മണിപ്പുരിൽ നടക്കുന്നത്​ അപകടകരമായ
സ്വത്വ രാഷ്​ട്രീയ പരീക്ഷണം

സ്വത്വരാഷ്​ട്രീയം ദുരുപയോഗം ചെയ്​തുകൊണ്ടുള്ള വർഗീയ രാഷ്​ട്രീയമാണ്​ മണിപ്പുരിലെ കലാപത്തിന്​ അഗ്​നി പകരുന്നതെന്ന വാദം മുന്നോട്ടുവക്കുകയാണ്​ പി. കൃഷ്​ണപ്രസാദ്​. കേരളത്തിലും തമിഴ്​നാട്ടിലും മാത്രമല്ല സാംസ്‌ക്കാരിക വൈവിധ്യത്താല്‍ സമ്പന്നമായ ഏതൊരു സംസ്ഥാനത്തും മണിപ്പുര്‍ ആവർത്തിക്കാനും അധികാരം പിടിക്കാനുമുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ണിപ്പുരില്‍ ഭൂരിപക്ഷ സമുദായമായ മെയ്തികളും ന്യൂനപക്ഷമായ കുക്കികളും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂന്നാം മാസമായിട്ടും തുടരുകയാണ്. സമാധാനത്തിന് മുന്‍കൈയെടുക്കേണ്ട സംസ്ഥാന സർക്കാര്‍, കലാപം അടിച്ചമര്‍ത്തുന്നതിലും നിയമവാഴ്ച സ്ഥാപിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടു.

എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന ഔദ്യോഗിക വിവരം ലഭ്യമല്ല. യഥാർഥ മരണനിരക്ക് ഇരുനൂറിലധികമാണെന്നാണ് വിവരം. 60,000- ത്തിലേറെ പേര്‍ അഭയാര്‍ഥികളായി ആര്‍മി കാമ്പുകളിലും ആസാം, മിസോറാം ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലും കഴിയുകയാണ്. കുക്കികളെയാകെ ദേശവിരുദ്ധരായി പ്രഖ്യാപിച്ച്​, അവര്‍ക്കെതിരായ യുദ്ധത്തിലാണ് സര്‍ക്കാരും സേനാവിഭാഗങ്ങളും എന്ന പരസ്യനിലപാടിലാണ് മുഖ്യമന്ത്രി ബീരേന്‍ സിംങ്. രണ്ടു തവണയായി പോലീസ് സ്റ്റേഷനുകളില്‍ നിന്നും സേനയുടെ ആയുധപ്പുരകളില്‍ നിന്നും അയ്യായിരത്തോളം തോക്കുകളും തിരകളും ഗ്രനേഡുകളും അടക്കമുള്ള ആയുധങ്ങള്‍ മെയ്​തികളായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ മെയ്തി വിഭാഗ തീവ്രവാദ ഗ്രൂപ്പുകള്‍ പിടിച്ചെടുത്തു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ബി.ജെ.പി സര്‍ക്കറിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. കുക്കി വിഭാഗത്തെ ആക്രമിക്കാന്‍ മെയ്തി വിഭാഗം കലാപകാരികള്‍ക്കൊപ്പം മണിപ്പൂര്‍ പോലീസ് സേനയും ചേരുകയാണ്. ഈ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കളും മൈയ്തി വിഭാഗക്കാരാണ് എന്നതും ശ്രദ്ധേയം.

കുക്കി വിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ മുന്‍കൂട്ടി അടയാളപ്പെടുത്തി ആക്രമിക്കുകയും 260- ഓളം ക്രിസ്​ത്യൻ പള്ളികള്‍ ചുട്ടെരിക്കുകയും ചെയ്തു. മറുഭാഗത്ത്, കേന്ദ്ര സര്‍ക്കാരുമായി 'സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍' കരാര്‍ ഒപ്പിട്ട കുക്കി തീവ്രവാദ ഗ്രൂപ്പുകള്‍ ആ കരാര്‍ ലംഘിച്ച്​ അവര്‍ക്കായി അംഗീകരിച്ച കാമ്പുകളില്‍ നിന്ന്​ പുറത്തുവന്ന്​ മെയ്​തികളെ കൊന്നൊടുക്കുകയും വീടുകള്‍ തീയിടുകയുമാണ്. ഇരു വിഭാഗവും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വോട്ടുനല്‍കിയവരാണ്.

മണിപ്പുരില്‍ 90% സ്ഥലവും മലമ്പ്രദേശമാണ്. 10% ആണ് ഇംഫാല്‍ നഗരം അടക്കമുള്ള താഴ്​വര പ്രദേശം. ഇംഫാലില്‍ നിന്ന്​ എല്ലാ കുക്കി- നാഗ ആദിവാസി കുടുംബങ്ങളും ഒഴിഞ്ഞുപോയി. ശേഷിക്കുന്നവര്‍ ആര്‍മി ക്യാമ്പുകളിലാണ്. കുന്നുംപ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ വസിച്ചിരുന്ന എല്ലാ മെയ്​തി കുടുംബങ്ങളും പോലീസുകാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പലായനം ചെയ്തു. മണിപ്പുര്‍ ജനത രണ്ട് ചേരിയായി തിരിഞ്ഞിരിക്കുന്നു. ചരിത്രത്തിലാദ്യമായി മെയ്​തി-മണിപ്പൂരും കുക്കി- മണിപ്പുരുമായി സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നു. ഏഴു ബി.ജെ.പി എം എല്‍ എമാരടക്കം 10 കുക്കി എം എല്‍ എമാര്‍ കുക്കികള്‍ക്ക് പ്രത്യേക ഭരണമേഖല അംഗീകരിക്കണം എന്നാവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറിന് കത്ത് നൽകിയിരിക്കുകയാണ്.

60,000 ത്തോളം സൈനികരെ വിന്യസിച്ചിട്ടും സമാധാനം സ്ഥാപിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. സൈന്യത്തിന് പിന്തുണ നൽകാൻ ഇരുവിഭാഗവും തയ്യാറല്ല. മണിപ്പുര്‍ പോലീസിന് സമാനമായി, കുക്കി കുടുംബങ്ങളെ ആക്രമിക്കാന്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ തയ്യാറാകാത്ത ആസ്സാം റൈഫിള്‍സ് സൈന്യത്തെ പിന്‍വലിക്കണമെന്നാണ് മെയ്​തി വിഭാഗത്തിലെ തീവ്രവാദികള്‍ ആവശ്യപ്പെടുന്നത്. കുക്കി മേഖലയില്‍ നാഷണല്‍ ഹൈവേയിലെ തടസം നീക്കാന്‍ വരുന്ന സൈന്യത്തെ നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുകയാണ്. ബി.ജെ.പി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ആയുധ ധാരികളായ സ്വകാര്യസേനകളുടെ സംരക്ഷണത്തിലാണ്. സമാധാനം സ്ഥാപിക്കാന്‍ ഇരു വിഭാഗത്തിലുമുള്ള സ്വകാര്യ സേനകളെ നിരായുധീകരിച്ച്​ എല്ലാ ആയുധങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കണം എന്നാണ് 10 പ്രതിപക്ഷ പാർട്ടികള്‍ആവശ്യപ്പെടുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ ദിശയില്‍ യാതൊരു നടപടിക്കും തയ്യാറല്ല.

പതിറ്റാണ്ടുകളിലെ വര്‍ഗസമരങ്ങളിലൂടെ വികസിച്ച മണിപ്പൂരിലെ ജനങ്ങളുടെ പൗരബോധം സ്വത്വരാഷ്ട്രീയത്തിലൂടെ ദുര്‍ബലപ്പെടുന്ന പ്രക്രിയ ഈ ആഭ്യന്തര കലാപത്തിലൂടെ മറനീക്കി പുറത്തുവരുന്നു.

ദുര്‍ബലമാകുന്ന
പൗരബോധം

പതിറ്റാണ്ടുകളിലെ വര്‍ഗസമരങ്ങളിലൂടെ വികസിച്ച മണിപ്പൂരിലെ ജനങ്ങളുടെ പൗരബോധം സ്വത്വരാഷ്ട്രീയത്തിലൂടെ ദുര്‍ബലപ്പെടുന്ന പ്രക്രിയ ഈ ആഭ്യന്തര കലാപത്തിലൂടെ മറനീക്കി പുറത്തുവരുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കുക്കി ഗോത്രവിഭാഗത്തിന്റെ ഉജ്ജ്വലമായ പങ്ക് ഉയര്‍ത്തിക്കാണിക്കുന്നതാണ് 1917-19 ലെ ആംഗ്ലോ- കുക്കി യുദ്ധം. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മണിപ്പുരിലെ ജനങ്ങള്‍ -പ്രത്യേകിച്ച്​ കുക്കി ഗോത്ര ജനവിഭാഗം- വ്യാപകമായി അണിനിരന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തെ ചെറുക്കാന്‍ വലിയ പങ്കാണ് മണിപ്പുരിലെ ജനങ്ങള്‍ വഹിച്ചത്. മണിപ്പുരിലെ ജനങ്ങളില്‍ ആധുനിക ജനാധിപത്യ പൗരബോധം വികസിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളും വലിയ പങ്ക് വഹിച്ചു. പുരുഷ പ്രധാന ഫ്യൂഡല്‍ സംസ്‌ക്കാരത്തില്‍ നിന്ന്​ വ്യത്യസ്തമായി ഗോത്രസംസ്‌ക്കാരത്തിലെ സ്ത്രീ- പുരുഷ സമത്വവും ഉല്പാദന- സാമ്പത്തിക മേഖലകളില്‍ സ്ത്രീകളുടെ നേതൃത്വപരമായ സ്ഥാനവും വികസിപ്പിക്കുന്നതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ- പ്രത്യേകിച്ച്​ തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങൾ- സംഭാവന ചെയ്തു. ഇംഫാലിലെ അമ്മ വിപണി- വിമെണ്‍ ബസാര്‍ - നൂറുകണക്കിന് സ്ത്രീകള്‍ പച്ചക്കറി- പലവ്യഞ്ജന ചരക്കുകളുടെ ചില്ലറ വ്യാപാരം നടത്തുന്ന പാരമ്പര്യം പൗരസമൂഹത്തില്‍ സ്ത്രീകള്‍ വഹിക്കുന്ന ബഹുമാന്യ പങ്ക് അടയാളപ്പെടുത്തുന്നു. സ്ത്രീകൂട്ടായ്മകള്‍ രാഷ്ട്രീയ- സാമൂഹ്യ നയരൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്നു. നിലവില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തിലും സ്വത്തും ജീവനും സംരക്ഷിക്കാനായി ഇരു വിഭാഗത്തിലുമുള്ള സ്ത്രീകള്‍ സജീവ പങ്ക് വഹിക്കുന്നത് സവിശേഷതയാണ്. അദ്ധ്വാനസംസ്‌ക്കാരവും വര്‍ഗ രാഷ്ടീയവുമാണ് ഈ ഉയര്‍ന്ന പൗരബോധം വികസിപ്പിക്കാന്‍ സഹായകരമാകുന്നത്.

എന്നാല്‍ പതിറ്റാണ്ടുകളായി രൂപപ്പെട്ട ആധുനിക പൗരസമൂഹത്തെ വിഭജിക്കാനും പരസ്പരം വെറുക്കാനുള്ള മാനസികാവസ്ഥയിലേക്ക് നയിക്കാനുമുള്ള വിപുല പ്രചാരണമാണ് ഇരു ജനവിഭാഗങ്ങളിലുമുള്ള ചില സാമുദായിക സംഘടനകളും അവയുടെ തീവ്രവാദഗ്രൂപ്പുകളും നടത്തുന്നത്. അവക്ക് ആർ.എസ്​.എസ്​- ബി.ജെ.പി കൂട്ടുകെട്ടിന്റെ പിന്തുണ ലഭിക്കുന്നു എന്നതാണ് രാഷ്ട്രീയമായി ഏറ്റവും അപകടകരമായ പ്രവണത. 60 അംഗ നിയമസഭയില്‍ 32 അംഗങ്ങളുള്ള ബി.ജെ.പിയിലെ കുക്കികളായ 7 എം എല്‍ എ മാരുടെ കൂടി പിന്തുണയോടെ മുഖ്യമന്ത്രിയായ ബീരേന്‍ സിംഗ് കുക്കികളാകെ രാജ്യദ്രോഹികളാണ് എന്ന്​ പ്രഖ്യാപിച്ച്​, ആഭ്യന്തരയുദ്ധത്തിന് ഒത്താശ നൽകുകയാണ്​.

ബീരേന്‍ സിംഗ്

മണിപ്പുരില്‍ നടക്കുന്ന ദാരുണമായ ആക്രമണങ്ങളെ വേദനയോടെ വീക്ഷിക്കുന്ന ഇന്ത്യൻ പൗരരെ ചിന്തിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ നിശ്ശബ്ദ പ്രതികരണമാണ്. എല്ലാ വിഭാഗം ജനങ്ങളോടും കലാപം അവസാനിപ്പിക്കാനും സമാധാനം പാലിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ പരസ്യമായി അഭ്യര്‍ഥിച്ചിട്ടില്ല. രണ്ട് മാസം കഴിഞ്ഞിട്ടും മണിപ്പുർ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. തന്നെ കാണാന്‍ ജൂണ്‍ 10 മുതല്‍ ദല്‍ഹിയിലെത്തി കാത്തു നിന്ന മുന്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗ് ഉള്‍പ്പെടെ 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘത്തെ - അതില്‍ സി പി ഐ (എം), സി പി ഐ സംസ്ഥാന സെക്രട്ടറിമാരുണ്ട് - കാണാന്‍ സമയം അനുവദിക്കാതെയാണ് ജൂണ്‍ 20 ന്​ അമേരിക്കക്കു പോകാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. മണിപ്പുരില്‍ നിന്ന്​ തന്നെ കാണാനെത്തിയ ഇരു വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രതിനിധി സംഘങ്ങളെയും കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

മെയ് 3 ന്​ അക്രമം പൊട്ടിപ്പുറപ്പെട്ട് 26 ദിവസം കഴിഞ്ഞ്​, 75 മനുഷ്യര്‍ കൊല്ലപ്പെട്ട ശേഷമാണ്, മെയ് 29 ന്​ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശന ദിനങ്ങളിലും 18 കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള സംസ്ഥാന പോലീസ് മേധാവിയെ മാറ്റിനിയമിച്ച്​, 15 ദിവസത്തിനകം സമാധാനം വാഗ്ദാനം നല്‍കി, ഷാ ദല്‍ഹിക്ക് മടങ്ങി. എന്നാല്‍, മൂന്നാം മാസത്തിലും മണിപ്പുരില്‍ മരണങ്ങളും ആക്രമണങ്ങളും തുടരുകയാണ്. ജൂണ്‍ 24 ന്​ ദല്‍ഹിയില്‍ താന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കപ്പെട്ട, 'എല്ലാ പാർട്ടികളുടെയും പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കുക' എന്ന നിര്‍ദേശം അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ എന്ന വസ്തുത മണിപ്പുരിലെ അണയാത്ത കലാപത്തീ കാണിച്ചുതരുന്നു.

2024-ലെ പൊതു തെരെഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന സ്വത്വ രാഷ്ട്രീയ മുദ്രാവാക്യമുപയോഗിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും ബി.ജെ.പിയെ യൂണിയന്‍ ഭരണത്തില്‍ തിരികെ കൊണ്ടുവരാനുമുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്നത്.

2024-ലെ തെരെഞ്ഞെടുപ്പും
ഹിന്ദുരാഷ്ട്ര വാദവും

2024-ലെ പൊതു തെരെഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന സ്വത്വ രാഷ്ട്രീയ മുദ്രാവാക്യമുപയോഗിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനും ബി.ജെ.പിയെ യൂണിയന്‍ ഭരണത്തില്‍ തിരികെ കൊണ്ടുവരാനുമുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്നത്. 2002- ലെ ‘ഗുജറാത്ത് പരീക്ഷണം’ മറ്റൊരു രൂപത്തില്‍ 2023- ല്‍ മണിപ്പുരില്‍ ആവരത്തിക്കുകയാണ്. 2002-ല്‍ ഗുജറാത്തില്‍ 1044 പേര്‍ കൊല്ലപ്പെട്ട (790 മുസ്​ലിം, 254 ഹിന്ദു) മുസ്​ലിം വിരുദ്ധ കൂട്ടക്കൊലയില്‍ പോലീസ് ഹിന്ദു വര്‍ഗീയ വാദികള്‍ക്കൊപ്പം ചേര്‍ന്നതിന് സമാനമായ വിധം -2020-ല്‍ ദല്‍ഹിയിലെ 53 പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപത്തിലും ഇതാവര്‍ത്തിച്ചു- മണിപ്പുര്‍ പോലീസ് സേനയുടെ പിന്തുണയോടെ ഭൂരിപക്ഷ സമുദായമായ മെയ്​തികളിലെ തീവ്രവാദ സംഘങ്ങള്‍ ആക്രമണം നടത്തുകയും അതിനെതിരെ കുക്കി- നാഗ ജനവിഭാഗങ്ങളിലെ തീവ്രവാദ സംഘങ്ങളുടെ നേതൃത്വത്തിൽ സംഘടിതമായ തിരിച്ചടിയുമാണ് നടക്കുന്നത്. എന്നാല്‍ ഹിന്ദു - മുസ്​ലിം വിരോധം പോലെ എളുപ്പം ജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍പര്യാപ്തമായ ലളിതയുക്തിയല്ല മെയ്​തി- കുക്കി ഭിന്നത എന്നത് ഈ പരീക്ഷണത്തിന് രാജ്യത്താകെ വലിയ വില കൊടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമാകും എന്ന തിരിച്ചറിവ് ആർ.എസ്​.എസിനകത്ത് സൃഷ്ടിച്ചിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മണിപ്പൂരില്‍ മെയ് 3 ന്​ കലാപം ആരംഭിച്ചു 45 ദിവസം കഴിഞ്ഞാണ് ആർ.എസ്​.എസ് സമാധാനാഹ്വാനം നടത്തിയത്​. കലാപത്തിന് കാരണമായ വെറുപ്പിന്റെ രാഷ്ട്രീയം സംബന്ധിച്ച് പ്രസ്തുത പ്രസ്താവന മൗനം പാലിക്കുകയാണ്. മണിപ്പുര്‍ ഒരു ടൈംബോംബ് പോലെ മിടിക്കുകയാണ്. ആർ.എസ്​.എസ് പ്രതിനിധാനം ചെയ്യുന്ന സ്വത്വ രാഷ്ട്രീയമാണ് മണിപ്പുരിനെ അഗ്‌നിയിലേക്ക് വലിച്ചെറിഞ്ഞത്. വര്‍ഗരാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് മറികടക്കുക എന്ന സാമ്രാജ്യത്വ പദ്ധതിയാണ് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ആർ.എസ്​.എസും ബി.ജെ.പിയും മണിപ്പൂരില്‍ നടപ്പിലാക്കുന്നത് എന്ന വസ്തുത എല്ലാ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും എളുപ്പം ബോധ്യപ്പെടും. നാനാത്വത്തിലെ ഏകത്വം എന്ന ആശയം അടിസ്ഥാനമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ- ഫ്യൂഡല്‍ വിരുദ്ധ വര്‍ഗ രാഷ്ട്രീയത്തിലൂടെ ഒരു ദേശരാഷ്ട്രമായി രൂപപ്പെട്ട ബഹുദേശീയ രാജ്യമായ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയാണ് മണിപ്പുരില്‍ ആർ.എസ്​.എസ് പിന്തുണയോടെയുള്ള കലാപത്തീയില്‍ വെന്തുരുകുന്നത്.

ബഹു ദേശീയ രാജ്യമാണ് ഇന്ത്യ. ഭാഷ, മതം, ജാതി., വംശം, ഗോത്രം, സംസ്‌ക്കാരം, ആചാരം എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണ് ഇന്ത്യയിലെ ജനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാണ് സ്വത്വരാഷ്ട്രീയത്തിന്റെയും അടിസ്ഥാനം. സ്വത്വരാഷ്ടീയതിന്റെ സ്വാധീനത്തില്‍ നിന്നും മോചിപ്പിച്ച്​ നാനാത്വത്തിലെ ഐക്യം സാദ്ധ്യമാക്കി ഇന്ത്യയിലെ ജനങ്ങളെ ഐക്യപ്പെടുത്തിയത് സാമ്രാജ്യത്വ വാഴ്ചയ്ക്കും ഫ്യൂഡല്‍ ഭൂ-ഉടമസ്ഥതയ്ക്കും മുതലാളിത്ത ചൂഷണത്തിനെമെതിരെ ഉയര്‍ന്നു വന്ന വര്‍ഗരാഷ്ട്രീയമാണ്. അതാണ് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ വ്യാപകമായി അണിനിരന്ന സ്വാതന്ത്ര്യ സമരമായി വികസിച്ചത്.

1970-1990 കാലത്ത്​ നാഗാലാൻറ്​, ത്രിപുര, മിസോറാം, മണിപ്പുര്‍ സംസ്ഥാനങ്ങളിലും വിവിധ ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട വിഘടനവാദ -തീവ്രവാദ ഗ്രൂപ്പുകള്‍ വംശീയ ഉന്മൂലനത്തിനായുള്ള ആക്രമണങ്ങളിലൂടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി.

സാമ്രാജ്യത്വവും
സ്വത്വരാഷ്ട്രീയവും

തങ്ങളുടെ ചൂഷണം തുടരാനും അതിനെതിരെ ജനങ്ങള്‍ വര്‍ഗപരമായി ഐക്യപ്പെടുന്നത് തടയാനും സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെയാണ് എക്കാലവും ഉപയോഗിച്ചിട്ടുള്ളത്. 1917- ല്‍ തൊഴിലാളി വര്‍ഗം സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ച്​ ലോകത്താദ്യമായി രാഷ്ട്രീയാധികാരം പിടിച്ചെടുത്തു. തുടര്‍ന്ന്​, പടിപടിയായി ചൈനയും വിയറ്റ്‌നാമും ക്യൂബയും ഉത്തര കൊറിയയും അടക്കം സോഷ്യലിസ്റ്റ് ചേരി തന്നെ വികസിച്ചുവന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യമാണ് ലോകരാഷ്ട്രീയത്തിലെ മുഖ്യവൈരുദ്ധ്യം എന്ന നില രൂപപ്പെട്ടു. 73 വര്‍ഷത്തിനുശേഷം, 1990-ല്‍ സോവിയറ്റ് യൂണിയന്‍ ദേശീയതകളെ അടിസ്ഥാനമാക്കി അനവധി രാജ്യങ്ങളായി. ഇന്ത്യയെപ്പോലെ ബഹുദേശീയ രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ സാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയ ഒരു പ്രധാന ഘടകം സ്വത്വരാഷ്ട്രീയമാണ്. നിലവില്‍ റഷ്യയും യുക്രെയ്​നും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്നതിലും സാമ്രാജ്യത്വ ശക്തികളുടെ പങ്ക് വ്യക്തമാണ്.

ഒസാമ ബിന്‍ ലാദൻ

അഫ്ഗാനിസ്ഥാനില്‍ സോഷ്യലിസ്റ്റ് ശക്തികളെ തകരക്കാന്‍ ഇസ്​ലാം സ്വത്വരാഷ്ട്രീയത്തെയാണ് സാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയത്. അതിനായി താലിബാന്‍ തീവ്രവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. ഒസാമ ബിന്‍ ലാദനെ വളര്‍ത്തിയെടുത്തു. ഇന്ന് ലോകവ്യാപകമായി സാമ്രാജ്യത്വ ചൂഷണത്തിനെതിരെ ബഹുജന ഐക്യം രൂപപ്പെടുന്നത് തടയാന്‍ ഇസ്​ലിം സ്വത്വ രാഷ്ട്രീയത്തെയാണ് സാമ്രാജ്യത്വം ഉപയോഗപ്പെടുത്തുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ ഇന്ത്യയില്‍ 1920- ലാണ് തൊഴിലാളി സംഘടനയായ അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്​ മുംബൈയില്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചതും 1920- ലാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുകയും ജാലിയന്‍വാലാബാഗില്‍ 1919-ല്‍ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അടക്കമുള്ള ജനങ്ങള്‍ ഒരുമിച്ചുകൂടുകയും ചെയ്​തതുപോലെ, രാജ്യവ്യാപകമായി വര്‍ഗപരമായി സമരങ്ങള്‍ വികസിക്കുന്നത് തടയാനാണ് ഹിന്ദു രാഷ്ട്രം, മുസ്​ലിം രാഷ്ട്രം എന്ന വിഭാഗീയമായ സ്വത്വ രാഷ്ട്രീയം പ്രോല്‍സാഹിപ്പിച്ച്​, വിഭജിച്ച് ഭരിക്കുക എന്ന നയം സ്വീകരിക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്വം തയ്യാറായത്. ഈ പശ്ചാത്തലത്തിലാണ് വര്‍ഗരാഷ്ട്രീയം തടയുക എന്ന ലക്ഷ്യത്തോടെ ഹിന്ദുരാഷ്ട്രം എന്ന പ്രഖ്യാപനവുമായി 1925- ല്‍ നാഗപ്പൂരില്‍ ആർ.എസ്​.എസ് സ്ഥാപിക്കപ്പെടുന്നത്.

സി.പി.ഐ-എം പോളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് സ്വത്വരാഷ്ട്രീയം എന്ന ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു-

പ്രകാശ് കാരാട്ട്

''സ്വത്വ രാഷ്ട്രീയം നിലവിലുള്ള രാഷ്ട്രീയവ്യവസ്ഥക്കെതിരെ ജനങ്ങള്‍ ഒരുമിക്കുന്നത് തടസ്സപ്പെടുത്തി തൊഴിലാളിവര്‍ഗ ഐക്യത്തെ തടയുന്നു. നവ-ഉദാരവല്‍ക്കരണ സരക്കാറുകളുടെ കീഴില്‍ നടക്കുന്ന ചൂഷണത്തിലും തീവ്രമാകുന്ന അസമത്വത്തിലും നിന്നു ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടുന്നു. ആഗോള ധനമൂലധനത്തിന്റെയും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും, അവയുടെ ഉപകരണങ്ങളായ വേള്‍ഡ് ബാങ്ക്, ഐ എം എഫ്, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെയും, രാജ്യത്ത് മൂലധന വാഴ്ച തുടരാന്‍ ആവശ്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്ന അഭ്യന്തര വന്‍കിട മുതലാളിത്ത വര്‍ഗത്തിന്റെയും പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി നോക്കിക്കാണുന്നതില്‍ നിന്നും അത് ജനങ്ങളെ തടയുന്നു.''

1980-കളില്‍ ഇന്ത്യയില്‍ പഞ്ചാബും ആസാമും കേന്ദ്രീകരിച്ച് രൂപപ്പെട്ട സ്വത്വരാഷ്ട്രീയം അടിസ്ഥാനമാക്കിയ വിഘടനവാദ- തീവ്രവാദ ശക്തികളെ പ്രോല്‍സാഹിപ്പിച്ചതും അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികളാണ്. 1970-1990 കാലത്ത്​ നാഗാലാൻറ്​, ത്രിപുര, മിസോറാം, മണിപ്പുര്‍ സംസ്ഥാനങ്ങളിലും വിവിധ ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട വിഘടനവാദ -തീവ്രവാദ ഗ്രൂപ്പുകള്‍ വംശീയ ഉന്മൂലനതിനായുള്ള ആക്രമണങ്ങളിലൂടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി. ഇക്കാലയളവിലാണ് രാജ്യത്താകെ ഹിന്ദു വര്‍ഗീയ സ്വത്വം ശക്തിപ്പെടുത്താന്‍ അയോദ്ധ്യ -മധുര -കാശി ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനായി മുസ്​ലിം- വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിച്ച്​ മതേതരത്വത്തെ ദുര്‍ബലമാക്കാനും ഇന്ത്യയെ ശിഥിലീകരിക്കാനും ആർ.എസ്​.എസ് -ബി.ജെ.പി കൂട്ടുകെട്ട് മുന്നോട്ടുവെക്കുന്ന സ്വത്വരാഷ്ട്രീയത്തെ ആധാരമാക്കിയ വര്‍ഗീയ രാഷ്ട്രീയത്തെ സാമ്രാജ്യത്വം ഉപയോഗിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പശ്ചിമബംഗാളില്‍ സ്വത്വരാഷ്ട്രീയം ദുരുപയോഗിച്ച്​ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ രാഷ്ട്രീയ പരീക്ഷണമാണ് 1986-88 ലെ 1000 ത്തോളം പേരുടെ - അതിലധികവും ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും- ജീവന്‍ നഷ്ടപ്പെട്ട ഗൂര്‍ഖാലാൻറ്​ സമരം. ഡാർജിലിങ് മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന്​ സി.പി.ഐ- എം പിന്നീട് വിലയിരുത്തി. ഏറ്റവും പ്രധാന ട്രേഡ് യൂണിയന്‍ ആയിരുന്ന സി ഐ ടി യുവിന് വിരലിലെണ്ണാവുന്നവയൊഴികെ എല്ലാ തോട്ടങ്ങളിലും തൊഴിലാളികളിലുണ്ടായിരുന്ന നേതൃത്വം ഇല്ലാതായി. പഞ്ചാബിലും ആസ്സാമിലും ശക്തിപ്രാപിച്ചുവന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ- പ്രത്യേകിച്ച്​ തൊഴിലാളി - കര്‍ഷക വര്‍ഗ പ്രസ്ഥാനങ്ങളെ- ദുര്‍ബലപ്പെടുത്താന്‍ തീവ്രവാദ- വിഘടന വാദ ശക്തികളെ സാമ്രാജ്യത്വം ഉപയോഗപ്പെടുത്തി.

ഏറ്റുവും അടുത്ത കാലത്ത് -2023 മാർച്ചിലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ - ത്രിപുരയിലെ 'ടിപ്ര മോത്ത' എന്ന പരീക്ഷണം സ്വത്വരാഷ്ട്രീയ പ്രയോഗത്തിന്റെ മറ്റൊരു ഉദാഹരണം. പ്രത്യേക ആദിവാസി സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് ടിപ്ര മോത്ത എന്ന പുതിയ ആദിവാസികളുടെ പാർട്ടി രൂപീകരിച്ച്, പരമ്പരാഗതമായി ഇടതുപക്ഷ സ്വാധീനത്തിലായിരുന്ന ആദിവാസി ജനതയെ അടര്‍ത്തിമാറ്റി, തങ്ങള്‍ക്കെതിരെ വരുമായിരുന്ന ബഹുജന ഐക്യത്തെ ഭിന്നിപ്പിച്ചാണ്, വോട്ട് വിഹിതവും എം എല്‍ എ മാരുടെ എണ്ണവും കുറഞ്ഞിട്ടും അധികാരത്തില്‍ തുടരാന്‍ ബി.ജെ.പിക്കു സാധിച്ചത്​.

ആഴത്തിലുള്ള ഗവേഷണത്തിലൂടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്ര പഠനത്തിലൂടെയുള്ള തന്ത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് സാമ്രാജ്യത്വം തങ്ങളുടെ ചതുരംഗ പലകയില്‍ കരുക്കള്‍ നീക്കുന്നത്. അത് മനസിലാക്കി സൂക്ഷ്മമായ പഠനങ്ങളിലൂടെ പ്രതിരോധം ആവിഷ്‌ക്കരിക്കാനും വിപുലമായ ഐക്യത്തിലൂടെ ലക്ഷ്യത്തിലേക്ക് മുന്നേറാനും തൊഴിലാളി വര്‍ഗവും അതിന്റെ മുന്നണിപോരാളിയായ രാഷ്ട്രീയ പ്രസ്ഥാനവും സജ്ജമായിരിക്കണം.

ആദിവാസികള്‍, നായര്‍ , ഈഴവര്‍, മല്‍സ്യതൊഴിലാളികളായ അരയ സമുദായം തുടങ്ങി വിവിധ ജനവിഭാഗങ്ങളെ സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച്​, അവര്‍ക്കിടയിലെ വ്യത്യസ്തതകളെ സാമൂഹ്യ സംഘര്‍ഷവും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാനായി ഉപയോഗപ്പെടുത്താനുള്ള വിപുലമായ ഗവേഷണമാണ് ആർ.എസ്​.എസ് നടത്തുന്നത്.

രാജ്യത്തെ ശിഥിലീകരിക്കാന്‍ വര്‍ഗീയ ഉന്മാദം - വിഷം കുത്തിവെക്കുന്ന പോലെ, ഹിന്ദു വിഭാഗങ്ങളില്‍പ്പെടുന്ന സാധാരണ മനുഷ്യരില്‍ മുസ്​ലിം വിരുദ്ധ ഉന്മാദം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തന രീതിയാണ് ആർ.എസ്​.എസ് ശാഖകളില്‍ നടക്കുന്നത്​. സ്വത്വരാഷ്ട്രീയത്തിന്റെ ആക്രമണോല്‍സുകമായ ഉന്മാദമാണ് മണിപ്പുരില്‍ മെയ്​തി - കുക്കി ജനവിഭാഗങ്ങള്‍ക്കിടയില്‍ ആർ.എസ്​.എസ്സും ബി.ജെ.പിയും പ്രോല്‍സാഹിപ്പിച്ചത്. ഇരു വിഭാഗത്തിലും പെട്ട സമ്പന്നവര്‍ഗ - ബുദ്ധിജീവി വിഭാഗങ്ങളെ തങ്ങളോടൊപ്പം നിരത്തി അവര്‍ക്ക് എം പി / എം എല്‍ എ അടക്കമുള്ള സ്ഥാനമാനങ്ങള്‍ നല്‍കി അവരുടെ സഹായത്തോടെ അതത് സമുദായങ്ങളെ ബി.ജെ.പിയുടെ വോട്ട് ബാങ്കാക്കി മാറ്റിയാണ് തങ്ങള്‍ക്ക് യാതൊരു സ്വാധീനവുമില്ലാതിരുന്ന മേഖലകളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്.

കേരളത്തിലടക്കം രാജ്യത്താകെ ഇതേ പ്രവര്‍ത്തന രീതിയാണ് ആർ.എസ്​.എസ് പിന്തുടരുന്നത്. ആദിവാസികള്‍, നായര്‍ , ഈഴവര്‍, മല്‍സ്യതൊഴിലാളികളായ അരയ സമുദായം തുടങ്ങി വിവിധ ജനവിഭാഗങ്ങളെ സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച്​, അവര്‍ക്കിടയിലെ വ്യത്യസ്തതകളെ സാമൂഹ്യ സംഘര്‍ഷവും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാനായി ഉപയോഗപ്പെടുത്താനുള്ള വിപുലമായ ഗവേഷണമാണ് ആർ.എസ്​.എസ് നടത്തുന്നത്. കൃസ്ത്യന്‍, മുസ്​ലിം വിഭാഗങ്ങള്‍ക്കെതിരെ വിഷലിപ്ത പ്രചാരണം ഒരു ഭാഗത്ത് നടത്തുമ്പോള്‍ തന്നെ മറുഭാഗത്ത് അതേ ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്ന വര്‍ഗങ്ങള്‍, ബുദ്ധിജീവികള്‍, മതനേതാക്കള്‍ എന്നിവരെ അധികാരത്തിന്റെ പങ്ക് വാഗ്ദാനം ചെയ്തു കൂടെ നിര്‍ത്താനും തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാനും ശ്രമിക്കുന്നു. കേരളത്തിലും തമിഴ്​നാട്ടിലും മാത്രമല്ല സാംസ്‌ക്കാരിക വൈവിധ്യത്താല്‍ സമ്പന്നമായ രാജ്യത്തെ ഏതൊരു സംസ്ഥാനത്തും മണിപ്പുര്‍ ആവർത്തിക്കാനും അധികാരം പിടിക്കാനുമുള്ള തന്ത്രങ്ങളാണ് സാമ്രാജ്യത്വ ഗവേഷണശാലകളില്‍ പാചകം ചെയ്യപ്പെടുന്നത്.

ഹിന്ദു രാഷ്ട്രം എന്ന സ്വതരാഷ്ട്രീയ മുദ്രാവാക്യത്തെ തുറന്നെതിര്‍ത്ത് പരാജയപ്പെടുത്താന്‍ തൊഴിലാളി വര്‍ഗവും കര്‍ഷക വര്‍ഗങ്ങളും മുന്നോട്ടുവെക്കുന്ന വര്‍ഗ രാഷ്ട്രീയത്തിലൂടെ മാത്രമാണ് സാധിക്കുക.

ഇതര സമുദായങ്ങള്‍ക്കും ഇതര മതസ്ഥര്‍ക്കും എതിരായ വര്‍ഗീയ ബോധത്താല്‍ ഉന്മാദം ബാധിച്ച രോഗാതുരമായ മനസ്സാണ് ആർ.എസ്​.എസ് അണികളില്‍ പടര്‍ന്നുപിടിക്കുന്നത്. അത്തരം വര്‍ഗീയചിന്ത ബാധിച്ചവരെ കണ്ടെത്തി അവരെ സ്‌നേഹത്തിന്റെയും യുക്തിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് തിരികെ കൊണ്ടുവരാനാണ് ജനാധിപത്യ ബോധമുള്ള എല്ലാവരും പരിശ്രമിക്കേണ്ടത്. കേരളത്തിലടക്കം ഇന്ത്യയിലാകെ, മണിപ്പുരിലും ഗുജറാത്തിലും ഉണ്ടായതുപോലുള്ള വര്‍ഗീയ ചേരിതിരിവും കൂട്ടകൊലകളും പടര്‍ന്നുപിടിക്കുന്നത് തടയാന്‍ ഈ ഉത്തരവാദിത്തം - എത്ര പ്രയസകരമാണെങ്കിലും- നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

‘ഞങ്ങളാണ് ദേശഭക്തര്‍, ഞങ്ങളെ എതിര്‍ക്കുന്നവരെല്ലാം ദേശദ്രോഹികളാണ്’ എന്നു പ്രചരിപ്പിക്കുന്ന ബി.ജെ.പി- ആർ.എസ്​.എസ് നേതൃത്വത്തെ തുറന്നുകാട്ടിയ സംഭവമാണ്, 2019- ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് സൈനികരെ കുരുതികൊടുത്ത സ്‌ഫോടനം തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ല എന്ന വിവരം മറച്ചുവെക്കാന്‍ തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു എന്ന ജമ്മു കാശ്മീര്‍ മുന്‍ഗവര്‍ണ്ണര്‍ സത്യ പാല്‍ മാലിക്ക് നടത്തിയ വെളിപ്പെടുത്തല്‍. അക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമയുടെ പേരില്‍ ബി.ജെ.പിക്ക്​ വോട്ട് ചോദിച്ചു തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ അഗ്രഗണ്യനായിരുന്നു നരേന്ദ്ര മോദി.

സത്യ പാല്‍ മാലിക്ക്

1925-47 കാലത്ത്​ രാജ്യവ്യാപകമായി നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത പ്രസ്ഥാനമാണ് 1925- ല്‍ രൂപീകരിച്ച ആർ.എസ്​.എസ്. ഈ വസ്തുത ബി.ജെ.പിയെ പിന്തുണക്കുന്ന പൗരരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. 2023-ല്‍ മണിപ്പുരില്‍നടക്കുന്ന ആഭ്യന്തര കലാപവും അതില്‍ ബി.ജെ.പിയും ആർ.എസ്​.എസും വഹിക്കുന്ന പങ്കും, സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ ഹിന്ദു രാഷ്ട്രം എന്ന മുദ്രാവാക്യം എത്രമാത്രം പൊള്ളയാണ് എന്നതാണ് ബി.ജെ.പി ഭരിക്കുന്ന മണിപ്പുരിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടുന്നത്.

ഹിന്ദു രാഷ്ട്രം എന്ന സ്വതരാഷ്ട്രീയ മുദ്രാവാക്യത്തെ തുറന്നെതിര്‍ത്ത് പരാജയപ്പെടുത്താന്‍ തൊഴിലാളി വര്‍ഗവും കര്‍ഷക വര്‍ഗങ്ങളും മുന്നോട്ടുവെക്കുന്ന വര്‍ഗ രാഷ്ട്രീയത്തിലൂടെ മാത്രമാണ് സാധിക്കുക. അതിനായി തൊഴിലാളി- കര്‍ഷക ഐക്യം ഗ്രാമ-നഗര തലത്തില്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വര്‍ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമാത്രമേ മത, ജാതി, സാമുദായ, ഭാഷ, പ്രാദേശിക ഭിന്നതകള്‍ക്കതീതമായി പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പാതയില്‍ തൊഴിലാളികളെയും കര്‍ഷകരെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും വര്‍ഗപരമായി ഒരുമിപ്പിക്കാനും അവര്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും സാധിക്കുകയുള്ളൂ. അതിനുള്ള ഉജ്ജലമായ സമീപകാല ഉദാഹരണമാണ് ദല്‍ഹി കേന്ദ്രീകരിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന ഒരു വര്‍ഷത്തിലേറെ നീണ്ട ഐതിഹാസിക കര്‍ഷക സമരം.

മണിപ്പുരില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും- പ്രത്യേകിച്ചും തൊഴിലാളികള്‍ക്കും കര്‍ഷകർക്കും മറ്റ് അധ്വാനവര്‍ഗ ജനവിഭാഗങ്ങള്‍ക്കും- സാധിക്കണം.

സ്വത്വരാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള വര്‍ഗീയപ്രചാരണം തുറന്നു കാണിക്കാനും സ്വത്വ രാഷ്ട്രീയം ആളിക്കത്തിച്ച്​ ഇന്ത്യയിലാകേ മണിപ്പുര്‍ ആവർത്തിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയെ ജനങ്ങളെയാകെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കാനും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. മണിപ്പുരിലെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ സാധിക്കണമെങ്കിൽ, ഇന്ത്യയെ ശിഥിലീകരിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ തന്ത്രവും അതിന്​ വിനീത വിധേയരാവുന്ന ആർ.എസ്​.എസ്- ബി.ജെ.പി നേതൃത്വത്തെയും നരേന്ദ്ര മോദി സര്‍ക്കാറിനെയും തുറന്നു കാണിക്കണം. മതേതര- ജനാധിപത്യ -ഫെഡറല്‍ ഭരണഘടനയിലൂടെ ഒരു രാജ്യമായി രൂപപ്പെട്ട ഇന്ത്യയെ ഭാവിയിലും സംരക്ഷിക്കാന്‍ 2024 ലെ തെരെഞ്ഞെടുപ്പില്‍ ആർ.എസ്​.എസ്- ബി.ജെ.പി ശക്തികള്‍ പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും മണിപ്പുര്‍ ഐക്യദാര്‍ഢ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്.

മണിപ്പുരില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും- പ്രത്യേകിച്ചും തൊഴിലാളികള്‍ക്കും കര്‍ഷകർക്കും മറ്റ് അധ്വാനവര്‍ഗ ജനവിഭാഗങ്ങള്‍ക്കും- സാധിക്കണം. മഹിളാ-യുവജന- വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കണം. ഒപ്പം സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, കലാകാരര്‍, മത- സാമുദായിക വിഭാഗങ്ങളിലെ പുരോഹിതന്‍മാര്‍, വിശ്വാസികള്‍ അടക്കം എല്ലാ പൗരരെയും അണിനിരത്താന്‍ സാധിക്കണം.

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ നാടിനേയും ജനങ്ങളെയും വ്യാപകമായി അണിനിരത്താനുള്ള അവസരമാണ് മണിപ്പുരിലെ ആഭ്യന്തര കലാപം രാജ്യത്താകെ സൃഷ്ടിച്ചിരിക്കുന്നത്. 2024- ലെ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണി പരാജയപ്പെടാനുള്ള പ്രധാന രാഷ്ട്രീയ ഘടകങ്ങളില്‍ ഒന്നായിരിക്കും മണിപ്പുര്‍ ആഭ്യന്തര കലാപത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയനയവും ആർ.എസ്​.എസ് വഹിക്കുന്ന പങ്കും.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments