കെട്ടടങ്ങാത്ത കർഷക സമരവീര്യം കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും ഒരുപോലെ ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ഭയം നേരിട്ടുള്ള കായിക ആക്രമണങ്ങളിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുകയാണ്. 10 മാസത്തിലധികമായി തുടരുന്ന കർഷക പ്രക്ഷോഭം ഒരിക്കൽപ്പോലും അക്രമാസക്തമാകുകയോ പ്രക്ഷോഭകാരികൾ വൈകാരിക വിക്ഷോഭങ്ങൾക്ക് അടിപ്പെടാതിരിക്കുകയോ ചെയ്യുന്നത് അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കർഷക പ്രക്ഷോഭകാരികളുടെ തല തല്ലിപ്പൊളിക്കാൻ ജില്ലാ ഭരണമേധാവി പൊലീസ് സേനയോട് പരസ്യമായി ആവശ്യപ്പെടുന്നു. കർഷകർക്കെതിരെ ആയുധമെടുക്കാൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്യുന്നു. സമാധാനപരമായി സമരം ചെയ്യുവർക്കെതിരെ മലിനജലം നിറച്ച ജലപീരങ്കി പ്രയോഗിക്കുന്നു. ഏറ്റവും ഒടുവിൽ റോഡരികിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ കർഷകർക്കുനേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മകനും മറ്റ് ബി.ജെ.പി. നേതാക്കളുമടങ്ങിയ കാർ കർഷകർക്കുനേരെ ഓടിച്ചുകയറ്റുകയും കർഷകരെ കൊല്ലുകയും ചെയ്യുന്നു.
അളവില്ലാത്ത അധികാരവും പണക്കൊഴുപ്പും വർഗീയ രാഷ്ട്രീയവും മാധ്യമ പിന്തുണയും ഏതൊരു ജനാധിപത്യ ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ലൈസൻസായി കരുതിയ സംഘപരിവാര ബോധ്യങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പത്ത് മാസമായി കർഷകർ നൽകിക്കൊണ്ടിരിക്കുന്നത്. എല്ലാ അവഹേളനങ്ങളെയും അവഗണനകളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് വർധിതവീര്യത്തോടെ തുടരുകയും രാജ്യമെമ്പാടുമായി പടരുകയും ചെയ്യുന്ന കർഷക ഐക്യം അവരെ വിറളി പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ തികുനിയ ഗ്രാമത്തിൽ നടന്ന നരഹത്യ. അതിന് ബി.ജെ.പി. ഭരണകൂടങ്ങളും സംഘപരിവാരങ്ങളും നൽകേണ്ടിവരുന്ന വിലയെത്രയായിരിക്കുമെന്ന് വൈകാതെ തന്നെ ബോധ്യപ്പെടും.
മാൻഡ്‌സോർ മുതൽ ഖേരി വരെ
2017 ജൂൺ ആറിനായിരുന്നു തങ്ങളുടെ വിളകൾക്ക് ന്യായവില ലഭിക്കണമൊവശ്യപ്പെട്ട് കർഷക സംഘടനകൾ ചേർന്ന് മധ്യപ്രദേശിലെ മാൻഡ്‌സോർ ജില്ലയിൽ പ്രക്ഷോഭം ആരംഭിച്ചത്. സമാധാനപൂർവ്വം സമരം ചെയ്ത കർഷകർക്കുനേരെ പൊലീസ് വെടിവെപ്പ് നടത്തുകയും ഏഴോളം കർഷകർ കൊല്ലപ്പെടുകയും ചെയ്തു. കർഷകർക്കെതിരെ വെടിവെപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുന്ന നടപടികളായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാൻ സ്വീകരിച്ചത്. മാൻഡ്‌സോറിൽ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിച്ചുവെങ്കിലും അവർ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തിര സ്വഭാവമുള്ളതും കർഷകരെ സംബന്ധിച്ചിടത്തോളം മാറ്റിവെക്കാൻ സാധിക്കാത്തതുമായിരുന്നു.
എന്നാൽ ഇന്ത്യൻ കാർഷിക പ്രശ്‌നത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് പകരം കാർഷികമേഖല പൂർണമായും വൻകിട, സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിന് കീഴിലാക്കുന്ന നടപടികളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സ്വീകരിച്ചത്.
കാർഷികവിളകൾക്ക് ന്യായവില ലഭ്യമാക്കുമെന്നും അഞ്ച് വർഷങ്ങൾക്കകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള മിനിമം സഹായ വില നൽകുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദിയുടെ കാലത്ത് കർഷക ആത്മഹത്യകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. പ്രതിവർഷ കർഷക ആത്മഹത്യകളുടെ എണ്ണം 17,000ത്തിൽ നിന്ന് 22,000 വരെയായി ഉയർന്നതോടെ സ്ഥിതിവിവരക്കണക്കുകൾ പൂഴ്ത്തിവെക്കുക എന്നതായി കേന്ദ്ര സർക്കാരിന്റെ നയം. നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് 2017-ൽ കേന്ദ്ര സർക്കാർ വൈകിപ്പിക്കുക, ആത്മഹത്യകൾക്ക് പിന്നിലുള്ള കാരണങ്ങളെ വർഗീകരിച്ച് പട്ടിക തിരിക്കുന്ന രീതികൾ മാറ്റിമറിക്കുക തുടങ്ങിയവയായിരുന്നു മോദി തന്ത്രങ്ങൾ. വിവിധ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് 2018 ജനുവരി 30-ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ഡയറക്ടറായിരുന്ന പി.സി.മോഹനനും അംഗമായ ജെ.വി.മീനാക്ഷിയും അവരുടെ പദവികൾ രാജിവെക്കുന്നതിലേക്ക് വരെ കാര്യങ്ങൾ ചെെന്നത്തി.
ഇന്ത്യയിലെ ഒരൊറ്റ കർഷക സംഘടനകളുമായും ചർച്ച ചെയ്യാതെ, കേന്ദ്ര സർക്കാർ, 2020 സെപ്തംബർ മാസത്തിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും ഇന്ത്യയുടെ ഓരോ കർഷകനുമുള്ള മരണവാറണ്ടാണെന്ന് തിരിച്ചറിഞ്ഞ കർഷകർ ആരംഭിച്ച പ്രക്ഷോഭങ്ങളെ പല രീതിയിൽ സ്വാധീനിക്കാനും അവഹേളിക്കാനും കായികമായി ആക്രമിക്കാനും തമസ്‌കരിക്കാനും അവഗണിക്കാനും കേന്ദ്ര സർക്കാരും ബി.ജെ.പി.യും നടത്തിയ ശ്രമങ്ങൾ ലോകം കാണുകയുണ്ടായി.
മുസഫർനഗർ വിഭജന രാഷ്ട്രീയത്തിന് തിരിച്ചടി
വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് അധികാരത്തിലേറുക എന്നത് ആർ.എസ്.എസ്. നയിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും തന്ത്രങ്ങളിലൊന്നാണ്. 2013 ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ 62 പേരുടെ മരണത്തിനും അരലക്ഷം പേരുടെ പലായനത്തിനും ഇടയാക്കിയ കലാപത്തിലൂടെയാണ് യു.പി.യിൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ ബി.ജെ.പി.ക്ക് സാധിച്ചത്.
ബി.ജെ.പി.യുടെ വിഭജന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ഈ സെപ്തംബർ അഞ്ചിന് കർഷകർ നടത്തിയ മുസഫർനഗർ മഹാപഞ്ചായത്ത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കർഷക പ്രതിഷേധ സംഗമമായി മാറി. 15-20 ലക്ഷത്തോളം കർഷകർ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മുസഫർനഗറിൽ എത്തിച്ചേർന്നതും സംഘപരിവാർ സൃഷ്ടിച്ച വർഗീയ മുറിവിൽ നിന്ന് ഇപ്പോഴും മോചനം നേടിയിട്ടില്ലാത്ത മുസഫർനഗറിലെ ജനങ്ങളൊന്നാകെ അവരെ വരവേറ്റതും സംഘപരിവാരത്തെ ഒട്ടൊന്നുമല്ല പരിഭ്രാന്തിയിലാഴ്ത്തിയത്. കർഷക പ്രതിഷേധ സംഗമവേദിയിൽ വെച്ച് ‘ഹർ ഹർ മഹാദേവ്' വിളികൾക്കൊപ്പം ‘അല്ലാഹു അക്ബർ' വിളികളും ഉയർന്നതിനെച്ചൊല്ലി വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കങ്ങളും വലിയതോതിൽ ഗുണം കണ്ടില്ല.
മുസഫർനഗർ മഹാപഞ്ചായത്ത്, കർഷക പ്രക്ഷോഭത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്നുയർന്ന് കാവി - കോർപ്പറേറ്റ് ഭരണത്തിനെതിരായ മുന്നേറ്റം കൂടിയാണെന്ന പ്രഖ്യാപനമായിരുന്നു. 2022-ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്നുള്ള കർഷകരുടെ ‘മിഷൻ യു.പി.' പ്രഖ്യാപനവും മുസഫർനഗർ മഹാപഞ്ചായത്തിൽ വെച്ചുനടന്നു.
മോദിയുടെയും യോഗിയുടെയും സ്വേച്ഛാധിപത്യ രീതികളെ കർഷകർ പരസ്യമായി വെല്ലുവിളിക്കാനാരംഭിച്ചതോടെ കർഷക പ്രക്ഷോഭത്തെ പലരീതിയിൽ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്.
സെപ്തംബർ ഏഴിന് ഹരിയാനയിലെ കർണാലിൽ മിനി സെക്രട്ടറിയറ്റിന് മുന്നിൽ കർഷകർ നടത്തിയ നാല് ദിവസം നീണ്ട രാപകൽ സത്യാഗ്രഹത്തിന് മുന്നിൽ ഖട്ടർ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. കർഷക പ്രക്ഷോഭകാരികളുടെ തലതല്ലിപ്പൊളിക്കാൻ ഉത്തരവിട്ട ജില്ലാ ഭരണാധികാരിക്കെതിരെ നടപടിയെടുക്കാനും ലാത്തിച്ചാർജിൽ പരിക്കേറ്റ് മരണപ്പെട്ട സുശീൽ കാജലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ സമ്മതിച്ചതോടെ മാത്രമാണ് കർണാൽ സെക്രട്ടറിയറ്റ് ധർണ പിൻവലിക്കാൻ പ്രക്ഷോഭകാരികൾ തയ്യാറായത്.
കർഷകരുടെ ഭാരതബന്ദ്
സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച സെപ്തംബർ 27-ന്റെ ഭാരതബന്ദിന് അഭൂതപൂർവമായ പിന്തുണയാണ് രാജ്യമെങ്ങും ലഭിച്ചത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ട്രേഡ് യൂണിയനുകളും കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തെ 84ഓളം വരുന്ന ദേശീയപാതകളും റെയിൽ ഗതാഗതവും സമ്പൂർണമായും നിലച്ചു. അഞ്ഞൂറോളം വരുന്ന നഗരങ്ങൾ പൂർണമായും നിശ്ചലമായി. ഗവൺമെന്റിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ഗ്രാമീണ മേഖലകൾ പോലും കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് ബന്ദിൽ ഭാഗഭാക്കായി.
കർഷകബന്ദിന്റെ വിജയം സർക്കാരിനെ വിറളിപിടിപ്പിച്ചുവെന്ന സത്യം പിന്നീടുള്ള ദിനങ്ങളിൽ കൂടുതൽ പ്രകടമാകാൻ തുടങ്ങി. ഒക്‌ടോബർ ഒന്നിന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ഔദ്യോഗിക വസതി ഉപരോധിച്ച കർഷകർക്ക് നേരെ ബി.ജെ.പി. ഭരണകൂടം പ്രയോഗിച്ചത് മലിനജലം നിറച്ച ജലപീരങ്കിയായിരുന്നു. സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി. ഭരണകൂടവുമാണ് ചരിത്രത്തിലാദ്യമായി പ്രക്ഷോഭകാരികൾക്കു നേരെ മലിനജല പ്രയോഗം നടത്തിയതെന്നതും ഓർമിക്കുക.
നുണക്കഥകളും ചതിക്കെണികളും
കർഷക സമരത്തിന് ദേശീയതലത്തിൽ നാൾക്കുനാൾ പിന്തുണയേറി വരുന്നത് തിരിച്ചറിഞ്ഞ സർക്കാർ വിവിധ പ്രചരണ തന്ത്രങ്ങളുമായി വീണ്ടും രംഗത്തിറങ്ങി. ഏതാനും കാർഷികവിളകൾക്ക് 2022-23 കാലയളവിലേക്കുള്ള മിനിമം സഹായ വില പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യനീക്കം. ഗോതമ്പ്, ബാർളി, കടല, മസൂർ ദാൽ, കടുക് തുടങ്ങിയ വിളകൾക്കുള്ള എം.എസ്.പി. പ്രഖ്യാപിച്ചുകൊണ്ട് മുൻവിലയിൽ നിന്ന് 1.5% മുതൽ 5% വരെ വർധനവ് തങ്ങൾ നൽകിയിരിക്കുകയാണെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഈ കാലയളവിലെ പണപ്പെരുപ്പത്തോത് ആറ് ശതമാനമാണെന്ന യാഥാർഥ്യത്തെ കണക്കുകളിൽ നിന്നു മറച്ചുപിടിക്കാൻ സർക്കാരിന് കഴിയുമെങ്കിലും പണപ്പെരുപ്പത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിലും പൊറുതിമുട്ടിയ കർഷകരെയും സാധാരണ ജനങ്ങളെയും കബളിപ്പിക്കാൻ സാധ്യമല്ലെന്ന് വൈകാതെ തന്നെ അവർ തിരിച്ചറിഞ്ഞു. അതേസമയം, സർക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാർഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും കർഷകർ ഓരോന്നായി ചൂണ്ടിക്കാണിക്കാൻ തുടങ്ങി. സർക്കാർ മണ്ഡികൾ പോലും കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച മിനിമം സഹായവിലയ്ക്ക് വിളവുകൾ സംഭരിക്കാൻ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവുകളുമായി കർഷകർ രംഗത്തെത്തി. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയിൽ ബനാപൂർ മണ്ഡിയിൽ ഒരു ക്വിന്റൽ ചോളത്തിന് കർഷകർക്ക് ലഭിച്ചത് കേവലം 1096 രൂപമാത്രമായിരുന്നു. എന്നാൽ ചോളത്തിന് കേന്ദ്ര ഗവൺമെൻറ്പ്രഖ്യാപിച്ച മിനിമം സഹായ വില ക്വിന്റലിന് 1870 രൂപയായിരുന്നു. ഒരു ക്വിന്റലിൽ മാത്രം കർഷകന് നഷ്ടമായത് 774 രൂപ! സർക്കാർ മണ്ഡികളിന്മേലുള്ള കർഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ സംഘപരിവാർ ഭരണകൂടങ്ങൾ ആരംഭിച്ചതിന്റെ തെളിവുകൂടിയാണിത്. അതോടൊപ്പം തന്നെ മിനിമം സഹായവില എന്നത് നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകളുടെ ആവശ്യത്തിന് പിന്നിലുള്ള കാരണമെന്താണെന്നും ഇത് കാണിച്ചുതരുന്നു.
മാൻഡ്‌സോറിൽ നിന്ന് ഖേരിയിലെത്തുമ്പോൾ മുന്നൂറിലധികം ദിവസങ്ങളായി ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടയിൽ 609 കർഷകർക്ക് ജീവൻ വെടിയേണ്ടിവന്നു. ഈ കാലയളവിലെല്ലാം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. നേതാക്കൾക്കും മന്ത്രിമാർക്കും പൊതുയോഗങ്ങളിലടക്കം പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. കർഷക പ്രക്ഷോഭകരെ ഭയന്ന മനോഹർലാൽ ഖട്ടറിനും ദുഷ്യന്ത് ചൗട്ടാലയ്ക്കും പലതവണ തങ്ങളുടെ ഹെലികോപ്റ്റർ താഴെയിറക്കാൻ കഴിയാതെ വന്നു. ബി.ജെ.പി. സംസ്ഥാന - ജില്ലാ നേതാക്കൾക്ക് ഗ്രാമങ്ങളിൽ വിലക്കുകൾ നേരിടേണ്ടി വന്നു.
ഏറ്റവും ഒടുവിൽ ഒക്‌ടോബർ 3ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ തികുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നട കരിങ്കൊടി പ്രതിഷേധത്തിന് നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരു മന്ത്രിപുത്രന്റെ കാർ ഓടിച്ചുകയറ്റിയതും 10 പേർ കൊല്ലപ്പെട്ടതുവരെയുള്ള സംഭവങ്ങൾ ബി.ജെ.പിയുടെ കർഷക വിദ്വേഷത്തിന്റെ തെളിവുകളാണ്.
അധികാരത്തിന്റെയും മാധ്യമ പിന്തുണയുടെയും ബലത്തിൽ എന്തുമാകാമെന്ന സംഘപരിവാർ ധാർഷ്ട്യത്തിന് കർഷകർ കനത്ത തിരിച്ചടി നൽകി.
തികുനിയയിൽ നടന്ന അതിദാരുണമായ കൊലപാതകത്തിന് ഉത്തരം പറയാതെ വിടില്ലെന്ന കർഷകരുടെ പ്രഖ്യാപനത്തിനു മുന്നിൽ ആദ്യമായി യോഗി ആദിത്യനാഥിന് മുട്ടുമടക്കേണ്ടി വന്നു. മാധ്യമങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സംഭവം സന്ദർശിക്കുന്നതിൽ നിന്ന് തടയാൻ സർക്കാരിന് സാധിച്ചുവെങ്കിലും രാജ്യം ഒന്നാകെ ബി.ജെ.പി മന്ത്രിമാരുടെ ഈ ക്രൂരപ്രവൃത്തിയെ അപലപിച്ച് മുന്നോട്ടുവന്നതോടെ തികുനിയ സംഭവത്തിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഉത്തർപ്രദേശ് ഭരണകൂടത്തിന് തയ്യാറാകേണ്ടി വന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപയും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും നൽകാൻ സർക്കാർ സമ്മതിച്ചു. അതോടൊപ്പം, ആരോപണ വിധേയരുടെ മേൽ എ.ഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യാനും സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും തയ്യാറായതോടെ മാത്രമാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും അന്ത്യകർമ്മങ്ങൾക്കുമായി വിട്ടുനൽകാൻ കർഷകർ തയ്യാറായത്.
കർഷക പ്രക്ഷോഭത്തിനു മുന്നിൽ സംഘപരിവാരങ്ങളുടെ എല്ലാ കുതന്ത്രങ്ങളും തകർന്നടിയുന്ന കാഴ്ചകളാണ് പത്ത് മാസമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പശ്ചിമബംഗാളിലും ബി.ജെ.പി.യുടെ അധികാരമോഹത്തിന് തടയിടാൻ കർഷകർക്ക് സാധിച്ചു. ‘ഗോദി മീഡിയ’യുടെയും ബി.ജെ.പി. ഐ.ടി. സെല്ലിന്റെയും വാട്സ്ആപ് ആർമിയുടെയും കള്ളപ്രചാരണങ്ങളെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. 2022-ൽ നടക്കാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പിൽ ആദിത്യനാഥിന്റെ രണ്ടാംവരവിനെ അനിശ്ചിതത്വത്തിലാക്കാൻ മാത്രം കർഷകരോഷം വ്യാപകമായിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനമെങ്ങും. കർഷക സംഘടനകളുടെ ‘മിഷൻ യു.പി.' പ്രഖ്യാപനത്തെ ഭീഷണിയായിത്തെയാണ് ബി.ജെ.പി കണക്കാക്കുത്. വരുംനാളുകളിൽ കൂടുതൽ വ്യക്തമായ രാഷ്ട്രീയ ചിത്രം രൂപപ്പെടും. കർഷക ശക്തിയെ അവഗണിക്കാൻ കഴിയില്ലെന്ന്ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ കൂടുതൽ തെളിമയോടെ മനസ്സിലാക്കും.