മണിപ്പൂരില്‍ കുക്കി ഗോത്രക്കാരായ രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം (മെയ്‌തെയ്- ഹിന്ദു വിഭാഗക്കാര്‍) നഗ്നരാക്കി പരസ്യമായി ആക്രമിച്ചു നടത്തിക്കുകയും ഒരു വയലിലിട്ട് അതിഭീകരമായ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ദൃശ്യം പുറത്തുവന്നിരിക്കുന്നു. മെയ് നാലിനുനടന്ന സംഭവമാണ്. മണിപ്പൂരില്‍ നടന്നതിന്റെയും നടക്കുന്നതിന്റെയും വിറങ്ങലിപ്പിക്കുന്ന അനേകം സംഭവങ്ങളില്‍ ഒന്നാണിത്. എന്താണ് സംഭവിക്കുന്നതെന്നും അടിയന്തര നടപടികളെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടിവരുമെന്നും സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നു. ഈ രാജ്യത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും നാളെയെന്താണ് സംഭവിക്കുകയെന്നുമുള്ളതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.
ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും ഒരു വര്‍ഗീയ കലാപത്തിന്റെ വംശഹത്യയിലോ അവയുടെ കേവലമായ ലൈംഗിക വൈകൃതത്തിലോ ഒതുങ്ങിനില്‍ക്കുന്നതല്ല.
വംശഹത്യകളിലും വര്‍ഗീയ കലാപങ്ങളിലുമൊക്കെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങൾ, പ്രത്യേകിച്ച് ബലാത്സംഗവും ഒരു ആയുധമായി ഉപയോഗിക്കുന്നത് സംഘ്പരിവാറിന്റെയും അവരുടെ ഹിന്ദുത്വ ആക്രമണ സേനയുടെയും രീതിയാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അരങ്ങേറിയ മുസ്ലിം വംശഹത്യയില്‍ സംഘപരിവാര്‍ അക്രമികള്‍ മുസ്ലിം സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്ത ‘വീരകഥകള്‍’ ബാബു ബജ്രംഗിയെ പോലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ ഘോഷിക്കുന്നതും നാം കേട്ടു. വംശഹത്യകളിലും വര്‍ഗീയ കലാപങ്ങളിലും അത്തരം ലൈംഗികാതിക്രമങ്ങള്‍ ഒരു വീരധര്‍മ്മം പോലെ ആചരിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇന്നലെവരെ അയല്‍ക്കാരായും മിക്കപ്പോഴും അന്നുവരെ യാതൊരു തര്‍ക്കവും പരസ്പരമില്ലാതിരുന്നവരുമായവര്‍, ഇന്നലെവരെ പരസ്പര മര്യാദയോടുകൂടി മാത്രം പെരുമാറിയ ഒരു സ്ത്രീയെ, സ്ത്രീകളെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നത്. അത് വെറും കാമം മാത്രമല്ല, ഒരു രാഷ്ട്രീയ പ്രയോഗവും അതിന് ഊര്‍ജ്ജം നല്‍കുന്ന പ്രത്യയശാസ്ത്രത്തിന്റെ വെറിയും കൂടിയാണ്. അതുകൊണ്ടാണ് ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ നോക്കിനില്‍ക്കെ നിസ്സഹായരായി അലറിവിളിക്കുകയോ മൃതപ്രായരായി കിടക്കുകയോ ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത്. അതിനുശേഷം ആ സ്ത്രീകളെ കൊല്ലുന്നത് തങ്ങളുടെ രാഷ്ട്രീയപ്രയോഗത്തിന്റെ വിജയം നാട്ടുന്നതിനാണ്. അതായത്, ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും ഒരു വര്‍ഗീയ കലാപത്തിന്റെ വംശഹത്യയിലോ അവയുടെ കേവലമായ ലൈംഗിക വൈകൃതത്തിലോ ഒതുങ്ങിനില്‍ക്കുന്നതല്ല. ഒരു ആക്രമണത്തില്‍ വിജയം പ്രദര്‍ശിപ്പിക്കാനും അതിന്റെ അടയാളങ്ങളും സന്ദേശങ്ങളുമായി സ്ത്രീകളുടെ ശരീരങ്ങളെ ആക്രമിക്കാനുമുള്ള പുരുഷാധികാര ഹിംസയുടെ രൂപങ്ങള്‍ക്കാകട്ടെ വലിയ കാലപ്പഴക്കവുമുണ്ട്.
ഗുജറാത്ത് വംശഹത്യയിൽ ബലാത്സംഗവും അതിനുശേഷമുള്ള കൊലകളും എങ്ങനെയാണ് ആസൂത്രിത ക്രമമായി ഉപയോഗിച്ചതെന്നത് വളരെ വ്യക്തമാണ്. ഹര്‍ഷ് മന്ദറിന്റെ 'Between Memory and Forgetting: Massacre and the Modi Years in Gujarat', പ്രീതി ജായുടെ Splintered Justice എന്ന പുസ്തകങ്ങളിലെല്ലാം ഇതിന്റെ വിവരങ്ങള്‍, ഇരകളുടെ നേരിട്ടുള്ള വാക്കുകളില്‍ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര വസ്തുത പരിശോധനാ സമിതിയും ഇത്തരം നിരവധി മൊഴികള്‍ ഗുജറാത്തില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സംഘപരിവാറിന്റെ ഒരു രീതിശാസ്ത്രമാണ്.
ലോകത്ത് എല്ലാ സമഗ്രാധിപത്യ, സൈനിക ഭരണകൂടങ്ങളും ആക്രമണസേനകളും വംശീയാക്രമണ സംഘങ്ങളുമെല്ലാം ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണം തങ്ങളുടെ ആക്രമണരീതിയായി അവലംബിക്കുന്നവരാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജാപ്പനീസ് സൈനികര്‍ കൊറിയന്‍, ചൈനീസ് സ്ത്രീകള്‍ക്കെതിരെ അതിഭീകരമായ തോതില്‍ ഇത്തരം അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ജാപ്പനീസ് അധിനിവേശകാലത്ത് കൊറിയ, ചൈന, ഫിലിപ്പീന്‍സ്, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളെ തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്കുള്ള അടിമകളായി (Comfort women) കൂടെ കൊണ്ടുനടന്നിരുന്നു, ജാപ്പനീസ് സൈനികര്‍.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈനികര്‍ വിയറ്റ്‌നാമീസ് സ്ത്രീകള്‍ക്കെതിരെ ഇതേരീതിയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തി. 1971-ല്‍ ബംഗ്‌ളാദേശ് വിമോചന പോരാട്ടത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ ബംഗ്‌ളാദേശ് സ്ത്രീകള്‍ക്കെതിരെയും ബലാത്സംഗം ഒരു ആക്രമണ പദ്ധതിയായി മാറ്റി. രണ്ടാം ലോകമഹായുദ്ധാനന്തരം സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം ഏറ്റവും ഭീകരമായ മാനങ്ങളിലെത്തിയത് റുവാണ്ടയിലും (പിന്നീട് വിഘടിതമായ) യൂഗോസ്ലോവിയന്‍ ആഭ്യന്തര യുദ്ധങ്ങളിലുമാണ്.
റുവാണ്ടയില്‍ ഹുടു- ടുട്‌സി ആഭ്യന്തര കലാപത്തില്‍ ഹുടുക്കളുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ തങ്ങളുടെ സൈനികരെ ഉപയോഗിച്ച് മാത്രമല്ല ബലാത്സംഗം നടത്തിച്ചത്. എയ്ഡ്സ് രോഗബാധിതരായ (HIV+) പുരുഷന്മാരെക്കൊണ്ട് ടുട്‌സി സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്യിപ്പിച്ചു. ബലാത്സംഗത്തില്‍ മാത്രമല്ല, തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക, ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് തലമുറകളിലേക്ക് നീണ്ടുനില്‍ക്കുന്ന തരത്തിലുള്ളതുമാക്കുന്ന ഈ കുടിലതയും അതൊക്കെ ആവര്‍ത്തിക്കുന്നതില്‍ നിന്നും ലോകത്തെ തടഞ്ഞില്ല എന്നത് വേറെ കാര്യം. ബോസ്‌നിയ- ഹെര്‍സെഗ്നോവിയ- സെര്‍ബിയ (പഴയ യുഗോസ്‌ളാവിയ) ആഭ്യന്തര യുദ്ധങ്ങളിലെല്ലാം ആസൂത്രിതമായി പതിനായിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരകളാക്കപ്പെട്ടു. കോംഗോയിലെ ആഭ്യന്തര യുദ്ധത്തില്‍ ഏതാണ്ട് രണ്ടര ലക്ഷം സ്ത്രീകളെയാണ് ബലാത്സംഗം ചെയ്തത്. ഈ മനുഷ്യത്വഹീനമായ ആക്രമണങ്ങളുടെ തോത് ഒരു നാഗരികത എന്ന നിലയില്‍ മനുഷ്യര്‍ക്ക് താങ്ങാനാകില്ല എന്നതുകൊണ്ടാണ് 1993-ലും 2008-ലുമായി ഐക്യരാഷ്ട്രസഭ യുദ്ധങ്ങളിലും മറ്റ് കലാപങ്ങളിലും ആക്രണങ്ങളിലും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ മാനവരാശിക്കെതിരായ കുറ്റകൃത്യമാക്കി പ്രഖ്യാപിച്ചത്.
നിങ്ങള്‍ കീഴടക്കപ്പെട്ടു കഴിഞ്ഞു എന്ന് എതിരാളികള്‍ക്ക് താക്കീത് നല്‍കാന്‍ ഒരു പുരുഷാധികാര സമൂഹം ഉപയോഗിക്കുന്ന ഏറ്റവും തീക്ഷ്ണമായ അടയാളവും സന്ദേശവുമായി ബലാത്സംഗം മാറുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ വിഭജനകാലത്ത് അതിര്‍ത്തിയുടെ ഇരുവശങ്ങളിലായി കുടുങ്ങിപ്പോയ സ്ത്രീകളില്‍ നിരവധി പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടു. വിഭജനകാലത്ത് അപ്രത്യക്ഷരും അനാഥരും കുടുംബങ്ങളില്‍ നിന്നും നാടുകളില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടവരുമായ ആയിരക്കണക്കിന് സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായവരാണ്. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെതുടർന്ന് ദല്‍ഹിയിലുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ബലാത്സംഗം, ആക്രമണങ്ങൾക്കൊപ്പം, ഒഴിവാക്കാതെ നടന്നിരുന്നു.
എതിർപക്ഷത്തുള്ളവരിലെ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്യുക. ഒരു തരം ബലിയാടുകളെപ്പോലെ സ്ത്രീകള്‍ പ്രദർശിപ്പിക്കപ്പെടുന്നു. നിങ്ങള്‍ കീഴടക്കപ്പെട്ടു കഴിഞ്ഞു എന്ന് എതിരാളികള്‍ക്ക് താക്കീത് നല്‍കാന്‍ ഒരു പുരുഷാധികാര സമൂഹം ഉപയോഗിക്കുന്ന ഏറ്റവും തീക്ഷ്ണമായ അടയാളവും സന്ദേശവുമായി ബലാത്സംഗം മാറുന്നു. ഭൂമിയെപ്പോലെ സ്ത്രീയും ഉര്‍വ്വരതയുടെ പ്രതീകമായി കാണുന്ന മിത്തുകള്‍ മുതല്‍ സ്ത്രീകളെ ലംഘിക്കപ്പെടാത്ത പാരമ്പര്യ കൈമാറ്റ, തലമുറമാറ്റത്തിന്റെ ഉപകരണങ്ങളായും സ്ത്രീ ലൈംഗികത പാരമ്പര്യത്തിന്റെയും സ്വകാര്യ സ്വത്തിന്റെയും സൂചകമായി മാറുകയും ചെയ്യുന്ന പുരുഷാധിപത്യ ഘടനയില്‍ ഇത് വളരെ സുഗമമായി നല്‍കാവുന്ന അടയാളങ്ങളും സന്ദേശങ്ങളുമാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ഭാഷ ആത്യന്തികമായി ഇത്തരത്തിലുള്ള ഫാഷിസ്റ്റ് രാഷ്ട്രീയത്തെയും മനുഷ്യരാശിക്കെതിരായ അതിക്രങ്ങളെയും ചാരിയാണ് നില്‍ക്കുന്നത്.
ഇടതുപക്ഷത്ത് എന്നവകാശപ്പെടുന്ന ഒരു സംഘമാളുകള്‍ കേരളത്തില്‍ മാധ്യമ ശുദ്ധീകരണത്തിന്റെ ഭാഗമായി തുടര്‍ച്ചയായി എഴുതിവിടുന്ന സാമൂഹ്യമാധ്യമ കുറിപ്പുകള്‍ നിറയെ, അവരുടെ എതിർപക്ഷത്തുണ്ടെന്ന് പറയപ്പെടുന്ന മാധ്യമങ്ങളിലെ സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് ലൈംഗിക വൈകൃതങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്, മണിപ്പൂരിലെ ആള്‍ക്കൂട്ടം നടത്തുന്ന, ഗുജറാത്തിലെ ഹിന്ദുത്വ ഗുണ്ടകള്‍ നടത്തിയ അതേ ആക്രമണ, കീഴടക്കല്‍ ഹിംസയിലാണ്. അതിനു താഴെ അതൊരു ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമാണ് എന്നൊക്കെപ്പറഞ്ഞു കയ്യടിക്കുന്ന ഇടതുപക്ഷമെന്നൊക്കെ അവകാശപ്പെടുന്ന സ്ത്രീ, പുരുഷന്മാര്‍, എങ്ങനെയാണ് ഹിംസയുടെ ഫാഷിസ്റ്റ് ക്രൗര്യം വിഷം പോലെ പടരുന്നത് എന്നതിന്റെ തെളിവാണ്.
ഇന്നലെവരെ അയല്‍ക്കാരനായ മനുഷ്യന്‍ ഇന്ന് നിങ്ങളുടെ ബലാത്സംഗിയായി മാറുന്ന ഭീകരമായ സാമൂഹ്യാധികാരവസ്ഥ ഉണ്ടാക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും കയ്യടിക്കുന്ന ഹിംസയുടെ ആഘോഷങ്ങളില്‍ നിന്നാണ്.
എതിർപക്ഷത്തുള്ളവരിലെ സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ, ലൈംഗികാതിക്രമ വൈകൃതഭാവനകള്‍എഴുതിത്തുടിക്കുന്നവരുടെ എല്ലാ ഫാഷിസ്റ്റ് വിരുദ്ധ കാപട്യങ്ങളും തെളിഞ്ഞുവരികയും അവര്‍ അടപടലം പുരോഗമന, മാനവിക രാഷ്ട്രീയപക്ഷത്തുനിന്നും റദ്ദാക്കപ്പെടുകയും ചെയ്യുന്നു. അവിടെ ഒതുക്കത്തില്‍ തെന്നിമാറിയാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍, ഉറപ്പാണ് ആരുടെ സ്ത്രീകളെയാണ് ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്യുന്നതെന്നാണ് നിങ്ങള്‍ നോക്കുന്നത്. നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരല്ലെങ്കില്‍, ഇത്രയും വേണ്ടായിരുന്നു എന്നാലും, പക്ഷെ അയാള്‍ ഫാഷിസ്റ്റ് വിരുദ്ധനല്ലയോ എന്നൊക്കെ പറഞ്ഞുപോന്നിട്ടുണ്ടെങ്കില്‍ ഓര്‍ക്കുക, മണിപ്പൂരിലെയും ഗുജറാത്തിലെയും ബലാത്സംഗ സംഘങ്ങള്‍ക്ക് ചുറ്റും മിണ്ടാതെ നോക്കിനിന്നവര്‍ നിങ്ങള്‍ കൂടിയാണ്.
ഗുജറാത്ത് കലാപത്തില്‍ ഒരു മുസ്ലിമിനൊപ്പം ജീവിച്ചിരുന്ന ഗൗരി എന്ന സ്ത്രീയെ സംഘപരിവാര്‍ അക്രമികള്‍ അവരുടെ മകളുടെ മുന്നില്‍വെച്ച് ബലാത്സംഗം ചെയ്യുമ്പോള്‍ ചുറ്റും നോക്കിനിന്നത് അന്നുവരെ ഒപ്പം ജീവിച്ചിരുന്ന നാല്‍പ്പതോളം സ്വന്തം ഗ്രാമക്കാരായിരുന്നു. ബലാത്സംഗം ഒരു പൊതുപ്രകടനം-Public spectacle- ആക്കുന്നത് അതിലെ കീഴടക്കലിന്റെ ഹിംസ ഒരു രാഷ്ട്രീയ,സാമൂഹ്യ സന്ദേശവും ഭീതിയുമായി പടര്‍ത്താനാണ്.
സമൂഹത്തില്‍ പടരുകയും വേരുറപ്പിക്കുകയും ചെയ്യുന്ന ഈ സ്ത്രീവിരുദ്ധമായ ഹിംസയാണ് വലതുപക്ഷ ഭീകരതയുടെ ആയുധം. ഇന്നലെവരെ അയല്‍ക്കാരനായ മനുഷ്യന്‍ ഇന്ന് നിങ്ങളുടെ ബലാത്സംഗിയായി മാറുന്ന ഭീകരമായ സാമൂഹ്യാധികാരവസ്ഥ ഉണ്ടാക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും കയ്യടിക്കുന്ന ഹിംസയുടെ ആഘോഷങ്ങളില്‍ നിന്നാണ്.
തനിക്കെതിരായ ലൈംഗികാതിക്രമവും തന്റെ ചെറിയ കുട്ടിയെ കാലില്‍ തൂക്കി കല്ലിലടിച്ചുകൊന്ന സംഘപരിവാര്‍ അക്രമവുമൊക്കെ കോടതിയില്‍ പറയാനും ഒരു കേസിലെങ്കിലും ശിക്ഷ ഉറപ്പാക്കാനും ബില്‍ക്കിസ് ബാനുവിനു കഴിഞ്ഞത് അവര്‍ ജീവിച്ചിരുന്നതുകൊണ്ടാണ്. കൂട്ടബലാത്സംഗങ്ങള്‍ക്ക് ശേഷം കൊന്നുകളയലായിരുന്നു ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറിന്റെ രീതി. നിരവധി സ്ത്രീകള്‍ അങ്ങനെ കൊല്ലപ്പെട്ടു. സ്വന്തം പെണ്‍മക്കളും അമ്മമാരും സഹോദരിമാരും ഭാര്യമാരും ബലാത്സംഗം ചെയ്യപ്പട്ടു വെട്ടിക്കീറി ചുട്ടെരിക്കപ്പെട്ടതിനു സാക്ഷികളായ മനുഷ്യര്‍ക്ക് മുന്നിലൂടെ ആ ഹീനകൃത്യം ചെയ്ത സംഘപരിവാറുകാര്‍ നരേന്ദ്ര മോദി കീ ജയ് എന്നുവിളിച്ചുകൊണ്ട് സ്വതന്ത്രരായി നടന്നു.
അസറുദ്ദീന്‍ എന്ന പതിമൂന്നുകാരന്‍ പറയുന്നു, ‘ഫര്‍സാനയെ ഗുഡ്ഡു ചാര ബലാത്സംഗം ചെയ്യുന്നത് ഞാന്‍ കണ്ടു. അവള്‍ക്ക് പതിമൂന്ന് വയസായിരുന്നു. അവളുടെ വയറ്റില്‍ ഒരു കമ്പി കുത്തിക്കയറ്റി. പിന്നെ അവളെ കത്തിച്ചു. പന്ത്രണ്ട് വയസുള്ള നൂര്‍ജഹാനെയും ബലാത്സംഗം ചെയ്തു.'
തന്റെ നാട്ടുകാരായ നാലുപേരാണ് ബലാത്സംഗം ചെയ്തതെന്ന് പറയുന്ന ആ കുട്ടി ഗതാഗത വകുപ്പില്‍ജോലിക്കാരനായ ഭവാനി സിങ് അഞ്ചു പുരുഷന്മാരെയും ഒരു ആണ്‍കുട്ടിയെയും കൊന്നത് കണ്ടെന്നും പറഞ്ഞു.
നിങ്ങളിന്ന് വളരെ സാധാരണ മട്ടില്‍ കാണുന്ന മനുഷ്യരെ എത്ര വേഗത്തില്‍, എത്രയെളുപ്പത്തില്‍, ഫാഷിസത്തിന്റെയും ഹിന്ദുത്വ ഭീകരതയുടെയും പ്രത്യയശാസ്ത്രവും സമഗ്രാധിപത്യ ഭരണകൂട ദുരധികാരവുമൊക്കെ ബലാത്സംഗികളും കൊലയാളികളും അതിനുചുറ്റും ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടവുമാക്കി മാറ്റുന്നു എന്നതിന് ഗുജറാത്ത് കലാപത്തോളം ഭയപ്പെടുത്തുന്ന തെളിവുകളുള്ള മറ്റൊന്നും സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ബലാത്സംഗമെന്നാല്‍ 'സ്ത്രീകളെ നഗ്‌നരാക്കി ചുട്ടുകൊല്ലുകയാണ്' എന്ന് എട്ടു വയസുകാരനായ സദ്ദാം (ഗുജറാത്ത് വംശഹത്യ) പറയുമ്പോള്‍ ബലാത്സംഗവും കൊലപാതകവും എങ്ങനെയാണ് ഒരു പൊതുപ്രദര്‍ശനവും രാഷ്ട്രീയ-സാമൂഹ്യാധികാര താക്കീതുമായി ആളുകളിലേക്ക് മായ്ക്കാനാകാത്ത വിധത്തില്‍ കുറിക്കുന്നതെന്ന് നമുക്ക് മനസിലാകും. അതുകൊണ്ടാണ് വംശഹത്യയില്‍, യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയുമൊക്കെ ഭാഗമായുള്ള ലൈംഗികാതിക്രങ്ങളില്‍, ഹിന്ദുത്വ ആള്‍ക്കൂട്ട ലൈംഗികാക്രമണങ്ങളിലൊക്കെ കേവലം ഭോഗമല്ല , മറിച്ച് അതിഭീകരമായ ഹിംസയുടെ പ്രകടനങ്ങള്‍ക്കൂടി ഉണ്ടാകുന്നത്. ആള്‍ക്കൂട്ട ബലാത്സംഗം, യോനിയില്‍ കമ്പിയും തടിയും പോലുള്ളവ കയറ്റുക, ലൈംഗികാവയവം ആയുധങ്ങളുപയോഗിച്ച് വികൃതമാക്കുക, മുലകള്‍ വെട്ടിമാറ്റുക, വയര്‍ കീറിപ്പൊളിക്കുക എന്നിവയൊക്കെ ചെയ്യുന്നത് (ഗുജറാത്ത് വംശഹത്യയില്‍ സ്ത്രീകളുടെ ശരീരങ്ങളില്‍ ഹിന്ദുത്വ ചിഹ്നങ്ങള്‍ വരെ അക്രമികള്‍ ആയുധങ്ങള്‍ക്കൊണ്ട് മുറിവാക്കി ഉണ്ടാക്കിയിട്ടുണ്ട്) സ്ത്രീകളെ തങ്ങളുടെ ശത്രുവിന്റെ പ്രതീകമാക്കിയാണ്.
മണിപ്പുര്‍ സംഭവം മനുഷ്യരാശിക്ക് നാണക്കേടാണെന്ന് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൊഴിഞ്ഞു. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് പൊറുക്കാന്‍ കഴിയാത്തതാണെന്നും മോദി പറയുന്നു. ഗുജറാത്തിലെ നൂറുകണക്കിന് സ്ത്രീകളുടെ ബലാത്സംഗം ചെയ്ത് ചുട്ടെരിക്കപ്പെട്ട ശവങ്ങൾ, പ്രധാനമന്ത്രിയായ അയാളുടെ ഓർമകളിലുണ്ടാകുമോ? ആ സ്ത്രീകള്‍ക്കും മനുഷ്യര്‍ക്കും നീതിതേടി പൊരുതുന്നവരെ തടവിലടക്കുകയാണ് ഇപ്പോള്‍ തന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നതിലെ ലജ്ജാശൂന്യതയുടെ ഉച്ചഭാഷിണിയിലൂടെയാണ് മോദി മണിപ്പൂരിലെ പെണ്മക്കളെക്കുറിച്ചാര്‍ക്കുന്നത്.
മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് അവരെ ബലാത്സംഗം ചെയ്യുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഇന്ത്യ നടന്ന ദൂരം, ഗുജറാത്ത് വംശഹത്യക്കാലത്തെ നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയില്‍ നിന്ന് മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ പതിവ് മൗനം പുലര്‍ത്തിയ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയിലേക്കുള്ള ദൂരമാണ്. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടേണ്ട ഒരാള്‍ പ്രധാനമന്ത്രിയായിരിക്കുകയും ആള്‍ക്കൂട്ട ബലാത്സംഗങ്ങളും കൂട്ടക്കൊലപാതകങ്ങളും ഒരു രാഷ്ട്രീയാധികാര പ്രവര്‍ത്തനമാക്കിയ സംഘപരിവാര്‍ എന്ന ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടന രാജ്യം ഭരിക്കുകയും അവരുത്പാദിപ്പിച്ചെടുക്കുന്ന അഗാധമായ ഹിംസയുടെ കൊല്ലികളിലേക്ക് ഒരു സമൂഹം വളരെ വേഗത്തില്‍ നനഞ്ഞുനീന്താനിറങ്ങുകയും ചെയ്യുന്ന ഒരു കാലത്തില്‍ നമ്മള്‍ നോക്കുന്ന കണ്ണാടികളില്‍ ആരെയാണ് കാണുന്നത്?