മല്ലികാർജുൻ ഖാർഗേ

മോദി എന്ന ആശങ്ക,
ഖാർഗെ എന്ന പ്രതീക്ഷ

‘‘മോദി വിരുദ്ധ രാഷ്ട്രീയത്തിന് ആര് നേതൃത്വം കൊടുക്കും? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്ന്. അതിന്റെ ഉത്തരത്തിലേക്കടുക്കുന്ന വലിയൊരു ഉത്തരവാദിത്തത്തിന്റെ പേരാണ് മല്ലികാർജുൻ ഖാർഗേ’’- എൻ.ഇ. സുധീർ എഴുതുന്നു.

രേന്ദ്ര മോദിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം എങ്ങനെ നേരിടും? മോദി വിരുദ്ധ രാഷ്ട്രീയത്തിന് ആര് നേതൃത്വം കൊടുക്കും? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിത്.

വെറുമൊരു ഇലക്ടറൽ ഡെമോക്രസിയായി ഇന്ത്യൻ ജനാധിപത്യം ചുരുങ്ങുമ്പോൾ കൂടുതൽ സീറ്റുകൾ നേടിക്കൊണ്ടേ അതിനെ നേരിടാൻ കഴിയൂ. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഒത്തൊരുമയോടെ പ്രവർത്തിച്ച് മോദിയുടെ പരാജയം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി രൂപീകരിച്ച കൂട്ടായ്മയാണ് ‘ഇന്ത്യ - l N D I A’. കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയാണ് ഇതിൻ്റെയും ചെയർപേഴ്സൺ. 

കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ 83 കാരനായ ഈ നേതാവിൻ്റെ മുന്നിലെ ഉത്തരവാദിത്തങ്ങൾ ഏറെയാണ്. അയാളുടെ ഖജനാവിൽ ആവശ്യത്തിന് പണമില്ല; അധികാരവുമില്ല. പരാജയത്തിൻ്റെ കയ്പേറിയ നേരനുഭവങ്ങളാൽ മോഹഭംഗം വന്ന കുറേ നേതാക്കളാണ് കൂടെയുള്ളത്. അവരെ കൊത്തിയെടുക്കാൻ ഹിന്ദുത്വകഴുകന്മാർ ചുറ്റിനുമുണ്ട്. പലരും തക്കം പാർത്തിരിക്കുകയാണ്; മറുകണ്ടം ചാടാൻ. ആകെ ആശ്വാസമായുള്ളത്  സംഭവബഹുലമായ ഒരു ഭൂതകാലം മാത്രമാണ്. എന്നിട്ടും, ഈ മനുഷ്യൻ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ എന്നത് ഈ തിരഞ്ഞെടുപ്പ് കാലത്ത് വലിയൊരു ഉത്തരവാദിത്തത്തിൻ്റെ പേരാണ്.  പ്രസ്ഥാനം അതിൻ്റെ മഹത്തായ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തിൻ്റെ മാത്രമല്ല; രാജ്യത്തിൻ്റെ നിലനിൽപ്പു കൂടിയാണ് അപകടാവസ്ഥയിലുള്ളത്. ഇത് വ്യക്തമായി അറിയാം എന്നതാണ് മല്ലികാർജുൻ  ഖാർഗെ എന്ന നേതാവിൻ്റെ കരുത്ത്. 

ഡിസംബറിൽ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേരാണ് നിർദേശിച്ചത്.

പ്രലോഭനങ്ങൾക്കു വഴങ്ങാതെ, ആരോപണങ്ങൾക്ക് വഴിയൊരുക്കാതെ ഈ മനുഷ്യൻ താണ്ടിയത് വലിയൊരു പൊതുജീവിതമാണ്. ഏഴു പതിറ്റാണ്ടിൻ്റെ രാഷ്ട്രീയ ജീവിതം. നിയമസഭയിലും പാർലമെൻ്റിലും ദീർഘകാലം പ്രവർത്തിച്ച പരിചയം.
മല്ലികാർജുൻ ഖാർഗെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലെത്തിയ വ്യക്തിയാണ്. കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൻ്റെ ബ്ലോക്ക്തലം തൊട്ടിങ്ങോട്ടുള്ള പടവുകളെല്ലാം കടന്നാണ് അദ്ദേഹം  മുന്നോട്ടുവന്നത്. 1972-മുതൽ ഒൻപത് തവണ കർണാടകയിലെ ഗുർമിട്ക്കൽ നിയമസഭ മണ്ഡലത്തിൻ്റെ പ്രതിനിധിയായി നിയമസഭയിലെത്തിയിട്ടുണ്ട്. ഏഴു തവണ കർണാടകയിലെ  മന്ത്രിസഭകളിൽ  വിവിധ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2009- ലും 2014-ലും ഗുൽബർഗ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 2009- ൽ കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. കുറച്ചുകാലം കേന്ദ്ര റെയിവേ മന്ത്രിയുമായിരുന്നു. 2019 -ൽ പാർലമെൻ്റിലേക്കുള്ള മത്സരത്തിൽ ഗുൽബർഗിൽ നിന്നു തന്നെ ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2020-ൽ കർണ്ണാടകയിൽ നിന്ന് രാജ്യസഭയിലെത്തി. പാർട്ടിയുടെ അധ്യക്ഷ പദവിയ്ക്കായി മത്സരിക്കുന്നതു വരെ രാജ്യസഭയിലെ കോൺഗ്രസിൻ്റെ പ്രതിപക്ഷനേതാവുമായിരുന്നു. അതൊഴിയാൻ തയ്യാറായെങ്കിലും പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങി അതിപ്പോഴും തുടരുന്നു. 

ഇതാണ് ഖാർഗെ എന്ന രാഷ്ട്രീയ നേതാവിൻ്റെ ഒരേകദേശ ചിത്രം. അസാധാരണമായ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ നിർഭയനായി ഈ വയോധികനേതാവ് നമ്മുടെ മുന്നിലെ ഒരു പ്രതീക്ഷയാണ്. ഇനിയുമൊരു  പരാജയം താങ്ങാനുള്ള ശക്തി പാർട്ടിക്കില്ല. ജീവന്മരണപോരാട്ടമാണ് മുന്നിലുള്ളത്. 

ഇന്നിപ്പോൾ രാഹുൽ ഗാന്ധി ഏറ്റവും ബഹുമാനിക്കുന്ന നേതാവാണ് മല്ലികാർജുൻ ഖാർഗെ. അണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ഇരുവരും ശ്രമിച്ചു. 

2022 ഒക്ടോബറിൽ കോൺഗ്രസിൻ്റെ അധ്യക്ഷപദവിയിലേക്ക് നടന്ന മത്സരത്തിൽ ശശി തരൂർ ജയിക്കുന്നതാവും നല്ലത് എന്നാഗ്രഹിച്ച ഒരാളാണ് ഞാൻ. ശരശയ്യയിലായിരുന്ന ആ പ്രസ്ഥാനത്തെ പുതുജീവൻ വെപ്പിച്ച് ജനാധിപത്യത്തിൻ്റെ പോർക്കളത്തിൽ സജീവമാക്കാൻ തരൂരിനെപ്പോലുള്ള ഒരാൾക്കേ സാധിക്കൂ എന്ന തോന്നലിൽ നിന്നാണ് അത്തരമൊരു ചിന്തയുണ്ടായത്. എന്നാൽ, മല്ലികാർജുൻ ഖാർഗെ എന്ന പരിണതപ്രജ്ഞനായ നേതാവിന് മുന്നിൽ തരൂർ പരാജയപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഖാർഗെ ജയിച്ചത് ദോഷമായില്ല എന്ന തോന്നലാണുള്ളത്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിനും പ്രതിപക്ഷ ഐക്യത്തിനും ഖാർഗെയെപ്പോലുള്ള ഒരു നേതാവാണ് അഭികാമ്യം എന്ന തിരിച്ചറിവുണ്ടാകുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളും ജനമനസ്സിൻ്റെ തപവും നന്നായി അറിയുന്ന നേതാവാണ് ഖാർഗെ. അങ്ങനെയൊരാളിനെ നേരിടാനുള്ള അസ്ത്രങ്ങൾ മോദിക്കൂട്ടായ്മയിൽ കുറവാണ് എന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. 

ഹിന്ദുത്വവാദികൾ ഇനിയങ്ങോട്ട് ദലിത് രാഷ്ട്രീയത്തിൻ്റെ പുറകേ പോകും എന്നത് മുന്നിൽക്കണ്ട് ജാതിരാഷ്ട്രീയത്തെ മല്ലികാർജുൻ ഖാർഗേ ചർച്ചകളിൽ ഉയർത്തിക്കാണിച്ചു. ജാതി സെൻസസ് ആവശ്യപ്പെട്ടു. അപ്പോഴും തൻ്റെ ദലിത് മേൽവിലാസത്തെ അനാവശ്യമായി സ്വയം ഉയർത്തിക്കാട്ടിയതുമില്ല. 

24 വർഷത്തിനുശേഷം ഗാന്ധി കുടുബത്തിനു പുറത്തുള്ള ഒരാൾ കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. പുറത്തു നിന്നുള്ള ഒരാൾക്ക് ആ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള സാധ്യത പലരും തള്ളിക്കളഞ്ഞു. സോണിയാ ഗാന്ധിയും കുടുംബവും തന്നെയായിരിക്കും പാർട്ടിക്കാര്യങ്ങളിൽ പിടിമുറുക്കുക എന്നാണ് എല്ലാവരും സംശയിച്ചത്. എന്നാൽ അതല്ല സംഭവിച്ചത്. ഇരുത്തംവന്ന ഖാർഗെ ശ്രദ്ധയോടെയാണ് കാര്യങ്ങളെ നേരിട്ടത്. പ്രവർത്തകസമിതിയിലേക്ക് ഖാർഗെ ആദ്യം മുന്നോട്ട വെച്ച പേര് ശശി തരൂരിൻ്റേതായിരുന്നു. പാർട്ടി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച വ്യക്തിയെ ഒട്ടും മടി കൂടാതെ അദ്ദേഹം സ്വീകരിക്കുകയായിരുന്നു. അത്തരം ജനാധിപത്യ സംസ്കാരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കോൺഗ്രസിൽ അന്യം നിന്നുപോയ ഒരു സംസ്കാരം. അദ്ദേഹം ആവശ്യപ്പെട്ടതെന്ന് പറയപ്പെടുന്ന ഒരു കാര്യം, സംഘടനാ പദവിയിലുള്ള ജനറൽ സെക്രട്ടറിയായി ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ആരെങ്കിലും ഉണ്ടാവണമെന്നായിരുന്നു. താൻ ദക്ഷിണേന്ത്യയിൽ നിന്നായതിനാൽ സംഘടനയിലെ രണ്ടാമൻ ഉത്തരേന്ത്യയിൽ നിന്നാവട്ടെ എന്ന തിരിച്ചറിവ്. എന്തുകൊണ്ടോ അത് സംഭവിച്ചില്ല. ആ സ്ഥാനത്ത് കെ.സി. വേണുഗോപാൽ തുടർന്നു.

കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് ഖാർഗെ ആദ്യം മുന്നോട്ട വെച്ച പേര് ശശി തരൂരിൻ്റേതായിരുന്നു. അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച വ്യക്തിയെ ഒട്ടും മടി കൂടാതെ അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

ഖാർഗെ കണിശതയോടെയും ആത്മവിശ്വാസത്തോടെയും  പ്രവർത്തനം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുക, സംസ്ഥാന തിരഞ്ഞെടുപ്പിനായി അവരെ തയ്യാറെടുപ്പിക്കുക, നേതാക്കൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുക, ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കി 2024- ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക - ഇതൊക്കെയാണ് നിശ്ശബ്ദമായി അദ്ദേഹം ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾ. ഇതോടൊപ്പം മോദി സർക്കാരിനെ പരമാവധി  തുറന്നു കാട്ടുകയും ചെയ്തു. ശക്തവും കുറിക്കുകൊള്ളുന്നതുമായ സമയോചിത പ്രസ്താവനകളിലൂടെയാണ് അദ്ദേഹം മോദിയെ നേരിട്ടത്. അതിൽ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. വ്യക്തമായ കോൺഗ്രസ് രാഷ്ട്രീയം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൻ്റെ ആവശ്യകത അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള നിർഭയനായ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്ര വലിയൊരളവുവരെ വിജയത്തിലെത്തിക്കാൻ സാധിച്ചു. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാർട്ടിയാണ് കോൺഗ്രസ് എന്ന് രാഹുൽ ഗാന്ധിയെപ്പോലും ഓർമിപ്പിച്ചു. ഇന്നിപ്പോൾ രാഹുൽ ഗാന്ധി ഏറ്റവും ബഹുമാനിക്കുന്ന നേതാവാണ് ഖാർഗെ. അണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ഇരുവരും ശ്രമിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചേരിതിരിവുകളെ സൂക്ഷമമായി നോക്കിക്കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഹിന്ദുത്വവാദികൾ ഇനിയങ്ങോട്ട് ദലിത് രാഷ്ട്രീയത്തിൻ്റെ പുറകേ പോകും എന്നത് മുന്നിൽക്കണ്ട് ജാതിരാഷ്ട്രീയത്തെ അദ്ദേഹം ചർച്ചകളിൽ ഉയർത്തിക്കാണിച്ചു. ജാതി സെൻസസ് ആവശ്യപ്പെട്ടു. അപ്പോഴും തൻ്റെ ദലിത് മേൽവിലാസത്തെ അനാവശ്യമായി സ്വയം ഉയർത്തിക്കാട്ടിയതുമില്ല. 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന്

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ  ‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണത്തിലും അതിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിലും  ഖാർഗെ നേതൃത്വനിരയിലുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷികൾക്ക് ദിശാബോധം നഷ്ടപ്പെട്ട ഒരു സമയത്താണ് അദ്ദേഹം അതിൻ്റെ ചെയർമാൻ സ്ഥാനത്തെത്തുന്നത്. പ്രാദേശിക കക്ഷികളുടെ താല്പര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് കൂട്ടായ്മ നിലനിർത്തുക എന്നത് ഒരു ഭഗീരഥ പ്രവർത്തനമാണ്. ഇതിനെ എന്തു വില കൊടുത്തും തകർക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി മറുവശത്തുണ്ട് താനും. അതിനിടയിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യാ സഖ്യം വേണ്ടത്ര വിജയം കണ്ടില്ല. അത് തിരിച്ചറിഞ്ഞ് ഏറ്റുപറയുവാൻ ഖാർഗെയ്ക്ക് മടിയുണ്ടായിരുന്നില്ല. പുതിയ തന്ത്രങ്ങൾ മെനയേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം സഹപ്രവർത്തകരെ ഓർമിപ്പിച്ചു. 

ഡിസംബറിൽ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേരാണ് നിർദേശിച്ചത്. ആം ആദ്മി പാർട്ടി നേതാവ് കേജ് രിവാളും അതേ അഭിപ്രായം പങ്കുവെച്ചു. ഇത് കാണിക്കുന്നത് ഖാർഗെയെന്ന നേതാവിൽ ഈ നേതാക്കൾ കാണുന്ന നേതൃത്വ പാഠവമാണ്. ഖാർഗെ ആ വിഷയം ഏറ്റെടുത്തതേയില്ല. ആദ്യം മോദിയെ തോല്പിക്കുക. ഇത് ഒരു ഭാഗത്ത് ബി.ജെ.പിയും മറുഭാഗത്ത് ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ജനങ്ങളെ വിജയിപ്പിക്കുകയാണ് പ്രതിപക്ഷ കൂട്ടായ്മയുടെ ഉത്തരവാദിത്തം എന്ന നിലപാടിനാണ് ഖാർഗെ പ്രാധാന്യം കൊടുത്തത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുറംപൂച്ചിനെ തുറന്നു കാട്ടുന്നതിലാണ് മല്ലികാർജുൻ ഖാർഗേ ആദ്യം മുതലേ  ശ്രദ്ധിച്ചത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പോലെ 'മോദിയുടെ ഗ്യാരൻ്റിയും' പാഴായിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.

മോദിയുടെ പുറംപൂച്ചിനെ തുറന്നു കാട്ടുന്നതിലാണ് അദ്ദേഹം ആദ്യം മുതലേ  ശ്രദ്ധിച്ചത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പോലെ 'മോദിയുടെ ഗ്യാരൻ്റിയും' പാഴായിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സ്വാതന്ത്ര്യദിനത്തിലും താൻ ത്രിവർണ പതാക ഉയർത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞപ്പോൾ ഖാർഗെ പ്രതികരിച്ചത് - ‘മോദി ത്രിവർണ പതാക ഉയർത്തും, സ്വന്തം വിട്ടിലായിരിക്കുമെന്നു മാത്രം’ എന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ പരാജയം ഏറ്റുവാങ്ങുമെന്ന് ഖാർഗെ തറപ്പിച്ച് പറയുന്നുണ്ട്. ഇരുത്തം വന്ന നേതാവിൻ്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ. ഇന്ത്യയിലെ ജനങ്ങളിലുള്ള വിശ്വാസത്തെ ഉയർത്തിക്കാട്ടുകയായിരുന്നു അദ്ദേഹം. അത്തരമൊരു നേതാവാണ് ഇന്നിപ്പോൾ പ്രതിപക്ഷത്തിന് ആവശ്യം. ഏതു വിധേനയും രാഷ്ടീയത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം എന്നദ്ദേഹം തിരിച്ചറിഞ്ഞു.

മല്ലികാർജുൻ ഖാർഗേ എന്ന സ്ഥിതപ്രജ്ഞനായ നേതാവിന് ചരിത്രത്തിൽ വിശ്വാസമുണ്ട്. പാർട്ടിയുടെ നിലവിലെ പരാധീനതകളെ കണക്കിലെടുത്താലും ആശാവഹമായ ഒരു തിരിച്ചുവരവ് അസാധ്യമല്ല എന്ന ഉറച്ച ബോധ്യത്തിലാണ് ഈ നേതാവ് പ്രവർത്തിക്കുന്നത്.

സാധാരണ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ പരമാവധി സമയം അദ്ദേഹം  കണ്ടെത്തുന്നുണ്ട് എന്നാണ് വാർത്തകളിൽ കാണുന്നത്. ജനങ്ങളെ വെറുതെ  തെറ്റിദ്ധരിപ്പിക്കാനായി തരം താണ വേഷം കെട്ടലുകൾക്ക് അദ്ദേഹം ഒരിക്കലും തയ്യാറായില്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ  മത്സരിക്കുന്നില്ലെന്നും അദ്ദേഹം തീരുമാനിച്ചു. കോൺഗ്രസ്  വോട്ട് ചോദിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ് എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു. കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ എങ്ങനെ ധൈര്യം വന്നെന്ന് ഖാർഗെ ഹിന്ദുത്വ ശക്തികളോട് നിരന്തരം ചോദിക്കുന്നുണ്ട്. പാർട്ടിയുടെ ചരിത്രം ആധുനിക ഇന്ത്യയുടെ ചരിത്രം കൂടിയാണ്. സ്ഥിതപ്രജ്ഞനായ ആ നേതാവിന് ചരിത്രത്തിൽ വിശ്വാസമുണ്ട്. പാർട്ടിയുടെ നിലവിലെ പരാധീനതകളെ കണക്കിലെടുത്താലും ആശാവഹമായ ഒരു തിരിച്ചുവരവ് അസാധ്യമല്ല എന്ന ഉറച്ച ബോധ്യത്തിലാണ് ഈ നേതാവ് പ്രവർത്തിക്കുന്നത്. ജനായത്ത മര്യാദകളെപ്പറ്റി ധാരണയുള്ള ഒരാളാണ് കോൺഗ്രസിൻ്റെ തലപ്പത്ത് എന്നത് ആശ്വാസമാണ്. പക്വതയുള്ള രാഷ്ട്രീയ നേതാക്കളെ നഷ്ടപ്പെട്ട ഒരു കാലത്ത് ഖാർഗെ ഒരു പ്രതീക്ഷയാണ്. ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടർമാർ എന്ത് തീരുമാനമെടുക്കും എന്നത് ഉറപ്പിച്ചു പറയാറായിട്ടില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ വിജയപരാജയങ്ങൾ സാധാരണമാണ്. എന്നാൽ ജനാധിപത്യം നിലനിൽക്കേണ്ടതുണ്ട്. രാജ്യത്തിൻ്റെ മതേതര സംസ്കാരം നിലനിൽക്കേണ്ടതുണ്ട്. ഭരണഘടന സംരക്ഷിക്കേണ്ടതുണ്ട്. ഈ ബോധ്യങ്ങൾ ഉള്ള ഒരു ദേശീയ നേതാവ് എന്ന നിലയിലാണ് ഞാൻ മല്ലികാർജുൻ ഖാർഗെയെ നോക്കിക്കാണുന്നത്. 

കോൺഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയിൽ നിന്നായതിനാൽ സംഘടനയിലെ രണ്ടാമൻ ഉത്തരേന്ത്യയിൽ നിന്നാവട്ടെ എന്ന താൽപര്യം മല്ലികാർജുൻ ഖാർഗേക്ക് ഉണ്ടായിരുന്നതായി പറയുന്നു. എന്തുകൊണ്ടോ അത് സംഭവിച്ചില്ല. ആ സ്ഥാനത്ത് കെ.സി. വേണുഗോപാൽ തുടർന്നു.

വാൽക്കഷണം: ക്ഷമിക്കുക, ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ കിട്ടണം എന്നാഗ്രഹിക്കുന്ന ഇടതുപക്ഷാനുഭാവിയായ ഒരു പൗരനാണ് ഞാൻ. ഒരു പാർട്ടി എന്ന നിലയിൽ ദേശീയ തലത്തിൽ അവർ ഉയർന്നു വന്നില്ലെങ്കിൽ ഇന്ത്യ എന്ന രാജ്യത്തിന് വലിയ വിപത്ത് സംഭവിക്കും എന്ന ഉത്തമബോധ്യമാണ് ഇത്തരമൊരു ആഗ്രഹത്തിൻ്റെ പിന്നിലെ ചേതോവികാരം. പ്രതിപക്ഷ നിരയിലെ ഒരു ദേശീയപാർട്ടി എന്ന നിലയിൽ പകരം വെക്കാൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയും നമ്മുടെ മുന്നിലില്ല. ഇടതുപക്ഷമൊന്നും ആ നിലയിലേക്ക് ഉയരുന്നതേയില്ല. പത്തു വർഷത്തെ മോദി ഭരണത്തെ ചെറുത്ത് തോല്പിക്കാൻ എന്തു ചെയ്തു എന്ന ചോദ്യം ഓരോ പാർട്ടിയും നേതാക്കളും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഹിന്ദുത്വത്തെ തോല്പിക്കാൻ ലോക്സഭയിൽ സീറ്റുകൾ വേണം. ഭരണഘടനയെ സംരക്ഷിക്കാൻ ബി.ജെ.പിയുടെ സീറ്റുകൾ കുറഞ്ഞേ പറ്റൂ. ആ ലക്ഷ്യത്തെപ്പറ്റി ഉത്തമബോധ്യമുള്ള നേതാവ് എന്ന നിലയിലാണ് ഖാർഗെയെ വിലയിരുത്താൻ ശ്രമിച്ചത്.  ഫാഷിസത്തെ വാചകമടിയിലൂടെ തോല്പിക്കാനാവില്ലല്ലോ.

Comments