ബംഗാളിൽ ബി ജെ പിക്ക് തിരിച്ചടി; കത്തിക്കയറി മമത

യുവാക്കളുടെയും സ്ത്രീകളുടെയും ജനപ്രിയതാരങ്ങളുടെ സാന്നിധ്യമായിരുന്നു ത്രിണമൂലിന്റെ സ്ഥാനാർഥി പട്ടികയുടെ സവിശേഷത. ത്രിണമൂലിന്റെ 42 സ്ഥാനാർഥികളിൽ 12 പേരും സ്ത്രീകളായിരുന്നു. ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് കളത്തെ ചുപിടിപ്പിച്ച് മഹുവ മൊയ്ത്രയും ത്രിണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ആക്കം കൂട്ടി

Think

ബി ജെ പിക്ക് മുന്നേറ്റം പ്രവചിച്ച എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളെയും തള്ളി ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം. 42 ലോക്‌സഭ മണ്ഡലങ്ങളിൽ വോട്ട് എണ്ണി തീരുമ്പോൾ 29 സീറ്റുകളെന്ന നേട്ടവുമായി തൃണമൂൽ കോൺഗ്രസും ഒരു സീറ്റിന്റെ ഭൂരിപക്ഷം നിലനിർത്തി കോൺഗ്രസും. മമത ബാനർജിയെന്ന പോരാളിയിലൂടെ മോദി പ്രഭാവം ബംഗാളിൽ പൂർണമായി തകരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തെളിയുന്നത്. 2019-ൽ 18 സീറ്റുകളാണ് ബി ജെ പി ബംഗാളിൽ നിന്ന് നേടിയത്. ഇത്തവണ 12 എണ്ണമായി കുറഞ്ഞു.

2019-ൽ തൃണമൂൽ കോൺഗ്രസിന് 22 സീറ്റുണ്ടായിരുന്നു. കോൺഗ്രസിന് കേവലം രണ്ട് സീറ്റാണ് നേടാനായത്. തൃണമൂൽ കോൺഗ്രസ്-43.69, ബി.ജെ.പി- 40.64 ശതമാനം വീതം വോട്ടായിരുന്നു നേടിയത്. കോൺഗ്രസ് 5.67, സി.പി.എം 7.5 ശതമാനം വീതം വോട്ട് നേടി. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള വോട്ട് ഷെയറിൽ നേരിയ വ്യത്യാസമേയുള്ളൂ എങ്കിലും തൃണമൂലിന് 2014-ൽ നിന്ന് 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. അത് 2024ലേക്ക് വരുമ്പോൾ ബി ജെ പിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവിധം വളർന്നിരിക്കുകയാണ്.

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

യുവാക്കളുടെയും സ്ത്രീകളുടെയും ജനപ്രിയതാരങ്ങളുടെ സാന്നിധ്യമായിരുന്നു ത്രിണമൂലിന്റെ സ്ഥാനാർഥി പട്ടികയുടെ സവിശേഷത. ത്രിണമൂലിന്റെ 42 സ്ഥാനാർഥികളിൽ 12 പേരും സ്ത്രീകളായിരുന്നു. ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് കളത്തെ ചുപിടിപ്പിച്ച് മഹുവ മൊയ്ത്രയും തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ആക്കം കൂട്ടി. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇന്ത്യ സഖ്യം ഉപേഷിച്ച് ഒറ്റക്ക് മത്സരിക്കാനിറങ്ങിയ മമതക്ക് ബി ജെ പിയെയും മോദിയേയും ഭയമാണെന്നാണ് അധീർ രഞ്ജൻ ചൗധരിയടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ, ബംഗാളിൽ താനാണ് യഥാർഥ ‘ഇന്ത്യ’ സഖ്യമെന്ന് മമത പ്രഖ്യാപിച്ചു. മാത്രമല്ല, സി.പി.എം- കോൺഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് മിക്ക മണ്ഡലങ്ങളിലും ഒരു ത്രികോണമത്സരപ്രതീതിയുണ്ടാക്കുകയും ചെയ്തു. ഇതാണ്, ബി.ജെ.പിക്കെതിരായ മുന്നേറ്റത്തിന് തൃണമൂലിനെ സഹായിച്ചത്. ഒപ്പം, ബി.ജെ.പിക്കും മോദിക്കും എതിരെ കടുത്ത നിലപാടെടുക്കുകയും ചെയ്തു.

സ്ഥാനാർഥി ലിസ്റ്റ് പുറത്തുവിട്ട് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ബി ജെ പി ബംഗാളിൽ വർഗീയ വിദ്വേഷവും വിഭജനരാഷ്ട്രീയവും പരത്തുകയാണെന്ന് മമത തുറന്നടിച്ചിരുന്നു. ബി ജെ പിക്കെതിരെയുള്ള വിമർശനത്തിന്റെ കൂരമ്പ് തൊടുക്കുന്നത് അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ബംഗാളിനോട് കേന്ദ്രസർക്കാരിന് ചിറ്റമ്മ നമാണെന്നും അവർ പ്രഖ്യാപിച്ചു ഒടുവിൽ, ബി ജെ പിയുടെ വർഗീയ വിഭജന രാഷ്ട്രീയത്തെയും കോൺഗ്രസ്-ഇടത് ഐക്യത്തെയും ബംഗാളിന്റെ ദീദിയും തൃണമൂലും ഒറ്റക്ക് പോരാടി തോൽപ്പിച്ചു.

അധീര്‍ രഞ്ജന്‍ ചൗധരി
അധീര്‍ രഞ്ജന്‍ ചൗധരി

ബംഗാളിൽ ബി ജെ പിയോട് ഏറ്റുമുട്ടാൻ ശക്തിയുള്ള ഏക പാർട്ടി തൃണമൂലാണെന്നും കോൺഗ്രസും ഇടതുപക്ഷവും തൃണമൂലിനെ പിന്തുണക്കുകയായിരുന്നു വേണ്ടതെന്നുമായിരുന്നു മമതയുടെ നിലപാട്. അതോടൊപ്പം, പരമാവധി എം.പിമാരെ ജയിപ്പിച്ചെടുത്ത് ദേശീയതലത്തിൽ നിർണായക ശക്തിയായി മാറാമെന്ന മമതയുടെ ലക്ഷ്യം കൂടിയാണ് വിജയം കണ്ടിരിക്കുന്നത്.

ബി ജെ പിക്ക് പലതരത്തിലുള്ള രാഷ്ട്രീയ തിരിച്ചടി ലഭിച്ച സംസ്ഥാനം കൂടിയാണ് ബംഗാൾ. കോൺഗ്രസിൽ നിന്ന് എം.എൽ.എമാരും എം.പിമാരും ബി ജെ പിയിലേക്ക് കൂട്ടമായൊഴുകിയ ഘട്ടത്തിൽ ആ ട്രെന്റിന് അപവാദമായി നിന്ന് അത്തരം പ്രചാരണങ്ങൾക്ക് മറുപടി നൽകിയതും മമതയുടെ ബംഗാളായിരുന്നു.

സന്ദേശ്ഖലി സംഭവത്തിന്റെ ചുവടുപിടിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താരപ്രചാരകനായി മോദി തന്നെ നേരിട്ടിറങ്ങിയെങ്കിലും ബി ജെ പിക്ക് യാതൊരു നേട്ടവുമുണ്ടായില്ല എന്നുമാത്രമല്ല, നഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയായ മുകുന്ദ് മണി അധികാരി ടി.എം.സിയിൽ ചേരുകയായിരുന്നു. സംസ്ഥാനത്തെ ബി ജെ പിയുടെ വളർച്ചക്ക് കാര്യമായ തകർച്ചയുണ്ടാക്കുന്ന ഫലമാണിതെന്നാണ് വിലയിരുത്തലുകൾ.

Comments