1979-നും 2012-നും ഇടയിൽ മാത്രം മണിപ്പൂരിൽ നിയമവ്യവസ്ഥയ്ക്കതീതമായി ഭരണകൂടം കൊലപ്പെടുത്തിയത് 1500-ലധികം സാധാരണക്കാരെയാണ്. / Photo: Karen Dias

നിസ്സംഗത ഇവിടെ ഒരു രാഷ്​ട്രീയ പ്രതിഷേധം കൂടിയാണ്​

ഇതര സംസ്ഥാനങ്ങളിലൊന്നും പ്രയോഗിച്ച തന്ത്രങ്ങളുമായല്ല മണിപ്പൂരിൽ ബി.ജെ.പി. അധികാരം പിടിക്കുന്നത്. അത്തരം വൈകാരികതകൾ പെട്ടെന്ന് വേരുപിടിപ്പിക്കാവുന്നതല്ല ഇവിടത്തെ മണ്ണ്.

രു ജയിക്കും? മണിപ്പൂരിൽ ഈ ചോദ്യത്തിന് ലഭിച്ച മറുപടി, "ആരു ജയിച്ചാലും എന്ത്'​ എന്ന മറുചോദ്യമാണ്. അരാഷ്ട്രീയ നിസ്സംഗതയെന്ന് വിലയിരുത്തി പെട്ടെന്ന് കടന്നുപോകാം. പക്ഷെ, രാഷ്ട്രീയബോധ്യത്തോടെ തന്നെയാണ് മണിപ്പൂരിലെ യുവ സുഹൃത്തുക്കൾ ഈ മറുചോദ്യം ഉന്നയിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നപ്പോഴും അതേ നിസ്സംഗതയാണ്. മറുചോദ്യം "ആരു ഭരിച്ചാൽ എന്ത്' എന്നായെന്നുമാത്രം. ആരു ജയിച്ചാലും ആരു ഭരിച്ചാലും എന്ത് എന്നത് അവരുടെ അനുഭവമാണ്.

കേന്ദ്ര സർവീസിൽ സാധാരണ ഉദ്യോഗസ്ഥയായ പെഗി കമേയോട് ഫലപ്രഖ്യാപനത്തിനുമുമ്പ് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ തുടർന്നുള്ള സംസാരത്തിൽ ബി.ജെ.പി. ജയിച്ചേക്കാം എന്ന അഭിപ്രായമാണ് ലഭിച്ചത്. ‘‘അവരുടെ നയങ്ങളോട് താത്പര്യമില്ല, എന്നാലും സംഭവിക്കുക അതാണ്''- മണിപ്പൂരിയായ പ്രശസ്ത പത്രപ്രവർത്തകൻ പ്രദീബ് പഞ്ച്‌ബോം ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള ജനവിധിയാവും എന്ന നിരീക്ഷണമാണ് പങ്കുവെച്ചിരുന്നത്.
രണ്ടുപേരും പക്ഷെ യോജിച്ചത് ഇതൊരു കാർണിവൽ മാത്രമാണ് എന്നതിലാണ്. ഭരണം പണവും പവർ ഗെയിമും നിശ്ചയിക്കും, നിയന്ത്രിക്കും. വോട്ടർമാർക്കും ഇതറിയാം.

മറ്റു പലയിടങ്ങളിൽ കേൾക്കാറുള്ളതുപോലെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള നിസ്സംഗമായ കേവല കമൻറ് മാത്രമല്ല ഇത്. ഇവിടെ നിസ്സംഗത കടുത്ത രാഷ്ട്രീയപ്രതിഷേധമാണ്. ഇനിയും രൂപപ്പെടാത്ത മണിപ്പൂരിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രതീക്ഷയും അമർഷവും അവർ ഉള്ളിലൊതുക്കുന്നു.

ഒക്രാം ഇബോബി സിങ്
ഒക്രാം ഇബോബി സിങ്

കേന്ദ്രം ആര് ഭരിക്കുന്നു എന്നതിനനുസരിച്ചാണ് സംസ്ഥാനഭരണം മാറുന്നത്. 2002 മുതൽ 2017 വരെ ഒക്രാം ഇബോബി സിങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയായിരുന്നു അധികാരത്തിൽ. 2012-ൽ മൂന്നാമതും ജനവിധി നേടിയപ്പോൾ 60 നിയമസഭാ മണ്ഡലങ്ങളിൽ 42 എണ്ണത്തിലും വിജയിച്ച്​ നിയസഭാ ചരിത്രത്തിലെ ഉയർന്ന പിന്തുണ നേടി ഇബോബി ചരിത്രം കുറിച്ചു. ഭരണവിരുദ്ധ തരംഗം ശക്തമായിരുന്നിട്ടും രാഷ്ട്രീയനിരീക്ഷകരെ അത്ഭുതപ്പെടുത്തിയ മാജിക്. വിക്കിലീക്‌സിൽ ‘മിസ്റ്റർ ടെൻ പെർസൻറ്​’ എന്ന പരാമർശം മണിപ്പൂരിൽ വിവാദമായിരുന്നു. എല്ലാ സർക്കാർ കരാറുകൾക്കും പത്തുശതമാനം കമീഷൻ എന്നതായിരുന്നു മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ ലീക്‌സ് രേഖ.
ബി.ജെ.പി. എന്ന പാർട്ടി കേട്ടുകേൾവികളിൽ മാത്രമായിരുന്നു. കേന്ദ്രത്തിൽ അധികാരം ഉറപ്പിച്ചതോടെ 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സംസ്ഥാനഭരണത്തിലേയ്ക്ക് ആദ്യമായി പ്രവേശനം നേടി. അറുപതംഗ നിയമസഭയിൽ 21 സീറ്റുകൾ അവർ പിടിച്ചു. കോൺഗ്രസിന് സ്വന്തമായി 28 സീറ്റുണ്ടായിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കപ്പെടുക പോലും ഉണ്ടായില്ല. ഭരണത്തിനപ്പുറം തീരെ ദുർബലമായിരുന്നു കോൺഗ്രസിന്റെ പാർട്ടിഘടന.

അപൂർവം നേതാക്കളാണ് ഏതെങ്കിലും ഒരു പാർട്ടിയിൽ തന്നെ തുടർന്ന് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്. മറുകണ്ടം ചാടൽ, അധികാരം പങ്കുവെക്കുന്നതിലും മത്സരിക്കാനുള്ള സീറ്റ് നഷ്ടപ്പെടുന്ന പ്രശ്‌നങ്ങളിലും ഉടക്കിയാണ്.

എൻ. ബിരേൻ സിങ്
എൻ. ബിരേൻ സിങ്

2017-ൽ കോൺഗ്രസിനെ മറികടന്ന് ഭൂരിപക്ഷം നിർമിച്ചെടുത്ത് ഫുട്‌ബോളറും പത്രപ്രവർത്തകനും ആയിരുന്ന എൻ. ബിരേൻ സിങിനെയാണ് ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനത്ത് ഇരുത്തിയത്. ഇബോബിയുടെ കോൺഗ്രസ് മന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച ഇദ്ദേഹം 2017-ലെ തിരഞ്ഞെടുപ്പിന് ആറുമാസം മുൻപ് മാത്രമാണ് ബി.ജെ.പി.യിൽ ചേർന്നത്. ഇബോബി മന്ത്രിസഭയിൽ തനിക്കൊപ്പം വിമതപക്ഷത്തായിരുന്ന എട്ട് എം.എൽ.എ.മാരെ മറുകണ്ടം ചാടിച്ചാണ് ബിരേൻ സിങ് മന്ത്രിസഭയുടെ ഭൂരിപക്ഷം ഉറപ്പിച്ചത്.
2020-ൽ ഈ മന്ത്രിസഭ അകത്തുനിന്നും പ്രതിസന്ധി നേരിട്ടു. ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ജോയ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കലാപം. 2012 വരെ മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറലായിരുന്നു ജോയ് കുമാർ.
ഒരു സ്വതന്ത്ര എം.എൽ.എ.യും മൂന്നു ബി.ജെ.പി. എം.എൽ.എ.മാരും വിമതപക്ഷത്തിന്റെ കൂടെ നിന്നു. അന്ന് പ്രതിസന്ധി പരിഹരിച്ചത് എട്ട് കോൺഗ്രസ് എം.എൽ.എ.മാരെ വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽപ്പിച്ചാണ്. ശബ്ദവോട്ടോടെ അധികാരം നിലനിർത്തി. ഇതെന്ത് രാഷ്ട്രീയം എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

2021 ആഗസ്​റ്റിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻറ്​ കോവിന്ദദാസ് കെന്തോൻജാം ആറ് എം.എൽ.എ.മാരുമായി ബി.ജെ.പി.യിൽ ചേർന്നു. ഭരണം ഉറച്ചപ്പോൾ തൃണമൂൽ കോൺഗ്രസിലെ ഏക എം.എൽ.എ.യും മറുകണ്ടം ചാടി.
ഇബോബി സിങ്ങിനുമുൻപ് മുഖ്യമന്ത്രിയായിരുന്ന രാധാ ബിനോദ് കൊയ്ജാം സമതാ പാർട്ടിയിൽ നിന്ന്​ എൻ.സി.പി.യിലും കോൺഗ്രസിലും എത്തി മുഖ്യമന്ത്രിസ്ഥാനം നേടിയ വ്യക്തിയാണ്. ഇബോബി സിങ്ങിന്റെ ഭരണകാലത്തിനൊടുവിൽ ബി.ജെ.പിയിലേയ്ക്ക് മാറി.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിയെ സംസ്ഥാനഭരണത്തിലേറ്റുക എന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പൊതുവായ പ്രവണത ഇത്തവണയും ആവർത്തിച്ചു. ബി.ജെ.പിക്ക് ഇത്തവണ സ്വന്തം ടിക്കറ്റിൽ മത്സരിച്ചവരുടെ പിന്തുണയിൽ തന്നെ അധികാരത്തിലേറാനാവും./ Photo: എൻ.എ. ബക്കർ.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിയെ സംസ്ഥാനഭരണത്തിലേറ്റുക എന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പൊതുവായ പ്രവണത ഇത്തവണയും ആവർത്തിച്ചു. ബി.ജെ.പിക്ക് ഇത്തവണ സ്വന്തം ടിക്കറ്റിൽ മത്സരിച്ചവരുടെ പിന്തുണയിൽ തന്നെ അധികാരത്തിലേറാനാവും./ Photo: എൻ.എ. ബക്കർ.

അപൂർവം നേതാക്കളാണ് ഏതെങ്കിലും ഒരു പാർട്ടിയിൽ തന്നെ തുടർന്ന് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്. മറുകണ്ടം ചാടൽ, അധികാരം പങ്കുവെക്കുന്നതിലും മത്സരിക്കാനുള്ള സീറ്റ് നഷ്ടപ്പെടുന്ന പ്രശ്‌നങ്ങളിലും ഉടക്കിയാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് ചർച്ചകളിൽ ഇടമില്ല. പകരം വ്യക്തിഗതമാണ്. തെരഞ്ഞെടുപ്പും സീറ്റ് പിടിച്ചെടുക്കലും ജയവും എല്ലാം താൻപോരിമ അനുസരിച്ചാണ്. ഇത്തവണ തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമസഭയിലെ 60 സീറ്റുകൾക്കിടയിൽ ചാഞ്ചാടിയ നേതാക്കളുടെ എണ്ണവും മാറിമറിഞ്ഞ പാർട്ടിപ്രവേശനങ്ങളും പഠിക്കുന്നത് ഒരു ഗണിതശാസ്ത്ര പ്രശ്‌നമാണ്. അത്രയും സങ്കീർണമാണ് കൂറുമാറ്റ കണക്കുകൾ. ഇതിനെല്ലാം ഇടയിൽ 30 വർഷം എങ്കിലും പിറകിൽ നിന്ന് കിതച്ചുകൊണ്ടാണ് മണിപ്പൂർ പുതിയ തിരഞ്ഞടെുപ്പിനെ നേരിട്ടത്.

ബി.ജെ.പി. ഇത്തവണ തെരഞ്ഞടുപ്പ് പ്രകടനപത്രികയിൽ ‘അഫ്‌സ്​പ’ പിൻവലിക്കും എന്നവർക്ക് പ്രായശ്ചിത്തം പോലെ ചേർക്കേണ്ടിവന്നു. എന്നാൽ പ്രചാരണരംഗത്ത് ഒരു നേതാവും ഇത് പരാമർശിച്ചില്ല.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, 60 അംഗ സഭയിൽ ബി.​ജെ.പി. 32 സീറ്റ്​ നേടി, 37.8 ശതമാനം വോട്ട്​. എൻ.പി.പി. ഏഴു സീറ്റും നിതീഷ്​ ​കുമാറിന്റെ ജെ.ഡി- യു ആറു സീറ്റും നേടിയപ്പോൾ കോൺഗ്രസ്​ വെറും അഞ്ചിൽ ഒതുങ്ങി.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിയെ സംസ്ഥാനഭരണത്തിലേറ്റുക എന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പൊതുവായ പ്രവണത ഇത്തവണയും ആവർത്തിച്ചു. ബി.ജെ.പിക്ക് ഇത്തവണ സ്വന്തം ടിക്കറ്റിൽ മത്സരിച്ചവരുടെ പിന്തുണയിൽ തന്നെ അധികാരത്തിലേറാനാവും. എൻ.പി.പിയും, എൻ.പി.എഫും കഴിഞ്ഞതവണ കൂടെ നിന്നിരുന്നു.

28-ൽ നിന്നാണ് കോൺഗ്രസിന് അഞ്ച്​ സീറ്റിലേയ്ക്ക് പിൻമാറേണ്ടിവന്നത്. മൂന്നുതവണ തുടർച്ചയായി തനിയെ ഭരണത്തിലിരുന്ന പാർട്ടിയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കിയ സൈനിക പ്രത്യേകാധികാര നിയമ (AFSPA - Armed Force Special Power Act) ത്തെക്കുറിച്ച് കോൺഗ്രസ് ഈ അവസരത്തിൽ ഒരിക്കൽ പോലും പ്രതികരിച്ചിരുന്നില്ല. മണിപ്പൂർ രാഷ്ട്രീയത്തിലേയ്ക്ക് ബി.ജെ.പി. കടന്നുവന്നതോടെ ഇത്തവണ തെരഞ്ഞടുപ്പ് പ്രകടനപത്രികയിൽ ‘അഫ്‌സ്പ’ പിൻവലിക്കും എന്നവർക്ക് പ്രായശ്ചിത്തം പോലെ ചേർക്കേണ്ടിവന്നു. എന്നാൽ പ്രചാരണരംഗത്ത് ഒരു നേതാവും ഇത് പരാമർശിച്ചില്ല. രാഹുൽ ഗാന്ധിയും നിശബ്ദത പാലിച്ചു.

2017-ൽ കോൺഗ്രസിന് സ്വന്തമായി 28 സീറ്റുണ്ടായിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കപ്പെടുക പോലും ഉണ്ടായില്ല. ഭരണത്തിനപ്പുറം തീരെ ദുർബലമായിരുന്നു കോൺഗ്രസിന്റെ പാർട്ടിഘടന. / Photo: എ.എൻ. ബക്കർ
2017-ൽ കോൺഗ്രസിന് സ്വന്തമായി 28 സീറ്റുണ്ടായിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കപ്പെടുക പോലും ഉണ്ടായില്ല. ഭരണത്തിനപ്പുറം തീരെ ദുർബലമായിരുന്നു കോൺഗ്രസിന്റെ പാർട്ടിഘടന. / Photo: എ.എൻ. ബക്കർ

പൗരാവകാശവും മനുഷ്യാവകാശവും സൈനികാധികാരത്തിന് കീഴിലാക്കുന്ന ‘അഫ്‌സ്​പ’ നിയമം, നാഗലാൻഡിൽ കഴിഞ്ഞവർഷം 14 തൊഴിലാളികൾ സൈനികരുടെ വെടിയേറ്റ് മരിച്ചപ്പോൾ വീണ്ടും ചർച്ചയായി. അന്ന് പ്രതിഷേധങ്ങളിൽ ഗതികെട്ടാണെങ്കിലും നാഗാലാൻഡ്​ മുഖ്യമന്ത്രിയും മേഘാലയ മുഖ്യമന്ത്രിയും ഈ കരിനിയമം പൻവലിക്കണം എന്നാവശ്യപ്പെട്ടു. ഈ സമയത്തും കോൺഗ്രസ് മിണ്ടാതിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങായിരുന്നു. ബി.ജെ.പി. മന്ത്രിസഭയുടെ തലപ്പത്തിരുന്ന് അദ്ദേഹവും മൗനം പാലിച്ചു.
രാഷ്ട്രീയപ്രശ്‌നങ്ങളിൽ നിന്ന്​ ശ്രദ്ധ മാറ്റിവിടുന്ന കോൺഗ്രസ് തന്ത്രം തന്നെ പഴയ കോൺഗ്രസുകാരനായ ബിരേൻ സിങ്ങിന്റെ ഭരണ സമിതിയും സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരുകളുടെ സമ്മതമില്ലാതെ പ്രത്യേകാധികാര നിയമം നിലനിൽക്കില്ല. സംസ്ഥാനത്തെ ‘ഡിസ്റ്റർബ്ഡ് ഏരിയ’യായി പ്രഖ്യാപിച്ചാൽ മാത്രമേ ഈ നിയമം പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂ. ഓരോ വർഷവും പ്രശ്‌നബാധിത മേഖലാ പദവി സംസ്ഥാനങ്ങൾ പുതുക്കിനൽകുകയാണ് പതിവ്. ഇവയൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാവാറില്ല. ഇറോം ശർമിള എന്ന പേരുപോലും എവിടെയും ഉണ്ടാവാറില്ല.

മണിപ്പൂരിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്ന കവലപ്രസംഗങ്ങളോ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ചർച്ചയോ ഒന്നും കാണില്ല. ദരിദ്രമായ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും ഓരോ ഭരണസമിതിയും നടത്തിയ പ്രവർത്തനങ്ങളും മാധ്യമങ്ങളിൽ പോലും കണ്ടെത്തുക പ്രയാസമാണ്.

സൈനികാധികാര നിയമത്തിനെതിരെ 16 വർഷം ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സഹനസമരം നയിച്ച ഇറോം ശർമിള സമരപന്തലിൽ നിന്ന്​ഇറങ്ങിപ്പോയത് സ്വന്തം ജനതയുടെ നിസ്സംഗതയിൽ മനം നൊന്തുമായിരുന്നു. 2017-ൽ അവർ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് കഷ്ടിച്ച് 90 വോട്ടാണ്. മുന്നുതവണ തുടർച്ചയായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഇക്രോം ഇബോബി സിങിന്റെ മണ്ഡലത്തിൽ തന്നെ അവരെ മത്സരത്തിനിറക്കിയതും ദുരൂഹമായി തുടരുന്നു. അവർ രൂപീകരിച്ച പാർട്ടി ഇത്തവണ മത്സരരംഗത്ത് ഇല്ലായിരുന്നു. മണിപ്പൂരിലെ രാഷ്ട്രീയം അഴിമതി നിറഞ്ഞ പ്രവൃത്തിയാണ് എന്നായിരുന്നു അവരുടെ പ്രതികരണം.

ഇറോം ശർമിള / Photo: Wikimedia Commons
ഇറോം ശർമിള / Photo: Wikimedia Commons

മണിപ്പൂരിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്ന കവലപ്രസംഗങ്ങളോ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ചർച്ചയോ ഒന്നും കാണില്ല. ദരിദ്രമായ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും ഓരോ ഭരണസമിതിയും നടത്തിയ പ്രവർത്തനങ്ങളോ മാധ്യമങ്ങളിൽ പോലും കണ്ടെത്തുക പ്രയാസമാണ്. ഇത്തവണ മത്സരം കടുത്തതിനാൽ വോട്ടർമാർക്ക് മെച്ചം കിട്ടി. ഓരോരുത്തർക്കും നൽകുന്ന, ലഭിക്കുന്ന തുകയിൽ വർധന വന്നു. ഒരു സ്ഥാനാർഥി 5000 രൂപ നൽകിയ വാർത്ത പുറത്തായപ്പോൾ അടുത്തയാൾ 6000 രൂപ വീതം വിതരണ ചെയ്ത അനുഭവം മണിപ്പൂരിയായ അധ്യാപക സുഹൃത്ത് പങ്കുവെച്ചു.

ആകെ അറുപത് മണ്ഡലങ്ങളാണ്. ഇവയിൽ ഓരോയിടത്തും പരമാവധി വോട്ടർമാരുടെ എണ്ണം 30,000 വരെയാണ്. പതിനായിരത്തിൽ താഴെ വോട്ടുകളാവും വിജയിച്ച ഒരു സ്ഥാനാർഥിക്ക് മൊത്തം ലഭിക്കുക. മണിപ്പൂരിന്റെ ജനസംഖ്യ 32 ലക്ഷമാണ്. കേന്ദ്ര പദ്ധതികളും കേന്ദ്ര ഫണ്ടുമാണ് മുഖ്യആശ്രയം. ഇതിൽ തന്നെ ജനങ്ങളിലേക്കെത്തുന്നത് വളരെ ചെറിയ ശതമാനമാണ്. അധികാരത്തിലിരിക്കുന്ന പാർട്ടികളുടെ സാമ്പത്തിക സ്വാധീനമാണ് രാഷ്ട്രീയം നിർണയിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിലൊന്നും പ്രയോഗിച്ച തന്ത്രങ്ങളുമായല്ല മണിപ്പൂരിൽ ബി.ജെ.പി. അധികാരം പിടിക്കുന്നത്. അത്തരം വൈകാരികതകൾ പെട്ടെന്ന് വേരുപിടിപ്പിക്കാവുന്നതല്ല ഇവിടത്തെ മണ്ണ്. ഭക്ഷണത്തിലും സംസ്‌കാരത്തിലും എല്ലാം വ്യത്യസ്ത വഴി പിന്തുടരുന്നവരാണ്. അതിൽ തൊട്ടാൽ പൊള്ളും.

ഓരോ പാർട്ടിയിലെയും നേതാക്കളെ അടുത്ത വർഷം അടുത്ത പാർട്ടിയിൽ കാണാം. ഒരു തവണ കാശുമായി വന്നവർ അടുത്ത തവണ എതിർപാർട്ടിയുടെ കവറുമായി വരും. പലപ്പോഴും ബ്യൂറോക്രാറ്റുകളാണ് റിട്ടയേർഡ് ലൈഫിൽ രാഷ്ട്രീയവുമായി വരുന്നത്.

വിഭാഗീയതയ്ക്കും അത്രപെട്ടെന്ന് വിത്തിടാനാവില്ല. ഇംഫാൽ താഴ്വരയിൽ മെയ്‌ത്തേയികൾക്കാണ് മേൽക്കൈ- 53 ശതമാനം അവരാണ്. നാഗ വിഭാഗക്കാർ 24 ശതമാനവും കുക്കി തുടങ്ങിയ ഇതര ഗോത്രവർഗങ്ങൾ 16 ശതമാനവും വരും. ഇവർ ചുറ്റുമുളള മലകളിലാണ് അധിവസിക്കുന്നത്. ഈ ഗോത്രവർഗ മേഖലകളിൽ ക്രിസ്ത്യൻ വിശ്വാസധാരയ്ക്കാണ് പ്രാമുഖ്യം; 41 ശതമാനം. മൈത്തേയി പങ്ഗൽ എന്നറിയപ്പെടുന്ന മുസ്​ലിം വിഭാഗങ്ങൾ എട്ടുശതമാനം. ബുദ്ധമത മാതൃകകൾ അവിടവിടെ കാണാമെങ്കിലും സംസ്ഥാനത്ത് അവരുടെ സാന്നിധ്യം 0.25 ശതമാനം മാത്രമാണ്.

തംഗ്ജം മനോരമയുടെ കൊലപാതകത്തെ തുടർന്ന് അഫ്‌സ്പ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിലെ അസം റൈഫിൾസ് ഹെഡ്ക്വാട്ടേഴ്‌സിന് മുന്നിൽ പ്രതിഷേധിക്കുന്ന 'മദേഴ്‌സ് ഓഫ് മണിപ്പൂർ' (2004)
തംഗ്ജം മനോരമയുടെ കൊലപാതകത്തെ തുടർന്ന് അഫ്‌സ്പ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇംഫാലിലെ അസം റൈഫിൾസ് ഹെഡ്ക്വാട്ടേഴ്‌സിന് മുന്നിൽ പ്രതിഷേധിക്കുന്ന 'മദേഴ്‌സ് ഓഫ് മണിപ്പൂർ' (2004)

പകുതിയിലധികം ജനങ്ങളും കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്. 79.2 ശതമാനം സാക്ഷരത നിലനിൽക്കുമ്പോഴും തൊഴിലില്ലായ്​മ രൂക്ഷമാണ്. വനവിഭവങ്ങളുടെ ലഭ്യതയാണ് ആളുകളെ പലപ്പോഴും പട്ടിണിയിൽ നിന്ന്​ രക്ഷിച്ച് നിർത്തുന്നത്. ടൂറിസം സാധ്യത വളരെ ഉയർന്നതാണെങ്കിലും വികസിതമല്ല. ആസൂത്രിത പദ്ധതികൾ ഒന്നും വിജയപ്രദമായിട്ടില്ല. ഭീകരവാദ സംഘടനകളുടെ സാന്നിധ്യവും ഇതിന് ഭീഷണിയായുണ്ട്. മുപ്പതിലധികം അണ്ടർഗ്രൗണ്ട് സംഘടനകൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. ഇവയിൽ പലതും നിലവിലെ രാഷ്ട്രീയ നേതാക്കളുടെ തന്നെ രഹസ്യ സേനകളാണെന്ന് നാട്ടുകാർ അടക്കം പറയും.
ഇതിനെല്ലാം ഇടയിലാണ് ഓരോ തെരഞ്ഞെടുപ്പും കടന്നുപോകുന്നത്, ആഘോഷമായിത്തന്നെ. ഓരോ പാർട്ടിയിലെയും നേതാക്കളെ അടുത്ത വർഷം അടുത്ത പാർട്ടിയിൽ കാണാം. ഒരു തവണ കാശുമായി വന്നവർ അടുത്ത തവണ എതിർപാർട്ടിയുടെ കവറുമായി വരും. പലപ്പോഴും ബ്യൂറോക്രാറ്റുകളാണ് റിട്ടയേർഡ് ലൈഫിൽ രാഷ്ട്രീയവുമായി വരുന്നത്. ഇങ്ങനെ എത്തുന്നവർക്ക് നല്ല സാമ്പത്തിക പിൻബലം ഉണ്ടായിരിക്കേണ്ടതാണ്. അവരത് ആർജിച്ചിരിക്കണം. എല്ലാം ഒരു പ്രത്യേക സൂത്രവാക്യത്തിലാണെന്ന് പത്രപ്രവർത്തകനായ സുഹൃത്ത് നവോച്ച ശർമ പറയുന്നു.

തുടക്കത്തിൽ ഇടതുപാർട്ടികൾക്ക് സ്വാധീനമുണ്ടായിരുന്നു. സി.പി.ഐ.ക്ക് മന്ത്രിയും എം.എൽ.എ.യുമുണ്ടായിരുന്നു. ഇപ്പോൾ 500 പാർട്ടി മെമ്പർഷിപ്പ് ഉള്ളതായി സി.പി.എം. അവകാശപ്പെടുന്നുണ്ട്. 1972-ൽ സംസ്ഥാനപദവി ലഭിക്കുന്നതുവരെ കോൺഗ്രസും ഇടതുപാർട്ടികളുമാണ് ഭരണരംഗത്തുണ്ടായിരുന്നത്. കോൺഗ്രസാണ് കൂടുതൽ കാലം അധികാരത്തിലിരുന്നത്. 1980- 2010 കാലയളവിലാണ് സംസ്ഥാനത്ത് ഏറ്റവും അസ്വസ്ഥതകൾ നിലിന്നിരുന്നത്. ഇതിന് തുടർച്ചയായാണ് സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരിനുമേൽ സ്ഥിരമായി നിലനിർത്തുന്നത്. ആറ് സൈനിക വിഭാഗങ്ങളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


എൻ.എ. ബക്കർ

മാധ്യമപ്രവർത്തകൻ. മണിപ്പൂരിൽ രണ്ടര വർഷത്തോളം മാതൃഭൂമി സ്റ്റാഫ് കറസ്പോണ്ടന്റായിരുന്നു.

Comments