മണിപ്പുരിൽ കുകി സ്ത്രീകൾ അതിക്രൂരമായ ലൈംഗികാക്രമണത്തിനിരയാവുകയും കലാപം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, പാർലമെൻറിൽ എല്ലാ നടപടികളും നിര്‍ത്തിവച്ച് മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ഇന്ന് ആവശ്യപ്പെട്ടത്. മാത്രമല്ല, ഈ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് കുറച്ചുമുമ്പ്, പുറത്തുവച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണുകയും മണിപ്പുരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കലാപം തുടങ്ങി 75 ദിവസമായിട്ടും മിണ്ടാത്ത ആള്‍, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം, അകത്ത് സംസാരിക്കാതെ, പുറത്തുവച്ച് സംസാരിച്ചതില്‍നിന്നുതന്നെ, അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലേ? പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ അംഗങ്ങളുടെ സംശയങ്ങളോടും അഭിപ്രായങ്ങളോടും പ്രതികരിക്കേണ്ടിവരും. ഏകപക്ഷീയമായ പ്രസ്താവന പറ്റില്ലല്ലോ.
സുപ്രീംകോടതി സ്വമേധായ കേസെടുക്കുമെന്ന് പറഞ്ഞതുകൊണ്ടുമാത്രമാണ് പ്രധാനമന്ത്രി, പാർലമെൻറിന് പുറത്തെങ്കിലും വച്ച് വാ തുറന്നത്. ഇതാണ് ജനാധിപത്യത്തോട് ഇവര്‍ കാണിക്കുന്ന സമീപനം.
മണിപ്പുരിൽ ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇപ്പോൾ പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ളതുപോലത്തെ നൂറുകണക്കിന് സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ആയിരുന്നു. മണിപ്പുരിൽനിന്ന് പലായനം ചെയ്ത് മിസോറാമിലേക്ക് രക്ഷപ്പെട്ട ചില ഗ്രൂപ്പുകളുടെ കൈയില്‍നിന്നാണ് ഇപ്പോൾ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മണിപ്പുരിൽ നാലു ദിവസത്തെ സന്ദർശനത്തിനിടെ, ഞാൻ നിരവധി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയുണ്ടായിരുന്നവർ പറഞ്ഞ സംഭവങ്ങള്‍ ഇതിനേക്കാള്‍ ഭീകരമാണ്. അതു വച്ചുനോക്കിയാല്‍ഇത് ഹിമക്കട്ടുടെ അഗ്രം മാത്രമാണ്. ഇതിനേക്കാള്‍ എത്രയോ ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനേക്കാളും ക്രൂരമായ സംഭവങ്ങളെക്കുറിച്ച് അവർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കൊച്ചു കുട്ടികളുടെ മുന്നില്‍ വച്ചാണ് അവരുടെ അമ്മമാരെയും സഹോദരിമാരെയും റേപ്പ് ചെയ്തത്. അത്തരം അനുഭവങ്ങളുടെ ട്രോമയിലൂടെയാണ് കടന്നുപോകുന്നവാണ് ക്യാമ്പുകളിലുള്ളത്. അവരെ ഒന്ന് കാണാനോ അവര്‍ പറയുന്നത് കേള്‍ക്കാനേ കേന്ദ്ര ഭരണകൂടം തയാറായിട്ടില്ല.
ഏതൊരു കലാപവും 24 മണിക്കൂറിനപ്പുറത്തേക്ക് നീളുകയാണെങ്കില്‍ അതിനര്‍ഥം, ഒന്നുകില്‍ സ്‌റ്റേറ്റിന്റെ ഇടപെടലുണ്ട്, അല്ലെങ്കില്‍ അതിനുകാരണം ഡോമിനൻറ് ഐഡിയോളജിയാണ്.
മണിപ്പുര്‍ പൊലീസ് എന്ന ഏജന്‍സി പൂര്‍ണമായും മെയ്തി തീവ്രവാദപക്ഷത്തിന്റെ കൈകളിലാണ് എന്ന ധാരണ ശക്തമായിരിക്കുകയാണ്. മാത്രമല്ല, മണിപ്പുര്‍ പൊലീസിന്റെ കൈവശമുള്ള അത്യാധുനികമായ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിയിരിക്കുന്നത് കലാപകാരികളുടെ കൈകളിലേക്കാണ്.
കുകികള്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. തങ്ങള്‍ക്ക് മെയ്തി തീവ്രവാദികളെ മാത്രമല്ല, പൊലിസിനെ കൂടി നേരിടേണ്ട ഗതികേടാണ് എന്ന് അവർ പറയുന്നു. തുടക്കത്തില്‍ കലാപം നയിച്ചിരുന്നതുതന്നെ പൊലീസിന്റെ ഒത്താശയിലാണ് എന്നത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ആയുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്തിയത്. ആയുധങ്ങള്‍ നഷ്ടമായി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹം മണിപ്പുരില്‍ ചെന്നശേഷം, ആയുധങ്ങള്‍ തിരിച്ചുതരണം എന്നാവശ്യപ്പെട്ടത്.
ഒരു സംസ്ഥാനത്തുചെന്ന് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് എന്നോര്‍ക്കണം. എടുത്തുകൊണ്ടുപോയ ആയുധങ്ങൾ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി യാചിക്കുകയാണ്. ആറ് ലക്ഷത്തോളം റൗണ്ട് വെടിക്കോപ്പുകളാണ് നഷ്ടപ്പെട്ടത് എന്നാണ് അവരുടെ കണക്ക്. ഇതു കൂടാതെ ബര്‍മീസ് അതിര്‍ത്തിയില്‍നിന്നു വരുന്ന ആയുധങ്ങളുണ്ട്. ഇരുപക്ഷത്തെ തീവ്രവാദികള്‍ക്കും ആയുധം കിട്ടുന്നുണ്ട്. അവിടെയുള്ള ഇത്തരം സംഘങ്ങളാകെ ആയുധവല്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കേന്ദ്ര ഏജൻസികളുടെ പങ്കിനെക്കുറിച്ചും അവിടെ പറഞ്ഞുകേൾക്കുന്നുണ്ട്. ഓരോ വിഭാഗത്തെയും മറു വിഭാഗത്തിനെതിരെ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ആയുധവല്‍ക്കരിച്ചത്. അതിനുവേണ്ടി ഉദാരമായി ആയുധം നല്‍കി. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത് തിരിച്ചുപയോഗിക്കപ്പെടും. 60-ഓളം സായുധസംഘങ്ങൾ അവിടെയുണ്ട്.
പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പ്രതിനിധികൾ അടുത്തയാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കുന്നുണ്ട്. അതിനുമുമ്പ് പാര്‍ലമെന്റില്‍ സമഗ്ര ചര്‍ച്ച നടത്തുകയും പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുകയും വേണം എന്നതാണ് ഞങ്ങളുടെ ആവശ്യം.
മണിപ്പുർ അതിര്‍ത്തി സംസ്ഥാനമാണ്. വടക്കു-കിഴക്കിന്റെ സ്വഭാവത്തെയാകെ ബാധിക്കുന്നതാണ് ഈ കലാപം. കലാപത്തിലേർപ്പെട്ട വംശങ്ങള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ബന്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ കലാപത്തിന്റെ പ്രത്യാഘാതം ചെറുതല്ല. അന്താരാഷ്ട്ര പ്രത്യാഘാതമുള്ള ഒരു സംഭവത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നത് എന്നത് പ്രധാനമാണ്. നാളെ വീണ്ടും ഈ വിഷയം തന്നെ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.