ഫാഷിസത്തെ സ്ഥാപിച്ചെടുക്കുന്ന നിയന്ത്രിത ജനാധിപത്യം

“ജനാധിപത്യത്തിൽ നിന്നും നിയന്ത്രിത ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ വഴുതിമാറൽ ഒരു താൽക്കാലിക പ്രതിഭാസം മാത്രമായിരിക്കുമോ അതോ സമ്പൂർണ്ണ ഫാഷിസ്റ്റ് ഭരണക്രമത്തിലേക്കുള്ള വളർച്ച ദ്രുതഗതിയിലാക്കുന്ന ഒന്നായി മാറുമോ എന്നത് തീരുമാനിക്കപ്പെടുക ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും,” കെ. സഹദേവൻ എഴുതുന്നു.

'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനവും, കഴിഞ്ഞ കുറേക്കാലമായി ഏതാണ്ട് ഒറ്റയ്ക്ക് എന്ന രീതിയിൽ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളും ഇന്ത്യൻ ജനാധിപത്യം ഇന്ന് എത്തിനിൽക്കുന്ന പുതിയൊരു വഴിത്തിരിവിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല മറിച്ച്, ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ പൊതുവിൽ ബാധിച്ചിരിക്കുന്ന ഈയൊരു പുതുപ്രവണതയെ 'നിയന്ത്രിത ജനാധിപത്യം' അഥവാ 'മാനേജ്ഡ് ഡെമോക്രസി' എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

'നിയന്ത്രിത ജനാധിപത്യം' എന്ന പദം ജനാധിപത്യത്തിന്റെ ബാഹ്യരൂപങ്ങളെ- തെരഞ്ഞെടുപ്പുകൾ, ബഹുകക്ഷി മത്സരങ്ങൾ, പാർലമെന്റ് സംവിധാനങ്ങൾ എന്നിവ- നിലനിർത്തുന്ന ഒരു സങ്കര രാഷ്ട്രീയ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. സാമ്പ്രദായിക ജനാധിപത്യത്തിന്റെ ഈ പുറംമോടികൾ നിലനിർത്തുമ്പോൾത്തന്നെ സ്ഥാപനപരമായ കൃത്രിമത്വം, മാധ്യമ നിയന്ത്രണം, വിയോജിപ്പുകളെ അടിച്ചമർത്തൽ, ഭരണവർഗത്തിന് അനുകൂലമായി സാമ്പത്തിക സ്വാധീനം എന്നിവയിലൂടെ അധികാരം നിലനിർത്താനും അതിന്റെ കേന്ദ്രീകരണം സാധ്യമാക്കാനും നിയന്ത്രിത ജനാധിപത്യത്തിന് സാധിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനം എന്ന മിഥ്യാധാരണ സൃഷ്ടിക്കുമ്പോൾത്തന്നെ, ഭരണപക്ഷ പാർട്ടിയുടെ താൽപ്പര്യങ്ങളുമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ യോജിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 'വിപരീത സമഗ്രാധിപത്യം' എന്ന അർത്ഥത്തിൽ അമേരിക്കൻ രാഷ്ട്രീയ സൈദ്ധാന്തികനായ ഷെൽഡൺ വോളിൻ വികസിപ്പിച്ചെടുത്ത ഈ ആശയം ആഗോളതലത്തിൽ പല തെരഞ്ഞെടുപ്പുകളിലും പ്രയോഗിച്ചു വിജയം നേടിയ ഒന്നാണെന്ന് കാണാം.

കോർപ്പറേറ്റ് ശക്തികളുടെ രാഷ്ട്രീയ പ്രവേശനത്തെയും പൗരസമൂഹത്തിന്റെ രാഷ്ട്രീയമായ വിഘടനത്തെയുമാണ് 'വിപരീത സമഗ്രാധിപത്യം' അഥവാ 'ഇൻവേർട്ടഡ് ടോട്ടാലിറ്റേറിയനിസം' പ്രതിനിധീകരിക്കുന്നതെന്ന് ഷെൽഡൻ വോളിൻ വിശദീകരിക്കുന്നു. ക്ലാസിക്കൽ രൂപത്തിലുള്ള സമഗ്രാധിപത്യത്തിലേതെന്നപോലെ ഒരു ജനാധിപത്യവാദിയെയോ, കരിസ്മാറ്റിക് നേതാവിനെയോ ചുറ്റിപ്പറ്റിയല്ല വിപരീത സമഗ്രാധിപത്യം പ്രവർത്തിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ നിയമവിധേയമായി പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന, കോർപ്പറേറ്റ് സ്റ്റേറ്റിന്റെ നിഴൽഭരണത്തിന് കീഴിലാണ് അതിന്റെ മുന്നോട്ടുപോക്ക്. വോളിൻ വിശദീകരിക്കുന്നു: ''ക്ലാസിക്കൽ സമഗ്രാധിപത്യത്തിലെന്നതുപോലെ, വിപരീത സമഗ്രാധിപത്യത്തിന് പിന്നിലെ കോർപ്പറേറ്റ് ശക്തികൾ ജീർണിച്ചുകൊണ്ടിരിക്കുന്ന ഘടനകളെ പുതിയതും വിപ്ലവകരവുമായ ഘടനകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നില്ല. അവർ പുതിയ ചിഹ്നങ്ങളും പ്രതിരൂപങ്ങളും ഇറക്കുമതി ചെയ്യുന്നില്ല. അവർ ഒരു സമൂലമായ ബദൽ വാഗ്ദാനം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ബഹുമാനിച്ചുകൊണ്ടാണ് വിപരീത സമഗ്രാധിപത്യത്തിൽ കോർപ്പറേറ്റ് ശക്തി പ്രവർത്തിക്കുന്നത്. അതേസമയം ഈ കോർപ്പറേറ്റ് ശക്തികൾ ജനാധിപത്യത്തെ അസാധ്യമാക്കുന്ന തരത്തിൽ അധികാരത്തെ ദുഷിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.''

'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനവും, കഴിഞ്ഞ കുറേക്കാലമായി ഏതാണ്ട് ഒറ്റയ്ക്ക് എന്ന രീതിയിൽ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളും ഇന്ത്യൻ ജനാധിപത്യം ഇന്ന് എത്തിനിൽക്കുന്ന പുതിയൊരു വഴിത്തിരിവിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.
'വോട്ട് ചോരി'യുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനവും, കഴിഞ്ഞ കുറേക്കാലമായി ഏതാണ്ട് ഒറ്റയ്ക്ക് എന്ന രീതിയിൽ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളും ഇന്ത്യൻ ജനാധിപത്യം ഇന്ന് എത്തിനിൽക്കുന്ന പുതിയൊരു വഴിത്തിരിവിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.

ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു സമഗ്രാധിപത്യ രാഷ്ട്രീയ ഭരണകൂടം എന്ന സംഘപരിവാർ ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യൻ സാഹചര്യത്തിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട് എന്ന് മറ്റെല്ലാവരെയും പോലെത്തന്നെ ആർഎസ്സ്എസ്സിനും ഇതര ഹിന്ദുത്വ രാഷ്ട്രീയ സംഘടനകൾക്കും അറിയാവുന്ന കാര്യമാണ്. അതേസമയം അതിലേക്കുള്ള മുന്നേറ്റത്തിൽ കോർപ്പറേറ്റ് ഒളിഗാർക്കികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നിയന്ത്രിത ജനാധിപത്യത്തിന്റെ പുത്തൻ വഴികൾ വെട്ടിത്തുറക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഇന്ത്യയിൽ, 2014 മുതൽ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതൊരു വിജയകരമായ പാതയായി സ്വീകരിച്ചതായി നമുക്ക് കാണാൻ കഴിയും.

90 കോടിയിലധികം വോട്ടർമാരുള്ള 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം' എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന ഇന്ത്യയ്ക്ക് ഒട്ടേറെ പരിമിതികൾ നിലനിൽക്കുമ്പോഴും ജനാധിപത്യത്തിന്റേതായ ഒരു ചരിത്രം അവകാശപ്പെടാൻ കഴിയും. ഭരണഘടനാപരമായ സാർവത്രിക വോട്ടവകാശം, തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ, പൗരസ്വാതന്ത്ര്യങ്ങൾക്കുള്ള സംരക്ഷണം എന്നിവ ഇടയ്ക്കിടെയുള്ള വഴിതെറ്റലുകൾക്കിടയിലും വിശാലാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടു. ഫെഡറലിസം, രാഷ്ട്രീയ സഖ്യങ്ങൾ എന്നിവ വഴി മത-ജാതി-ഭാഷാ വൈവിധ്യങ്ങളെ നയപരമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ ജനാധിപത്യത്തിന് ഒരുപരിധിവരെ സാധിച്ചു. എന്നാൽ പുതുതായി പിറവിയെടുത്ത 'തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ'ത്തിലേക്കുള്ള അതിന്റെ വ്യതിചലനം മേൽസൂചിപ്പിച്ച നിയന്ത്രിത ജനാധിപത്യത്തിന്റെ പ്രതിഫലനമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. രാഹുൽ ഗാന്ധി നിരന്തരമായി ചൂണ്ടിക്കാണിക്കുന്ന വോട്ട് ചോരിയടക്കമുള്ള നിയന്ത്രിത ജനാധിപത്യത്തിന്റെ ഒട്ടനവധി സൂചകങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതുപ്രവണതകളെ എടുത്തുകാട്ടുന്നുണ്ട്.

നിയന്ത്രിത തെരഞ്ഞെടുപ്പുകൾ: കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും, വൻതോതിൽ കൃത്രിമ വോട്ടർമാരെ ചേർത്തുകൊണ്ടും, ന്യൂനപക്ഷ വിഭാഗങ്ങളെ ബോധപൂർവ്വം പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടും (ബീഹാറിലെ വോട്ടർ പട്ടിക 'പരിശോധനകൾ' വഴി 68 ലക്ഷം പേരുകൾ ഇല്ലാതാക്കിയതായി ആരോപിക്കപ്പെട്ടിരുന്നു. മുസ്ലീം, ദലിത്, ക്രിസ്ത്യൻ വോട്ടുകളാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടത് എന്നത് കൂടി പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്.) സ്വന്തം വിജയം ഉറപ്പുവരുത്തുന്നതോടൊപ്പം, തെരഞ്ഞെടുപ്പ് ഫണ്ടിംഗിലെ അതാര്യത, തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ളവയുടെ പക്ഷപാതപരമായ സമീപനം എന്നിവയിലൂടെ തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഇതോടൊപ്പം ഇലക്ടറൽ ബോണ്ടുകൾ പോലുള്ള സംവിധാനങ്ങൾക്ക് നിയമപരമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി പാപ്പരാക്കാനും അധികാരത്തിലിരിക്കുന്ന ബിജെപിക്ക് സാമ്പത്തികബലം ഉറപ്പുവരുത്താനും സാധിച്ചു.

മാധ്യമ ഇടപെടൽ: ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ അഞ്ചാംപത്തികളുടെ നിലവാരത്തിലേക്ക് താഴ്ന്നുപോയ കാലം കൂടിയാണ് ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഒരു ദശകം. ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ട മാധ്യമങ്ങൾ ആധിപത്യം സ്ഥാപിക്കുകയും, സർക്കാരിനെതിരായ വിമർശനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നത് ഇന്ത്യയിൽ സ്വാഭാവികമായി മാറി. ഇന്ത്യയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കോർപ്പറേറ്റ് ഒളിഗാർക്കികളായ അംബാനി, അദാനിമാരുടെ കൈകളിലാണ് രാജ്യത്തെ സുപ്രധാന വാർത്താമാധ്യമങ്ങൾ എന്നതുകൂടി ഇതോടൊപ്പം എടുത്തുപറയേണ്ട സംഗതിയാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161/180 ആണെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല. സാമ്പ്രദായിക മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും അടിച്ചമർത്തിയും മുന്നോട്ടുപോകുന്നതിനൊപ്പം സോഷ്യൽ മീഡിയ ട്രോൾ സൈന്യങ്ങൾ വാട്ട്സ്ആപ്പ് വഴി തെറ്റായതും വെറുപ്പുനിറഞ്ഞതുമായ പ്രചരണങ്ങളിൽ മുഴുകുകയും ചെയ്യുന്നു.

 ഇന്ത്യയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കോർപ്പറേറ്റ് ഒളിഗാർക്കികളായ അംബാനി, അദാനിമാരുടെ കൈകളിലാണ് രാജ്യത്തെ സുപ്രധാന വാർത്താമാധ്യമങ്ങൾ എന്നതുകൂടി ഇതോടൊപ്പം എടുത്തുപറയേണ്ട സംഗതിയാണ്.
ഇന്ത്യയിലെ ഒന്നാമത്തെയും രണ്ടാമത്തെയും കോർപ്പറേറ്റ് ഒളിഗാർക്കികളായ അംബാനി, അദാനിമാരുടെ കൈകളിലാണ് രാജ്യത്തെ സുപ്രധാന വാർത്താമാധ്യമങ്ങൾ എന്നതുകൂടി ഇതോടൊപ്പം എടുത്തുപറയേണ്ട സംഗതിയാണ്.

സ്ഥാപനപരമായ നിയന്ത്രണം: ജുഡീഷ്യറി, എൻഫോഴ്സ്മെന്റ് ബോഡികൾ, റെഗുലേറ്റർമാർ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ തങ്ങളുടെ സ്വതന്ത്രാസ്തിത്വം മറന്നുകൊണ്ട് രാഷ്ട്രീയ എതിരാളികളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. 2014 മുതൽ നടന്ന എൻഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളിൽ 95%-വും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് എതിരായതാണെന്ന് കാണാം. വിമർശകർക്കെതിരെ രാജ്യദ്രോഹ നിയമങ്ങൾ പ്രയോഗിക്കുക, കേസുകൾ നീട്ടിക്കൊണ്ടുപോകുക തുടങ്ങിയ സ്ഥാപനപരമായ ഇടപെടലുകൾ ഇന്ന് സ്വാഭാവികമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം, കോർപ്പറേറ്റ് പ്രീണനം, വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം തുടങ്ങി നിയന്ത്രിത ജനാധിപത്യത്തെ താങ്ങി നിർത്താനാവശ്യമായ പഴയതും പുതിയതുമായ എല്ലാ തന്ത്രങ്ങളും സംഘപരിവാർ ഭരണകൂടം എടുത്തുപ്രയോഗിക്കുന്നുണ്ട്.

തങ്ങൾ സ്വപ്നം കാണുന്ന സമ്പൂർണ്ണ ഫാസിസ്റ്റ് ഭരണക്രമത്തിലേക്കുള്ള ഒരിടവേളയായിട്ടാണ് നിയന്ത്രിത ജനാധിപത്യത്തെ ഹിന്ദുത്വ പ്രത്യയശാസ്ത്ര വക്താക്കളായ ആർഎസ്സ്എസ്സ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ ഒരു പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുകയോ പൊതുനയങ്ങളാൽ വസ്തുനിഷ്ഠമാക്കപ്പെടുകയോ ചെയ്യുന്നില്ല. ഈയൊരു ഇടവേളയിൽ പാർലമെന്ററി ഭൂരിപക്ഷം ഉപയോഗപ്പെടുത്തി നിയമപരമായ രീതിയിൽ ഭരണഘടന പൊളിച്ചെഴുതാനും നിയമനിർമ്മാണങ്ങളിൽ ഇടപെടാനും അവർക്ക് സാധിക്കുന്നു.

കോർപ്പറേറ്റ് രാഷ്ട്രം 'അവരാൽ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് നിയമ സാധുതയുള്ളതാക്കപ്പെടുന്നത്' എന്ന് വോളിൻ തന്റെ ഡെമോക്രസി ഇൻകോർപ്പറേറ്റഡ് (Democracy Incorporated: Managed Democracy and the Specter of Inverted Totalitarianism, Sheldon Wolin, 2008) എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ജനാധിപത്യത്തെ ഇല്ലാതാക്കാൻ, അത് ഒരിക്കൽ ജനാധിപത്യത്തെ സംരക്ഷിച്ചിരുന്ന നിയമങ്ങളെയും നിയമനിർമ്മാണങ്ങളെയും മാറ്റിയെഴുതുകയും വളച്ചൊടിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ നിയമ നിർമ്മാണ സഭ, നീതിനിർവ്വഹണ സംവിധാനങ്ങൾ എന്നിവകളിലൂടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ റദ്ദാക്കുന്ന നടപടികൾ ജനാധിപത്യത്തിന്റെ മറവിൽ നിർവ്വഹിക്കുകയാണ് അത് ചെയ്തുപോരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കോർപ്പറേറ്റ് അധികാരത്തിന്റെ തണലിൽ, മുൻകാലങ്ങളിൽ നിലനിന്നിരുന്ന എല്ലാതരം നിയന്ത്രണങ്ങളും നിർത്തലാക്കുന്നതിനോ അവയെ അവയ്ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നതിനോ ആണ് നിലവിലെ ജനാധിപത്യ വ്യവസ്ഥയിൽ നിയമനിർമ്മാണ സഭകളും നീതിനിർവ്വഹണ സംവിധാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ കാലത്തുതന്നെ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും വരുത്തിയ പരിഷ്‌കരണങ്ങളും അത്തരം പരിഷ്‌കരണങ്ങളോടുള്ള നീതിന്യായ സംവിധാനങ്ങളുടെ പ്രതികരണങ്ങളും ശ്രദ്ധിച്ചുനോക്കിയാൽ ഇത് എളുപ്പം മനസ്സിലാക്കാൻ സാധിക്കും.

ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ കാലത്തുതന്നെ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും വരുത്തിയ പരിഷ്‌കരണങ്ങളും അത്തരം പരിഷ്‌കരണങ്ങളോടുള്ള നീതിന്യായ സംവിധാനങ്ങളുടെ പ്രതികരണങ്ങളും ശ്രദ്ധിച്ചുനോക്കിയാൽ ഇത് എളുപ്പം മനസ്സിലാക്കാൻ സാധിക്കും.
ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ കാലത്തുതന്നെ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും വരുത്തിയ പരിഷ്‌കരണങ്ങളും അത്തരം പരിഷ്‌കരണങ്ങളോടുള്ള നീതിന്യായ സംവിധാനങ്ങളുടെ പ്രതികരണങ്ങളും ശ്രദ്ധിച്ചുനോക്കിയാൽ ഇത് എളുപ്പം മനസ്സിലാക്കാൻ സാധിക്കും.

ജനാധിപത്യത്തിൽ നിന്നും നിയന്ത്രിത ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ വഴുതിമാറൽ ഒരു താൽക്കാലിക പ്രതിഭാസം മാത്രമായിരിക്കുമോ അതോ സമ്പൂർണ്ണ ഫാഷിസ്റ്റ് ഭരണക്രമത്തിലേക്കുള്ള വളർച്ച ദ്രുതഗതിയിലാക്കുന്ന ഒന്നായി മാറുമോ എന്നത് തീരുമാനിക്കപ്പെടുക ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.


Summary: Will India's shift from democracy to managed democracy be a temporary phenomenon or will it accelerate its growth towards a full-blown fascist regime? K Sahadevan writes.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments