‘മോദി റേഡിയോ’ എറിഞ്ഞുടച്ച മണിപ്പുർ ജനത

ഇന്ത്യയില്‍, ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ അതേ വഴികളിലൂടെയാണ് മണിപ്പുരും സഞ്ചരിക്കുന്നത്. ഈ കലാപങ്ങളുടെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതും അത്തരം 'സുവര്‍ണാവസരങ്ങള്‍' അണയാതെ കത്തിച്ചുനിര്‍ത്തേണ്ടത്, ആരുടെ ആവശ്യമാണ് എന്നതും ഇന്ത്യയുടെ സമീപകാല രാഷ്ട്രീയചരിത്രം പറഞ്ഞുതരുന്നുണ്ട്. നരേന്ദ്രമോദിയുടെ മൗനം, അതുകൊണ്ടുതന്നെ, ഹിംസാത്മകമായ ആ രാഷ്ട്രീയചരിത്രത്തിന്റെ തുടര്‍ച്ച കൂടിയാകുന്നുണ്ട്.

ന്നര മാസമായി അണയാത്ത കലാപദേശമായി ഒരു സംസ്ഥാനം. 120 പേരുടെ മരണം. 50,000 പേരെ നേരിട്ടുബാധിച്ച അക്രമം. 300-ലേറെ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും അടക്കം 20,000-ലേറെ പേര്‍ നരകിക്കുന്നു. ലക്ഷങ്ങളുടെ പലായനം. പൊലിസിനെയും ക്രമസമാധാന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പരസ്പരം അക്രമിക്കുന്ന സായുധസംഘങ്ങള്‍. സാധാരണ ജനങ്ങള്‍ക്കുനേരെ മാത്രമല്ല, സുരക്ഷാ സംവിധാനങ്ങളെയാകെ മുള്‍മുനയില്‍നിര്‍ത്തിയിരിക്കുന്ന സായുധസംഘങ്ങള്‍.

എന്നിട്ടും, മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ശബ്ദനായിരിക്കുന്നത് എന്തുകൊണ്ട്? മണിപ്പുര്‍ ഇന്ത്യയുടെ ഭാഗം തന്നെയല്ലേ?- കഴിഞ്ഞദിവസം ഈ ചോദ്യം ചോദിച്ചത്, മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്.

ഒക്രം ഇബോബി സിങ്

കഴിഞ്ഞദിവസം ‘മന്‍ കി ബാതി’ല്‍ നരേന്ദ്രമോദി, അടിയന്തരാവസ്ഥയെ ‘ഇന്ത്യയുടെ ഇരുണ്ട യുഗ’മായി പ്രഖ്യാപിക്കുമ്പോള്‍, മോദിയുടെ ശബ്ദം മുഴങ്ങുന്ന റേഡിയോ കത്തിച്ചും എറിഞ്ഞുപൊട്ടിച്ചും പ്രതിഷേധിക്കുകയായിരുന്നു ഇംഫാലിൽ സ്​ത്രീകൾ. 'മന്‍ കി ബാതി'ന്റെ 102-ാം എപ്പിസോഡാണ് ഇംഫാല്‍ വെസ്റ്റ്, കാക്ചിങ് ജില്ലകളിലെ ജനങ്ങള്‍ എറിഞ്ഞുടച്ചത്. ദേശീയപാതയുടെ ഇരുവശവും നിന്ന് സ്ത്രീകള്‍ മോദിക്കും ബി.ജെ.പിക്കും എതിരെ മുദ്രാവാക്യം മുഴക്കി. 'മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും ശബ്ദിക്കാത്ത മന്‍ കി ബാത് ഞങ്ങള്‍ക്കുവേണ്ട' എന്നു പറഞ്ഞ് അവര്‍ റേഡിയോകള്‍ റോഡിലേക്ക് എറിഞ്ഞു.
കത്തിച്ച റേഡിയോക്കുചുറ്റും നിന്ന് ‘നോ മന്‍ കി ബാത്’, ‘മണിപ്പുര്‍ കി ബാത്’ എന്ന് മുദ്രാവാക്യം മുഴക്കുന്ന ജനത, മണിപ്പുര്‍ വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കുറ്റകരവും ദുരൂഹവുമായ നിശ്ശബ്ദയയോടുള്ള കടുത്ത പ്രതിഷേധത്തിന്റെ അടയാളമാണ്.

Photo: Screengrab IndiaTodayNE

സംസ്ഥാനത്തെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമയം ചോദിച്ചപ്പോള്‍ അതിന് അനുമതി നൽകിയില്ല. ഇപ്പോള്‍, മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ വീടുപോലും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു ഭരണകൂടമില്ലെന്ന് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയെപ്പോലുള്ള സഖ്യകക്ഷികള്‍ പോലും ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നു.

'ഗ്രേറ്റര്‍ മിസോറാം', 'ഗ്രേറ്റര്‍ നാഗാലാൻറ്​' തുടങ്ങിയ സ്വതന്ത്ര ദേശങ്ങള്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളും സായുധ സന്നാഹങ്ങളും ശക്തമായി വരുന്നുവെന്നാണ് മണിപ്പുരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാലങ്ങളായി വംശീയസംഘര്‍ഷത്തിന്റെ ഭൂമിയായ മണിപ്പുരില്‍ ഇന്ന്, അത് തീര്‍ത്തും വര്‍ഗീയമായ കലാപത്തിന്റെ സ്വഭാവത്തിലേക്ക് മാറിക്കഴിഞ്ഞു. മെയ്തികളുടെയും കുക്കികളുടെയും 'സഖ്യകക്ഷി'യായി നടിച്ച് ബി.ജെ.പിയും സംഘ്പരിവാറും അവരുടെ ഭരണകൂടവും സാംസ്‌കാരിക ദേശീയത എന്ന ആയുധം കൊണ്ട് പയറ്റുന്ന തന്ത്രം ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറം, സംസ്ഥാനത്തെ വിഭജന ഭീഷണിയിലെത്തിച്ചിരിക്കുകയാണ്. 'ഗ്രേറ്റര്‍ മിസോറാം', 'ഗ്രേറ്റര്‍ നാഗാലാൻറ്​' തുടങ്ങിയ സ്വതന്ത്ര ദേശങ്ങള്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളും സായുധ സന്നാഹങ്ങളും ശക്തമായി വരുന്നുവെന്നാണ് മണിപ്പുരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Photo: Screengrab / HY News

പതിനായിരക്കണക്കിന് ആയുധങ്ങളാണ് പൊലീസ് ക്യാമ്പുകളില്‍നിന്ന് 'അപഹരിക്ക'പ്പെട്ടിരിക്കുന്നത്. ഇവ, നിയമവിരുദ്ധ സായുധസംഘങ്ങളാണ് അതിക്രമിച്ച് കൊണ്ടുപോയതെന്നാണ് സുരക്ഷാവിഭാഗം പറയുന്നത്. എന്നാല്‍, പൊലിസിന്റെ ഒത്താശയില്ലാതെ ഇവ സായുധസംഘങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പൊലീസില്‍ മെയ്തി വിഭാഗത്തിനാണ് മുന്‍തൂക്കം. അതുകൊണ്ടുതന്നെ, മെയ്തി സായുധസംഘങ്ങള്‍ക്ക് പൊലീസ് തന്നെ ആയുധങ്ങള്‍ വിട്ടുകൊടുക്കുകയും അവ കുകികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയുമാണ് എന്നും ആരോപണമുയരുന്നുണ്ട്.

‘അക്രമം ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ വിഭജിച്ചിരിക്കുകയാണ് ഇംഫാല്‍ താഴ്‌വരയില്‍ ഒരൊറ്റ ഗോത്രവിഭാഗക്കാരുമില്ല, വനത്തിലാകട്ടെ, ഒരു മെയ്തി പോലും അവശേഷിക്കുന്നില്ല’ - കുകി എം.എല്‍.എമാര്‍ പറയുന്നു.

കുകി സംഘടനകളുടെ ആവശ്യം, വിഘടിത ഭരണസംവിധാനമാണ്. തങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാനാകാത്ത സാഹചര്യമാണെന്നും അതുകൊണ്ട് പ്രത്യേക ഭരണസംവിധാനം വേണമെന്നും ആവശ്യപ്പെട്ട 10 എം.എല്‍.എമാര്‍ക്ക് നിയമസഭ അവകാശ- പെരുമാറ്റ ചട്ട സമിതി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ബി.ജെ.പിയില്‍നിന്നുള്ള ഏഴുപേരടക്കമുള്ള കുകി- ചിന്‍ വിഭാഗക്കാരായ എം.എല്‍.എമാരാണ് ഈ ആവശ്യമുന്നയിച്ചത്. ‘മെയ്തികള്‍ക്കിടയില്‍ ജീവിക്കുക എന്നത് ഞങ്ങളുടെ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്’ എന്ന് അമിത്ഷാക്ക് നല്‍കിയ നിവേദനത്തില്‍ കുകി എം.എല്‍.എമാര്‍ പറയുന്നു.
‘അക്രമം ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ വിഭജിച്ചിരിക്കുകയാണ് ഇംഫാല്‍ താഴ്‌വരയില്‍ ഒരൊറ്റ ഗോത്രവിഭാഗക്കാരുമില്ല, വനത്തിലാകട്ടെ, ഒരു മെയ്തി പോലും അവശേഷിക്കുന്നില്ല’ - കുകി എം.എല്‍.എമാര്‍ പറയുന്നു.

ഇതിനിടെ, ബി.ജെ.പിക്കാരായ മെയ്തി എം.എല്‍.എമാര്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ തമ്പടിച്ചിരിക്കുകയാണ്. ‘കുകി- ചിന്‍ നാര്‍ക്കോ ടെററിസ്റ്റുകള്‍ക്കെതിരായ ദേശീയ യുദ്ധം’ എന്നാണ് തങ്ങളുടെ പോരാട്ടത്തെ മെയ്തി സായുധസംഘങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതിനിടയില്‍ ഭിന്നത മൂര്‍ഛിപ്പിക്കുന്ന ഔദ്യോഗിക നടപടികള്‍ തുടരുന്നുമുണ്ട്. പ്രമുഖ ഗോത്രവിഭാഗ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിക്കുന്നു. തങ്ങള്‍ക്കെതിരായ സംഘടിത ആക്രമണം പൊതുമൂഹത്തിനുമുന്നില്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണിത് എന്നും അവര്‍ ആരോപിക്കുന്നു.

കുകികളും മെയ്തികളും നാഗകളുമാണ് ഇപ്പോള്‍ എത്‌നിക് ഐഡന്റിറ്റി ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഭൂ ഉടമസ്ഥത, കാര്‍ഷിക ഭൂമിയുടെ നിയന്ത്രണം, വാസസ്ഥലങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവ ഈ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അസമത്വം സൃഷ്ടിച്ചു. നാഗകള്‍ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്താണ് ജീവിക്കുന്നത്. കുകികള്‍ കാടിനെ ആശ്രയിച്ചുകഴിയുന്നു. മെയ്തികളാകട്ടെ, താഴ്‌വരയുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്നു. ഭരണകൂടങ്ങളുടെ വികസനനയങ്ങള്‍, വംശീയ അസമത്വം മൂർഛിപ്പിക്കുകയും താഴ്‌വരയിലെയും വനമേഖലയിലെയും വിഭാഗങ്ങളെ കടുത്ത വിവേചനങ്ങള്‍ക്കിരയാക്കുകയും​ ചെയ്​തു. ഇതാണ്, സംഘര്‍ഷങ്ങള്‍ ഇപ്പോഴത്തെ അവസ്​ഥയിലെത്തിച്ചത്​.

കുകികള്‍ വിവിധ ഗ്രോത്രങ്ങളടങ്ങിയ സവിശേഷ എത്‌നിക് സമൂഹമാണ്. മണിപ്പൂര്‍, മിസോറാം, ആസാം സംസ്​ഥാനങ്ങളിലും ബര്‍മയുടെയും ബംഗ്ലാദേശിന്റെയും ചില പ്രദേശങ്ങളിലുമാണ്​ ഇവര്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ, കുകികളെ 'വിദേശികള്‍' എന്നും ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നുമാണ് ഗോത്ര വിഭാഗമല്ലാത്ത മെയ്തികള്‍ ആക്ഷേപിക്കുന്നത്​.
എന്നാൽ, തങ്ങളെ ലക്ഷ്യമിട്ടുള്ള വംശീയഹത്യയാണ് മെയ്തികള്‍ നടത്തുന്നത് എന്നാണ് കുകി- ചിന്‍ വിഭാഗം പറയുന്നത്.

1970 മുതല്‍ മണിപ്പുരില്‍ താമസിച്ചുവരുന്ന ഗോത്രവിഭാഗങ്ങളെ 'നിയമവിരുദ്ധ കൈയേറ്റക്കാര്‍' എന്ന് മുദ്രകുത്തി റിസര്‍വ് വനമേഖലയില്‍നിന്ന് കുടിയിറക്കാന്‍ കഴിഞ്ഞ ജനുവരയില്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികളാണ് ഇപ്പോഴത്തെ പ്രതിസന്ധി ആളിക്കത്തിച്ചത്. ചുരാചാന്ദ്പുര്‍, കാങ്‌പോക്പി, ടെന്‍ഗ്‌നോപാല്‍ തുടങ്ങിയ ജില്ലകളിലെ വനങ്ങളില്‍താമസിക്കുന്നവരെ ഒന്നടങ്കം 'കൈയേറ്റക്കാരായി' പ്രഖ്യാപിച്ചാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ഗോത്രവിഭാഗങ്ങളില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വിശ്വാസികളും മെയ്തികളില്‍ 53 ശതമാനവും ഹിന്ദു വിഭാഗവുമാണ്. ട്രൈബല്‍ ലാന്‍ഡായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന 90 ശതമാനം ഭൂമിയില്‍ തങ്ങള്‍ക്കുകൂടി അവകാശം സ്ഥാപിച്ചെടുക്കാനാണ് മെയ്തികള്‍, തങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി വേണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. മത- വംശീയ ചേരിതിരിവ് രൂക്ഷമായ ഈ വിഭാഗങ്ങള്‍ക്കിടയില്‍, ഈ ആവശ്യം മതവര്‍ഗീയതയുടെ ആയുധമാക്കി മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

വൈദിക ബ്രാഹ്മണ്യത്തിന്റെ 'ശുദ്ധി- അശുദ്ധി' സങ്കല്‍പ്പം ബലപ്പെടുത്തി ജാതീയതയുടെയും അസ്പൃശ്യതയുടെയും ചേരുവകള്‍ സമര്‍ഥമായി സന്നിവേശിപ്പിച്ചാണ് സംഘ്പരിവാര്‍, മെയ്തി വിഭാഗക്കാര്‍ക്കിടയില്‍ ഹിന്ദുവൽക്കരണം രൂക്ഷമാക്കിയത്​.

എത്​നിക്​ ഭിന്നത, വർഗീയ കലാപമായി മാറിയപ്പോൾ, അത്​ ഏറ്റവും ബാധിച്ചത്​ ക്രിസ്​ത്യൻ വിഭാഗത്തെയാണ്​. അവർക്കെതരെ, ഒരു മാസമായി സംഘടിത ആക്രമണമാണ്​ നടക്കുന്നത്​. 249 ചര്‍ച്ചുകള്‍ അഗ്‌നിക്കിരയാക്കിയതായി ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമന്‍ പറയുന്നു. കുകികളും മെയ്തികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ മെയ്തി അക്രമിസംഘം തന്നെയാണ്​ ചര്‍ച്ചുകള്‍ തെരഞ്ഞുപിടിച്ച്​ തീയിട്ടതെന്നും അദ്ദേഹം പറയുന്നു. എവിടെയൊക്കെയാണ് ചര്‍ച്ചുകളുള്ളത് എന്ന് കൃത്യമായി അറിയാവുന്ന അക്രമിസംഘങ്ങളുടെ ആസൂത്രിത ആക്രമണമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമന്‍

സംഘ്​പരിവാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഹിന്ദുവൽക്കരണമാണ്​ മെയ്​തി വിഭാഗത്തിനിടയിലും മെത്​തികളും കുകികളും തമ്മിലുമുള്ള എത്​നിക്​ ഭിന്നതയെ വർഗീയമാക്കി മാറ്റിയത്​. വൈദിക ബ്രാഹ്മണ്യത്തിന്റെ 'ശുദ്ധി- അശുദ്ധി' സങ്കല്‍പ്പം ബലപ്പെടുത്തി ജാതീയതയുടെയും അസ്പൃശ്യതയുടെയും ചേരുവകള്‍ സമര്‍ഥമായി സന്നിവേശിപ്പിച്ചാണ് സംഘ്പരിവാര്‍, മെയ്തി വിഭാഗക്കാര്‍ക്കിടയില്‍ ഹിന്ദുവൽക്കരണം രൂക്ഷമാക്കിയത്​. ബ്രാഹ്മണിസം നിലനില്‍ക്കുന്ന സമൂഹമാണ് മണിപ്പുരിലേത്. ബ്രാഹ്മണര്‍ മറ്റു സമുദായങ്ങളുടെ ഭക്ഷണം കഴിക്കുകയോ അവരെ വിവാഹം ചെയ്യുകയോ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാറില്ല. അതേസമയം, മെയ്തികളും ഗോത്ര ജനതയും തമ്മിലുള്ള വിനിമയങ്ങളില്‍ ശുദ്ധാശുദ്ധി നിയമങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, മെയ്തികള്‍ക്കിടയില്‍ ഹിന്ദുയിസം ശക്തമായതോടെ, ഒരു മെയ്തി യുവാവ് ഗോത്ര യുവതിയെ വിവാഹം കഴിച്ചാല്‍, ആ വധുവിനെ 'ശുദ്ധീകരണ' പ്രക്രിയക്ക് വിധേയമാക്കപ്പെടുന്ന പുതിയ ആചാരം കൊണ്ടുവന്നു. ഈ ഹിന്ദുവല്‍ക്കരണപ്രക്രിയ മെയ്തികള്‍ക്കിടയില്‍ തന്നെയും മെയ്തികളും ഗോത്ര വിഭാഗങ്ങള്‍ തമ്മിലുമുള്ള വിഭജനം സമീപകാലത്ത് രൂക്ഷമാക്കിയിട്ടുണ്ട്. ഇതിന് വിത്തിട്ട സംഘ്പരിവാര്‍ തന്നെയായിരുന്നു, ഇതിന്റെ ഗുണഭോക്താക്കളും.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്നും മ്യാന്മറില്‍നിന്ന് നിയമവിരുദ്ധമായി കുടിയേറിയ കുകികളെ സംസ്ഥാനത്തിനുപുറത്താക്കണമെന്നും മെയ്തി സംഘടനകള്‍ ആവശ്യപ്പെട്ടതോടെ, കേന്ദ്ര ഭരണകൂടത്തിന്റെയും ബി.ജെ.പിയുടെയും 'ഇച്​ഛ'യിലേക്കാണ്​ കാര്യങ്ങൾ വികസിക്കുന്നത്

ബിരേന്‍ സിങ്

മെയ്തികള്‍ക്കിടയില്‍ ശക്തിപ്രാപിച്ചുവരുന്ന 'സനമാഹിസം' എന്ന പ്രത്യേക ആരാധനാ സംഘവും അവരുടെ നേതൃത്വത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന സായുധഗ്രൂപ്പുകളുമാണ് ചര്‍ച്ചുകള്‍ക്കെതിരെ ആക്രമണം നടത്തുന്നത് എന്നാണ് സംശയിക്കുന്നത്. 'സനമാഹിസ്റ്റ്' വിഭാഗക്കാര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഇവരുടെ നേതൃത്വത്തിലുള്ള ടെമ്പിള്‍ ബോര്‍ഡിന് പ്രത്യേക വാര്‍ഷിക ഗ്രാന്റ് അനുവദിച്ചു. ഹിന്ദുയിസം പ്രബലമാക്കാനുള്ള ഭരണനടപടികൾ, ക്രിസ്​ത്യൻ വിഭാഗത്തിനെതിരായ ശക്തിപ്രകടനമായി വളരുകയും അത്​ വർഗീയമായി സംഘടിതരൂപം പ്രാപിക്കുകയും ചെയ്​താണ്​, ഇപ്പോഴത്തെ കലാപത്തിൽ ദൃശ്യമാകുന്നത്​.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്നും മ്യാന്മറില്‍നിന്ന് നിയമവിരുദ്ധമായി കുടിയേറിയ കുകികളെ സംസ്ഥാനത്തിനുപുറത്താക്കണമെന്നും മെയ്തി സംഘടനകള്‍ ആവശ്യപ്പെട്ടതോടെ, കേന്ദ്ര ഭരണകൂടത്തിന്റെയും ബി.ജെ.പിയുടെയും 'ഇച്​ഛ'യിലേക്കാണ്​ കാര്യങ്ങൾ വികസിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മെയ്തി വിഭാഗക്കാര്‍ കൂടുതലുള്ള മിസോറാമിലേക്കുകൂടി പ്രശ്‌നം പടരുന്നുണ്ട്. മിസോറാമിലെ മെയ്തി വിഭാഗക്കാരുടെ സംരക്ഷണത്തിന് നടപടിയെടുക്കാന്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഇന്നലെ മിസോറാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിസന്ധിയായി 'വികസിപ്പിച്ചു'കഴിഞ്ഞാല്‍, കേന്ദ്ര ഇടപെടലിനുള്ള ന്യായീകരണം കൂടിയാകും അത് എന്നാണ് ബി.ജെ.പി കരുതുന്നത്.
ഇന്ത്യയില്‍, ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ അതേ വഴികളിലൂടെയാണ് മണിപ്പുരും സഞ്ചരിക്കുന്നത്. ഈ കലാപങ്ങളുടെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതും അത്തരം 'സുവര്‍ണാവസരങ്ങള്‍' അണയാതെ കത്തിച്ചുനിര്‍ത്തേണ്ടത്, ആരുടെ ആവശ്യമാണ് എന്നതും ഇന്ത്യയുടെ സമീപകാല രാഷ്ട്രീയചരിത്രം പറഞ്ഞുതരുന്നുണ്ട്. നരേന്ദ്രമോദിയുടെ മൗനം, അതുകൊണ്ടുതന്നെ, ഹിംസാത്മകമായ ആ രാഷ്ട്രീയചരിത്രത്തിന്റെ തുടര്‍ച്ച കൂടിയാകുന്നുണ്ട്.

Comments