ലവ് ജിഹാദും മറ്റ് കെട്ടുകഥകളും: വൈറലാകുന്ന നുണകളെ ചെറുക്കാനുള്ള ലളിത വസ്തുതകൾ

വസ്തുതകളേയും സ്ഥിതിവിവരക്കണക്കുകളേയും സംബോധന ചെയ്യാൻ ആത്മവിശ്വാസമില്ലാത്തവരാണ് സംഘപരിവാർ. നുണകളെയും അർദ്ധസത്യങ്ങളെയും കൂട്ടുപിടിച്ച് സന്ദേഹങ്ങൾ പരത്താൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലുള്ള നുണകളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരം നേടിയ ഒന്നാണ് 'ലവ് ജിഹാദ്’. ലവ് ജിഹാദ് ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയത്തെ വസ്തുതകളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.

ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ കാലമാണ് ലോകത്തെവിടേയും ഫാഷിസ്റ്റ് കാലം. ഇന്ത്യയിലുമത് അങ്ങനെ തന്നെയാണ്. ഇന്ത്യയിൽ ഇത്തരം ഫിക്ഷനുകൾ ജിഹാദ് എന്ന പേര് ചേർത്താണ് സംഘപരിവാർ പ്രചരിപ്പിക്കാറ്. ഉദാഹരണങ്ങൾ നിരവധിയുണ്ട്. ലവ് ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, നിക്കാഹ് ജിഹാദ്, ഫുഡ് ജിഹാദ്, കൊറോണ ജിഹാദ്, ലാൻഡ് ജിഹാദ്, ഫെർട്ടിലൈസർ ജിഹാദ് എന്നിങ്ങനെ അനേകം. സമൂഹമനസ്സിലേക്ക് ആഴ്ന്നിറങ്ങി അത് വേര് പടർത്തുമെന്ന് വിദ്വേഷഭാവനയാൽ സമ്പന്നരായ അതിന്റെ രചയിതാക്കൾക്കറിയാം. നാം ജീവിക്കുന്ന കാലത്തെ സാമാന്യബോധമായി അത് അരിച്ചിറങ്ങിക്കൊള്ളുമെന്നും അവർക്കറിവുണ്ട്. സോഷ്യൽ മീഡിയയാണ് അതിന്റെ വ്യാപനത്തിന് ഏറ്റവും പറ്റിയ ഇടം എന്നും ഇന്നവർക്ക് ബോധ്യമുണ്ട്. വെബ്സൈറ്റുകൾ,വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ട്വീറ്റുകൾ, യുട്യൂബ് വീഡിയോകൾ, ഇൻസ്റ്റാഗ്രാം റീലുകൾ, സോഷ്യൽ മീഡിയ ട്രോളുകൾ എന്നിങ്ങനെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് കഥകൾ എത്തുകയാണ്. ഗൂഢോദ്ദേശ്യത്തോടെ നിർമിക്കപ്പെട്ട കഥകൾ. വസ്തുതകൾ വളച്ചൊടിച്ചുണ്ടാക്കിയ അർദ്ധസത്യങ്ങൾ. ജനസഞ്ചയത്തിന്റെ ബോധത്തിലേക്ക് ഊർന്നിറങ്ങുന്ന ഇത്തരം വ്യാജ ആഖ്യാനങ്ങൾ സാവധാനം സമൂഹമനസിനെ കീഴടക്കുന്നു. അയൽപക്കങ്ങളിലൂടെ, സൗഹൃദസദസ്സുകളിലൂടെ, ജോലിസ്ഥലത്തെ ഇടവേള ചർച്ചകളിലൂടെ, സഹപാഠി കൂട്ടായ്മകളിലൂടെ, രാവിലെയുള്ള നടത്തത്തിനിടയിലെ വർത്തമാനത്തിലൂടെ എല്ലാം അത് ആധികാരികത കൈവരിക്കുന്ന ഒന്നായി മാറ്റപ്പെടുന്നു. നാം ജീവിക്കുന്നത് അത്തരമൊരു കാലത്താണ്. അതെ, നാം ജീവിക്കുന്നത് കെട്ടുകഥകൾ സത്യങ്ങളെന്നപോൽ പ്രചരിക്കുന്നൊരു ഫാഷിസ്റ്റ് കാലത്താണ്.

ആസൂത്രിതമായാണ് കൊണ്ടുപിടിച്ച ഈ പ്രചാരണം. അവയ്ക്ക് പലപ്പോഴും ഉടമകൾ ഉണ്ടാവാറില്ല. എന്നാൽ അവ സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ ആയിരങ്ങളുണ്ടുതാനും. ആയിരങ്ങളല്ല, ലക്ഷങ്ങളും കോടികളും. ആർക്കും അവഗണിക്കാൻ കഴിയാത്തവിധത്തിൽ നമുക്കുചുറ്റും അവ പെരുകുന്നു. ഇവയുടെ സത്യാവസ്ഥ കണ്ടെത്താൻ പലപ്പോഴും സാധാരണ മനുഷ്യർക്ക് കഴിയാറില്ല. വലിയ പരിശ്രമങ്ങൾ ഉണ്ടെങ്കിലേ അത് കഴിയൂ. വലിയ ഗവേഷണങ്ങൾ തന്നെ അതിന് വേണ്ടിവരും. നുണകളുടെ കുത്തൊഴുക്കിനിടയിലും വാസ്തവം തേടുന്ന അന്വേഷണങ്ങളാണ് അതിന് ആവശ്യം.

ജിഹാദ് എന്ന വാക്കു ചേർത്ത് പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുടെ വീഡിയോ യൂട്യൂബിൽ കാണാം.
ജിഹാദ് എന്ന വാക്കു ചേർത്ത് പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുടെ വീഡിയോ യൂട്യൂബിൽ കാണാം.

വസ്തുതകളേയും സ്ഥിതിവിവരക്കണക്കുകളേയും സംബോധന ചെയ്യാൻ ആത്മവിശ്വാസമില്ലാത്തവരാണ് സംഘപരിവാർ. നുണകളെയും അർദ്ധസത്യങ്ങളെയും കൂട്ടുപിടിച്ച് സന്ദേഹങ്ങൾ പരത്താൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. R S S-നെ ‘Rumour Spreading Society’ എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല. നാനാതരം ഊഹാപോഹങ്ങളാണ് അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് പോരുന്നത്. അത്തരത്തിലുള്ള നുണകളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരം നേടിയ ഒന്നാണ് 'ലവ് ജിഹാദ് ' എന്നത്. സംഘപരിവാർ ഉയർത്തിവിട്ട ഗൂഢ സിദ്ധാന്തങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നാണത്. അതുപോലെ 'പോപ്പുലേഷൻ ജിഹാദ്', 'നിർബന്ധിത മതപരിവർത്തനം', 'മുസ്ലീം പ്രീണനം' തുടങ്ങിയവയും സംഘപരിവാർ ഇന്ത്യൻ സമൂഹ്യാന്തരീക്ഷത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കെട്ടുകഥകളാണ്.

വ്യാജവാർത്തകളെ കൃത്യമായി കണ്ടെത്തലാണ് ഇത്തരമൊരു തുറന്നുകാട്ടലിന് ആദ്യം വേണ്ടത്. ശേഷം അവക്കുപിന്നിലെ വസ്തുതകളെ കണ്ടുപിടിച്ച് വെളിച്ചത്തുകൊണ്ടുവരണം. പഴുതുകളില്ലാത്ത രീതിശാസ്ത്രം അവലംബിച്ചുമാത്രമേ ഇതു സാധ്യമാകൂ. യുക്തിയുടെ സാന്നിദ്ധ്യം കൊണ്ട് അപ്രതിരോധ്യമായിരിക്കണം അത്തരമൊരു ഉദ്യമം. സംഘപരിവാറിന്റെ അവകാശവാദം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കുക, ശേഷം അതുസംബന്ധിച്ച ആധികാരിക ഡാറ്റ ചികഞ്ഞെടുക്കുക, ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുക തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. ഡാറ്റകൾ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ട്. യുക്തിസഹമായ നിഗമനത്തിലെത്തി അത് ജനങ്ങളെ അറിയിക്കുകയും വേണം. സംഘികളുടെ ഒരോ അവകാശവാദത്തേയും ഇത്തരത്തിൽ അപഗ്രഥിക്കേണ്ടതുണ്ട്. വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്തും, സർക്കാർ രേഖകൾ പരിശോധിച്ചും, പാർലമെന്ററി ചോദ്യോത്തരങ്ങളിലൂടെ കടന്നുപോയും, സംഘപരിവാർ നേതാക്കളുമായി അഭിമുഖങ്ങൾ നടത്തിയും, അക്കാദമിക് പഠനങ്ങൾ വായിച്ചും, ഗ്രൗണ്ട് റിപ്പോർട്ടിംഗുകളിലൂടെ സഞ്ചരിച്ചും മാത്രമേ ഇത്തരമൊരു ഉള്ളടക്കനിർമിതി നടത്താനാകൂ.

ഹിന്ദുരാഷ്ട്രനിർമിതി എന്ന തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനായി സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംഘടിതപ്രചാരവേലയ്ക്ക് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ഹിന്ദുഭൂരിപക്ഷജനതയുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ഇത്തരം അസത്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതായി കാണാം. അക്കാലത്തെ ആശയവിനിമയമാർഗ്ഗങ്ങളിലൂടെ ആയിരുന്നു അത് നിർവഹിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഹിന്ദു വലതുപക്ഷം ഭരണാധികാരം നേടിയ കാലമാണ്. അത് വ്യാജപ്രചാരണത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നുണ്ട്. അതിനാൽ ഇന്ത്യക്കാരുടെ പൊതുബോധത്തിലേക്ക് സംഘപരിവാർ തള്ളിവിടാൻ ശ്രമിക്കുന്ന , ഇന്ത്യക്കാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജ ആഖ്യാനങ്ങളുടെ പൊതുരീതികളെ വസ്തുതകളുടെ മാത്രം വെളിച്ചത്തിൽ അനാവരണം ചെയ്യേണ്ടുന്ന അടിയന്തിര ആവശ്യമുണ്ട്.

സോഷ്യൽ മീഡിയയിൽ ഇന്നെത്തുന്ന വ്യാജപ്രചാരണങ്ങൾ നാളെ വസ്തുതകളായി മാറ്റപ്പെടുകയാണ്. സോഷ്യൽ മീഡിയ ഫീഡുകളിലൂടെ എത്തുന്ന വിവരങ്ങൾ വൈറൽ ആയി മാറുന്നതിന് പിറകിൽ ഭരണാധികാരികളുടേയും സർക്കാർ ഉദ്യോഗസ്ഥമേധാവികളുടേയും മുഖ്യധാരാ മാധ്യമങ്ങളുടേയും പിന്തുണ ഉണ്ടെന്ന കാര്യം സുവ്യക്തമാണ്. മാത്രമല്ല, ഇന്നത്തെ സംഘി വാട്സ്അപ്പ് ഫോർവേഡുകൾ നാളത്തെ നിയമനിർമാണമായി ജനപ്രതിനിധിസഭകളിൽ അവതരിപ്പിക്കപ്പെടുന്നു. ഇക്കാര്യത്തിൽ സംഘപരിവാർ ഭരണകൂടം യാതൊരുവിധ വസ്തുതാന്വേഷണവും നടത്താറില്ല. നുണകളുടെ നിർബാധമായ പ്രവാഹത്തിലൂടെ ഒരു പുതുസാധാരണത്വം (New Normal ) സ്ഥാപിക്കപ്പെടുന്നു. സ്രോതസ്സ് അറിയാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അരികിലെത്തുന്ന വിവരങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഈ പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഷാരൂഖ്ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും സംഘപരിവാർ കേന്ദ്രങ്ങൾ‍ മുദ്രകുത്തുന്നു. മുസ്ലീമായതിനാൽ മാത്രം ചാർത്തിക്കിട്ടുന്ന പദവികളാണിവ.ഇത് വിചിത്രമായ ഒരു സത്യാനന്തര അവസ്ഥ ഇന്ത്യയിലെ സാമൂഹ്യമണ്ഡലത്തിൽ സംജാതമാക്കുന്നു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ലവ് ജിഹാദ് എന്ന പ്രചാരണത്തെ ആദ്യം വിശകലനം ചെയ്തുനോക്കാം. ലവ് ജിഹാദ് എന്ന പ്രയോഗം തന്നെ കൃത്യമായി നിർവചിക്കാനോ വിശദീകരിക്കാനോ അത് പ്രചരിപ്പിക്കുന്നവർക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. 2020 ൽ പാർലിമെന്റിൽ നൽകിയ ഒരു ഉത്തരം പറയുന്നത് ലവ് ജിഹാദ് എന്നൊരു സംഗതി ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഒരിടത്തും പ്രതിപാദിക്കുകയോ നിർവ്വചിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. 2009 ആഗസ്ത് 7 നാണ് കേരള ഹൈക്കോടതിയിൽ ഇത്തരം ആരോപണത്തിന്റെ പിൻബലത്തോടെ ഒരു കേസ് ആദ്യമായി വരുന്നത്. ഇതിൽ ലവ് ജിഹാദ് അഥവാ റോമിയോ ജിഹാദ് എന്നത് ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലിസ് മേധാവിയോട് ജസ്റ്റിസ് കെ ടി ശങ്കരൻ ആവശ്യപ്പെടുകയുണ്ടായി. അതിനെ തുടർന്ന് അന്നത്തെ ഡി ജി പി ആയിരുന്ന ജേക്കബ് പുന്നൂസിന്റെ അന്വേഷണറിപ്പോർട്ട് വരികയുണ്ടായി അതനുസരിച്ച് ലവ് ജിഹാദ് എന്ന പേരിൽ സംഘടിതമായ ഒരു പ്രവർത്തനം നടക്കുന്നതിന്റെ തെളിവൊന്നും ലഭിച്ചില്ലെന്നാണ് കണ്ടെത്തിയത്.

ലവ് ജിഹാദ് എന്നത് ആ പദപ്രയോഗത്തിന്മേൽ നിന്നുകൊണ്ട് തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാൻ സാധിക്കുന്ന തരത്തിലാണ് സൃഷ്ടിച്ചെടുത്തിട്ടുള്ളത്. 'ലവ് ജിഹാദ്' എന്ന ലേബൽ വ്യത്യസ്ത കേസുകളിൽ എളുപ്പം പ്രയോഗിക്കാൻ കഴിയുന്ന തരത്തിൽ നിർമിച്ചെടുത്തിട്ടുള്ള ഒന്നാണ്. വ്യത്യസ്തമതസ്ഥർ തമ്മിൽ വിവാഹിതരാവുക എന്നത് സാധാരണവും ഭരണഘടന അനുവദിച്ച ഒന്നുമാണെന്നിരിക്കേ അത്തരം വിവാഹങ്ങൾ ഒരു കെണിയാണെന്ന ആഖ്യാനം ദുഷ്ടലാക്കോടെയുള്ളതാണ്. മുസ്‍ലിം പുരുഷനും ഹിന്ദുവോ ക്രിസ്ത്യനോ ആയ ഒരു സ്ത്രീയും തമ്മിൽ പ്രണയബദ്ധരായി വിവാഹം കഴിക്കുമ്പോൾ അത് ബോധപൂർവ്വമായ കെണിയൊരുക്കലാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വസ്തുതാ പരിശോധന അസാധ്യമാക്കും വിധം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഇതുസംബന്ധിച്ച വ്യാജവാർത്തകൾ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ ആഖ്യാനങ്ങൾ ദിനേനയെന്നോണം ഉറവെടുക്കുന്നു. ഇന്ത്യയിലെമ്പാടും അത്തരം കാര്യങ്ങൾ നടക്കുന്നതായും അനേകം യുവതികൾ വഞ്ചിതരാവുന്നതായും പ്രചാരണം നടത്തുന്നു. കേരളത്തിൽ നടന്ന ഹാദിയ സംഭവം വിവിധ കേസുകളാണ് ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ഹാദിയ കേസിൽ ഏതെങ്കിലും തരത്തിലുള്ള മുസ്ലിം ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിച്ച എൻ ഐ എ അത്തരത്തിലൊന്ന് ഉള്ളതായി കണ്ടെത്തിയില്ല. അതേ തുടർന്ന് ഇസ്‍ലാമിലേക്ക് മതം മാറിയ ശേഷം ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രിം കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. 2018 മാർച്ചിലായിരുന്നു പരമോന്നത കോടതിയുടെ വിധിയുണ്ടായത്.എന്നിട്ടും അതിനുശേഷം ഉത്തർപ്രദേശിലും മധ്യപ്രദേശിലും ലവ് ജിഹാദ് വിരുദ്ധ നിയമങ്ങൾ നിലനിൽക്കുന്നു.

ലവ് ജിഹാദിന്റെ പേരിൽ എടുത്ത ഓരോ കേസിലേയും ആരോപണങ്ങളേയും സാഹചര്യങ്ങളേയും അന്വേഷണഫലങ്ങളേയും കോടതിവിധിയേയും കൃത്യമായി വിശകലനം ചെയ്താൽ ലവ് ജിഹാദ് എന്നത് വ്യജനിർമിതിയാണെന്ന് ബോധ്യപ്പെടും. ഇത്തരം വ്യാജനിർമാണങ്ങളിൽ കണ്ടുവരുന്ന ചില പാറ്റേണുകളുണ്ട്. ഹിന്ദു വലതുപക്ഷ പരിതോവസ്ഥയിൽ തഴച്ചുവളരാൻ പാകത്തിൽ ഇസ്ലാമോഫോബിക് ഇമേജറിയും ഭാഷയും നിറഞ്ഞ രീതിയിൽ സംഘി പ്രസിദ്ധീകരണങ്ങൾ പ്രത്യേക പതിപ്പുകൾ മുഖേന ഇവയ്ക്ക് തുടക്കമിടുന്നു. പിന്നീട് അവ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. അവർക്കുപോലും നിർവചിക്കാൻ കഴിയാത്ത ഒരു പദമായി ലവ് ജിഹാദ് അപ്പോഴും അവശേഷിക്കുകയാണ് എന്നതാണ് വാസ്തവം. ആ വിഷയത്തിൽ ദി കേരള സ്റ്റോറി എന്ന പേരിൽ ഒരു കള്ളസിനിമ ഇറങ്ങുകയുണ്ടായി. കേന്ദ്രഭരണാധികാരികൾ തന്നെ അതിനെ പിന്തുണച്ചിരുന്ന കാര്യവും നമുക്കറിവുണ്ട്.

ഹാദിയ കേസിൽ ഏതെങ്കിലും തരത്തിലുള്ള മുസ്ലിം ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിച്ച എൻ ഐ എ അത്തരത്തിലൊന്ന് ഉള്ളതായി കണ്ടെത്തിയില്ല
ഹാദിയ കേസിൽ ഏതെങ്കിലും തരത്തിലുള്ള മുസ്ലിം ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിച്ച എൻ ഐ എ അത്തരത്തിലൊന്ന് ഉള്ളതായി കണ്ടെത്തിയില്ല

ഇക്കാര്യത്തിൽ ലവ് ജിഹാദ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേസുകൾ കൈകൈര്യം ചെയ്യുന്ന പൊലിസിലെ ഒരു വിഭാഗത്തിനും പങ്കുണ്ട്. യുവതികളെ മുസ്ലിം പങ്കാളികളിൽ നിന്ന് അകറ്റി അവർക്കെതിരായി ലവ് ജിഹാദ് ആരോപിക്കുന്ന രീതിയിൽ മൊഴി കൊടുക്കുന്നതിന് പൊലിസ് തന്നെ പ്രേരിപ്പിക്കുന്നതായി ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വധു ഹിന്ദു മതവിഭാഗത്തിലും വരൻ മുസ്‍ലിം മതവിഭാഗത്തിലും പെട്ടതാണെങ്കിൽ അത്തരം വിവാഹങ്ങളെല്ലാം ഒരു മുസ്‍ലിം ഗൂഢാലോചനയുടെ ഫലമാണെന്ന് ബോധപൂർവ്വം സ്ഥാപിക്കപ്പെടുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർ തമ്മിലുള്ള പ്രണയവും വിവാഹവും ഇന്ത്യയിൽ വളരെ കുറവായി തുടരുന്നതിൽ ഇത്തരം പ്രചാരണങ്ങൾ വഹിക്കുന്ന പങ്ക് പഠിക്കപ്പെടേണ്ടതുണ്ട് .

2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവ്വെയിലെ വിവരങ്ങൾ പ്രകാരം 2.6 ശതമാനം മാത്രമാണ് വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹത്തിന്റെ നിരക്ക്. വിവിധ മതവിഭാഗങ്ങളിലെ മനുഷ്യർ തമ്മിലെ പ്രണയവിവാഹങ്ങളെ ഭീഷണിപ്പെടുത്തുന്നത് സംഘപരിവാർ ഭരണകൂടമാണെന്ന് കാണാം. ഇങ്ങനെ വിവാഹം ചെയ്തവരുടെ പേരിൽ യാതൊരു തെളിവുകളുമില്ലാതെ ലവ് ജിഹാദ് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ എടുക്കുന്ന കേസുകളും അറസ്റ്റുകളും ഇത് തെളിയിക്കുന്നു.

സംഘപരിവാർ ആസൂത്രണത്തിൽ പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു വ്യാജമാണ് പോപ്പുലേഷൻ ജിഹാദ്. ഇന്ത്യയിൽ മുസ്‍ലിം ജനസംഖ്യ വളരെ വേഗം വർദ്ധിച്ചു വരികയാണെന്നും അത് സമീപഭാവിയിൽ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്നും പ്രചരിപ്പിക്കപ്പെടുന്നു. ഇതിനു പിന്നിൽ ഉണ്ടെന്നു പറയപ്പെടുന്ന മുസ്‍ലിം ഗൂഢാലോചനയെയാണ് പോപ്പുലേഷൻ ജിഹാദ് എന്ന് വിളിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് തന്നെ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം മുസ്ലിങ്ങളുടെ ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും എന്നു പ്രചരിപ്പിച്ചിരുന്നു. കേണൽ ഉപേന്ദ്രനാഥ് മുഖർജി 1909- ൽ എഴുതിയ A Dying Race എന്ന പുസ്തകം ഇതിന് തെളിവാണ്. ഒടുവിലത്തെ സെൻസസ് പ്രകാരം ഇന്ത്യയിൽ 966 മില്യൺ ( 79.80 % ) ഹിന്ദുമതസ്ഥർ ഉള്ളപ്പോൾ 172 മില്യൺ ( 14.23 % ) മുസ്‍ലിംകളാണുള്ളത്. പോപ്പുലേഷൻ ജിഹാദ് ഉണ്ടെന്ന് 2021- ലും പറയുന്ന ആർ എസ് എസ് ജിഹ്വയായ ഓർഗനൈസറിന് പക്ഷേ, ഈ കണക്കുകൾ ബാധകമല്ല. 1951 ലെ 84.98 ശതമാനത്തിൽ നിന്നും 2011 ലെ 79.80 ശതമാനത്തിലേക്ക് രാജ്യത്തെ ഹിന്ദു ജനസംഖ്യ താഴ്‍ന്നു എന്ന സെൻസസ് വസ്തുതയെ പിടിച്ചുകൊണ്ടാണ് സംഘപരിവാർ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്.എന്നാൽ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും പെട്ടവർക്കിടയിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് സമീപദശകങ്ങളിലെ സെൻസസ് വിവരങ്ങൾ കാണിക്കുന്നത്.

കഴിഞ്ഞ രണ്ട് സെൻസസുകൾക്കിടെ ഹിന്ദുവിഭാഗത്തിലെ വളർച്ചാനിരക്ക് 20.35 ശതമാനത്തിൽ നിന്നും 16.76 ശതമാനത്തിലേക്ക് താണപ്പോൾ മുസ്‍ലിംകൾക്കിടയിലെ വളർച്ചാനിരക്ക് 36.02 ശതമാനത്തിൽ നിന്നും 24.65 ശതമാനത്തിലേക്ക് താഴുകയാണുണ്ടായത്. സമീപവർഷങ്ങളിൽ ഹിന്ദുജനസംഖ്യ മുസ്‍ലിം ജനസംഖ്യയേക്കാൾ താഴും എന്ന പ്രചാരണം കളവാണ് എന്നതാണ് ഇത് കാണിക്കുന്നത്. മുസ്‍ലിം ജനവിഭാഗങ്ങൾക്കിടയിലെ (2.36 ) ഉയർന്ന പ്രത്യൂൽപ്പാദനശേഷി നിരക്ക് (fertility rate) ഹിന്ദു വിഭാഗത്തിന്റേതിനേക്കാൾ ( 1.94 ) കൂടിയതാണെന്ന 2019-20 ലെ ദേശീയ കുടുബാരോഗ്യസർവേയിലെ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് സംഘപരിവാർ തങ്ങളുടെ വാദങ്ങൾ ദത്തങ്ങളുടെ പിൻബലമുള്ളതാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങൾക്കിടയിലും പ്രത്യൂൽപ്പാദനശേഷി നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ് സമീപകാലങ്ങളിൽ എന്ന വാസ്തവം കണക്കിലെടുക്കാതെയുള്ള പ്രചാരണമാണിത്. മുസ്‍ലിം സ്ത്രീകൾക്കിടയിലെ വന്ധ്യംകരണനിരക്കാകട്ടെ സമീപവർഷങ്ങളിലായി കൂടിക്കൊണ്ടിരിക്കുകയാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

ദി കേരള സ്റ്റോറി എന്ന സിനിമയിൽ നിന്ന്
ദി കേരള സ്റ്റോറി എന്ന സിനിമയിൽ നിന്ന്

ഇസ്‍ലാമിന്റെ പ്രബോധനമനുസരിച്ച് കുട്ടികളെ ഉൽപ്പാദിപ്പിക്കുക എന്നത് മതപരമായ ഉത്തരവാദിത്തമാണ് എന്ന് വിശ്വഹിന്ദു പരിഷത്തിനെപ്പോലുള്ള സംഘടനകൾ പ്രചരിപ്പിക്കുകയാണ് ഇപ്പോഴും. മതം എന്നതിനേക്കാൾ സാമ്പത്തികസാഹചര്യമാണ് ഇക്കാര്യങ്ങളിലെ മുഖ്യ ഘടകം എന്നത് പഠനങ്ങൾ തെളിയിക്കുന്നു.തമിഴ്‍നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന മുസ്ലിങ്ങൾക്കിടയിലെ ഫെർട്ടിലിറ്റി നിരക്ക് ബീഹാർ,ഉത്തർ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹിന്ദുജനസാമാന്യത്തിന്റെ ഫെർട്ടിലിറ്റി നിരക്കിനേക്കാൾ കുറവായിരിക്കുന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് മുസ്ലിം ജനസംഖ്യയുടെ പെരുപ്പത്തിന് കാരണമാകുന്നു എന്നാണ് പോപ്പുലേഷൻ ജിഹാദുമായി ബന്ധപ്പെട്ട് സംഘപരിവാർ ഉയർത്തുന്ന മറ്റൊരു വാദം. 2001 നും 2011 നും ഇടയിൽ അതിർത്തി സംസ്ഥാനമായ ആസ്സാമിൽ ജനസംഖ്യാ വർദ്ധനവ് 17.07 ശതമാനമാണെന്ന് കാണാം. ഇതാകട്ടെ ദേശീയശരാശരിയേക്കാൾ (17.70) കൂടുതലല്ലെന്ന് മാത്രമല്ല, അല്പം കുറവാണ് താനും. സംഘപരിവാറിന്റെ ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് ഇത് കാണിക്കുന്നത് എന്നത് വ്യക്തമാണല്ലോ.ആസാമിലെ മുസ്‍ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാവളർച്ചയെക്കുറിച്ചുള്ള ഒരു പഠനത്തിൽ ( Infiltration : Genesis of the Assam Movement by Abdul Mannan ) തെളിയുന്ന വസ്തുത 1971-1991 കാലയളവിലെ ആസ്സാമിലെ മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാവർദ്ധനവ് നിരവധി ഇതര ഇന്ത്യൻ സംസ്ഥാനങ്ങലിലെ മുസ്ലിം വിഭാഗത്തിന്റെ ജനസംഖ്യാ വർദ്ധനവിനേക്കാൾ കുറവാണെന്നാണ്.

2002 ലെ ഗുജറാത്ത് കലാപങ്ങളിൽ ഇരകളാക്കപ്പെട്ട് ദുരിതമനുഭവിക്കുന്ന മുസ്‍ലിംകൾ പാർക്കുന്ന അഭയകേന്ദ്രങ്ങളെ ഭരണാധികാരികൾ ശിശുനിർമാണകേന്ദ്രങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. മറ്റെല്ലാ മതവിഭാഗങ്ങളിലും പെട്ടവർ കുടുംബാസൂത്രണമാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഭൂമിയാകെ ഇസ്ലാമിവൽക്കരിക്കുന്നതിനാണ് മുസ്ലിം ജനവിഭാഗം ശ്രമിക്കുന്നതെന്നും അതാണവർ കുടുംബാസൂത്രണമാർഗങ്ങൾ ഉപയോഗിക്കാത്തതെന്നും ആർ എസ് എസ് മുഖപത്രം 2021 ൽ എഴുതുകയുണ്ടായി. ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ അനേകം പേരുള്ള മുസ്ലിം കുടുംബങ്ങളെക്കുറിച്ചുള്ള കഥകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. അതിൽ ഒരു മുസ്ലിം കുടുംബം സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഒരു ചിത്രം വൈറലായി. യഥാർത്ഥത്തിൽ അത് ബംഗ്ലാദേശിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു.

മുസ്‍ലിം ജനതയ്ക്കുനേരെ മാത്രമല്ല സംഘപരിവാർ നുണഫാക്ടറികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു ന്യനപക്ഷവിഭാഗമായ ക്രിസ്ത്യൻ മതവിഭാഗത്തിനെതിരേയും അത് വ്യാജപ്രചാരണം നടത്തുന്നു. സംഘപരിവാർ പ്രചരിപ്പിക്കുന്ന നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം അത്തരത്തിലൊന്നാണ്. തങ്ങൾക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ മാത്രമല്ല, നിലവിലുള്ള മതത്തിൽ നിന്നും ഇഷ്ടമുള്ള മതത്തിലേക്ക് മാറാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ബലപ്രയോഗത്താലുള്ള മതപരിവർത്തനം പാടില്ല എന്നേയുള്ളൂ.എന്നാൽ എല്ലാ മതംമാറ്റത്തേയും ഇല്ലാക്കഥകൾ പറഞ്ഞ് സംഘപരിവാർ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും മതപരിവർത്തനം നിരോധിക്കുന്ന നിയമം കൊണ്ടുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ നടന്ന മതംമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത് എല്ലാ മതംമാറ്റങ്ങളേയും നിർബന്ധിത മതപരിവർത്തനമായി സംഘപരിവാർ വീക്ഷിക്കുന്നു എന്നതാണ്.നിർബന്ധം കൊണ്ടല്ലാതെ മനുഷ്യർ അവരുടെ ചോയിസ് അനുസരിച്ച് സ്വന്തം മതം മാറില്ല എന്ന മുൻവിധിയാണ് സംഘപരിവാറിനെ ഭരിക്കുന്നത് എന്നു വേണം കരുതാൻ. ഹിന്ദു വലതുപക്ഷം പ്രചരിപ്പിക്കുന്നത് പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ നടപ്പാക്കപ്പെടുന്ന ഒരു ക്രിസ്ത്യൻ പ്രൊജക്ടാണ് ഇന്ത്യയിൽ ക്രിസ്ത്യൻ സഭകൾ പ്രായോഗികമാക്കുന്നത് എന്നാണ്.ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു എന്നത് ലോകാടിസ്ഥാനത്തിൽ സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കുന്ന ഒരു കള്ളമാണ്.

ഷാരൂഖ്ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും അവർ മുദ്രകുത്തുന്നു.
ഷാരൂഖ്ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും അവർ മുദ്രകുത്തുന്നു.

ദലിത് വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യർ തങ്ങളെ അടിമതുല്യരായി പരിഗണിക്കുന്ന സവർണ ഹിന്ദുമതത്തിന്റെ ആധിപത്യത്തിൽ നിന്നും പുറത്തുകടക്കുന്നതിന്റെ ഭാഗമായാണ് രണ്ടായിരം വർഷങ്ങൾക്കുമുമ്പേ ഇവിടെക്ക് കടന്നുവന്ന ക്രിസ്ത്യൻ മതത്തെ പുൽകിയത് എന്നത് നൂറ്റാണ്ടുകൾക്കുമുമ്പേ തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം വസ്തുതകൾ മറച്ചുവച്ചുകൊണ്ടാണ് സംഘപരിവാർ എപ്പോഴും മതപരിവർത്തനത്തിന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുക.സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നടന്ന 1951 ലെ ആദ്യസെൻസസ് അനുസരിച്ച് 2.35 ശതമാനമായിരുന്നു ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ.പിന്നീട് അതിന് ഗണനീയമായ മാറ്റമുണ്ടായില്ല. 2011 ൽ നടന്ന ഏറ്റവും ഒടുവിലത്തെ സെൻസസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യ.നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ അക്രമണം നടത്തുന്നതിൽ നിന്ന് പക്ഷേ ഈ വസ്തുതകളൊന്നും സംഘപരിവാർ സംഘടനകളെ പിന്തിരിപ്പിച്ചില്ല. നിർബന്ധിത മതപരിവർത്തനത്തിന് എതിരെ നിയമം നിർമിച്ച എട്ട് സംസ്ഥാനങ്ങളിലൊന്നിനും അങ്ങനെയൊന്നുണ്ടായതിന് തെളിവ് നൽകാനും സാധിച്ചിട്ടില്ല.

മുസ്‍ലിം പ്രീണനം എന്ന പേരിൽ സംഘിജിഹ്വകൾ നടത്തുന്ന പ്രചാരണവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ദശകങ്ങളായി സംഘപരിവാർ ജനങ്ങൾക്കിടയിലേക്ക് കടത്തിവിടുന്ന ആരോപണമാണ് മുസ്ലിം പ്രീണനമെന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി അർഹമായിട്ടുള്ള ആനുകൂല്യങ്ങളിൽ കുറച്ചെങ്കിലും അനുവദിക്കാൻ ശ്രമിക്കുന്ന മതേതര സർക്കാറുകളുടെ നേർക്കാണ് ഈ വ്യാജപ്രചാരവേല അവർ നടത്തുന്നത്. അഞ്ച് വയസ്സാകുന്നതിന് മുമ്പ് നൂറിൽ ആറ് ശിശുക്കൾ മരിച്ചുവീഴുന്ന , ശിശുമരണനിരക്കിൽ സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ പരിതാപകരമായ സ്ഥിതിയുള്ള ഉത്തർപ്രദേശ് ആണ് ഈ ആരോപണങ്ങൾക്ക് കൂടുതലും വിധേയമാകാറുള്ളത്. 2017 ൽ പ്രധാനമന്ത്രി മോദി തന്നെ സമാജ്‍വാദി പാർടി സർക്കാരിനെതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഈദ് ആഘോഷാവസരത്തിൽ ദീപാവലി ആഘോഷാവസരത്തിൽ നൽകുന്നതിനേക്കാൾ വൈദ്യുതി അനുവദിക്കുന്നു എന്നതുപോലുള്ള വ്യാജപ്രചാരണങ്ങൾ വൈദ്യുതി ബോർഡിന്റെ ഔദ്യോഗികരേഖകൾ ശരിവെക്കുന്നില്ല എന്ന് പരിശോധനയിൽ വ്യക്തമാകുന്നുണ്ട്. സീസൺ അനുസരിച്ച് വ്യത്യാസപ്പെടുന്ന വൈദ്യുതി ഉപഭോഗത്തിന് മതവിഭാഗങ്ങളുടെ ഫെസ്റ്റിവലുകളുമായി ബന്ധമില്ല എന്നതാണ് വാസ്തവം.ശ്മശാനങ്ങൾ നിർമിക്കുന്ന കാര്യത്തിൽപോലും മുസ്ലിം പ്രീണനം നടത്തുന്നു എന്ന് സംഘപരിവാർ ആരോപിച്ചുകളഞ്ഞു.

2006- ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിഭവങ്ങൾ തുല്യമായി വീതിക്കണമെന്നും മുസ്‍ലിംകൾക്ക് പ്രാഥമികമായി വിഭവങ്ങൾക്ക് അർഹതയുണ്ടെന്നും പറഞ്ഞതിനെതിരെ ബി ജെ പി വാളെടുത്തിരുന്നു. രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ പ്രസംഗത്തെയാണ് വർഗീയത വളർത്താൻ സഹായിക്കുംവിധം സംഘപരിവാർ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചത്. ജീവിതനിലവാരം, സാക്ഷരത, വിദ്യാഭ്യാസം, വ്യാപാരം, ഉദ്യോഗം എന്നിവയിലെല്ലാം മുസ്ലിംവിഭാഗം ഏറ്റവും താഴെത്തട്ടിലാണെന്ന് റിപ്പോർട്ടിൽ സ്ഥാപിക്കപ്പെട്ടിരുന്നു.2015 ൽ എക്കണോമിക് ടൈംസ് നടത്തിയ ഒരു വിശകലനമനുസരിച്ച് മുംബെ സ്റ്റോക്ക് എക്സേഞ്ച് ലിസ്റ്റ് ചെയ്ത 500 കമ്പനികളുടെ നേതൃത്വത്തിൽ 2.67 ശതമാനം മുസ്ലിങ്ങളാണുള്ളത്. ജനസംഖ്യയുടെ 14.20ശതമാനം മുസ്ലിങ്ങളാണെന്നത് ഓർക്കുക. പൊലിസ് സേനയിൽ മുസ്ലിങ്ങളുടെ പ്രാതിനിധ്യമാകട്ടെ 3 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 1999-2013 കാലയളവിലെ വാർഷികറിപ്പോർട്ടുകളുടെ വിശകലനത്തിൽ നിന്ന് തെളിയുന്നു. 2014 മുതൽ അത്തരം വിശകലനങ്ങൾ പുറത്തുവരാറില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്.

'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods പുസ്തകത്തിന്റെ രചയിതാക്കളായ ശ്രീനിവാസൻ ജെയ്ൻ (Sreenivasan Jain), മറിയം അലാവി (Mariyam Alavi), സുപ്രിയ ശർമ (Supriya Sharma)
'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods പുസ്തകത്തിന്റെ രചയിതാക്കളായ ശ്രീനിവാസൻ ജെയ്ൻ (Sreenivasan Jain), മറിയം അലാവി (Mariyam Alavi), സുപ്രിയ ശർമ (Supriya Sharma)

ഹജ്ജ് സബ്‍സി‍ഡി, മദ്രസകൾക്കുള്ള ഫണ്ട് വിനിയോഗം, സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിലും സംഘപരിവാർ ഉയർത്തുന്ന വാദങ്ങൾ വസ്തുതകളുമായി ബന്ധമുള്ളതല്ല. മുസ്ലിം പ്രീണനമായാണ് ഭരണഘടനാ പ്രെവിഷന്റെ അടിസ്ഥാനത്തിൽ നൽകപ്പെടുന്ന ആനുകൂല്യങ്ങളെ ബി ജെ പിയും സംഘപരിവാറും നോക്കിക്കാണുന്നത്.കൊളോണിയൽ കാലഘട്ടം മുതൽ നൽകിവരുന്നതാണ് ഹജ്ജ് യാത്രക്കുള്ള സൗകര്യങ്ങൾ.വിമാനകമ്പനികൾക്കാണ് സ്വാതന്ത്ര്യാനന്തരകാലത്ത് യാത്രക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ധനസഹായം നൽകുന്നത്.കൈലാസ് മാനസരോവരം ഉൾപ്പെടെ നിരവധി ഹിന്ദു തീർത്ഥയാത്രകൾക്കും പൊതുഖജനാവിൽ നിന്നും ഫണ്ട് കൊടുക്കുന്നു എന്നതാണ് വാസ്തവം.മദ്രസ്സകൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. എന്നാൽ അത് ഭരണഘടനാപരമായ പ്രൊവിഷന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.സർക്കാർ സ്ഥാപനങ്ങളല്ല മദ്രസകൾ.വിദ്യാഭ്യാസകാര്യങ്ങൾക്കുവേണ്ടി സർക്കാർ ചെലവിടുന്ന തുകയുടെ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമേ മദ്രസ്സ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഭരണഘടനാനുസൃതമായി നൽകുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം.അതിശയോക്തിപരമായ കണക്കുകളാണ് ഇക്കാര്യത്തിൽ മുസ്ലിം പ്രീണനമെന്നപേരിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത്.മതത്തിന്റേയോ ഭാഷയുടേയോ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടനയിൽ നൽകിയതിനെ ചൂണ്ടി ഭരണഘടന തന്നെ മുസ്ലിം പ്രീണന സ്വഭാവത്തോടുകൂടിയുള്ളതാണ് എന്ന് വിലയിരുത്തുന്നവരും സംഘപരിവാറിന്റെ കേന്ദ്രങ്ങളിലുണ്ട്. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഗുണഫലം എല്ലാ വിഭാഗങ്ങൾക്കും തുല്യമായി കിട്ടുന്നതിനുവേണ്ടിയും സാമുഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയും ദേശീയപ്രസ്ഥാനം തന്നെ അഭിവീക്ഷണം ചെയ്തതാണ് ഇത്തരം പദ്ധതികൾ.

മന്ത്രിമാരും എം പി മാരും എം എൽ എ മാരും മുതൽ പ്രാദേശിക തലത്തിലുള്ള വി ഐ പി കൾ വരെ വ്യാപിക്കുന്ന ഒരു ഹിന്ദുത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തെ ഇവിടെ വിശകലനം ചെയ്യേണ്ടതുണ്ട്. അധികാരത്തിന്റെ പിന്തുണയോടെ നടക്കുന്ന ഈ നുണപ്രചാരണം എങ്ങനെ അപകടകരമായ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നു എന്ന് വിശദമാക്കപ്പെടേണ്ടതുണ്ട്. 2014 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന നരേന്ദ്ര മോദി തന്നെ തീവ്രഹിന്ദുത്വ വിഭാഗത്തിന്റെ ഹിംസാത്മകമായ ഫാന്റസികളെ ഉദ്ദീപിപ്പിക്കുന്നവിധം പ്രചാരണത്തിന് നേതൃത്വം നൽകി. പശുവിറച്ചിയുമായി ബന്ധപ്പെട്ട് പിങ്ക് റവലൂഷൻ എന്ന പ്രയോഗം മോദി നടത്തി. 2014 ൽ ബി ജെ പി അധികാരത്തിലെത്തിയതോടെ പശു ബന്ധിതമായ മനുഷ്യഹിംസ പതിൻമടങ്ങ് വർധിച്ചത് ഇത്തരം പ്രചാരണങ്ങളുടെ ഫലമായായിരുന്നു. വി ഐ പി വിദ്വേഷ പ്രസംഗങ്ങളും അതേ അനുപാതത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഭരണഘടനാ പദവിയിലിരിക്കുന്ന ബി ജെ പി നേതാക്കൾ വ്യാജങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല നവീനമായ നുണകൾ സൃഷ്ടിക്കുക കൂടി ചെയ്തു. ഇതിന്റെ ഫലമായി പശുവിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയുന്ന അവസ്ഥയാണുണ്ടായത്. 2014 -2023 കാലയളവിൽ 136 പശുബന്ധിത അക്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിൽ 66 പേർ കൊല്ലപ്പെടുകയും 284 മനുഷ്യർക്ക് പരിക്കുകൾ പറ്റുകയും ചെയ്തു.കൊല്ലപ്പെട്ടവരിൽ 70 ശതമാനം പേർ മുസ്ലിം വിഭാഗത്തിൽ പെട്ടവരായിരുന്നു.

മുസ്‍ലിം ജനസംഖ്യാ വർധനവിലെ കുത്തനെയുള്ള ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫ്
മുസ്‍ലിം ജനസംഖ്യാ വർധനവിലെ കുത്തനെയുള്ള ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫ്

ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്താ നിർമ്മിതികളും ഒട്ടും പുതിയതല്ലെന്ന് നമുക്കറിയാം.നേരത്തെ തന്നെ ഇന്ത്യയുടെ സാമൂഹ്യമണ്ഡലത്തിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭരണാധികാരത്തിന്റേയും വൻകിട മൂലധനത്തിന്റെയും പിന്തുണയോടെയാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് എന്നത് അപകടകരമായ ഒരവസ്ഥയാണ് സംജാതമാക്കുന്നത്. ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെ കോർപ്പറേറ്റ് മാധ്യമങ്ങൾ പലപ്പോഴും ഏറ്റെടുക്കുന്നു. അവയിൽ വസ്തുതയുടെ തരിപോലുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യം ചെയ്യുന്നത് . ലവ് ജിഹാദ് കേസുകളിൽ ഉൾപ്പെടെ കോടതികൾ കണ്ടെത്തിയ കാര്യങ്ങളും കോടതിയുടെ വിധികളും ജനങ്ങളിലെത്താതിരിക്കാനാണ് ഇത്തരം മാധ്യമങ്ങൾ ശ്രമിച്ചത്. വ്യാജപ്രചാരണങ്ങൾ വഴി സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമം അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്ന സമയമാണ് കടന്നുപോകുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർ വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടേണ്ടതുണ്ട്.

അവലംബം:
അലേഫ് ബുക് കമ്പനി 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods '  by   Sreenivasan Jain,  Mariyam Alavi &  Supriya Sharma

Comments