എം. മുകുന്ദൻ

‘ഇടതുപക്ഷമില്ലാത്ത ഒരു കേരളത്തെ
എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല’

‘‘ഒരിക്കൽ കൂടി എൻ.ഡി.എ ജയിച്ചാൽ സംഭവിക്കാൻ പോകുന്നത് വ്യക്തമാണ്, നമ്മൾ ഒരു മതരാഷ്ട്രമായി മാറും. ഇറാനോ അഫ്ഗാനിസ്ഥാനോ പോലുള്ള രാജ്യമായി മാറിക്കൂടാ എന്നില്ല. ഇതാണ് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം’’- എം. മുകുന്ദൻ സംസാരിക്കുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

എം. മുകുന്ദൻ: ഈയിടെ ഡൽഹിയിൽ പോയപ്പോൾ, ഉത്തരേന്ത്യയിൽ വന്ന വലിയ മാറ്റങ്ങൾ കാണാൻ സാധിച്ചു. പോകുന്നിടത്തെല്ലാം എക്സ്പ്രസ് ഹൈവേകൾ, മേൽപ്പാലങ്ങൾ, അണ്ടർപാസുകൾ. എല്ലാം യൂറോപ്യൻ നിലവാരമുള്ളവ.

യാത്ര സുഗമമാക്കാനുള്ള എല്ലാ സൗകര്യങ്ങളും നമ്മുടെ രാജ്യത്ത് സംഭവിച്ചതായി തോന്നി. അതാണ് നരേന്ദ്രമോദിയുടെ സർക്കാർ പറയുന്ന ഒരു വലിയ നേട്ടം. അതായത്, രാജ്യത്തുടനീളം അവർ എക്സ്പ്രസ് ഹൈവേകൾ പണിതു.

പക്ഷെ, മോദിക്കുമുമ്പ് കോൺഗ്രസുകാർ ഭരിക്കുന്ന കാലത്തും ഇവിടെ ഹൈവേകളുണ്ടായിരുന്നു. ഈ ഹൈവേകൾ സ്വതന്ത്രമായ ചിന്തകൾക്കും ആശയങ്ങൾക്കും സഞ്ചരിക്കാനുള്ള വഴികളായിരുന്നു. അല്ലാതെ, അത് ലോറികൾക്കും കാറുകൾക്കും ബസുകൾക്കും സഞ്ചരിക്കാനുള്ള ഹൈവേകളായിരുന്നില്ല. മോദി സൃഷ്ടിച്ചിട്ടുള്ളത് അതാണ്.

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത്, ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമായിരുന്ന എല്ലാ വീഥികളും അവർ തകർക്കുകയും അവിടെ ലോറികൾക്കും ബസുകൾക്കും കാറുകൾക്കും സഞ്ചരിക്കാനുള്ള ഹൈവേകൾ സൃഷ്ടിക്കുകയും ചെയ്തു.

ചിന്തകൾക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ഹൈവേകളാണോ വേണ്ടത്, ലോറികൾക്കും ബസുകൾക്കും കാറുകൾക്കും സഞ്ചരിക്കാനുള്ള ഹൈവേകളോ?

ഏതാണ് പ്രധാനം എന്ന ചോദ്യമുണ്ട്. ചിന്തകൾക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ഹൈവേകളാണോ വേണ്ടത്, ലോറികൾക്കും ബസുകൾക്കും കാറുകൾക്കും സഞ്ചരിക്കാനുള്ള ഹൈവേകളോ? ഇതിന് ഉത്തരം കണ്ടുകിട്ടാൻ അധികം ബുദ്ധിമുട്ടേണ്ടതില്ല.

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത, ആത്മാവിഷ്കാരങ്ങൾക്ക് ഇടം നൽകാത്ത സാഹചര്യത്തിൽ ഒരുതരം വികസനവും കൊണ്ടുവരാൻ കഴിയില്ല. മോദി യൂറോപ്പിലും അമേരിക്കയിലും ഒരുപാട് സഞ്ചരിച്ചു, അവിടെയൊക്കെ ഇത്തരത്തിൽ വലിയ എക്സ്പ്രസ് ഹൈവേകളുണ്ടെന്നു കണ്ടു. പക്ഷെ, അവിടെയെല്ലാം എക്സ്പ്രസ് ഹൈവേകളുണ്ടെങ്കിലും ആളുകൾക്ക് സ്വതന്ത്രമായി സംസാരിക്കാനും സഞ്ചരിക്കാനുമുള്ള ഹൈവേകൾ കൂടിയുണ്ടായിരുന്നു. അത് അദ്ദേഹം മറന്നുപോയി.

കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ, അവർ നടത്തുന്ന അവകാശവാദങ്ങൾ എത്രമാത്രം അസംബന്ധമാണെന്ന് തെളിയിക്കാനാണ് ഞാൻ ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ചില ഭൗതികകാര്യങ്ങളിൽ ചില നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ ചിന്തകൾക്കും ആശയങ്ങൾക്കും വലിയ തരത്തിലുള്ള വിനാശങ്ങളാണ് അവരുണ്ടാക്കിയിട്ടുള്ളത്.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. എല്ലാ ജനാധിപത്യവിശ്വാസികളും ഇതിനെ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.

ഒരിക്കൽ കൂടി എൻ.ഡി.എ അധികാരത്തിൽ വന്നാൽ, ഒരു തിരിച്ചുപോക്ക് അസാധ്യമായിരിക്കും. ഒരിക്കൽ കൂടി എൻ.ഡി.എ ജയിച്ചാൽ സംഭവിക്കാൻ പോകുന്നത് വ്യക്തമാണ്, നമ്മൾ ഒരു മതരാഷ്ട്രമായി മാറും. ഇറാനോ അഫ്ഗാനിസ്ഥാനോ പോലുള്ള രാജ്യമായി മാറിക്കൂടാ എന്നില്ല. ഇതാണ് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

ഒരിക്കൽ കൂടി എൻ.ഡി.എ അധികാരത്തിൽ വന്നാൽ, ഒരു തിരിച്ചുപോക്ക് അസാധ്യമായിരിക്കും. / Photo: Tweeted by Yogi Adityanath

ഇന്ന് ലോകത്തെല്ലായിടത്തും, ഫ്രാൻസിലും ജർമനിയിലുമൊക്കെ, വലതുപക്ഷ ഉയിർത്തെഴുന്നേൽപ്പ് നടക്കുന്നത് കാണുന്നുണ്ട്. അതേസമയം, മതരാഷ്ട്രം എന്ന സങ്കൽപ്പം ക്ഷീണിച്ചുവരികയുമാണ്. ഉദാഹരണമായി, ഏറ്റവും യാഥാസ്ഥിതികമായ മതരാഷ്ട്രം സൗദി അറേബ്യയായിരുന്നു. അവിടെ വലിയ മാറ്റങ്ങൾ വന്നു. അവർ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. അവിടുത്തെ സ്ത്രീകൾ ഫുട്‌ബോൾ കളിക്കാൻ പോകുന്നു. അങ്ങനെ മതരാഷ്ട്രം എന്ന സങ്കൽപ്പം അവസാനിച്ചുവരുമ്പോഴാണ്, അങ്ങനെയൊരു മതരാഷ്ട്രത്തെ സൃഷ്ടിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നത്.

അത് അങ്ങേയറ്റം അപകടകരമാണ്. സ്വാതന്ത്ര്യത്തിനുശേഷം നമ്മൾ കൈവരിച്ച എല്ലാ ജനാധിപത്യമൂല്യങ്ങളെയും മാനവികതയെയും അത് അപകടപ്പെടുത്തുന്നു. അതുകൊണ്ടാണ്, ഇത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണ് എന്നു ഞാൻ പറഞ്ഞത്.

മോദി സർക്കാറിനെ പ്രതിരോധിക്കാനുള്ള കരുത്ത് നമുക്കുണ്ടോ എന്നതാണ് ചോദ്യം. ഇന്ദിരാഗാന്ധിയുടെ കാലത്ത് ജനാധിപത്യം ഭീഷണി നേരിട്ടപ്പോൾ, പ്രതിരോധിക്കാൻ ജയപ്രകാശ് നാരായണനെപ്പോലുള്ള ഒരു നേതാവുണ്ടായിരുന്നു. ഇന്ന് നമുക്ക് അങ്ങനെയൊരു നേതാവില്ല. പ്രതിരോധത്തെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് ഇന്ന് കാണാൻ കഴിയുന്നത്.

ഏറ്റവും യാഥാസ്ഥിതികമായ മതരാഷ്ട്രം സൗദി അറേബ്യയായിരുന്നു. അവിടെ വലിയ മാറ്റങ്ങൾ വന്നു. അവർ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. അവിടുത്തെ സ്ത്രീകൾ ഫുട്‌ബോൾ കളിക്കാൻ പോകുന്നു.

എനിക്ക് 'ഇന്ത്യ' സഖ്യത്തിൽ വിശ്വാസമുണ്ട്. 'ഇന്ത്യ' മുന്നണിയെക്കുറിച്ച് പൊതുവെയുള്ള ആരോപണം, അത് തികച്ചും പരസ്പരവിരുദ്ധമായ രാഷ്ട്രീയസങ്കൽപ്പങ്ങൾ വച്ചുപുലർത്തുന്ന ചെറിയ കക്ഷികളുടെ, വ്യക്തികളുടെ കൂട്ടായ്മയാണ് എന്നതാണ്.

വാസ്തവത്തിൽ ബി.ജെ.പി എന്താണ്? ഇന്നുള്ള രൂപത്തിൽ അവതരിച്ച പാർട്ടിയല്ല ബി.ജെ.പി. അതിനുള്ളിലുള്ളതും ചെറിയ ചെറിയ പാർട്ടികളാണ്. കോൺഗ്രസിൽനിന്ന് പോയവരാണ് ബി.ജെ.പിയിൽ വലിയൊരു ഭാഗവും. അതിനുപുറമേ, നമ്മുടെ രാജ്യത്തെ കൊച്ചുകൊച്ചു പാർട്ടികളെയും ചില വ്യക്തികളെയും ബി.ജെ.പി വിഴുങ്ങിയിട്ടുണ്ട്. അപ്പോൾ 'ഇന്ത്യ' സഖ്യത്തിലുണ്ടെന്ന് പറയുന്ന സംഘർഷങ്ങൾ ബി.ജെ.പിയിലുമുണ്ട്. അധികാരത്തിലുണ്ട് എന്നതുകൊണ്ടുമാത്രമാണ്, ഈ ഘടകങ്ങളെ ബി.ജെ.പിക്ക് ഒരുമിച്ച് നിർത്താനാകുന്നത്. അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞാൽ ബി.ജെ.പി ഛിന്നഭിന്നമാകും എന്നതിൽ സംശയമില്ല. അത് ചിതറിപ്പോകും.

'ഇന്ത്യ' സഖ്യത്തിന് ലഭിച്ച അവസാന സന്ദർഭമാണിത്. ഇനി അവർക്ക് ഒരു അവസരം ലഭിക്കില്ല. അവരുടെ വ്യക്തിപരമോ രാഷ്ട്രീയമോ ആയ കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കുകയും ആന്തരിക സംഘർഷങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് ഒറ്റക്കെട്ടായി മത്സരിച്ചാൽ അവർക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയും.

എന്റെ മറ്റൊരു വിശ്വാസം, നമ്മുടെ രാജ്യത്തെ ജനങ്ങൾ ഭൂരിഭാഗവും പട്ടിണിപ്പാവങ്ങളാണ്. കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങൾ. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ 80 ലോക്‌സഭാ സീറ്റുണ്ട്. യു.പിയാണ് വളരെ നിർണായകമായ സംസ്ഥാനം. അവിടെ ജാതീയവും മതപരവുമൊക്കെയായ പ്രശ്‌നങ്ങളുണ്ട്. അവർ പട്ടിണി കിടക്കുന്നവരാണ്.

'ഇന്ത്യ' സഖ്യത്തിന് ലഭിച്ച അവസാന സന്ദർഭമാണിത്. ഇനി അവർക്ക് ഒരു അവസരം ലഭിക്കില്ല.

എങ്കിലും നമ്മുടെ രാജ്യത്തെ പട്ടിണി കിടക്കുന്ന പാവങ്ങൾക്ക് ഒരു വിവേചനബുദ്ധിയുണ്ട്. അവർക്ക് യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ കഴിയും. അവരുടെ സഹനശക്തിക്ക് ഒരു പരിധിയുണ്ട്. ഒരു ഘട്ടം കഴിഞ്ഞാൽ അവർ ഉയിർത്തെഴുന്നേൽക്കും. അവർ അഭിപ്രായം തുറന്നുപറയും. അവർ വലിയൊരു വേലിയേറ്റമായി വരും. ഇന്ദിരാഗാന്ധിക്കെതിരായ വേലിയറ്റം അതായിരുന്നു.

അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ഇന്ത്യൻ ജനത വോട്ടു ചെയ്തത് എന്ന് നമുക്കറിയാം. സംസ്‌കാരസമ്പന്നരും വിദ്യാസമ്പന്നരുമെന്ന് നമ്മൾ പറയുന്ന മലയാളികൾ ഇന്ദിരാഗാന്ധിക്ക് വോട്ട് ചെയ്തപ്പോൾ യു.പിയിലെയും ബീഹാറിലെയും പട്ടിണിപ്പാവങ്ങൾ ഇന്ദിരാഗാന്ധിക്കെതിരായാണ് വോട്ട് ചെയ്തത്. അതുകൊണ്ട് എനിക്ക് ഇന്ത്യൻ ജനതയിൽ വിശ്വാസമുണ്ട്.

അടിയന്തിരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ യു.പിയിലെയും ബീഹാറിലെയും പട്ടിണിപ്പാവങ്ങൾ ഇന്ദിരാഗാന്ധിക്കെതിരായാണ് വോട്ട് ചെയ്തത്.

ഈയൊരു തെരഞ്ഞെടുപ്പിൽ അതാണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എനിക്കുതോന്നുന്നത്- ജനം ഉയിർത്തെഴുന്നേറ്റ് അവരുടെ അഭിപ്രായം തുറന്നുപറയും.
ജയപ്രകാശ് നാരായണൻ എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു കവിതയുണ്ട്; 'സിംഹാസൻ കാലി കരോ'. 'സിംഹാസനം ഒഴിയുക, ജനങ്ങൾ വരുന്നു'. അന്ന് ജെ.പി ഒരു കവിയെ ഉദ്ധരിച്ച് പറഞ്ഞ അതേ വരികളാണ് ഇപ്പോൾ ബി.ജെ.പിക്കെതിരെ നമുക്കും പറയാനുള്ളത്, 'സിംഹാസനം ഒഴിയൂ, ജനങ്ങൾ വരികയായി'.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

വിശക്കുന്ന മനുഷ്യന്, എനിക്ക് വിശക്കുന്നു എന്നു പറയാൻ കഴിയുമെങ്കിൽ അതാണ് ജനാധിപത്യം. വിശക്കുന്നു എന്നു പറഞ്ഞ് നിലവിളിക്കുന്നവരുടെ നാവ് പിഴുതെറിയുമെങ്കിൽ അതാണ് സ്വേച്ഛാധിപത്യം.

വിശക്കുന്ന ഒരു മനുഷ്യൻ ജെ.എം. കുറ്റ്‌സിയുടെ 'ഫോ' എന്ന നോവലിലുണ്ട്. ഒരു അടിമ. ഫ്രൈഡേ എന്നാണ് അയാളുടെ പേര്. അയാൾക്ക് എഴുത്തും വായനയും അറിയില്ല. പുറംലോകവുമായി സംവദിക്കാനുള്ള ഏക മാർഗം സംസാരിക്കുക എന്നതാണ്. അത് മനസ്സിലാക്കിയ അടിമയുടെ യജമാനൻ അടിമയുടെ നാവ് വെട്ടിക്കളയുന്നു. അങ്ങനെ അയാൾ നിശ്ശബ്ദനാക്കപ്പെട്ടു. ലോകത്തിലെങ്ങുമുള്ള നിശ്ശബ്ദരാക്കപ്പെട്ടവരുടെ പ്രതീകമാണ് ഫ്രൈഡേ എന്ന കഥാപാത്രം.

ജെ.എം. കുറ്റ്‌സി (J.M. Coetzee)

ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം ശ്രമിക്കുന്നത്, ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഫ്രൈഡേ എന്ന അടിമയെപ്പോലെയാക്കിത്തീർക്കാനാണ്, അവരെ നിശ്ശബ്ദരാക്കാനാണ്. ശബ്ദിക്കാനുള്ള കഴിവ് നഷ്ടമായാൽ പിന്നെ നമുക്കൊരു പ്രതീക്ഷയുമില്ല. നമ്മുടേത് ഒരു ദരിദ്രരാജ്യമാണ്, പട്ടിണി കിടക്കുന്നവരാണ് കൂടുതലും. അതറിയാൻ ഉത്തരേന്ത്യയിലൂടെ യാത്ര ചെയ്താൽ മതി.

അവരുടെ കൈവശമുള്ള ഏറ്റവും വലിയ നിധി സംസാരിക്കാനുള്ള കഴിവാണ്. ഉച്ചത്തിൽ നിലവിളിക്കാനുള്ള കഴിവാണ്. കരയുവാനുള്ള കഴിവാണ്. രോഷം കൊള്ളാനുള്ള കഴിവാണ്. അതില്ലാതാക്കി അവരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കാനുള്ള സംരംഭങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് ജനാധിപത്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണം. അതിനായി ഒരുപാട് പേർക്ക് ആത്മാഹുതി ചെയ്യേണ്ടിവന്നേക്കാം.

ജനാധിപത്യം എന്ന സങ്കൽപം ഏറ്റവും ഉദാത്തമാണ്. അതില്ലാതെ നമുക്ക് ജീവിക്കാനാകില്ല. ജനാധിപത്യത്തിന്റെ കരുത്ത് നമ്മൾ തിരിച്ചറിഞ്ഞത് 1957-ൽ കമ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെ വഴിയിലൂടെ അധികാരത്തിൽ വന്നപ്പോഴാണ്. ജനാധിപത്യം അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കിൽ അവർക്ക് അധികാരത്തിൽ വരാൻ കഴിയുമായിരുന്നില്ല.

അതുകൊണ്ട്, നമ്മുടെ രാഷ്ട്രീയ ജീവിതത്തിനും സാമൂഹിക ജീവിതത്തിനും ആവശ്യമായ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. അതിലാണ് നമ്മുടെ പ്രതീക്ഷ. അതുമാത്രമാണ് പാവപ്പെട്ടവരുടെ, നിശ്ശബ്ദരാക്കപ്പെട്ടവരുടെ കൈയിലുള്ള ഏക ആയുധം. ഈ ആയുധവും നമ്മുടെ കൈയിൽനിന്ന് അപഹരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

സാങ്കേതികമായി പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. അവിടെ പോലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നില്ല. / Photo: Holly Hayes via Flickr

തെരഞ്ഞെടുപ്പിനെ നമുക്ക് വിശ്വസിക്കാൻ കഴിയുമോ എന്നൊരു ചോദ്യമുണ്ട്. നിർമിതബുദ്ധിയുടെ കാലത്താണ് നാം ജീവിക്കുന്നത്. ലോകത്ത് ഏറ്റവും സാങ്കേതികമായി പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ല. 50 സംസ്ഥാനങ്ങളിലും ബാലറ്റ് പേപ്പറാണുപയോഗിക്കുന്നത്. സാങ്കേതികമായി ഇത്ര മുന്നേറിയ ഒരു രാജ്യം എന്തുകൊണ്ടാണ് ഇ.വി.എം ഉപയോഗിക്കാത്തത്? ഈ ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല.

ഈ വോട്ടിംഗ് മെഷീനെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന ആശങ്ക, ആധി നമുക്കുണ്ട്. ഞാൻ ഇക്കാര്യം പലരോടും സംസാരിച്ചിട്ടുണ്ട്, അവർ ചോദിക്കുന്നത്, ലക്ഷക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനത്തെ ഇവിടെയിരുന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ഇത്തിരി അകലെയുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിൽ നമുക്ക് ഇടപെടാൻ കഴിയില്ലേ എന്നാണ്. തിയററ്റിക്കലി, അല്ലെങ്കിൽ യുക്തിയുടെ വെളിച്ചത്തിൽ അത് സാധ്യമാണ്. അതിനാൽ, തെരഞ്ഞെടുപ്പ് എന്ന നമ്മുടെ കൈയിലുള്ള ഒരായുധം കൂടി നഷ്ടപ്പെടുകയാണോ എന്ന ആധിയാണ് ഇന്ന് പലർക്കുമുള്ളത്.

സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പ് ഇവിടെയുണ്ടാകണം. ഇ.വി.എമ്മിനെ ഒരു വിധത്തിലും സ്വാധീനിക്കാൻ കഴിയാത്ത വിധത്തിലുള്ള രീതികൾ നടപ്പാക്കണം എന്നൊക്കെയേ നമുക്ക് പറയാൻ കഴിയുകയുള്ളൂ. ശാസ്ത്രീയമായും സാങ്കേതികമായും ഇ.വി.എം എത്രമാത്രം പ്രായോഗികമാണ്, എത്രമാത്രം അതിനെ വിശ്വസിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. പക്ഷെ, അമേരിക്കൻ ഉദാഹരണം വച്ച് നോക്കുമ്പോൾ നമുക്ക് അതിനെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കൈയിലുള്ള അവസാന ആയുധവും നഷ്ടമാകുകയാണ്.

ശാസ്ത്രീയമായും സാങ്കേതികമായും ഇ.വി.എം എത്രമാത്രം പ്രായോഗികമാണ്, എത്രമാത്രം അതിനെ വിശ്വസിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. / Photo: Wikimedia Commons

ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നുണ്ട്. എങ്കിലും പാവങ്ങൾ കൂടുതൽ പാവങ്ങളായി മാറുകയാണ്. ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. വിശക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ സർക്കാർ വന്നശേഷം, പത്തുവർഷത്തിനിടയിൽ സമ്പന്നരായിട്ടുളളത് ദൈവങ്ങൾ മാത്രമാണ്.

ഡൽഹിയിലെ ജഹാംഗീർ പുരി പാവപ്പെട്ട മുസ്‌ലിംകൾ താമസിക്കുന്ന സ്ഥലമാണ്. വർഷങ്ങളായി അവർ പട്ടിണി കിടക്കുന്നു, ഇപ്പോഴും പട്ടിണി കിടക്കുന്നു. അതേ ഡൽഹിയുടെ മറ്റൊരു ഭാഗത്ത്, യമുനയുടെ തീരത്ത്, അക്ഷർധാം എന്ന കൊട്ടാരസദൃശമായ ക്ഷേത്രം പണിതിരിക്കുകയാണ്, ദൈവങ്ങൾക്കുവേണ്ടി. ദൈവങ്ങൾ കൂടുതൽ കൂടുതൽ നല്ല വാസസ്ഥലങ്ങൾ നിർമിച്ചുകൊടുക്കുന്നു. മറുവശത്ത് പാവങ്ങൾ പട്ടിണി കിടക്കുന്നു. അങ്ങനെ ദൈവങ്ങൾ സമ്പന്നരാകുകയും മനുഷ്യർ ദരിദ്രരാകുകയും ചെയ്യുന്ന ഒരു ലോകസങ്കൽപ്പമാണ് ഇന്നത്തെ ഭരണകൂടത്തിനുള്ളത്.

ഈ സങ്കൽപ്പത്തെ മാറ്റാൻ നമ്മുടെ കൈയിലുള്ള ഏക ആയുധം തെരഞ്ഞെടുപ്പാണ്. ആശങ്കകളുണ്ട്, വിശ്വാസക്കുറവുണ്ട് എങ്കിലും ഈ ആയുധം നമുക്ക് ഉപയോഗിക്കണം, അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും വേണം. കാരണം, ഒരിക്കൽ ജനാധിപത്യം നമ്മുടെ കൈയിൽനിന്ന് അകന്നുപോയാൽ തിരിച്ചുപിടിക്കാൻ പ്രയാസമാണ്. ഇതാണ് ഈ പൊതുതെരഞ്ഞെടുപ്പ് നമുക്കു നൽകുന്ന സന്ദേശം.

സാംസ്കാരിക രംഗത്ത്, സിനിമ ഉൾപ്പെടെയുള്ള സകല ദൃശ്യകലാരംഗത്ത് നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലാരംഗത്ത്, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

അറുപതുകളിലാണ് എന്റെ എഴുത്തിന്റെ തുടക്കം. എഴുപതുകളിൽ ശ്രദ്ധേയമായ കഥകളും നോവലുകളും എഴുതി. അക്കാലത്ത് ഞാൻ അനുഭവിച്ച എഴുത്തിന്റെ സ്വാതന്ത്ര്യം ഇന്ന് ഇല്ല. അത് ഞാൻ മാത്രമല്ല, എല്ലാ എഴുത്തുകാരും തിരിച്ചറിയുന്നുണ്ട്. 'മീശ' എഴുതിയ ഹരീഷും അത് തിരിച്ചറിയുന്നുണ്ട്. എഴുത്തുകാരുടെ സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. എഴുത്തുകാരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് ഇന്ന് വിലക്കപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. എഴുപതുകളിൽ എന്നെപ്പോലുള്ള ഒരു എഴുത്തുകാരന് സ്വതന്ത്രമായി ആത്മാവിഷ്‌കാരം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നു.

മുമ്പ് ഞാൻ അനുഭവിച്ച എഴുത്തിന്റെ സ്വാതന്ത്ര്യം ഇന്ന് ഇല്ല. അത് ഞാൻ മാത്രമല്ല, എല്ലാ എഴുത്തുകാരും തിരിച്ചറിയുന്നുണ്ട്. 'മീശ' എഴുതിയ ഹരീഷും അത് തിരിച്ചറിയുന്നുണ്ട്.

അക്കാലത്ത് ഞാനൊരു കഥയെഴുതിയിരുന്നു. ഒരു ലൈംഗികതൊഴിലാളി ഗംഗാ നദിയിൽ കുളിക്കാൻ പോകുന്നതാണ്. ഗംഗാ നദിയിൽ കാൽ തൊട്ടപ്പോൾ നദിയിലെ വെള്ളം പരിശുദ്ധമായി എന്നാണ് ഞാൻ എഴുതിയത്. ഇന്ന് എനിക്ക് അങ്ങനെ എഴുതാൻ കഴിയില്ല, നൂറു ശതമാനം തീർച്ചയാണ്.

ആദ്യ കാലത്ത് അസഹിഷ്ണുത വച്ചുപുലർത്തിയത് ഇടതുപക്ഷമായിരുന്നു. ഞാൻ ദിനോസറുകളുടെ കാലം എന്നൊര കഥയെഴുതിയിരുന്നു. ആ കഥ ഇടതുപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. എന്റെ വീട്ടിലിരുന്ന് ടി.വിയിൽ ഞാനെന്റെ കോലം കത്തുന്നത് കണ്ടു. വടകരയിൽ ഞാനൊരു ഉത്സവം കാണാൻ പോയപ്പോൾ, അരികിലൂടെ ആൾക്കൂട്ടം കൊലവിളിയുമായി കടന്നുപോയി. അത്തരം അനുഭവങ്ങൾ എനിക്കുണ്ട്. എഴുത്തുകാർ സ്വതന്ത്രരല്ല എന്ന് ആദ്യകാലത്ത് എന്നെ ബോധ്യപ്പെടുത്തിയത് ഇടതുപക്ഷമാണ്.

ഇന്ന് ഇടതുപക്ഷം വളരെയേറെ മാറിപ്പോയി. അവർ കൂടുതൽ സഹനശക്തി കാണിക്കുന്നുണ്ട്. വിമർശനങ്ങളെ അഭിമുഖീകരിക്കാൻ തയാറാണ്. അത് ഇടതുപക്ഷത്തിനുണ്ടായ ശുഭോദർക്കമായ വലിയൊരു മാറ്റമാണ്. പക്ഷെ, അതിന് സമാന്തരമായി തന്നെ മതശക്തികൾ എഴുത്തുകാരുടെ സ്വാതന്ത്ര്യം നിഷേധിക്കാൻ തുടങ്ങി. അത് നമ്മൾ ഇന്ന് എല്ലായിടത്തും കാണുന്നുണ്ട്.

എഴുത്തുകാരുടെ സർഗസൃഷ്ടികളിൽ, സർഗപ്രക്രിയയിൽ മതശക്തികൾ ഇടപെടുകയാണ്. മാർക്‌സിനെയും ലെനിനെയും ഏംഗൽസിനെയും നമുക്ക് വിമർശിക്കാം. ഇ.എം.എസിനെ നമുക്ക് വിമർശിക്കാം. പക്ഷെ, ഒരു കൊച്ചുദൈവത്തെപ്പോലും നമുക്ക് തൊടാൻ കഴിയില്ല എന്ന ഒരവസ്ഥ നാട്ടിലുണ്ട്.

മാർക്‌സിനെയും ലെനിനെയും ഏംഗൽസിനെയും നമുക്ക് വിമർശിക്കാം. പക്ഷെ, ഒരു കൊച്ചുദൈവത്തെപ്പോലും നമുക്ക് തൊടാൻ കഴിയില്ല.

കേരളത്തിൽ എഴുത്തുകാർ കുറെയൊക്കെ സ്വതന്ത്രരാണ് എന്നു പറയാം. കേരളത്തിൽ ഒരു എഴുത്തുകാരെയും വെടിവെച്ച് കൊന്നിട്ടില്ല. പക്ഷെ, ഞനൊരുപാട് അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ട്. എഴുതാൻ തുടങ്ങുമ്പോൾ ഞാൻ തന്നെ എന്നോട് ചോദിക്കാൻതുടങ്ങിയിരിക്കുന്നു, അത് വേണോ എന്ന്. ഒരു വാചകം എഴുതുമ്പോൾ ഞാൻ സ്വയം ചോദിക്കുകയാണ്, ആ വാചകം എഴുതേണ്ടതുണ്ടോ എന്ന്.

എന്റെ അവബോധത്തിൽ തന്നെ നിരവധി വിലക്കുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് എഴുത്തിന്റെ സ്വതന്ത്രമായ പ്രവാഹത്തെ തടയുന്നുണ്ട്. എഴുത്തുകാർ സ്വപ്‌നം കണ്ട വിധത്തിൽ എഴുതാൻ കഴിയില്ല എന്ന അവബോധമുണ്ടാകുന്നതോടെ സർഗസൃഷ്ടി തന്നെ വ്യർഥമല്ലേ എന്നൊരു ചോദ്യം പോലും ഞാൻ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്നെ ആരും ആക്രമിച്ചിട്ടില്ല, എന്നെ വെടിവെച്ചുകൊല്ലാൻ ആരും വന്നിട്ടില്ല. പക്ഷെ, നിരന്തരമായി എന്നെ പലരും അധിക്ഷേപിക്കുന്നുണ്ട്. ചില മതശക്തികൾക്ക് സ്വീകാര്യമല്ലാത്ത എന്തെങ്കിലും ഞാൻ പറഞ്ഞാൽ ഉടൻ, സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ തുടങ്ങും. അത് എന്നെപ്പോലുള്ള എഴുത്തുകാരെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. ഞാനൊക്കെ അറുപത് വർഷം എഴുതി, ഇത്രയും പ്രായമായി. എന്നിട്ടും അധിക്ഷേപങ്ങൾ കേൾക്കുക എന്നത് അസ്വസ്ഥനാക്കുന്നുണ്ട്.

കുറച്ചുമുമ്പ് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തെക്കുറിച്ച്, ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു സെറ്റിംഗ് പോലെയുണ്ട് എന്നു പറഞ്ഞപ്പോൾ, ഒരുപാടുപേർ എനിക്കെതിരെ അധിക്ഷേപങ്ങളുയർത്തി. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു കൂടുതലും. ചിലർ മോശമായ ഭാഷയിൽ തെറി പറഞ്ഞ് കത്തുകളയച്ചു. അങ്ങനെ പറയാൻ പോലുമുള്ള സ്വാതന്ത്ര്യം ഇന്ന് നമുക്കില്ല.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തെക്കുറിച്ച്, ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു സെറ്റിംഗ് പോലെയുണ്ട് എന്നു പറഞ്ഞപ്പോൾ, ഒരുപാടുപേർ എനിക്കെതിരെ അധിക്ഷേപങ്ങളുയർത്തി. / Photo: Russ Bowling via flickr

അധിക്ഷേപം കേൾക്കുക എന്നത് എളുപ്പമല്ല. ഒരുപാട് പേരിൽനിന്ന് അധിക്ഷേപം കേൾക്കുമ്പോൾ എനിക്ക് എന്നോടുതന്നെയുള്ള ബഹുമാനം നഷ്ടമാകുകയാണ് ചെയ്യുന്നത്. ആ ഒരവസ്ഥയിലാണ് ഇന്ന് എഴുത്തുകാർ എഴുതുന്നത്.

എന്നാൽ, ഇന്ന് വളരെയധികം ആശ്വാസം നൽകുന്നത്, മതങ്ങളോടും ആൾദൈവങ്ങളോടും എഴുത്തുകാർ കലഹിക്കുമ്പോൾ, എഴുത്തുകാർക്കൊപ്പം ഇടതുപക്ഷം ഉണ്ട് എന്നതാണ്. അതെനിക്ക് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. അതാണ് ഈ പ്രായത്തിലും എഴുതാനുള്ള പ്രേരണ എനിക്കുനൽകുന്നത്.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. വൈവിധ്യങ്ങളാണ് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ സമ്പത്ത്. വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇന്ന് ഭരണകൂടം നടത്തുന്നത്. അതിന് തടയിടുക എന്നത് പൗരരുടെ ഉത്തരവാദിത്തമാണ്. വൈവിധ്യങ്ങളില്ലാത്ത ഒരു രാജ്യം ചുരുങ്ങിച്ചുരുങ്ങി ചെറുതാവുകയാണ് ചെയ്യുക. വൈവിധ്യങ്ങൾ കാത്തുസൂക്ഷിച്ച രാജ്യങ്ങളാണ് വലുതായിട്ടുള്ളത്.

ഉദാഹരണമായി അമേരിക്കയെ കാണാം. ഞാൻ കേട്ടിട്ടുള്ള ഒരു കഥ, ന്യൂയോർക്കിൽ 80 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരുണ്ട് എന്നുള്ളതാണ്. ഈ 80 ഭാഷകളിൽ ഓരോന്നിലും ഒരു സംസ്‌കൃതിയുണ്ട്, സംസ്‌കാരമുണ്ട്, ഭക്ഷണരീതിയുണ്ട്, ദൈവങ്ങളുണ്ട്, ആചാരങ്ങളുണ്ട്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ കരുത്ത് ഈ വൈവിധ്യമാണ്. വൈവിധ്യങ്ങളെ തിരസ്‌കരിച്ച രാജ്യങ്ങൾ മുന്നോട്ടുപോയിട്ടില്ല. അത്തരം രാജ്യങ്ങൾമതരാഷ്ട്രങ്ങളായി മാറുകയാണ് ചെയ്തിട്ടുള്ളത്.

നമ്മുടെ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർ ഒരു മതരാഷ്ട്രത്തെ പണിയുവാനാണ് ശ്രമിക്കുന്നത്. വൈവിധ്യങ്ങളാണ് അവർക്ക് തടസം നിൽക്കുന്നത്.

നമ്മുടെ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർ ഒരു മതരാഷ്ട്രത്തെ പണിയുവാനാണ് ശ്രമിക്കുന്നത്. വൈവിധ്യങ്ങളാണ് അവർക്ക് തടസം നിൽക്കുന്നത്. അവർക്ക് ഒരു ദൈവം മതി, ഒരു ഭക്ഷണം മതി, ഒരു ആചാരം മതി. അതിനെ നമ്മൾ അനുവദിക്കരുത്. നമ്മുടേത് ഏറെ സമ്പന്നമായ സംസ്കൃതികളും പാരമ്പര്യങ്ങളുമുള്ള രാജ്യമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയോടെ ലോകം മറ്റൊന്നായി രൂപാന്തരപ്പെടുകയാണ്. നമ്മുടെ പാരമ്പര്യങ്ങളെ ഈ മാറ്റങ്ങളുമായി സമന്വയിപ്പിച്ച് ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. ഇന്ത്യയെ പുറകോട്ടുനടത്താനുളള എല്ലാ ശ്രമങ്ങളെയും നമ്മൾപരാജയപ്പെടുത്തണം. ഇന്ത്യ ലോകമായി വളരട്ടെ.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

യു.ഡി.എഫും എൽ.ഡി.എഫും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ്. ‘ഇന്ത്യ’ സഖ്യം ഒരു വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഒരു ഫാഷിസ്റ്റ് രാജ്യമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക എന്ന വലിയ ദൗത്യം. ഇതിൽ എല്ലാ ഘടകകക്ഷികളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതാണ്. ഇടതുപക്ഷം അനിവാര്യമായും അതിന്റെ ഒരു ഭാഗമാകേണ്ടതാണ്.

ഇടതുപക്ഷം സംസ്ഥാനപാർട്ടി മാത്രമാണിന്ന്, ദേശീയ പാർട്ടിയല്ല. അതേസമയം, കോൺഗ്രസിന് ഒരുപാട് ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്ഥാനമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അവർക്ക് സാന്നിധ്യമുണ്ട്. ഈയൊരു പരിസരത്ത്, ഇടതുപക്ഷം യു.ഡി.എഫുമായി, അല്ലെങ്കിൽ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കണം. എങ്കിലേ എൽ.ഡി.എഫിന് ദേശീയതലത്തിൽ കരുത്ത് കാണിക്കാനാകുകയുള്ളൂ. ഒറ്റക്കു നിന്നാൽ ഒട്ടും കരുത്തില്ലാത്ത പാർട്ടിയായിരിക്കുമത്.

അതുകൊണ്ട് സമാന ലക്ഷ്യങ്ങളുള്ള കോൺഗ്രസുമായി, എന്റെ അഭിപ്രായത്തിൽ, എൽ.ഡി.എഫ് ഒന്നിച്ചുനിൽക്കണം. അതിന് തടസമായിരിക്കുന്നത് കാലാകാലമായി ഇടതുപക്ഷം കോൺഗ്രസിനോട് പുലർത്തുന്ന വിരുദ്ധതയാണ്. അതിന്റെ പ്രതിഫലനമാണ് പുതുച്ചേരി രാഷ്ട്രീയത്തിൽ നാം കാണുന്നത്. മാഹിയിൽ ഇടതുപക്ഷം എടുത്ത തീരുമാനം കോൺഗ്രസിന് വോട്ട് ചെയ്യരുത് എന്നതാണ്. അതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്കറിയാം. അത് ബി.ജെ.പിയെ ശക്തിപ്പെടുത്തും, ബി.ജെ.പിയെ ഒരുപക്ഷെ വിജയിപ്പിക്കും. അതുകൊണ്ട് കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കേണ്ടതുണ്ട്.

ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയും സംസ്ഥാനതലത്തിൽ കോൺഗ്രസിനെതിരായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് കോൺഗ്രസ് വിരുദ്ധതയായി മാറാൻ പാടില്ല.

കേരളത്തിൽ, കോൺഗ്രസിനെതിരായി ഇടതുപക്ഷത്തിന് മത്സരിക്കേണ്ടിവരും. അത് ജനാധിപത്യം നൽകുന്ന ഒട്ടേറെ സ്വാതന്ത്ര്യങ്ങളിൽ ഒന്നാണ്. പക്ഷെ, അത് കോൺഗ്രസ് വിരുദ്ധതയായി മാറരുത്. ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയും സംസ്ഥാനതലത്തിൽ കോൺഗ്രസിനെതിരായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് കോൺഗ്രസ് വിരുദ്ധതയായി മാറാൻ പാടില്ല. മറിച്ച്, അത് അതിനെ അധികാരത്തിൽ വരാനുള്ള നിരവധി സാധ്യതകളിൽ ഒന്നായി കാണണം. അങ്ങനെ കണ്ടെങ്കിൽ മാത്രമേ ഇടതുപക്ഷത്തിന് ദേശീയതലത്തിൽ പ്രസക്തിയുണ്ടാവുകയുള്ളൂ.

നെഹ്‌റുവിന്റെ കാലം മുതൽ നമ്മൾ കണ്ടിരുന്നത് ഒരു രാജ്യം ഒരു പാർട്ടി ഒരു ഭരണം എന്നതാണ്. ഏകശിലാ രൂപത്തിലുള്ള ഭരണസംവിധാനം. അത് മാറാൻ പോകുകയാണ്. ഒരു പാർട്ടി രാജ്യം ഭരിക്കുക എന്നത് അവസാനിക്കാൻ പോകുകയാണ്. ബി.ജെ.പിയുടെ പതനത്തോടെ അത് അവസാനിക്കും. പിന്നെ സംഭവിക്കാൻ പോകുന്നത് ചെറിയ ചെറിയ പാർട്ടികളുടെ സഖ്യം അധികാരത്തിൽ വരും എന്നുള്ളതാണ്. അത് നല്ലൊരു കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ രാഷ്ട്രത്തിൽ ബഹുസ്വരതയുണ്ടാകുകയാണ് ചെയ്യുന്നത്. നമ്മൾ വൈവിധ്യങ്ങളെക്കുറിച്ച് ഏറെ സംസാരിക്കാറുണ്ട്. എന്നാൽ ഈ ചെറിയ കക്ഷികൾ ഒന്നിച്ച് അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ബഹുസ്വരത കടന്നുവരികയാണ് ചെയ്യുന്നത്. അത് നമ്മൾ സ്വാഗതം ചെയ്യേണ്ട പ്രവണതയാണ്. ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെ ഈ മാറിയ സാഹചര്യത്തിൽ പുനർനിർവചിക്കേണ്ടതുണ്ട്. അവർ ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാൽ നാടിനും അവർക്കും നല്ലതായിരിക്കും.

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഇടതുപക്ഷ മനസ്സുള്ളവരാണ് നമ്മൾ മലയാളികൾ. ഇന്ന് നമ്മൾ എന്താണോ, നമ്മളെ അങ്ങനെയാക്കിയത് ഇടതുപക്ഷമാണ്. കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും കേരളത്തിൽ ഇടതുപക്ഷം ചെയ്തിട്ടുണ്ട്. അധഃസ്ഥിതവർഗത്തിനുവേണ്ടി സംസാരിക്കുന്നവരാണ് ഇടതുപക്ഷം. അവഗണിക്കപ്പെട്ട ആദിവാസികൾക്കുവേണ്ടി സംസാരിക്കാൻ, സ്ത്രീകൾക്കുവേണ്ടി സംസാരിക്കാൻ ഇടതുപക്ഷം മാത്രമേയുള്ളൂ. അത് ഒരു പാർട്ടി മാത്രമല്ല, വിശാലമായൊരു ആശയമാണ്. മനുഷ്യനന്മയിലും നീതിയിലും മാനവികതയിലും അടിസ്ഥാനമാക്കിയിട്ടുള്ള ബൃഹത്തായ ആശയം. ആ ആശയം കേരളത്തിൽ നിലനിൽക്കണം. അതിന് ഇടതുപക്ഷ പാർട്ടികൾ ശക്തിപ്പെടണം. ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് നമ്മൾ പറയുമ്പോഴും ഇടതുപക്ഷം കേരളത്തിൽ ശക്തമായി നിലനിൽക്കേണ്ട ആവശ്യമുണ്ട്. കാരണം, ഇടതുപക്ഷമില്ലാത്ത ഒരു കേരളത്തെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം എന്ന ഒരു ചിന്താസങ്കൽപ്പമാണ് എനിക്കുള്ളത്.

കേരളത്തിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ജയിക്കുന്നതും അധികാരത്തിൽ വരുന്നതും കോൺഗ്രസ് വിരുദ്ധതയിലൂടെയായിരിക്കരുത്. മറിച്ച്, സാമൂഹിക നന്മയിലും മാനവികതയിലും ഊന്നിയുള്ള മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചുകൊണ്ടായിരിക്കണം. എങ്കിലേ ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയുള്ളൂ, എങ്കിൽ മാത്രമേ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഭാവിയുള്ളൂ.


എം. മുകുന്ദൻ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽനിന്ന്​ കൾചറൽ അറ്റാഷേയായി വിരമിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ഡൽഹി, ഒരു ദളിത്‌യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങൾ, നൃത്തം, ഡൽഹി ഗാഥകൾ, നൃത്തം ചെയ്യുന്ന കുടകൾ എന്നിവ പ്രധാന നോവലുകൾ. വേശ്യകളേ നിങ്ങൾക്കൊരമ്പലം, മുകുന്ദന്റെ കഥകൾ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവ പ്രധാന കഥാസമാഹാരങ്ങൾ.

Comments