കത്തിച്ച ചർച്ച്​, തകർത്ത ക്രിസ്​തുപ്രതിമ; മണിപ്പുരിൽ നടന്നത്​​ ആസൂത്രിത ക്രിസ്​ത്യൻ വേട്ട

മണിപ്പുരിൽ തീ കൊളുത്തപ്പെട്ട കത്തോലിക്കാ പള്ളിയെ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മറ്റേതോ സ്ഥലമായി തെറ്റിദ്ധരിച്ച് പ്രചരിപ്പിച്ചിരുന്നു. ആ പള്ളിയുടെ സമീപവാസിയായിരുന്ന ഒരാളെ ഒടുവില്‍ ‘ടെലിഗ്രാഫ്’ കണ്ടെത്തി. അദ്ദേഹം പള്ളി തിരിച്ചറിയുകയും നശീകരണത്തിന്റെ ‘വേദനാജനകമായ’ വിശദാംശങ്ങള്‍ ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ വികാരവിക്ഷോഭപ്രകടനമായിരുന്നു അത് എന്ന് ചില ബി.ജെ.പി. അനുകൂല ചര്‍ച്ച് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ അസ്ഥാനത്താവുകയാണ്​- ‘ദ ടെലഗ്രാഫ്’​ പത്രം പ്രസിദ്ധീകരിച്ച എക്​സ്​ക്ലൂസീവ്​ റിപ്പോർട്ട്​.

ടിവെട്ടുന്നതു പോലുള്ള ശബ്ദങ്ങള്‍.
അക്രമി വീണ്ടും ഉന്നം പിടിക്കാന്‍വേണ്ടി ഒരു നിമിഷം അനങ്ങാതെ നില്‍ക്കുന്നു.
വീണ്ടും ഇടിയൊച്ച.
അക്രമിയുടെ ‘ടാര്‍ഗറ്റ്’ ഇളകാതെ അവിടെത്തന്നെ നില്‍ക്കുന്നുണ്ട്.

അപ്പോള്‍ താഴെ നിന്ന് ആരോ ഇരുമ്പുദണ്ഡ് പോലെ എന്തോ ഒന്ന് കൈമാറുന്നു.
ദണ്ഡ് വായുവില്‍ ഉയര്‍ന്നുപൊങ്ങി. ലക്ഷ്യത്തില്‍ പതിച്ചു.

ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്! ധക്ക്!

ആദ്യത്തെ ഏതാനും അടികള്‍ നടുഭാഗത്തിനാണ്.
പിന്നെ ഇടത് തോളിന്.
പത്താമത്തെ അടിയില്‍ ഇടതുകൈ ഇളകി താഴെ വീഴുന്നു.
അപ്പോള്‍ താഴെ നിന്ന് ആള്‍ക്കൂട്ടത്തിന്റെ വിജയാരവം കേള്‍ക്കാം.

ചുവന്ന ടി- ഷര്‍ട്ട് ധരിച്ച അക്രമി ഇപ്പോള്‍ ‘ഇര’യുടെ വലതു കയ്യിലേക്കാണ് അടിക്കുന്നത്.
പിന്നില്‍ പുക നിറഞ്ഞ് ഇരുട്ടുകുത്തിയതുപോലെ. തീ അടുത്തേക്ക് എത്തുന്നതിന്റെ പൊട്ടലും ചീറ്റലും വ്യക്തമായി കേള്‍ക്കാം.

(സ്ഥലം: മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സംഗൈപ്രൗ. വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോമീറ്ററില്‍ കൂടുതല്‍ അകലം കാണില്ല.
സമയം: ഏകദേശം ഉച്ചയ്ക്ക് ഒന്നര - രണ്ട് മണി.
തിയ്യതി: മെയ് 4. മണിപ്പുരില്‍ സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തിയ ദിവസം.
കെട്ടിടം: സെൻറ്​ പോള്‍സ് ചര്‍ച്ച്.
ടാര്‍ഗറ്റ് : ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പ്രതിമ.
പള്ളിയുടെ മുന്‍വശത്തെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്നത് )

ഇംഫാല്‍ വെസ്റ്റിലെ സെന്റ് പോള്‍ ചര്‍ച്ചില്‍ ക്രിസ്തുപ്രതിമ ആക്രമിക്കുന്നതിന്റെയും ചർച്ചിന്​ തീയിട്ടതിന്റെയും വീഡിയോ ദൃശ്യം. പള്ളിയുടെ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന്​ ആരോ ചിത്രീകരിച്ച ഈ വീഡിയോ ​സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളെ അടിസ്​ഥാനമാക്കിയാണ്​  ‘ടെലഗ്രാഫ്’​ ഈ റിപ്പോർട്ട്​ തയാറാക്കിയത്​. ചർച്ചിന്റെ സമീപവാസിയായ ഒരാളിൽനിന്നാണ്​ ഈ ചർച്ച്​ സെൻറ്​ പോൾ ചർച്ചാണെന്ന്​ തിരിച്ചറിഞ്ഞത്​.  / Photo: telegraphindia.com
ഇംഫാല്‍ വെസ്റ്റിലെ സെന്റ് പോള്‍ ചര്‍ച്ചില്‍ ക്രിസ്തുപ്രതിമ ആക്രമിക്കുന്നതിന്റെയും ചർച്ചിന്​ തീയിട്ടതിന്റെയും വീഡിയോ ദൃശ്യം. പള്ളിയുടെ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന്​ ആരോ ചിത്രീകരിച്ച ഈ വീഡിയോ ​സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളെ അടിസ്​ഥാനമാക്കിയാണ്​ ‘ടെലഗ്രാഫ്’​ ഈ റിപ്പോർട്ട്​ തയാറാക്കിയത്​. ചർച്ചിന്റെ സമീപവാസിയായ ഒരാളിൽനിന്നാണ്​ ഈ ചർച്ച്​ സെൻറ്​ പോൾ ചർച്ചാണെന്ന്​ തിരിച്ചറിഞ്ഞത്​. / Photo: telegraphindia.com

ഒട്ടും തിരക്കു കൂട്ടാതെ സമയമെടുത്ത് ബോധപൂര്‍വമാണ് അക്രമികള്‍ ആ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. അതിന്റെ അവധാനത, ആ രണ്ട് വീഡിയോ ക്ലിപ്പുകള്‍ കണ്ടു തീര്‍ത്ത് ഏറെ നേരം കഴിഞ്ഞിട്ടും മനസ്സില്‍ കനംതൂങ്ങി നിന്നു.

ഇത് ആ നിമിഷത്തിന്റെ ചൂടില്‍ പൊടുന്നനെയുണ്ടായൊരു ആളിക്കത്തലോ കലാപമോ അല്ല. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വംശീയസംഘര്‍ഷത്തിന്റെ അശാന്തമായ ഓര്‍മ്മകളില്‍ വികാരങ്ങള്‍ക്ക് തീ പിടിക്കുമ്പോള്‍ പൊട്ടിപ്പുറപ്പെടുന്നതുമല്ല. ഏതാനും ദിവസം മുമ്പ് അരുന്ധതി റോയ് ക്രൈസ്തവസഭകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ആ ‘കത്തുന്ന തീപ്പെട്ടിക്കൊള്ളി’ പോലെത്തന്നെ ഈ തീവെപ്പും നശീകരണവും. മണിപ്പൂരിലെ വിറകുകൊള്ളികള്‍ക്കുനേരെ, ആരെയും പേടിക്കാനില്ലാതെ കൃത്യതയോടെ വലിച്ചെറിയപ്പെട്ട ‘കത്തുന്ന തീപ്പെട്ടിക്കൊള്ളി’.

തീ കൊളുത്തപ്പെട്ട കത്തോലിക്കാ പള്ളിയെ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മറ്റേതോ സ്ഥലമായി തെറ്റിദ്ധരിച്ച് പ്രചരിപ്പിച്ചിരുന്നു.

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകളില്‍ ഒന്നില്‍ കണ്ടതാണ് മുകളില്‍ വിവരിച്ച ഈ നശീകരണം.

തീ കൊളുത്തപ്പെട്ട കത്തോലിക്കാ പള്ളിയെ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മറ്റേതോ സ്ഥലമായി തെറ്റിദ്ധരിച്ച് പ്രചരിപ്പിച്ചിരുന്നു. ആ പള്ളിയുടെ സമീപവാസിയായിരുന്ന ഒരാളെ ഒടുവില്‍ ‘ടെലിഗ്രാഫ്’ കണ്ടെത്തി. അദ്ദേഹം പള്ളി തിരിച്ചറിയുകയും നശീകരണത്തിന്റെ ‘വേദനാജനകമായ’ വിശദാംശങ്ങള്‍ ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു.

ചര്‍ച്ച് തകര്‍ക്കപ്പെടുന്നതിന് മുമ്പ് / Photo:  telegraphindia.com
ചര്‍ച്ച് തകര്‍ക്കപ്പെടുന്നതിന് മുമ്പ് / Photo: telegraphindia.com

കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹം മണിപ്പുര്‍ വിട്ടു പോന്നത്. സംഭവദിവസം പള്ളിയുടെ 300 മീറ്റര്‍ അടുത്ത് അദ്ദേഹം ഉണ്ടായിരുന്നു. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് താന്‍ കണ്ടതായി അദ്ദേഹം ‘ടെലിഗ്രാഫി' നോട് പറഞ്ഞു.
പള്ളിയുടെ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ആരോ ആയിരിക്കണം ആ വീഡിയോ ചിത്രീകരിച്ചത്. അക്രമികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഇടയ്ക്ക് കുനിഞ്ഞിരുന്നു കൊണ്ടാണ് അയാള്‍ അത് ഷൂട്ട് ചെയ്തിരിക്കുന്നത്. അവിടെയുണ്ടായ തീജ്വാലകള്‍ പോലെത്തന്നെ ആളിക്കത്തുന്ന ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയുമാണ്, ചുവന്ന ടി- ഷര്‍ട്ടിട്ട യുവാവ് ‘ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു’വിന്റെ പ്രതിമ തച്ചുതകര്‍ത്തത്.
പിടിക്കപ്പെടുമെന്നോ, ആരെങ്കിലും തടയുമെന്നോ ഒട്ടും ഉല്‍ക്കണ്ഠയില്ലാതെ, മനസ്സും ശരീരവും ഏകാഗ്രമായി പ്രയോഗിച്ചാണ് അയാള്‍ അത് ചെയ്തത്. സുരക്ഷാസേനകളൊന്നും അവിടെയെങ്ങും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാണ്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭപ്രകടനമായിരുന്നു അത് എന്ന് ചില ബി.ജെ.പി. അനുകൂല ചര്‍ച്ച് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ അപ്പോള്‍ അസ്ഥാനത്താവുന്നു.

ബോധപൂര്‍വ്വം, കൃത്യമായ കണക്കുകൂട്ടലുകളോടെ നടത്തിയ അക്രമമാണ് വീഡിയോ ക്ലിപ്പുകളില്‍ കാണുന്നത്. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന രണ്ടു പേരെങ്കിലും ഞങ്ങളോട് പറഞ്ഞ വസ്തുതകളും അതു തന്നെ സൂചിപ്പിക്കുന്നു.

പള്ളി ആക്രമണത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ആരും പറയുന്നില്ല. പക്ഷേ മണിപ്പുര്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്, കര്‍ഫ്യൂ നിലവിലുണ്ടായിരുന്നു. പള്ളി സ്ഥിതി ചെയ്യുന്നത് ഏതെങ്കിലും വിദൂര പ്രദേശത്തല്ല. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോമീറ്ററില്‍ താഴെ മാത്രം അകലെയാണ്. സംസ്ഥാന തലസ്ഥാനത്ത്, അതും കര്‍ഫ്യൂ നിലനില്‍ക്കുന്ന സമയത്ത്, ആരും തടയില്ലെന്ന ഉറപ്പോടെ അക്രമികള്‍ അഴിഞ്ഞാടിയെങ്കില്‍, അവിടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ് കലാപബാധിതരായ മനുഷ്യര്‍ ചോദിക്കുന്നത്. ബോധപൂര്‍വ്വം, കൃത്യമായ കണക്കുകൂട്ടലുകളോടെ നടത്തിയ അക്രമമാണ് വീഡിയോ ക്ലിപ്പുകളില്‍ കാണുന്നത്. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന രണ്ടു പേരെങ്കിലും ഞങ്ങളോട് പറഞ്ഞ വസ്തുതകളും അതു തന്നെ സൂചിപ്പിക്കുന്നു. അക്രമികള്‍ മെയ് 3 മുതല്‍ പലതവണ പള്ളി ‘സന്ദര്‍ശിച്ചിരുന്നു’ എന്നാണ് അവരില്‍ ഒരാള്‍ പറഞ്ഞത്.

സെന്റ് പോള്‍ ചര്‍ച്ചിന് സമീപമുള്ള ലീ ഫെയ്​ത്ത്​ സ്കൂളും ഹോസ്റ്റലും / Photo: telegraphindia.com
സെന്റ് പോള്‍ ചര്‍ച്ചിന് സമീപമുള്ള ലീ ഫെയ്​ത്ത്​ സ്കൂളും ഹോസ്റ്റലും / Photo: telegraphindia.com

തുടക്കത്തില്‍, മെയ് 3-ന് രാത്രി അവര്‍ പള്ളിയുടെ ചില ഭാഗങ്ങളും സമീപത്തെ പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററും തകര്‍ത്ത് സ്ഥലം വിട്ടു. മെയ് നാലിന് ഉച്ചകഴിഞ്ഞാണ് പള്ളിക്കു നേരെ പൂര്‍ണ്ണതോതിലുള്ള ആക്രമണം നടത്തിയത്.

ഭൂരിപക്ഷ സമുദായമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവിയും അതിന്റെ സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കാനുള്ള സാധ്യതയെ ചൊല്ലി, ന്യൂനപക്ഷമായ കുക്കി, നാഗ ആദിവാസി സമൂഹങ്ങളിലുണ്ടായ ആശങ്കയില്‍ നിന്നാണ് മണിപ്പുരിലെ സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് സുപ്രീംകോടതി ഇടപെടുകയും ഏകപക്ഷീയമായ നടപടിക്കെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കലാപത്തില്‍ മനുഷ്യജീവനും സ്വത്തുവകകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറഞ്ഞത് 74 പേര്‍ മരിച്ചു. 1,700 ഓളം വീടുകള്‍ നശിപ്പിക്കപ്പെട്ടു. 45,000 ത്തോളം പേരെ കലാപം ബാധിച്ചു.

അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ‘നിശ്ശബ്ദ പിന്തുണ’ നല്‍കിയതായി ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ള ഏഴ് പേര്‍ ഉള്‍പ്പെടെ 10 ആദിവാസി എം.എല്‍.എമാര്‍ ആരോപിച്ചതോടെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

കൂടുതലും ക്രിസ്ത്യാനികളടങ്ങുന്ന കുക്കികളെയും കൂടുതലും ഹിന്ദുക്കള്‍ അടങ്ങുന്ന മെയ്തികളെയും കലാപം ബാധിച്ചിട്ടുണ്ട്. മണിപ്പുരിലെ ജനസംഖ്യയില്‍ 42 ശതമാനത്തോളം ക്രിസ്ത്യാനികളാണ്.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ വിന്യസിച്ചിട്ടും ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ‘നിശ്ശബ്ദ പിന്തുണ’ നല്‍കിയതായി ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ള ഏഴ് പേര്‍ ഉള്‍പ്പെടെ 10 ആദിവാസി എം.എല്‍.എമാര്‍ ആരോപിച്ചതോടെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു വിഭാഗം ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും - പ്രത്യേകിച്ച് കേരളത്തിലെ - അസുഖകരമായൊരു സമയത്താണ് മണിപ്പുരിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്, ക്രിസ്ത്യാനികളെ വശത്താക്കി അതിലൂടെ, കേരള സമൂഹത്തിലെ പേരു കേട്ട സന്തുലിതാവസ്ഥയെ പിടിച്ചുകുലുക്കിയാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. അനുഭവിച്ചു വരുന്ന വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിയുമെന്ന് സംഘപരിവാര്‍ വിശ്വസിക്കുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനത്തോളം മുസ്​ലിംകളും ക്രിസ്ത്യാനികളും ആയതിനാല്‍, ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം കൊണ്ടു മാത്രം കേരളത്തില്‍ കളം പിടിക്കാനാവില്ലെന്ന് ബി.ജെ.പിക്കറിയാം.

ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദമോദി ചര്‍ച്ച് സന്ദര്‍ശിക്കുകയും, ഏപ്രില്‍ മൂന്നാം വാരത്തില്‍ കേരളത്തിലെ ഒരു കൂട്ടം കൃസ്ത്യന്‍ പുരോഹിതന്മാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത് ഏറെ വൈകാതെയാണ് മണിപ്പുരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയെപ്പോലുള്ളവരെ അത് ഞെട്ടിക്കുകയുണ്ടായി.

മെയ് 14 ന് കേരളത്തില്‍ ഒരു സാഹിത്യോല്‍സവത്തില്‍ പ്രസംഗിച്ച അരുന്ധതി റോയ്, ബി.ജെ.പിക്കും കേരളത്തില്‍ ഒരു അവസരം നല്‍കിയാലോ എന്നു കരുതുന്നവര്‍ക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരുന്നു: ‘ഞങ്ങള്‍ക്കും ഒരു അവസരം തരൂ എന്ന് കത്തുന്ന തീപ്പെട്ടിക്കൊളളി വിറകിനോട് ചോദിക്കുന്നത് പോലെയാണത്. അവര്‍ക്ക് ഒരവസരം നല്‍കിയാല്‍ കേരളം കത്തിത്തീരും’.

മണിപ്പുരിലെ കലാപം തികച്ചും വംശീയം മാത്രമാണെന്നും അതില്‍ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട വര്‍ഗീയ വിദ്വേഷമില്ലെന്നുമാണ് ചര്‍ച്ചിലെ ചില വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വക്താക്കളും ചില വലതുപക്ഷ പോര്‍ട്ടലുകളും പറഞ്ഞുകൊണ്ടിരുന്നത്.

ക്രൈസ്തവ പുരോഹിതന്മാര്‍ മോദിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചും അരുന്ധതി പറഞ്ഞിരുന്നു: ‘ഇത് എങ്ങനെ സാധിക്കുന്നു? എന്തൊക്കെയാണ് നടക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ലേ? മണിപ്പുരില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?’

ഇത്തരം അസുഖകരമായ ചോദ്യങ്ങള്‍ ചര്‍ച്ചിന് നേരെ മുന്‍പും ഉണ്ടായിട്ടുണ്ട്. റബ്ബറിന്റെ മിനിമം താങ്ങുവില ഉയര്‍ത്തിയാല്‍ ക്രിസ്ത്യാനികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് അടുത്തിടെ ഒരു ബിഷപ്പ് അഭിപ്രായപ്പെട്ടപ്പോള്‍ പ്രത്യേകിച്ചും.

മണിപ്പുരില്‍ സംഘര്‍ഷം തുടങ്ങിയതോടെ, നിരവധി ചര്‍ച്ചുകളും കൃസ്തുമത വിശ്വാസികളും ആക്രമിക്കപ്പെട്ടതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ, അത്തരം ചോദ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചോദിക്കപ്പെട്ടുകൊണ്ടിരുന്നു. മണിപ്പുരിലെ കലാപം തികച്ചും വംശീയം മാത്രമാണെന്നും അതില്‍ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട വര്‍ഗീയ വിദ്വേഷമില്ലെന്നുമാണ് ചര്‍ച്ചിലെ ചില വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വക്താക്കളും ചില വലതുപക്ഷ പോര്‍ട്ടലുകളും പറഞ്ഞുകൊണ്ടിരുന്നത്. ഈ സിദ്ധാന്തത്തെ പ്രോത്സാഹിപ്പിക്കാന്‍, വടക്കുകിഴക്കന്‍ മേഖലയിലെ വംശീയ കലഹങ്ങളുടെ നീണ്ട ചരിത്രം അവര്‍ ഉദാഹരിച്ചു. അതാവട്ടെ തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നില്ല താനും. ഈ സംഘര്‍ഷങ്ങള്‍ വംശീയമാണെന്ന് ഞങ്ങളോട് സംസാരിച്ച വ്യക്തിയും അഭിപ്രായപ്പെട്ടിരുന്നു. ഒരു മെയ്തി ലോറി ഡ്രൈവറും കുക്കി ബൈക്ക് യാത്രക്കാരനും ഉള്‍പ്പെട്ട ഒരു റോഡപകടത്തില്‍ നിന്നാണ് അതിന്റെ തുടക്കം എന്ന് തോന്നുന്നതായും അയാള്‍ പറഞ്ഞു. ഒരു പ്രത്യേക വംശീയ സമൂഹത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് താന്‍ കേട്ടതായും അദ്ദേഹം പറയുകയുണ്ടായി.

അദ്ദേഹം ഇതു കൂടി പറഞ്ഞു: ‘‘എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇക്കാലത്തും ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. എല്ലാ മതങ്ങളുമായും സമുദായങ്ങളുമായും ഇടപഴകുന്ന തലസ്ഥാന നഗരമെന്ന നിലയില്‍ ഇംഫാല്‍ കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തേണ്ടതായിരുന്നു. ഞാന്‍ ഇനി താമസിക്കാന്‍ ഇംഫാലിലേക്ക് മടങ്ങില്ല. എനിക്ക് ഇപ്പോള്‍ ഇംഫാലില്‍ വിശ്വാസമില്ല. അവിടെ നല്ല മനുഷ്യരുണ്ട്. പക്ഷേ ഈ ആള്‍ക്കൂട്ടവും ഉണ്ട്. ഇംഫാലിന് സഹിഷ്ണുത ഇല്ലാതായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ വയ്യ.’’

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനിടയില്‍, മണിപ്പുരിലെ ഒരു വൈദികന്‍ ‘ടെലിഗ്രാഫി’ നോട് പറഞ്ഞു: ‘‘ഞങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് എനിക്കറിയില്ല. ഈ പള്ളി ഒരു വംശീയ വിഭാഗത്തിന് മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കും സേവനം നല്‍കിയിരുന്നു. എന്തിനാണ് ഞങ്ങളെ ലക്ഷ്യമിടുന്നതെന്ന് അക്രമികളോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. ആ ചോദ്യത്തിന് ഉത്തരം തിരയുകയാണ് ഞങ്ങള്‍.’’

ഈ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ‘ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിലും പീഡിപ്പിക്കുന്നതിലും’ മണിപ്പുരിനും കേരളത്തിനും പുറത്തുള്ള, പുരോഹിതന്മാരുള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വംശീയ കലഹമായി തുടങ്ങിയത് ക്രിസ്ത്യന്‍ വിരുദ്ധ കലാപമായി മാറാന്‍ അനുവദിക്കുകയായിരുന്നു എന്ന തോന്നലും നിലനില്‍ക്കുന്നു.

ഈ പശ്ചാത്തലത്തിലാണ്, മണിപ്പുരിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ഒരാള്‍ ഈ വീഡിയോ ക്ലിപ്പുകള്‍ ‘ടെലിഗ്രാഫു’മായി പങ്കുവെച്ചത്.

കണ്ണില്‍ കണ്ടതെല്ലാം വിവേചനരഹിതമായി തല്ലിത്തകര്‍ത്തും തീയിട്ടു നശിപ്പിച്ചും പിരിഞ്ഞു പോകുന്ന ഒരു വെറും ആള്‍ക്കൂട്ടമായിരുന്നില്ല അത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് സൗകര്യപൂര്‍വം കയറി നിന്ന് ഒരാള്‍, ‘ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു’വിന് അംഗഭംഗമേല്‍പ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റുകയായിരുന്നു.

എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും കൊള്ളിവെപ്പുകളും ഒരു ഘട്ടത്തിനുശേഷം ഒരുപോലെയായിരിക്കും. യുക്തിപരമായി ചിന്തിക്കാനും അനുകമ്പയോടെ കാര്യങ്ങള്‍ കാണാനുമുള്ള മനുഷ്യരുടെ കഴിവിനെ അവരുടെ ഏറ്റവും മോശമായ സഹജവാസനകള്‍ കീഴ്‌പ്പെടുത്തും. തീനാളങ്ങള്‍ അവയുടെ വഴിയില്‍ കാണുന്നതിനെയെല്ലാം വിഴുങ്ങും. പക്ഷേ, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ കൈകള്‍ നീട്ടിയുള്ള ആ പ്രതിമക്ക് അംഗഭംഗം വരുത്തിയ ആക്രമണത്തിലെ ധൃതിയില്ലായ്മയും ആസൂത്രണവും സൂചിപ്പിക്കുന്നത് കലര്‍പ്പില്ലാത്ത വിദ്വേഷവും അസഹിഷ്ണുതയും തന്നെ.

അനുകമ്പയുടെയും സഹിഷ്ണുതയുടെയും ക്ഷമയുടെയും മറ്റും ഏറ്റവും മഹത്തായതും സാര്‍വലൗകികവുമായ പ്രതീകങ്ങളിലൊന്നാണല്ലോ ആ പ്രതിമ. കണ്ണില്‍ കണ്ടതെല്ലാം വിവേചനരഹിതമായി തല്ലിത്തകര്‍ത്തും തീയിട്ടു നശിപ്പിച്ചും പിരിഞ്ഞു പോകുന്ന ഒരു വെറും ആള്‍ക്കൂട്ടമായിരുന്നില്ല അത്. പള്ളിയുടെ മുന്‍വശത്തെ പുറംഭിത്തിയില്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് സൗകര്യപൂര്‍വം കയറി നിന്ന് ഒരാള്‍, ‘ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു’വിന് അംഗഭംഗമേല്‍പ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റുകയായിരുന്നു. കനമുള്ള എന്തോ വസ്തുക്കള്‍ കൊണ്ട് ആ പ്രതിമയുടെ മുഖമാണ് അയാള്‍ ആദ്യം ആക്രമിച്ചത്. ആ ശ്രമങ്ങളെ പ്രതിമ അതിജീവിച്ചു. അപ്പോഴാണ് അക്രമിക്ക് ബലം പകരാന്‍ താഴെ നിന്ന് ഇരുമ്പുദണ്ഡ് കൈമാറിയത്. പിന്നീട് അയാള്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുകയായിരുന്നു ക്രിസ്​തുവിന്റെ നീട്ടിപ്പിടിച്ച കൈകളിലേക്ക് - തന്നെ നയിക്കുന്ന വെറുപ്പിനും വിദ്വേഷത്തിനുമുള്ള ഏറ്റവും വലിയ ഭീഷണി ആ കൈകളുടെ ആലിംഗനമാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞതു പോലെ.
കൈകള്‍ വെട്ടിമാറ്റപ്പെട്ടെങ്കിലും പള്ളിയുടെ അകത്ത് ആളിപ്പടരുന്ന തീജ്വാലകള്‍ക്കിടയില്‍ പ്രതിമ അവിടെത്തന്നെ നില്‍ക്കുന്നത് രണ്ടാമത്തെ വീഡിയോ ക്ലിപ്പില്‍ കാണാം.
പള്ളിക്കകത്ത് ഓറഞ്ച് നിറത്തിലുള്ളൊരു തിരശ്ശീല വരച്ചിട്ടതുപോലെയായിരുന്നു അത്. നല്ല നീളത്തില്‍ ഉറപ്പോടെ ആളിക്കത്തുന്ന അഗ്‌നിജ്വാലകള്‍ പള്ളിക്കകത്തെ ഓരോ ഇഞ്ച് സ്ഥലത്തെയും വിഴുങ്ങുകയായിരുന്നു.

Photo: Ashok Swain, Twitter
Photo: Ashok Swain, Twitter

ഒരു ആരാധനാലയം വെറുപ്പിന് ഇരയാകുന്നതിന്റെ സങ്കടകരമായ കാഴ്ച.

മരണസമാനമായൊരു നിശ്ശബ്ദതയാണ് ചുറ്റും. തങ്ങളുടെ പ്രവൃത്തി ഒരു തടസ്സവുമില്ലാതെ അതിന്റെ സ്വാഭാവികമായ പ്രത്യാഘാതങ്ങളിലേക്ക് എത്തുക തന്നെ ചെയ്യുമെന്ന ഉറപ്പോടെ. അക്രമികള്‍സ്ഥലം വിട്ടുവെന്നു തോന്നുന്നു.
അടുത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന ആരുടെയോ കയ്യിലെ വീഡിയോ ക്യാമറ ഇടതുവശത്തേക്ക് pan ചെയ്യുമ്പോള്‍, തീവെച്ചതിന്റെ പാടുകളുള്ള തടിച്ച കെട്ടിടം കാണാം.
ഇപ്പോള്‍ വീഡിയോയില്‍ തെളിയുന്നത് ഒരു വലിയ ചുവന്ന കെട്ടിടമാണ്. കുതിച്ചുയരുന്ന തീനാളങ്ങളാല്‍ആന്തരാവയവങ്ങളെല്ലാം കടിച്ചുകീറപ്പെട്ട പോലെ ഒന്ന്. അതിന്റെ മുകളിലത്തെ നിലയെ അപ്പാടെ തീ വിഴുങ്ങിക്കഴിഞ്ഞുവെന്നു തോന്നുന്നു.

ലീ ഫെയ്ത്ത് സ്‌കൂള്‍ എന്ന ആ ചുവന്ന കെട്ടിടവും അതിന്റെ ഹോസ്റ്റലായ ഫെയ്ത്ത് ഹോമും പള്ളിക്കൊപ്പം ആക്രമിക്കപ്പെട്ടിരുന്നു. അക്രമികള്‍ ലക്ഷ്യം വച്ച മറ്റൊരു കെട്ടിടമായ പാസ്റ്ററല്‍ ട്രെയിനിംഗ് സെന്റര്‍ വീഡിയോയില്‍ കാണുന്നില്ല. 1972- ല്‍ സ്ഥാപിക്കപ്പെട്ട പാസ്റ്ററല്‍ ട്രെയിനിംഗ് സെന്റര്‍, വടക്കുകിഴക്കന്‍ മേഖലയിലെ ‘ഏറ്റവും പ്രധാനപ്പെട്ട’ പരിശീലന സ്ഥാപനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഒരേ മാനേജ്മെന്റിനു കീഴിലാണ് പള്ളിയും പരിശീലന കേന്ദ്രവും.
സാരമായ കേടു പറ്റിയെങ്കിലും പള്ളിയും പരിശീലന കേന്ദ്രവും സ്‌കൂളും ഇപ്പോഴും അവിടെയുണ്ട്. അവ നന്നാക്കിയെടുക്കാന്‍ കഴിയുമോ അതോ പുതുതായി നിര്‍മ്മിക്കണോ എന്ന് സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്ന് ഒരാള്‍ ഞങ്ങളോട് പറഞ്ഞു.

(കൊൽക്കത്തയിൽനിന്നുള്ള ദ ടെലഗ്രാഫ്​ പത്രം മെയ്​ 22ന്​ പ്രസിദ്ധീകരിച്ച റിപ്പോർട്ട്​. ടെലഗ്രാഫിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്​. പരിഭാഷ: ട്രൂകോപ്പി ഡെസ്​ക്​).

Comments