1942 ആഗസ്ത് 15ന് ആഗാഖാൻ ജയിലിൽ ഗാന്ധിജിയുടെ തിരുമ്മുകട്ടിലിൽ, നീണ്ട്-സുമുഖനായ ഒരാൾ മരണത്തോട് മല്ലിടുകയാണ്. സരോജിനി നായിഡുവും സുശീലാ നയ്യരും തൊട്ടടുത്തുണ്ട്. ബാപ്പുവിനെ വിളിക്കാനായി ആരോ ഓടി. ബാപ്പു എത്തുമ്പോഴേക്കും അയാളുടെ ശ്വാസോച്ഛ്വാസം നേർത്ത് വന്നിരുന്നു. ഗാന്ധിജി അയാളുടെ കയ്യിൽ പിടിച്ച്, തലയിലൂടെ കൈകൾ പതുക്കെ ചലിപ്പിച്ചുകൊണ്ടിരുന്നു.
ബാപ്പുവിന്റെ ഏത് ആജ്ഞകളെയും ശിരസ്സാവഹിച്ചിരുന്ന മഹാദേവ് ജീവിതത്തിലാദ്യമായി അനുസരണക്കേട് കാട്ടി. ബാപ്പുവിന്റെ ആജ്ഞയെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം അന്ത്യനിദ്രയിലേക്ക് കടന്നു.
“ഉഠോ മഹാദേവ്, ഉഠോ” (എഴുന്നേൽക്കൂ മഹാദേവ്, എഴുന്നേൽക്കൂ). മഹാദേവ് ഭായിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ബാപ്പു പ്രതീക്ഷയോടെ വിളിച്ചു. ബാപ്പുവിന്റെ ഏത് ആജ്ഞകളെയും ശിരസ്സാവഹിച്ചിരുന്ന മഹാദേവ് ജീവിതത്തിലാദ്യമായി അനുസരണക്കേട് കാട്ടി. ബാപ്പുവിന്റെ ആജ്ഞയെ ധിക്കരിച്ച് അദ്ദേഹം അന്ത്യനിദ്രയിലേക്ക് കടന്നിരുന്നു.
പിന്നീടൊരിക്കൽ സുശീല നയ്യാരുടെ ചോദ്യത്തിനുള്ള ഉത്തരമായി ഗാന്ധിജി പറഞ്ഞിരുന്നു. “മഹാദേവ് ജീവിതകാലത്തിലൊരിക്കലും എന്റെ ആജ്ഞയെ അനുസരിക്കാതിരുന്നിട്ടില്ല. എന്റെ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ എത്തിയിരുന്നുവെങ്കിൽ മരണത്തെപ്പോലും തോൽപ്പിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് നിൽക്കുമായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.” (അഗ്‌നികുണ്ഠ് മാ ഉഗേലു ഗുലാബ്, മഹാദേവ് ദേസായിയുടെ ജീവചരിത്രം, നാരായൺ ദേസായി)
രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃതവർഷം’ ആചരിക്കുന്ന ഈ ദിനം മഹാദേവ് ദേസായിയുടെ 82ാം ചരമ വാർഷികം കൂടിയാണ്. ഗാന്ധിജിയുടെ കൂടെ 25 വർഷത്തെ സേവനം പൂർത്തിയാക്കി ആഗാഖാൻ പാലസ് ജയിലിൽ മഹാദേവ് ദേസായി ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി വിടപറയുമ്പോൾ അദ്ദേഹത്തിന് അമ്പത് വയസ് മാത്രമേ ആയിരുന്നുള്ളൂ.
“മോഹനും മഹാദേവും” തമ്മിലുള്ള അതുല്യ സ്നേഹബന്ധത്തെക്കുറിച്ച് നാരായൺ ദേസായിയുമായുള്ള സംഭാഷണങ്ങളിൽ നിന്നും മഹാദേവ് ഭായിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും അടുത്തറിയാൻ കഴിഞ്ഞു.
മഹാദേവ് ദേസായിയുടെ മരണത്തിനുശേഷം അര നൂറ്റാണ്ട് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മകൻ നാരായൺ ദേസായിയുമായി പരിചയപ്പെടുന്നത്. പിന്നീടുള്ള ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം പല രീതിയിൽ “മോഹനും മഹാദേവും” തമ്മിലുള്ള അതുല്യ സ്നേഹബന്ധത്തെക്കുറിച്ച് നാരായൺ ദേസായിയുമായുള്ള സംഭാഷണങ്ങളിൽ നിന്നും മഹാദേവ് ഭായിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും അടുത്തറിയാൻ കഴിഞ്ഞു.
ഗാന്ധിജിയെക്കുറിച്ച് നാരായൺ ദേസായി എഴുതിയ നാല് വാല്യങ്ങളുള്ള അതിബൃഹത്തായ ജീവചരിത്രം ഗുജറാത്തിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനും മുന്നെ മഹാദേവ് ഭായിയുടെ 26 വാള്യങ്ങൾ വരുന്ന ഡയറിക്കുറിപ്പുകളിലൂടെ കടന്നുപോകാൻ സാധിച്ചിരുന്നു. ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നാല് വാല്യങ്ങളുടെ കയ്യെഴുത്ത് പ്രതികളിലൂടെയും. മഹാദേവ് ദേസായിയുടെ ഡയറികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അവസാന പാദത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ആ ഡയറിക്കുറിപ്പുകൾ യഥാർത്ഥത്തിൽ ഗാന്ധിജിയുടെ ഡയറിക്കുറിപ്പുകളായിരുന്നു
ഗാന്ധിയുടെ നിഴലിൽ കഴിഞ്ഞില്ലായിരുന്നെങ്കിൽ മഹാദേവ് ദേസായി ആരായിട്ടാകും അറിയപ്പെടുക എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. മഹാദേവ് ദേസായിയുടെ പാണ്ഡിത്യത്തിന്റെ ആഴം അറിയണമെങ്കിൽ അദ്ദേഹം ബെൽഗാം ജയിലിൽ വെച്ച് തയ്യാറാക്കിയ “The Gospel of Selfless Action or Geetha According to Gandhi” എന്ന ഒരൊറ്റ പുസ്തകം തന്നെ ധാരാളം. ഗാന്ധിയുടെ അനാസക്തിയോഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ പുസ്തകമെങ്കിൽക്കൂടിയും പുസ്തകത്തിൽ മഹാദേവിന്റേതായ കുറിപ്പുകളും അതിദീർഘമായ മുഖവുരയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്നതാണ്.
ലേഖകൻ, പത്രാധിപർ, നിയമോപദേഷ്ടാവ്, ഗ്രന്ഥകാരൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിലുള്ള മഹാദേവിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഗാന്ധിയുടെ നിഴലിൽ മാത്രമായിരുന്നു.
ഇംഗ്ലീഷ് ഭാഷയിലുള്ള മഹാദേവ് ദേസായിയുടെ പാണ്ഡിത്യത്തെക്കുറിച്ച് ബ്രിട്ടീഷ് ന്യായാധിപന്മാർ പോലും ആശ്ചര്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലും നെഹ്രുവിന്റെ ജീവചരിത്രം, ശരത്ചന്ദ്ര ചാറ്റർജിയുടെ കഥകൾ, രവീന്ദ്രനാഥിന്റെ ഗീതകങ്ങൾ എന്നിവ ഗുജറാത്തിയിലേക്കും പരിഭാഷപ്പെടുത്തിയത് മഹാദേവ് ആയിരുന്നു.
ലേഖകൻ, പത്രാധിപർ, നിയമോപദേഷ്ടാവ്, ഗ്രന്ഥകാരൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിലുള്ള മഹാദേവിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഗാന്ധിയുടെ നിഴലിൽ മാത്രമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദൈനംദിന വാർത്തകൾ വായിക്കുകയും പത്രക്കുറിപ്പുകളും വിശദീകരണങ്ങളും തയ്യാറാക്കി ബാപ്പുവിന് കൈമാറുകയും ചെയ്യുമ്പോൾ ഒന്ന് വായിച്ചുനോക്കുക പോലും ചെയ്യാതെ അടിയിൽ 'മോ.ക. ഗാന്ധി' എന്ന് ഗുജറാത്തിയിൽ ഒപ്പിടുന്ന ഗാന്ധിജിയ്ക്ക് തനിക്കും മഹാദേവിനും ഇടയിലുള്ള രസതന്ത്രത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു.
ദേശീയ പ്രക്ഷോഭഭടന്മാർക്ക് വേണ്ടി കോടതികളിൽഅപ്പീൽ തയ്യാറാക്കൽ, വൈസ്രോയിക്കുള്ള ഗാന്ധിയുടേതായ കത്തുകൾ, ഹരിജനിലേക്കുള്ള ലേഖനങ്ങൾ, സത്യാഗ്രഹ സമരങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ തുടങ്ങി എഴുത്ത്, വായന, സംവാദം എന്നീ ബൗദ്ധികപ്രവർത്തനങ്ങളോടൊപ്പം തന്നെ നൂൽനൂൽപ്പ്, ചെരുപ്പ് തുന്നൽ, ഭക്ഷണം പാചകം ചെയ്യൽ, സ്വാതന്ത്ര്യപ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിക്കൽ തുടങ്ങിയ രചനാത്മക പ്രവർത്തനങ്ങളിലും ഗാന്ധിയോടൊപ്പം ചെലവഴിച്ച കാൽനൂറ്റാണ്ട് കാലം അദ്ദേഹം സജീവമായിരുന്നു.
പത്രക്കുറിപ്പുകളും വിശദീകരണങ്ങളും തയ്യാറാക്കി ബാപ്പുവിന് കൈമാറുകയും ചെയ്യുമ്പോൾ ഒന്ന് വായിച്ചുനോക്കുക പോലും ചെയ്യാതെ അടിയിൽ 'മോ.ക. ഗാന്ധി' എന്ന് ഗുജറാത്തിയിൽ ഒപ്പിടുന്ന ഗാന്ധിജിയ്ക്ക് തനിക്കും മഹാദേവിനും ഇടയിലുള്ള രസതന്ത്രത്തെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു.
ആഖാഘാൻ ജയിലിലേക്ക് പോകും മുമ്പ് ഇനിയുള്ള പ്രക്ഷോഭം 'short & Swift' ആയിരിക്കുമെന്ന് ഗാന്ധിജി സൂചന നൽകിയിരുന്നു. ഗാന്ധിജിയുടെ ഈ തീരുമാനം കടുത്ത ഉപവാസത്തിലേക്കായിരിക്കും ചെന്നെത്തുക എന്ന് മഹാദേവ് അടക്കം പലരും സന്ദേഹിച്ചിരുന്നു. അത്തരമൊരു നീക്കത്തിൽ നിന്ന് ബാപ്പുവിനെ പിന്തിരിപ്പിക്കുവാൻ ജയിലിൽ പലരും ശ്രമിച്ചിരുന്നു. ഉപവാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആലോചന മഹാദേവ് ഭായിയെ വല്ലാതെ ആകുലനാക്കിയിരുന്നു. എന്നാൽ തന്റെ മരണത്തിലൂടെ അതിന് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിച്ചു.
ഇതേക്കുറിച്ച് സരോജിനി നായിഡു പിന്നീടൊരിക്കൽ പറഞ്ഞു. ''ആരെങ്കിലും എപ്പോഴെങ്കിലും മറ്റുള്ളവർക്കായ് ജീവൻ നൽകിയിട്ടുണ്ടെങ്കിൽ അത് മഹാദേവ് ആയിരുന്നു. മനുഷ്യൻ മറ്റുള്ളവർക്കായ് പ്രാണൻ അർപ്പിക്കുന്നതിനേക്കാൾ വലുതായി ഒരാൾ മറ്റൊരാൾക്ക് എന്തുസേവനമാണ് ചെയ്യാൻ കഴിയുക?''
മഹാദേവ് ദേസായിയുടെ എൺപത്തി രണ്ടാം ചരമവാർഷികത്തിൽ അതുല്യ ദേശസ്നേഹിയെ ആദരപൂർവ്വം സ്മരിക്കുന്നു.