‘മോദിഫേഴ്സി’ന്റെ
ഉള്ളുകള്ളികൾ

‘‘ഭരണഘടനാവിരുദ്ധം എന്ന് ശരിയായി സുപ്രീംകോടതി കുറ്റപ്പെടുത്തിയ ഇലക്ടറൽ ബോണ്ടിലൂടെ ഓരോ രാഷ്ട്രീയപ്പാർട്ടിയും കൈപ്പറ്റിയ കോഴപ്പണം പലിശ സഹിതം അതതു പാർട്ടികളിൽനിന്ന് തിരിച്ചുപിടിക്കാൻകൂടി സുപ്രീംകോടതി തയ്യാറാകേണ്ടതാണ്. ആ തുക പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി വിനിയോഗിക്കേണ്ടതാണ്’’- സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ട്രൂകോപ്പി തിങ്കിനുവേണ്ടി എഴുതുന്നു.

ളരെ വൈകിയാണെങ്കിലും സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് കേസിൽ സ്വന്തം ഉത്തരവാദിത്തം ഉപേക്ഷിക്കാതെ വിധി പ്രസ്താവിക്കാൻ തയാറായി. അതിന് അവരെ അഭിനന്ദിക്കട്ടെ.

വളരെ വൈകി എന്ന കുറ്റം ക്ഷമിക്കാവുന്നതല്ലെങ്കിലും ‘Better Late than never' (വൈകിയെങ്കിലും ചെയ്യുന്നതാണ് ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം) എന്നുണ്ടല്ലോ. സമീപകാലത്ത് സുപ്രീംകോടതിയുടെ തന്നെ വിശ്വാസ്യത അതിവേഗം നിലം പൊത്തിക്കൊണ്ടിരിക്കുകയും അതിനെതിരെ ഒട്ടേറെപ്പേർ ശക്തമായ വിമർശനമുയർത്തുകയും ചെയ്യുകയായിരുന്നു. അത് ഉൾക്കൊണ്ടുകൂടിയാകണം സ്വന്തം വിശ്വാസ്യത ഒരു പരിധിവരെ വീണ്ടെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുകൂടി ഇലക്ടറൽ ബോണ്ട് പദ്ധതിയെ, കൃത്യമായി ഭരണഘടനാലംഘനം എന്ന് വിശേഷിപ്പിച്ച്, റദ്ദാക്കാൻ സുപ്രീംകോടതി തയാറായത്.

സി.പി.ഐ-എം ഇലക്ടറൽ ബോണ്ടിനെ വിശേഷിപ്പിച്ചത് അഴിമതിക്ക് നഗ്‌നമായ നിയമപരിരക്ഷ നൽകുന്ന പദ്ധതി എന്നാണ്. മാത്രമല്ല, ഇലക്ടറൽ ബോണ്ടിലൂടെ ഒറ്റ രൂപ പോലും സ്വീകരിക്കില്ല എന്നും സി.പി.ഐ- എം പ്രഖ്യാപിച്ചു.

2017-ലെ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയപ്പോൾ സി.പി.ഐ- എം അതിനെ നഖശിഖാന്തം എതിർത്തു. ഏറ്റവും രസകരമായ കാര്യം, ആദ്യ ഘട്ടത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഈ പദ്ധതിയോട് വിയോജിച്ചു എന്നതാണ്.

ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അത്തരം ചില ആന്തരിക വിയോജിപ്പുകൾ അഗണ്യകോടിയിൽ തള്ളാവുന്നതേയുള്ളൂ എന്ന് ഒരിയ്ക്കൽ കൂടി വെളിപ്പെട്ടു.

2018-ൽ നിലവിൽവന്ന ഈ പദ്ധതി പ്രകാരം ഇന്ത്യൻ കുത്തകകൾക്കും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കും രഹസ്യമായി രാഷ്ട്രീയപ്പാർട്ടികൾക്ക് സാമ്പത്തിക സഹായം നൽകാം. സ്‌റ്റേ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ഈ ഇടപാടുകൾ നടത്തേണ്ടത്.

ഏതു കുത്തുക ഏതു പാർട്ടിക്ക് എത്ര കോടി രൂപ നൽകി എന്ന വിശദാംശം രഹസ്യമായി സൂക്ഷിക്കപ്പെടും എന്നതാണ് പദ്ധതിയുടെ മുഖ്യ കള്ളത്തരം. ഇത് ഭരണരാഷ്ട്രീയപാർട്ടിക്കു മാത്രം മനസ്സിലാകുമെന്നതിനാൽ അവർക്കാണ് ഇതിന്റെ ഭാഗമായി സാമദാനഭേദദണ്ഡമുറകളിലൂടെ പരമാവധി കോഴപ്പണം സ്വീകരിക്കാനും സാധിക്കുക.

മാത്രമല്ല, അത് ജനപ്രതിനിധികളെയും പാർട്ടികളെയും വരെ വിലയ്ക്കുവാങ്ങി ഭരണം പിടിച്ചെടുക്കാനൂം നിലനിർത്താനും മറ്റുംമറ്റുമായ ജനാധിപത്യധ്വംസനത്തിന് വിനിയോഗിക്കാനും സാധിക്കും. അറിയാനുള്ള പൗരരുടെ അവകാശം ഹനിക്കുന്നതാണ് ഇലക്ടറൽ ബോണ്ടിന്റെ രഹസ്യസ്വഭാവം എന്ന കാര്യമാണ് സുപ്രീംകോടതി മുഖ്യമായും സ്വന്തം വിധിന്യായത്തിൽ വിമർശന വിധേയമാക്കിയത്.

2018 മാർച്ചു മുതൽ 2024 ജനുവരി വരെ 16,518 കോടി രൂപയാണ് ഇന്ത്യൻ കുത്തകകളും സമ്പന്നരും ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ വിവിധ രാഷ്ട്രീയപാർട്ടികൾക്ക് രഹസ്യമായി കൈമാറിയത്. പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഭീഷണിക്ക് വശംവദരായോ നൽകിയ കോഴപ്പണമല്ലാതെ മറ്റൊന്നുമല്ല ഇത്.

അരുൺ ജെയ്റ്റ്‌ലി

ആദ്യം മുതൽ ഇതിനെ എതിർക്കുക മാത്രമല്ല സി.പി.ഐ- എം ചെയ്തത്, ഇത്തരത്തിൽ ഒരു രൂപ പോലും സ്വീകരിക്കില്ല എന്ന് പാർട്ടി വ്യക്തമാക്കി. അഴിമതിക്ക് നിയമപ്രാബല്യം നൽകുന്ന ഈ കോഴപ്പദ്ധതി റദ്ദാക്കാൻ, ജനാധിപത്യപരിഷ്‌കാരങ്ങൾക്കുവേണ്ടിയുള്ള അസോസിഷേയൻ (Association for Democratic Reforms) എന്ന പ്രസ്ഥാനത്തോടൊപ്പം സുപ്രീംകോടതിയിൽ കക്ഷി ചേരുകയും ചെയ്തു.

ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സുപ്രീംകോടതിക്ക് കൈമാറാൻ കേന്ദ്രസർക്കാർ ബാങ്കായ എസ് ബി ഐ തയ്യാറായിട്ടില്ല. എല്ലാ വിവരങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പു പ്രക്രിയ കഴിയും വരെ താമസിപ്പിക്കാനും മോദി- നിർമ്മലാ സീതാരാമൻ കൂട്ടുകെട്ട് ശ്രമിക്കുകയുണ്ടായി എന്നത് മറന്നുകൂടാ.

ഭരണഘടനാവിരുദ്ധം എന്ന് ശരിയായി സുപ്രീംകോടതി കുറ്റപ്പെടുത്തിയ ഇലക്ടറൽ ബോണ്ടിലൂടെ ഓരോ രാഷ്ട്രീയപ്പാർട്ടിയും കൈപ്പറ്റിയ കോഴപ്പണം പലിശസഹിതം അതതുപാർട്ടികളിൽനിന്ന് തിരിച്ചുപിടിക്കാൻകൂടി സുപ്രീംകോടതി തയ്യാറാകേണ്ടതാണ്. ആ തുക പട്ടികജാതി- പട്ടികവർഗവിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി വിനിയോഗിക്കേണ്ടതാണ്.

സി.പി.ഐ.എം നേതാവ് ജ്യോതിബസു

എല്ലാ പാർട്ടികളും ഒരു പോലെയാണെന്നും കുത്തക മുതലാളിത്തവുമായി അവരെല്ലാം സഖ്യത്തിലാണെന്നും അഴിമതിക്കാരാണെന്നും ഒരു പൊതുബോധം നിർമിക്കാൻ ചിലർ കഠിനപ്രയത്‌നം നടത്തുന്നത് നമുക്കറിയാം. അഴിമതി, അധികാരാർത്തി എന്ന രണ്ടു മുഖ്യ സ്വഭാവങ്ങളാണ് മിക്കപാർട്ടികൾക്കും സ്ഥായിയായുള്ളത് എന്നും പ്രചരിക്കപ്പെടുന്നു. എന്നാൽ വ്യത്യസ്തതകൾ ഉണ്ട് എന്ന വസ്തുത പലപ്പോഴും തമസ്ക്കരിക്കപ്പെടുന്നു.

സി.പി.ഐ- എം എങ്ങനെ ഇക്കാര്യങ്ങളിൽ വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കാൻ ഇപ്പോൾ ഇകല്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട അനുഭവവും, (1996-ൽ ) സി.പി.ഐ- എം നേതാവ് ജ്യോതിബസുവിന് വച്ചുനീട്ടിയ ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം പാർട്ടിചർച്ചചെയ്ത് വേണ്ടെന്നുവച്ചതും ചേർത്തുവച്ച് പരിശോധിക്കാവുന്നതാണ്.

ഒന്ന്, അഴിമതിപ്പണം തിരസ്‌കരിക്കാനുള്ള ധാർമിതകതയും ചങ്കൂറ്റവും.

രണ്ടാമത്തേത് പാർലമെന്റിൽ വേണ്ടത്രശക്തമായ സാന്നിധ്യമില്ലാതെ ലഭിക്കുന്ന പ്രധാനമന്ത്രിസ്ഥാനത്തിലൂടെ, സാമാന്യജനതയുടെ താൽപര്യം സമഗ്രമായിസംരക്ഷിക്കാനുതകുന്ന പ്രവർത്തനപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കാനുള്ള സാഹചര്യവും സാധ്യതയും ലഭിക്കില്ല എന്ന തത്വാധിഷ്ഠിത നിലപാട്.

പണത്തിനും അധികാരത്തിനും കീഴ്‌പ്പെടാത്ത പാർട്ടികൾ ഇല്ലെന്ന പൊതുസങ്കൽപ്പത്തിന്റെ വിപരീത ധ്രുവത്തിലാണ് സി.പി.ഐ- എം സ്വീകരിച്ച അന്ത്യന്തം വ്യത്യസ്തവും ധീരവും ധാർമ്മികവുമായ നിലപാടുകൾ.

1980-കളിൽ ഇന്ത്യയെ പിടിച്ചുലച്ച ബോഫേഴ്‌സ് കുംഭകോണവുമായി 'മോദിഫേഴ്‌സ്' എന്ന ഇലക്ടറൽ ബോണ്ട് തട്ടിപ്പിനെ താരതമ്യപ്പെടുത്താവുന്നതാണ്. 60 കോടിയായിരുന്നു ബോഫേഴ്‌സ് കോഴ. ലോക്‌സഭയിൽ 412 സീറ്റുണ്ടായിരുന്ന (എക്കാലത്തെയും ഏറ്റവും വലിയ എണ്ണം- പണ്ഡിറ്റ് നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും പോലും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷം) കോൺഗ്രസ്സ് നേതാവ് രാജീവ്ഗാന്ധി ,പിന്നീട് 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റമ്പിയത് ബോഫോഴ്‌സ് അഴിമതിമൂലമാണ് എന്നതും ചരിത്രം. ഇപ്പോഴത്തെ 'മോദിഫേഴ്‌സ്' ആകട്ടെ, വലുപ്പത്തിൽ 275 ബോഫോഴ്‌സിന് തുല്യമാണ്!

ബോഫേഴ്‌സ് തോക്ക്

ഇനി ബി.ജെ.പിക്കു ലഭിച്ച കോഴപ്പണം മാത്രം എടുത്താൽ, 120 ബോഫേഴ്‌സിനു സമമമാണ് അത്.

കോൺഗ്രസിനുകിട്ടിയ ഇലക്ടറൽ ബോണ്ട് കോഴയാകട്ടെ 20 ബോഫേഴ്‌സിനു തുല്യവും.

കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കും എതിരെ ഉറച്ച വിധിയെഴുത്തുനടത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിസ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ചിന്തിക്കുന്ന വോട്ടർമാർ തയ്യാറാകുന്നതിന് 'മോദിഫേഴ്‌സ്' എന്ന് വിശേഷിപ്പിക്കാവുന്ന ഇലക്ടറൽ ബോണ്ട് അഴിമതി സ്‌കീമിനെക്കുറിച്ചുള്ള ചർച്ചകൾ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


എം.എ. ബേബി

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം, സാംസ്കാരിക പ്രവർത്തകൻ. എന്റെ എസ്.എഫ്.കെ കാലം, നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റർ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments