മണിപ്പുരിലെ വംശീയ ഹിംസ:
മറക്കരുത്​, ആ അംബേദ്​കർ പ്രസംഗം​

മണിപ്പുർ കലാപത്തിലെ സ്​ത്രീകൾക്കുനേരെയുള്ള ലൈംഗികാക്രമണങ്ങളെയും വംശീയഹിംസകളെയും ഡോ. ബി.ആർ. അംബേദ്​കറുടെ ജാതിനിര്‍മൂലനമെന്ന പ്രായോഗിക സിദ്ധാന്തത്തിന്റെ അടിസ്​ഥാനത്തിൽ വിശലകനം ചെയ്യുന്നു.

ങ്ങനെയൊരു കൂട്ടം ഒത്തുചേര്‍ന്ന്​ ശരീരത്തെ ആക്രമിക്കുന്നു, പിളര്‍ക്കുന്ന, ജീവനാല്‍ ദഹിപ്പിക്കുന്ന വെറുപ്പിന്റെ വംശീയതയെ കുറിച്ചു തന്നെയാണ് ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടത്തില്‍ ഭീമറാവു അംബേദ്കര്‍ നിരന്തരം പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടിരുന്നത്. പ്രാകൃതം, അപരിഷ്‌കൃതം എന്നിങ്ങനെ നീതിബോധ വ്യവഹാരങ്ങളെ ഭൂതകാലത്തിന്റെ മറവിയില്‍ കെട്ടിവച്ച് പുരോഗമിക്കാം എന്ന ആധുനിക വ്യാമോഹങ്ങളെ തിരുത്താനും പാരമ്പര്യപൗരാണികതയുടെ പ്രച്ഛന്നമായ പുനരുത്ഥാനത്തെ സമഗ്രമായി ഉന്‍മൂലനം ചെയ്യാനുമാണ് അംബേദ്ക്കര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്​. മനുഷ്യരെ തരംതാഴ്ത്തിയും വേര്‍തിരിച്ചും കടുത്ത പീഡോപദ്രവവ്യവസ്ഥകളിലൂടെ നിയമപരിപാലനം നടപ്പിലാക്കിയ ഒരു വംശീയപാരമ്പര്യത്തെ അത്ര കണ്ട് എതിരിട്ട മറ്റൊരു ദേശീയ നേതാവ് ഇന്ത്യയുടെ ചരിത്രത്തിലുണ്ടാകില്ല. ആള്‍ക്കൂട്ടം സ്ത്രീകളെ മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കുകയും നിരന്തരം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വംശീയ നരാധമത്വത്തെ അതിന്റെ വേരുകളില്‍ നിന്ന്​ പിഴുതുമാറ്റണ്ടതുണ്ടെന്നും അത് രാഷ്ട്ര രൂപീകരണവേളയില്‍ തന്നെയാണ് നിരന്തരം പ്രഖ്യാപിക്കേണ്ടതെന്നും അംബേദ്ക്കര്‍ക്ക് തീർച്ചയുണ്ടായിരുന്നു. ആ ധൈഷണിക ആക്രോശം ചരിത്രത്തിലും ഇന്നും നാളെയും പ്രധാനമാണ്.

വംശീയതയെ പ്രശ്‌നവിഷയമാക്കണമെങ്കില്‍ സംസ്‌കാരത്തെ പരിഗണിക്കേണ്ടതുണ്ട്. സംസ്‌കാരത്തെ, അതിന്റെ രൂഢതയെ കയ്യൊഴിഞ്ഞതുകൊണ്ടോ, സംസ്‌കാരത്തെ അനുനയപൂര്‍വ്വം നിഷ്‌കളങ്കമായി എഴുന്നെള്ളിച്ചതുകൊണ്ടോ യാതൊരു കാര്യവുമില്ല. സംസ്‌കാരത്തിന്റെ ഭൗതികശേഷിയെ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും പ്രധാനമാണ്. സംസ്‌കാരത്തിന്റെ ഭൗതികപരതയെ ദേശീയതയുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന ജ്ഞാനത്തിന്റെ രാഷ്ട്രീയമാണ് അംബേദ്ക്കറെ എക്കാലവും സ്വീകാര്യനാക്കുന്നതും അനിവാര്യനാക്കുന്നതും.

ഹിന്ദു ദേശീയവാദ പണ്ഡിതര്‍, ഹിന്ദുത്വ തീവ്രവാദികള്‍, ഹിന്ദുമത പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരൊക്കെ സംസ്‌കാരത്തിന്റെ ജഡത്വത്തെയാണ് അംഗീകരിച്ചത്.

രാഷ്ട്രങ്ങള്‍ അതിന്റെ സങ്കുചിത ദേശീയത്വത്തിന്റെ അതിരുകള്‍ വികസിപ്പിക്കുന്ന ലോകൈകമായ സന്ദര്‍ഭത്തില്‍ തന്നെയാണ് സംസ്‌കാരവും വംശീയതയും ജാതിയും ഒരു വിഷയമല്ലാവുന്നത്. നാസി ആര്യന്‍ വംശീയതയും ബ്രാഹ്മണ്യ വംശീയതയുമൊക്കെ ആധുനികമായ ദേശീയ തത്വങ്ങളായി പരിണമിക്കുമ്പോള്‍ സംസ്‌കാരത്തില്‍നിന്ന് പിന്തിരിയുക ചിന്താപരമല്ല. വ്യാവസായിക വിപ്ലവാനന്തരമുള്ള ആധുനികമായൊരു സ്ഥലകാലത്താണ് ദേശീയതകളുടെ രൂപീകരണമെങ്കിലും ആ സ്ഥലകാലരാശിയെ ഒരു സന്ദര്‍ഭമെന്ന നിലയില്‍ മാത്രമാണ് കാണാനാവുക. പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ ദേശീയതകള്‍ പ്രതിരോധങ്ങളെയാണ് ഊര്‍ജ്ജമാക്കുന്നത്. അവിടെ ഒരു അധിനിവേശകന്റെ സാന്നിധ്യം ഉറപ്പായും ഉണ്ട്. അധിനിവേശിതമായ ഒരു സംസ്‌കാരത്തെ നിരന്തരം ഉദ്ഗ്രഥിക്കുകയെന്നത് ദേശീയതയുടെ അനിവാര്യതയുമാണ്. അവിടെ പാരമ്പര്യ ശീലങ്ങള്‍, വാമൊഴി - ലിഖിത ചരിത്രങ്ങള്‍, നാടോടി സംസ്‌കാരം, ജനകീയ മിത്തുകള്‍, ഭാഷ,കല, സാഹിത്യം എന്നിവയൊക്കെയും നിര്‍ണ്ണായകമാണ്. ദേശീയത സാംസ്‌കാരികമായ ഒരു വീണ്ടെടുപ്പാണെങ്കിലും ആ പ്രക്രിയയെ ചിന്താപരമായി ഏറ്റെടുക്കുകയെന്നത് ബൃഹത്തായൊരു രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ദേശീയതയുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ ധനാത്മകമായും ഋണാത്മകമായും വ്യവഛേദിക്കുന്ന അംബേദ്ക്കറിയന്‍ഇടപെടലുകള്‍ഇന്ത്യന്‍ ദേശീയതയില്‍ സജീവമായിരുന്നു. ഹിന്ദു ദേശീയവാദ പണ്ഡിതര്‍, ഹിന്ദുത്വ തീവ്രവാദികള്‍, ഹിന്ദുമത പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരൊക്കെ സംസ്‌കാരത്തിന്റെ ജഡത്വത്തെയാണ് അംഗീകരിച്ചത്. സനാതനത്വത്തെ, മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതും അനാദി അന്തം ചിരവുമായ ഒരു അചലിത സംസ്‌കാര സ്വരൂപത്തെയാണ് അവര്‍ ഇന്ത്യയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചത്. സനാതനികളും ആര്യസമാജികളും ഹിന്ദു മഹാസഭക്കാരുമെല്ലാം അതിനായി നിരന്തരം പ്രയത്‌നിച്ചു. ആര്യാവര്‍ത്തത്തെ ആദര്‍ശരാഷ്ട്രമായി കണ്ട ദയാനന്ദ സരസ്വതിയും പുനരാര്യവല്‍ക്കരണത്തിലൂടെ പുരുഷഹിന്ദുത്വത്തെ ഉണര്‍ത്താന്‍ ശമിച്ച അരബിന്ദനും ജാതിയുടെ നിരാകരണമാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തിയ വിവേകാനന്ദനും ഹിംസാവാദിയായ സവര്‍ക്കറുമൊക്കെ ഈയവസരത്തില്‍ സ്മരണീയരാണ്. ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന പോംവഴിയെയാണ് സംസ്‌കാര ദേശീയവാദികള്‍ ഉയര്‍ത്തിപ്പിടിച്ചത്.

ദയാനന്ദ സരസ്വതി
ദയാനന്ദ സരസ്വതി

ഭൂതകാലത്തിന്റെ ചലനരാഹിത്യത്തില്‍ സംസ്‌കാരത്ത പ്രതിഷ്ഠിക്കുമ്പോള്‍ ജാതിയും മതവും വംശീയതയും അചഞ്ചലമാകും. ജാതിശ്രേണീകൃത വംശീയതയെ അലങ്കാരമായി കാണുന്ന ഹിന്ദു ദേശീയവാദികളെ തല്‍ക്കാലം കയ്യൊഴിയാം. കാരണം, അംബേദ്ക്കറും നേര്‍വഴി കാണിക്കാന്‍ ശമിച്ചത് ലിബറല്‍ ദേശീയ നേതാക്കളെയും വിശാല ഹിന്ദു പരിഷ്‌ക്കര്‍ത്താക്കളെയുമാണ്. ഇന്നത് ജനസാമാന്യത്തില്‍ വായിക്കപ്പെടണം. ജാതിനിര്‍മൂലനമെന്ന തന്റെ പ്രായോഗിക സിദ്ധാന്തത്തെ ഉള്‍ക്കൊള്ളാനും കേള്‍ക്കാനും ശ്രമിക്കുന്ന ഒരു ധാരയെ അംബേദ്ക്കര്‍ സ്‌നേഹത്തോടെ ബഹുമാനിച്ചു. 1936- ല്‍ ജാതിവിമര്‍ശക സംഘടനയായ ജാത് - പാത് തോഡക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തിലെ അധ്യക്ഷ പ്രഭാഷണത്തിനായി ക്ഷണിക്കപ്പെട്ട അംബേദ്ക്കര്‍ പക്ഷേ ലാഹോറിലെ ഒരു വേദിയെയല്ല പ്രതിനിധീകരിച്ചത്; മറിച്ച് ഇന്ത്യയെ തന്നെയായിരുന്നു. ഉള്ളടക്കത്തിലെ വിമോചനപരതയെ ഉള്‍ക്കൊള്ളത്തക്ക പ്രാപ്തി വരാത്തതിനാല്‍ വിശാല പരിഷ്‌കര്‍ത്താക്കള്‍ക്ക് (ഗാന്ധിയുള്‍പ്പെടെ) പോലും മുഖം തിരിക്കേണ്ടി വന്ന പ്രഭാഷണം പക്ഷേ എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെയും അതിന്റെ പ്രയോഗക്ഷമതയുടെയും ഫാക്ടറികളെ കണ്ടെത്തി അതിന്റെ ഉത്പാദനങ്ങളെ നവീകരിക്കുകയല്ല, മറിച്ച് ഫാക്ടറികളെ തന്നെ ഡൈനാമിറ്റ് വച്ച് തകര്‍ക്കുന്ന പ്രവൃത്ത്യുന്മഖ ധിഷണയിലാണ് അംബേദ്ക്കര്‍ വ്യതിരിക്തനാകുന്നത്.

ദൈവത്തെ കുറിച്ചായാലും ദൈവശാസ്ത്രത്തെ കുറിച്ചായാലും യുക്തിവിചിന്തനത്തോടെയും ചരിത്രപരതയോടെയും അപഗ്രഥിക്കുകയെന്ന നിഷ്‌കര്‍ഷയാണ് അംബേദ്ക്കറിലുള്ളത്.

എന്തുകൊണ്ടാണ് അംബേദ്ക്കര്‍ ജാത് പാത് തോഡകിന് അനഭിമതനായത്?.
എന്തിനാകാം ജാതി നിര്‍മൂലന പ്രഭാഷണത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ നേതാക്കളെല്ലാം മണ്ഡലില്‍ നിന്ന് പുറത്ത് പോകാൻ തീരുമാനിച്ചത്?
ഹിന്ദുമഹാസഭക്കാരനായ എം.എല്‍.എ ഭായി പരമാനന്ദ്, തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. ഗോഖല്‍ചന്ദ് നാരംഗ്, മഹാത്മ ഹന്‍സ് രാജ്, രാജാ നരേന്ദ്രനാഥ് എം.എല്‍.സി തുടങ്ങിയവരൊക്കെ അതില്‍ പെടും. ഹിന്ദു ധര്‍മ്മമെന്നാല്‍ ചാതുര്‍വര്‍ണ്യ നീതിക്രമം പാലിക്കുകയാണെന്ന ധര്‍മ്മശാസ്ത്ര ബോധമാണ് ഇക്കൂട്ടരെ എപ്പോഴും നയിച്ചിരുന്നത്. ദൈവത്തെ കുറിച്ചായാലും ദൈവശാസ്ത്രത്തെ കുറിച്ചായാലും യുക്തിവിചിന്തനത്തോടെയും ചരിത്രപരതയോടെയും അപഗ്രഥിക്കുകയെന്ന നിഷ്‌കര്‍ഷയാണ് അംബേദ്ക്കറിലുള്ളത്. അവിടെ ദേശാന്തര സ്വഭാവത്തിലുള്ള സാമൂഹിക അനുഭവങ്ങളെ പിന്തുടരേണ്ടി വരും.

ഒരു ജാതിഹിന്ദുവിന്റെ ശരീരത്തെ അബോധമായി പ്പോലും ചലിപ്പിക്കുന്ന നിഷ്ഠകളുടെ ശേഷിയെ വിലയിരുത്തുന്നു. പദവിയുടെ ക്രമീകരണം ആധാരമാക്കിയുള്ള വ്യവസ്ഥയ്ക്കകത്ത് കഴുത്തറക്കുന്ന നിയമങ്ങളും ക്രൂര ബലാല്‍സംഗങ്ങളുമൊക്കെ ന്യായീകരിക്കപ്പെടുന്നത് ‘വിശുദ്ധി’ യുടെ അടിസ്ഥാനത്തിലാണ്. ഈ വിശുദ്ധിയെ ജനപ്രിയവും ജനസാമാന്യത്തിന്റെ അബോധമാക്കുന്നതിലും സാഹിതീയ പാരമ്പര്യത്തിനുള്ള പങ്ക് ഏറെയാണ്. വേദേതിഹാസപുരാണങ്ങളും സ്മൃതി ശാസ്ത്രങ്ങളും അരക്കിട്ടുറപ്പിച്ച സനാതനമായ, ഇളക്കം തട്ടാന്‍ നിന്നുകൊടുക്കാത്ത വിശുദ്ധിയുടെ ആ കേന്ദ്രത്തെയാണ് അംബേദ്ക്കര്‍ തന്റെ പ്രഭാഷണത്തിലൂടെ തകര്‍ക്കുന്നത്. മനുഷ്യര്‍ കേവലം ഉപകരണങ്ങളാണ്. അവരെ അങ്ങനെ കാണുമ്പോള്‍ ഈ ഉപകരണങ്ങളെ ചലിപ്പിക്കുന്ന ഊര്‍ജജത്തെയാണ് തിരിച്ചറിയേണ്ടത്. ആ ഊര്‍ജ്ജമാണ് മതസാഹിത്യം. അതിന് ഹിംസയെ പാവനമാക്കാനുള്ള ധര്‍മശേഷിയുണ്ട്. അബദ്ക്കര്‍ ധാര ബ്രാഹ്മണരെയല്ല ബ്രാഹ്മണിസത്തെയാണ് നേരിട്ടത്. ബ്രാഹ്മണിസം സാഹിത്യബദ്ധമാണ്. ആ സ്മൃതിശാസ്ത്ര നിയമങ്ങളുടെ കുരുക്ക് അഴിക്കുക അസാധ്യം.

ബ്രാഹ്മണ്യധര്‍മ്മത്തെ ഹിന്ദുധര്‍മ്മമാക്കുകയും പദവിയുടെ ക്രമീകരണത്തെ വിശുദ്ധമാക്കി നിലനിര്‍ത്തുകയും ചെയ്യേണ്ടത് ബ്രാഹ്മണിസത്തിന്റെ ആവശ്യകതയാണ്. ജനസാമാന്യത്തില്‍ അരിച്ചിറങ്ങുന്ന പൗരാണികതയുടെ രാഷ്ട്രീയത്തെയാണ് അംബേദ്ക്കര്‍ അഭിസംബോധന ചെയതത്. ഫാഷിസത്തിന്റെ, വംശീയതയുടെ അടിവേരില്‍ തൊട്ടതിനാലാണ് സംസാരിക്കാന്‍ പോലും നിഷേധിക്കപ്പെട്ടത്.

അംബേദ്ക്കര്‍ പറയുന്നു: ‘ജാതി നടപ്പാക്കുന്നത്, അവ മനുഷ്യത്വരഹിതമായതിനാലോ അല്ലെങ്കില്‍ തെറ്റായി നയിക്കപ്പെടുന്നതു കൊണ്ടോ അല്ല. അത് ആഴത്തില്‍ മതപരമായതിനാലാണ്. എന്റെ കാഴ്ച്ചപ്പാടില്‍ തെറ്റായത് അവരുടെ മതമാണ്. മതമാണ് ജാതിയെ പറ്റിയുള്ള ഈ തെറ്റായ ധാരണ മനസ്സില്‍ ഉറപ്പിച്ചത്. ഇത് ശരിയാണെങ്കില്‍ നിങ്ങള്‍ വ്യക്തമായും എതിര്‍ക്കേണ്ടത് ജാതി ആചരിക്കുന്ന ആളുകളെയല്ല. പകരം ജാതിയുടെ മതത്തെ അവരെ പഠിപ്പിക്കുന്ന ധര്‍മ്മശാസ്ത്രങ്ങളെയാണ്. യഥാര്‍ത്ഥ പ്രതിവിധി ശാസ്ത്രങ്ങളുടെ വിശുദ്ധിയെ പറ്റിയുള്ള വിശ്വാസം നശിപ്പിക്കുകയാണ്.’1

പദവിയുടെ ക്രമത്തിനായി പ്രവര്‍ത്തിക്കുന്ന വിശുദ്ധി തന്നെയാണ് വംശീയതയെ ബലപ്പെടുത്തുന്നത്. ഈ ഹിംസയുടെ വിശുദ്ധിയെ നിങ്ങള്‍ വെടിയുമോ അതോ അതിന്റെ സംരക്ഷകരാകുമോ എന്നായിരുന്നു അംബേദ്ക്കറുടെ ചോദ്യം.

പക്ഷേ, ആഘട്ടത്തിലെ ഏറ്റവും പുരോഗമനകാരികളും ജാതിവിമര്‍ശകരുമുള്ള ഹിന്ദുമത പരിഷ്‌കരണ മുന്നേറ്റം പോലും ഈ വിശുദ്ധ സാഹിത്യത്തിന്റെ വിമര്‍ശത്തില്‍ നിന്ന്​ പിന്‍മാറി എന്നതാണ് വാസ്തവം. ഗാന്ധി പോലും അതിന്റെ തിരുത്തല്‍ ശേഷിയില്‍ വ്യഥാ പ്രത്യാശിച്ചു. ‘‘ശാസ്ത്രങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യാതിരിക്കുക, അവയുടെ വിശുദ്ധിയിലും അനുശ്വാസനത്തിലും വിശ്വാസമര്‍പ്പിക്കാന്‍ ജനങ്ങളെ അനുവദിക്കുക, എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും ഹീനമാണ് എന്നും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക എന്നത് സാമൂഹിക പരിഷ്‌കരണം നടത്തുന്നതിന്റെ ഘടകപ്പൊരുത്തമില്ലാത്ത രീതിയാണ്. അയിത്തം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി അടക്കമുള്ള പരിഷ്‌കര്‍ത്താക്കള്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ജനങ്ങളുടെ മനസിൽ ശാസ്ത്രങ്ങള്‍ ഉറപ്പിച്ചെടുത്ത വിശ്വാസങ്ങളുടെ ഫലമാണ് ജനങ്ങളുടെ പ്രവര്‍ത്തികള്‍ എന്നും ഈ ശാസ്ത്രങ്ങളുടെ വിശുദ്ധിയില്‍അധിഷ്ഠിതമായ ജനങ്ങളുടെ പെരുമാറ്റങ്ങള്‍ അവര്‍ശാസ്ത്രങ്ങളുടെ വിശുദ്ധിയെ പറ്റിയുള്ള വിശ്വാസം അവസാനിപ്പിക്കാതെ മാറ്റില്ലെന്നും അവര്‍ മനസ്സിലാക്കിയതായും തോന്നുന്നില്ല.’’2

പ്രഖ്യാപിത നയങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അസ്തിവാരം ഈ വിശുദ്ധ സാഹിത്യത്തിന്റെ പാവനതയിലാണ് നിലകൊള്ളുന്നത്. പദവിയുടെ ക്രമത്തിനായി പ്രവര്‍ത്തിക്കുന്ന വിശുദ്ധി തന്നെയാണ് വംശീയതയെ ബലപ്പെടുത്തുന്നത്. ഈ ഹിംസയുടെ വിശുദ്ധിയെ നിങ്ങള്‍ വെടിയുമോ അതോ അതിന്റെ സംരക്ഷകരാകുമോ എന്നായിരുന്നു അംബേദ്ക്കറുടെ ചോദ്യം. ഈ ചോദ്യത്തില്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയുമുള്ളത്.

വിദ്യാസമ്പന്നരും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ളവരും ഭൂമി കൈവശവുമുള്ള മലനിരകളിലെ കുക്കികളെയാണ് ഭീകരമായി ഉന്‍മൂലനം ചെയ്തു കൊണ്ടിരിക്കുന്നത്.

മണിപ്പുരിലെ പ്രബല വിഭാഗമായ മെയ്തികളെ വംശീയ ആധിപത്യത്തിനായി അക്രാമകമായ മാര്‍ഗ്ഗങ്ങളിലേക്ക് നയിച്ചത് ആരാണ്? തങ്ങളിലും സ്ത്രീകളും അമ്മമാരും കുഞ്ഞുങ്ങളും ഉണ്ടായിരിക്കെ സഹജീവികളെ തന്നെ നഗ്‌നരാക്കിയും മര്‍ദ്ദിച്ചും കത്തിച്ചും മാനം കെടുത്തിയും തല വെട്ടിയുമൊക്കെ ആത്മഹര്‍ഷത്തിലാവാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നതെന്താണ്?

ഇന്ത്യന്‍ പട്ടാളവുമായുള്ള നിരന്തര സംഘര്‍ഷങ്ങളുടെ ചരിത്രമാണ് മണിപ്പുരിന്റേത്. താഴ്​വരകൾക്കുമുകളിലുള്ള കുകി, നാഗ, സോമി തുടങ്ങിയവരൊക്കെ ആദിവാസികളാണ്. 1951- ല്‍ തങ്ങള്‍ക്ക് പട്ടികവർഗ പദവി വേണ്ട, തങ്ങള്‍ കുക്കികളേക്കാള്‍ മികച്ച വംശീയരാണ് എന്ന് പറഞ്ഞവരാണ് മെയ്തികള്‍. ഇപ്പോള്‍ പട്ടികവർഗ പദവിക്കായും അനുബന്ധ നേട്ടങ്ങള്‍ക്കായും തീവ്രമായി ശമിക്കുന്നു. വിദ്യാസമ്പന്നരും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ളവരും ഭൂമി കൈവശവുമുള്ള മലനിരകളിലെ കുക്കികളെയാണ് ഭീകരമായി ഉന്‍മൂലനം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് ക്രിസ്ത്യന്‍ - ആദിവാസി വംശഹത്യയാണ്. എല്ലാ വിഭാഗങ്ങളിലെയും ക്രൈസ്തവരാണ് ആക്രമിക്കപ്പെടുന്നത് എന്ന ആരോപണം ശക്തമാണ്. ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമാണ് കത്തിച്ചാമ്പലായത്.

മണിപ്പുർ മലനിരകളിലെ ഖനന സാധ്യത തേടുന്ന കോര്‍പ്പറേറ്റ് ഹിന്ദുത്വവും അതിന് എളുപ്പമാര്‍ഗ്ഗമാകുന്ന വംശീയ ഹിന്ദുത്വവുമാണ് മണിപ്പൂരിനെ ദഹിപ്പിക്കുന്നത്. ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ റോള്‍ ആണ് മണിപ്പൂരിലെ ബി.ജെ.പി മുഖ്യമന്ത്രി ബീരേന്‍ സിംഗിനും. മണിപ്പൂരിലെ ആരംബായ് തെന്‍ഗോല്‍, മെയ്തി ലിപുന്‍ തുടങ്ങിയ ഹിന്ദുത്വ ഭീകര സംഘടനകളുടെ അടിത്തട്ട് പ്രവര്‍ത്തനങ്ങളാണ് ഈ വംശീയ ഉന്‍മൂലനത്തെ ഇവ്വിധം തീവ്രമാക്കിയത്​. ഈയൊരു കാലാപം കേവലം മണിക്കൂറുകള്‍ കൊണ്ടുമാത്രം അവസാനിപ്പിക്കാന്‍ സജ്ജമായ ഒരു സൈന്യം ഇന്ത്യയ്ക്കുണ്ടായിരിക്കേയാണ് ഭരണകൂടം നോക്കി നില്‍ക്കേ കലാപം രക്തരൂഷിതമായി തുടര്‍ന്നത്. ഭരണകൂടവും പോലീസും കലാപകാരികളും വേഷം തിരിച്ചറിയാനാവാത്ത വിധം സംഗമിക്കുന്നതിന്റെ ഞെട്ടലാണ് മണിപ്പുര്‍ കലാപം.

സ്ത്രീകളെയും കുട്ടികളെയും വെട്ടിയരിഞ്ഞ് കൊന്നൊടുക്കിയതും മുക്കിത്താഴ്ത്തിയതും ഒക്കെ ഹൃദയശൂന്യമായി നീതീകരിച്ച് ദേശാഭിമാനം വളര്‍ത്തുന്നത് ബ്രാഹ്മണ ഭരണകൂട സങ്കല്പം തന്നെയാണ്​.

ഗുജറാത്തില്‍ ബല്‍കീസ് ബാനുവിന്റെ പിഞ്ചുകുഞ്ഞിനെ തലക്കടിച്ച് കൊല്ലുകയും ഗര്‍ഭിണിയായ അവരെ കൂട്ട ബലാല്‍സംഗം ചെയ്യുകയും ചെയ്ത വംശോന്‍മൂലന- ഹിന്ദു രാഷ്ട്രത്തിന്റെ തുടര്‍ച്ചയാണ് മണിപ്പുരിലെ ബലാല്‍സംഗ കലാപങ്ങളും. ബലാല്‍സംഗത്തെ തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന്റെ ആയുധമായി കണ്ട സവര്‍ക്കര്‍ നിലപാടുകളുടെ പ്രയോഗമാണത്. ശിവജിയുടെ തടങ്കലിലായിരുന്ന മുസ്​ലിം യുവതിയെ പടയാളികള്‍ക്ക് ഇരയായി കൊടുക്കണമെന്ന ആഹ്വാനം സവര്‍ക്കറിന്റേതാണ്. (six glorious epochs of Indian history). വളരെ വ്യക്തമാണ് സവര്‍ക്കറുടെ ക്രൗര്യ ദേശീയത. 1857-ലെ ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള സവര്‍ക്കറുടെ കാഴ്ചപ്പാടുകള്‍ നോക്കിയാല്‍ മതി. സ്ത്രീകളെയും കുട്ടികളെയും ഒക്കെ വെട്ടിയരിഞ്ഞ് കൊന്നൊടുക്കിയതും മുക്കിത്താഴ്ത്തിയതും ഒക്കെ ഹൃദയശൂന്യമായി നീതീകരിച്ച് ദേശാഭിമാനം വളര്‍ത്തുന്ന ബ്രാഹ്മണ ഭരണകൂട സങ്കല്പം തന്നെയാണത്​​. കാണ്‍പൂരിലെ ബിഭിഗറിലെ കലാപത്തെക്കുറിച്ച് ആവേശത്തോടെയാണ് സവര്‍ക്കര്‍ സംസാരിക്കുന്നത്: ‘‘വാളുകളും കഠാരകളുമായി പ്രവേശിച്ചവര്‍ ഉടന്‍ 150 സ്ത്രീകളെയും കുട്ടികളെയും കശാപ്പു ചെയ്തു. അവിടെ ഒരു ചോരക്കളമായി. ശരീരഭാഗങ്ങള്‍ ഒഴുകി നടന്നു. അകത്തുകടക്കവേ കശാപ്പുകാര്‍ മണ്ണിലാണ് ചവിട്ടിയിരുന്നെങ്കില്‍ പുറത്തേക്ക് വന്നത് രക്തപ്പുഴ ചവിട്ടിയായിരുന്നു. ഝാന്‍സി ജയിലില്‍ നടന്നതും ഇതുപോലെ തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 60 ഇംഗ്ലീഷുകാര്‍. സ്ത്രീകളുടെ മടിയില്‍ കൊച്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആ സ്ത്രീകളും അവരെ അള്ളിപ്പിടിച്ചിരുന്ന കൈക്കുഞ്ഞുങ്ങളും ബാലകരും ഒക്കെ വെള്ളക്കാരായിപ്പോയി എന്ന കുറ്റം ചെയ്തവരായിരുന്നു. കറുകറുത്ത ഖഡ്ഗങ്ങളാല്‍ അവരുടെ തലകള്‍ അറുത്തുമാറ്റപ്പെട്ടു. വലിയ അനീതികള്‍ക്ക് അങ്ങനെ പ്രതികാരം ചെയ്യപ്പെട്ടു.’’3.
പ്രതികാരമാണ് അവിടെ ധര്‍മ്മം. എതിരാളികളുടെ ഭാര്യമാരെ മോഷ്ടിക്കുന്നതും ബലാല്‍സംഗം ചെയ്യുന്നതും പരമധര്‍മ്മമാണെന്ന് രാവണനെ തെറ്റായി ഉദ്ധരിക്കുകപോലും ചെയ്യുന്നുണ്ട് സവര്‍ക്കര്‍. 1940-ൽ, ഹിന്ദു മഹാസഭയുടെ മധുര സമ്മേളനത്തില്‍ സവര്‍ക്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ''ഈ അര്‍ത്ഥത്തിലാണ് ഞാന്‍ എല്ലാ ഹിന്ദുക്കളും സടകുടഞ്ഞെണീക്കണം എന്നും ഒരു രണോത്സുക വര്‍ഗ്ഗമായി പുനര്‍ജനിക്കണം എന്നും ആവശ്യപ്പെടുന്നത്. മനുവും ശ്രീകൃഷ്ണനും ആണ് നമ്മുടെ നിയമദാതാക്കള്‍. ശ്രീരാമന്‍ നമ്മുടെ സേനകളുടെ നേതാവും. അവര്‍ നമ്മെ പഠിപ്പിച്ച പൗരുഷത്തിന്റെ പാഠങ്ങള്‍ നമുക്ക് വീണ്ടും പഠിക്കാം എങ്കില്‍ നമ്മുടെ ഹിന്ദു രാഷ്ട്രം അവര്‍ നമ്മെ നയിച്ചിരുന്ന കാലത്തെ പോലെ അജയ്യവും സര്‍വ്വ വിജയിയുമായ ഒരു വര്‍ഗമായി മാറും.’’ 4

ബ്രാഹ്മണ്യത്തിന്റെ പ്രതിനിധാനപരമായ അഭിലാഷത്തില്‍ നിന്നുമാണ് ഈ വിധത്തിലുള്ള വംശീയമായ പൗരാണിക അനുഭൂതി ലോകങ്ങള്‍ കെട്ടിപ്പടുക്കുന്നത്. ബുദ്ധനും ഗാന്ധിയും അഹിംസാവാദങ്ങളിലൂടെ ഈ രണോത്സുകതയെ തടയുന്നവരാണെന്ന നിലപാടാണ് സവര്‍ക്കര്‍ക്കുണ്ടായിരുന്നത്. രണോത്സുകതയിലും തരംതാഴ്ത്തലിലും മതിമറക്കുന്ന അക്രമ ആനന്ദമാണ് ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ ആന്തരികസത്ത. പദവിയിലെ ഔന്നത്യവും അതിനായുള്ള നിരന്തര പുറന്തള്ളലും അതില്‍ സ്വാഭാവികമാണ്. കൃത്രിമവും നിര്‍മ്മിതവും അപര ദ്വേഷം ജനിപ്പിക്കുന്നതുമായ ഒട്ടേറെ വാദങ്ങളിലൂടെയാണ് മണിപ്പുരി മെയ്തികളെ ഹിന്ദുത്വ സേനയായി വാര്‍ത്തെടുക്കുന്നത്. മെയ്തി ലിപുന്റെ നേതാവായ പ്രമോട് സിംഗ് കലാപാഹ്വാനത്തിലൂടെ ജനതയെ ഭിന്നിപ്പിക്കുകയായിരുന്നു. പാവനമായ ഹിന്ദുധര്‍മ്മം നിലനിന്നിരുന്ന നാടാണ് മണിപ്പുര്‍ എന്നും അത് കുടിയേറ്റ മതങ്ങളാല്‍ നഷ്ടമാകരുതെന്നും സനാതന ധര്‍മം വീണ്ടെടുക്കണം എന്നുമുള്ളത്​ കലാപത്തിന്റെ ഊര്‍ജ്ജമാണ്.

വിശുദ്ധി ഒരു പീഢയാണ്. അവിടെ ഭര്‍തൃമരണാനന്തരം സ്ത്രീകളെ കത്തിക്കുന്നതും, കലാപത്തില്‍ നഗ്‌നരാക്കി, ദുര്‍ബലരാക്കി അവമതിച്ച് ദഹിപ്പിക്കുന്നതും പഴയ ജീവിതത്തിന്റെ വിശുദ്ധിയിലാണ് സാധൂകരിക്കപ്പെടുക.

ഈ ആളിക്കത്തിക്കലാണ് സൗമ്യമായും തീവ്രമായും ചരിത്രത്തിലും വര്‍ത്തമാനത്തിലും സനാതനമായി / ഇളക്കം തട്ടാതെ തുടരുന്നത്. ഈ അക്രാമക വിശുദ്ധിയെ വെടിയാനാണ് അംബേദ്ക്കര്‍ ആവശ്യപ്പെടുന്നത്. ശുദ്ധി പ്രതിഷ്ഠയ്ക്കുപകരം 'സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അടിത്തറയായൊരു പുതിയ ജീവിതം' എന്നാണ് നിര്‍ദ്ദേശ്ശിക്കപ്പെട്ടത്. പഴയ ശരീരവും പഴയ ജീവിതവും രോഗാതുരമാണ്. വിശുദ്ധി ഒരു പീഢയാണ്. അവിടെ ഭര്‍തൃമരണാനന്തരം സ്ത്രീകളെ കത്തിക്കുന്നതും, കലാപത്തില്‍ നഗ്‌നരാക്കി, ദുര്‍ബലരാക്കി അവമതിച്ച് ദഹിപ്പിക്കുന്നതും പഴയ ജീവിതത്തിന്റെ വിശുദ്ധിയിലാണ് സാധൂകരിക്കപ്പെടുക. അതിന്റെ നിര്‍മൂലനം തന്നെയാണ് അംബേദ്ക്കറിന്റെ ജാതി നിര്‍മൂലനം. ജാതി നിര്‍മൂലനത്തിന്റെ ജനകീയ പാരായണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍മ്മിതിയിലും നിലനില്‍പ്പിലും നിര്‍ണായകമാണ്.

അടിക്കറിപ്പുകള്‍: 1.ബി.ആര്‍ അംബേദ്ക്കര്‍, ജാതി ഉന്‍മൂലനം: വ്യാഖ്യാന വിമര്‍ശന കുറിപ്പുകള്‍ സഹിതം, ഡി.സി ബുക്‌സ് കോട്ടയം 2015 പുറം: 262.
2.അതേ പുസ്​തകം, പുറം: 262.
3. ജ്യോതിര്‍മയ ശര്‍മ്മ, ഹിന്ദുത്വം ഹിന്ദു ദേശീയ വാദത്തെക്കുറിച്ച് ഒരന്വേഷണം, ഡി.സി ബുക്‌സ് കോട്ടയം, 2004, പുറം: 140.
4. അതേ പുസ്​തകം, പുറം: 142.

Comments