ബലാത്സംഗത്തെ ആധിപത്യ തന്ത്രമാക്കുന്ന
ഹിന്ദുത്വത്തിന്റെ വംശീയ യുദ്ധങ്ങള്‍

‘മെയ്തികളുടെ ഹിന്ദുത്വവല്‍ക്കരണവും ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങളുമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ ഭയജന സാഹചര്യം സൃഷ്ടിച്ചത്. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ബലാത്സംഗത്തെ ആയുധമാക്കുന്ന വംശീയ യുദ്ധമാണിപ്പോള്‍ മണിപ്പുരില്‍ നടക്കുന്നത്.’- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

നാസികളില്‍ നിന്നും സയണിസ്റ്റുകളില്‍ നിന്നും ആധിപത്യത്തിന്റെ കടന്നാക്രമണ തന്ത്രങ്ങള്‍ പഠിച്ച ഹിന്ദുത്വവാദികള്‍ മണിപ്പൂരില്‍ തങ്ങളുടെ വംശീയയുദ്ധങ്ങളില്‍ ബലാത്സംഗത്തെത്തയും ആയുധമാക്കുകയാണ്.

മണിപ്പൂരില്‍ മൂന്ന് മാസമായി തുടരുന്ന വംശീയ കലാപങ്ങളുടെ അരക്ഷിതപൂര്‍ണമായ അവസ്ഥയില്‍നിന്ന്​ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

തലസ്ഥാനമായ ഇംഫാലില്‍ നിന്ന്​ 35 കിലോമീറ്റര്‍ അകലെയുള്ള കാംഗ്‌പോപ്പി ജില്ലയില്‍ മെയ്തി വംശീയവാദികള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ക്കുനേരെ പരസ്യമായി ലൈംഗികാതിക്രമം നടത്തുകയും നഗ്‌നമായി നടത്തിക്കുകയും ചെയ്ത ഭയാനക സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ട് സ്ത്രീകളും രക്ഷിക്കണേയെന്ന്​ കൈകൂപ്പി യാചിച്ചിട്ടും അവരെ പരസ്യമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഐ.ടി.എല്‍.എഫ് എന്ന ഗോത്രനേതാക്കളുടെ ഫോറമാണ് ഈ ക്രൂരകൃത്യത്തിന്റെ വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്.

കാംഗ്‌പോപ്പില്‍ വംശീയഭീകരര്‍ നടത്തിയ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ബലാത്സംഗത്തിനും തെളിവെന്ന നിലയ്ക്കാണ് ഫോറം നേതാക്കള്‍ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടത്. അവര്‍ പറയുന്നത് പ്രതികളെ തിരിച്ചറിയുന്നതിനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് എന്നാണ്. ദേശീയ വനിതാ കമ്മീഷനോടും ദേശീയ പട്ടികവര്‍ഗ കമ്മീഷനോടും ഇക്കാര്യത്തില്‍ ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്.

'സ്ത്രീകളെ തെരഞ്ഞുപിടിക്കേണ്ടത് പട്ടാളക്കാരുടെ ലിംഗങ്ങള്‍കൊണ്ടായിരിക്കണ''മെന്നാണ് സാമ്രാജ്യത്വ അധിനിവേശ ശക്തികളും അവരുടെ സൈനികമേധാവികളും നല്‍കുന്ന നിര്‍ദ്ദേശം.

ഈ വീഡിയോ മനുഷ്യത്വരാഹിത്യത്തിന്റെയും ക്രൂരതയുടെയും ആള്‍ക്കൂട്ടഭീകരതയാണ് കാണിക്കുന്നത്. മെയ്തികളുടെ ഹിന്ദുത്വവല്‍ക്കരണവും ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങളുമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ ഭയജന സാഹചര്യം സൃഷ്ടിച്ചത്. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ബലാത്സംഗത്തെ ആയുധമാക്കുന്ന വംശീയ യുദ്ധമാണിപ്പോള്‍ മണിപ്പുരില്‍ നടക്കുന്നത്. അരാംബെ തെങ്കല്‍, മെയ്ത്തി ലിപൂണ്‍ തുടങ്ങിയ മെയ്​തി ഭീകരസംഘങ്ങളാണ് കുക്കികള്‍ ഉള്‍പ്പെടെയുള്ള ഗോത്രവിഭാഗങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ട മെയ്​തി ഭീകരതയ്ക്കാണ് മണിപ്പുര്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തെല്ലായിടത്തും വംശീയ ഭീകരവാദികള്‍ മറ്റ് ജനസമൂഹങ്ങള്‍ക്കുമേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി ബലാത്സംഗത്തെ ആയുധമാക്കുന്നുണ്ട്. പലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പുകളെ തകര്‍ക്കാനും അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാനും ബലാത്സംഗത്തെ ആയുധമാക്കണമെന്നാണ് സയണിസ്റ്റ് ബുദ്ധിജീവികള്‍ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. ഡോ. മോര്‍ദേശായ് കേദര്‍ എന്ന സയണിസ്റ്റ് ബുദ്ധിജീവി ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞത്, ഇസ്രായേലിന് ഭീഷണിയാകുന്ന ഹമാസിനെയും പാലസ്തീന്‍പോരാളികളെയും തകര്‍ക്കുവാന്‍ അവരുടെ ഉമ്മ പെങ്ങന്‍മാരെ ബലാത്സംഗം ചെയ്ത് നശിപ്പിക്കുമെന്ന ബോധം അവരില്‍ എത്തിക്കണമെന്നാണ്. ഇസ്രായേലിലെ സയണിസ്റ്റ്‌സ്വാധീനമുള്ള അക്കാദമിക് ബുദ്ധിജീവികള്‍ കേദറിന്റെ ബലാത്സംഗ സിദ്ധാന്തത്തിനെതിരെ ഉയര്‍ന്നുവന്ന സാര്‍വദേശീയ സമൂഹത്തിന്റെ പ്രതിഷേധങ്ങളെ നേരിട്ടത് ഒരു യുദ്ധതന്ത്രമെന്ന നിലയ്ക്ക് ബലാത്സംഗത്തെ ഉപാധിയാക്കാമെന്നാണ് കേദര്‍ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു.

സയണിസം പോലെ ഹിന്ദുത്വവും സങ്കുചിതവും ശത്രുതാപരവുമായ വംശീയ പുരുഷാധിപത്യ മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ശത്രുരാജ്യങ്ങളെയും ജനസമൂഹങ്ങളെയും കീഴടക്കാനുള്ള ഒരധിനിവേശതന്ത്രമെന്ന നിലയില്‍ ബലാത്സംഗത്തെ ഒരു യുദ്ധതന്ത്രമായി സൈദ്ധാന്തീകരിച്ചത് പെന്റഗണ്‍ വാര്‍കോളേജായിരുന്നു. വിയറ്റ്‌നാം ജനതയുടെ വിമോചന പേരാട്ടങ്ങളെ തകര്‍ക്കാനായി അമേരിക്കന്‍ സൈനിക കമാന്റ് ഇതവിടെ പ്രയോഗത്തില്‍വരുത്തുകയും ചെയ്തു. മുളങ്കുന്തങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ബോംബിംഗ് വിമാനങ്ങളെവരെ പ്രതിരോധിച്ച, മരണത്തെ കീഴ്‌പ്പെടുത്തിയ ആത്മബോധമുയര്‍ത്തിയ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് വിമോചനപോരാളികളെ നേരിടാനും കീഴ്‌പ്പെടുത്താനും അമേരിക്ക ബലാത്സംഗമെന്ന യുദ്ധതന്ത്രം പ്രയോഗിച്ചിരുന്നു. അമേരിക്കന്‍ പട്ടാള കമാന്റര്‍മാര്‍ വിയറ്റ്‌നാം ജനതയുടെ ധീരോദാത്തമായ ചെറുത്തുനില്‍പിനെ തോക്കുകൊണ്ട് മാത്രമല്ല പുരുഷലിംഗങ്ങള്‍ക്കൊണ്ടുകൂടി നേരിടണമെന്നാണ് മിലിറ്ററിഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തത്.

മെയ്​തികളുടെ ഹിന്ദുത്വവല്‍ക്കരണവും ഗോത്രപ്പക സൃഷ്ടിച്ച ഭീകരതയും ചേര്‍ന്നാണ് നമ്മുടെ മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന ഭയജനകമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ഏതൊരു സമൂഹത്തിലെയും സ്ത്രീകളെ ​ലൈംഗികമായി ആക്രമിച്ചാൽ ആ സമൂഹത്തിലെ പോരാളികളുടെ ആത്മവിശ്വാസം തകര്‍ക്കാമെന്നതാണ് ഫാഷിസ്റ്റുകളുടെ യുദ്ധതന്ത്രം. ''സ്ത്രീകളെ തെരഞ്ഞുപിടിക്കേണ്ടത് പട്ടാളക്കാരുടെ ലിംഗങ്ങള്‍കൊണ്ടായിരിക്കണ''മെന്നാണ് സാമ്രാജ്യത്വ അധിനിവേശ ശക്തികളും അവരുടെ സൈനികമേധാവികളും നല്‍കുന്ന നിര്‍ദ്ദേശം. സാമ്രാജ്യത്വം സൃഷ്ടിച്ച വംശീയ ഭീകരവാദപ്രസ്ഥാനങ്ങളെല്ലാം തങ്ങള്‍ക്കനഭിമതമായ ജനസമൂഹങ്ങളെ കീഴ്‌പ്പെടുത്താനും നിസ്ജേതരാക്കാനും ആ സമൂഹത്തിലെ സ്ത്രീകളെ ആക്രമിക്കുന്നു, ബലാത്സംഗത്തിനിരയാക്കുന്നു. സയണിസ്റ്റുകളുടെയും താലിബാനികളുടെയും ഹിന്ദുത്വവാദികളുടെയും ചരിത്രം അതാണ് കാണിക്കുന്നത്. ഈ വംശീയവാദികളെല്ലാം അപരമതവംശവിരോധത്തിന്റെയും സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ മൂല്യങ്ങളുടെയും ഉന്മാദത്തിനടിപ്പെട്ടവരാണ്. അതാണ് വംശീയ വര്‍ഗീയ കലാപങ്ങളിലെല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത്. 1930-കളില്‍ ജര്‍മ്മന്‍ തെരുവുകളിലൂടെ ജൂത പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തിച്ച് നാസികള്‍ അഴിഞ്ഞാടിയിരുന്നു. ആര്യേശ്രഷ്ഠതയുടെയും ആധിപത്യവാഞ്ബയുടെയും വംശീയാഘോഷങ്ങളായിരുന്നു അതെല്ലാം.

ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്കിരയായത്. അവര്‍ കൂട്ടത്തോടെ ബലാത്സംഗങ്ങള്‍ക്കിരയായി. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന, ഗര്‍ഭപാത്രം കുത്തിക്കീറി ഭ്രൂണത്തെ ശൂലത്തില്‍കുത്തിയെടുത്ത് പെട്രോൾ ഒഴിച്ച് തീവെക്കുന്ന സംഭവങ്ങള്‍വരെ ഉണ്ടായി. ഇന്ത്യ- പാക്ക് വിഭജനകാലം മുതല്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്നിട്ടുള്ള വര്‍ഗീയകലാപങ്ങളിലെല്ലാം ന്യൂനപക്ഷ സമൂഹത്തോടൊപ്പം സ്ത്രീകളാണ് ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ടത്, ലൈംഗിക അതിക്രമങ്ങള്‍ക്കിരയായത്. ഗുജറാത്തിലെ ബില്‍ക്കീസ്ബാനു കോടതിക്ക് നല്‍കിയ വിശദമായ സ്റ്റേറ്റ്‌മെന്റ് രാജ്യത്തിന്റെ മുമ്പിലുണ്ട്. തന്റെ കണ്‍മുമ്പില്‍, വീട്ടിലുള്ള പുരുഷന്മാരെയെല്ലാം കൊന്നുതള്ളിയശേഷം കുഞ്ഞിനെ നിലത്തടിച്ച് കൊന്നതും തുടര്‍ന്ന് എത്രയോ പുരുഷഭീകരന്മാരുടെ കാമാന്ധതയ്ക്ക് ഇരയാകേണ്ടിവന്നതും ബില്‍ക്കീസ്ബാനു മൊഴിയായി നല്‍കിയിട്ടുണ്ട്. ഇന്ത്യ- പാക്ക് വിഭജനത്തിന്റെ നാളുകളില്‍ നടന്ന വര്‍ഗീയകലാപങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന കൂട്ടബലാത്സംഗങ്ങളുടെ ക്രൂരകഥകള്‍ നമ്മുടെ ചരിത്രവും സാഹിത്യവും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഭീഷ്മ സാഹ്​നിയുടെ തമസ്​ ഉള്‍പ്പെടെയുള്ള നോവലുകള്‍ നമ്മുടെ മുമ്പിലുണ്ട്.

ബിൽക്കീസ്ബാനു

ആ ഗണത്തിലാണ് മണിപ്പൂരിലെ കാംഗ്‌പോപ്പിലെ സംഭവങ്ങള്‍ ഉള്‍പ്പെടുന്നത്. എല്ലാ വര്‍ഗീയവംശീയവാദികളും ക്രൂരതയെ ജീവിതമൂല്യമാക്കുന്നവരാണ്. മെയ്​തികളുടെ ഹിന്ദുത്വവല്‍ക്കരണവും ഗോത്രപ്പക സൃഷ്ടിച്ച ഭീകരതയും ചേര്‍ന്നാണ് നമ്മുടെ മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന ഭയജനകമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. നഗ്‌നകളാക്കപ്പെട്ട സ്ത്രീകളുടെ സ്വകാര്യ ഇടങ്ങളില്‍ പിടിച്ചും നഗ്‌നരാക്കി തെരുവിലൂടെ ഓടിച്ചും ഒരാള്‍ക്കൂട്ടം വംശീയഭീകരത ആഘോഷമാക്കുന്നതാണ് ആ വീഡിയോയിലൂടെ ലോകം കണ്ടത്. എന്നിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി നിശ്ശബ്​ദനായിരുന്നു. ഇടതുപക്ഷവും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും പ്രധാനമന്ത്രി മൗനം അവസാനിപ്പിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ‘മണിപ്പുര്‍ രാജ്യത്തിന് അപമാനമാണെന്ന്’ നരേന്ദ്ര മോദിക്ക്​ പ്രതികരിക്കേണ്ടിവന്നത്​.

താഴ്​വരയിലെ ഭൂരിപക്ഷ ഹൈന്ദവവിഭാഗം ഉള്‍ക്കൊള്ളുന്ന മെയ്​തി വിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി നടത്തിയ സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഭവഗതികള്‍ക്ക് തിരികൊളുത്തിയത്.

നരേന്ദ്ര മോദിയുടെ സ്വന്തക്കാരനായ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിംഗാണ് മണിപ്പുര്‍ സംഭവങ്ങള്‍ക്ക് മുഖ്യ ഉത്തരവാദി. മെയ്​തി വംശജനായ ബീരേന്‍സിംഗ് മെയ്​തികളെ ഹിന്ദുത്വവല്‍ക്കരിക്കുകയും കുക്കികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ വംശീയ പ്രചാരണം തീവ്രമാക്കുകയും ചെയ്തു. കുക്കികളെ അവരുടെ ആവാസമേഖലകളില്‍ നിന്ന് ആട്ടിയിറക്കുന്ന റിസര്‍വ് ഫോറസ്റ്റ് പ്രഖ്യാപനമുള്‍പ്പെടെ അങ്ങേയറ്റം വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ബീരേന്‍സിംഗിന്റെ നടപടികളാണ് മണിപ്പുരിനെ ഇപ്പോഴത്തെ ദാരുണമായ അവസ്ഥയിലേക്കെത്തിച്ചത്.

മണിപ്പുര്‍ ഉള്‍പ്പെടെയുള്ള വടക്കു- കിഴക്കന്‍ മേഖലകളില്‍ ദശകങ്ങളായി നിലനില്‍ക്കുന്ന ഗോത്രവംശീയ സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാര്‍ ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്. താഴ്​വരയിലെ ഭൂരിപക്ഷ ഹൈന്ദവവിഭാഗം ഉള്‍ക്കൊള്ളുന്ന മെയ്​തി വിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി നടത്തിയ സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഭവഗതികള്‍ക്ക് തിരികൊളുത്തിയത്. മെയ്​തികൾ ഒഴികെയുള്ള ഗോത്രവര്‍ഗവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ റിസര്‍വ്വ് മേഖലകളായി പ്രഖ്യാപിക്കുകയും അവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. ഈ മേഖലകളിലാണ് ക്രിസ്തുമത വിശ്വാസികളായ ഗോത്രവിഭാഗങ്ങളധികവും താമസിക്കുന്നത്. അവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളാണ്‌ ക്രൈസ്​തവ ദേവാലയങ്ങളുടെ തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്ക് എത്തിയത്.

ബീരേന്‍സിംഗ്

അതേപോലെ, മ്യാന്‍മറില്‍ നിന്നുള്ള കുക്കി വിഭാഗക്കാരുടെ അനധികൃത കുടിയേറ്റത്തിന് മണിപ്പുരി കുക്കികള്‍ സഹായം നല്‍കുന്നു എന്ന പ്രചാരണവും ഹിന്ദുത്വവാദികള്‍ വ്യാപകമായി നടത്തി. ചുരാചന്ത്പുരിലെ കുക്കി ആവാസപ്രദേശങ്ങള്‍ സര്‍ക്കാര്‍ വനമേഖലയിലുള്ള സംരക്ഷിത പ്രദേശങ്ങളാണെന്ന കണ്ടെത്തലും കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഈ മേഖലയില്‍ സംഘര്‍ഷങ്ങള്‍ വളര്‍ത്തി. പ്രത്യേകിച്ച് ഭരണഘടനയുടെ 371 സി വകുപ്പുപ്രകാരമുള്ള ഗോത്രജനതയ്ക്കുള്ള സ്വയംഭരണാധികാരത്തെ ലംഘിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് നിര്‍ബന്ധത്തിനുവഴങ്ങി കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. മെയ്​തി വിഭാഗത്തെ ഇളക്കിവിട്ട് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന കുക്കി ഗോത്രങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

ഭൂരിപക്ഷസ്വത്വത്തിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രങ്ങളാണ് ഗോത്രസംഘര്‍ഷങ്ങളുടേതായ സാഹചര്യം മണിപ്പുരിന്റെ മലമ്പ്രദേശങ്ങളിലും താഴ്​വരകളിലും സൃഷ്ടിച്ചത്. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളും ഗോത്രപരിരക്ഷാ വ്യവസ്ഥകളുമനുസരിച്ച് ജനാധിപത്യപരമായ പരിഹാരം കാണേണ്ട വംശീയപ്രശ്‌നങ്ങളെ ഭൂരിപക്ഷ വംശീയസ്വത്വത്തെ ഉപയോഗിച്ച് അക്രമാസക്തമായി കൈകാര്യം ചെയ്ത സംഘപരിവാറിന്റെയും ബീരേന്‍സിംഗ് സര്‍ക്കാരിന്റെയും നടപടികളാണ് മണിപ്പുരിലെ സ്ഥിതിഗതികള്‍ വഷളാക്കിയത്.

മണിപ്പൂരിലെ 42 ത്തോളം വരുന്ന ഗോത്രവിഭാഗങ്ങള്‍ ക്രൈസ്​തവ മതവിശ്വാസികളാണ്. ഭൂരിപക്ഷ മെയ്​തി ഹൈന്ദവവിഭാഗത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ബി.ജെ.പി മണിപ്പൂരില്‍ കഴിഞ്ഞ കുറേക്കാലമായി നടത്തുന്നത്. ക്രൈസ്​തവ വിശ്വാസികളായ ഗോത്രജനത കുടിയേറ്റക്കാരും പുറമെനിന്നുവന്നവരും കുഴപ്പക്കാരുമാണെന്ന വിദ്വേഷപ്രചാരണമാണ് ബീരേന്‍സിംഗും ഹിന്ദുത്വസംഘടനകളും കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ബീരേന്‍സിംഗിന്റെ നീക്കങ്ങള്‍ക്ക് പിറകില്‍ മണിപ്പുരിന്റെ മണ്ണും വിഭവങ്ങളും കയ്യടക്കാന്‍ കാത്തിരിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളാണ്. 371-ാം വകുപ്പിന്റെ പരിരക്ഷയുള്ള ഗോത്രമേഖലയില്‍ കടന്നുകയറാനുള്ള ആസൂത്രിത നീക്കങ്ങളാണ് കോര്‍പ്പറേറ്റ്- വര്‍ഗീയ കൂട്ടുകെട്ടിന്റെ പ്രതിനിധിയായ ബീരേന്‍സിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്.

മെയ്​തികളെ പട്ടികവര്‍ഗമായി പരിഗണിക്കണമെന്ന മണിപ്പുര്‍ ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മെയ്​തികളെ പട്ടികവര്‍ഗലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ബീരേന്‍സിംഗ് സര്‍ക്കാരിന്റെ കുടിലനീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന കുക്കി, നാഗാ, സോമ വിഭാഗങ്ങളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ മെയ്​തി ഭീകരവാദികള്‍ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നത്. മണിപ്പുരില്‍ പോലീസ് മെയ്​തി ഭീകരര്‍ക്കൊപ്പമായിരുന്നു. മൂന്ന് മാസത്തോം നീളുന്ന മണിപ്പൂര്‍ കലാപം മരണപ്പെടുന്ന മനുഷ്യരുടെ കരച്ചിലായി, അനാഥരും അഭയാര്‍ത്ഥികളുമാക്കപ്പെടുന്ന ജനതയുടെ ദീനരോദനങ്ങളായി രാജ്യം കേട്ടുകൊണ്ടിരിക്കുമ്പോഴും മോദിയും അമിത്ഷായും കുറ്റകരമായ മൗനവും നിഷ്‌ക്രിയത്വവും പാലിക്കുകയായിരുന്നു. തങ്ങളിലര്‍പ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വ്വഹിച്ച് വംശീയ ചേരിതിരിവുകളെയും കലാപങ്ങളെയും ഇല്ലാതാക്കുന്നതിന് പകരം മെയ്​തികളെ ഇളക്കിവിട്ട് ഗോത്രജനതയ്‌ക്കെതിരായി വംശീയയുദ്ധം വളര്‍ത്തുകയായിരുന്നു കേന്ദ്രസര്‍ക്കാരും മണിപ്പൂരിലെ ബീരേന്‍സിംഗ് സര്‍ക്കാരും.

Comments