ഒടുവിൽ ബ്രസീലിൽ നിന്നുകൂടി ആ ആവേശകരമായ വാർത്ത വന്നിരിക്കുന്നു. ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ തീവ്രവലതുപക്ഷക്കാരൻ ജെയർ ബോൾസനാരോയെ പരാജയപ്പെടുത്തി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതോടെ തെക്കേ അമേരിക്കയിലെ കൊളംബിയ, ചിലെ, ഹോണ്ടുറാസ്, നിക്വരാഗ്വ, ബൊളീവിയ, പെറു, മെക്സിക്കോ, അർജൻറീന, വെനസ്വേല, ക്യൂബ തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ, ആഗോള തലത്തിലെ പ്രധാന സമ്പദ്ഘടനകളിലൊന്ന്. ബ്രസീലിലെ ഇടതുപക്ഷ വിജയം അതിനാൽ തന്നെ സുപ്രധാനവും നിർണായകവുമാണ്.
ലുല തോൽപ്പിച്ച ബോൾസനാരോയെ അറിയില്ലേ? ഇന്ത്യയിലെ ബി.ജെ.പി സർക്കാരിൻറെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ അതിഥിയായി വിളിച്ച് ആദരിച്ച തീവ്രവലതുപക്ഷക്കാരനായ പ്രസിഡൻറ്. ഒട്ടേറെ സമാനതകൾ ബോൾസനാരോയുടെയും നരേന്ദ്രമോദിയുടെയും സർക്കാരുകൾ തമ്മിലുണ്ട്. സാമ്പത്തിക നയത്തിൻറെ കാര്യത്തിൽ, വംശീയവും വർഗീയവുമായ രാഷ്ട്രീയത്തിൻറെ കാര്യത്തിൽ, പ്രതിലോമ ആശയങ്ങളുടെ കാര്യത്തിൽ, അങ്ങനെ സമാനതകൾ ഏറെയാണ്. ബോൾസനാരോ സ്വയം ഫാസിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ്. ബ്രസീലിലെ പട്ടാള ഏകാധിപത്യത്തിൻറെ പേരിൽ ഊറ്റം കൊള്ളുകയും, അതിൽ തനിക്കുള്ള അഭിമാനം മറച്ചുവെക്കാതിരിക്കുകയും ചെയ്ത പട്ടാള ഓഫീസറാണ്. അധികാരത്തിൽ വന്നയുടൻ പ്രതിപക്ഷത്തെയാകെ വേട്ടയാടി, നേരത്തെ പ്രസിഡൻറായിരുന്ന ലുലയെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് ജയിലിലടച്ചു. ലുലയെ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ച ജഡ്ജിയെ പിന്നീട് നിയമമന്ത്രിയാക്കി പ്രതിഫലം നൽകി. കോവിഡ് കാലത്ത് പതിനായിരങ്ങൾ മരിച്ചുവീണപ്പോൾ നിഷ്ക്രിയനായി നിൽക്കുക മാത്രമല്ല, കോവിഡിനെ നിസാരവത്കരിക്കുകയും ചെയ്തു. ബോൾസനാരോയുടെ ഭരണത്തിന്റെ തണലിലാണ് ആമസോൺ കാടുകൾ വലിയ തോതിൽ കത്തിയത്. ആമസോൺ കാടുകൾ കത്തുന്നതിനെതിരായ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, പ്രതിഷേധക്കാരെ അടിച്ചമർത്താനാണ് ബോൾസനാരോ ശ്രമിച്ചത്. ആഗോള വലതുപക്ഷ അച്ചുതണ്ടിൽ മോദിയും തുർക്കിയിലെ എർദോഗാനും ട്രംപിനുമെല്ലാമൊപ്പമുള്ള പ്രമുഖനായിരുന്നു ബോൾസനാരോ.
ആഗോള സാമ്പത്തിക മാന്ദ്യത്തിൻറെ പശ്ചാത്തലത്തിൽ ലോകരാഷ്ട്രീയം കൂടുതൽ വലത്തോട്ടുതിരിഞ്ഞതിന്റെ ഫലമായി ഒന്നിനുപുറമേ ഒന്നായി അധികാരത്തിൽ വന്ന വലതുപക്ഷ ഗവൺമെൻറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബ്രസീലിൽ ബോൾസനാരോയുടേത്. ലാറ്റിൻ അമേരിക്കയിൽ അമേരിക്കൻ പിന്തുണയോടെ ബ്രസീലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വലതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തിയിരുന്നു. ആ പ്രവണത, തിരുത്തപ്പെടുന്നതിൻറെ ലക്ഷണങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കാണപ്പെട്ടിരുന്നു. ചിലെയിൽ അരനൂറ്റാണ്ടിന് ശേഷമാണ് ഗബ്രിയേൽ ബോറിക്കിലൂടെ ഇടതുപക്ഷം അധികാരത്തിൽ തിരിച്ചെത്തിയത്. കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ സർക്കാർ ഗുസ്താവോ പെട്രോയുടെ നേതൃത്വത്തിൽ അധികാരമേറ്റു. ഹോണ്ടുറസിൽ സിയോമാര കാസ്ട്രോയും പെറുവിൽ പെഡ്രോ കാസ്റ്റില്ലോയും ബൊളീവിയയിൽ ലൂയിസ് ആർസും അർജൻറീനയിൽ ആൽബെർട്ടോ ഫെർണാണ്ടസും അധികാരത്തിലെത്തി. മെക്സിക്കോയുടെ 48 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ സ്ഥാനാർഥി, ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രദോറും ഭരണത്തിലേറി.
അതിനൊപ്പം ബ്രസീൽ കൂടിച്ചേരുമ്പോൾ ലാറ്റിൻ അമേരിക്ക വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം നടത്തുന്ന പോരാട്ടത്തിൽ വിജയം കൈവരിക്കുകയാണ്. ബ്രസീൽ പോലൊരു പ്രധാന രാജ്യത്തെ ഇടതുപക്ഷത്തിൻറെ വിജയം, ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ ലോകം മുഴുവൻ അനുരണനങ്ങളുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങൾ ലോകമാകെ തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും കറൻസി വിലയിടിവും ജീവിതദുരിതങ്ങളും വർധിപ്പിക്കുമ്പോളാണ്, ആ നയങ്ങളുടെ ശക്തരായ വക്താക്കളിലൊരാൾ പിഴുതെറിയപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റമിത്രമായ ബോൾസനാരോയുടെ പതനം, ഇന്ത്യയ്ക്കും ചില പാഠങ്ങൾ നൽകുന്നുണ്ട്. താത്കാലികമായ വലതുപക്ഷ മുന്നേറ്റങ്ങൾ ചരിത്രത്തിൻറെ അന്ത്യമല്ല... ഇടതുപക്ഷത്തിൻറെ രാഷ്ട്രീയം താത്കാലിക തിരിച്ചടികളിലും പരാജയങ്ങളിലും അണഞ്ഞുപോകുന്നില്ലെന്നും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ബ്രസീലിൽ ലുല ഡ സിൽവയുടെ ഐതിഹാസിക ജയം
ചിത്രങ്ങളിലൂടെ...