ഭരണവിരുദ്ധ വികാരത്തെയെല്ലാം അസ്ഥാനത്താക്കി മഹാരാഷ്ട്രയിൽ എൻ.ഡി.എ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ജനക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളിലൂടെയാണ് ഭരണകക്ഷി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടർച്ചയായി നാലാം തവണും കൊപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സ്ഥാനാർഥിയായ കേദാർ പ്രകാശ് ദിഗെയെ 120717 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. താക്കറെ വിഭാഗത്തിന് ഇത് വലിയ തിരിച്ചടിയാണ്.
ഷിൻഡെയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമായ പരീക്ഷണമായിരുന്നു. 2004-ൽ താനെ മണ്ഡലത്തിൽ മത്സരിച്ചാണ് ഷിൻഡെ ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലെത്തുന്നത്. തുടർന്ന് താനെ മണ്ഡലം പിളർന്ന് കൊപ്രി- പച്ച്പഖാഡി രൂപവൽക്കരിച്ചപ്പോൾ, 2009, 2014, 2019 എന്നീ വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണയും മണ്ഡലത്തിൽ നിന്നും അദ്ദേഹം ജയിച്ചുകയറി. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഷിൻഡെ ജനങ്ങളിൽ സ്വാധീനമുണ്ടാക്കിയത്.
2009-ൽ 73,502 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ മനോജ് ഷിൻഡെയെയാണ് ഏക്നാഥ് ഷിൻഡെ പരാജയപ്പെടുത്തുന്നത്. 2014-ൽ വോട്ടുകളുടെ എണ്ണവും ശതമാനവും വർധിപ്പിച്ച അദ്ദേഹം ബി.ജെ.പിയുടെ സന്ദീപ് ലേലക്കെതിരെ 100,420 വോട്ടുകൾക്ക് വിജയിച്ചു. 2019-ൽ സഞ്ജയ് ഘഡിഗോങ്കറിനെ 89,300 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഷിൻഡേയുടെ രാഷ്ട്രീയഗുരു കൂടിയായ ശിവസേനാ നേതാവ് ആനന്ദ് ഡിഘേയുടെ മരുമകനാണ് നിലവിലെ എതിർ സ്ഥാനാർഥി കേദാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യാണിൽ മത്സരിക്കാനായിരുന്നു കേദാറിന് താൽപര്യം. അവിടെ മുഖ്യമന്ത്രിയുടെ മകൻ ശ്രീകാന്ത് ഷിൻഡേയായിരുന്നു സ്ഥാനാർഥി. എന്നാൽ പിന്നീട് തീരുമാനം മാറ്റി. കൊപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ ഉദ്ധവ് താക്കറെയും കോൺഗ്രസും തമ്മിലുണ്ടായ സീറ്റുതർക്കും ശരത് പവാർ ഇടപെട്ടാണ് പരിഹരിച്ചത്.
2022-ൽ ശിവസേന പിളർന്നതിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇതെന്നത് ഇരു വിഭാഗത്തിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു. പിളർപ്പിനുശേഷം ബി.ജെ.പിയുമായി ചേർന്ന് ഷിൻഡെ സർക്കാർ രൂപീകരിക്കുകയും മുഖ്യമന്ത്രി ആവുകയും ചെയ്തു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായി നടന്ന സീറ്റ് വിഭജന ചർച്ചകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതെല്ലാം മറികടന്നാണ് എൻ.ഡി.എ സഖ്യം വീണ്ടും മഹാരാഷ്ട്രയിൽ വിജയം നേടുന്നത്.