വിമർശന – സ്വയം വിമർശനങ്ങളുണ്ടാവണം,
തിരുത്തലുകളും

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിയും മുൻവിധി കൂടാതെ സുക്ഷ്മമായി പരിശോധിക്കപ്പെടണം. അതിന്റെ അടിസ്​ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ നിർബന്ധമായും ഉണ്ടാകണം- എം.എ. ബേബി എഴുതുന്നു.

ഫാഷിസവുമായി നേരിയ വ്യത്യാസം മാത്രമേ മോദിസത്തിനുള്ളൂ; ഉച്ചാരണത്തിലും ഉള്ളടക്കത്തിലും. ‘വിചാരധാര’യിൽ ‘ആഭ്യന്തര ശത്രുക്കളെ’ ജർമനിയിലെ ഹിറ്റ്​ലർ കൈകാര്യം ചെയ്ത മാതൃക അനുകരണീയമാണെന്ന് പണ്ടേ വ്യക്തമാക്കിയ ആർ.എസ്​.എസ് സർ സംഘ ചാലക് മാധവ സദാശിവ ഗോൾവാൾക്കറുടെ പാരമ്പര്യമാണ് മോദി പിൻപറ്റുന്നത്. മഹാത്മാഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന സവർക്കറുടെ ആരാധകനും ശിഷ്യനുമായ നരേന്ദ്ര മോദി മൂന്നാമതൊരിക്കൽക്കൂടി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുകയാണ്.

തീർത്തും നിറം മങ്ങിയ ഒരു വിജയമാണ് മോദി ഇക്കുറി തരപ്പെടുത്തിയത്. പരാജയപ്പെട്ട ‘ഇന്ത്യ രാഷ്ട്രീയവേദി’യാകട്ടെ വിജയാഘോഷം ഉയർത്തുന്ന അന്തരീക്ഷമാണ്. മോദി മാഹാത്മ്യം പ്രകീർത്തിച്ച് എക്സിറ്റ് പ്രവചനം നടത്തിയ മോദി മീഡിയയും, ഓഹരി കമ്പോള ദല്ലാളന്മാരുടെ ശിങ്കിടികളെപ്പോലെ പെരുമാറിയ രഷ്ട്രീയ അവലോകന വിശാരദന്മാരും, ജനങ്ങൾ അതെല്ലാം പെട്ടെന്നുതന്നെ മറക്കുമെന്ന പതിവുപ്രതീക്ഷയിലാണ്.

ബി.ജെ.പി തനിച്ച് 370 സീറ്റ് ലക്ഷ്യം വെച്ചു. എൻ.ഡി.എ 400 സീറ്റ് ഉറപ്പായി നേടുമെന്ന് പ്രചരിപ്പിച്ചു. എന്നാൽ സംഭവിച്ചതോ?
2019–ൽ 303 സീറ്റ് നേടിയ ബി.ജെ.പിക്ക് ഇക്കുറി 240 സീറ്റു മാത്രം. 2014–ലും, 2019–ലും തനിച്ച് ഭൂരിപക്ഷം നേടിയ പാർട്ടിക്ക് ഇത്തവണ ഇതര പാർട്ടികളുടെ പിന്തുണകൊണ്ടുമാത്രമേ ഭൂരിപക്ഷം നേടാനാവൂ.

2019–ൽ 224 സീറ്റിൽ 50 ശതമാനം വോട്ട് നേടിയ ബി.ജെ.പിയ്ക്ക് ഇപ്പോൾ 156 സീറ്റിൽ മാത്രമാണ് 50 ശതമാനം വോട്ട്. 2019–ൽ വാരാണസിയിൽ 5 ലക്ഷത്തിനരികെ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി ഇത്തവണ ചില ഘട്ടങ്ങളിൽ ആയിരക്കണക്കിന് വോട്ടിന് പിന്നിൽ പോയി. ഒടുവിൽ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മങ്ങിയ വിജയം.

2014–ലും, 2019–ലും പ്രതിപക്ഷ നേതൃസ്​ഥാനത്തിന് ആവശ്യമായത്ര സീറ്റുപോലും നേടാൻ കഴിയാതെ പോയ കോൺഗ്രസ് ഇരട്ടിയോളം സീറ്റ് നേടി സെഞ്ച്വറിയിലെത്തിയതാണ് 2024–ലെ മറ്റൊരു മുഖ്യ സവിശേഷത.

തീർത്തും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുകയും കേന്ദ്ര അന്വേഷണ ഏജൻസികളെ കയറൂരിവിട്ട് പ്രതിപക്ഷ പാർട്ടികളേയും നേതാക്കളെയും വേട്ടയാടുകയും ജയിലിലടയ്ക്കുകയും സ്വതന്ത്ര മാധ്യമ പ്രവർത്തനം തന്നെ അസാധ്യമാക്കുകയും ചെയ്തു, കേന്ദ്രഭരണം. അളവറ്റ പണവും അവർ വാരിവിതറി. ഇത്തരം ഫാഷിസ്റ്റ് തന്ത്രങ്ങൾ പ്രയോഗിക്കുന്ന നരേന്ദ്രമോദി – അമിത്ഷാ ഭരണവൈകൃതത്തെ അഭിമുഖീകരിച്ചുകൊണ്ട് ‘ഇന്ത്യ’ രാഷ്ട്രീയവേദി നടത്തിയ തെരഞ്ഞെടുപ്പുസമരം തികച്ചും അസാധാരണമായിരുന്നു, അഭിനന്ദനാർഹവും.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ

1975–ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്​ഥയെ 1977–ൽ അറബിക്കടലിലേക്ക് വലിച്ചെറിയാൻ മുഖ്യമായും ഉത്തരേന്ത്യയിലെ സാധാരണ ജനങ്ങൾക്ക് സാധിച്ചതുപോലെ 2024–ൽ മോദി വാഴ്ചയെ പറ്റേ തറപറ്റിക്കാനും, ബദൽ സർക്കാരുണ്ടാക്കാനും എന്തുകൊണ്ട് പ്രതിപക്ഷത്തിന് സാധിച്ചില്ല? അത് കഴിയുമായിരുന്നില്ലേ? നിശ്ചയമായും അസാധ്യമായിരുന്നില്ല. എന്നാൽ അതിന് ആവശ്യമായ സമർത്ഥവും, സൂക്ഷ്മമവും ദീർഘവീക്ഷണത്തോടു കൂടിയതുമായ നേതൃത്വവും അടവുകളും വികസിപ്പിച്ചെടുക്കുന്നതിലുണ്ടായ വ്യത്യസ്​ത തോതിലുള്ള തെറ്റുകുറ്റങ്ങളും ജാഗ്രതക്കുറവുകളുമാണ് നരേന്ദ്രമോദി 2024–ൽ മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സഹാചര്യം സൃഷ്​ടിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ഒതുങ്ങാത്ത വിശാലാടിസ്​ഥാനത്തിലുള്ളതും ബഹുമുഖമായതുമായ രാഷ്ട്രീയ – സാംസ്​കാരിക സമരങ്ങൾ വളർത്തിയെടുക്കണം. ഇത് സാധിക്കണമെങ്കിൽ കമ്യൂണിസ്റ്റ് – ഇടതുപക്ഷ ശക്തികൾ എല്ലാ തലങ്ങളിലും എത്രയോ കൂടുതൽ രാഷ്ട്രീയസ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ട്.

1999–ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് ആദ്യമായി കാലാവധി പൂർത്തീകരിച്ച പ്രഥമ സംഘപരിവാർ സർക്കാർ. നരേന്ദ്രമോദി ഇപ്പോൾ 10 വർഷം പൂർത്തിയാക്കി മുന്നാമൂഴത്തിലേക്ക് കടക്കുന്നു. ആഭ്യന്തര സംഘർഷങ്ങളാൽ കാലാവധി കഴിയുംമുമ്പ് മോദിയുടെ കൂട്ടുകക്ഷി സർക്കാർ തകർന്നുവീഴുമോ, ഇല്ലയോ എന്ന പ്രവചനം ഇപ്പോൾ അസാധ്യമാണ്. അതെന്തായാലും ആർ.എസ്​.എസ് എന്ന ഫാഷിസ്റ്റ് / ഭരണഘടനാ ബാഹ്യസംഘടന ദീർഘനാളായി ഇന്ത്യൻ സമൂഹത്തിന്റെ സർവ്വകോശങ്ങളിലും അരിച്ചുകയറിയും, തുളച്ചു കയറിയും ഒരു സമാന്തര സ്വാധീന ശൃംഖല ശ്രദ്ധാപൂർവ്വം കോർത്തെടുത്തിട്ടുണ്ടെന്ന കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. ഈ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിപ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം കോൺഗ്രസിനെപ്പോലുള്ള പാർട്ടികൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്.

ആർ.എസ്​.എസ് പറയുന്നത് ‘ഹിന്ദു രാഷ്ട്രമെന്നാണ്’, ഞങ്ങൾ പറയുന്നത് ‘ഹിന്ദു രാജ്യമാണ്’ എന്നാണ് രാഹുൽ ഗാന്ധി പ്രസ്​താവിച്ചത്. ഇത്തരം ആശയക്കുഴപ്പം നിറഞ്ഞ അവതരണങ്ങൾ രാഹുൽ ഗാന്ധി നടത്തുന്നത് രാഷ്ട്രീയവും, ഭരണഘടനാപരവുമായ ശ്രദ്ധക്കുറവിന്റെ ഉദാഹരണമാണ്.

1999–ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് ആദ്യമായി കാലാവധി പൂർത്തീകരിച്ച പ്രഥമ സംഘപരിവാർ സർക്കാർ.

മാധ്യമ മേഖലയിലെ വർഗീയ ശക്തികളുടെയും, ‘ഗോദി മീഡിയ’യുടേയും അതിക്രമങ്ങളെ ചെറുക്കുന്നതിൽ സമാന്തര മാധ്യമങ്ങൾ ഉൾപ്പെടെ ഓരോ ഇന്ത്യൻ ഭാഷയിലും ഒട്ടൊക്കെ സാഹസികമായി പ്രവർത്തിച്ചുകൊണ്ടിക്കുന്ന അനേകം മാധ്യമധീരന്മാരുടെ പങ്കും ഇത്തരുണത്തിൽ എടുത്തു പറയേണ്ടതാണ്.

പ്രബീർ പുർകായസ്​ത, ഊർമിളേഷ്, ശശികുമാർ, അഭിസാർ ശർമ, ധ്രുവ് റാഠി, രവീഷ് കുമാർ, മുഹമ്മദ് സുബൈർ, പൂനം അഗർവാൾ തുടങ്ങിയ ചില പേരുകൾ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.

സ്​ഥിതിഗതികൾ പ്രതികൂലമാവുകയാണ് എന്ന് സൂചനകൾ ലഭിച്ചതുകൊണ്ടുകൂടിയാവാം തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ തീർത്തും അറപ്പുളവാക്കുന്ന വർഗ്ഗീയ വിദ്വേഷ പ്രസ്​താവനകളും, കളളത്തരങ്ങളും ഒക്കെ നിസ്സങ്കോചം തട്ടിവിടാൻ മോദി തയ്യാറായത്. അവ നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ ലജ്ജാകരവും, അധിക്ഷേപകരവുമായ നിസ്സംഗത പാലിച്ചു. ഇത് നിയമപരമായി ചോദ്യം ചെയ്യാനാവുമോ എന്ന് പരിശോധിക്കേണ്ടതാണ്. മാറിയ രാഷ്ട്രീ സാഹചര്യത്തിൽ ഭരണഘടനാസ്​ഥാപനങ്ങൾ കുറച്ചുകൂടി ആത്മബലം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രബീർ പുർകായസ്​ത, രവീഷ് കുമാർ

ഐതിഹാസികമായ ഉത്തരേന്ത്യൻ കർഷകസമരം, ഇടതുപക്ഷ കർഷകത്തൊഴിലാളികളും, ദരിദ്ര കൃഷിക്കാരും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ നഗ്നപാദ സമര ജാഥ, തൊഴിലാളി സംഘടനകൾ നടത്തിയ സംയുക്ത ദേശീയ പണിമുടക്കുകൾ, യുവജന – വിദ്യാർത്ഥി – മഹിളാ – ആദിവാസി – ന്യൂനപക്ഷ – പിന്നാക്ക വിഭാഗങ്ങളുടേയും സാമൂഹ്യ വിഭാഗങ്ങളുടേയും വ്യത്യസ്​ത പോരാട്ടങ്ങൾ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഒറ്റയ്ക്കും, കൂട്ടായും നടത്തിയ അഖിലേന്ത്യാ പ്രചാരണയാത്രകൾ തുടങ്ങി ഒട്ടനവധി ജനകീയ ഇടപെടലുകൾ മോദിയുടെ സ്വേച്ഛാധിപത്യ രാഷ്ട്രീയ ബുൾഡോസർ ഭരണത്തെ വിറപ്പിക്കുന്നതിൽ പശ്ചാത്തലമൊരുക്കി.

പുതിയ പാർലമെൻ്റ് മന്ദിരോദ്ഘാടനം ‘സവർക്കർ ദിന’ത്തിൽ മതപരമായ ചടങ്ങുപോലെ നടത്തുകയും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി തീരും മുമ്പേ പ്രാണപ്രതിഷ്ഠാചടങ്ങ് പ്രധാനമന്ത്രി മുഖ്യകാർമികനായി സംഘടിപ്പിക്കുകയും ചെയ്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താൻ മോദിയുടെ അപഹാസ്യമായ ശ്രമമുണ്ടായി. അതിൽ മോദിക്ക് ഉത്തർപ്രദേശിൽ നിന്നുതന്നെ തിരിച്ചടി കിട്ടി. അയോധ്യയിൽ ബാബറി മസ്​ജിദ് പൊളിച്ച് രാമക്ഷേത്രം നിർമിച്ചുകൊണ്ടിരിക്കുന്ന സ്​ഥലം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബി.ജ.പി. സ്​ഥാനാർത്ഥിയെ തറപറ്റിച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി (സോഷ്യലിസ്റ്റ് പാർടി) സ്​ഥാനാർത്ഥി വിജയം വരിച്ചതിൽ അഗാധമായ ഒരു കാവ്യനീതിയുണ്ട്.

ചില മണ്ഡലങ്ങളിൽ ബി.ജെ.പി പല തോതിൽ സാന്നിധ്യം അറിയിക്കുകയോ, മത്സരം ഉയർത്തുകയോ ചെയ്തത് നമ്മെ ഇരുത്തി ചിന്തിപ്പിക്കണം. കേരളത്തിന്റെ പ്രബുദ്ധതക്കും, മതേതര അന്തരീക്ഷത്തിനും നിരക്കാത്ത ഈ വ്യതിയാനം ഉൽക്കണ്ഠപ്പെടുത്തുന്നു. ഇത് തടയാൻ ശക്തമായ ഇടപെടലുകൾവേണം, തിരുത്തലുകളും. വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും.

ഇന്ത്യയുടെ രാഷ്ട്രീയഭാവി, മതേതര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമാകണം. അതോടൊപ്പം, ജനജീവിതപ്രശ്നങ്ങളായ ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, വിലക്കയറ്റ നിയന്ത്രണം, സാംസ്​കാരിക ജീവിതം, സ്​ത്രീ – ന്യൂനപക്ഷ സുരക്ഷ തുടങ്ങിയവക്ക് പരിഹാരം കണ്ടുകൊണ്ടുകൂടി വേണം മുന്നോട്ടു പോകുന്നത്. അതിന് ഊന്നൽ നൽകുന്ന ഇടതുപക്ഷ രാഷ്ട്രീയശക്തികൾ രാജ്യത്തൊട്ടാകെ കരുത്താർജ്ജിച്ചാലേ ഈ ദിശയിൽ കാര്യങ്ങൾ നീങ്ങുകയുള്ളൂ. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ മാത്രം ഒതുങ്ങാത്ത വിശാലാടിസ്​ഥാനത്തിലുള്ളതും ബഹുമുഖവുമായ രാഷ്ട്രീയ – സാംസ്​കാരിക സമരങ്ങൾ വഴിയേ ഇത് സഫലമാകൂ. ഇത് സാധിക്കണമെങ്കിൽ കമ്യൂണിസ്റ്റ് – ഇടതുപക്ഷ ശക്തികൾ എല്ലാ തലങ്ങളിലും എത്രയോ കൂടുതൽ രാഷ്ട്രീയസ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിലുണ്ടാകുന്ന കുറവുകൾ പരിഹരിക്കുവാൻ ആത്മാർത്ഥവും, നിർഭയവുമായ വിമർശന – സ്വയം വിമർശനങ്ങളുണ്ടാവണം. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിയും മുൻവിധി കൂടാതെ സൂക്ഷ്മമായി പരിശോധിക്കപ്പെടണം. അതിന്റെ അടിസ്​ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ നിർബന്ധമായും ഉണ്ടാകണം.

യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന തൃശ്ശൂർ സീറ്റിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്​ഥാനാർത്ഥി ജയിച്ചത് കേരള രാഷ്ട്രീയത്തിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. അവിടെ എൽ.ഡി.എഫ് വോട്ടുകൾ നേരിയ വർദ്ധന രേഖപ്പെടുത്തിയപ്പോൾ ബി.ജെ.പി ഭൂരിപക്ഷത്തിന് തുല്യമായ വോട്ട് യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നു. മറ്റ് മണ്ഡലങ്ങളിലും ബി.ജെ.പി പല തോതിൽ സാന്നിധ്യം അറിയിക്കുകയോ, മത്സരം ഉയർത്തുകയോ ചെയ്തത് നമ്മെ ഇരുത്തി ചിന്തിപ്പിക്കണം. മതേതരശക്തികളുടെ ഉദാസീനത തന്നെയാണ് ഇവിടെ ഒരു മുഖ്യപ്രതി.

കേരളത്തിന്റെ പ്രബുദ്ധതക്കും, മതേതര അന്തരീക്ഷത്തിനും നിരക്കാത്ത ഈ വ്യതിയാനം ഉൽക്കണ്ഠപ്പെടുത്തുന്നു. ഇത് തടയാൻ ശക്തമായ ഇടപെടലുകൾവേണം, തിരുത്തലുകളും. വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും.

ഇടതുപക്ഷത്തിന്റെ അവസ്​ഥ

2019–ൽ ലോക്സഭയിൽ 5 അംഗങ്ങൾ മാത്രമായി ഇടതുപക്ഷം ചുരുങ്ങി. ഇത്തവണ, അത് 8 ആയി ഉയർന്നത് വളരെ തുച്ഛമയ പുരോഗതി മാത്രമാണ്. ബീഹാറിൽ നിന്ന് സി.പി.ഐ (എം.എൽ) നേടിയ രണ്ടും രാജസ്​ഥാനിൽ നിന്ന് സി.പി.ഐ (എം) നേടിയ ഒന്നും സീറ്റുകളാണ് മൂന്നു സീറ്റിന്റെ വർദ്ധനവായത്. ഇത് മുന്നണിയുടെ കൂടി വിജയമാണ്. ഹിന്ദി മേഖലയിലെ ഇടതുപക്ഷ ഉണർവ്വിന് ഈ വിജയങ്ങൾ ഒരു പരിധിവരെ പ്രയോജനപ്പെടും. ഒഡീഷയിൽ ഒരു ആദിവാസി അസംബ്ലി സീറ്റിലും സി.പി.ഐ (എം) വിജയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏതാനും സീറ്റുകളിൽ ശകതമായ മത്സരം സംഘടിപ്പിക്കുവാൻ ഇടതുപക്ഷവും കോൺഗ്രസ്സും പരസ്​പര ധാരണയിൽ നീങ്ങിയതുമൂലം സാധിച്ചു. ബീഹാറിൽ സി.പി.ഐയും, സി.പി.ഐ (എം)- ഉം ഓരോ ലോക്സഭാ സീറ്റിൽ ഉശിരൻ മത്സരം നടത്തി. ആന്ധ്രയിലെ ഒരു ആദിവാസി ഗോത്രമേഖലയിലും സി.പി.ഐ (എം) നല്ല പോരാട്ടമാണ് നടത്തിയത്. ത്രിപുരയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഒട്ടനവധി ജനകീയ ഇടപെടലുകൾ മോദിയുടെ സ്വേച്ഛാധിപത്യ രാഷ്ട്രീയ ബുൾഡോസർ ഭരണത്തെ വിറപ്പിക്കുന്നതിൽ പശ്ചാത്തലമൊരുക്കി.

2024-ലെ ഉണർവ് അടിത്തറയാക്കി ജനകീയ സമരങ്ങളും, സാംസ്​കാരിക ഇടപെടലുകളും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പുതിയ തൃണമൂലതല പ്രവർത്തനശൈലിയാണ് മതേതര- പുരോഗമന ശക്തികൾ വളർത്തിയെടുക്കേണ്ടത്. അതാണ് വമ്പിച്ച ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങൾ രൂപപ്പെടുത്താനുള്ള മാർഗ്ഗം. സ്വേച്ഛാധിപതികൾ ഇന്നല്ലെങ്കിൽ നാളെ നിലംപതിക്കുമെന്ന സത്യം തിരിച്ചറിഞ്ഞ് ആ ലക്ഷ്യത്തിലെത്താൻ നാം ഏറ്റെടുക്കേണ്ട പോരാട്ടങ്ങളും പ്രവർത്തനങ്ങളും കാര്യക്ഷമമായും, ജനോന്മുഖമായും നിർവ്വഹിക്കുകയാണ് വേണ്ടത്.

Comments