സാംസ്‌കാരിക മന്ത്രാലയം കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ സംഘടിപ്പിച്ച നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മവാർഷികാചരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി സംസാരിക്കുന്നു

മോദിക്കും ദീദിക്കുമിടയിൽ

ബംഗാളിൽനിന്ന്​ വാർത്തകളുണ്ട്- 2

ഇടതുമുന്നണി അണികൾ ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന പ്രവണത വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ശ്ചിമ ബംഗാളിൽ ഇടതുമുന്നണിയുടെ മുഖ്യശത്രു ആരാണ്?
ബി.ജെ.പിയോ തൃണമൂലോ?'

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമിനോട് ഞങ്ങൾ ചോദിച്ചു. കഴിഞ്ഞ നാലാംതീയതി കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയിൽ 2004 മുതൽ 2009 വരെ ന്യൂനപക്ഷക്ഷേമ മന്ത്രിയും 2014 മുതൽ 2019 വരെ ലോക് സഭാംഗവുമായിരുന്നു അദ്ദേഹം. പ്രസന്നവദനനും സംഭാഷണചതുരനുമാണ്.
ഇങ്ങനെയൊരു ചോദ്യം അദ്ദേഹത്തോടു ചോദിച്ചതിനു കാരണമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ അണികളിൽ വലിയൊരു ഭാഗം ബി.ജെ.പിക്കാണ് വോട്ടുചെയ്തത്.

അതൊരു രഹസ്യമല്ല. സകലർക്കും അറിയുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇടതുമുന്നണി പ്രവർത്തകർ, പ്രത്യേകിച്ചും സി.പി.എമ്മുകാർ, കാവിക്കൊടിയേന്തി മാർച്ച് ചെയ്യുകയും ‘ജയ് ശ്രീറാം' വിളിച്ചു ബി.ജെ.പി സ്ഥാനാർത്ഥികൾക്കൊപ്പം നടക്കുകയും ചെയ്തിരുന്നു. പോസ്റ്ററുകളുണ്ടാക്കാനും ചുവരെഴുത്തിനും ബി.ജെ.പി കരാർ കൊടുത്തത് സി.പി.എം പ്രവർത്തകർക്കായിരുന്നു.
ഇടതുമുന്നണി പ്രവർത്തകർ ബി.ജെ.പിക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തിയത് മുന്നണി നേതൃത്വത്തെ വല്ലാതെ നാണക്കേടിലാക്കിയിരുന്നു. ‘തൃണമൂലിന്റെ വറചട്ടിയിൽ നിന്ന് ബി.ജെ.പിയുടെ എരിതീയിലേക്ക് ചാടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല' എന്ന് മുൻമുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പാർട്ടി മുഖപത്രമായ ഗണശക്തിയിലൂടെ അണികൾക്ക് മുന്നറിയിപ്പ് നൽകുക പോലും ചെയ്തു. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും തൃണമൂലിനോടുള്ള ശത്രുത കാരണം ബി.ജെ.പിയോട് കൂടുന്നതിലുള്ള വലിയ അപകടത്തെപ്പറ്റി ബംഗാളിലെ സി.പി.എം പ്രവർത്തകരോട് ആവർത്തിച്ചു അറിയിപ്പ് നൽകിയിരുന്നു.

പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ
പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ

‘ബംഗാളിൽ ഇരുവരെ അധികാരത്തിൽ വന്നിട്ടില്ലാത്ത ബി.ജെ.പിയ ഒന്നു പരീക്ഷിച്ചു നോക്കാമെന്ന് ഒരു കാരണവശാലും കരുതരുത്. അത് പിന്നീട് വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കും', എന്ന് കഴിഞ്ഞ ലോക്​സഭ തിരഞ്ഞെടുപ്പിനുമുമ്പ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തവേ പല തവണ അണികളോട് അഭ്യർത്ഥിച്ചു.

പക്ഷേ, അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. മുപ്പത്തിനാലുകൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് ചരിത്രം സൃഷ്ടിച്ച സി.പി.എമ്മിനെയും ഇടതുമുന്നണിയെയും തറപറ്റിച്ച്​ ഭരണം പിടിച്ചെടുത്ത മമതാ ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടും മുന്നണിയുടെ പ്രവർത്തകർക്കും
അനുഭാവികൾക്കും തീർത്താൽ തീരാത്ത പകയുണ്ട്. തൃണമൂലിനെ നേരിട്ട് തകർക്കാനുള്ള ശക്തി തൽക്കാലം മുന്നണിക്കില്ലാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പിൻബലവും അതിനുപുറമേ വാരിവിതറാൻ വേണ്ടത്ര പണവുമുള്ള ബി.ജെ.പിയെ ശക്തിപ്പെടുത്തി തൃണമൂലിന്റെ കഥകഴിക്കാം എന്നതായിരുന്നു ഇടതുമുന്നണിയുടെ അണികളുടെയും മനസ്സിലിരുപ്പ്.

‘ഇത്തവണ റാം പിന്നെ ബാം (ഇടത്) ' എന്ന് ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞുനടന്നു. അങ്ങനെ സഖാക്കളുടെ സഹകരണത്തോടെ, പിന്നിൽ നിന്നിരുന്ന ബി.ജെ.പി 2019 ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ അഭൂതപൂർവ നേട്ടം കൈവരിച്ചു.

ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ തിരഞ്ഞെടുപ്പിനുശേഷം തുറന്നു സമ്മതിച്ചിരുന്നു. ‘ഇത്തവണ റാം പിന്നെ ബാം (ഇടത്) ' എന്ന് ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞുനടന്നു.
അങ്ങനെ സഖാക്കളുടെ സഹകരണത്തോടെ, പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ വളരെ പിന്നിൽ നിന്നിരുന്ന ബി.ജെ.പി 2019 ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ അഭൂതപൂർവ നേട്ടം കൈവരിച്ചു. പാർട്ടിയുടെ വോട്ടുശതമാനം 17 ൽ നിന്ന് (2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത്) ഒറ്റയടിക്ക് 40.3 ആയി ഉയർന്നു. സീറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് 18 ആയി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയത് പത്തുശതമാനം വോട്ടായിരുന്നു. ബി.ജെ.പി എത്ര ഉയരത്തിലേക്കു പോയോ അത്രയും താഴേയ്ക്കു പോയി ഇടതുമുന്നണിയുടെ വോട്ടുനില.

2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തെ ഇടതുമുന്നണിയുടെ ചുവരെഴുത്ത്
2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തെ ഇടതുമുന്നണിയുടെ ചുവരെഴുത്ത്

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് മുപ്പതു ശതമാനത്തോളം വോട്ടു കിട്ടിയിരുന്നു. 2016 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 26.6 ശതമാനമായിരുന്നു മുന്നണിയുടെ വോട്ടുനില. അത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 7.5 ആയി കുത്തനെ ഇടിഞ്ഞു. ആകെ ഉണ്ടായിരുന്ന രണ്ട് ലോക്‌സഭാ സീറ്റും പാർട്ടിക്കു നഷ്ടപ്പെട്ടു. എന്നാൽ, ഇടതുമുന്നണിയുടെ അണികളെ ഇതൊന്നും അലട്ടുന്നില്ല എന്നാണു തോന്നുന്നത്. തൃണമൂലിനുണ്ടാകുന്ന തകർച്ചയും നഷ്ടവുമാണ് അവരുടെ സന്തോഷം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനു കിട്ടിയ സീറ്റുകളുടെ എണ്ണം 34 ൽ നിന്ന് 22 ആയി കുറഞ്ഞത് സി.പി.എം പ്രവർത്തകരെ സന്തോഷിപ്പിച്ചു. എന്നാൽ പാർട്ടിയുടെ വോട്ടു ശതമാനം 39.8 ൽ നിന്ന് 43.3 ആയി ഉയരുകയാണ് ചെയ്തത്. ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കിയ കോൺഗ്രസിനും കിട്ടിയത് 5.6 ശതമാനം വോട്ടും രണ്ടു സീറ്റും. കോൺസിന്റെ നഷ്ടമാണ് തൃണമൂലിനു നേട്ടമായത്.

ഇടതുമുന്നണി അണികൾ ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന പ്രവണത വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സി.പി.എം അനുഭാവികളോടു സംസാരിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് അതാണ്. താൻ കഴിഞ്ഞ തവണ ബി.ജെ.പിക്കാണ് വോട്ടുചെയ്തതെന്നും ഇത്തവണയും ബി.ജെ.പിക്കു തന്നെയാണ് വോട്ടു ചെയ്യാൻ പോകുന്നതെന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ജനറൽ മാനേജർ ഞങ്ങളോട് സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞു. അയാൾ കടുത്ത സി.പി.എം അനുഭാവിയാണ്. ‘ഐഡിയോളജിയിൽ എന്തെങ്കിലും മാറ്റം വന്നുകൊണ്ടല്ല ബി.ജെ.പിക്ക് വോട്ടുചെയ്യുന്നത്. തൃണമൂലിനെ തകർക്കാതെ ഇടതുമുന്നണിക്ക് ഇനിയിവിടെ ഒരിക്കലും ഉയർന്നുവരാൻ ആവില്ല,' അയാൾ പറഞ്ഞു.

ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസു ( 1996 )
ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസു ( 1996 )

പാർട്ടിയുടെ ഐഡിയോളജിയിൽ വിശ്വസിക്കുന്നവരുടെ സ്ഥിതി ഇതാണെങ്കിൽപ്പിന്നെ സാധാരണ പ്രവർത്തകരുടെ കാര്യം എന്തായിരിക്കും?
അതുകൊണ്ടാണ് മുഹമ്മദ് സലീമിനോട് മുഖ്യശത്രു ആരാണെന്ന ചോദ്യം ചോദിച്ചത്. ഹിന്ദുത്വ ശക്തികൾക്കെതിരെ മതേതര ജനാധിപത്യം ശക്തിപ്പെടണം എന്നാഗ്രഹിക്കുകയും അതിന് ശബ്ദമുയർത്തുകയും ചെയ്യുന്നവരാണല്ലോ പാർട്ടി നേതാക്കൾ.

സത്യത്തിൽ സി.പി.എം നേതാക്കളും അണികളും ആരോപിക്കുന്നതു പോലെ മമതയാണോ ഇടതു മുന്നണിയെ തകർത്തത്? അതോ രണ്ടായിരത്തിന്റെ തുടക്കം മുതൽ പാർട്ടിയുടെ സിദ്ധാന്തങ്ങളിൽ നിന്ന് സി.പി.എം പ്രകടമായി വഴിമാറിയതാണോ?

‘രണ്ടു കൂട്ടരും ഒരുപോലെ ശത്രുക്കളാണ്. വലിയ ശത്രു, ചെറിയ ശത്രു എന്നൊന്നും വേർതിരിക്കാനാവില്ല’; മുഹമ്മദ് സലീം പറഞ്ഞു; ‘നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ ഹിന്ദുദേശീയതാവാദത്തെയും ജനാധിപത്യ ധ്വംസനത്തെയും അസഹിഷ്ണുതയെയും സാമ്പത്തികനയങ്ങളെയും കോർപറേറ്റ് പ്രീണനത്തെയും കിരാത നിയമങ്ങളെയും ഞങ്ങൾ അതിശക്തമായി എതിർക്കുന്നുണ്ട്. ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ ഞങ്ങളുടെ കർഷക സംഘടനകൾ സജീവമാണ്. അതേസമയം, പശ്ചിമ ബംഗാളിൽ മമതയുടെ ഏകാധിപത്യരീതികളും തൃണമൂലിന്റെ അതിക്രമങ്ങളും അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കണ്ടില്ലെന്നു നടിക്കാനാൻ ഞങ്ങൾക്കു കഴിയില്ല ... ഞങ്ങളെ അടിച്ചമർത്തി ഇവിടെ ഹിന്ദുത്വ ശക്തികൾക്ക് വളരാൻ അവസരമൊരുക്കുന്നത് മമതയാണ്. അതുകൊണ്ട് രണ്ടു കൂട്ടരെയും ഒരുപോലെ എതിർക്കേണ്ടതുണ്ട്,' .

‘പക്ഷേ, ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന വ്യക്തി എന്ന ഇമേജ് മമതയ്ക്കുണ്ടല്ലോ? പൗരത്വ നിയമം ഉൾപ്പെടെ പലതിനുമെതിരെ മമത ശബ്ദമുയർത്തിയിരുന്നുവല്ലോ?' ഞങ്ങൾ ചോദിച്ചു.

കഴിഞ്ഞ ജനവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാചരണ വേളയിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടയിൽ മുഖ്യമന്ത്രി പ്രതിഷേധിച്ച സംഭവവും ഞങ്ങൾ ഓർമിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബി.ജെ.പി നടത്തുന്ന പരിവർത്തൻ യാത്രയിൽ അമിത് ഷാ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബി.ജെ.പി നടത്തുന്ന പരിവർത്തൻ യാത്രയിൽ അമിത് ഷാ

സംഭവം ഇതാണ്: നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കാൻ സാംസ്‌കാരിക മന്ത്രാലയം കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ ‘പരാക്രം ദിൻ' എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. (ബംഗാളിലെ ജനങ്ങളുടെ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സമുന്നത വ്യക്തികളുടെ ജന്മവാർഷികവും ചരമവാർഷികവുമൊക്കെ ആഘോഷമാക്കി വോട്ടർമാരെ പാട്ടിലാക്കുക എന്നത് പശ്ചിമബംഗാളിൽ ബി.ജെ.പി പയറ്റുന്ന തന്ത്രങ്ങളിലെന്നാണ്). പരിപാടിയിൽ സംസാരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി ക്ഷണിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദിയിലുണ്ടായിരുന്നു. മമത സംസാരിക്കാൻ എഴുന്നേറ്റയുടൻ സദസ്യരിൽ ഒരു വിഭാഗം ‘ജയ് ശ്രീറാം' വിളികളും ‘മോദി സിന്ദാബാദ്' മുദ്രാവാക്യങ്ങളും ഉയർത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. മമത ക്ഷുഭിതയായി: ‘ഇതൊരു സർക്കാർ പരിപാടിയാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയല്ല. സർക്കാരിന്റെ പരിപാടിയാവുമ്പോൾ കുറച്ചെങ്കിലും അന്തസ് വേണം. ഈ പരിപാടി കൊൽക്കത്തയിൽ സംഘടിപ്പിച്ചതിന് പ്രധാനമന്ത്രിയോടും സാംസ്‌ക്കാരിക മന്ത്രാലയത്തോടും ഞാൻ നന്ദി പറയുന്നു. എന്നാൽ ക്ഷണിച്ചു വരുത്തി അപമാനിച്ചതിലുള്ള പ്രതിഷേധം എന്ന നിലയിൽ ഞാനിവിടെ സംസാരിക്കുന്നില്ല’; ‘ജയ് ഹിന്ദ്, ജയ് ബംഗ്ലാ' എന്നു കടുപ്പിച്ച് പറഞ്ഞ് പ്രധാനമന്ത്രിക്കരികിലുള്ള തന്റെ ഇരിപ്പിടത്തിലേക്ക് മമത കൂസലില്ലാതെ മടങ്ങി. പ്രധാനമന്ത്രിയാകട്ടെ, തന്റെ മുപ്പതു മിനുട്ടു നേരത്തെ പ്രഭാഷണത്തിനിടയിൽ ഒരു തവണ പോലും സ്വന്തം അനുയായികളുടെ അനുചിതമായ പ്രവൃത്തിയെപ്പറ്റി പരാമർശിച്ചില്ല. അത് വലിയ വാർത്തയായി. പ്രാദേശികമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും മമത ഒരിക്കൽ കൂടി താരമായി.

‘ഹിന്ദുത്വശക്തികൾക്കെതിരെ മമത എന്തു നിലപാട് എടുക്കുന്നുവെന്നാണ് നിങ്ങൾ പറയുന്നത്? ഇതെല്ലാം വെറും കാട്ടികൂട്ടലുകളാണ്,'; മുഹമ്മദ് സലീം വാചാലനായി. ‘സത്യത്തിൽ പശ്ചിമ ബംഗാളിലേക്കു ബി.ജെ.പിയെ കൊണ്ടുവന്നതു തന്നെ ഈ മാഡമാണ്. എനിക്കവരെ വിദ്യാർത്ഥിരാഷ്ട്രീയകാലം മുതൽ അറിയാം. കോൺഗ്രസിലെ തീവ്രവലതുചിന്താഗതിക്കാരിൽ ഒരാളായിരുന്നു അവർ. പിന്നീട് 1998 ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ ഉണ്ടാക്കി. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയോട് അവർക്ക് വലിയ അടുപ്പമുണ്ടായിരുന്നു. 1999 മുതൽ രണ്ടുവർഷം വാജ്‌പേയി സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നില്ലേ അവർ? പിന്നെ രാജിവച്ചു. ഇവിടെ കോൺഗ്രസിനൊപ്പം നിന്ന് അസംബ്ലി ഇലക്ഷനിൽ മത്സരിച്ചു തോറ്റു. വീണ്ടും എൻ.ഡി.എയിലേക്കു പോയി. പിന്നെ വീണ്ടും എൻ.ഡി.എ വിട്ടു. അധികാര മോഹമല്ലാതെ എന്തു നിലപാടാണ് അവർക്കുള്ളത്? 2011 ൽ പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നതുമുതൽ മമതയുടെ സർക്കാർ ബി.ജെ.പിയോടും മറ്റു ഹിന്ദുത്വസംഘടനകളോടും സൗമ്യമായ നിലപാടു തന്നെയാണ് പുലർത്തിയിട്ടുളളത്. പഴയ കൂട്ടാളികളല്ലേ, അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുമുണ്ട് മമത. എത്രയോ തവണ പരസ്യമായി അവരെ ന്യായീകരിച്ചു സംസാരിച്ചിട്ടുമുണ്ട്. മമത അധികാരത്തിൽ വന്നതിനുശേഷം പശ്ചിമ ബംഗാളിൽ ആർ.എസ്.എസ് ശാഖകളുടെ എണ്ണം പതിനാറ് ഇരട്ടിയായിട്ടുണ്ട്. ഇതു ഞങ്ങൾ വെറുതേ ആരോപിക്കുന്നതൊന്നുമല്ല. ആർ.എസ്.എസുകാർ തന്നെ പറയുന്നതാണ്.

നന്ദിഗ്രാമിലെ ഒരു കാഴ്ച. 2017ൽ എം.സുചിത്ര  പകർത്തിയ ദൃശ്യം
നന്ദിഗ്രാമിലെ ഒരു കാഴ്ച. 2017ൽ എം.സുചിത്ര പകർത്തിയ ദൃശ്യം

മോദിയും മമതയും തമ്മിൽ പ്രവർത്തന രീതികളിൽ ഒരു വ്യത്യാസവുമില്ല. ഇപ്പോൾ ബി.ജെ.പി വലിയ ഭീഷണിയായി മാറിയപ്പോഴാണ് മമത അവർക്കെതിരെ തിരിഞ്ഞിട്ടുള്ളത്. അല്ലാതെ സൈദ്ധാന്തികമായ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടൊന്നുമല്ല. താത്വികമായ അടിത്തറയില്ലാത്ത വെറുമൊരു പ്ലാറ്റ്‌ഫോം മാത്രമാണ് തൃണമൂൽ. തൃണമൂലിൽ നിന്ന് കൂട്ടത്തോടെ എം.പിമാരും എം.എൽ.എമാരും അണികളും ബി.ജെ.പിയിലേക്കു കുടിയേറുന്നത് കാണുന്നില്ലേ?'

മമതക്കെതിരെയും തൃണമൂലിനെതിരെയും മുഹമ്മദ് സലീം പിന്നെയും പലതും പറഞ്ഞു. തുടക്കത്തിൽ മാവോയിസ്റ്റുകളുടെ വിശ്വാസം നേടിയെടുത്തതും പിന്നീട് അധികാരത്തിൽ വന്നപ്പോൾ നിലപാട് മാറ്റി അവരെ അടിച്ചമർത്തിയതും മാവോയിസ്റ്റുനേതാവായ കിഷൻജിയെപ്പോലെ കുറച്ചുപേരെ കൊന്നതും ബാക്കിയുളളവരെ ഭീഷണിപ്പെടുത്തി തൃണമൂലിൽ ചേർത്തതുമൊക്കെ.
‘ഇടതുമുന്നണിയെ അവർ തുടക്കം മുതൽ വേട്ടയാടുന്നുണ്ട്. ഞങ്ങളുടെ പ്രവർത്തകർക്ക് സ്വന്തം നാട്ടിലോ വീട്ടിലോ പോകാൻ പറ്റാറില്ല. കഴിഞ്ഞ പത്തുവർഷത്തിൽ ഞങ്ങൾക്കെതിരെ എൺപതിനായിരം കേസുകൾ മമതയുടെ സർക്കാർ ചുമത്തിയിട്ടുണ്ട്. ഞങ്ങളെ അടിച്ചമർത്തി ബി.ജെ.പിയെ വളർത്തുന്നത് അവരാണ്. ഞങ്ങളുടെ അണികൾക്ക് തൃണമൂലിനോടുള്ള പക സ്വാഭാവികമാണ്.'

ഇതൊക്കെത്തന്നെയല്ലേ അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ച നാളുകളിൽ സി.പി.എമ്മും കാട്ടിക്കൂട്ടിയിരുന്നത്? മൂന്നര ദശകം നീണ്ട ഭരണകാലത്തിനിടയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഗുണ്ടാസംസ്‌കാരവും സ്വേച്ഛാധിപത്യവും അടിച്ചമർത്തലുകളും വളർത്തിക്കൊണ്ടുവന്നതിൽ സി.പി.എം വഹിച്ച പങ്കിനെപ്പറ്റി പാർട്ടി വിട്ട് മറ്റു സംഘടനകളിലേക്കു കുടിയേറിയവരോട് ചോദിച്ചാൽ മതി, അവർ വാചാലരാകും.

സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാചരണ വേളയിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മമത ബാനർജി
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാചരണ വേളയിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മമത ബാനർജി

സത്യത്തിൽ സി.പി.എം നേതാക്കളും അണികളും ആരോപിക്കുന്നതു പോലെ മമതയാണോ ഇടതു മുന്നണിയെ തകർത്തത്? അതോ രണ്ടായിരത്തിന്റെ തുടക്കം മുതൽ പാർട്ടിയുടെ സിദ്ധാന്തങ്ങളിൽ നിന്ന് സി.പി.എം പ്രകടമായി വഴിമാറിയതാണോ?

1977 ലാണ് പശ്ചിമ ബംഗാളിൽ ഇടതുമുന്നണി രൂപം കൊണ്ടത്. ആ വർഷം തന്നെയാണ് ഇടതുമുന്നണി ആദ്യമായി അധികാരത്തിൽ വരുന്നതും. ജ്യോതിബസുവിന്റെ നേതൃത്വത്തിൽ. ആദ്യത്തെ 25 കൊല്ലം ജ്യോതിബസു തന്നെയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം 2000 നവംബർ വരെ ആ പദവിയിൽ തുടർന്നു. പിന്നെ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഉപമുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഇടതുമുന്നണി ഭരണത്തിന്റെ അവസാന പത്തുവർഷം അദ്ദേഹമായിരുന്നു മുഖ്യമന്ത്രി.

അധികാരത്തിൽ വന്ന ആദ്യ ദശകത്തിൽ പുരോഗമനപരമായ പല കാര്യങ്ങളും മുന്നണി ചെയ്തിട്ടുണ്ട്. ഭൂപരിഷ്‌കരണം, കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കൽ, മിച്ചഭൂമി ഏറ്റെടുക്കൽ, ഏറ്റെടുത്ത ഭൂമിയിൽ വലിയൊരു ഭാഗം ഭൂരഹിതരായ കർഷകർക്കു വിതരണം ചെയ്തത്, പങ്കുകൃഷിക്കാരുടെയും പാട്ടകൃഷിക്കാരുടെയും വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ, ത്രിതല പഞ്ചായത്ത് സംവിധാനം ഏർപ്പെടുത്തിയത് തുടങ്ങിയ പല കാര്യങ്ങളും സി.പി.എം നേട്ടങ്ങളായി ഉയർത്തിക്കാട്ടാറുണ്ട്.

പുരോഗമനപരമായ ഇത്തരം നടപടികളിലൂടെ ലക്ഷക്കണക്കിന് ദരിദ്രരായ ഗ്രാമീണരുടെ ജീവിതം എപ്പോഴേയ്ക്കുമായി മെച്ചപ്പെട്ടുവെന്നാണ് 2007 ജൂൺ 21 ന്, ഇടതുമുന്നണിയുടെ ഭരണത്തിന്റെ മുപ്പതാം വാർഷികത്തിൽ സി.പി.എം പുറത്തിറക്കിയ രേഖയിൽ അവകാശപ്പെടുന്നത്. രാജ്യത്ത് ഏറ്റവും നല്ല രീതിയിൽ ഭൂമി വിതരണം ചെയ്ത സംസ്ഥാനമാണ് പശ്ചിമ ബംഗാൾ എന്നും ഭൂപരിഷ്‌ക്കരണ പദ്ധതികൾ കാരണം സംസ്ഥാനത്തെ 84 ശതമാനം ഭൂമി ചെറുകിട കൃഷിക്കാരുടെയും (2.5 - 5 ഏക്കർ വരെ ഭൂമിയുള്ളവർ) പാർശ്വവത്കൃത കൃഷിക്കാരുടെയും (രണ്ടര ഏക്കറിൽ താഴെ ഭൂമിയുള്ളവർ) ഉടമസ്ഥതയിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും ഇതേ രേഖയിൽ എടുത്തു പറയുന്നുണ്ട്. ഇടതു മുന്നണി ഭരിച്ച മുപ്പതു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 15 ലക്ഷം പങ്കുകൃഷിക്കാർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും 11 ലക്ഷം ഏക്കർ ഭൂമിയിൽ ഇവർക്ക് അവകാശം നൽകിയിട്ടുണ്ടെന്നും മുപ്പതാം വാർഷികരേഖയിൽ നേട്ടങ്ങളായി എടുത്തുപറയുന്നുണ്ട്.

നന്ദിഗ്രാമിലുണ്ടായ വെടിവെയ്‌പ്പിന് ശേഷം സ്ഥലം സന്ദർശിക്കാനെത്തിയ യു.എൻ മുൻ അറ്റോർണി ജനറലിനൊപ്പം പ്രദേശവാസി
നന്ദിഗ്രാമിലുണ്ടായ വെടിവെയ്‌പ്പിന് ശേഷം സ്ഥലം സന്ദർശിക്കാനെത്തിയ യു.എൻ മുൻ അറ്റോർണി ജനറലിനൊപ്പം പ്രദേശവാസി

പാർട്ടിയുടെ അവകാശവാദങ്ങൾ വാസ്തവമാണെങ്കിലും അല്ലെങ്കിലും ഭരണത്തിന്റെ ആദ്യദശകത്തിൽ പാർട്ടിയുടെ ജനപ്രിയത വർധിച്ചുവെന്നത് നേരാണ്. അത് 1982 ലെയും 1987 ലെയും അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. 1977 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 45.8 ശതമാനം വോട്ടു നേടിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത്. പത്തുവർഷത്തിനു ശേഷം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇത് 53 മായി ഉയർന്നു. നിയമസഭയിലെ 294 സീറ്റുകളിൽ 251 എണ്ണം സ്വന്തമാക്കാനും മുന്നണിക്കു കഴിഞ്ഞിരുന്നു. 1991, 1996, 2001 വർഷങ്ങളിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ മുന്നണിക്ക് കിട്ടിയ വോട്ട് 50 ശതമാനത്തിനു താഴെ പോയെങ്കിലും 2006 ലെ തിരഞ്ഞെടുപ്പിൽ അത് 50.2 ശതമാനമായി വീണ്ടും ഉയർന്നു. ആ വർഷം 233 സീറ്റുകൾ മുന്നണി നേടി.
എന്നാൽ 2011 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തൃണമൂലിനോടു ദയനീയമായി തോറ്റു. മുന്നണിക്ക് കിട്ടിയത് 62 സീറ്റും 41 ശതമാനം വോട്ടും. മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനു പോലും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ല. 1987 മുതൽ തുടർച്ചയായി 24 വർഷം ജാദവ്പുർ അസംബ്ലി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം 16,684 വോട്ടുകൾക്ക് തോറ്റു. അതും അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന (തൃണമൂലിന്റെ ) മനീഷ് ഗുപ്തയോട്. തൃണമൂൽ
കോൺഗ്രസിനാകട്ടെ 2006 ൽ 30 സീറ്റേ ഉണ്ടായിരുന്നുള്ളു, അത് 228 ആയി ഉയർന്നു.

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയി. മുന്നണി ചെയ്തില്ല എന്ന് കോർപറേറ്റ് മാധ്യമങ്ങൾ കുറ്റപ്പെടുത്തിയ കാര്യങ്ങളാണ് ഭരണത്തിന്റെ അവസാന കാലങ്ങളിൽ മുന്നണി ചെയ്തിരുന്നത്. സൈദ്ധാന്തിക കടുംപിടുത്തങ്ങളൊക്കെ വിട്ട് പുതിയ സാമ്പത്തിക നയങ്ങളുടെയും അതിവേഗ വികസനത്തിന്റെയും പിറകെ പോയി.

ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന ബംഗാളിലെ ഇടതു സർക്കാരിന്റെ പതനം അപ്രതീക്ഷിതമായിരുന്നുവോ? അല്ല എന്നു തന്നെയാണ് ഉത്തരം. സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും കാൽക്കീഴിൽ നിന്ന് മണ്ണൊലിച്ചുപോകാൻ തുടങ്ങിയിട്ടുണ്ട് എന്നതിന്റെ സൂചനകൾ 2008ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും 2010 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പും അതിനിടയിലെ ഉപതിരഞ്ഞെടുകളുമൊക്കെ നൽകിയിരുന്നു. അതിന്റെ തുടർച്ച മാത്രമായിരുന്നു 2011 ലെ പരാജയം.
ദീർഘകാലം ഭരണത്തിലിരിക്കുന്ന ആരോടും തോന്നാവുന്ന സ്വാഭാവികമായ മടുപ്പാണ് ഇടതുമുന്നണിയോട് ജനങ്ങൾക്ക് തോന്നിയതെന്ന തീർത്തും ലളിതമായ ഒരു വിലയിരുത്തലിലൂടെ പാർട്ടിക്കും മുന്നണിക്കുമേറ്റ പരാജയത്തിന്റെ ആഘാതം കുറച്ചു കാണിക്കാനായിരുന്നു ആ സമയത്ത് സി.പി.എം ശ്രമിച്ചത്. ഏഴുതവണ തുടർച്ചയായി ഭരണത്തിലിരുന്ന മുന്നണിക്ക് ഒരു തവണ അധികാരം നഷ്ടപ്പെടുന്നതിൽ ആശങ്കപ്പെടാനൊന്നുമില്ല എന്നതായിരുന്നു പാർട്ടി നിലപാട്.

സി.പി.എമ്മിന്റേതു പോലെത്തന്നെ ലളിതവും വാസ്തവവിരുദ്ധവുമായിരുന്നു
കോർപറേറ്റ് മാധ്യമങ്ങളുടെ വിലയിരുത്തലും. സി.പി.എമ്മിനും മുന്നണിക്കുമുണ്ടായ പരാജയം ഇടതുപക്ഷ സിദ്ധാന്തങ്ങളുടെയും ആശയങ്ങളുടെയും പരാജയമായിട്ടാണ് പല മാധ്യമങ്ങളും വിലയിരുത്തിയത്. രാജ്യത്തും ലോകത്താകമാനവും നടപ്പിലാക്കിവരുന്ന പുത്തൻ സാമ്പത്തിക നയങ്ങളെയും ഉദാരവത്കരണത്തെയും സ്വകാര്യവത്കരണത്തെയും ആഗോളവത്കരണത്തെയും വ്യാപാരക്കരാറുകളെയുമൊക്കെ എതിർത്തതിന്റെ ഫലമാണ് ഈ പരാജയം എന്നായിരുന്നു കോർപറേറ്റ് മാധ്യമങ്ങളിൽ ഭൂരിഭാഗത്തിന്റെയും കണ്ടെത്തൽ. ഇടതിന് ഇനി പ്രസക്തിയുണ്ടാകണമെങ്കിൽ സൈദ്ധാന്തിക കടുംപിടുത്തവും നിലപാടുകളും ഉപേക്ഷിച്ച് കാലോചതമായി പരിഷ്‌കരിക്കപ്പെടണമെന്നും സദ്ഭരണത്തിലും അതിവേഗ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നുമുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് കോർപറേറ്റ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്.

ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനത്തിൽ, 2014 ഡിസംബർ ആറിന് കൊൽക്കൊത്തയിലെ ചിത്തരഞ്ജൻ അവന്യൂവിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനത്തിൽ, 2014 ഡിസംബർ ആറിന് കൊൽക്കൊത്തയിലെ ചിത്തരഞ്ജൻ അവന്യൂവിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

മമത അധികാരത്തിൽ വരുമ്പോൾ അഞ്ചു കൊല്ലം തികച്ചു ഭരിക്കില്ല എന്ന ധാരണയും സി.പി.എം നേതൃത്തിനുണ്ടായിരുന്നു. അവർ കാലാവധി പൂർത്തിയാക്കിയാൽത്തന്നെ അവരുടെ ഭരണം ജനങ്ങളെ വെറുപ്പിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എളുപ്പം തിരിച്ചു വരാൻ കഴിയുമെന്നുമായിരുന്നു സി.പി.എം കണക്കുകൂട്ടൽ

എന്നാൽ സത്യം എന്തായിരുന്നു? സി.പി.എമ്മിന്റെയും അതുവഴി ഇടതുമുന്നണിയുടെയും അടിത്തറയിൽ വിള്ളൽ വീഴാൻ കാരണമെന്തായിരുന്നു? സി.പി.എം പശ്ചിമ ബംഗാളിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിന്ന് ‘ഭദ്രലോഗിനെ' മുഷിപ്പിച്ചുവോ? ഇല്ല. തൊഴിലാളികളുടെ നന്മക്കുവേണ്ടി അവരുടെ യൂണിയനുകളെ ശാക്തീകരിക്കാൻ ശ്രമിച്ച് കോർപറേറ്റ് കമ്പനികളുടെ അതൃപ്തി നേടിയോ? ഇല്ല. പിന്നെ, മുന്നണിയുടെ പതനത്തിനു വഴിവച്ചതെന്താണ്?
ഉത്തരം ലളിതം. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയി. മുന്നണി ചെയ്തില്ല എന്ന് കോർപറേറ്റ് മാധ്യമങ്ങൾ കുറ്റപ്പെടുത്തിയ കാര്യങ്ങളാണ് ഭരണത്തിന്റെ അവസാന കാലങ്ങളിൽ മുന്നണി ചെയ്തിരുന്നത്. സൈദ്ധാന്തിക കടുംപിടുത്തങ്ങളൊക്കെ വിട്ട് പുതിയ സാമ്പത്തിക നയങ്ങളുടെയും അതിവേഗ വികസനത്തിന്റെയും പിറകെ പോയി. വൻകിട പ്രൊജക്ടുകൾ നടപ്പിലാക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമം തുടങ്ങി. കോർപറേറ്റ് കമ്പനികൾക്കു വേണ്ടി ചുവന്ന പരവതാനി വിരിച്ചു. സി.പി.എമ്മിന്റെ നിലപാടിൽ മാറ്റം ഏറ്റവും പ്രകടമായത് ബുദ്ധദേവ് മുഖ്യമന്ത്രിയായ ശേഷമാണ്. അദ്ദേഹം കോർപറേറ്റ് മാധ്യമങ്ങൾക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ നയങ്ങൾ ‘ബ്രാന്റ് ബുദ്ധ കമ്യൂണിസം' ആയി വാഴ്ത്തപ്പെട്ടു. 2005 ൽ കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തികമേഖലകൾക്കു വേണ്ടി നിയമം പാസാക്കിയതോടെ പശ്ചിമ ബംഗാളിൽ ഇത്തരം പല പ്രോജക്ടകളും ഉയർന്നുവന്നു. പ്രാദേശിക ജനതക്കും സർക്കാരിനും പ്രയോജനമൊന്നുമില്ലാത്ത, സകലമാന നികുതിയിളവുകളും സാമ്പത്തിക ആനുകൂല്യങ്ങളും നിയമ പരിരക്ഷയും അനുഭവിക്കുകയും ആസ്വദിക്കയും ചെയ്യുന്ന പ്രത്യേക സാമ്പത്തിക മേഖലകൾക്കുവേണ്ടി പണ്ട് വിതരണം ചെയ്തു എന്ന് കൊട്ടിഘോഷിച്ച അതേ ഭൂമി ദരിദ്രരായ കർഷകരിൽ നിന്ന് ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങി. അതിനുവേണ്ടി സായുധസേനയെ ഉപയോഗിച്ചു.

സർക്കാരിന്റെ വികലമായ വികസന നയങ്ങളാണ് 2007 ൽ നന്ദിഗ്രാമിലും 2010 ൽ സിംഗൂരിലുമൊക്കെ നടന്ന വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കു വഴിവച്ചത്. നന്ദിഗ്രാമിൽ കൃഷിഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പിന് പെട്രോ കെമിക്കൽ ഹബ്ബ് (പ്രത്യേക സാമ്പത്തിക മേഖല) സ്ഥാപിക്കാൻ വേണ്ടിയായിരുന്നുവെങ്കിൽ സിംഗൂരിൽ ടാറ്റയുടെ നാനോ കാർ പ്രോജക്ടിനു വേണ്ടിയായിരുന്നു. കർഷകരുടെ ഉപജീവനമാർഗമായിരുന്നു അത്. അതിനാൽ അവർ ശക്തമായ പ്രക്ഷോഭം തുടങ്ങി.

ബംഗാൾ സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ മെമ്പറുമായ മുഹമ്മദ് സലിം പാർട്ടി യോഗത്തിൽ സംസാരിക്കുന്നു
ബംഗാൾ സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ മെമ്പറുമായ മുഹമ്മദ് സലിം പാർട്ടി യോഗത്തിൽ സംസാരിക്കുന്നു

കർഷക പ്രക്ഷോഭങ്ങളെ സായുധ സേനയെയും പൊലീസിനെയും പാർട്ടി അണികളെയും ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയതും തുടർന്നുണ്ടായ വെടിവെപ്പുകളും മരണങ്ങളും ബലാൽസംഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെയാണ് ഇടതുമുന്നണിയുടെ തകർച്ചയിൽ കലാശിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ നടത്തിയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്തും കൂടുതൽ ഊർജം പകർന്നും ജനങ്ങളുടെ വിശ്വാസമാർജിച്ചും പ്രതിപക്ഷ നേതാവായിരുന്ന മമത മുൻനിരയിലേക്കു വന്നു. ജനങ്ങളുടെ ദീദിയായി. സി.പി.എം നേതൃത്വത്തിന്റെയും അണികളുടെയും പലവിധ അതിക്രമങ്ങളും അധിക്ഷേപങ്ങളും നിരന്തരം സഹിച്ചും വധശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു കൊണ്ടുമൊക്കെയാണ് അവർ 2011 ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങിയത്. അട്ടിമറി വിജയം നേടി ഇടതിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. ‘ദീദിക്ക് ദാദി (അമ്മൂമ്മ) യാകാനേ പറ്റൂ, ബംഗാളിന്റെ മുഖ്യമന്ത്രിയാകാൻ ഒരിക്കലും കഴിയില്ല' എന്ന തരത്തിലുള്ള സ്ത്രീവിരുദ്ധം കൂടിയായ അധിക്ഷേപങ്ങൾക്ക് മമത കൊടുത്ത ചുട്ട മറുപടിയായിരുന്നു തൃണമൂലിന്റെ ഉജ്ജ്വലവിജയം. അത് മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെയും താഴേക്കിടയിലുള്ള ജനങ്ങളുടെയും വിജയമായിരുന്നു.

കോൺഗ്രസുമായി ഒരു സഖ്യം സാധ്യമാണെന്ന് സി.പി.എം ഒരിക്കലും കരുതിയിട്ടില്ലല്ലോ. ഇപ്പോൾ തൃണമൂലിനെ നേരിടാൻ കോൺഗ്രസിനോട് കൂട്ടുകൂടുന്നതുപോലെ ബി.ജെ.പിയെ ചെറുക്കാൻ തൃണമൂലിനൊപ്പം നിൽക്കേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യവും സംജാതമാകാം

മമത അധികാരത്തിൽ വരുമ്പോൾ അഞ്ചു കൊല്ലം തികച്ചു ഭരിക്കില്ല എന്ന ധാരണയും സി.പി.എം നേതൃത്തിനുണ്ടായിരുന്നു. അവർ കാലാവധി പൂർത്തിയാക്കിയാൽത്തന്നെ അവരുടെ ഭരണം ജനങ്ങളെ വെറുപ്പിക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എളുപ്പം തിരിച്ചു വരാൻ കഴിയുമെന്നുമായിരുന്നു സി.പി.എം കണക്കുകൂട്ടൽ. അതിനാൽ പ്രതിപക്ഷം എന്ന നിലയിൽ സജീവമായി പ്രവർത്തിക്കാനും ഇടതുമുന്നണി ശ്രദ്ധിച്ചില്ല. മുന്നണിക്ക് പ്രതിപക്ഷത്തിരുന്ന പരിചയവുമുണ്ടായിരുന്നില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ മുന്നണി വീണ്ടും പരാജയം ഏറ്റുവാങ്ങി.

നന്ദിഗ്രാമിലെ ഒരു പച്ചക്കറി മാർക്കറ്റ് (2017) / ഫോട്ടോ : എം. സുചിത്ര
നന്ദിഗ്രാമിലെ ഒരു പച്ചക്കറി മാർക്കറ്റ് (2017) / ഫോട്ടോ : എം. സുചിത്ര

2011 നു ശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലും പാർട്ടിയുടെയും മുന്നണിയുടെയും നില കൂടുതൽ ശോചനീയമാവുകയാണുണ്ടായത്. പാർട്ടി പ്രവർത്തകർക്ക് പ്രവർത്തിക്കാൻ ശക്തമായ ഒരു സംഘടന ഇല്ലാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി വന്നുപെട്ടത് ഇങ്ങനെയൊക്കെയാണ്.
ഭരണം നഷ്ടപ്പെട്ട് പത്തു കൊല്ലമായിട്ടും ഒന്നു നിവർന്നു നിൽക്കാൻ പോലും മുന്നണിക്ക് കഴിഞ്ഞിട്ടിയില്ല. മമത അതിനു സമ്മതിക്കുന്നുമില്ല. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും എതിർപാർട്ടിക്കാരെ തൃണമൂലുകാർ സമ്മതിച്ചില്ല. നിരവധിയിടങ്ങളിൽ അക്രമം നടന്നു. ഇരുപത്തഞ്ചോളം പേർ കൊല്ലപ്പെട്ടു. 573 ബൂത്തുകളിൽ വീണ്ടും പോളിങ്ങ് നടത്തേണ്ടി വന്നു.

കോൺഗ്രസുമായി ശരിയായ സഖ്യമുണ്ടാക്കിക്കൊണ്ടാണ് ഇത്തവണ ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ തൃണമൂലിന് 45.6 ശതമാനവും കോൺഗ്രസിന് 12.4 ശതമാനവും ഇടതുന്നണിക്ക് 26.6 ശതമാനവും ബി.ജെ.പിക്ക് 10.3 ശതമാനവും വോട്ടാണ് കിട്ടിയത്. ഇത്തവണ മുന്നണിയുടെ പ്രകടനം മെച്ചെപ്പടുത്താൻ കഴിയുമെന്ന് നേതാക്കൾ കരുതുന്നുണ്ടെങ്കിലും അണികൾക്കിടയിൽ വളർന്നു വരുന്ന ബി.ജെ.പി അനുകൂലമനോഭാവം നേതൃത്വത്തെ അലട്ടുന്നുണ്ട്.

കോവിഡ് 19 രൂക്ഷമായ സമയത്ത് റോഡിൽ കളം വരച്ച് സാമൂഹിക അകലത്തെ കുറിച്ച് വിവരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജി
കോവിഡ് 19 രൂക്ഷമായ സമയത്ത് റോഡിൽ കളം വരച്ച് സാമൂഹിക അകലത്തെ കുറിച്ച് വിവരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജി

ജനങ്ങളുമായി അറ്റുപോയ ബന്ധം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുറച്ചൊക്കെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മുഹമ്മദ് സലീം പറയുന്നത്. അതിന് തുണയായത് കോവിഡ് ആണെന്നു പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ലോക്ക്ഡൗൺ സമയത്ത് തൃണമൂലുകാരും ബി.ജെ.പിക്കാരും പേടിച്ച് വീട്ടിൽത്തന്നെ ഇരുന്ന സമയത്ത് ഇടതുമുന്നണി വളണ്ടിയർമാർ മുന്നിട്ടിറങ്ങി ജനങ്ങൾക്കിടയിൽ നന്നായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസുകൾ ക്ലിനിക്കുകളാക്കി, ഡോക്ടർമാരുടെ സേവനം ഗ്രാമങ്ങളിലെത്തിച്ചു, പണിയെടുക്കാൻ പുറത്തുപോകാൻ കഴിയാതിരുന്ന ദരിദ്രവിഭാഗങ്ങൾക്ക് ഭക്ഷണമെത്തിച്ചു, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്കു മടങ്ങിവരാൻ കുടിയേറ്റത്തൊഴിലാളികളെ സഹായിച്ചു. പക്ഷേ, ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ വോട്ടും സീറ്റുമൊക്കെയായി മാറാൻ സാധ്യത വളരെ കുറവാണ്. വോട്ടർമാരെ മതത്തിന്റെയും ജാതിയുടെയും പേരിൽ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന, കോർപറേറ്റ് കമ്പനികളുടെ പിൻബലം വേണ്ടുവോളമുള്ള, മടിശ്ശീലക്ക് നല്ല കനമുള്ള, കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ഒരു വശത്ത്. അപ്പുറത്താണെങ്കിൽ അടിച്ചമർത്തുന്ന മമതയുടെ പാർട്ടിയും.

ബി.ജെ.പിക്കെതിരെ തൃണമൂലും സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചു നിൽക്കുക എന്നത് ഒരു കാരണവശാലും സാധ്യമല്ല എന്നു തന്നെയാണ് സി.പി.എം നേതാക്കളുടെ നിലപാട്. കോൺഗ്രസുമായി ഒരു സഖ്യം സാധ്യമാണെന്ന് സി.പി.എം ഒരിക്കലും കരുതിയിട്ടില്ലല്ലോ. ഇപ്പോൾ തൃണമൂലിനെ നേരിടാൻ കോൺഗ്രസിനോട് കൂട്ടുകൂടുന്നതുപോലെ ബി.ജെ.പിയെ ചെറുക്കാൻ തൃണമൂലിനൊപ്പം നിൽക്കേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യവും സംജാതമാകാം, ഏറെ വൈകാതെതന്നെ. ▮


എം. സുചിത്ര

മാധ്യമപ്രവർത്തക. ഇന്ത്യ ടുഡേ, കൈരളി ടി.വി., ഇന്ത്യൻ എക്‌സ്പ്രസ്, ദി ക്വസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് ഫൂട്ടേജസ്, ഡൗൺ ടു എർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

Comments