ഫെഡറൽ ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുംവിധം ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ‘ഇപ്പോൾ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഭരണകൂടം കേന്ദ്രത്തിൽ ഇല്ലാത്തതാണ് ഇതിനുകാരണം. നിലവിലുള്ള അധികാരം ഉപയോഗിച്ചുമാത്രമേ സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‍വ്യവസ്ഥ, അടിസ്ഥാന സൗകര്യവികസനം എന്നിവയിൽ പുരോഗതി കൈവരിക്കാനാകൂ. എന്നാൽ, സംസ്ഥാനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും യൂണിയൻ സർക്കാർ കവർന്നെടുക്കുകയാണ്’; യൂണിയൻ- സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആദ്യ ഭാഗം നിയമസഭയിൽ അവതരിപ്പിച്ച് സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തിന്റെ അടിസ്ഥാനം ഫെഡറലിസമാണ്. അതുകൊണ്ടുതന്നെ ഫെഡറലിസത്തിന് ഊന്നൽ നൽകിയുള്ള ഭേദഗതി ‘യൂണിയൻ ഓഫ് ഇന്ത്യ’ എന്ന ആശയത്തെ ദുർബലമാക്കില്ലെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
‘‘സംസ്ഥാനങ്ങൾക്ക് അർഹമായ എല്ലാ അധികാരങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുംവിധം ഭരണഘടന ഭേദഗതി ചെയ്യേണ്ട സമയമാണിത്. കാരണം, എല്ലാ അധികാരങ്ങളും യൂണിയൻ സർക്കാർ കൈവശം വെച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളെ പരിഗണിക്കാത്തവിധം അവ സ്വേച്ഛാധിപത്യപരമായി പ്രയോഗിക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാറുകൾക്ക് എല്ലാത്തിനും യൂണിയൻ സർക്കാറിന്റെ ആശ്രയിക്കേണ്ട ഗതികേടാണ്. എത്ര കാലം ഈ ആശ്രിതത്വം തുടരണം, ഈ അവസ്ഥ മാറിയേ തീരൂ’’- സ്റ്റാലിൻ പറഞ്ഞു.
ഈയൊരു പ്രശ്നത്തിനുള്ള പരിഹാരമായാണ് തമിഴ്നാട് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു: ‘ലളിതമായി പറഞ്ഞാൽ ഞങ്ങളിതാ പൂച്ചയ്ക്ക് മണി കെട്ടിയിരിക്കുന്നു’.
‘‘എല്ലാ സംസ്ഥാനങ്ങളും കൂടുതൽ സ്വയംഭരണത്തിനായി അഭിലഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് യൂണിയൻ സർക്കാറിന്റെ ഘടന ഫെഡറൽ സ്വഭാവത്തിലുള്ളതാകണം, സംസ്ഥാനങ്ങളുടെ കൂട്ടായ പങ്കാളിത്തമുള്ള ഭരണസംവിധാനമാകണം ഉണ്ടാകേണ്ടത്. എന്നാൽ, ഇക്കാര്യം തുറന്നുപറയാൻ സംസ്ഥാനങ്ങൾക്കാകുന്നില്ല’’- അദ്ദേഹം പറഞ്ഞു.
എല്ലാ ഭാഷകൾക്കും വംശങ്ങൾക്കും മതങ്ങൾക്കും സംസ്കാരങ്ങൾക്കും അവയുടെ അവകാശങ്ങളോടും അഭിലാഷങ്ങളോടും ജീവിക്കാൻ കഴിയുന്ന സംസ്ഥാന സ്വയംഭരണാധികാരം എന്ന, ഈ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന ആശയത്തിന് കക്ഷിഭേദമേന്യ എല്ലാ രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും സ്റ്റാലിൻ തേടി.
‘‘സംസ്ഥാനങ്ങൾക്ക് സ്വയംഭരണം, ഫെഡറലിസത്തിലൂന്നിയുള്ള യൂണിയൻ ഭരണം എന്നത് ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ ആവശ്യമല്ല. ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ജീവിതപുരോഗതിയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് അധികാരവും അവസരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കരുത്. അവ വികേന്ദ്രീകരിക്കപ്പെടണം’’, ഇതിനുള്ള നിയമപരമായ നടപടികൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ഗവർണർ പദവി ദുരുപയോഗപ്പെടുത്തിയും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചും ഫണ്ട് തടഞ്ഞുവെച്ചും തമിഴ്നാടിന്റെ അവകാശങ്ങൾ ഹനിക്കുന്ന ഒരു യൂണിയൻ സർക്കാറാണ് ഭരണത്തിലുള്ളത് എന്നതുകൊണ്ടുതന്നെ, സംസ്ഥാന സ്വയംഭരണം എന്നതാണ് തമിഴ്നാടിനെ സംബന്ധിച്ച് മുന്നോട്ടുപോകാനുള്ള ഒരേയൊരു വഴിയെന്ന് സ്റ്റാലിൻ പറഞ്ഞു.
‘‘സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങൾ ബി.ജെ.പി സർക്കാർ കവർന്നെടുക്കുകയാണ്. അങ്ങനെ സംസ്ഥാന സർക്കാറുകളുടെ അവകാശങ്ങൾ റദ്ദാക്കപ്പെടുന്നു. നിർദ്ദേശങ്ങൾക്കനുസൃതമായ സംസ്ഥാനങ്ങൾക്ക് കൈമാറേണ്ട ഫണ്ട്, സാമ്പത്തികമായി വികസിതമായ സംസ്ഥാനങ്ങൾക്ക്, അവയുടെ സംഭാവന പരിഗണിക്കാതെ, വെട്ടിക്കുറക്കുകയാണ്’’.
ഫെഡറലിസം എന്നത് സംസ്ഥാനങ്ങൾക്കുള്ള ഔദാര്യമല്ല, രാഷ്ട്രത്തിന്റെ സംരക്ഷണ കവചമാണ്. അത് ദേശീയ ഐക്യത്തിന് തടസമല്ലെന്നുമാത്രമല്ല, അത് ഉറപ്പുവരുത്തുന്ന ഒന്നാണ്. അത് ഒരു എളുപ്പവഴിയല്ല, ഭരണഘടനാപരമായ അന്തസ്സ് ഉറപ്പുവരുത്തുന്നതിനുള്ള ഉപാധിയാണ്’’- അദ്ദേഹം പറഞ്ഞു.
നിയമസഭാംഗങ്ങളും ഭരണകർത്താക്കളും വിദഗ്ധരും വിമർശകരും ഈ റിപ്പോർട്ട് പഠിച്ച് അഭിപ്രായം പറയണമെന്നും സ്റ്റാലിൻ നിർദേശിച്ചു. കെ. അശോക് വർധൻ ഷെട്ടി, ഡോ. എം. നാഗനാഥൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
