കലാപമെരിയുന്ന മണിപ്പുരിൽ നേരിട്ടു കണ്ടത്​

ചുരാചന്ദ് പുരിലേക്കുള്ള യാത്രയായിരുന്നു, മണിപ്പുരില്‍ എന്തുനടക്കുന്നു എന്ന ചിത്രം വരച്ചിട്ടത്. വഴിയുടെ ഇരുവശങ്ങളിലും കത്തിയമര്‍ന്ന ചെറുഗ്രാമങ്ങള്‍, നൂറുകണക്കിന് വാഹനങ്ങള്‍, എണ്ണമറ്റ ചെറുകടമുറികള്‍, തകര്‍ത്തെറിയപ്പെട്ട പള്ളികള്‍, പോലീസ് ബാരിക്കേഡുകള്‍ക്കിടയില്‍ സ്‌പ്രേ പെയിന്റില്‍ കുക്കി ലാന്റ് എന്ന ചുവരെഴുത്തും കാണാൻ തുടങ്ങി.

'My land is burning, kindly help us'
എന്റെ നാട് കത്തിയെരിയുകയാണ്, ദയവായി ഞങ്ങളെ സഹായിക്കൂ...’- മണിപ്പുരിലേക്കുള്ള യാത്രയില്‍ ആദ്യമധ്യാന്തം നിറഞ്ഞു നിന്നത് മേരി കോമിന്റെ ട്വീറ്റിലെ വാചകങ്ങളായിരുന്നു. പലായനങ്ങളുടെയും കൂട്ടക്കൊലപാതകങ്ങളുടെയും എണ്ണിത്തീര്‍ക്കാത്ത വാര്‍ത്തകള്‍ നിറഞ്ഞു കൊണ്ടേയിരിക്കുന്ന മണിപ്പുര്‍.

അശാന്തപൂര്‍ണ്ണമായ അത്തരമൊരു മണ്ണില്‍ നിന്നും പാതാളത്തോളം പോന്നൊരു മനുഷ്യന്റെ നിലവിളി പോലെ മേരി കോമിന്റെ വാചകങ്ങള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. കിടന്നുറങ്ങുമ്പോള്‍ തീയാളിയ വീട്ടില്‍ നിന്നും പാതിവെന്ത ശരീരങ്ങളുമായി കാടി നുള്ളിലേക്ക് പ്രാണന്റെ പിടച്ചിലുകളെയും ചേര്‍ത്തും പേര്‍ത്തും കൊണ്ട് ഓടിമറയേണ്ടി വരിക. ജീവിതത്തിന്റെ പൂര്‍ണ്ണതയുള്ള ചോദ്യങ്ങള്‍ക്ക് ഊന്നു വടിയായ സകലതിനെയും വഴിയില്‍ ഉപേക്ഷിക്കേണ്ടിവരിക.

ആടുകളുടെ കരച്ചിലും പശുക്കിടാങ്ങളുടെ നിലവിളിയും കേട്ട് തിരിഞ്ഞു നോക്കാതെ ഏതോ വനം പ്രദേശങ്ങളിലെ വലിയ മരത്തിന്റെ മറവു തേടി ശ്വാസം നിലക്കുമാറ് ഓടുക. ആലങ്കാരികതകള്‍ കൊണ്ട് നമുക്കിത് എഴുതാമായിരിക്കും. കാവ്യാത്മകമായി അവതരിപ്പിക്കുകയുമാവാം. പക്ഷേ നമ്മളനുഭവിക്കാത്ത ജീവിതങ്ങളുടെ എത്രയെത്ര കടല്‍ദൂരമുണ്ട് അങ്ങോട്ടേക്ക്. വേദപുസ്തകത്തിലെ ഉൽപ്പത്തിയില്‍ സോദോ മിനെയും ഹോമോറെയും കുറിച്ചു പറയുന്നുണ്ട്. ദൈവം നശിപ്പിച്ച സോദോമിലേക്ക് തിരിഞ്ഞുനോക്കവേ ഉപ്പുതൂണായി പോയ ലോത്തിന്റെ ജീവിത പങ്കാളിയെക്കുറിച്ച്. വെന്തുവെണ്ണീറായി മരിക്കേണ്ടിവന്ന എത്രയോ മൃതശരീരങ്ങളുടെ ഒരു കൊമാലയായി ഇന്ന് മണിപ്പുര്‍നമ്മെ നോക്കി പല്ലിളിക്കുന്നു. ജനനേന്ദ്രിയത്തില്‍ വെടിയുണ്ടകളേറ്റ, പുരുഷസ്രവം ശരീരത്തില്‍ നിറയെ ഉണ്ടായിരുന്ന മനോരമ AFSPA നിയമത്തിന്റെ ഇരുമ്പുമറകള്‍ക്കുള്ളില്‍ ബലാത്കാരത്തിനിരയായി വേട്ടയാടപ്പെട്ടത്, കൊല ചെയ്യപ്പെട്ടത് ഈ മണിപ്പൂരിലാണ്. മണിപ്പുരിന്റെ അമ്മമാര്‍ നഗ്‌നരായി ഇന്ത്യന്‍ പട്ടാളത്തിന്റെ ബാരക്കുകളിലേക്ക് മാര്‍ച്ച് ചെയ്തത് ഈ മണ്ണിലാണ്. 'Indian army rape us Take our flesh’- വെളുത്ത ബാനറുകളിലെ ചുവന്ന അക്ഷരങ്ങള്‍ക്ക് രക്തഛായ ഉണ്ടായിരുന്നു. ‘എക്‌സ്ട്രാ ജുഡീഷ്യല്‍ എന്‍കൗണ്ടേഴ്‌സ്’ എന്ന് വിളിപ്പേരുളള നൂറു കണക്കിന് കൊലപാതകങ്ങള്‍ പെയ്തിറങ്ങിയത് ഈ മണ്ണിലാണ്. അമിതാധികാരത്തിന്റെ മത്തുപിടിപ്പിക്കുന്ന കിരാതനിയമങ്ങള്‍ക്ക് ജനകീയ ഇന്ത്യയുടെ ഉരുക്കു വനിത ഇറോം ശര്‍മിള സമരമിരുന്നതും ഈ മണ്ണില്‍ തന്നെ.

ഭയം മൂടിയ അന്തരീക്ഷത്തിലാണ് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് അഗര്‍ത്തല വഴി ഇംഫാലിലേക്കും മണിക്കൂറുകള്‍ നീണ്ട യാത്ര തുടങ്ങുന്നത്. ഇംഫാല്‍, മുറൈ, ചുരാചന്ദ്പൂര്‍ എണ്ണിയെടുക്കാനാവാത്ത കലാപ ശ്രമങ്ങളുടെ വാര്‍ത്തകള്‍ ഡൊമെയ്‌നില്‍ വന്നുകൊണ്ടേയിരിക്കുന്നു.

ഇംഫാലിലെ എയര്‍പോര്‍ട്ടില്‍ ചിരി നഷ്ടപ്പെടാത്ത മുഖവുമായിട്ടാണ് ദോലന്‍ കാറില്‍ കേറ്റുന്നത്. ബ്രഹ്തിന്റെ കവിതയിൽ, ആരാണ് ജര്‍മ്മന്‍ ഭരിക്കുന്നത്​ എന്ന ചോദ്യത്തിലെ, ‘ഭയം’ എന്ന മറുപടി ഓര്‍മ്മിപ്പിക്കുമാറ് അന്തരീക്ഷം. നിരനിരയായി അടഞ്ഞുകിടക്കുന്ന ഷട്ടറുകള്‍, തോക്കു ചൂണ്ടി ആയിരക്കണക്കിന് പട്ടാളക്കാര്‍ അണിനിരന്ന താത്ക്കാലിക ബാരക്കുകള്‍. ഇംഫാല്‍ മണിപ്പൂരിന്റെ അമര്‍ന്നു കത്തുന്ന ശരീരത്തെ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്.

ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടയില്‍ ആദ്യം ബുക്ക്​ ചെയ്ത ക്ലാസിക്ക് ഹോട്ടല്‍ അടച്ചുവെന്നും ഹോട്ടല്‍ ഇംഫാലാണ് നിങ്ങള്‍ക്കുള്ളതെന്നും പറഞ്ഞ ദോലന്‍യാത്രയുടെ പത്താം മിനിറ്റില്‍ ചോദിച്ചു, മണിപ്പുരില്‍ ആദ്യമല്ലേ?
മറുപടി പറയും മുമ്പേ പറഞ്ഞു; മെയ്ത്തികളുടേതാണ് മണിപ്പുര്‍...
‘ഞങ്ങള്‍ക്ക് സമാധാനം വേണം’ എന്ന അമിത് ഷായുടെ സ്വാഗതബോര്‍ഡിന്റെ ചിത്രമെടുക്കവേ ദോലന്‍ വീണ്ടും പറഞ്ഞു, മറ്റവര്‍ കുടിയേറ്റക്കാരാണ്, വിദേശികളാണ്, രേഖകളില്ലാത്തവരാണ്.

നഗരത്തിന്റെ വഴികളത്രയും ചെറു ചെറു പോസ്റ്ററുകള്‍ കാണാം, ദോലന്റെ അവകാശ വാദങ്ങളെ കുറിക്കുന്നവ: ‘മണിപ്പുര്‍ പൂപ്പി (ലഹരി) കൃഷിയുടെ ഒരു ഫാം അല്ല. ഞങ്ങളുടെ നാടാണ് മണിപ്പുര്‍. തീവ്രവാദികളാണ് കുക്കികള്‍’… അങ്ങനെ നീളുകയാണ്. നെഞ്ചിടിപ്പുകള്‍ കേള്‍ക്കാവുന്നത്രയും നിശ്ശബ്ദതയിലാണ് തെരുവുകളത്രയും. അവിടെ നിന്ന് നേരെ DIPR എന്ന ഡയറക്​ടറേറ്റ്​ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്ന, ഇംഫാലിലെ മാധ്യമ പ്രവര്‍ത്തകരുടെ ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഏക ഇടത്തേക്കാണ്.

ദോലന്റെ വാദങ്ങള്‍ക്ക് ചാരുത നല്‍കുന്ന വലിപ്പമേറെയുള്ള മനുഷ്യരാണ് DIPR ന്റെ വൈ ഫൈ സൗകര്യമുള്ള ഹാള്‍ നിറയെ. പാന്‍ ചവച്ചു സിഗരറ്റ് പുകച്ചുകൊണ്ട് നിരഞ്ജന്‍ തന്റെ മെയ്തി സ്വത്വം തുറന്നുവച്ച്​ തുടങ്ങിയ സംസാരം ചുറ്റുമുള്ള മാധ്യമ പ്രവര്‍ത്തകരില്‍ പലരുമാവര്‍ത്തിച്ചു: അനധികൃത കുടിയേറ്റക്കാരാണ്. പൂപ്പി കൃഷിയാണ് അവരുടെ പണി. ലഹരി വിറ്റു പണമുണ്ടാക്കുന്നു. താഴ്​വാരങ്ങളില്‍ വന്ന് തമ്പടിച്ചു വീടുകള്‍ സ്വന്തമാക്കി, കോളനികളാക്കി ഗോത്രം പണിയുന്നു. നൂറു കുക്കികള്‍ മാത്രമുണ്ടായിരുന്ന നാടായിരുന്നു ഇംഫാൽ താഴ്​വര. നൂറു പേര്‍ക്കും കുട്ടികളുണ്ടായാല്‍ പോലും ഇത്രയെണ്ണം വരില്ല. കുടിയേറ്റമാണ്… ചൂടാറി തുടങ്ങിയ ചായക്കോപ്പകള്‍ക്കും പങ്കിട്ട മസാല കടലകള്‍ക്കും മേലെ രോഷം പെയ്തിറങ്ങുകയായിരുന്നു. ഇംഫാല്‍ താഴ് വരകളിലത്രയും മഹാഭൂരിപക്ഷമുളള മെയ്ത്തി കളുടെ ഈ വാദം പത്രങ്ങള്‍ക്കും തല വാചകങ്ങളാണ്. കമന്റ്‌ലോക്ക് എന്ന കുക്കി ഗ്രാമത്തില്‍ ഒന്‍പത് മെയ്ത്തികള്‍ കൊല്ലപ്പെട്ടത് അന്നേ ദിവസമായിരുന്നു. അശാന്തമായ മണിപ്പുരിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് അന്നായിരുന്നു. ഇംഫാല്‍ ഫ്രീ പ്രസിന്റെ തല വാചകം 'Murder in church 9 killed' എന്നായിരുന്നു. പക്ഷേ ഒന്‍പത് വില്ലേജ് വളണ്ടിയേഴ്​സ്​ എന്നാണ്​ പത്രം വിശേഷിപ്പിച്ചത്​.

ക്യാങ് പോക്പി എന്ന ഒരു മണിക്കൂറിലധികം യാത്രയുള്ള ജില്ലയില്‍ എന്തായിരുന്നു സേവനതത് പരത എന്ന മറുചോദ്യം കേട്ടത് നൂറു കിലോമീറ്ററിലധികം താണ്ടി ചുരാചന്ദ്പൂറിലെ മരിയന്‍സ്ട്രീറ്റ് ലെ കുക്കി വക്താക്കളുടെ അടുക്കല്‍ നിന്നായിരുന്നു. മൂവായിരത്തിലധികം വരുന്ന മെയ്ത്തി ആയുധധാരികള്‍ തീ കൊളുത്തിയ ഗ്രാമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട്​ ഓടിയവരുടെ മേല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍. അവസാനമായിരുന്നുവത്രേ ഒന്‍പതു പേര്‍ കൊല്ലപ്പെട്ട പ്രത്യാക്രമണത്തിന് കുക്കികള്‍തയ്യാറാവുന്നത്. പിറ്റേ ദിവസമാണ് ചുരാചന്ദ് പൂരിലേക്കുള്ള യാത്ര. മുസ്​ലിം നാമധാരിയായ അലി വന്നു. അല്ലാത്ത പക്ഷം മുറൈക്കപ്പുറം യാത്ര അസാധ്യമാണ്.

പ്രസ് എന്ന് എഴുതിയ കാറിലെ വലിയ അക്ഷരങ്ങള്‍ക്ക് പിന്നിലിരുന്ന്​ അലിയും തന്റെ താഴ്​വര ജീവിതത്തിലെ മെയ്ത്തി പക്ഷപാതം വെളിപ്പെടുത്തി. വലിയ വടികളില്‍ വാളും കത്തിയും ഘടിപ്പിച്ച് സ്ത്രീകള്‍ ഓരോ വഴിയില്‍ തടിച്ചു കൂടി വണ്ടി തടഞ്ഞു. പരിശോധന നടത്തി. കുക്കി വക്താവായ ജിന്‍സി ഓരോ തവണയും പരിശോധനക്കിടയില്‍ നിന്ന് വേഗം കടത്തിവിടാന്‍ എന്റെ ഫോണിലൂടെ ശബ്ദിച്ചുകൊണ്ടേയിരുന്നു. നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ തെളിഞ്ഞ ജീന്‍സിയുടെ പേര് നോക്കി ഓരോ തവണയും സ്ത്രീകള്‍ പറഞ്ഞു, 'Dont feel bad’ എന്ന്.

ഒരു കയ്യില്‍ ആയുധവും മറുകയ്യില്‍ ഫോണുമായി സ്ത്രീകള്‍ നിറഞ്ഞു ചിരിച്ചു യാത്രയാക്കി. പട്ടാള ബാരക്കുകളും നൂറുകണക്കിനുണ്ടായിരുന്നു. പക്ഷേ ആയുധബലവും ആള്‍ബലമുള്ള പരിശോധന യത്രയും സ്​ത്രീകൾ കൂട്ടംകൂട്ടമായി തീര്‍ത്ത വയായിരുന്നു. ചുരാചന്ദ് പൂറിലേക്കുള്ള യാത്രയായിരുന്നു, മണിപ്പുരില്‍ എന്തുനടക്കുന്നു എന്ന ചിത്രം വരച്ചിട്ടത്. വഴിയുടെ ഇരുവശങ്ങളിലും കത്തിയമര്‍ന്ന ചെറുഗ്രാമങ്ങള്‍, നൂറുകണക്കിന് വാഹനങ്ങള്‍, എണ്ണമറ്റ ചെറുകടമുറികള്‍, തകര്‍ത്തെറിയപ്പെട്ട പള്ളികള്‍, പോലീസ് ബാരിക്കേടുകള്‍ക്കിടയില്‍ സ്‌പ്രേ പെയിന്റില്‍ കുക്കി ലാന്റ് എന്ന ചുവരെഴുത്തും കാണാൻ തുടങ്ങി.

(തുടരും)

Comments