രാജി മാത്രം ​പോരാ,
ബീരേൻ സിങ്​ കുറ്റവിചാരണ ചെയ്യപ്പെടണം

കൂട്ട ബലാല്‍സംഗങ്ങളും കൂട്ടക്കൊലകളും ആവർത്തിക്കുന്ന സാഹചര്യ സൃഷ്​ടിക്കുകയും അതിനെതിരെ നടപടി എടുക്കുന്നതിനു പകരം പുറംലോകം അറിയാതിരിക്കാന്‍ ഇൻറർനെറ്റ്​ നിരോധിക്കുകയും ചെയ്തതിലുമെല്ലാം, കുറ്റവാളിയായി പരിഗണിച്ച് ബീരേന്‍ സിംഗിനെ കുറ്റവിചാരണക്ക് വിധേയമാക്കണമെന്ന വാദമുയർത്തുകയാണ്​ പി. കൃഷ്​ണപ്രസാദ്​.

ണിപ്പുരില്‍ നടക്കുന്ന കലാപത്തിൽ 2023 ജൂലൈ 4 വരെ 141 പേര്‍ കൊല്ലപ്പെട്ടതായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. വ്യാപക അക്രമങ്ങളില്‍ 6000- ത്തിലേറെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളിലും കൊലകളിലും 206 എഫ്‌ഐ ആറുണ്ട്. ഈ സാഹചര്യത്തിലും, ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സരക്കാരിനെ പിരിച്ചുവിട്ട്​ രാഷ്ട്രപതി ഭരണം എർപ്പെടുത്താനും അതിവേഗം സമാധാനം ഉറപ്പുവരുത്താനും യൂണിയന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിനെയും യൂണിയന്‍ സർക്കാറിനെയും നയിക്കുന്നത് ബി ജെ പിയാണ്.

സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും അവരിൽ ഒരാളുടെ അച്ഛനെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്​ത സംഭവം നടന്നത് മെയ് നാലിനാണ്. അഭയം തേടിയ കാട്ടില്‍നിന്ന്​ ഇവരെ തിരികെ ഗ്രാമത്തിലെത്തിച്ച്​ അക്രമിസംഘത്തിന്​ കൈമാറിയത്​ പോലീസ് ആണെന്ന് ആക്രമണത്തിനിരയായ സ്ത്രീ മൊഴി നൽകിയിട്ടുണ്ട്​. ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ ഭര്‍ത്താവ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ്. മെയ് 18 ന്​ കാങ്ങ്‌പൊക്പി ജില്ലയില്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ 19 ന്​ വീഡിയോ പരസ്യമായ ശേഷം, സംസ്ഥാന സര്‍ക്കാരും യൂണിയന്‍ സര്‍ക്കാരും നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതി നടപടിയെടുക്കും എന്ന് ചീഫ് ജസ്റ്റിസ് തന്നെ ശക്തമായി പ്രതികരിച്ചപ്പോള്‍ മാത്രമാണ് കേസിലെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

കാങ്ങ്‌പൊക്പി ജില്ലയില്‍ മെയ് 16 ന്​ രജിസ്റ്റര്‍ ചെയ്ത മറ്റൊരു എഫ്‌ ഐ ആർ പ്രകാരം 21 വയസ്സും 24 വയസ്സും ഉള്ള, ഇംഫാല്‍ നഗരത്തില്‍ കാര്‍ വാഷ് കേന്ദ്രത്തില്‍ തൊഴിലാളികളായ രണ്ട് വനിതകളെ മെയ് 5 ന്​ 100- 200 പേര്‍ വരുന്ന ആള്‍കൂട്ടം കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ജൂണ്‍ 13 ന്​ ഈ കേസ്​ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലേക്ക് കൈമാറി. അതിലാരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്​ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ല.

ജൂലൈ രണ്ടിന്​ ഡേവിഡ് തൈക് എന്ന കുക്കി വംശജനായ യുവാവിനെ വെടിവെച്ചു കൊന്ന്​ തല വെട്ടിയെടുത്ത് മുളകൊണ്ടുള്ള കുന്തത്തില്‍ കോര്‍ത്ത് മുള്‍വേലിയില്‍ കുത്തിനിര്‍ത്തിയത് ഒരു എം എല്‍ എയുടെ സുരക്ഷാ ഭടന്‍മാരാണ്. ചുരാചന്ദ്പുർ ജില്ലയിലെ ലംസാ ഗ്രാമത്തിലാണ് അക്രമം നടന്നത്. ലംസ, ച്ചിംഗ്ലാങ്‌മൈ എന്നീ ഗ്രാമങ്ങളിലെ എല്ലാ വീടുകളും ആള്‍ക്കൂട്ടം കത്തിച്ചു. മുംബൈ നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ഡേവിഡ്.

മണിപ്പുരില്‍ പോലീസ് സേനയിലെ ഒരു വിഭാഗവും മെയ്​തി തീവ്രവാദികളും ഒരുമിച്ചാണ് ജനക്കൂട്ടത്തെ ഇളക്കിവിട്ട്​ വംശീയ കലാപം നടത്തുന്നത് എന്ന് മണിപ്പുരിലെ പ്രതിപക്ഷ നേതാക്കള്‍ തന്നെ ദല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചതാണ്. ഈ നേതാക്കളും മെയ്​തി സമുദായക്കാരാണ്. പോലീസ് സ്റ്റേഷനുകളിലും ആയുധശാലകളിലും നിന്ന്​ 5000- ത്തിലേറെ എ കെ 47 തോക്കുകളും 6 ലക്ഷത്തോളം തിരകളും പോലീസ് പിന്തുണയോടെ തീവ്രവാദികള്‍ എടുത്തുകൊണ്ടുപോയതായും അവര്‍ ആ​രോപിക്കുന്നു.

മുഖ്യമന്ത്രിയുടെ അറിവോടെയും പിന്തുണയോടെയുമാണ്​ അക്രമം നടക്കുന്നത് എന്നും സംസ്ഥാന സരക്കാരിനെ പിരിച്ചുവിട്ട്​ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തണം എന്നും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം എന്നും പ്രധാനമന്ത്രിയെ നേരില്‍ കണ്ടു പറയാൻ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ ഒകരാം ഇബോംബി സിങ്ങും സി പി ഐ-എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാരും അടക്കം 10 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ജൂണ്‍ 14 മുതല്‍ 29 വരെ 15 ദിവസം ദല്‍ഹിയില്‍ കാത്തുനിന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ കാണാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം അമേരിക്ക- ഈജിപ്ത് വിദേശ യാത്രക്കായി പോകുകയാണ് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെൻറ്​ മണിപ്പുർ കൂട്ടക്കൊലകളെയും കൂട്ട ബലാല്‍സംഗങ്ങളെയും അപലപിച്ച്​ പ്രമേയം പാസാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തെ പ്രമേയം ശക്തമായി കുറ്റപ്പെടുത്തി.

ഒകരാം ഇബോംബി സിങ്

പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പുരില്‍ നടക്കുന്ന എല്ലാ അക്രമങ്ങളും അതത് സമയം അറിയുന്നുണ്ട് എന്നു വ്യക്തമാണ്. 2002- ലെ ഗുജറാത്ത് കലാപത്തില്‍, അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് പ്രധാന മന്ത്രിയായിരുന്ന വാജ്‌പേയി, രാജധര്‍മം പാലിക്കാനാണ് പറഞ്ഞത്. മണിപ്പുര്‍ കലാപത്തിൽ, പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയോട് ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങളാകെ വിളിച്ചുപറയുന്നത്, ആ സ്ഥാനത്തിരിക്കാന്‍ നിങ്ങള്‍ക്ക് ധാര്‍മ്മികമായും നിയമപരമായും അധികാരമില്ല എന്നാണ്. പ്രധാനമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച വീഡിയോ ജൂലൈ 19- ന്​ പൊതുസമൂഹത്തിലെത്തുകയും നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിടുകയും ചെയ്തപ്പോള്‍ മാത്രമാണ് സംസ്ഥാന മുഖ്യമന്ത്രി അറസ്​റ്റിന്​ തയ്യാറായത്. ഇത്തരം നൂറുകണക്കിന് ആക്രമണങ്ങള്‍ നടന്നതായും അതിനാലാണ് ഇന്റർനെറ്റ്​ നിരോധിച്ചത് എന്നും ഒരു പത്രപ്രവര്‍ത്തകയോട് മുഖ്യമന്ത്രി പ്രതികരിച്ചു. ക്രൂരമായി മനുഷ്യരെ കൊലപ്പെടുത്തിയ വിവരമറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും നിയമത്തിനു മുന്നില്‍ മറുപടി പറയണം.

'ദേശദ്രോഹികളാണ് മണിപ്പുരില്‍ കലാപം നടത്തുന്നത്, തന്റെ സര്‍ക്കാരും സായുധസേനയും രാഷ്ട്രദ്രോഹികള്‍ക്കെതിരായ യുദ്ധത്തിലാണ്' എന്നാണ് ബീരേന്‍ സിംഗ് പരസ്യമായി അവകാശപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ രാജിക്കത്ത്​ നൽകാൻ ഗവര്‍ണറെ കാണാന്‍ പോകുന്നതായി നാടകം കളിച്ച്​, വഴിയില്‍ ആള്‍ക്കൂട്ടത്തെ നിരത്തി രാജിക്കത്ത് കീറിക്കളയിച്ചു അധികാരത്തില്‍ തുടരുകയാണ് ബീരേന്‍ സിംഗ് ചെയ്തത്.

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്

വിവേചനമില്ലാതെ നിയമം നടപ്പിലാക്കുമെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും ഭരണഘടന മുന്‍നിര്‍ത്തി പ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായ ബീരേന്‍ സിംഗ് നഗ്‌നമായ നിയമലംഘനമാണ് നടത്തിയത്.

കൂട്ട ബലാല്‍സംഗങ്ങളും കൂട്ടക്കൊലകളും ആവർത്തിക്കുന്ന സാഹചര്യ സൃഷ്​ടിക്കുകയും അതിനെതിരെ നടപടി എടുക്കുന്നതിനു പകരം പുറംലോകം അറിയാതിരിക്കാന്‍ ഇൻറർനെറ്റ്​ നിരോധിക്കുകയും ചെയ്തതിലുമെല്ലാം, കുറ്റവാളിയായി പരിഗണിച്ച് ബീരേന്‍ സിംഗിനെ കുറ്റവിചാരണക്ക് വിധേയമാക്കണം. ഈ ആവശ്യം ഉയര്‍ത്തി സമരരംഗത്ത് വരാന്‍ ഇന്ത്യയിലെ പൗരർക്ക്​ ഉത്തരവാദിതമുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരില്ല.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments