ഗുജറാത്തിലും പ്രവർത്തിച്ച ‘മലപ്പുറം മോഡൽ’

ഗുജറാത്തിൽ ഹിംസയുടെ രക്തക്കടലിനിടയിൽ പ്രവർത്തിച്ച ഒരു മലപ്പുറം മോഡലിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവം വായിക്കൂ. വി. മുസഫർ അഹമ്മദ് എഴുതുന്നു.

കോട്ടക്കൽ ശശിധരന്റെ ആത്മകഥ ‘പകർന്നാട്ട’ത്തിൽ ഗുജറാത്തിൽ പ്രവർത്തിച്ച മലപ്പുറം ‘മോഡലി’നെക്കുറിച്ച് ഒരു സത്യസാക്ഷ്യമുണ്ട്. അതേ സാക്ഷ്യം അദ്ദേഹം മാതൃഭൂമി പത്രത്തിൽ ‘പച്ചയും കത്തിയും‘ എന്ന ശീർഷകത്തിലും എഴുതിയിരുന്നു. അതിങ്ങനെയാണ്:

നീണ്ട മുപ്പത്തിയേഴ് വർഷത്തെ ദേശാടനത്തിനു ശേഷം ഞാൻ ജൻമനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. അനുഗ്രഹീത കലാകാരി മൃണാളിനി സാരാഭായിയുടെ ‘ദർപ്പണ’യിൽ അധ്യാപകൻ, ലോകമെങ്ങുമുള്ള കഥകളി അരങ്ങുകളിൽ നടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കെട്ടിയാടുകയായിരുന്നു ഇത്രയും കാലം. കഴിഞ്ഞ കാലത്തെക്കുറിച്ച് പച്ച തെളിഞ്ഞു നിൽക്കുന്ന ഒരു പാട് ഓർമ്മകളുണ്ട് മനസ്സിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ ‘ദർപ്പണ‘യുടെ കാര്യാലയത്തിനടുത്ത് തൽതേജ് എന്ന സ്​ഥലത്താണ് ഞാൻ വീടുവെച്ചത്. ഗുജറാത്തിൽ കലാപം നടക്കുന്ന ദിവസങ്ങളിൽ ഞാൻ കൊൽക്കത്തയിലായിരുന്നു. മനുഷ്യരെ വെട്ടിയും കുത്തിയും തീയിട്ടും കൊല്ലുന്നതിന്റെ സംഭ്രമജനകമായ വാർത്തകളും ചിത്രങ്ങളും ഞാൻ ടി.വിയിലൂടെ കണ്ടു കൊണ്ടിരുന്നു.
ഇതിനിടയിലാണ് ഒരു ഫോൺ കാൾ വരുന്നത്. തൽതേജിലെ വീട്ടിൽ നിന്ന് വിറയാർന്ന ശബ്ദത്തിൽ ഭാര്യ വസന്ത വിളിക്കുകയാണ്. തെരുവിലെ കലാപത്തിൽ നിന്ന് രക്ഷപ്പെട്ടോടിയെത്തിയ ആരോ ‘ചേച്ചീ രക്ഷിക്കണേ’ എന്ന് നിലവിളിച്ചു കൊണ്ട് കതകിൽ മുട്ടിയെത്ര. മലയാളികളാണല്ലോ എന്നോർത്ത് ധൈര്യം സംഭരിച്ച് ഭാര്യ വാതിൽ തുറന്നു നോക്കുമ്പോൾ അഞ്ചെട്ടു ചെറുപ്പക്കാർ പേടിച്ച് വിറച്ചുകൊണ്ട് നിൽക്കുകയാണ്. മിക്കവർക്കും 18–20 വയസ്സ് പ്രായം. ഏറനാട്ടിലും പരിസരങ്ങളിലുമുള്ള മുസ്​ലിം കുട്ടികളാണ്. ടയറുകടകളിലും മറ്റും ചെറിയ ജോലി ചെയ്യുന്നവർ. എന്തും വരട്ടെയെന്ന് കരുതി ഭാര്യ അവരെ അകത്തു കയറ്റി വാതിലടച്ചു. ഈ വിവരം എന്നെ അറിയിക്കാനും ഇനിയെന്തു വേണമെന്ന് ചോദിക്കാനുമാണ് അവൾ വിളിച്ചത്. പേടിച്ചു വിറച്ചു നിൽക്കുന്ന ആ കുട്ടികളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ താമസിക്കുന്ന പ്രദേശം ബജ്രംഗ്ദൾകാരുടെ ശക്തികേന്ദ്രമാണ്. വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ അവരിലൊരാൾ പോലും ജീവനോടെ ബാക്കിയായി എന്നു വരില്ല. പക്ഷെ, കുറെ മുസ്ലിംകളെ എന്റെ വീട്ടിൽ ഒളിപ്പിച്ചു എന്നറിഞ്ഞാൽ പക ഞങ്ങളോടാവും. എന്തും സംഭവിക്കാം. ഞാൻ വീട്ടിൽ ഇല്ല താനും. മതമൈത്രിക്ക് പേരു കേട്ട മലപ്പുറം ജില്ലയിൽ ജനിച്ചു വളർന്നതുകൊണ്ടാവാം, എനിക്കവരെ ഇറക്കിവിടണമെന്ന് പറയാൻ മനസ്സു വന്നില്ല. അവരെ മുകളിലത്തെ മുറിയിലാക്കി ഭക്ഷണം കൊടുക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞു. ആരും അറിയാതെ ഏഴു ദിവസം അവൾ അവരെ സംരക്ഷിച്ചു.

മൃണാളിനി സാരാഭായ്, മല്ലികാ സാരഭായ് എന്നിവർക്കൊപ്പം കോട്ടക്കൽ ശശിധരൻ
മൃണാളിനി സാരാഭായ്, മല്ലികാ സാരഭായ് എന്നിവർക്കൊപ്പം കോട്ടക്കൽ ശശിധരൻ

ഞാൻ കൊൽക്കത്തയിൽ നിന്നും തിരിച്ചെത്തുമ്പോഴേക്കും നഗരം ഏറെക്കുറെ ശാന്തമായിരുന്നു. ഏതോ സന്നദ്ധ സംഘടന ഇടപെട്ട് ആ ചെറുപ്പക്കാരെ കൂട്ടിക്കൊണ്ടു പോയി. അവരെ അന്ന് തീവ്രവാദികൾ കണ്ടെത്തിയാലുണ്ടാകുമായിരുന്ന ഭവിഷ്യത്തുകൾ ഓർക്കുമ്പോൾ എനിക്കിന്നും നടുക്കം തോന്നാറുണ്ട്. അതോടൊപ്പം, പറഞ്ഞറിയിക്കാനാവാത്ത ചാരിതാർഥ്യവും.

ഒരു സ്വകാര്യ സംഭാഷണത്തിൽ കോട്ടക്കൽ ശശിധരൻ ഈ അനുഭവം വിശദീകരിക്കുമ്പോൾ ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു:

മലപ്പുറത്ത് ജനിച്ചു വളർന്ന ധൈര്യം, കോട്ടക്കൽ കൈലാസ മന്ദിരത്തിൽ വളർന്നതിന്റെ ഗുണം, അച്ഛനമ്മമാരിൽ നിന്നു കിട്ടിയ അറിവ്, കല തന്ന മനസ്സ്– ഇതൊക്കെയാണ് ഇങ്ങനെ ചെയ്യാൻ ധൈര്യം തന്നത്.

കോട്ടക്കൽ ശശിധരന്റെ ആത്മകഥയിലെ ഈ ഭാഗം ഗുജറാത്ത് വംശീയഹത്യാവാദികൾക്കും മലപ്പുറം വിരുദ്ധർക്കും ഒരേ പോലെ മറുപടി നൽകുന്നു. വെള്ളാപ്പള്ളി തീർച്ചയായും ഈ ആത്മകഥാ ഭാഗം വായിക്കണം. ഗുജറാത്തിൽ ഹിംസയുടെ രക്തക്കടലിനിടയിൽ പ്രവർത്തിച്ച മലപ്പുറം മോഡൽ തിരിച്ചറിയണം. എമ്പുരാൻ കാലത്ത് കോട്ടക്കൽ ശശിധരൻ എന്ന നർത്തകൻ തന്റെ സ്വന്തം ജീവിതാനുഭവം കൊണ്ട് ഗുജറാത്തിനെക്കുറിച്ച് പറയുന്നു, വെള്ളാപ്പള്ളി കാലത്ത് മലപ്പുറത്തെക്കുറിച്ചും പറയുന്നു.

വൈലോപ്പിള്ളിയുടെ ‘വർക്കത്തുകെട്ട താറാവ്’ എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:

‘മുട്ടയിതൊന്നേ വിരിയാതുള്ളൂ,
കഷ്​ടമിതെന്തേ വിരിയാത്തൂ’.

അതെ, ആ മലപ്പുറം വിരുദ്ധത–
കഷ്​ടമിതെന്തേ വിരിയാത്തൂ?

കലാമണ്ഡലം രാമൻകുട്ടി നായർക്കൊപ്പം കോട്ടക്കൽ ശശിധരനും പങ്കാളി വസന്തയും (കടപ്പാട്: ഫേസ് ബുക്ക്).
കലാമണ്ഡലം രാമൻകുട്ടി നായർക്കൊപ്പം കോട്ടക്കൽ ശശിധരനും പങ്കാളി വസന്തയും (കടപ്പാട്: ഫേസ് ബുക്ക്).

Summary: V Musafar Ahammed writes about a Malappuram Model that worked in Gujarat. An episode from Kathakali artist Kottakkal Sasidharan's autobiography.


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments