Generated by Ideogram AI

യൂട്യൂബർ ഗാന്ധി

ആധുനികതയോടുള്ള, അതിന്റെ മൂല്യബോധങ്ങളെ സംബന്ധിച്ച ഗാന്ധിയുടെ വിമർശങ്ങൾ പലപ്പോഴും സാങ്കേതിക വിദ്യകളോടും ആധുനികമായ എല്ലാ അറിവുകളോടും പുറംതിരിഞ്ഞുനിൽക്കുന്ന ഒരാളായി ഗാന്ധിയെ അവതരിപ്പിക്കുന്നതിലേക്ക് എത്തിനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ ആധുനികതയുടെ അറിവുകളെ, കണ്ടെത്തലുകളെ സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കായി ഉപയോഗപ്പെടുത്തിയ ഗാന്ധിയെ, അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കണ്ടെത്താൻ നമുക്ക് സാധിക്കും- കെ. സഹദേവന്‍ എഴുതുന്നു.

സേവാഗ്രാമിലെ 'ബാപ്പുകുടി'യുടെ മുൻവശത്തായുള്ള ബബൂൾ മരത്തിന് ചുറ്റും മണ്ണിട്ട് ഉറപ്പിച്ച തിട്ടിൽവിരിച്ച കമ്പളത്തിൽ മഗൻലാൽ ഒരു തൂവെള്ള ഖാദിത്തുണി നിവർത്തി വിരിച്ചിട്ടു.

മഹാത്മജി പതിവ് പ്രാർത്ഥനയ്ക്ക് ശേഷമുള്ള തന്റെ 'പ്രവചൻ'-നുള്ള തയ്യാറെടുപ്പിലാണ്. മഗൻലാൽ പ്രത്യേകം തയ്യാറാക്കിയ ഖാദിത്തുണി സഞ്ചിയിൽ നിന്ന് ട്രൈപോഡ് പുറത്തെടുത്തു. ഫോൺ കാമറ ട്രൈപോഡിൽ ഘടിപ്പിച്ച് മഹാത്മജിയുടെ മേൽമുണ്ടിൽ മൈക്രോഫോൺ ഘടിപ്പിച്ചതിനുശേഷം രംഗത്തുനിന്നും മാറി.

ഗാന്ധിജി സംസാരം ആരംഭിക്കുന്നതിനുമുമ്പ് അരനിമിഷം കണ്ണടച്ച് മൗനത്തിലേക്ക് മടങ്ങി. പിന്നീട് തന്റെ മുന്നിലിരിക്കുന്ന ചെറു ഡെസ്‌കിലെ കടലാസിലേക്ക് നോട്ടം പായിച്ചു.
'ആധുനിക ലോകവും യന്ത്രങ്ങളും', ഇന്നത്തെ പ്രഭാഷണത്തിനുള്ള വിഷയമാണ്. അദ്ദേഹം പതുക്കെ ആരംഭിച്ചു.

''താങ്കൾ യന്ത്രങ്ങൾക്ക് എതിരാണോ?'' പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് മറുപടി പറഞ്ഞുകൊണ്ടാകട്ടെ ഇന്നത്തെ പ്രഭാഷണം എന്ന് ഞാൻ വിചാരിക്കുന്നു.

സേവാഗ്രാമിൽ സൂക്ഷിച്ചിരിക്കുന്ന, ഗാന്ധി ഉപയോഗിച്ചിരുന്ന സാധനങ്ങൾ.
സേവാഗ്രാമിൽ സൂക്ഷിച്ചിരിക്കുന്ന, ഗാന്ധി ഉപയോഗിച്ചിരുന്ന സാധനങ്ങൾ.

''ഞാൻ എതിർക്കുന്നത് യന്ത്രങ്ങളോടുള്ള ഭ്രാന്തിനെയാണ്, യന്ത്രങ്ങളെയല്ല. തൊഴിൽ സമയം ലാഭിക്കുന്ന യന്ത്രങ്ങളോടുള്ള ഭ്രമത്തെയാണ്. ആയിരക്കണക്കിന് ആളുകൾ ജോലിയില്ലാതെ തുറന്ന തെരുവുകളിൽ പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യത്തിൽ അധ്വാനം ലാഭിക്കുന്നതിനായി നിർമ്മിക്കപ്പെടുന്ന യന്ത്രങ്ങളെയാണ് ഞാൻ എതിർക്കുന്നത്. സമയവും അധ്വാനവും ലാഭിക്കേണ്ടതുണ്ടെന്ന് ഞാൻ ചിന്തിക്കുന്നു, അത് മനുഷ്യരാശിയിലെ ചെറിയൊരു വിഭാഗത്തിനായല്ല, മറിച്ച്, എല്ലാവർക്കും വേണ്ടി; സമ്പത്തിന്റെ കേന്ദ്രീകരണം ചിലരുടെ കൈകളിലല്ല, എല്ലാവരുടെയും കൈകളിലായിരിക്കണം. ഇന്ന് യന്ത്രങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ മുതുകിൽ കയറാൻ ചിലരെ സഹായിക്കുന്നു. ഇവയ്ക്ക് പിന്നിലെ പ്രേരണ അദ്ധ്വാനത്തെ രക്ഷിക്കാനുള്ള മനുഷ്യസ്നേഹമല്ല, അത്യാഗ്രഹമാണ്. ഇതിനെതിരെയാണ് ഞാൻ സർവ്വശക്തിയുമുപയോഗിച്ച് പോരാടുന്നത്.

‘അപ്പോൾ നിങ്ങൾ യുദ്ധം ചെയ്യുന്നത് യന്ത്രങ്ങൾക്കെതിരെയല്ല, മറിച്ച് ഇന്ന് വളരെയധികം തെളിവുള്ള അതിന്റെ ദുരുപയോഗത്തിനെതിരെയാണ്’ എന്ന ചോദ്യം ഉയരും.
ഒട്ടും മടികൂടാതെ 'അതെ' എന്നു പറയും; അതോടൊപ്പം ശാസ്ത്ര സത്യങ്ങളും കണ്ടുപിടുത്തങ്ങളും അത്യാഗ്രഹത്തിനുള്ള ഉപകരണങ്ങളായി മാറുന്നത് ആദ്യം അവസാനിപ്പിക്കണമെന്നുകൂടി ഞാൻ കൂട്ടിച്ചേർക്കും. അപ്പോൾ തൊഴിലാളികൾക്ക് അമിത ജോലി ചെയ്യേണ്ടിവരില്ല. യന്ത്രങ്ങൾ തടസ്സമാകുന്നതിനുപകരം സഹായമാകും. എല്ലാ യന്ത്രസാമഗ്രികളുടെയും ഉന്മൂലനം അല്ല, അവയുടെ നിയന്ത്രണമാണ് ഞാൻ ലക്ഷ്യമിടുന്നത്.
‘യുക്തിപരമായി വാദിക്കുമ്പോൾ, സങ്കീർണ്ണമായ എല്ലാ പവർ-ഡ്രൈവ് മെഷിനറികളും പോകണമെന്ന്’ അത് സൂചിപ്പിക്കുന്നു.''

''അത് പുറത്തുപോകേണ്ടി വന്നേക്കാം, പക്ഷേ എനിക്ക് ഒരു കാര്യം വ്യക്തമാക്കണം. പരമോന്നത പരിഗണന മനുഷ്യനാണ്. യന്ത്രം മനുഷ്യന്റെ കൈകാലുകൾ ക്ഷയിപ്പിക്കാൻ പാടില്ല. ഉദാഹരണത്തിന്, ഞാൻ ബുദ്ധിപരമായ ഒഴിവാക്കലുകൾ നടത്തും. സിംഗർ തയ്യൽ മെഷീന്റെ കാര്യം എടുക്കുക. ഇതുവരെ കണ്ടുപിടിച്ച ചില ഉപയോഗപ്രദമായ കാര്യങ്ങളിൽ ഒന്നാണിത്. ഉപകരണത്തെക്കുറിച്ച് തന്നെ ഒരു പ്രണയമുണ്ട്. സ്വന്തം കൈകൊണ്ട് തുണികൾ തുന്നിച്ചേർക്കുന്ന മടുപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന തന്റെ ഭാര്യയെ സിംഗർ കണ്ടു, അവളോടുള്ള സ്‌നേഹം കാരണം അനാവശ്യമായ ജോലിയിൽ നിന്ന് അവളെ രക്ഷിക്കാൻ അയാൾ തയ്യൽ മെഷീൻ കണ്ടുപിടിച്ചു. എന്നിരുന്നാലും, അവളുടെ അധ്വാനം മാത്രമല്ല, ഒരു തയ്യൽ മെഷീൻ വാങ്ങാൻ കഴിയുന്ന എല്ലാവരുടെയും അദ്ധ്വാനവും അയാൾ സംരക്ഷിച്ചു.
‘അങ്ങനെയെങ്കിൽ ഈ സിംഗർ തയ്യൽ മെഷീനുകൾ നിർമ്മിക്കുന്നതിന് ഒരു ഫാക്ടറി ഉണ്ടായിരിക്കണം, അതിൽ സാധാരണ തരത്തിലുള്ള പവർ-ഡ്രൈവ് മെഷിനറികൾ ഉണ്ടായിരിക്കണം’ എന്ന ചോദ്യം ഉയർന്നുവന്നേക്കാം.
ഉറപ്പായും, എന്നാൽ അത്തരം ഫാക്ടറികൾ ദേശസാൽക്കരിക്കപ്പെടണം, അല്ലെങ്കിൽ ഭരണകൂടം നിയന്ത്രിക്കണം എന്ന് പറയാൻ ഞാനൊരു സോഷ്യലിസ്റ്റാകും. അവർ ഏറ്റവും ആകർഷകവും അനുയോജ്യവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കണം, ലാഭത്തിനുവേണ്ടിയല്ല, മറിച്ച് മനുഷ്യരാശിയുടെ പ്രയോജനത്തിനായി, അത്യാഗ്രഹത്തിന്റെ സ്ഥാനത്തെ സ്‌നേഹം പ്രേരകമായി എടുക്കുന്നു. ജോലിയുടെ അവസ്ഥയിൽ ഞാൻ ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. സമ്പത്തിനായുള്ള ഈ ഭ്രാന്തൻ തിരക്ക് അവസാനിപ്പിക്കണം.

ചർക്കയിൽ നൂൽനൂൽക്കുന്ന മഹാത്മാഗാന്ധി
ചർക്കയിൽ നൂൽനൂൽക്കുന്ന മഹാത്മാഗാന്ധി

തൊഴിലാളിക്ക് ജീവിക്കാനുള്ള വേതനം മാത്രമല്ല, കേവലം അലസതയല്ലാത്ത ദൈനംദിന ജോലിയും ഉറപ്പാക്കണം. യന്ത്രങ്ങൾ, ഈ വ്യവസ്ഥകളിൽ, അത് പ്രവർത്തിക്കുന്ന മനുഷ്യന് ഭരണകൂടത്തെപ്പോലെ അല്ലെങ്കിൽ അതിന്റെ ഉടമസ്ഥനെപ്പോലെ ഒരു സഹായമായിരിക്കും. ഇപ്പോഴത്തെ ഭ്രാന്തമായ തിരക്ക് അവസാനിക്കും. തൊഴിലാളികൾ ഞാൻ സൂചിപ്പിച്ചതുപോലെ, ആകർഷകവും അനുയോജ്യവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കും. ഇത് എന്റെ മനസ്സിലുള്ള ഒരു അപവാദം മാത്രമാണ്. തയ്യൽ മെഷീന് അതിന്റെ പിന്നിൽ സ്‌നേഹമുണ്ടായിരുന്നു. വ്യക്തി ഒരു പരമോന്നത പരിഗണനയാണ്. അത്യാഗ്രഹത്തെ സ്‌നേഹത്താൽ മാറ്റിസ്ഥാപിക്കുക, എല്ലാം ശരിയാകും.''

യന്ത്രങ്ങളെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചുകൊണ്ട് ഗാന്ധി പതിനഞ്ച് മിനുട്ട് നീണ്ട പ്രഭാഷണം പൂർത്തിയാക്കി.

യൂട്യൂബറായ ഗാന്ധിയോ?

നിരന്തരം വ്‌ളോഗ് എഴുതുന്ന, സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഗാന്ധിയെ സങ്കൽപ്പിക്കുന്നത് ഒരുവേള ഒരസംബന്ധ നാടകമായി തോന്നാൻ സാധ്യതയുണ്ടെന്ന് കരുതിക്കൊണ്ടുതന്നെയാണ് ഇത്തരമൊരു സങ്കൽപ്പദൃശ്യം ഇവിടെ അവതരിപ്പിച്ചത്.

ആധുനികതയോടുള്ള, അതിന്റെ മൂല്യബോധങ്ങളെ സംബന്ധിച്ച ഗാന്ധിയുടെ വിമർശങ്ങൾ പലപ്പോഴും സാങ്കേതിക വിദ്യകളോടും ആധുനികമായ എല്ലാ അറിവുകളോടും പുറംതിരിഞ്ഞുനിൽക്കുന്ന ഒരാളായി ഗാന്ധിയെ അവതരിപ്പിക്കുന്നതിലേക്ക് എത്തിനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ ആധുനികതയുടെ അറിവുകളെ, കണ്ടെത്തലുകളെ സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കായി ഉപയോഗപ്പെടുത്തിയ ഗാന്ധിയെ, അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കണ്ടെത്താൻ നമുക്ക് സാധിക്കും.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് 'പബ്ലിക് ഫിനാൻസി'ൽ ബിരുദാനന്തര ബിരുദവുമായി ജോസഫ് കൊർണേലിയസ് കുമരപ്പ എന്ന ജെ.സി. കുമരപ്പ ഗാന്ധിയെ കാണാനെത്തുമ്പോൾ സബർമതിയിലെ ആശ്രമവാസികൾക്ക്, ഹിന്ദിയോ ഗുജറാത്തിയോ സംസാരിക്കാനറിയാത്ത, നിലത്ത് ചമ്രം പടിഞ്ഞിരിക്കാൻ പോലും വശമില്ലാത്ത, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ 'കറുത്ത ധ്വര'യെക്കുറിച്ച് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല.

ജെ.സി. കുമരപ്പ
ജെ.സി. കുമരപ്പ

കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുജറാത്ത് വിദ്യാപീഠത്തിൽ കാക്കാ കാലേൽക്കറെ കാണാൻ ഗാന്ധി കുമരപ്പയോട് ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകൾ അറിയാത്ത കുമരപ്പ വിദ്യാപീഠത്തിൽ അധികപ്പറ്റാകുമെന്നായിരുന്നു കാലേൽക്കറുടെ ഭയം. കൂടിക്കാഴ്ചയിൽ നിരാശനായ കുമരപ്പ തിരിച്ച് ബോംബെയിൽ എത്തിയതിന് ശേഷം അക്കാര്യം അറിയിച്ചുകൊണ്ട് ഗാന്ധിക്ക് കത്തെഴുതി.

എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയ, സാമ്പത്തിക വിശകലനത്തിൽ അഗ്രഗണ്യനായ, പബ്ലിക് ഫിനാൻസിനെ സംബന്ധിച്ച പഠനത്തിൽ വിശാരദനായ കുമരപ്പയെ വിട്ടുകളയാൻ ഗാന്ധി ഒരുക്കമായിരുന്നില്ല. ഈ ദിവസങ്ങൾക്കുള്ളിൽ പബ്ലിക് ഫിനാൻസിനെ സംബന്ധിച്ച കുമരപ്പയുടെ തിസീസിലൂടെ ഗാന്ധി കടന്നുപോയിരുന്നു. കുമരപ്പയുടെ വൈദഗ്ധ്യത്തെ, വിശ്ലേഷണ പാടവത്തെ രാജ്യത്തിന്റെ പൊതുവായ താൽപ്പര്യത്തിനായി ഉപയോഗപ്പെടുത്താൻ ഗാന്ധി അപ്പോഴേക്കും പദ്ധതി ആസൂത്രണം ചെയ്തു കഴിഞ്ഞിരുന്നു.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ 'മാതർ' താലൂക്കിൽ സാമ്പത്തിക സർവ്വേ നടത്താൻ ഗാന്ധി കുമരപ്പയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം കർശനമായ ശാസ്ത്രീയ സർവേകളിലൂടെ ലഭിച്ച വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കണം വികസിക്കേണ്ടതെന്ന് ഗാന്ധി ആഗ്രഹിച്ചിരുന്നു. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അപഗ്രഥന-വിശ്ലേഷണ രീതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ അവയുടെ ചൂഷണാത്മക മുഖങ്ങളെ കണ്ടെത്താൻ ഗാന്ധിക്ക് അൽപ്പംപോലും മടിയുണ്ടായിരുന്നില്ല.

സർദാർ വല്ലഭ് ഭായ് പട്ടേൽ ചെയർമാനും കുമരപ്പ ഡയറക്ടറുമായി രൂപീകരിക്കപ്പെട്ട കമ്മറ്റി മാതർ താലൂക്കിലെ 54 ഗ്രാമങ്ങളിൽ 1929 ഡിസംബർ മുതൽ 1930 മാർച്ച് വരെയുള്ള കാലയളവിൽ സർവ്വേ നടത്തി. 1931-ൽ കുമരപ്പ തന്റെ സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന നിരവധി സാമ്പത്തിക സർവ്വേകൾക്ക് അടിത്തറ പാകുന്ന ഒന്നായിരുന്നു കുമരപ്പയുടെ മുൻകൈയ്യിൽ നടന്ന ആ സർവ്വേ.

കുമരപ്പയെ കണ്ടെത്തിയ ഗാന്ധി യഥാർത്ഥത്തിൽ കണ്ടെത്തിയത്, ശാസ്ത്രീയ അപഗ്രഥനരീതികളിലൂടെ പ്രശ്‌നങ്ങളുടെ കാതലിലേക്ക് കടന്നെത്താൻ കഴിയുന്ന, മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം ആഗ്രഹിച്ചിരുന്ന, ഒരു മാനവിക ശാസ്ത്രജ്ഞനെത്തന്നെയായിരുന്നു. പരീക്ഷണാത്മക തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായ സ്വയം തിരുത്തലുകളുടെ ശാസ്ത്രീയ രീതിക്ക് സ്വയം വിധേയനായ ഒരു വ്യക്തിക്ക് ഇതല്ലാതെ സാധിക്കുമായിരുന്നില്ല.

ആധുനികതയെയും ആധുനിക ശാസ്ത്രബോധ്യങ്ങളെയും സംബന്ധിച്ച് തീർച്ചയായും ഗാന്ധിക്ക് വിമർശങ്ങളുണ്ടായിരുന്നു. 1925 മാർച്ചിൽ തിരുവനന്തപുരത്ത് ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളോട് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ഗാന്ധി തന്റെ മനസ്സ് തുറന്നു.

''ഞാൻ ശാസ്ത്രത്തിന്റെ എതിരാളിയോ, ശത്രുവോ ആണെന്നത് ഇന്ത്യയിലും അതിലേറെ ഇന്ത്യയ്ക്ക് പുറത്തും ഒരു സാധാരണ അന്ധവിശ്വാസമാണ്-കാരണം യൂറോപ്പിലെയും അമേരിക്കയിലെയും എന്റെ കത്തിടപാടുകളിൽ നിന്ന് ഞാൻ കണ്ടെത്തിയത് അതാണ്. ഇത്തരമൊരു വ്യക്തിയായി ചിത്രീകരിക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നും സത്യത്തിൽ നിന്നും അകലെയായിരിക്കില്ല..... ശാസ്ത്രം അതിന്റെ ശരിയായ സ്ഥലത്ത് സൂക്ഷിച്ചാൽ അതില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ ശാസ്ത്രത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ലോകത്ത് അലഞ്ഞുതിരിയുന്നതിനിടയിൽ ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഞാൻ ശരിക്കും ശാസ്ത്രത്തിന്റെ എതിരാളിയാണെന്ന് ആളുകൾ കരുതുന്ന തരത്തിൽ പലപ്പോഴും പരാമർശിക്കപ്പെടുകയോ അല്ലെങ്കിൽ അത്തരം പരാമർശങ്ങൾ നടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്റെ വിനീതമായ അഭിപ്രായത്തിൽ, ശാസ്ത്രാന്വേഷണത്തിന് പോലും പരിമിതികളുണ്ട്. ശാസ്ത്രാന്വേഷണത്തിൽ ഞാൻ കാണുന്ന പരിമിതികൾ നാം നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്ന പരിമിതികളാണ്’’.

സർദാർ വല്ലഭ് ഭായ് പട്ടേൽ
സർദാർ വല്ലഭ് ഭായ് പട്ടേൽ

രണ്ട് വർഷത്തിന് ശേഷം, 1927 ജൂലൈ 12ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ, അടിസ്ഥാനവർഗ്ഗത്തിന്റെ പ്രയോജനത്തിനായി ശാസ്ത്രത്തെ വിനിയോഗിക്കാൻ ശാസ്ത്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
''നിങ്ങളുടെ ലബോറട്ടറികളിലെ ചില പരീക്ഷണങ്ങൾ 24 മണിക്കൂറും തുടരുന്നതുപോലെ, ഇന്ത്യയിലെ ദശലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ നേട്ടത്തിനായുള്ള ഊഷ്മളത നിങ്ങളുടെ ഹൃദയത്തിന്റെ വിശാല കോണിൽ ശാശ്വതമായി നിലനിൽക്കട്ടെ''.
പിന്നീടദ്ദേഹം രസതന്ത്രജ്ഞനും സംരംഭകനുമായ പി.സി.റോയിയെ ഉദ്ധരിച്ചുകൊണ്ട് സമൂഹപുരോഗതിക്കൊപ്പം ശാസ്ത്രത്തെ സമന്വയിപ്പിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയുണ്ടായി. ഹ്രസ്വമെങ്കിലും കാമ്പുറ്റ ഈ പ്രഭാഷണത്തിൽ മനുഷ്യരാശി നേരിടുന്ന കടുത്ത ആശങ്കകളെ ശാസ്ത്രം മനസ്സിലാക്കണമെന്ന് ഗാന്ധി അഭ്യർത്ഥിച്ചു.

ഹിന്ദുസ്ഥാനിലെ വിദേശവസ്ത്ര ബഹിഷ്‌കരണം ഇംഗ്ലണ്ടിലെ വസ്ത്ര വ്യവസായത്തെ താറുമാറാക്കിയപ്പോൾ, ലങ്കാഷെയറിലെയും മാഞ്ചസ്റ്ററിലെയും തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കായ തൊഴിലാളികളോട് ഗാന്ധി നടത്തിയ പ്രസംഗം സാങ്കേതികവിദ്യകളെ അദ്ദേഹം കാണുന്നതെങ്ങനെയെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാന്ധി പറഞ്ഞു: ''ഇവിടുത്തെ തൊഴിലില്ലായ്മ എന്നെ വേദനിപ്പിക്കുന്നു. എന്നാലിവിടെ പട്ടിണിമരണമോ അർദ്ധ പട്ടിണിയോ ഇല്ല. ഹിന്ദുസ്ഥാനിൽ ഇവ രണ്ടുമുണ്ട്. നിങ്ങൾ ഹിന്ദുസ്ഥാനിൽ ചെല്ലുകയാണെങ്കിൽ ഹിന്ദുസ്ഥാനിലെ ഗ്രാമങ്ങളിൽ ഗ്രാമീണ ജനങ്ങളുടെ കണ്ണുകളിൽ നിങ്ങൾക്ക് നിരാശമാത്രമാണ് കാണാൻ കഴിയുക. അർദ്ധപട്ടിണിക്കാരായ, എല്ലിൻതോലുമായ, ജീവിച്ച് മരിച്ചുകൊണ്ടിരിക്കുന്നവരെയാണ് നിങ്ങൾക്ക് അവിടെ ദർശിക്കാൻ കഴിയുക. അവർക്ക് എന്തെങ്കിലും തൊഴിലിന്റെ രൂപത്തിൽ ജീവിതമോ അന്നമോ നൽകി ഹിന്ദുസ്ഥാനെ സചേതനമാക്കാൻ കഴിഞ്ഞുവെങ്കിൽ ഹിന്ദുസ്ഥാന് ലോകത്തെ സഹായിക്കുവാൻ കഴിയും. ഹിന്ദുസ്ഥാൻ ഇന്നത്തെ അവസ്ഥ ശാപമേറ്റതുപോലെയാണ്. ഈ അർദ്ധപട്ടിണിക്കാരായ ജീവാത്മാക്കൾ ഉടൻതന്നെ അവസാനിക്കുകയാണെങ്കിൽ നല്ലത് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവും എന്റെ രാജ്യത്തുണ്ട്. കാരണം അതിലൂടെ മറ്റുള്ളവർക്ക് ജീവിക്കാമെന്നതു തന്നെ. ഞാനൊരു മാനുഷികമായ രീതി അന്വേഷിച്ചു കണ്ടെത്തി. അവർക്ക് പരിചയമുള്ളതും, വീട്ടിലിരുന്നുകൊണ്ട് ചെയ്യാവുന്നതും അതിന് പിന്നിൽ ഉപകരണങ്ങൾക്കായി വൻതുക ചെലവഴിക്കേണ്ടതില്ലാത്തതും, അതിന്റെ ഉത്പന്നം എളുപ്പത്തിൽ വിറ്റഴിക്കാൻ സാധിക്കുന്നതുമായ ഒരു ജോലി ഞാനവർക്ക് കണ്ടെത്തി നൽകി.''

സ്പ്രിംഗ്ഫീൽഡ് ഗാർഡനിലെ മറ്റൊരു യോഗത്തിൽ ഗാന്ധി പറഞ്ഞു: ‘‘ഒരു രാഷ്ട്രമെന്ന നിലയിൽ എല്ലാ വിദേശ വസ്ത്രങ്ങളും ബഹിഷ്‌കരിക്കുക എന്നത് ഞങ്ങളുടെ പ്രതിജ്ഞയാണ്. എന്നാൽ ഇംഗ്ലണ്ടിനും ഹിന്ദുസ്ഥാനിനും ഇടയിൽ മാന്യമായ പരിഹാരം സാധ്യമായാൽ, ഞങ്ങളുടെ വസ്ത്രങ്ങൾക്ക് പുറമെ, ഞങ്ങൾക്ക് വേണ്ടിവരുന്ന വിദേശ വസ്ത്രങ്ങൾ മറ്റേത് രാജ്യത്തുനിന്നും വാങ്ങുന്നതിനേക്കാൾ ലങ്കാഷെയറിൽ നിന്നും വാങ്ങുവാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു''.

സാങ്കേതികവിദ്യകളോടുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് എന്തെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളിലൊന്നാണിത്. തൊഴിലില്ലായ്മ അനുഭവിക്കുന്ന രണ്ട് വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം രാഷ്ട്രീയ ധാർമ്മികതയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായി മാറുന്നു.

ഇന്ത്യൻ ഇന്റിറ്റ്യൂട്ട് ഓഫ് സയൻസ് സന്ദർശിക്കുന്ന ഗാന്ധി (1927, ജൂലൈ 12)
ഇന്ത്യൻ ഇന്റിറ്റ്യൂട്ട് ഓഫ് സയൻസ് സന്ദർശിക്കുന്ന ഗാന്ധി (1927, ജൂലൈ 12)

ആധുനികതയോടും ശാസ്ത്രത്തോടുമുള്ള ഗാന്ധിയുടെ കടുത്ത വിമർശങ്ങളെ മുൻനിർത്തി, ആധുനിക ശാസ്ത്രത്തിന്റെ സത്തയിൽ തന്നെ ജ്ഞാനശാസ്ത്രപരമായ ഹിംസ (epistemological violence) അടങ്ങിയിരിക്കുന്നുവെന്ന സിദ്ധാന്തീകരണം പിൽക്കാലത്ത് ചില ചിന്തകർ നടത്തിയിട്ടുണ്ടെന്ന് കാണാം.
''ആധുനിക ശാസ്ത്രത്തോടുള്ള ഗാന്ധിയുടെ നിരാകരണമാണ് പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ ആക്രമണത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രമേയം'' എന്ന് ആശിഷ് നന്ദിയെപ്പോലുള്ളവർ അതിവായന നടത്തുന്നുണ്ടെങ്കിലും ഇതിനാധാരമായ ഗാന്ധിയുടേതായ യാതൊന്നും നിരത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്.

ശാസ്ത്രത്തിന് മനുഷ്യമുഖം നൽകാൻ ആഗ്രഹിച്ച, ആർത്തിയെ സ്‌നേഹത്താൽ പകരംവെക്കുന്ന, സാങ്കേതികവിദ്യകൾക്ക് മേൽ സാമൂഹിക നിയന്ത്രണം ആവശ്യപ്പെട്ട ഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതകാലത്തെ ഓരോ പ്രവർത്തികളിലും കണ്ടെത്താൻ നമുക്ക് സാധിക്കും. അതുകൊണ്ടുതന്നെ യൂട്യൂബറായ, വ്‌ളോഗറായ ഗാന്ധി എന്നത് ഒരു അസംബന്ധ സങ്കല്പനമായി മാറേണ്ടതില്ലതന്നെ..


Summary: YouTuber Gandhi K Sahadevan writes about Gandhi who used modern knowledge and discoveries for the common good of society.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments