സാധാരണ മനുഷ്യരുടെ വരുമാനത്തിൽ മാത്രമില്ല,
മോദി സർക്കാറിന്റെ ‘സാമ്പത്തിക വളർച്ച’

ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റാൻ 2024-ലെ തെരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി അധികാരത്തിലെത്തിക്കണമെന്നാണ് വ്യാജ കണക്കും വിവരങ്ങളും അവതരിപ്പിച്ച് മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സാമ്പത്തികവളർച്ച ഇന്ത്യക്കാരായ 140 കോടി ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഴിഞ്ഞ 10 വർഷത്തെ ​നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഗോള വളർച്ചാസൂചികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രിയും അവകാശപ്പെടുന്നത്. വ്യാജ കണക്കും സ്ഥിതിവിവരങ്ങളും അവതരിപ്പിച്ച്, രാജ്യമെത്തപ്പെട്ട പരിതാപകരമായ സാമ്പത്തിക തകർച്ചയെയും ജീവിതദുരിതങ്ങളെയും മറച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ പ്രചാരക കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. മോദി ഭരണത്തിൽ ഇന്ത്യക്കുണ്ടായത് സാമ്പത്തികവളർച്ചയല്ല, അതിഭീകരമായ വർഗീയതയുടെ വളർച്ചയും സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പടരുന്ന അസഹിഷ്ണുതയും അക്രമോത്സുകതയുമാണ്. അമേരിക്കയിലെ പ്യൂ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ സാമൂഹ്യ വിദ്വേഷ സൂചിക ഉയർന്നുനിൽക്കുന്ന രാജ്യം മോദി ഭരിക്കുന്ന ഇന്ത്യയാണ്. വംശീയ സംഘട്ടനം നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളെയും താലിബാൻ ഭരണം നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനെയും പിന്തള്ളിയാണ് ഇന്ത്യ സാമൂഹ്യ വിദ്വേഷസൂചികയിൽ ഒന്നാം സ്ഥാനത്തായത്. ഭക്ഷണത്തിന്റെയും പ്രണയത്തിന്റെയും വേഷത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വിദ്വേഷവും വിഭജനവും പടർത്തുന്ന ബജ്‌റംഗദൾ പോലുള്ള ഭീകരസംഘങ്ങളുടെ വിഹാരമേഖലയായി രാജ്യം മാറിയിരിക്കുന്നു. എവിടെയും മണിപ്പുരുകൾ ആവർത്തിക്കാമെന്ന അവസ്ഥയാണ്.

അമേരിക്കയിലെ പ്യൂ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ സാമൂഹ്യ വിദ്വേഷ സൂചിക ഉയർന്നുനിൽക്കുന്ന രാജ്യം മോദി ഭരിക്കുന്ന ഇന്ത്യയാണ്. / Social Hostilities Index (SHI), pewresearch.org

രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും മതനിരപേക്ഷതയും തകർത്ത് കോർപ്പറേറ്റ് ഹിന്ദുത്വരാജിലേക്ക് ഇന്ത്യയെ എത്തിക്കാനാണ് മോദി സർക്കാർ ഭരണാധികാരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേടിയ ആപേക്ഷികമായ സ്വാശ്രയത്വത്തെയും അതിന്റെ അവലംബമായ പൊതുമേഖലകളെയും തകർത്തുകൊണ്ടിരിക്കുകയാണ്.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപനയും ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെ തകർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് മോദി സർക്കാർ. ഭരണഘടനയെതന്നെ ഇല്ലാതാക്കാനും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറയെ തകർക്കാനുമുള്ള നീക്കങ്ങളാണ് നടന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് അജണ്ടക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ് കഴിഞ്ഞ 10 വർഷക്കാലം കേന്ദ്രസർക്കാർ ചെയ്തത്.

സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രിയെ മുഖ്യ യജമാനനാക്കി, ബാബ്‌റി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമാണം പൂർത്തിയാകാത്ത രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. 2019-ലെ സുപ്രീംകോടതിവിധി അയോധ്യയിൽ ക്ഷേത്രം പണിയാൻ മാത്രമല്ല പള്ളി പണിയാനും നിർദ്ദേശിക്കുന്നുണ്ട്. പള്ളി നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ പോലും ആരംഭിക്കാതെയാണ് കേന്ദ്രസർക്കാർ 35,000 കോടി രൂപ മുടക്കി രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചതും പണി തീരുന്നതിനുമുമ്പ് 2024-ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് പ്രതിഷ്ഠ നടത്തിയതും.

അവിമുക്തേശ്വരാനന്ദ സരസ്വതി ഉൾപ്പെടെ നാല് ശങ്കരാചാര്യ മഠാധിപന്മാരും നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ധർമശാസ്ത്രവിധി പ്രകാരം ശരിയല്ലെന്ന് പറഞ്ഞിട്ടും രാഷ്ട്രീയലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പ്രതിഷ്ഠ നടത്തുകയായിരുന്നു. മതത്തെയും വിശ്വാസത്തെയുമൊക്കെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ക്ഷേത്രപ്രതിഷ്ഠകൾ സർക്കാർ പരിപാടിയാക്കുന്നത് ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ വർഗീയരാഷ്ട്രീയവും അധികാരം നിലനിർത്താനുള്ള മോദിയുടെ കുത്സിതനീക്കവുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാന’നായ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്

രാമഭക്തി ഇളക്കിവിട്ട് ഹൈന്ദവ ധ്രുവീകരണമുണ്ടാക്കാനും 2024-ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുമുള്ള ഫാഷിസ്റ്റ് നീക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. തകർന്ന ഇന്ത്യയുടെ സമ്പദ്ഘടനയെയും അതിന്റെ സാമൂഹ്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജനജീവിതത്തെയും കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കി തെരഞ്ഞെടുപ്പിൽ രാമഭക്തി ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത്.

തകർന്ന സമ്പദ്ഘടന

രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും നാണയപ്പെരുപ്പത്തിലും ഞെരിപിരി കൊള്ളുകയാണ്. രാഷ്ട്രസമ്പത്താകെ വിദേശ- സ്വദേശി കുത്തകകൾക്ക് കവർന്നെടുക്കാൻ അവസരം നൽകുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗതിവേഗം കൂട്ടുകയാണ് മോദി സർക്കാർ ചെയ്തത്. സമ്പദ്ഘടന അഭൂതപൂർവ്വമായ തകർച്ചയാണ് നേരിടുന്നത്. ജി.ഡി.പി വളർച്ചാനിരക്ക് 2015-16-ൽ 8.2% ആയിരുന്നത് 2016-17-ൽ 7.1% ആയി. 2017-18-ൽ 6.6% ആയി താഴോട്ടുപോയി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യന്റെ പഠനങ്ങളനുസരിച്ച് യഥാർത്ഥ വളർച്ചാനിരക്ക് 4.5% മാത്രമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില ഗണ്യമായി കുറഞ്ഞത് ഉൾപ്പെടെ സമ്പദ്ഘടനയുടെ വളർച്ചക്കനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യൻ സമ്പദ്ഘടന പിന്നോട്ടാണ്.
ഐ.എം.എഫിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 2021-ലെ സാമ്പത്തിക വർഷത്തിൽ 9.1%-ഉം 2022-ൽ 6.8%-ഉം വർദ്ധിച്ചു. എന്നാൽ 2023-ൽ ആദ്യത്തെ പ്രവചനമായ 6.1%-ൽ നിന്ന് കുറവായ 5.9% വളർച്ചയേ പ്രതീക്ഷിക്കാനാവൂ എന്നാണ് ഐ.എം.എഫ് മുന്നറിയിപ്പ്. സാമ്പത്തികസ്ഥിതി ആരോഗ്യകരമാണെന്ന പ്രതീതി സൃഷ്ടിക്കാൻ മോദി സർക്കാർ ഇത്തരം കണക്കുകളെ ഉപയോഗിക്കുന്നുണ്ട്. അതൊരു വഴിവിട്ട രീതിയും തട്ടിപ്പുമാണ്.

2020-ൽ ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്ക് 5.8% കുറഞ്ഞിരുന്നു. യഥാർത്ഥത്തിൽ വളർച്ചാനിരക്കിനെക്കുറിച്ച വാചകമടിക്കുന്നവർ 2021-ലെ വളർച്ചയെ 2020-ലെ 5.8% വുമായി തട്ടിച്ചുനോക്കാൻ ശ്രമിക്കാറില്ല. സ്ഥിതിവിവരക്കണക്കുകളിൽ ഇതിന് ‘ബേസ് ഇഫക്ട്’ എന്നാണ് പറയാറ്. കോവിഡ് പൂർവ്വവർഷമായ 2019 മുതലുള്ള ദേശീയ വളർച്ചാനിരക്കുകൾ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെ വളർച്ചയുടെ ശരിയായ ചിത്രം ലഭിക്കുക. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അതിവേഗം വർദ്ധിക്കുമ്പോഴും ഐ.എം.എഫ് കണക്കുകളനുസരിച്ച് വൻകിട സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും താഴ്ന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തെ മറ്റ് രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മളെത്ര താഴെയുള്ള സമ്പദ്ഘടനയാണെന്ന് മനസ്സിലാകുക.

2016-ലെ നോട്ട് നിരോധന സമയത്തെ ബാങ്കിന് മുന്നിലെ കാഴ്ച

അമേരിക്കയുടെ പ്രതിശീർഷ വരുമാനം ഇന്ത്യയേക്കാൾ 30 മടങ്ങ് അധികമാണ്. ചൈനയുടേത് ഇന്ത്യയേക്കാൾ 5 മടങ്ങ് അധികമാണ്. ബ്രസീലിന്റേത് 4 മടങ്ങ് ഇന്ത്യയേക്കാൾ കൂടുതലാണ്. ബ്രിട്ടന്റേത് ഇന്ത്യയേക്കാൾ 18 മടങ്ങും ജർമ്മനിയുടേത് 20 മടങ്ങും അധികമാണ്.
മോദി സർക്കാറിന്റെ ഏറ്റവും ഒടുവിലത്തെ അവകാശവാദം, ജി.ഡി.പി വളർച്ചയുടെ ആഗോള റാങ്കിങ്ങിൽ ഇന്ത്യ 2029 ആകുമ്പോഴേക്കും അമേരിക്കക്കും ചൈനയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ്. ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റാൻ 2024-ലെ തെരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി അധികാരത്തിലെത്തിക്കണമെന്നാണ് വ്യാജ കണക്കും വിവരങ്ങളും അവതരിപ്പിച്ച് മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇന്ത്യക്കാരായ 140 കോടി ജനങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കക്കാരുടെ ആളോഹരിവരുമാനം 83,000 ഡോളറും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പ്രതിശീർഷവരുമാനം ശരാശരി 56,000 ഡോളറും ആയിരിക്കുമ്പോൾ ഇന്ത്യക്കാരുടേത് 2600 ഡോളർ മാത്രമാണ്. മാത്രമല്ല, ആഗോള പട്ടണിസൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111-ാം സ്ഥാനത്താണ്. സോമാലിയ തുടങ്ങിയ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളേക്കാളും നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനെയും ബംഗ്ലാദേശിനേക്കാളും പട്ടിണിക്കാരുടെ എണ്ണം കൂടിയ രാജ്യമാണ് ഇന്ത്യയെന്നാണ് ആഗോള പട്ടിണിസൂചിക വ്യക്തമാക്കുന്നത്. ലോകത്തിലേറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യമാണ് ഇന്ത്യ. വികസനത്തെക്കുറിച്ചുള്ള വാചകമടികളല്ലാതെ കാർഷികവ്യവസായ മേഖലകളിൽ ഉൽപാദനപരമായ നിക്ഷേപങ്ങളോ വളർച്ചയോ ഈ 10 വർഷക്കാലത്തിനിടയിൽ ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം.

കൃഷിയെ കോർപ്പറേറ്റ്‌വൽക്കരിക്കാനും ഭക്ഷണത്തെ അഗ്രി ബിസിനസാക്കി മാറ്റാനുമുള്ള ഫാം നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. ആസിയാൻ കരാർ ഉൾപ്പെടെയുള്ള ഇറക്കുമതിനയങ്ങൾ ഇന്ത്യയുടെ കാർഷികോൽപന്നങ്ങളുടെ വിപണി തകർക്കുകയും കൃഷി അസാധ്യമാകുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയുമാണ്. വിത്തിനും വളത്തിനുമുള്ള സബ്‌സിഡികൾ എടുത്തുകളഞ്ഞതും നാമമാത്രമാക്കിയതും വൈദ്യുതി വിലക്കയറ്റവുമെല്ലാം കൃഷിക്കാരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വിപണി സംരക്ഷണവും താങ്ങുവിലയും സബ്‌സിഡികളും നിഷേധിക്കപ്പെട്ട ഇന്ത്യൻ കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിൽ അഭയം തേടുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ കണക്കുകൾ ഉദ്ധരിച്ച് പല ഗവേഷണ സ്ഥാപനങ്ങളും, അരമണിക്കൂറിൽ ഒരു കർഷകൻ വീതം ആത്മഹത്യചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

വിത്തിനും വളത്തിനുമുള്ള സബ്‌സിഡി എടുത്തകളഞ്ഞതും നാമമാത്രമാക്കിയതും വൈദ്യുതി വിലക്കയറ്റവുമെല്ലാം കൃഷിക്കാരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

തൊഴിലില്ലായ്മ രൂക്ഷമാകുന്നു. വർഷംതോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോദി, പത്തു വർഷം ഭരണം പൂർത്തിയാക്കുമ്പോഴേക്കും എത്ര തൊഴിലവസരം സൃഷ്ടിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. ആദ്യ സർക്കാർ ആകെ സൃഷ്ടിച്ചത് 15 ലക്ഷം തൊഴിലവസരം മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. 2019-ലെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 7.1% ആണ്. നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷന്റെ റിപ്പോർട്ടുപ്രകാരം 1.25 കോടി വീടുകളിൽ ഒരാൾക്കുപോലും സ്ഥിരവരുമാനമില്ല. അസീം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠനം സൂചിപ്പിക്കുന്നത് യുവാക്കളിൽ തൊഴിലില്ലായ്മ നിരക്ക് 16% ആണെന്നാണ്. ബിരുദധാരികളിൽ 58.3%വും ബിരുദാനന്തര ബിരുദധാരികളിൽ 62.4%വും തൊഴിൽ രഹിതരാണെന്നാണ് ലേബർ ബ്യൂറോ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. സ്ഥിരം തൊഴിൽ എന്ന സങ്കൽപം തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തിരിക്കുന്നത്.

അധ്യാപകർ, പോലീസ് സേന, അംഗൻവാടി, തപാൽവകുപ്പ്, ആരോഗ്യം, പ്രതിരോധ സേന തുടങ്ങിയ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലായി 24 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. വ്യവസായം, ബാങ്ക്, ഇൻഷൂറൻസ്, സ്‌കൂൾ, കോളേജ് തുടങ്ങിയ എല്ലാ മേഖലകളിലും കരാർവൽക്കരണം തീവ്രമാക്കിയിരിക്കുന്നു. റെയിൽവെയിലും കേന്ദ്ര സർക്കാർ സർവ്വീസുകളിലും സ്വകാര്യവൽക്കരണം വ്യാപകമായതോടെ ദലിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും തൊഴിൽമേഖലകളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്. സംവരണതത്വങ്ങളും സാമൂഹ്യനീതിയും തകർത്തുകൊണ്ടാണ് ഹിന്ദുത്വവാദികൾ സ്വകാര്യവൽക്കരണനയങ്ങളുടെ ഗതിവേഗം കൂട്ടിയിരിക്കുന്നത്.

ഓരോ വർഷവും 130 ലക്ഷം പേർ തൊഴിൽ വിപണിയിലേക്ക് വരുമ്പോൾ തൊഴിൽ ലഭ്യമാകുന്നത് 18%-നുമാത്രമാണ്. ഓരോ വർഷം കഴിയുംതോറും തൊഴിൽശക്തിയുടെ പങ്കാളിത്ത നിരക്ക് താഴോട്ട് പോകുകയാണ്. ഐ.ടി മേഖലയിൽ വേതനം വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമാകുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന കാർഷികമേഖല ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി കടുത്ത പ്രതിസന്ധിയിലാണ്.

സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്തതുപോലെ കർഷകർക്ക് ഉൽപാദന ചെലവിന്റെ 50% കൂടി ചേർത്ത് കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി സർക്കാർ അതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. രണ്ടാം മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽപോലും കർഷക ആത്മഹത്യ തടയാനാവശ്യമായ നിർദ്ദേശങ്ങൾ ഒന്നുമില്ല. കടങ്ങൾ എഴുതി തള്ളാനോ താങ്ങുവില ഏർപ്പെടുത്താനോ സർക്കാർ തയ്യാറില്ല. പ്രധാനമന്ത്രി സമ്മാൻ പദ്ധതി പ്രകാരം കർഷകർക്ക് 6000 രൂപ വരെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തവർ ബജറ്റിൽ ഇതിനായി പണം വകയിരുത്തിയില്ല. ഈ പദ്ധതിക്ക് പ്രതിവർഷം 75,000 കോടി രൂപ വകയിരുത്തേണ്ട സ്ഥാനത്ത് നാമമാത്രമായ നീക്കിയിരിപ്പ് മാത്രമാണ് നടത്തിയത്.

India GDP Annual growth rate

കാർഷികതകർച്ചയും പരമ്പരാഗത തൊഴിൽമേഖലകളുടെ തകർച്ചയും മൂലം ജീവിതം വഴിമുട്ടിയവർക്കായിട്ടാണ് ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാർ ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. ഇപ്പോൾ സർക്കാർ ആ പദ്ധതിയെ തന്നെ തകർക്കുകയാണ്. നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24 ലെ ബജറ്റിൽ അതിനുമുമ്പത്തെ ബജറ്റ് വിഹിതത്തേക്കാൾ 20,000 കോടി തൊഴിലുറപ്പ് പദ്ധതിക്ക് കുറയ്ക്കുകയാണുണ്ടായത്. രണ്ടാം മോദി സർക്കാർ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് കോർപ്പറേറ്റുകൾക്കാവശ്യമായ രീതിയിൽ അടിമത്താവളങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തിയത്. രാജ്യത്ത് നിലനിൽക്കുന്ന 44 പ്രധാന തൊഴിൽ നിയമങ്ങളെ 4 തൊഴിൽ കോഡാക്കി മാറ്റി തൊഴിലാളികളെ കൂലി അടിമകളാക്കി മാറ്റാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്.

മോദി സർക്കാരിന്റെ ജനദ്രോഹ സാമ്പത്തികനയങ്ങൾക്കും വർഗീയതക്കുമെതിരായി അസംഖ്യം സമരങ്ങൾ രാജ്യമെമ്പാടും നടന്നിട്ടുണ്ട്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പുലൈൻ വഴി കോർപ്പറേറ്റുകളുടെ കൈകളിലെത്തിച്ചുകൊടുക്കുകയാണ് മോദി സർക്കാർ. കോൺഗ്രസ് തുടങ്ങിവെച്ച പൊതുമേഖലാ വിൽപന അതിന്റെ പരമകാഷ്ഠയിലെത്തിച്ചിരിക്കുന്നു. തുറമുഖങ്ങളും റെയിൽവേയും എയർപോർട്ടും ഖനനപദ്ധതികളുമെല്ലാം എൻ.എം.പിയിൽ ഉൾപ്പെടുത്തി കോർപ്പറേറ്റുകൾക്ക് കൈമാറുന്നു. രാജ്യത്തിന്റെ പ്രതിരോധമേഖല ഉൾപ്പെടെ തന്ത്രപ്രധാനമേഖലകളെയെല്ലാം നേരിട്ടുള്ള വിദേശമൂലധന നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതിനെതിരെ തൊഴിലാളികളുടെയും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും പൊതുമേഖലാ വിൽപനക്കുമെതിരെ നയപരമായ നിലപാട് സ്വീകരിച്ച് പ്രക്ഷോഭം നടത്താൻ തയ്യാറായില്ല. തങ്ങൾ തുടങ്ങിവെച്ച നിയോ ലിബറൽ നയങ്ങളാണ് വർഗീയത ഇളക്കിവിട്ട് ബി.ജെ.പി തീവ്രഗതിയിൽ നടപ്പിലാക്കുകയാണെന്ന യാഥാർത്ഥ്യം പോലും തിരിച്ചറിയാൻ കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾക്ക് ക​ഴിയുന്നില്ലെന്നുമാത്രമല്ല, ഇക്കാര്യത്തിൽ ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കുകൂടിയുണ്ടെന്ന് അവർ തിരിച്ചറിയുന്നുമില്ല.

എല്ലാ തലങ്ങളിലും ജനങ്ങളിൽ നിന്ന് മോദി സർക്കാർ ഒറ്റപ്പെട്ടുപോയ അവസരത്തിലാണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ജനരോഷത്തെ വഴിതെറ്റിക്കാനും സങ്കുചിത ദേശീയ വികാരങ്ങൾ ഉണർത്തിവിടാനുമാണ് ബി.ജെ.പി പ്രചാരകന്മാർ ശ്രദ്ധിച്ചത്. പുൽവാമ ഭീകരാക്രമണത്തെയും അതിനോടുള്ള പ്രതികരണമെന്ന നിലയിൽ നടന്ന ബാലാകോട്ട് ഓപ്പറേഷനെയും ഉപയോഗിച്ച് കടുത്ത ദേശീയവികാരം ഉയർത്തിയാണ് 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മോദി സർക്കാർ നേരിട്ടത്. മതനിരപേക്ഷ കക്ഷികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശൈഥില്യവും കോർപ്പറേറ്റ് പണം ഉപയോഗിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ ഇടപെടലുമാണ് മോദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്. അന്നത്തെ ജമ്മു കാശ്മീർ ഗവർണറായിരുന്ന സത്യപാൽമാലിക് നടത്തിയ വെളിപ്പെടുത്തലുകളനുസരിച്ച് കേന്ദ്രസർക്കാരിന്റെ ആസൂത്രണത്തിലും അറിവിലും നടന്ന ഭീകരാക്രമണമായിരുന്നു പുൽവാമ എന്ന് കരുതേണ്ടിയിരിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും കോർപ്പറേറ്റ് അനുകൂലനയങ്ങൾക്കുമെതിരെ ഉയർന്ന ജനരോഷം മറികടക്കാനാണ് പുൽവാമ സൃഷ്ടിച്ചതെന്നാണ് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലുകൾ സാക്ഷ്യപ്പെടുത്തുന്നത്.

കാർഷികതകർച്ചയും പരമ്പരാഗത തൊഴിൽമേഖലകളുടെ തകർച്ചയും മൂലം ജീവിതം വഴിമുട്ടിയവർക്കായിട്ടാണ് ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാർ ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.

അതായത്, സങ്കുചിത ദേശീയ വികാരങ്ങളെയും ഭൂരിപക്ഷ വർഗീയതയെയും ഉത്തേജിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങളിലൂടെയാണ് മോദി രണ്ടാം തവണയും അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയ ഉടൻ നവലിബറൽ പരിഷ്‌കാരങ്ങൾക്ക് ഗതിവേഗം കൂട്ടുന്ന നടപടികൾ ആരംഭിച്ചു. എൻ.ഐ.എ, യു.എ.പി.എ, മനുഷ്യാവകാശ കമീഷൻ നിയമങ്ങൾ ഭേദഗതി ചെയ്യുകയും എല്ലാ അധികാരവും കേന്ദ്രസർക്കാരിന് കൈയടക്കാൻ കഴിയുന്ന വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയുമാണ്.

സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും അസഹിഷ്ണുതയും അക്രമോത്സുകതയും പടരുകയാണ്. കേന്ദ്രഭരണത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടുന്നു. ഏറ്റവുമൊടുവിൽ ബിൽക്കീസ്ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വെറുതെവിട്ട ബി.ജെ.പി സർക്കാരിന്റെ നടപടി റദ്ദുചെയ്തുകൊണ്ടുള്ള സുപ്രീംകോടതിവിധി ബി.ജെ.പിയുടെ വർഗീയ ഭീകരതക്കെതിരെയുള്ള ശക്തമായൊരു പ്രഹരമായിരുന്നു.

ബില്‍ക്കിസ് ബാനോവും കുടുംബവും

പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെച്ച് പൗരത്വനിയമം, എൻ.ഐ.എ, യു.എ.പി.എ തുടങ്ങിയവയിൽ വരുത്തിയ ഭേദഗതികൾ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ ഒരവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടങ്ങളിലൂടെയേ സ്ത്രീകൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും നിലനിൽപും സുരക്ഷയും ഉറപ്പുവരുത്താനാകൂ. ഭരണഘടനയുടെ തുല്യനീതിയുടെ തത്വങ്ങളെയും മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെയും ലക്ഷ്യംവെച്ചാണ് കേന്ദ്രസർക്കാരും ആർ.എസ്.എസും നീങ്ങുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തേണ്ടതുണ്ട്.

Comments