പത്തിൽ സയൻസിലും കണക്കിലും തോറ്റാലും പ്ലസ് വൺ അഡ്മിഷൻ; മഹാരാഷ്ട്രയിലെ പരിഷ്കാരം വിവാദമാകുന്നു

പത്താം ക്ലാസിൽ സയൻസിനും കണക്കിനും 20 മാർക്ക് കിട്ടിയവർക്കും പ്ലസ് വൺ ഹ്യുമാനിറ്റീസിന് പ്രവേശനം നൽകാമെന്ന മഹാരാഷ്ട്ര എൻ.സി.ഇ.ആർ.ടിയുടെ നിർദേശമാണ് വിമർശിക്കപ്പെടുന്നത്.

National Desk

ത്താം ക്ലാസ് പരീക്ഷയിൽ സയൻസിലും കണക്കിലും തോറ്റാലും പ്ലസ് വൺ ഹ്യുമാനിറ്റീസിന് ചേരാൻ (Plus One Admission) അനുമതി നൽകുന്ന നിർദേശം മഹാരാഷ്ട്രയിലെ (Maharashtra) വിദ്യാഭ്യാസമേഖലയിൽ (Education) വിവാദവും ചർച്ചയുമാകുന്നു. പത്താം ക്ലാസിലെ കണക്കും സയൻസും കീറാമുട്ടിയായ വിദ്യാർഥികളെ തുടർപഠനത്തിന് പ്രേരിപ്പിക്കാൻ സഹായിക്കുന്നതെന്ന നിലയ്ക്ക് മഹാരാഷ്ട്ര എൻ.സി.ഇ.ആർ.ടിയാണ് നിർദേശം മുന്നോട്ടുവച്ചത്. ഇപ്പോൾ പത്താം ക്ലാസിൽ സയൻസിനും കണക്കിനും 35 ആണ് പാസ് മാർക്ക്. അത് 20 ആക്കാനാണ് നിർദേശം. ഈ വിഷയങ്ങളിൽ 20 മാർക്ക് കിട്ടിയവർക്കും പ്ലസ് വൺ ഹ്യുമാനിറ്റീസിന് പ്രവേശനം നൽകാം. ഹ്യുമാനിറ്റീസ്, ആർട്‌സ് വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികളുടെ തുടർപഠനം പത്താം ക്ലാസിലെ കണക്കിലെയും സയൻസിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ നിലച്ചുപോകുന്നതായുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ രാഹുൽ രേഖാവാർ പറയുന്നു. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പുതിയ സ്‌റ്റേറ്റ് കരിക്കുലം ഫ്രെയിംവർക്കിൽ ഈ നിർദേശം ഉൾപ്പെടുത്തുമെന്ന് മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആന്റ് ഹയർ സെക്കന്റഡി എഡ്യുക്കേഷൻ ചെയർമാൻ ശരത് ഗോസാവി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ കരിക്കുലം ഫ്രെയിംവർക്കിന് അംഗീകാരം നൽകിക്കഴിഞ്ഞെങ്കിലും പുതിയ മാറ്റങ്ങൾ 2025-26 അധ്യയനവർഷം മുതലേ നടപ്പിലാകുകയുള്ളൂ.

സയൻസിലും കണക്കിലും തോറ്റവരെ ഹ്യുമാനിറ്റിസ് വിഷയങ്ങളിലെ തുടർപഠനത്തിനുമാത്രമേ അനുവദിക്കൂ. സയൻസ്, കണക്ക് വിഷയങ്ങളുള്ള ഗ്രൂപ്പുകളിൽ ഇവർക്ക് പ്രവേശനം ലഭിക്കില്ല. ഈ രണ്ടു വിഷയങ്ങളിലും 20 മാർക്ക് കിട്ടുന്നവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ 'പാസ്' എന്നുതന്നെ രേഖപ്പെടുത്തും; ഒപ്പം മാത്‌സ്, സയൻസ് കോഴ്‌സുകളിൽ പ്രവേശനം തടയുകയും ചെയ്യും. ഈ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം.

സയൻസിലും കണക്കിലും തോറ്റവരെ ഹ്യുമാനിറ്റിസ് വിഷയങ്ങളിലെ തുടർപഠനത്തിനുമാത്രമേ അനുവദിക്കൂ.
സയൻസിലും കണക്കിലും തോറ്റവരെ ഹ്യുമാനിറ്റിസ് വിഷയങ്ങളിലെ തുടർപഠനത്തിനുമാത്രമേ അനുവദിക്കൂ.

പുതിയ നിർദേശത്തിന് സമ്മിശ്രപ്രതികരണമാണ് വിദഗ്ധരിൽനിന്നുണ്ടായിരിക്കുന്നത്. അധ്യാപക സമൂഹം പൊതുവെ നിർദേശത്തെ സ്വാഗതം ചെയ്യുന്നു. വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുമെന്നാണ് അവരുടെ വാദം. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നിലയ്ക്കുമെന്നും വാദമുണ്ട്. സയൻസിന്റെയും കണക്കിന്റെയും അടിത്തറ അനിവാര്യമല്ലാത്ത തൊഴിലധിഷ്ഠിത കോഴ്‌സുകളിലടക്കമുള്ള ഉപരിപഠനത്തിന്, പത്താം ക്ലാസിലെ ഈ വിഷയങ്ങളിലെ പാസ് മാർക്ക് വലിയ പ്രതിബന്ധമാണെന്നും അത് വിദ്യാർഥികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുണ്ടെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്. ഈ വിഷയങ്ങൾ നൽകുന്ന സമ്മർദത്തിൽനിന്ന് മുക്തമാകുന്നത്, അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച സ്‌കോർ നേടാനും സഹായിക്കുമെന്ന വാദവുമുണ്ട്.

എന്നാൽ, വിദ്യാർഥികളുടെ നിലവാരത്തകർച്ചയായിരിക്കും ഫലമെന്ന് പുതിയ നിർദേശത്തെ എതിർക്കുന്നവർ പറയുന്നു. സയൻസും കണക്കും വൈജ്ഞാനികതലത്തിലെ അടിസ്ഥാന വിഷയങ്ങളാണ്. കൊഗ്‌നിറ്റീവ് ഡവലപ്‌മെന്റ്, ലോജിക്കൽ റീസണിങ്, പ്രോബ്ലം സോൾവിങ് തുടങ്ങിയ അടിസ്ഥാന നിപുണികൾ വിദ്യാർഥികൾക്ക് നൽകുന്ന വിഷയങ്ങളാണിത്. മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളുമായും ഈ രണ്ടു വിഷയങ്ങൾക്കും അടുത്ത ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെ, പാസ് മാർക്ക് കുറയ്ക്കുന്നത് വിദ്യാർഥികളുടെ അടിസ്ഥാന ശേഷിയെ അട്ടിമറിക്കുമെന്നും തുടർപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിമർശനം.

 സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ കരിക്കുലം ഫ്രെയിംവർക്കിന് അംഗീകാരം നൽകിക്കഴിഞ്ഞെങ്കിലും പുതിയ മാറ്റങ്ങൾ 2025-26 അധ്യയനവർഷം മുതലേ നടപ്പിലാകുകയുള്ളൂ.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ കരിക്കുലം ഫ്രെയിംവർക്കിന് അംഗീകാരം നൽകിക്കഴിഞ്ഞെങ്കിലും പുതിയ മാറ്റങ്ങൾ 2025-26 അധ്യയനവർഷം മുതലേ നടപ്പിലാകുകയുള്ളൂ.

മാത്രമല്ല, കുറഞ്ഞ മാർക്ക് നേടുന്നവരെ, സയൻസ്- മാത്‌സ് സ്ട്രീമിൽനിന്ന് പുറന്തള്ളുന്ന ഒരുതരം വരേണ്യ പ്രക്രിയ കൂടിയാണിതെന്നും വിമർശിക്കപ്പെടുന്നു. അത് വിദ്യാർഥികളുടെ വൈവിധ്യമാർന്ന കരിയർ തെരഞ്ഞെടുപ്പുകളെ പരിമിതമാക്കും; പ്രത്യേകിച്ച് എഞ്ചിനീയറിങ്, മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് മേഖലകളിൽ. ഈ മേഖലകളിൽനിന്ന് ഒരു വിഭാഗം വിദ്യാർഥികളെ പുറന്തള്ളുന്ന നിർദേശം കൂടിയാണിത്.

പത്താം ക്ലാസിലെ അധ്യാപനത്തെയും വിദ്യാർഥികളോടുള്ള അധ്യാപകരുടെ മനോഭാവത്തെയും വരെ ഇത് പ്രതികൂലമായി ബാധിക്കും, സയൻസിലും കണക്കിലും തോറ്റാലും കുഴപ്പമില്ല എന്ന സമീപനം പഠനനിലവാരം തകർക്കും എന്നീ വിമർശനങ്ങളും ഉയരുന്നുണ്ട്.
വിദ്യാർഥികൾക്കുണ്ടാകേണ്ട മൽസരക്ഷമത ഇല്ലാതാക്കുന്ന നിർദേശമെന്ന് ആക്റ്റിവിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹേറാംബ് കുൽക്കർണി പറഞ്ഞു.

സയൻസിലും കണക്കിലും മികവ് കുറഞ്ഞവർക്ക് പ്രത്യേക പരിശീലനം നൽകി നില മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും പാസ് മാർക്ക് കുറയ്ക്കലല്ല ഇതിന് പരിഹാരമെന്നും വിദഗ്ധർ പറയുന്നു.

Comments