2024- ൽ ഇതുവരെ കൊല്ലപ്പെട്ടത് 184 മാവോയിസ്റ്റുകൾ, 15 വർഷത്തിനിടയിലെ ഏറ്റവും വലിയ വേട്ട

ഈ വര്‍ഷം ഇതുവരെ 184 മാവോയിസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊല കൂടതല്‍ നടന്നിട്ടുള്ളത് ഛത്തീസ്ഗഡിലാണ് -142

News Desk

2009-നുശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വർഷമായി 2024. ഈ വര്‍ഷം ഇതുവരെ 184 മാവോയിസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊല (anti-Maoist operation) കൂടുതല്‍ നടന്നിട്ടുള്ളത് ഛത്തീസ്ഗഡിലാണ് -142 (54 പേർ ബീജാപൂരിലും 35 ​പേർ കങ്കറിലും, 31 പേർ നാരായണ്‍പുരിലും 13 പേർ ദന്തേവാഡയിലും 20 പേർ ബസ്തറിലെ മറ്റ് മേഖലകളിലും).

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലുകളുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും എണ്ണം വര്‍ദ്ധച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് മിക്ക ദിവസങ്ങളിലും സുരക്ഷാസൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ളിടത്ത് സുരക്ഷാ സൈന്യം 32ഓളം ക്യമ്പുകള്‍ പുതുതായി സ്ഥാപിച്ചതാണ് സംഘർഷം രൂക്ഷമാക്കിയത്.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ ഉദ്യോഗസ്ഥർ
ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ ഉദ്യോഗസ്ഥർ

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലിയില്‍, ദന്തേവാഡയ്ക്കും ബീജാപൂറിനും ഇടയില്‍ സെപ്റ്റംബര്‍ മൂന്നിന് സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതാണ് ഈ സീരിസിലെ അവസാനത്തെ സംഭവം.
സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ (South Asia Terrorism Portal- SATP) കണക്കനുസരിച്ച് ഛത്തീസഗഡില്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ഏറ്റുമുട്ടല്‍ കൊലകളില്‍ 92.04 ശതമാനവും ബസ്തര്‍ മേഖലയിലാണ്. 2022-ല്‍ ഇത് 97.22 ശതമാനമായിരുന്നു. അതായത് 40,000 ചതുരശ്ര കിലോമീറ്ററുകളില്‍, ഏഴു ജില്ലകളിലായി - ബസ്തര്‍, ബീജാപുര്‍, ദന്തേവാഡാ,കങ്കര്‍, കൊണ്ടഗാവോണ്‍, നാരായാണ്‍പുര്‍, സുഖ്മ - വ്യാപിച്ചുകിടക്കുന്ന ബസ്തര്‍ മേഖയലയിലാണ് ആക്രമണങ്ങളില്‍ മിക്കവയും നടക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസൈന്യം വധിച്ചത്. ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വന്‍ തോതില്‍ ആയുധങ്ങളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. മാര്‍ച്ച് പകുതി വരെ ഛത്തീസ്ഗഡില്‍ 79 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു എന്നാണ് അന്ന് പുറത്തുവന്ന കണക്കുകള്‍. അതിനുമുന്‍പുള്ള രണ്ട് വര്‍ഷത്തിനിടെ 54 പേരും കൊല്ലപ്പെട്ടു.

മെയിൽ ബീജാപുരില്‍ ഉള്‍ക്കാട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) അടുത്തബന്ധമുള്ളവരാണെന്നും മറ്റ് ആറുപേര്‍ പാര്‍ട്ടി അംഗങ്ങളാണെന്നുമാണ് സൈന്യം അറിയിച്ചത്. ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷം, കൊല്ലപ്പെട്ടവര്‍ ടെണ്ടു ശേഖരിക്കാന്‍ പോയ പ്രദേശവാസികളാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

2026-ഓടെ രാജ്യത്തുനിന്ന് തുടച്ചുനീക്കും എന്നാണ് പറഞ്ഞത്. മാവോയിസ്റ്റുകളോട് കീഴടങ്ങാനും അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ കീഴടങ്ങല്‍ നയം കൊണ്ടുവരുമെന്നും അമിത്ഷാ പറഞ്ഞു.
2026-ഓടെ രാജ്യത്തുനിന്ന് തുടച്ചുനീക്കും എന്നാണ് പറഞ്ഞത്. മാവോയിസ്റ്റുകളോട് കീഴടങ്ങാനും അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ കീഴടങ്ങല്‍ നയം കൊണ്ടുവരുമെന്നും അമിത്ഷാ പറഞ്ഞു.

ജൂണിൽ, നാരായണ്‍പുര്‍ ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്നുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന ശേഷം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് പ്രതികരിച്ചത്, മാവോയിസ്റ്റുകളെ തുരത്താന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു. ലക്ഷ്യം നേടുന്ന വരെ ഞങ്ങള്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ലെന്നും. തുടര്‍ച്ചയായ ആക്രമണത്തെത്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ സ്വമേധയാ കീഴടങ്ങുന്നുമുണ്ട്. കഴിഞ്ഞ മെയിൽ ബീജാപുരില്‍ 33 മാവോയിസ്റ്റുകളാണ് കീഴടങ്ങിയിരുന്നു. ഓഗസ്റ്റില്‍ 25പേരും കീഴടങ്ങി.

സംസ്ഥാന പൊലീസ് സേനയുടെയും കേന്ദ്രസേനയുടെയും ഏകോപിച്ചുള്ള ആക്രമണമാണ് മാവോയിസ്റ്റ് ഉന്മൂലനത്തിനുപിന്നിൽ പ്രവർത്തിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ളിടത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നാണ് ഏറ്റുമുട്ടൽ കൊലകൾ ഊർജിതമാക്കുന്നത്.

ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ സര്‍ക്കാറും മാവോയിസ്റ്റുകള്‍ക്കെതിരേ കടുത്ത് സമീപനമുള്ളവരായിരുന്നു. 2023-ല്‍ 24 മാവോയിസ്റ്റുകളെയാണ് സംസ്ഥാനത്ത് ഏറ്റുമുട്ടലിലൂടെ വധിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിനുള്ളില്‍, ആകെ 210 മാവോയിസ്റ്റുകളെയും എന്‍കൗണ്ടര്‍ കൊലയ്ക്ക് വിധേയമാക്കി.

ഭൂപേഷ് ബാഗൽ
ഭൂപേഷ് ബാഗൽ

സാധാരണ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ഷാവര്‍ഷം 16- 17 ക്യാമ്പുകള്‍ വരെയാണ് സൈന്യം നിര്‍മ്മിക്കുക. എന്നാല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, അഞ്ചുമാസം കൊണ്ട് 32 ക്യാമ്പുകളാണ് മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പണിതത്.

മഹാരാഷ്ട്രയിലെ ആകെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ 96 ശതമാനവും ഗഡ്ചിറോളിയിലാണ്. ഛത്തീസ്ഗഡിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശമാണ് ഗഡ്ചിറോളി.

മാവോയിസ്റ്റ് ഭീഷണി വിലയിരുത്താന്‍ കഴിഞ്ഞ മാസം ഛത്തീസ്ഗഡ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ 2026-ഓടെ രാജ്യത്തുനിന്ന് തുടച്ചുനീക്കും എന്നാണ് പറഞ്ഞത്. മാവോയിസ്റ്റുകളോട് കീഴടങ്ങാനും അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ കീഴടങ്ങല്‍ നയം കൊണ്ടുവരുമെന്നും അമിത്ഷാ പറഞ്ഞു: 'ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 17000 പേരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2004-14 നെ അപേക്ഷിച്ച് 2014-24 കാലത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ 53-ശതമാനത്തിന്റെ കുറവുണ്ട്.' അദ്ദേഹം പറഞ്ഞു.

‘‘ഇന്ന് മാവോയിസ്റ്റ് ഭീഷണി ഛത്തീസ്ഗഡിന്റെ മൂന്ന് ജില്ലകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന് അഞ്ചുവര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാതിരുന്നത് ഞങ്ങള്‍ അഞ്ചുമാസം കൊണ്ട് ചെയ്തിരിക്കുന്നു. 125 മാവോയിസ്റ്റുകളെ ഞങ്ങള്‍ വധിച്ചു. 350പേര്‍ കീഴടങ്ങി. 250ഓളം പേരെ അറസ്റ്റ് ചെയ്തു. ഇനിയും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ മാവോയിസം ഇവിടെ നിലനില്‍ക്കില്ല'’’, അമിത് ഷാ പറയുന്നു.

Comments