വിഷയം: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പൊതു സംവാദത്തിലേക്കുള്ള ക്ഷണം.
പ്രിയപ്പെട്ട ശ്രീ. നരേന്ദ്ര മോദി, ശ്രീ. രാഹുൽ ഗാന്ധി എന്നിവർക്ക്,
വിവിധ തലങ്ങളിൽ രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച ഇന്ത്യയിലെ പൗരർ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നത്.
18-ാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് മധ്യഘട്ടത്തിലെത്തിക്കഴിഞ്ഞു. റാലികളിലും പൊതു പ്രസംഗങ്ങളിലും, അധികാരത്തിലുള്ള പാർട്ടിയായ ബി.ജെ.പിയിലെയും പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസിലെയും അംഗങ്ങൾ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിൻ്റെ കാതൽ സംബന്ധിച്ച സുപ്രധാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. സംവരണം, ആർട്ടിക്കിൾ 370, സമ്പത്തിന്റെ പുനർവിതരണം എന്നിവയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. ഭരണഘടന വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതി, ചൈനയോടുള്ള സർക്കാരിൻ്റെ പ്രതികരണം എന്നിവയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുകയും പൊതുസംവാദത്തിന് അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇരുപക്ഷവും തങ്ങളുടെ മാനിഫെസ്റ്റോകളെക്കുറിച്ചും ഭരണഘടനാപരമായി സംരക്ഷിതമായ സാമൂഹ്യനീതിയെക്കുറിച്ചുള്ള അവരുടെ നിലപാടുകളെക്കുറിച്ചും പരസ്പരം ചോദ്യങ്ങൾ ചോദിച്ചു.
പൊതുജനങ്ങൾ എന്ന നിലയിൽ, ഞങ്ങൾ ഇരുവശത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രമേ കേട്ടിട്ടുള്ളൂ, അർത്ഥവത്തായ പ്രതികരണങ്ങളൊന്നും കേൾക്കാത്തതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. നമുക്കറിയാവുന്നതുപോലെ, ഇന്നത്തെ ഡിജിറ്റൽ ലോകത്തിന് തെറ്റായ വിവരം നൽകൽ, തെറ്റായി ചിത്രീകരിക്കൽ, കൃത്രിമത്വം എന്നീ സ്വഭാവങ്ങൾ കൂടിയുണ്ട്. ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ സംവാദത്തിൻ്റെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായി ബോധവാന്മാരാണെന്ന് ഉറപ്പാക്കേണ്ടത് അടിസ്ഥാനപരമായി പ്രധാനമാണ്. അതുവഴി അവർക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് നടത്താനാകും, വോട്ടവകാശം ഫലപ്രദമായി നിർവഹിക്കുന്നതു സംബന്ധിച്ച് ഇത് അതിപ്രധാനവുമാണ്.
ഇതിനായി, പക്ഷപാതപരമല്ലാത്തതും മാർക്കറ്റിംഗ് താൽപര്യങ്ങളില്ലാത്തതുമായ വേദിയിൽ ഒരു പൊതുസംവാദത്തിലൂടെ രാഷ്ട്രീയ നേതാക്കളിൽ നിന്ന് നേരിട്ട് കേൾക്കുന്നത് പൗരർക്ക് ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങൾ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങൾ കേൾക്കുകയാണെങ്കിൽ അത് അനുയോജ്യമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു. നമ്മൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാലും ലോകം മുഴുവൻ നമ്മുടെ തെരഞ്ഞെടുപ്പുകളെ ഉറ്റുനോക്കുന്നതിനാലും ഇതിന് കൂടുതൽ പ്രസക്തിയുണ്ട്. ഇതുപോലൊരു പൊതുസംവാദം, പൊതുജനങ്ങളെ ബോധവൽക്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിൻ്റെ യഥാർത്ഥ ചിത്രം ഉയർത്തിക്കാട്ടുന്നതിലും ഒരു വലിയ മാതൃക സൃഷ്ടിക്കും.
അതനുസരിച്ച്, ജനവിധി കാംക്ഷിക്കുന്ന രണ്ടു പക്ഷത്തുനിന്നുമുള്ള പ്രമുഖ ശബ്ദങ്ങൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു, ഈ ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ പരസ്‌പരം ഒരു പൊതുസംവാദം നടത്തണം. സംവാദ വേദി, ദൈർഘ്യം, മോഡറേറ്റർമാർ, ഫോർമാറ്റ് എന്നിവ ഇരു ഭാഗവും അംഗീകരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാകാം.
ഞങ്ങളുടെ അഭ്യർത്ഥന നിങ്ങൾ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സംവാദത്തെ അഭിസംബോധന ചെയ്യാൻ നിങ്ങളിൽ ആരെങ്കിലും ലഭ്യമല്ലെങ്കിൽ മാത്രം, ഇഷ്ടമുള്ള പ്രതിനിധിയെ സംവാദത്തിനായി നിയോഗിക്കാം.
നിങ്ങളുടെ മറുപടി ദയവായി അറിയിക്കുക.
വിശ്വസ്തതയോടെ,
ജസ്റ്റിസ് (റിട്ട.) മദൻ ബി. ലോകൂർ, മുൻ ജഡ്ജി, സുപ്രീം കോടതി ഓഫ് ഇന്ത്യ.
ജസ്റ്റിസ് (റിട്ട.) അജിത് പി. ഷാ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്.
എൻ. റാം, മുതിർന്ന പത്രപ്രവർത്തകനും ദി ഹിന്ദുവിൻ്റെ മുൻ എഡിറ്റർ ഇൻ ചീഫ്.
ഡൽഹി-110049
മെയ് 9 2024