങ്ങളിൽ ബി.ജെ.പി വിരുദ്ധ സമരമായി പടരുന്നു. ബി.ജെ.പി സ്ഥാനാർഥികൾക്ക് കാമ്പയിനിറങ്ങാൻ പോലും കഴിയാത്തവിധത്തിൽ ഗ്രാമങ്ങളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ അതിശക്തമായ പ്രതിരോധം തീർത്തിരിക്കുകയാണ്. ‘ഡൽഹി ചലോ’ മാർച്ച് തുടങ്ങിയശേഷമുള്ള 19 കർഷകരുടെ മരണം പലയിടത്തും വൈകാരിക പ്രതികരണവുമുണ്ടാക്കുന്നുണ്ട്.

Election Desk

കേ​ന്ദ്ര സർക്കാർ അടിച്ചമർത്താൻ ​ശ്രമിച്ച ‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭം പഞ്ചാബിലെ ഗ്രാമങ്ങളിൽ ബി.ജെ.പി വിരുദ്ധ സമരമായി പടരുന്നു. ബി.ജെ.പി സ്ഥാനാർഥികൾക്ക് കാമ്പയിനിറങ്ങാൻ പോലും കഴിയാത്തവിധത്തിൽ ഗ്രാമങ്ങളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ അതിശക്തമായ പ്രതിരോധം തീർത്തിരിക്കുകയാണ്. ‘ഡൽഹി ചലോ’ മാർച്ച് തുടങ്ങിയശേഷമുള്ള 19 കർഷകരുടെ മരണം പലയിടത്തും വൈകാരിക പ്രതികരണവുമുണ്ടാക്കുന്നുണ്ട്. 2019-​ൽ സംസ്ഥാനത്തെ ആകെയുള്ള 13 സീറ്റിൽ ബി.ജെ.പി- ശിരോമണി അകാലിദൾ സഖ്യം നാല് സീറ്റാണ് നേടിയത്. ശിരോമണ അകാലിദളുമായി സഖ്യം തകർന്നതിനെതുടർന്ന് ഇത്തവണ ഒറ്റക്കു മത്സരിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തവണ നേടിയ രണ്ടു സീറ്റും നിലനിർത്താനാകാത്ത സ്ഥിതിയാണ്.

വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നിരവധി പ്രക്ഷോഭപരമ്പരയാണ് നടക്കുന്നത്. ബി.ജെ.പി സ്ഥാനാർഥികളുടെ കാമ്പയിൻ പലയിടത്തും കർഷകർ തടസപ്പെടുത്തുന്നു. സ്വതന്ത്രമായി കാമ്പയിൻ നടത്താൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഇലക്ഷൻ കമീഷനെ സമീപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ രണ്ട് കർഷകർ കൂടി മരിച്ചത്, കർഷക സംഘടനകളുടെ രോഷം ആളിക്കത്തിക്കുന്നു.
തരൻ തരൻ ജില്ലയിലെ വാലിപുർ ഗ്രാമത്തിൽനിന്നുള്ള വനിതാ കർഷകയായ 55 കാരി ബൽവീന്ദർ കൗർ ശംഭു അതിർത്തിയിൽ നടക്കുന്ന റെയിൽ തടയൽ സമരത്തിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്. ഇതോടെ, പ്രക്ഷോഭത്തിനിടെ മരിക്കുന്ന കർഷകരുടെ എണ്ണം 19 ആയി.

പാട്യാലയിലെ ബി.ജെ.പി സ്ഥാനാർഥി പ്രണീത് കൗറിന്റെ വാഹനവ്യൂഹം സെഹ്‌റ ഗ്രാമത്തിൽ വച്ച് ​പ്രക്ഷോഭകർ തടഞ്ഞതിനെതുടർന്നുണ്ടായ സംഘർഷത്തിൽ 45 കാരനായ സുരീന്ദർ പാൽ സിങ് കുഴഞ്ഞുവീണു മരിച്ചു. പ്രണീത് കൗറിന്റെ വീട് കർഷക സംഘടനകൾ ഉപരോധിക്കുകയാണ്. കർഷകന്റെ മരണത്തിൽ ബി.ജെ.പി നേതാവിനെതിരെ പഞ്ചാബ് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പങ്കാളിയാണ് പ്രണീത് കൗർ.

ഡൽഹി ചലോ മാർച്ചിൽ പൊലീസ് നടപടിക്കിടെ മരിച്ച 19 കാരനായ ശുഭ്കരൻ സിങ്ങ് ഒരു വികാരമായി കർഷക ഗ്രാമങ്ങളിലുടനീളം ജ്വലിക്കുകയാണ്. ഭാരതീയ കീസാൻ യൂണിയനാണ് ശുഭ്കരൻ സിങ്ങിന്റെ മരണം ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്നത്.

പഞ്ചാബ്- ഹരിയാന അതിർത്തിയിൽ കർഷക പ്രക്ഷോഭം തുടരുകയാണ്. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശംഭു റെയിൽവേ സ്‌റ്റേഷനിൽ കുത്തിയിരിപ്പു സമരം നടക്കുന്നു. ഹരിയാന പൊലീസ് അറസ്റ്റു ചെയ്ത മൂന്നു കർഷകരെ വിട്ടയക്കണമെന്നാണ് ആവശ്യം.

പ്രണീത് കൌർ

സംയുക്ത കിസാൻ മോർച്ചയാണ് ബി.ജെ.പി സ്ഥാനാർഥികളെ തടഞ്ഞുകൊണ്ടുള്ള സമരത്തിന് നേതൃത്വം നൽകുന്നത്. 'ബി.ജെ.പി സ്ഥാനാർഥികൾക്ക് പ്രവേശനമില്ല' എന്ന ബോർഡ് സ്ഥാപിച്ചാണ് ഗ്രാമങ്ങളിൽ കർഷകർ ബി.ജെ.പിക്കെതിരെ പ്രതിഷേധിക്കുന്നത്: 'ഞങ്ങളെ ഡൽഹിയിലേക്ക് പോകാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ നേതാക്കളെ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് വരാനും അനുവദിക്കില്ല' എന്നെഴുതിയ ബാനറുകൾ ഗ്രാമങ്ങളുടെ കവാടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. 'ബി.ജെ.പിയെ തുറന്നുകാട്ടുക, ബി.ജെ.പിയെ എതിർക്കുക, ബി.ജെ.പിയെ ശിക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് സംയുക്ത കിസാൻ മോർച്ചയുടെ സമരം. കർഷക സംഘടനകളെയും തൊഴിലാളി സംഘടനകളെയും ജീവനക്കാരുടെ സംഘടനകളെയും ഒരുമിപ്പിച്ചുള്ള ബി.ജെ.പി വിരുദ്ധ സമരമാണ് സംഘടന നടത്തുന്നതെന്ന് ദർശൻ പാൽ പറഞ്ഞു. ഇതിനായി, ​ഗ്രാമങ്ങളിൽ ജന പഞ്ചായത്തുകൾ വിളിച്ചുചേർക്കുന്നുണ്ട്.

ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ പിൻവലിച്ച മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും തിരിച്ചുകൊണ്ടുവരുമെന്ന കാമ്പയിനും ശക്തമാണ്. ഡൽഹി ചലോ പ്രക്ഷോഭകാലത്ത് കർഷകരെ ബി.ജെ.പി ഭീകരർ എന്നു വിളിച്ചതും സംഘടനകൾ ഓർമിപ്പിക്കുന്നു, ‘ഭീകരരുടെ വോട്ട് എന്താണ് ബി.ജെ.പിക്ക്’ എന്ന ചോദ്യവുമുയർത്തുന്നു.

ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ബി.ജെ.പിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തു. പഞ്ചാബിൽ അവരെ തോൽപ്പിച്ചാൽ, കർഷക വിരുദ്ധ നയം കൊണ്ടുവരുന്നതിനെതിരായ തങ്ങളുടെ എതിർപ്പ് പരിഗണിക്കുകയെങ്കിലും ചെയ്യുമെന്ന് സംഘടന പറയുന്നു.

13 ലോക്‌സഭാ മണ്ഡലങ്ങളിൽ ജൂൺ ഒന്നിന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 13-ൽ 12 മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനം ബി.ജെ.പി പൂർത്തിയാക്കി. സംവരണ മണ്ഡലമായ ഫത്തേപുർ സാഹിബിൽ മാത്രമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. ഓരോ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷവും അതാതു മണ്ഡലങ്ങളിൽ കർഷക സംഘടനകൾ സ്ഥാനാർഥിക്കെതിരെ രംഗത്തെത്തുകയാണ്.
ബി.ജെ.പി സ്ഥാനാർഥിയായ ഹാൻസ് രാജ് ഹാൻസിന്റെ പേര് പ്രഖ്യാപിച്ചശേഷം ഫരീദ്‌കോട്ട് മണ്ഡലത്തിൽ മാത്രം 15 പ്രക്ഷോഭങ്ങളാണ് നടന്നത്.
അമൃത്‌സറിൽ തരൺജിത് സിങ്ങിനെ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം 10 ഇലക്ഷൻ യോഗങ്ങൾകർഷകർ തടസപ്പെടുത്തി.
ഭട്ടിണ്ഡയിൽ മുൻ ഐ.എസ്.എസ് ഓഫീസർ പരംപാൽ കൗറാണ് ബി.ജെ.പി സ്ഥാനാർഥി. ആഴ്ചയിൽ ആറു വീതം പ്രതിഷേധങ്ങളാണ് അവർക്ക് നേരിടേണ്ടിവരുന്നത്. സംസ്ഥാനത്തുടനീളം ബി.ജെ.പി സ്ഥാനാർഥികൾക്ക് വൻ സുരക്ഷ ഏർപ്പെടുത്തി.

ചിലയിടങ്ങളിൽ ആം ആദ്മി പാർട്ടിക്കെതിരെയും കർഷകരുടെ രോഷമുണ്ട്. വർഷങ്ങൾക്കുശഷം ഇതാദ്യമായി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്ക് ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ് പഞ്ചാബ്. ബി.ജെ.പിക്കെതിരായ കർഷക രോഷം ആപ്പിന്റെയും കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും?

ചണ്ഡീഗഡ്, ഹരിയാന, ദൽഹി, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ കോൺഗ്രസ് -ആപ് സഖ്യമുണ്ടെങ്കിലും പഞ്ചാബിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കുന്നു. ഭരണകക്ഷിയായ ആപ്പിനെതിരെ പ്രതിപക്ഷം എന്ന നിലയ്ക്കാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇരു പാർട്ടികളും തമ്മിൽ അനൗപചാരിക സഖ്യമുണ്ടെന്ന് ശിരോമണി അകാലിദളും ബി.ജെ.പിയും ആരോപിക്കുന്നു.
ആം ആദ്മി പാർട്ടി 13 സീറ്റിലും കോൺഗ്രസ് 12 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ശിരോമണി അകാലിദൾ 13 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കോൺഗ്രസിന്റെ വോട്ടുബാങ്കുകളിൽ വിള്ളലുണ്ടാക്കിയാണ് ആപ് പഞ്ചാബിൽ സ്വാധീനമുറപ്പിച്ചത്. ഇത്തവണ, 13 മണ്ഡലങ്ങളിലും പ്രധാന മത്സരം ആപ്പും കോൺഗ്രസും തമ്മിലാണ്. കർഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് അടിച്ചമർത്തൽ, ഭരണകക്ഷിയായ ആപ്പിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. പലയിടത്തും കർഷക പ്രതി​ഷേധം ആപ്പ് സർക്കാറിനെതിരെയും തിരിയുന്നു. മാത്രമല്ല, കാമ്പയിനിൽ അരവിന്ദ് കെജ്രിവാളിന്റെ അസാന്നിധ്യം ആപ്പിന് വലിയ തിരിച്ചടിയാണ്.

ഇത്തരം പ്രതികൂല സാഹചര്യങ്ങൾ മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. ആപ്പിനോട് നേരിട്ട് ഏറ്റുമുട്ടുന്ന കോൺഗ്രസ്, മുൻ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കം ശക്തരായ സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. അതായത്, ആപ്പുമായി ഒരു സൗഹൃദമത്സരമല്ല പഞ്ചാബിൽ നടക്കുന്നത് എന്നർഥം.

കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങിന്റെ ലുധിയാനയിലെ സ്ഥാനാർഥിത്വമാണ് ഇതിൽ ഏറ്റവും പ്രധാനം. ആപ്പിന്റെ അശോക് പരാശർ പാപ്പിയാണ് എതിർസ്ഥാനാർഥി. ഈയിടെ ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് രവ്‌നീത് ബിട്ടുവാണ് ബി.ജെ.പി സ്ഥാനാർഥി.

അമരീന്ദർ സിങ് രാജ വാറിങ്ങ്

ജലന്ധറിൽ കോൺഗ്രസിന്റെ ദലിത് മുഖവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നിയാണ് സ്ഥാനാർഥി. 2022-ലെ ഉപതെരഞ്ഞെടുപ്പിൽ ആപ്പ് ജയിച്ച മണ്ഡലം കൂടിയാണിത്. ആപ് എം.പിയായിരുന്ന സുശീൽ കുമാർ റിങ്കു ബി.ജെ.പിയിൽ ചേർന്നതിന്റെ ഞെട്ടൽ മറികടക്കാൻ, ശിരോമണി അകാലിദൾ നേതാവായിരുന്ന പവൻകുമാർ ടിനുവിനെയാണ് ആപ്പ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

മൂന്നു തവണ എം.എൽ.എയായിരുന്ന സുഖ്പാൽ സിങ് ഖൈരയാണ് സംഗ്രൂരിലെ കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സ്വാധീനമേഖലയായ ഇവിടെ മാനിന്റെ കടുത്ത വിമർശകനെ തന്നെയാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്.

ബി.ജെ.പിയും ശിരോമണി അകാലിദളും അപ്രസക്തരാകുന്ന സ്ഥിതിക്ക്, സീറ്റുകൾ ആപ്പിനും കോൺഗ്രസിനുമായി വിഭജിക്കപ്പെടുന്ന അവസ്ഥയാണ്. അത്, ആത്യന്തികമായി ദേശീയതലത്തിൽ ‘ഇന്ത്യ’ മുന്നണിക്ക് ഗുണം ചെയ്യും.

ഹരിയാനയിലും സമാന പ്രതിഷേധം ബി.ജെ.പി സ്ഥാനാർഥികൾക്കെതിരായുണ്ട്. ഹിസാർ, സിർസ, ഫത്തേഹാബാദ്, ജിൻഡ്, സോണിപത്, റോഹ്തക് ജില്ലകളിൽ ബി.ജെ.പിക്കും ഭരണസഖ്യമായിരുന്ന ജെ.ജെ.പിക്കും എതിരെ വൻ പ്രതിഷേധമുണ്ട്.

ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബി.ജെ.പി, ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുകയും കർഷക രോഷം ജനവിധിയെ സ്വാധീനിക്കുന്ന അതിശക്തമായ ഘടകമായി ഉയർന്നുവരികയും ചെയ്യുമ്പോൾ, അത് ആർക്കാണ് ഗുണകരമാകുക എന്നതാണ് പഞ്ചാബിൽ നിന്നുയരുന്ന പ്രധാന ചോദ്യം.

Comments