ബാബറി മസ്ജിദിന്റെ കുട്ടികൾ

ബാബറി മസ്ജിദ് തകർക്കപ്പെട്ട ഒരു കാലത്തുനിന്ന് രാമക്ഷേത്രം ഉദ്ഘാടന കാലത്തെത്തിയ ഒരു ജനസാമാന്യത്തെയും അവർ ജീവിക്കുന്ന രാജ്യത്തെയും സ്വന്തം ജീവിതകാലത്തോടുചേർത്തുവച്ച് എഴുതുകയാണ് ഉമ്പാച്ചി.

ഏക് ധക്കാ ഔർ ദോ
ബാബറി മസ്ജിദ് തോഡ് ദോ

ദാറുൽഹുദയിൽ ഞങ്ങൾക്കൊരു ഉസ്താദുണ്ടായിരുന്നു, അടച്ചുപൂട്ടിയ ബാബറി മസ്ജിദിൽ ചെന്ന് നിസ്‌കരിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശേഷം. ഞങ്ങളെ ഉർദുഭാഷ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് അന്നു പത്രങ്ങളിൽ വന്ന, മുകളിലെഴുതിയ കർസേവകരുടെ വായ്ത്താരിയും നല്ല ഓർമയുണ്ട്. അവർക്ക് തകർക്കുന്നത് ബാബറി മസ്ജിദാണ് എന്ന കാര്യത്തിൽ സംശയമോ തർക്കമോ ഇല്ലായിരുന്നു. എന്നാൽ ബാക്കിയുള്ളവർക്ക് അത് തർക്കമന്ദിരമാണോ പള്ളിയാണോ എന്ന സംശയമുണ്ടായിരുന്നു. തിരുത്ത് എന്ന എൻ.എസ്. മാധവന്റെ കഥയാണ് ഞങ്ങൾക്കാ സംശയം ദുരീകരിച്ചുതന്നത്. സത്യത്തെ വഹിക്കാനുള്ള ശേഷി ചരിത്രത്തേക്കാൾ കഥയ്ക്കുണ്ടെന്നും ഞങ്ങളങ്ങനെ വളരെ ചെറുപ്പത്തിൽ പഠിച്ചു.

ബാബറി മസ്ജിദ് ഓർമയിൽ തകർക്കപ്പെടാതെയുണ്ട്, കല്ലിലും മണ്ണിലുമുണ്ടായിരുന്ന പള്ളിയേക്കാൾ ആ ഓർമയിലെ നിലനിൽപ്പിന് അമരത്വവുമുണ്ട്. പല വാക്കുകളുടെയും വാക്യങ്ങളുടെയും ഓർമയാണതെനിക്ക്. താഴികക്കുടങ്ങൾ എന്ന വാക്കുപോലെ എന്നേക്കും മാനംതട്ടി നിൽക്കുന്നവ. വായിക്കാനും കൂടുതൽ വായിക്കാനുമുള്ള ആഗ്രഹത്തോടെ ജീവിച്ച കുട്ടിക്കാലത്തു നിന്നൊരിക്കലും ബാബറി മസ്ജിദിന്റെ ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മാഞ്ഞുപോകില്ല. കറുപ്പും വെളുപ്പും കള്ളികൾ മാത്രമുള്ള ആ കാലക്കേടിൽ നിന്ന് ഞങ്ങളെ പുറത്തെത്തിച്ച വഴികളുമോർക്കുന്നു; മനുഷ്യരെ രണ്ടു കള്ളികളിലേക്ക് തരംതിരിക്കാനുള്ള ഒരു ദുശിച്ചകളിയുടെ ലൈനപ്പായിരുന്നു മസ്ജിദ് - മന്ദിർ തർക്കമെന്നതിൽ ഇന്നാർക്കും തർക്കമുണ്ടാവില്ല.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് 'തിരുത്ത്' എന്ന കഥ എൻ.എസ്. മാധവൻ എഴുതുന്നത്. അന്ന് ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ വാർത്താമുറിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കഥയിൽ.

ബാലചന്ദ്രനായിരുന്നു ഞങ്ങളുടെ ആദിമകവി, പിന്നെ, 1992-ലെ ഡിസംബർ ആറിനു ശേഷമാണ്, സച്ചിദാനന്ദൻ ഞങ്ങളിൽ സംഭവിക്കുന്നത്. ലോറിക്കടിപ്പെട്ടഞ്ഞ കുഞ്ഞുങ്ങളും നായ്ക്കൾ തൻ പേപിടിക്കുന്ന തലച്ചോറും കുരിശേറുന്ന മർത്യന്റെ കത്തിപ്പടരുന്ന രക്തവും പോലെ, തകർക്കപ്പെട്ട പള്ളിയുടെ അനാഥമായ ബാങ്കൊലിയും ഒരു കാവ്യബിംബാമാണെന്നും അതും കവിതക്കു നിരക്കുന്നതാണെന്നും വെളിപാട് കിട്ടിയ സമയമായി അത്.

ഓഷ് വിറ്റ്സിനുശേഷം കവിതയില്ല എന്നാണല്ലോ. എന്നാൽ പോസ്റ്റ് ബാബറി പിരീഡിലാണ്, ഞങ്ങൾ കുറേ മുസ്ലിയാരുകുട്ടികൾ കവിതയിലേക്കു കൂട്ടത്തോടെ ഇഹ്റാം കെട്ടിയത്.

കവിതകളിലൂടെയാണ്, സാഹിത്യത്തിലൂടെയാണ് ആ തകർച്ച ഉണ്ടാക്കിയ ദുരന്തബോധത്തിൽ നിന്ന് പുറത്തുപോരാൻ പിന്നീട് കഴിഞ്ഞത്. ജീവിതത്തിൽ തന്നെ വേണ്ടത്ര എക്സിറ്റുകൾ കവിത തന്നു. കൊല്ലങ്ങൾക്കുമുമ്പ്, വളർന്നു വന്ന സാഹചര്യങ്ങളുടെ, കേട്ട പ്രസംഗങ്ങളുടെ ഒക്കെ തരംതിരിവിൽ ഇന്ത്യ മുസ്‍ലിംകളെ വെച്ചുപൊറുപ്പിക്കാനിടയില്ലാത്ത ഒരിടമാണെന്ന ബോധം ഉള്ളിൽ വളർന്ന പേടിച്ചരണ്ട ആ കുട്ടിയെ എനിക്കിന്നും ഓർമയുണ്ട്.

ഓഷ് വിറ്റ്സിനുശേഷം കവിതയില്ല എന്നാണല്ലോ. എന്നാൽ പോസ്റ്റ് ബാബറി പിരീഡിലാണ്, ഞങ്ങൾ കുറേ മുസ്ലിയാരുകുട്ടികൾ കവിതയിലേക്കു കൂട്ടത്തോടെ ഇഹ്റാം കെട്ടിയത്. ടാഗ് ചെയ്തു തൊട്ടുകാണിക്കാവുന്ന പക്കത്തിൽ പരിചിതരായ ഒരുപറ്റം തന്നെ കാണും. അകത്തേക്കും പുറത്തേക്കുമുള്ള വഴി ആക്കാവുന്ന ഏതു പഴുതുകിട്ടിയാലും അതിലേ നൂണ്ടുകടക്കുമായിരുന്നു അന്നത്തെ ഞങ്ങൾ. പോസ്റ്റ് ബാബറി പിരീഡിൽ കേരള മുസ്‍ലിംകൾക്കിടയിൽ പർദ്ദ വ്യാപകമായി എന്നു നിരീക്ഷിക്കുന്നവരൊക്കെയുണ്ട്, അറബിക്കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കവിത വ്യാപകമായി എന്നും നിരീക്ഷിക്കാവുന്നതാണ്. ഓഷ് വിറ്റ്സിനുശേഷം കവിതയില്ല എന്നാൽ കവിത കൊണ്ടും രക്ഷയില്ല എന്നായിരിക്കാം അഡോർണോ ഉദ്ദേശിച്ചത്... ആ എനിക്കറിയില്ല.

1992 ഡിസംബർ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി ബാബറി പള്ളിക്കുചുറ്റും സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ബാബറി ഓർമയിലെ വേറൊരു വാക്യമിതാണ്: ‘തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല’
രാജ്യത്തെ പരമോന്നത നീതിപീഠം 1992 നവംബറിലെ അവസാനത്തെ ദിവസം പറഞ്ഞതാണിത്. പത്രങ്ങളിലത് അച്ചടിച്ചുവന്നിരുന്നു. കാമ്പസിൽ എല്ലാവർക്കും വേണ്ടി യു.പി. മുഹമ്മദലി എന്ന ഒലിപെരുക്കിയായ വിദ്യാർത്ഥി വാർത്തകൾ വായിക്കും, ഞങ്ങൾ കൂട്ടത്തോടെ കേൾക്കും. കർസേവകർ പള്ളിക്കുചുറ്റും തയ്യാറെടുത്ത് നിൽക്കുമ്പോഴായിരുന്നു കോടതി ഇങ്ങനെ പറഞ്ഞത്. കർസേവ വെറും ഭജനയും പ്രാർഥനയുമല്ലെന്ന് അദ്വാനിയും ജോഷിയും ആവർത്തിക്കുന്നതിനിടെയാണ്, തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ലെന്ന നീതിവാക്യം പിറന്നത്. ആ വാക്യം കുരുക്കഴിച്ചെടുക്കാൻ വളരെ പ്രയാസപ്പെട്ടതാണന്ന്, പള്ളിനിന്ന സ്ഥലം ക്ഷേത്രനിർമാണത്തിനു വിട്ടുകൊടുത്തുകൊണ്ട് കുറച്ചുമുമ്പേ, അതേ കോടതി നടത്തിയ പരാമർശങ്ങളുടെ കാലമായപ്പോഴേക്കും കുരുക്കഴിക്കാൻ ഒന്നും ബാക്കിയില്ലാത്ത വാക്യങ്ങളായി കോടതിവിധികളും തീർപ്പുകളും.

അഞ്ചാം തരത്തിലെ പഠനത്തിനുശേഷം ക്ലാസ്മുറിയിൽ മുസ്‍ലികളല്ലാത്ത സഹപാഠികൾ ഉണ്ടായിട്ടില്ലാത്ത ഒരു കുട്ടിയുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ബാബറി മസ്ജിദ് നിർണയിച്ചതായിരുന്നു എന്റെയും ബോധവും നിശ്ചയങ്ങളുമെന്ന് തിരിച്ചറിയാനിന്നാവുന്നു. പള്ളി തകർക്കപ്പെടുന്നതിന്റെ മുമ്പുള്ള വർഷങ്ങളും തകർക്കപ്പെട്ടതിനു ശേഷമുള്ള വർഷങ്ങളും ഞങ്ങളുടെയെല്ലാം ജീവിതത്തിൽ നിർണായകമായിരുന്നു. പൊളിക്കപ്പെട്ട പള്ളി എല്ലാവരെയും പൊളിക്കുകയുണ്ടായി. എന്റെ ഉമ്മാമ ഒരിക്കലൊരു കല്യാണവീട്ടിൽ വച്ച് ഞാനൊരു 'ശീതറവാദി'യൊന്നുമല്ലെന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.

ഒട്ടകം, മരുഭൂമി, വെള്ളിയാഴ്ച, ബീഫ്, മുഹമ്മദ് അസറുദ്ദീൻ, മമ്മൂട്ടി, യൂസുഫലി, കുഞ്ഞാലിക്കുട്ടി. മുസ്‍ലിംകളെ ബാബറിത്തകർച്ച ബാധിച്ചതിന്റെ പ്രത്യക്ഷങ്ങളനവധിയാണ്, അങ്ങനെ എന്തൊക്കെ ഏതൊക്കെ.

ബാബറിയുടെ തകർച്ചക്കു ശേഷമുണ്ടായ ഒട്ടുവളരെ കാലക്കേടുകൾ പ്രായഭേദമന്യേ എല്ലാവരെയും പുനർനിർണയിച്ചുകളഞ്ഞു. എൺപതുകളിൽ ജനിച്ച ഞങ്ങളെയെല്ലാം ബാബറി മസ്ജിദ് അതിന്റെ വളർത്തുകുട്ടികളാക്കിക്കളഞ്ഞു. ഒരു കെട്ടിടത്തിന്റെ തകർച്ച അപൂർവ്വമായി മാത്രമേ, ബാബറി മസ്ജിദുപോലെ ചരിത്രത്തെ മുമ്പും പിമ്പുമായി സ്വാധീനിച്ചിട്ടുണ്ടാകൂ. ഇന്ത്യാ ചരിത്രത്തിൽ മുസ്‍ലിം ജീവിതത്തിലെ നിർണായക മുഹൂർത്തമായത് ഭവിച്ചിട്ടുണ്ട്; ഇന്ത്യാ വിഭജനം പോലെ. വിഭജനം പ്രതികൂലമായി ബാധിക്കുകയും സ്വാധീനിക്കുകയുമാണ് ചെയ്തതെങ്കിൽ ബാബറിത്തകർച്ച പുതുതായൊരു ദിശ നിർണയിക്കുക കൂടിയാണുണ്ടായത്.

വിഭജനകാലം മുസ്‍ലിം ഇടത്തരക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാനിലേക്ക് കുടിയേറി, കുറച്ച് സമ്പന്നരും ഒട്ടേറെ ദരിദ്രരും പരസ്പരമുള്ള കലരുകളില്ലാതെയും ഇടപെടലുകളൊന്നുമില്ലാതെയും ഇന്ത്യയിൽ ബാക്കിയായി; കേരളത്തിലങ്ങനെയല്ലെങ്കിലും. പാവപ്പെട്ടവർ തങ്ങളെന്നേക്കുമായി അനാഥരായെന്ന ധാരണയിൽ ഗല്ലികളിലേക്കുമാറി. ബാബറിദുരന്തം നേരെ വിപരീതമായാണ് പ്രവർത്തിച്ചതെന്നു തോന്നുന്നു. വിദ്യാഭ്യാസ, സാമ്പത്തിക, വികസന അവസരങ്ങളിലേക്കുള്ള പ്രവേശനം തേടുന്ന പുതിയതലമുറകളെ അതു സൃഷ്ടിച്ചു. തൊണ്ണൂറുകളുടെ മാറ്റം ജീവിതോന്മുഖമായിരുന്നു. ഇതേ കാലം ഞാൻ തിരുവള്ളൂരിൽ നിന്നും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലേക്ക് മാസാമാസം പോയി വരുന്നുണ്ട്. അന്നു കണ്ട ഒരു പരസ്യചിത്രം പോലും ഇപ്പോൾ രസിപ്പിക്കുന്നു. മുസ്‍ലിംകൾ നടത്തുന്ന ഒരു ജ്വല്ലറി പരസ്യമാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞ ഒരൊട്ടകം മരുഭൂമിയിലൂടെ നടന്നുപോവുന്നു. ഒട്ടകം, മരുഭൂമി, വെള്ളിയാഴ്ച, ബീഫ്, മുഹമ്മദ് അസറുദ്ദീൻ, മമ്മൂട്ടി, യൂസുഫലി, കുഞ്ഞാലിക്കുട്ടി. മുസ്‍ലിംകളെ ബാബറിത്തകർച്ച ബാധിച്ചതിന്റെ പ്രത്യക്ഷങ്ങളനവധിയാണ്, അങ്ങനെ എന്തൊക്കെ ഏതൊക്കെ...!

അഞ്ചാം തരത്തിലെ പഠനത്തിനു ശേഷം ക്ലാസ്മുറിയിൽ മുസ്‍ലിംകളല്ലാത്ത സഹപാഠികൾ ഉണ്ടായിട്ടില്ലാത്ത ഒരു കുട്ടിയുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ ബാബറി മസ്ജിദ് നിർണയിച്ചതായിരുന്നു എന്റെയും ബോധവും നിശ്ചയങ്ങളുമെന്ന് തിരിച്ചറിയാനിന്നാവുന്നു / Photo : sajid mohammedd, instagram

ബാബറിക്കാലം തന്ന മറ്റൊരു വാക്കാണ് ‘ആത്മസംയമനം’. ആദ്യമെല്ലാം അതൊരു ചീത്തവാക്കായിരുന്നു. ആക്ഷേപിക്കപ്പെട്ട ആശയമായിരുന്നു. എല്ലാം ഒരു മയത്തിലൊക്കെ മതീന്നും ഓവറാക്കരുതെന്നും സ്വയം ഉദ്ബുദ്ധരായി ഇപ്പോൾ എല്ലാവരും. മുമ്പാണെങ്കിൽ കൊടിയ ആവേശത്തിന്റെ പ്രതിഷേധക്കാരാണ് വേദി കയ്യടക്കുക, വിവേകത്തിന്റെ ശബ്ദങ്ങൾ ഒറ്റപ്പെട്ടു കിടക്കും. ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് സമുദായത്തെ സംയമനത്തിന്റെ ബാരിക്കേഡു കെട്ടി തടഞ്ഞുനിർത്തിയ നേതൃത്വം എന്നൊക്കെ ഒരു പുകഴ്ത്തുണ്ടായിരുന്നു. അല്ലെങ്കിൽ സമുദായം പകയുടെ അണപൊട്ടി കേരളമങ്ങു മുങ്ങിപ്പോകും എന്നൊന്നും വിചാരിച്ച് പറഞ്ഞതല്ല അങ്ങനെ അന്നു പറഞ്ഞവർ. തങ്ങളുടെ നേതാക്കൾക്കൊരു തൊപ്പി കൂടി തുന്നിക്കൊടുക്കാൻ വാക്കു കൂട്ടിവെച്ചു, അത്രേയുള്ളൂ. അന്നങ്ങനെ ഒരു സംയമനം ശീലിപ്പിക്കൽ നടന്നിട്ടുണ്ടെന്നു വെറുതേ വെക്കുക. എന്നാലിന്ന് അതിലും വലിയ സംയമനപാലനം, വരുംവരായ്കകളെ പ്രതിയുള്ള ആലോചന, മയപ്പെടൽ ഒക്കെ ശീലിച്ചുകഴിഞ്ഞിരിക്കൂന്നു എല്ലാവരും. പണ്ടാണെങ്കിൽ ഒന്നുകിൽ കാരശ്ശേരി അല്ലെങ്കിൽ കാന്തപുരം ആണ് അഭിപ്രായവും കൊണ്ട് ടി.വിയിൽ വരിക, വരുത്തപ്പെടുക. ആ കള്ളി അല്ലെങ്കിൽ ഈ കള്ളി ഇല്ലാതായി, പല കള്ളികളുണ്ടായി, എല്ലാ കള്ളികൾക്കും സാധുതയും സാധ്യതയുമായി. കാര്യങ്ങൾക്കിനി കറുപ്പിലും വെളുപ്പിലും മാത്രമായി ജീവിക്കാനാകില്ലെന്നും വന്നു. ബാബറി മസ്ജിദ് ഇങ്ങനെ പല ഓശാരങ്ങളും തന്നിട്ടാണ് പോയത്.

എൺപതുകളിൽ ജനിച്ച ഞങ്ങളെയെല്ലാം ബാബറി മസ്ജിദ് അതിന്റെ വളർത്തുകുട്ടികളാക്കിക്കളഞ്ഞു. Photo : Arun Inham

അയോധ്യയിലെ തകർക്കപ്പെട്ട പള്ളിയെ മറന്നിട്ട് ഇന്ത്യയിൽ ഫാഷിസത്തിനെതിരെ എങ്ങനെയാണ് സംഗമിക്കുകയോ ഗമിക്കുകയോ ചെയ്യുക..? മന്ദിർ-മസ്ജിദ് തർക്കം അധികാരത്തിലേക്കുള്ള ടിക്കറ്റാണ്. ബി.ജെ.പിയുടെ രാഷ്ട്രീയം അമ്പലം-പള്ളി തർക്കങ്ങളിൽ കേന്ദ്രീകരിക്കുമിനിയും. കാശിയുടെ വീണ്ടെടുപ്പാണ് മുന്നിലുള്ളതെന്നും നമുക്കൊരുമിച്ചു ഒരിക്കൽ കൂടി മുന്നേറേണ്ടതുണ്ടെന്നും യോഗി പ്രസംഗിക്കുന്നുണ്ട്. ഗുജറാത്ത് മോഡലും വികസന, അഛേദിൻ, തൊഴിൽദാന, പെട്രോൾവില വായ്ത്താരികളും കൊണ്ട് ജയിച്ചുകയറാമെന്ന് ഉറപ്പുണ്ടായിരുന്ന മോദി രാമക്ഷേത്രനിർമാണം തെരഞ്ഞെടുപ്പിൽ മാറ്റിവെച്ചയാളാണ്. ഇനിയുള്ള മോദി കാശി വഴിക്കുപോവനാണ് സാധ്യത, അല്ലെങ്കിൽ അദ്വാനിയെ അരുക്കാക്കിയ കളി തന്നെയും മൂലക്കാക്കുമെന്ന പേടിയുമുണ്ടാവും. മന്ദിർ- മസ്ജിദ് വഴക്കിന്റെ മറവിൽ മറ്റനേകം അടിസ്ഥാന പ്രശ്‌നങ്ങൾക്കു ശ്രദ്ധ കിട്ടാത്തൊരു രാജ്യമായി ഇന്ത്യ തുടരും. ‘കാശി മധുര ബാക്കി ഹെ’ എന്നതു വർഷങ്ങളായുള്ള മുദ്രാവാക്യമാണ്. ലോകശക്തികളുമായി തോളിൽ കയ്യിടാനാഗ്രഹിക്കുന്ന ഒരു ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിത്തറ ഇത്തരം തർക്കങ്ങളായിരിക്കുക, അതിന്റെ പേരിലുള്ള കലാപങ്ങളായിരിക്കുക, എത്രയോ നല്ല ദശകങ്ങൾ അതിൽ പാഴാക്കിയ നിങ്ങളെന്തു പോഴന്മാരാണ്, ബാബറി മസ്ജിദ് നമ്മളെ നോക്കി ഇങ്ങനെയൊക്കെ വിചാരിക്കുന്നുണ്ടാവും. ഒറ്റക്കൊറ്റക്കിരിക്കുന്ന അനേകകോടി മൗനജാഥകളായി പൗരർ പരിണമിച്ച ഒരു രാജ്യത്തെ നോക്കി ചിരിക്കുന്നുമുണ്ടാവും, തകർക്കപ്പെട്ടപ്പോൾ ചിതറിപ്പോയ പുരാതനമായ കല്ലുകൾ.

ബാബറി മസ്ജിദ്

ഇനിയെന്തെന്ന ചിന്തയ്‌ക്കൊരു രൂപവുമില്ല, ഭാവനയിലായാലും ഉണ്മയിലായാലും എക്‌സിറ്റുകളേ ഉള്ളൂ, അവ എവിടെ കൊണ്ടെത്തിക്കുമെന്ന ഒരു തിട്ടവുമില്ല. ചങ്ങമ്പുഴ ജനിച്ചിട്ട് 112 കൊല്ലം കഴിഞ്ഞു. മരിച്ചിട്ട് 74 കൊല്ലം. വാഴക്കുല പ്രസിദ്ധപ്പെടുത്തിയിട്ട് 85 കൊല്ലം. (1937 സെപ്റ്റംബർ). അഥവാ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിലേറെയായി, 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ/ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ' എന്ന സമാധാനം നമ്മളടക്കം തലമുറതലമുറയായി നിർത്താതെ പാടിയും ഏറ്റുപാടിയും പഠിച്ചും പഠിപ്പിച്ചും പോരുന്നു, ഒന്നുമുണ്ടായില്ല. അന്നവരു സഹിക്കുകയായിരുന്നപ്പോൾ, വരുന്ന തലമുറയിൽ ഭരമേല്പിച്ചു സമാധാനിച്ചു. അവരെക്കൊണ്ട് പറ്റിയില്ല, നമ്മളെക്കൊണ്ടും പറ്റിയില്ല. എന്നാലും അവർ അല്പം ഭേദപ്പെട്ട ഒരു ലോകം ബാക്കിവെച്ചിട്ടാണു പോയത്. ആ ആശ്വാസത്തിലാകും പിന്മുറക്കാരിൽ വിശ്വാസം അർപ്പിച്ചതും. നമ്മളവരുടെ പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് മാത്രമല്ല, നമ്മുടെ പിന്മുറക്കാരിൽ വിശ്വാസമർപ്പിക്കാൻ പോന്ന ഒന്നും, ശുദ്ധജലമോ ശുദ്ധവായുവോ പോലും അവർക്കു ബാക്കിവെക്കാതെ, സകലതും ഊറ്റിയും മലിനമാക്കിയും ഇവിടന്നു പിൻവാങ്ങും.

''അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാൻ ?
അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ -
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാൻ ?
ഇടതിങ്ങിനിറയുന്നു നിയമങ്ങൾ, നീതിക -
ളിടമില്ലവർക്കൊന്നു കാലുകുത്താൻ’’


ഉമ്പാച്ചി

കവി, ഗാനരചയിതാവ്, അബൂദബിയിൽ പ്രവാസി. ഉമ്പാച്ചി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ. തിരുവള്ളൂര്, ഉപ്പിലിട്ടത്, ഉറുദി, വലിയ അശുദ്ധികളെ നാമുയർത്തുന്നു എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments