വെറും നാല് ദിവസം കൊണ്ട് മഹാരാഷ്ട്ര സർക്കാറിനെ മുട്ടുകുത്തിച്ച കർഷക പോരാട്ടം

വെറും നാലേ നാല് ദിവസംകൊണ്ട് ഒരു സംസ്ഥാന ഭരണകൂടത്തെ തങ്ങളുടെ മുദ്രാവാക്യങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിച്ച കർഷകവീര്യത്തെ ഇനിയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ഹാരാഷ്ട്രയിലെ കാർഷിക കേന്ദ്രങ്ങളിലൊന്നായ നാസിക്കിൽ നിന്ന് തലസ്ഥാനമായ മുംബൈയിലേക്കെത്താൻ ഏകദേശം 170 കിലോമീറ്റർ സഞ്ചരിക്കണം. ചെങ്കുത്തായ പർവതങ്ങളും പച്ചപ്പ് നിറഞ്ഞ വയലുകളും നിബിഡ വനങ്ങളും പിന്നിടുന്ന, വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാമുള്ള മുംബൈ - നാസിക് ഹൈവേ ഇപ്പോൾ ഇന്ത്യയുടെ കർഷക സമര ചരിത്രത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാത കൂടിയാണ്.

അഞ്ചുവർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു മാർച്ച് മാസത്തിലാണ് രാജ്യത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും മുംബൈയിലേക്ക് എഴുപതിനായിരത്തിലധികം വരുന്ന കർഷകരുടെ കൂറ്റൻ റാലി 'കിസാൻ ലോങ് മാർച്ച്' എന്ന പേരിൽ നടന്നത്. പൊള്ളുന്ന വെയിലും ചൂടുമതിജീവിച്ച് കാർഷിക ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും പിന്നിട്ട് ദേശീയ പാതയിലൂടെ കാൽനടയായി മുംബൈ നഗരത്തിലെത്തിയ കർഷകരുടെ വിണ്ടുകീറിയ കാൽപാദങ്ങൾ സമൂഹമനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തി. അത് രാജ്യാധികാരത്തെ ചോദ്യം ചെയ്തു. കർഷകവിരുദ്ധ ഭരണവ്യവസ്ഥയുടെ കൊള്ളരുതായ്മകളെ തുറന്നുകാട്ടി. ഒടുവിൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാറിനെക്കൊണ്ട് അംഗീകരിപ്പിച്ച അവർ വിജയം കണ്ട് മടങ്ങുകയും ചെയ്തു.

നാസിക് - മുംബൈ ദേശീയപാതയിലൂടെ മാർച്ച് ചെയ്യുന്ന കർഷകർ / Photo: F.B, Communist Party of India(Marxist)
നാസിക് - മുംബൈ ദേശീയപാതയിലൂടെ മാർച്ച് ചെയ്യുന്ന കർഷകർ / Photo: F.B, Communist Party of India(Marxist)

ചങ്ങാത്ത മുതലാളിത്തത്തിന്റെ രാഷ്ട്രീയ ഇന്ത്യ അഞ്ച് വർഷം പിന്നിട്ടപ്പോഴേക്കും കാർഷിക ഗ്രാമങ്ങളിലെ സാഹചര്യങ്ങൾ കൂടുതൽ വഷളായി. കാലവസ്ഥാ കെടുതികൾ മൂലമുള്ള വിളനാശം, വിലത്തകർച്ച, എണ്ണവില വർധന, വൈദ്യുതി പ്രതിസന്ധി, താങ്ങുവിലയുടെ അപര്യാപ്തത, പെൻഷൻ ഇല്ലായ്മ തുടങ്ങി അതിജീവനവുമായി ബന്ധപ്പെട്ട സകലമാന പ്രതിസന്ധികളും അനുഭവിച്ചുകൊണ്ടിരുന്ന മഹാരാഷ്ട്രയിലെ കർഷകർ അവരുടെ അവകാശങ്ങൾക്കായി ഒരിക്കൽ കൂടി സംഘടിക്കാൻ തീരുമാനിച്ചു. ആദിവാസികളും ദളിതരും ഇതര പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമായ ദരിദ്ര കർഷകർ ഒരിക്കൽ കൂടി ചെങ്കൊടി കയ്യിലേന്തി മുംബൈയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

മുംബൈ - നാസിക് ഹൈവേ ഇപ്പോൾ ഇന്ത്യയുടെ കർഷക സമര ചരിത്രത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാത കൂടിയാണ് / Photo: F.B, Communist Party of India(Marxist)
മുംബൈ - നാസിക് ഹൈവേ ഇപ്പോൾ ഇന്ത്യയുടെ കർഷക സമര ചരിത്രത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാത കൂടിയാണ് / Photo: F.B, Communist Party of India(Marxist)

നാസിക്കിലെ കർഷക പോരാളികളുടെ വീര്യം ഒരിക്കൽ അനുഭവിച്ചറിഞ്ഞതുകൊണ്ടായിരിക്കാം മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറിന് ഈ കർഷക മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കാനായില്ല. മാർച്ച് ആരംഭിച്ച ഉടൻ സർക്കാർ സന്ധി ചർച്ചകൾക്ക് തയ്യാറായി. മാർച്ച് അതിന്റെ നാലാം ദിവസം പാതിവഴിയിലെത്തിയപ്പേഴേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി നേരിട്ട് വിളിച്ചുചേർത്ത ചർച്ചയിൽ കർഷകർ മുന്നോട്ടുവെച്ച ബഹുഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരടക്കം ആറ് മന്ത്രിമാർ ചേർന്ന് കിസാൻ സഭയുടെ അഖിലേന്ത്യാ പ്രസിഡണ്ട് അശോഖ് ധാവ്‌ളെയുടെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായി മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിൽ നടത്തിയ ചർച്ചയിലാണ് കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്. രണ്ടര മണിക്കൂർ നീണ്ട ചർച്ചയെത്തുടർന്ന് കർഷകരുടെ ആവശ്യങ്ങളെ സർക്കാർ അംഗീകരിച്ചതിനാൽ ലോങ് മാർച്ച് അവസാനിപ്പിച്ച് എല്ലാവരും തിരികെ ഗ്രാമങ്ങളിലേക്ക് പോകണമെന്നതായിരുന്നു സർക്കാറിന്റെ ആവശ്യം. എന്നാൽ സർക്കാറിന്റെ വെറുംവാക്കുകേട്ട് പ്രക്ഷോഭത്തിന്റെ പാതിവഴിയിൽ വെച്ച് മടങ്ങാൻ കർഷകർ തയ്യാറായില്ല.

വഞ്ചിതരാകാൻ തയ്യാറല്ല, അവകാശങ്ങൾ നേടിയേ മടങ്ങൂ എന്ന കർഷക വീര്യത്തിനുമുന്നിൽ ബി.ജെ.പി ഭരണകൂടം അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിയിരിക്കുകയാണ് / Photo: F.B, Communist Party of India(Marxist)
വഞ്ചിതരാകാൻ തയ്യാറല്ല, അവകാശങ്ങൾ നേടിയേ മടങ്ങൂ എന്ന കർഷക വീര്യത്തിനുമുന്നിൽ ബി.ജെ.പി ഭരണകൂടം അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിയിരിക്കുകയാണ് / Photo: F.B, Communist Party of India(Marxist)

ധാരണയിലെത്തിയ വിഷയങ്ങളിലെല്ലാം ഔദ്യോഗികമായി പ്രമേയം പാസ്സാക്കാൻ നാല് ദിവസം കൂടി നൽകാമെന്നും അതുവരെ നിലവിൽ മാർച്ച് എത്തിനിൽക്കുന്ന താനെ ജില്ലയിലെ വസിന്ദ് ഗ്രാമത്തിൽ തന്നെ കർഷകർ തമ്പടിക്കുമെന്നുമാണ് കിസാൻ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. വഞ്ചിതരാകാൻ തയ്യാറല്ല, അവകാശങ്ങൾ നേടിയേ മടങ്ങൂ എന്ന കർഷക വീര്യത്തിനുമുന്നിൽ ബി.ജെ.പി ഭരണകൂടം അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിയിരിക്കുകയാണ്. കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ സർക്കാർ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും അവ ഗ്രാമതലങ്ങളിൽ നടപ്പാക്കുകയും വേണമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. മാർച്ച് ഇരുപത് കഴിഞ്ഞിട്ടും ചർച്ചയുടെ തീരുമാനങ്ങൾ നടപ്പായിട്ടില്ലെങ്കിൽ കൂടുതൽ സംഘടിതരായി മുംബൈയെ ലക്ഷ്യമാക്കി നീങ്ങുമെന്ന താക്കീതും സർക്കാറിന് നൽകിയിട്ടുണ്ട്. വെറും നാലേ നാല് ദിവസംകൊണ്ട് ഒരു സംസ്ഥാന ഭരണകൂടത്തെ തങ്ങളുടെ മുദ്രാവാക്യങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിച്ച കർഷകവീര്യത്തെ ഇനിയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

കിസാൻസഭയുടെ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, മഹരാഷ്ട്രയിലെ മുൻ എം.എൽ.എ ജെ.പി. ഗവിത്, ഡോ. അജിത് നവാലെ, ഉമേഷ് ദേശ്മുഖ്, ഡോ. ഉദയ് നർക്കർ, അഡ്വ. അജയ് ബുരാണ്ടെ, സുഭാഷ് ചൗധരി, സി.ഐ.ടി.യു നേതാവ് ഡോ. ഡി.ആർ. കരാട്, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ഡി.വൈ.എഫ്.ഐ നേതാവ് ഇന്ദ്രജിത് ഗവിത് എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.

മഹാരാഷ്ട്ര സർക്കാർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തുന്നു / Photo: F.B, Communist Party of India(Marxist)
മഹാരാഷ്ട്ര സർക്കാർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തുന്നു / Photo: F.B, Communist Party of India(Marxist)

നാസിക്കിലെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിളകളിലൊന്ന് ഉള്ളിയാണ്.
ഇത്തവണയും വലിയ വിളവെടുപ്പുണ്ടായെങ്കിലും വിപണിയിൽ ഉള്ളിക്ക് തീരെ വിലയുണ്ടായില്ല. ലോണെടുത്തും സ്വകാര്യ വായ്പകളെടുത്തും കൃഷിയിറക്കിയ കർഷകർക്കിത് വലിയ തിരിച്ചടിയായി. കാർഷിക ഗ്രാമങ്ങളുടെ പ്രാദേശിക സമ്പദ വ്യവസ്ഥ വലിയ രീതിയിൽ തകർന്നതോടുകൂടിയാണ് പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാൻ കിസാൻ സഭ നേതൃത്വവും കർഷകരും തീരുമാനിച്ചത്. ഉള്ളിക്ക് ക്വിന്റലിന് രണ്ടായിരം രൂപ മിനിമം താങ്ങുവിലയായി ഉറപ്പ് വരുത്തുക, ഉടൻ സഹായധനമായി ക്വിന്റലിന് 600 രൂപ നൽകുക, കാർഷിക ലോണുകൾ പൂർണമായി എഴുത്തിത്തള്ളുക, കയറ്റുമതി നിയമങ്ങളിൽ കർഷർക്കനുകൂലമായ മാറ്റങ്ങൾ വരുത്തുക, വനാവകാശ നിയമം ഉടൻ പൂർണമായും നടപ്പിലാക്കുക, ദിവസവും പന്ത്രണ്ട് മണിക്കൂർ വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുക, വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളുക, പരുത്തി-സോയ കൃഷികൾക്ക് സഹായം നൽകുക, പ്രധാനമന്ത്രിയുടെ ഭവനനിർമാണ പദ്ധതി പ്രകാരം വീട് നിർമാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുക, സർക്കാർ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ കേരള മാതൃകയിൽ നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുക, പെൻഷൻ തുക മാസത്തിൽ നാലായിരം രൂപയായി ഉയർത്തുക, സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങി പതിനേഴോളം ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെച്ചത്. ഈ ആവശ്യങ്ങളിൽ ബഹുഭൂരിഭാഗവും സർക്കാർ അംഗീകരിച്ചു. ഇവയ്ക്ക് മേൽ പ്രാഥമിക നടപടികൾ കൈക്കൊള്ളുന്നതിനുള്ള സാവകാശമാണ് ഇപ്പോൾ സർക്കാറിന് നൽകിയിരിക്കുന്നത്.

Photo: F.B, Communist Party of India(Marxist)
Photo: F.B, Communist Party of India(Marxist)

താനെയിലെ വസിന്ദ് ഗ്രാമത്തിൽ ഇപ്പോൾ പതിനായിരത്തോളം വരുന്ന ചെങ്കൊടിയേന്തിയ കർഷകർ തമ്പടിച്ചിരിക്കുകയാണ്. അവർ പാട്ടുകൾ പാടുന്നു, മുദ്രാവാക്യം വിളിക്കുന്നു, സംഘം ചേർന്ന് ഭക്ഷണം തയ്യാറാക്കി കഴിക്കുന്നു, വിശ്രമിക്കുന്നു... ഞങ്ങളെ മുംബൈയിലേക്ക് നടത്തിക്കാതെ ഇവിടെ നിന്ന് തന്നെ ഗ്രാമങ്ങളിലേക്ക് തിരികെ പോകാനുള്ള അവസരം ഉണ്ടാക്കിയാൽ നിങ്ങൾക്ക് നന്നാകുമെന്ന് അവർ സർക്കാറിന് താക്കീത് നൽകുന്നു... കർഷകർ അവരുടെ അവകാശങ്ങൾക്കായി നിവർന്നുനിൽക്കുന്ന, അവരുടെ രാഷ്ട്രീയ ഭാഗദേയം അടയാളപ്പെടുത്തുന്ന സുന്ദരമായ കാഴ്ചയക്കാണ് വസിന്ദ് ഗ്രാമം സാക്ഷ്യം വഹിക്കുന്നത്.


Summary: വെറും നാലേ നാല് ദിവസംകൊണ്ട് ഒരു സംസ്ഥാന ഭരണകൂടത്തെ തങ്ങളുടെ മുദ്രാവാക്യങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിച്ച കർഷകവീര്യത്തെ ഇനിയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.


ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

Comments