മണിപ്പുർ: സ്വത്വരാഷ്ട്രീയത്തിന്റെ ദുരന്തഭൂമി

മുതലാളിത്ത വികസനം സൃഷ്ടിക്കുന്ന പ്രാദേശിക അസന്തുലിതത്വങ്ങളെ മതപരവും വംശീയവുമായ പ്രശ്‌നങ്ങളാക്കി മാറ്റുന്ന അങ്ങേയറ്റം പ്രതിലോമപരമായ സ്വത്വരാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളാണ് മണിപ്പൂരിൽ ഇന്ന്​ കണ്ടുകൊണ്ടിരിക്കുന്നത്.

ന്നു ശാന്തമായ മണിപ്പുർ വീണ്ടും വർഗീയതയുടെ കലാപത്തീയിലാണ്. അതെ, വീണ്ടും താഴ്‌വര അശാന്തിയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു.

മെയ് മൂന്നിനാരംഭിച്ച വർഗീയ കലാപങ്ങളിൽ 72 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങൾ അഭയാർത്ഥികളാക്കപ്പെട്ടു. താമസസ്ഥലങ്ങളും ഉപജീവനസംരംഭങ്ങളുമടക്കം ആയിരക്കണക്കിന് സ്ഥാപനങ്ങൾ തകർത്തു. 23,000-ത്തിലേറെ പേർക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. ചർച്ചുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തീവെച്ച് നശിപ്പിക്കപ്പെട്ടു. എട്ടു ദിവസം നീണ്ട കലാപം പട്ടാളവും ആസാം റൈഫിൾസും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. ഇപ്പോഴിതാ വീണ്ടും ഇംഫാലിൽ സംഘർഷമാരംഭിച്ചിരിക്കുന്നു. തിങ്കളാഴ്ച രാവിലെ ന്യൂചെക്കാൽ ബസാർ മേഖലയിൽ മെയ്ത്തി, കുക്കി വംശവിഭാഗങ്ങൾ തമ്മിലുണ്ടായ ചെറിയ തർക്കങ്ങളാണ് ഉച്ചയോടെ വീടുകൾക്കുള്ള തീവെപ്പും ഏറ്റുമുട്ടലുകളുമായി വളർന്നത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകപ്രയോഗം നടത്തി.

ഭൂരിപക്ഷ വംശീയ വിഭാഗങ്ങൾ സംഘപരിവാർ സംഘടനകളുടെ ഒത്താശയിൽ കുക്കികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് തിരികൊളുത്തിയത്. മെയ്ത്തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിലുൾപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഭരണനടപടികൾക്കെതിരായ കുക്കി, നാഗാ, സോമി വിഭാഗങ്ങളുടെ പ്രതിഷേധം ഉയർന്നതോടുകൂടിയാണ് കലാപം പടർന്നത്. മണിപ്പുരിലെ മുൻ കോൺഗ്രസുകാരനായ ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി ബീരേൻസിംഗിന്റെ ഭൂരിപക്ഷപ്രീണനനയങ്ങളാണ് കുക്കി, നാഗ, സോമി വിഭാഗങ്ങളിൽ പ്രതിഷേധമുയർത്തിയത്.

മണിപ്പുർ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ മേഖലകളിൽ ദശകങ്ങളായി നിലനിൽക്കുന്ന ഗോത്ര വംശീയ സംഘർഷങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാർ ഈ മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ചത്. താഴ്‌വരയിലെ ഭൂരിപക്ഷ ഹൈന്ദവവിഭാഗം ഉൾക്കൊള്ളുന്ന മെയ്തി വിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി നടത്തിയ സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഭവഗതികൾക്ക് തിരി കൊളുത്തിയത്. മുഖ്യമന്ത്രി ബീരേൻസിംഗ് മെയ്തി വംശജനാണ്. മെയ്തികൾ ഒഴികെയുള്ള ഗോത്രവർഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ റിസർവ്വ് മേഖലകളായി പ്രഖ്യാപിക്കുകയും അവരെ കുടിയൊഴിപ്പിക്കാൻ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. ഈ മേഖലകളിലാണ് ക്രിസ്തുമത വിശ്വാസികളായ ഗോത്രവിഭാഗങ്ങളധികവും താമസിക്കുന്നത്. അവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളാണ് ക്രൈസ്തവ ദേവാലയങ്ങളുടെ തകർക്കൽ ഉൾപ്പെടെയുള്ള വിധ്വംസകപ്രവർത്തനങ്ങളിലേക്ക് എത്തിയത്.

ബീരേൻസിംഗ്

അതേപോലെ, മ്യാൻമറിൽ നിന്നുള്ള കുക്കിവിഭാഗക്കാരുടെ അനധികൃത കുടിയേറ്റത്തിന് മണിപ്പൂരി കുക്കികൾ സഹായം നൽകുന്നു എന്ന പ്രചാരണവും ഹിന്ദുത്വവാദികൾ വ്യാപകമായി നടത്തി. ചുരചന്ത്പുരിലെ കുക്കി ആവാസപ്രദേശങ്ങൾ സർക്കാർ വനമേഖലയിലുള്ള സംരക്ഷിത പ്രദേശങ്ങളാണെന്ന കണ്ടെത്തലും കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഈ മേഖലയിൽ സംഘർഷങ്ങൾ വളർത്തി. ​പ്രത്യേകിച്ച്​, ഭരണഘടനയുടെ 371 സി വകുപ്പുപ്രകാരം ഗോത്രജനതയ്ക്കുള്ള സ്വയംഭരണാധികാരത്തെ ലംഘിച്ചാണ്​ ആർ.എസ്.എസ് നിർബന്ധത്തിനുവഴങ്ങി കുക്കികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. മെയ്തി വിഭാഗത്തെ ഇളക്കിവിട്ട് ബി.ജെ.പി സർക്കാർ നടത്തുന്ന കുക്കി ഗോത്രങ്ങൾക്കെതിരായ നീക്കങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

ഭൂരിപക്ഷ സ്വത്വത്തിന്റെ ആധിപത്യം അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രങ്ങളാണ് ഗോത്രസംഘർഷങ്ങളുടേതായ സാഹചര്യം മലമ്പ്രദേശങ്ങളിലും താഴ്‌വരകളിലും സൃഷ്ടിച്ചത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളും ഗോത്രപരിരക്ഷാ വ്യവസ്ഥകളുമനുസരിച്ച് ജനാധിപത്യപരമായ പരിഹാരം കാണേണ്ട വംശീയപ്രശ്‌നങ്ങളെ ഭൂരിപക്ഷ വംശീയസ്വത്വത്തെ ഉപയോഗിച്ച് അക്രമാസക്തമായി കൈകാര്യം ചെയ്ത സംഘപരിവാറിന്റെയും ബീരേൻസിംഗ് സർക്കാരിന്റെയും നടപടികളാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

മണിപ്പുരിലെ 42% ത്തോളം വരുന്ന ഗോത്രവിഭാഗങ്ങൾ ക്രൈസ്തവ മതവിശ്വാസികളാണ്. ഭൂരിപക്ഷ മെയ്തി ഹൈന്ദവ വിഭാഗത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ക്രൈസ്തവ വിശ്വാസികളായ ഗോത്രജനത കുടിയേറ്റക്കാരും പുറമെനിന്നുവന്നവരും കുഴപ്പക്കാരുമാണെന്ന വിദ്വേഷ പ്രചാരണമാണ് ബീരേൻസിംഗും ഹിന്ദുത്വ സംഘടനകളും കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ കലാപങ്ങൾക്കിടയിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെൻറ്​ പോൾസ് പള്ളി സംഘപരിവാർ ക്രിമിനലുകൾ ആക്രമിച്ച് തീയിട്ടതിന്റെ റിപ്പോർട്ട്​ ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്​തിരുന്നു. മണിപ്പുരിലെ ദുഃഖകരമായ സംഭവഗതികളെല്ലാം വ്യക്തമാക്കുന്നത് ‘സംഘി ഭരണകൂടം’ സ്‌പോൺസർ ചെയ്യുന്ന വർഗീയകലാപമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ്. ഭൂരിപക്ഷ മതധ്രുവീകരണത്തിന്​ മനുഷ്യരെ വിഘടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ദുരന്തഫലമാണ് മണിപ്പുരിൽ കാണുന്നത്. ജനങ്ങളിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം. അതിനായി അവർ ദേശീയതലത്തിൽ തന്നെ ഇസ്​ലാമോഫോബിയയെ രാഷ്ട്രീയതന്ത്രമാക്കുന്നു. ക്രിസ്ത്യൻ മതവിശ്വാസികളുള്ള വടക്കുകിഴക്കൻ മേഖലകളിൽ ക്രൈസ്തവ വിരുദ്ധ പ്രചാരണവും ബി.ജെ.പി രാഷ്ട്രീയതന്ത്രമാക്കുന്നു.

കേരളത്തിലിരുന്ന് ബിഷപ്പ് പാംപ്ലാനിയെ പോലുള്ളവർ സംഘപരിവാറിനുവേണ്ടി ക്രൈസ്തവരെ ഇടതുപക്ഷത്തിനും മുസ്​ലിംകൾക്കുമെതിരെ തിരിച്ചുവിടാനുള്ള പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോൾ, വടക്കുകിഴക്കൻ മേഖലകളിലും ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവർ തുടർച്ചയായി വേട്ടയാടപ്പെടുകയാണ്. ക്രൈസ്തവ പ്രാർത്ഥനാലയങ്ങളും ആരാധനാലയങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ വിചാരധാരയിൽ പറയുന്ന ആഭ്യന്തരശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്ന അജണ്ടയാണ് മണിപ്പൂരിലും വടക്കുകിഴക്കൻ മേഖലകളിലും ഛത്തീസ്ഗഡിലുമൊക്കെ നടക്കുന്ന ക്രൈസ്തവവേട്ടയെന്ന് തിരിച്ചറിയാനുള്ള വിവേകശേഷി നഷ്ടപ്പെട്ട തിരുമേനിമാർ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുകയാണ്. ‘സംഘി’ അജണ്ടയിൽ നിന്ന് കമ്യൂണിസ്റ്റുകാർക്കും മുസ്​ലിംകൾക്കുമൊക്കെ എതിരായി വിദ്വേഷപ്രചാരണം നടത്തുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാർ കഥയറിയാതെ ആട്ടം കാണുന്നവരാണ്?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള ബി.ജെ.പി ഭരിക്കുന്നയിടങ്ങളിൽ തങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലായെന്നാണല്ലോ കേരളത്തിലെ പല ക്രൈസ്തവ മേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ള സംഘപരിവാർ ചങ്ങായിമാർ ഇവിടെ ഇറക്കിയ നറേറ്റീവ്. ഇമ്മാതിരി മതമേലധ്യക്ഷന്മാർ മനസ്സിലാക്കേണ്ടത്, 42% ത്തോളം ക്രിസ്ത്യാനികളുള്ള മണിപ്പൂരിലാണ് ഹിന്ദുത്വവാദികൾ വിശ്വാസികൾക്കെതിരായി ക്രൂരമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ്​. കേരളത്തിൽ ക്രിസ്ത്യൻ ജനസംഖ്യ 20% പോലും ഇല്ലായെന്ന് ഈ മതമേലധ്യക്ഷന്മാർ മനസ്സിലാക്കേണ്ടതാണ്. എന്തുകൊണ്ടോ അവർക്കതിന് കഴിയാതെപോകുന്നു.

മണിപ്പൂരും വടക്കുകിഴക്കൻ മേഖലകളും 35- ഓളം വരുന്ന ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശമാണ്. എത്രയോ കാലമായി ഗോത്രവർഗങ്ങൾ തമ്മിൽത്തമ്മിലുള്ള വൈരവും കുടിപ്പകയും നിലനിന്നിരുന്ന പ്രദേശങ്ങളാണ്. ആ വംശീയ വൈരത്തിനുപകരം വർഗീയമായ മാനമുള്ള കലാപങ്ങളിലേക്കാണ് മണിപ്പുർ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. 7 സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്ന് ദശലക്ഷത്തോളം ജനസംഖ്യയുള്ള സംസ്ഥാനമാണ് മണിപ്പുർ. 1949 ഒക്ടോബർ 15-നാണ് മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീരുന്നത്. 1956-ൽ മണിപ്പൂർ യൂണിയൻ ടെറിട്ടറിയായി മാറി. 1972-ലാണ് മണിപ്പൂരിന് സംസ്ഥാന പദവി കൈവന്നത്.

2011-ലെ സെൻസസ് പ്രകാരം 41.39% ഹിന്ദുക്കളും 41.29% ക്രിസ്ത്യാനികളും മണിപ്പൂരിലുണ്ട്. ജനസംഖ്യയിൽ 57.2% ആളുകൾ താഴ്‌വരയിലുള്ള ജില്ലകളിലും അവശേഷിക്കുന്ന 42.8% മലമ്പ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. മണിപ്പൂരി, കുക്കി, സോ, നാഗ ഗോത്രങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട മൈതേയ് വിഭാഗവും ഉൾപ്പെടുന്നതാണ് മണിപ്പുരി ജനത. ഭരണഘടനയുടെ പരിരക്ഷയുള്ള പട്ടികവർഗവിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണവും ഭൂമിസംരക്ഷിക്കാനുമുള്ള അവകാശങ്ങളും മൈതേയ് വിഭാഗത്തിനുകൂടി നൽകാനുള്ള ബീരേൻസിംഗ് സർക്കാരിന്റെ നടപടികളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണമായത്. മൈതേയ് വിഭാഗം 90% ഹിന്ദുക്കളും സനമാഹികളും ബാക്കിയുള്ള ഒരു ചെറിയ വിഭാഗം മൈതേയ്പാംഗൽ എന്ന് വിളിക്കുന്ന ഇസ്​ലാം മതസ്ഥരുമാണ്.

ഗോത്രാധിഷ്ഠിത സാമൂഹ്യസാഹചര്യങ്ങളിൽ കഴിയുന്ന ഇവർക്കിടയിൽ പരസ്പരവൈരവും കുടിപ്പകയും അതിന്റെ ഫലമായ ഏറ്റുമുട്ടലുകളും എത്രയോ കാലമായി ഉണ്ടാവാറുള്ളതാണ്. അതിനൊയൊക്കെ മറികടക്കുന്ന രീതിയിൽ തൊഴിലാളി കർഷകപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരുകാലത്ത് മണിപ്പൂരിൽ സജീവ സ്വാധീനം ചെലുത്തിയിരുന്നു. ബീരേൻസിംഗിന്റെ മുൻഗാമികളാണ് കോൺഗ്രസ് നേതാക്കളാണ് തങ്ങളുടെ സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങൾക്ക്​ ഭൂരിപക്ഷ മൈതേയ് വിഭാഗത്തെ പ്രീണിപ്പിക്കുന്ന നയങ്ങൾ സ്വീകരിച്ചതും ഗോത്രങ്ങൾക്കിടയിലെ കിടമത്സരം ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിച്ചതും. അതിന്റെയൊക്കെ ദുരന്തപരിണതി എന്ന നിലയ്ക്കാണ് സംഘപരിവാറിന്റെ കൈകളിലെക്ക് മണിപ്പുർ രാഷ്ട്രീയം എത്തിയത്.

കൊളോണിയൽ കാലംമുതൽ നടന്ന പ്രൊട്ടസ്റ്റൻറ്​ മിഷനറി പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ ക്രൈസ്തവ സ്വാധീനമുണ്ടാക്കിയത്. യഥാർത്ഥത്തിൽ മണിപ്പുരിന്റെ പിന്നാക്കാവസ്ഥയും വികസനമില്ലായ്മയും കേന്ദ്രസർക്കാർ തുടർന്നുവരുന്ന ബൂർഷ്വാഭൂപ്രഭു വർഗങ്ങളെ സഹായിക്കുന്ന നയങ്ങളുടെ ഫലമാണ്. എന്നാൽ മണിപ്പൂരിന്റെ വികസന അസന്തുലിതാവസ്ഥയെ, മലമ്പ്രദേശത്തെയും താഴ്‌വരയിലെയും ജനങ്ങൾക്കിടയിലുള്ള വൈരുദ്ധ്യവും ശത്രുതയുമാക്കി മാറ്റുകയാണ് ബൂർഷ്വാ വർഗീയ രാഷ്ട്രീയകക്ഷികൾ ചെയ്തത്. മലയോരത്തെയും താഴ്‌വരയിലെയും ജനങ്ങൾക്കിടയിലുള്ള വിശ്വാസരാഹിത്യത്തെ തീഷ്ണമാക്കുകയാണ് കോൺഗ്രസും ബി.ജെ.പിയുമെല്ലാം കാലാകാലമായി ചെയ്തുപോന്നത്.

മണിപ്പൂരിൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി വികസനം നടക്കുന്നത് മെയ്ൻലാന്റ് എന്ന് പറയുന്ന താഴ്‌വാര ജില്ലകളിൽ മാത്രമാണ്. അവിടെയാണ് ഭൂരിപക്ഷ മൈതേയ് വിഭാഗം അധിവസിക്കുന്നത്. ഈയൊരു സാഹചര്യമാണ് മലയോര ഗോത്രമേഖലയ്ക്ക് ഭൂരിപക്ഷ സമുദായത്തോടുള്ള കടുത്ത അതൃപ്തിക്കും വൈരുദ്ധ്യത്തിനും കാരണമായിരിക്കുന്നത്. ഈയൊരു സാഹചര്യത്തെ ഉപയോഗിച്ച് തങ്ങളുടെ സോഷ്യൽ എഞ്ചിനീയറിംഗ് വഴി ഭൂരിപക്ഷവിഭാഗത്തെ തങ്ങളോടൊപ്പം നിർത്താനുള്ള സംഘപരിവാർ തന്ത്രമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണം. മുതലാളിത്ത വികസനം സൃഷ്ടിക്കുന്ന പ്രാദേശിക അസന്തുലിതത്വങ്ങളെ മതപരവും വംശീയവുമായ പ്രശ്‌നങ്ങളാക്കി മാറ്റുന്ന അങ്ങേയറ്റം പ്രതിലോമപരമായ സ്വത്വരാഷ്ട്രീയത്തിന്റെ ദുരന്തഫലങ്ങളാണ് മണിപ്പൂരിൽ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്.

Comments