കോണ്‍ഗ്രസ് പ്രകടനപത്രിക ന്യായ് പത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. സമയം അനുവദിച്ചാല്‍ ന്യായ പത്ര എന്തെന്ന് വിശദീകരിക്കാമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍, തൊഴിലാളികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് നീതിയുറപ്പാക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ന്യായ പത്രയില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ ഉദ്ധേശിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചുപോലും നിങ്ങളുടെ ഉപദേശകര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ന്യായ പത്രയെക്കുറിച്ച് ഇനിയും നിങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ നേരില്‍ കണ്ട് ന്യായ പത്ര എന്താണെന്ന് വിശദീകരിച്ചുതരാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഏതെങ്കിലും കുറച്ചുവാക്കുകള്‍ മാത്രമെടുത്ത് വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ പറയുക എന്നത് നിങ്ങളുടെ ശീലമായിരിക്കുന്നു” - തിരഞ്ഞെടുപ്പു പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി മോദി ഉപയോഗിച്ച ഭാഷയിൽ താൻ ഞെട്ടുകയോ അത്ഭുതപ്പെടുകയോ ചെയ്തില്ലെന്നും മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മോശം പ്രകടനം കണ്ടപ്പോള്‍ തന്നെ നിങ്ങളും നിങ്ങളുടെ നേതാക്കന്‍മാരും ഇത്തരത്തില്‍ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാവപ്പെട്ടവരെക്കുറിച്ചും അവരുടെ ആവകാശങ്ങളെക്കുറിച്ചുമാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിക്കും ദരിദ്രരെക്കുറിച്ചും പുറന്തള്ളപ്പെട്ടവരെക്കുറിച്ചും ആശങ്കകളില്ലെന്നും ഖാര്‍ഗേ കുറ്റപ്പെടുത്തി.
നിങ്ങള്‍ നിങ്ങളുടെ ചങ്ങാത്തക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി കുറച്ചു, അതേസമയം പാവപ്പെട്ടവര്‍ക്ക് ഭക്ഷണത്തിനും ഉപ്പിനും പോലും ജി.എസ്.ടി നല്‍കേണ്ടി വരുന്ന അവസ്ഥയിലുമാണ്. അതുകൊണ്ടാണ് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോള്‍, നിങ്ങള്‍ അവിടെയും ഹിന്ദുവിനെയും മുസ്ലീമിനെയും താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. “ഞങ്ങളുടെ പ്രകടനപത്രിക ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അവര്‍ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യനോ, സിഖോ, ജൈനനോ, ബുദ്ധനോ ആകട്ടെ. സ്വാതന്ത്ര്യത്തിന് മുമ്പുള്ള നിങ്ങളുടെ സഖ്യകക്ഷികളായ മുസ്ലീം ലീഗിനെയും കൊളോണിയല്‍ യജമാനന്മാരെയും നിങ്ങള്‍ ഇപ്പോഴും മറന്നിട്ടില്ലെന്ന് ഞാന്‍ കരുതുന്നു'' ഖാര്‍ഗേ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ സമ്പാദ്യവും സമ്പത്തും തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും കോൺഗ്രസ് എല്ലായ്‌പ്പോഴും ദരിദ്രരെ ശാക്തീകരിക്കുന്നതിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് ഖാർഗെ അവകാശപ്പെട്ടു.
സമീപകാലത്ത് മോദി തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്ന വിദ്വേഷങ്ങള്‍ക്കാണ് ഖാര്‍ഗേയുടെ കൗണ്ടര്‍.