‘നാർക്കോട്ടിക്ക് ജിഹാദി’ന്റെ കേരളീയ പതാകാ വാഹകർ കാണണം, ഈ മണിപ്പുർ

ദുരിതാശ്വാസക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന വിക്ടർ എന്ന് വിളിപ്പേരുള്ള മനുഷ്യൻ പലരുടെയും അനുഭവങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. തകർന്നടിഞ്ഞ ഗ്രാമങ്ങളെ മാത്രമല്ല, കുന്നിൻചെരുവകളിലേ ജീവിതങ്ങളെ എങ്ങനെ പുനർനിർമ്മിക്കും എന്ന ആത്മഗതത്തിനുമുന്നിൽ വന്നുപെട്ട വിതുമ്പലുകൾ അയാളുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കളഞ്ഞു.

ചുരാചന്ദ്പൂരിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കവാടം കാങ്‌വേയ് എന്ന പ്രദേശമായിരുന്നു. വഴിയുടെ ഇരുവശങ്ങളിൽ നിന്നുമായി കൂട്ടിചേർത്ത മൺകൂനകളിൽ ദേശീയ പതാകകൾ പാറുകയാണ്. നേർരേഖ പോലുള്ള വഴികളിലെ മൺകൂനകൾക്കിടയിലൂടെ അലി പല തവണ ഇരു ദ്രുവങ്ങളിലേക്കും സ്റ്റിയറിങ്ങ് വട്ടം തിരിച്ചു. നൂറു കണക്കിന് സ്ത്രീകൾ വാഹനം തടഞ്ഞു. സമീപത്തുളള ബാരിക്കേഡിൽ  COCOMI declared war on kuki-chin-zomi എന്ന ബാനർ. നിരനിരയായി, മെയ്​തികൾ ഉന്നയിക്കുന്ന വാദമുഖങ്ങൾ എഴുതിനിറച്ചിരിക്കുന്നു:
-We declared war against kuki -chin-zomi narco terrorists,
-India govt. is responsible for this war.
-We appeal everyone to support.

COCOMI എന്നത് coordinating committee on manipur integrity എന്ന, തനതു മണിപ്പൂരി സ്വത്വം അവകാശപ്പെടുന്ന മെയ്ത്തി കൂട്ടായ്മ. കുക്കി- ചിൻ-സോമി ഗോത്രങ്ങൾക്കു നേരെ തങ്ങളുടെ യുദ്ധമെന്ന പരസ്യ പ്രഖ്യാപനത്തിന്റെ ആദ്യ ന്യായീകരണവാദം കേരളീയ പശ്ചാത്തലത്തിൽ സവിശേഷശ്രദ്ധ അർഹിക്കുന്നതുമാണ്. വൻ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ മതവിശ്വാസികളാണ് ഈ ഗോത്രവിഭാഗങ്ങളിലുളളത്. എന്നാൽ ലഹരി തീവ്രവാദത്തിന്റെ പ്രതീകമായി ആരോപിക്കപ്പെടുന്നത്, ആക്രമിക്കപ്പെടുന്നത്, കൊല്ലപ്പെടുന്നത്, പലായനം ചെയ്യേണ്ടിവരുന്നത്​ ചെയ്യപ്പെടേണ്ടിവരുന്നത്‌ മണിപ്പൂരിലെ ക്രിസ്ത്യൻ മതസ്ഥരാണ്​​. തങ്ങളനുഭവിക്കാത്ത ആ ക്രിസ്ത്യൻ മണിപ്പൂരി ജീവിതങ്ങളിലേക്ക് പരശ്ശതം കടൽദൂരം ബാക്കിയാവുന്നത് എന്തുകൊണ്ടാണ് എന്നത് ‘നാർക്കോട്ടിക്ക് ജിഹാദി’ന്റെ കേരളീയ പതാക വാഹകർ നിശ്ചയമായും നിർബന്ധമായും ഓർക്കേണ്ടതാണ്. 

ചുരാചന്ദ് പൂരിലേക്കുള്ള പ്രവേശനം വിളിച്ചോതുന്നത് സെന്റിനറി ഗേറ്റ് എന്ന ചരിത്രസ്മാരകമാണ്.

‘ആംഗ്ലോ കുക്കി വാർ 1917 -1919’ വലിയ അക്ഷരങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ബ്രിട്ടീഷ്- കുക്കി യുദ്ധമെന്ന ചരിത്ര സംഭവവികാസങ്ങളുടെ പ്രതീകം. 1917-ൽ  മണിപ്പൂരി രാജാവ് രണ്ടായിരം പേരെ സൈനികാവശ്യങ്ങളുടെ സഹായികളായി ലേബർ കോർപ്സിനെ നൽകാൻ തീരുമാനിക്കുന്നു. ഇതിനെ എതിർത്ത്  കൊളോണിയൽ ശക്തികൾക്കെതിരെ ആരംഭിച്ച ചെറുത്തുനിൽപ്പാണ്‌1919 വരെ നീണ്ട സംഘർഷഭരിതമായ യുദ്ധമായി മാറുന്നത്.

ആംഗ്ലോ കുക്കി യുദ്ധത്തിലെ കുകി പോരാളികള്‍ സാദിയ ജയിലിലില്‍ / Photo: Facebook/ I Support KUKI State Demand Committee-KSDC

താഴ്‌വരയിൽ നിന്ന്​ പലരും മണിപ്പുർ മഹാരാജാവിന്റെ ഉത്തരവ് അനുസരിച്ചപ്പോൾ കുക്കികൾ അതിനെ എതിർത്തു. ആ എതിർപ്പ് സംഘർഷവും ചെറുത്തുനിൽപ്പും പ്രതിരോധവുമായി പിന്നീട് മാറി. അനേകം പേർ മരിച്ചു. പക്ഷേ ഗറില്ലാ മുറകൾ വരെ സ്വീകരിച്ച്‌ പലവിധ തിരിച്ചടികൾക്കും കുക്കികൾ നേതൃത്വമായി എന്ന് ചരിത്രം പറയുന്നു. ഇതിനെ തുടർന്ന് ‘അശാന്തം’ എന്ന് ബ്രിട്ടൻ ചാപ്പകുത്തിയ പലയിടങ്ങളിൽ നിന്നും പട്ടാളത്തെ പിൻവലിക്കേണ്ടതായി വന്നു.

എന്നാൽ, ‘പൊട്ടിപ്പുറപ്പെട്ട മണിപ്പുരിയൻ സംഘർഷത്തിൽ’ ബ്രിട്ടനെതിരെയുള്ള ഈ കൊളോണിയൽ വിരുദ്ധ സ്മ​രസ്മാരകം ആക്രമിക്കപ്പെട്ടു. ഗോത്രജനതയുടെ ഐതിഹാസിക സമരങ്ങളുടെ പ്രതകീങ്ങൾക്കുനേരെ ആക്രമമുണ്ടായത് പല തീർപ്പുകളിലേക്കും നമ്മെ നയിക്കുന്നുണ്ട്. കൊളോണിയൽ ആധിപത്യത്തിന്റ ഇന്ത്യൻ ഭൂതകാലങ്ങളിൽ സമരസപ്പെടാതെ സമരമുയർത്തിയ ഒരു ചരിത്രഘട്ടത്തിന്റെ  പ്രതീകത്തെ ആക്രമിക്കുന്നത് ഒരു നോട്ടപ്പിശകോ കൈയബദ്ധമോ അല്ല. ഏത് കള്ളിയിൽ വെച്ച് പരിശോധിച്ചാലും മനുഷ്യനെ കൊന്ന് തളളുന്നതിനുമപ്പുറം, ചരിത്രത്തിൽ നിന്നും സമരശരികളുടെ സ്മാരകശിലകളെ നിഷ്കാസിതമാക്കുക എന്നത് വംശഹത്യയുടെ മാനകങ്ങളെയാണ് സൂചിപ്പിക്കുന്നത്​.

പട്ടാളക്കാരുടെ നീട്ടിയ തോക്കിൻ മുനകൾക്കും, നൂറു നൂറു സ്ത്രീകളുടെ ആയുധങ്ങൾക്കും, ക്രൗര്യമേറിയ നോട്ടങ്ങൾക്കും അപ്പുറം അത്യന്തം അപകടം പിടിച്ചതെന്ന് പറഞ്ഞ, പലരും വിലക്കിയിട്ടും ചുരാചന്ദ്പൂരിലേക്കുള്ള യാത്രയെ നയിച്ചത് വായിച്ചും കേട്ടുമറിഞ്ഞപ്പോഴുണ്ടായ അടക്കനാവാത്ത അഭിവാഞ്​ച തന്നെയാണ്.

നീളത്തിൽ പരന്നുകിടക്കുന്ന റോഡരുകളിൽ നിന്ന് ഇടക്കിടെ ആകാശങ്ങളിലേക്ക് കണ്ണുകൾ പരതിയത് ഈ സ്മാരകത്തിന്റ തലപ്പുകൾ അറിയാതെങ്കിലും മാഞ്ഞുപോകരുതേ എന്നോർത്തായിരുന്നു. അക്രമമേറ്റു വാങ്ങിയിട്ടും തളരാതെ കാത്തിരിക്കുന്ന ആ സ്മാരകത്തോട് ‘നീയൊരു മനുഷ്യനായിരുന്നുവെങ്കിൽ  പ്രണയ പാരവശ്യത്തോടെ പോയി ആർത്തൊന്നു  കെട്ടി പിടിച്ചേനെ’ എന്ന് പറയണമെന്നോർത്തു. നിറയെ ചിത്രങ്ങൾ പകർത്തി.

സെന്റിനറി ഗേറ്റിന്റെ ഒരു പഴയ ചിത്രം.

ചുരാചാന്ദ്പൂരിന്റെ ഹൃദയം ചുവരുകളെയും ചുവരെഴുത്തുകളെയും മാറ്റിമറിച്ചിരിക്കുന്നു. കുടിയേറ്റ ആരോപണങ്ങളുടെയും, നാർകോ തീവ്രവാദത്തിന്റെയും വാദങ്ങളില്ല. സ്വാഗതം ചെയ്ത ആദ്യ ചിത്രത്തിന്റെ ചുവരിൽ ‘രാഷ്ട്രീയമായ പരിഹാരമാണ് ഞങ്ങൾക്കാവശ്യം' എന്ന് വലിയ അക്ഷരങ്ങളായിരുന്നു. This part of india is a tribal land- ഇന്ത്യൻ ഭൂപടത്തിൽ തങ്ങളുടെ മണ്ണിനെ ചൂണ്ടി അവർ എഴുതിയിരിക്കുന്നു.

കുക്കി വ്യക്താവായ ജിൻസിയുടെ ഫോൺ കോൾ മരിയൻ സ്ട്രീറ്റിലേക്ക് വഴി തെളിച്ചു. കുറച്ചു സ്ത്രീകൾ വന്നു പരിശോധിച്ച്​ മാസ്ക് ധരിച്ച്​ ഇറങ്ങി ഒപ്പം നടക്കുവാൻ പറഞ്ഞു. മുന്നിലും പിന്നിലും കുക്കി സ്ത്രീകളുടെ ഒപ്പം നടന്നുകയറിയത് ജിൻസി, ദേശീയ മാധ്യമങ്ങൾക്ക്​ അഭിമുഖം നൽകുന്ന ഒരു വീടിന്റെ നടുത്തളത്തിലേക്കായിരുന്നു. തുറന്നുവെച്ച മാക്ബുക്കുകളിൽ അഭിമുഖങ്ങൾ, സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ, മറുപടികൾ, വൈഫൈ സൗകര്യത്തിന്റെ ബാൻഡ്‌വിഡ്ത്തിൽ വ്യാപൃതരായ ഒരു യുവസംഘത്തിന്റെ നടുവിലിരുന്നു.

സൗഹാർദത്തോടെ അവർ ചായ നീട്ടി. സംസാരം ആരംഭിച്ചു. അലി ഭക്ഷണം കഴിക്കാൻ വന്ന്​, പണം വാങ്ങി അര മണിക്കൂർ എന്നു പറഞ്ഞു, പക്ഷെ പോയത് മരണത്തോളം എത്തുന്ന ആശങ്കകളുടെ മണിക്കൂറുകൾ സമ്മാനിക്കുവാനാണെന്ന് അറിഞ്ഞത്, അലി പറഞ്ഞ ആദ്യ അര മണിക്കൂർ പിന്നിട്ടപ്പോഴാണ്. 11 മണിക്കാരംഭിച്ച സംഭാഷണത്തിന്റെ പല ഘട്ടങ്ങളിലും അലിയെ വിളിച്ചുകൊണ്ടേയിരുന്നു ‘നമ്പർ ബിസി’ മാത്രമായിരുന്നു പ്രതികരണം. മണിക്കൂറുകൾ പിന്നിട്ട്​ ഫോണിൽ അലിയുടെ പേരിനു നേർക്ക് 1pm എന്ന് തെളിഞ്ഞു. ഒപ്പം, ആകെ നൂറോളമെത്തിയ ആകെ ഡയലുകളുടെ എണ്ണവും.

നിരാശ പുതഞ്ഞ മുഖം കണ്ടിട്ടാവണം സ്പോക്​സ്​ പേഴ്​സൺ കൂടിയായ മേരി ചോദിച്ചു, whether he’d left you here and fled ..?

അപ്പോഴേക്കും ടെക്സ്റ്റ് മെസ്സേജിൽ ദോലന്റെ അലർട്ട്​, ‘sir situation is very bad pls make it fast!’.

ചുരാചാന്ദ്പൂരിൽ നിന്ന് ഒരു കുക്കി വാഹനത്തിൽ അപ്പുറത്തേയ്ക്ക് യാത്ര ചെയ്യുന്നത് സ്വയം മരണത്തിലേക്ക് നടക്കുമ്പോലെയാണ്. മഴ ചാറുന്ന പകലിൽ കൂളറിന്റെ അരികെയിരുന്നു പല തവണ വിയർത്തു. പല ആശങ്കകളുടെ ഒരു വലിയ തീവണ്ടി ഉള്ളിലൂടെ കടന്നു പോയി. ഔദ്യോഗിക രാഷ്ട്രീയ പ്രതിനിധ്യമൊന്നും അല്ലാതെ വന്നു മണിപ്പുരിൽ വെച്ചെന്തെങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രതികരണങ്ങൾ, അതിനോടുള്ള സമീപനങ്ങൾ, പലതും മിന്നിമറഞ്ഞു. പലപ്പോഴും തീരുമാനങ്ങളിൽ തുണയാവാറുള്ള ‘luck favours the brave’ എന്ന വാചകം ഒരിക്കൽ കൂടെയോർത്തു.

കണ്ണടച്ച് തിരുമ്മവേ ഫോൺ ശബ്ദിച്ചു. അലിയുടെ പേര്​ തെളിഞ്ഞു. അപ്പോൾ ചേർത്ത് വിടാതെ പിടിച്ച അലിയുടെ സാന്നിധ്യം പിന്നീട് ഇൻഫാൽ എത്തുംവരെ തുടർന്നു. ഭക്ഷണം കിട്ടാൻ വൈകി എന്ന അലിയുടെ മറുപടി ചെറുചിരിയോടെ, എന്നാൽ ജീവൻ തിരികെ ലഭിച്ച അസാമാന്യമായ ആശ്വാസത്തോടെ കേട്ടിരുന്നു.

ഒരു ഗോത്ര ജനത, സമ്പൂർണമായ അടിച്ചമർത്തലുകളോട് പടനയിച്ച്​ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും സർക്കാർ പദവികളിലേക്കും അധികാരത്തിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ഔന്നത്യങ്ങളിലേക്കും എത്തിച്ചേർന്നതിന്റെ ലഖുചരിത്രം ജിൻസിയും മേരിയും പങ്കുവെച്ചു. അവർ പറഞ്ഞു: ‘ഞാൻ താഴ്‌വരയിൽ ദീർഘ കാലം ജീവിച്ചതാണ്‌, അത് കൊണ്ട്‌ നന്നായിയറിയാം അവരെ, അവർക്കു ആയുധങ്ങൾ ഉണ്ട്, ഞങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ഒന്നുണ്ട് കീഴടങ്ങി ജീവിക്കാനില്ല. നിങ്ങൾ കടന്നു വന്ന വഴികളിലെ വലിയ നീളമുള്ള മരങ്ങളെ കണ്ടില്ലേ അവരെ പോലെ നിവർന്നു നില്ക്കും മരിക്കുവാണെങ്കിലും അങ്ങനെ തന്നെ, മേരിയുടെ കണ്ണുകൾ പലതവണ തിളങ്ങി തെളിഞ്ഞപോലെ.

മഹമൂദ് ദര്‍വീഷ്

If you live, live free or die like the trees standing 

സ്വന്തം വീട്ടിൽ അഭയാർഥികളായ പാലസ്​തീനെ ഓർത്തു, അവരുടെ പോരാട്ടങ്ങളെ ഓർത്തു, 
അതിന്റെ പടപ്പാട്ടുകാരനായ ദാർവീഷിനെ ഓർത്തു.

ഏറ്റവും വലിയ റിലീഫ് ക്യാമ്പ് പ്രവർത്തിക്കുന്നത് ചുരാചാന്ദ്പൂരിലെ ഗവ കോളേജിലാണ്. മേരി അങ്ങോട്ടേയ്ക്ക് നയിച്ചു. 700- ലധികം വരുന്ന മനുഷ്യർ. വലിയ ഹാളിൽ അടുങ്ങിയ പായ്കളിൽ കുഞ്ഞുകുട്ടികളെ മുലയൂട്ടുന്ന അമ്മമാർ മുതൽ വാർധ്യക്യത്തിൽ എത്തിയവർ വരെ. മറകളേതുമില്ല, സ്വകാര്യതയുടെ ഒരു ചോദ്യം പോലും അവിടെയില്ല. തീയാളിയ കൂരകളിൽ നിന്നും കൈയിൽ കിട്ടിയ ജീവനുകളെയും ചേർത്തോടിയ ഓട്ടമാണ് ഇവിടെ ബാക്കിയായി നിൽക്കുന്നത്. മറകൾക്കും സ്വകാര്യതകൾക്കും അവിടെയെന്താണ് പ്രസക്തി എന്ന് അവർ ഓർക്കുന്നുണ്ടാവും.
ആകെ അന്തേവാസികൾ -715.
മുലയൂട്ടുന്ന അമ്മമാർ -3.
ക്യാമ്പിൽ മരിച്ചവർ -1. 

വിവരങ്ങൾ നീളുന്ന ബോർഡിലെ അക്ഷരങ്ങൾക്ക് കീഴെയിരുന്ന്​ അന്നേ ദിവസത്തിലെ ചുമതലക്കാരനായിരുന്ന വിൻസന്റ് കാലുഷ്യതകൾ ഓരോന്നായി വിശദീകരിച്ചു. ഇറങ്ങിവരുമ്പോൾ കാണാനാവുന്നത് ഡോ.ടി.എസ്. ഗാങ്റ്റ എന്ന ചുരാചന്ദ്പൂർ ഗവ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പാളിന്റെ സ്മാരകമാണ്. 1964 നവംബർ 30-ന്​ സ്ഥാപിക്കപ്പെട്ട കോളേജിന്റെ ഫലകത്തിൽ എഴുതിവെച്ചിരിക്കുന്നു, ‘മണിപ്പൂരിന്റെ മലഞ്ചെരുവുകളിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പിതാവ്’ എന്ന്.

ഇംഫാലിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് / Photo: belurmath

പിന്നീട് പോയത് ഡോൺ ബോസ്കോ സ്കൂളിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിലേക്കാണ്. നേരിടേണ്ടിവന്ന കൊടിയ ആക്രമണങ്ങളുടെ മുഴുവൻ മരവിപ്പുമുള്ള മനുഷ്യർ അവിടെവിടങ്ങളിലായി നിരന്നിരിക്കുന്നു. ചലനങ്ങളേതുമില്ലാതെ, നിർവികാരതയോടെ പുറത്തുപെയ്യുന്ന മഴയിലും കണ്ണുംനട്ട് ജീവിതത്തിന്റെ ഇരുൾ വീണ വൻകരകളിലെ വെയിലേറ്റ് നൂറുകണക്കിനു പേർ.

ദുരിതാശ്വാസക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന വിക്ടർ എന്ന് വിളിപ്പേരുള്ള മനുഷ്യൻ പലരുടെയും അനുഭവങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. തകർന്നടിഞ്ഞ ഗ്രാമങ്ങളെ മാത്രമല്ല, കുന്നിൻചെരുവകളിലേ ജീവിതങ്ങളെ എങ്ങനെ പുനർനിർമ്മിക്കും എന്ന ആത്മഗതത്തിനുമുന്നിൽ വന്നുപെട്ട വിതുമ്പലുകൾ അയാളുടെ വാക്കുകളെ തടസ്സപ്പെടുത്തി കളഞ്ഞു.

തോങ്സിന് ഹാങ്‌സിൻ എന്ന 7 വയസുള്ള ബാലനെയും അവന്റെ മെയ്തി വിഭാഗത്തിൽ തന്നെ ജനിച്ച അമ്മയെയും നീചമായി കൊന്നത് ദിവസങ്ങൾക്ക് പിറകിലായിരുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ്​ ക്യാമ്പിൽ കഴിഞ്ഞിരുന്ന തോങ്‌സിനെയും അവന്റെ അമ്മയെയും മെയ്തി വിഭാഗത്തിൽ തന്നെയുണ്ടായിരുന്ന അയൽക്കാരിയായ ലിഡിയ ലൂരമ്പവും സായുധസേനയുടെ അകമ്പടിയോടെ കൂടെയുള്ള ആംബുലൻസിൽ ആയിരുന്നു ആസ്പത്രിയിലേക്കു പോയത്‌. എന്നാൽ സംഘർഷത്തിൽ മെയ്തി കലാപകാരികൾ ആംബുലൻസിനു തന്നെ തീയിട്ടു. ഏഴ് വയസുള്ള തോങ്‌സിനും അവന്റെ അമ്മയും അയൽക്കാരിയും വെന്തു മരിച്ചു. ‘മേയിരാ പൈബീസ്’ എന്ന മെയ്തി വനിതാ തീവ്രവാദി സംഘമായിരുന്നു ഈ കിരാതമായ കൂട്ടക്കൊലയ്ക്ക് നേതൃത്വമായത്​.

‘ഞങ്ങൾക്കാകെ ലഭിച്ചത് വാഹനത്തിനുള്ളിലെ കത്തിക്കരിഞ്ഞുപോയ ചില അസ്ഥിക്കഷണങ്ങൾ മാത്രമായിരുന്നു’ എന്ന ഉദ്യോഗസ്ഥ മൊഴി ആവർത്തിക്കവെ ആർദ്രത മൂടിയ ക്രിസ്തു ചിത്രത്തിനു ചുവട്ടിലിരുന്നു വിക്ടർ തേങ്ങിക്കരഞ്ഞു.

പലതവണ ഇതിനിടയിൽ അലി അപകട മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. തിരകെയുള്ള യാത്ര തുടങ്ങുകയാണ്. അനാഥരായ അസംഘ്യം മനുഷ്യരുടെ ജീവിതം വായിക്കുമ്പോൾ പോലും ഉണ്ടാവാനിടയില്ലാത്തവിധം ഹൃദയം കനപ്പെട്ടു പോവും, കണ്ണീർ വരാനാവാത്തവിധം അത്യപൂർവമായി കണ്ണ് കലങ്ങിനിറഞ്ഞങ്ങു നില്ക്കുമ്പോലെ ആയിത്തീരും, ഈ കാഴ്ചകൾക്കൊടുവിൽ, ഈ സാക്ഷ്യങ്ങൾക്കൊടുവിൽ…

(അവസാനിച്ചു)

Comments