എം.കെ സ്റ്റാലിൻ

‘എല്ലാത്തിനും മേലെ ഏൻ പേര് സ്റ്റാലിൻ’

‘‘തമിഴ്നാട്ടിൽ ഇപ്പോൾ അധികാരത്തിലുള്ളത് സ്റ്റാലിനല്ല, കേരളം ഭരിക്കുന്നത് ഇടതുപക്ഷവുമല്ല എന്ന് സങ്കൽപ്പിച്ചുനോക്കുക. സംഘപരിവാർ സാഹസങ്ങളുടെ തന്ത്രപരമായ വ്യാപ്തിയുടെ അപകടവും അതിനെ തടഞ്ഞുനിർത്തിയതിന്റെ രാഷ്ട്രീയ പ്രസക്തിയും അതോടെ ബോധ്യപ്പെടുമെന്ന നരേറ്റീവ് വലിയൊരളവോളം ശരിയാണ്. രണ്ട് മുഖ്യന്മാരും എത്രയൊക്കെ വിമർശനങ്ങൾക്ക് അർഹരെങ്കിലും അല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിന്റെ സാമൂഹ്യപ്രസക്തിയെ അവഗണിച്ച് ഒരു നാടിന് മുന്നോട്ടുപോകാനാവുമോ?. തമിഴക മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ എന്തുകൊണ്ട് ഇത്ര വലിയ കൾട്ട് ആകുന്നുവെന്നതിന്റെ ഉത്തരവും മേൽപ്പറഞ്ഞതിലുണ്ട്’’- വി.എസ്. സനോജ് എഴുതുന്നു.

ന്തുകൊണ്ട് സ്റ്റാലിൻ എന്നതിനേക്കാൾ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി, ഇപ്പോഴത്തെ സ്റ്റാലിൻ എന്താണ് എന്നതിനാണ്. തന്റെ സോഷ്യൽ പ്ലേസിങ് കൃത്യമായി ഉറപ്പിച്ച് അവതരിപ്പിക്കുന്നതിലും ജനകീയമായ സ്വീകാര്യത സൃഷ്ടിച്ചെടുക്കുന്നതിലും അദ്ദേഹം വിജയിക്കുന്നുണ്ട്. നരേന്ദ്രമോദിയ്ക്ക് ദക്ഷിണേന്ത്യയുടെ അറ്റത്തേക്ക് അടുക്കാനാവാത്ത ഏറ്റവും പ്രതിരോധം തീർത്ത രണ്ട് രാഷ്ട്രീയ എതിരാളികളിൽ ഒരാൾ പിണറായി വിജയനാണെങ്കിൽ അതിൽ ഒന്നാമൻ മുത്തുവേൽ കരുണാനിധി സ്റ്റാലിനല്ലേയെന്ന് ജനത്തെ തോന്നിപ്പിക്കാൻ ആ നേതൃപാടവത്തിനും രാഷ്ട്രീയ തന്ത്രങ്ങൾക്കും ഡി.എം.കെയുടെ രാഷ്ട്രീയ ക്യാമ്പയിനുകൾക്കും കഴിഞ്ഞിരിക്കുന്നു. അതുവരെയുള്ള വർഷങ്ങൾ ജനം കണ്ട സ്റ്റാലിനല്ല ഈയടുത്ത കുറച്ച് വർഷങ്ങളിലെ സ്റ്റാലിൻ എന്ന പ്രയോഗം വന്നതും അതുകൊണ്ടാണ്. നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത ‘അരസിയൽവാദി’ ഇമേജ് ബിൽഡ് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സക്സസ്ഫുൾ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിൻ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാൻ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാൻ സ്റ്റാലിനും അദ്ദേഹത്തിന്റെ പാർട്ടിയുടെ പി.ആർ. കാമ്പയിനും വിജയകരമായി സാധിക്കുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്.

കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ സമീപം.

‘എല്ലാത്തിനും മേലെ ഏൻ പേര് സ്റ്റാലിൻ’, സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവേ തമിഴ്നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ സ്റ്റാലിൻ പറഞ്ഞ ഈ വാചകം ഹർഷാരവത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. സദസ്സിനെ കയ്യിലെടുക്കുന്ന കാവ്യാത്മക, തീപ്പൊരി പ്രസംഗങ്ങളിലൂടെ സ്നേഹവും സഹാനുഭൂതിയും കരച്ചിലും ആവേശവും രോഷവും നിറച്ച് ജനത്തെ മയക്കി ശീലിച്ചവരുടെ പരമ്പരയാണ് തമിഴ്നാട് രാഷ്ട്രീയത്തിന്റേത്. പക്ഷേ അവരിലൊന്നും സ്റ്റാലിൻ പെടില്ല. ആവേശം ജനിപ്പിക്കാൻ കഴിയുന്ന പ്രസംഗമൊന്നുമല്ല സ്റ്റാലിന്റേത്. കയറ്റിറക്കങ്ങളില്ലാത്ത ആവറേജ് പ്രസംഗം മാത്രം. ഒരുകാലത്ത് കലൈഞ്ജറുടെ കവിത തുളുമ്പിയ പ്രസംഗം കേട്ട ജനതയാണ് തമിഴകം. ഇപ്പോൾ കനിമൊഴിയുടെ പ്രസംഗമാണ് നല്ലതെന്ന് പറയാവുന്നത്. കരുണാനിധിയുടെ കഴിവുകൾ പലതും കനിമൊഴിയിലുണ്ട്. സ്റ്റാലിൻ അത്തരമൊരാളല്ല. എന്നിട്ടും സി.പി.എം. പാർട്ടി കോൺഗ്രസിലെ പ്രസംഗം വേറിട്ടുനിന്നു, ശ്രദ്ധിക്കപ്പെട്ടു. അതിന് സ്റ്റാലിൻ വ്യക്തിപരമായി കാണിച്ച ഔത്സുക്യം കൂടി കാരണമാണ്. കേരളവുമായി ബന്ധം മോശകാതിരിക്കാനും പിണറായി അടക്കമുള്ള കമ്യൂണിസ്റ്റു നേതാക്കളുമായി നല്ല ബന്ധം പുലർത്താനും സ്റ്റാലിൻ ശ്രദ്ധിച്ചതുകൊണ്ട് കൂടിയാണത്. തമിഴ്നാട്ടിലെ ചില മേഖലകളിൽ ശക്തിയുണ്ടെങ്കിലും വലിയ വോട്ട് ബാങ്ക് അല്ലാത്ത കമ്യൂണിസ്റ്റ് പാർട്ടിയെ കാര്യഗൗരവത്തോടെ പരിഗണിക്കുന്ന സമീപനം സ്റ്റാലിനിലുണ്ട്. രണ്ട് സീറ്റുകൾ തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് നേടിയതിൽ ഡി.എം.കെയുണ്ട് പങ്ക് വലുതാണെന്നത് മാത്രമല്ല. ഇടതുപക്ഷത്തെ എപ്പോഴും കൂടെ നിർത്തുന്ന ഡി.എം.കെ.  അവരുടെ ഉറച്ചവോട്ടിന്റെ പിന്തുണ മറ്റൊരു മണ്ഡലത്തിൽ ഓഫർ ചെയ്തു കൊണ്ടുതന്നെയാണ് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് ഇപ്പോൾ തിരിച്ചെടുത്തതും.

‘ദ്രവീഡിയൻ മോഡൽ ഓഫ് ഗവേണൻസ്’ എന്നാണ് ദ്രാവിഡ മുന്നേറ്റ കഴകം അവരുടെ ഭരണത്തെ സ്വയം വിശേഷിപ്പിക്കുന്നത്. ചില കാര്യങ്ങളിൽ അത് വർക്ക് ചെയ്യിച്ചെടുക്കാൻ സാധിക്കുന്നുമുണ്ട്.

പി.ആർ. കാമ്പയിനുകൾ ഉപയോഗിക്കുന്നതിൽ നല്ല മിടുക്കുണ്ട് തമിഴക സർക്കാരിന്. ഭരണനേട്ടം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ആ വഴി ഒരു മോശം കാര്യമല്ല ഈ പുതിയ ലോകത്ത്. ഡിഎം.കെ. ഏറ്റവും കൂടുതൽ പേരുദോഷം കേട്ടത് മുൻകാലങ്ങളിൽ അഴിമതിയുടെ പേരിലാണ്. നേതാക്കളുടെ ഭരണത്തിലെ ഇടപെടലും ഉദ്യോഗസ്ഥരെ ബൈപാസ് ചെയ്തുള്ള ഹിതകരമല്ലാത്ത ഇടപെടലുകളും അവർക്ക് വിനയായ ചരിത്രമാണല്ലോ അത്. സാഹചര്യം കുറെയൊക്കെ മാറിയിട്ടുണ്ടെന്ന് ചെന്നൈയിലെ മാധ്യമപ്രവർത്തകരടക്കം പറയുന്നു. അഴിമതി തുടച്ചുനീക്കി എന്നല്ല, മറിച്ച് പല തലങ്ങളിലേയും അഴിമതിയെ നേരിടാൻ കഴിയുംവിധം സ്റ്റാലിന്റെ നേതൃപാടവം ഗുണം ചെയ്തു എന്നതാണത്. നേതാക്കൾ സ്വന്തം നിലയ്ക്ക് നേരിട്ട് തങ്ങളുടെ താൽപര്യങ്ങൾക്കായി ഇടപെടുന്നത് സ്റ്റാലിൻ മുഖ്യമന്ത്രിയായ ശേഷം കുറഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല ഭരണത്തിന് കൂടുതൽ ഫ്രീ ഹാൻഡ് കൊടുക്കാനും ചെറുപ്പക്കാരായ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഊർജ്ജസ്വലരായ ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൊടുത്ത് ഭരണനിർവ്വഹണം വലിയ തട്ടുകേടില്ലാതെ കൊണ്ടുപോകാനും സ്റ്റാലിൻ മന്ത്രിസഭയ്ക്ക് കഴിയുന്നു. ഇത് ഡി.എം.കെ. ഭരണത്തിനുണ്ടായ പഴയ ഇമേജ് റീ ബിൽഡ് ചെയ്യാൻ അവരെ സഹായിക്കുന്നു. ഇൻഡസ്ട്രിയൽ സ്റ്റേറ്റ് ആയതിനാൽ കേന്ദ്രഫണ്ട് നൽകാത്തത് പ്രതിഷേധത്തിനിടയാക്കിയെങ്കിലും അത്തരം കേന്ദ്രത്തിന്റെ വൈരനിര്യാതനബുദ്ധിയ്ക്ക് കേരളത്തിലെ പോലെ വലിയ സാമ്പത്തിക പ്രതിസന്ധിയായി തമിഴ്നാടിനെ ഉലയ്ക്കാൻ കഴിയുന്നുമില്ല.

സ്റ്റാലിൻ, പഴയ ചിത്രം

‘ദ്രവീഡിയൻ മോഡൽ ഓഫ് ഗവേണൻസ്’ എന്നാണ് ദ്രാവിഡ മുന്നേറ്റ കഴകം അവരുടെ ഭരണത്തെ സ്വയം വിശേഷിപ്പിക്കുന്നത്. ചില കാര്യങ്ങളിൽ അത് വർക്ക് ചെയ്യിച്ചെടുക്കാൻ സാധിക്കുന്നുമുണ്ട്. ഒരേസമയം തമിഴ് ദേശീയത ഉയർപ്പിടിക്കാനും ദ്രവീഡിയൻ രാഷ്ട്രീയം പറയാനും അതേസമയം തീവ്ര തമിഴ് ദേശീയതാവാദികളെ മെരുക്കാനും സ്റ്റാലിന് സാധിക്കുന്നു. വൈക്കോയെ പോലുള്ള തീവ്ര നേതാക്കൾ ഇപ്പോൾ ചിത്രത്തിലില്ലാതായി. സീമാനെ പോലുള്ള ചിലർ മാത്രമാണ് ബാക്കി. അവർ പല കാര്യങ്ങളിലും സ്റ്റാലിനെതിരാണെങ്കിലും സംഘപരിവാർ രാഷ്ട്രീയത്തെ നേരിടുന്ന കാര്യത്തിൽ സ്റ്റാലിനൊപ്പം നിൽക്കുന്നുവെന്നത് നേതൃ മികവു കൊണ്ടാണെന്ന് പറയേണ്ടിവരും. ഇതെല്ലാം ചേരുന്ന പബ്ലിക് റിലേഷനിൽ മറ്റ് സംസ്ഥാന മുഖ്യന്മാരേക്കാൾ മുന്നോട്ട് പോകാനവർക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴ് മീഡിയ മൊത്തത്തിൽ ഭരണത്തിനോ സർക്കാരിനോ എതിരല്ല. പിണറായി വിജയനെ മലയാളി മീഡിയ ടാർഗറ്റ് ചെയ്യുന്ന രീതിയിൽ സ്റ്റാലിനെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുമില്ല.

തമിഴ്നാട്ടിലെ നല്ലൊരു ശതമാനം മുസ്‍ലിംകൾ ഡി.എം.കെയുടെ കൂടെയാണ്. മോദി വിരുദ്ധ നിലപാടും അവരെ അവിടെ ഉറപ്പിച്ച് നിർത്തുന്നു.

ദലിത് നേതാവായ തോൾ തിരുമാളവന്റെ വി.സി.കെയെ കൂടെ നിർത്താൻ അവർക്കായി. ഇടതുപക്ഷം നേതൃത്വം നല്കുന്ന തമിഴ്നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫോറത്തിന്റെ പരിപാടികൾ സജീവമായ തമിഴ്‌നാട്ടിൽ അവരുടെ പ്രവർത്തനം മയപ്പെടുത്താൻ രാഷ്ട്രീയമായി സ്റ്റാലിൻ ശ്രമിച്ചു എന്നാണ് വർത്തമാനം. സർക്കാരിന് പ്രതിച്ഛായ പ്രശ്നമാകാതിരിക്കാനാണ് അത് ചെയ്തത്രെ. ജില്ലാ അഡ്മിനിസ്ട്രേഷൻ വഴി മിടുക്കരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പലയിടത്തും ജാതിമതിൽ പൊളിക്കലും ദലിതരുടെ ക്ഷേത്രപ്രവേശനം നേടിക്കൊടുക്കലുമടക്കം പല കാര്യങ്ങളും സ്റ്റാലിൻ സർക്കാർ വഴി ചെയ്തു. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഇടതുപക്ഷ ഗ്രൂപ്പിനോട് അവരോട് അത്ര വലിയ പരാതിയുമില്ല, ഇക്കാര്യത്തിൽ. എല്ലാ അർത്ഥത്തിലും അക്കമേഡീറ്റീവാണ് എന്നതാണ് ഡി.എം.കെ സര്ക്കാരിന്റെ പ്രത്യേകത. തമിഴ്നാട്ടിലെ നല്ലൊരു ശതമാനം മുസ്‍ലിംകൾ ഡി.എം.കെയുടെ കൂടെയാണ്. മോദി വിരുദ്ധ നിലപാടും അവരെ അവിടെ ഉറപ്പിച്ച് നിർത്തുന്നു. ലീഗ് അടക്കം രണ്ട് പ്രധാന ന്യൂനപക്ഷ പാർട്ടികളും ഡി.എം.കെയുടെ കൂടെയുണ്ട്. പൗരത്വനിയമം നടപ്പാക്കില്ലെന്ന് പിണറായിക്കൊപ്പം സ്റ്റാലിനും പറയുന്നു. ഇത് സൃഷ്ടിച്ച ബലം വലുതാണ്.

മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി വേദിയിൽ എം.കെ സ്റ്റാലിൻ

പഴയ ഗ്രൂപ്പിസവും ഡി.എം.കെയെ ഇപ്പോൾ അലട്ടുന്നില്ല. അഴഗിരി ഒതുങ്ങി. ഡി.എം.കെയുടെ ഗ്രൂപ്പിസത്തിന് അറുതി വരുത്തി പാർട്ടി കയ്യിലൊതുക്കാൻ സ്റ്റാലിന് കഴിഞ്ഞു. നമ്മ ഊര് കൊണ്ടാട്ടം പോലുള്ള പരിപാടികളിൽ കീഴാള വിഭാഗത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളെ സക്രിയമാക്കാൻ ശ്രദ്ധ പതിപ്പിച്ചു ഈ സർക്കാർ. നമ്മ ഊര് തിരുവിഴ ചെന്നൈ സംഗമത്തിൽ സ്റ്റാലിനും കനിമൊഴിയും സാന്നിധ്യമായത് തമിഴ്നാട്ടിലെ കീഴാള വിഭാഗത്തിലെ കലാകാരൻമാർക്ക് ആവേശം നൽകിയ കാര്യമാണ്. അതേസമയം സംഗീത കലാനിധി പുരസ്കാരത്തിൽ ടി.എം. കൃഷ്ണയെ പിന്തുണച്ച് പ്രസ്താവനയിറക്കി സ്റ്റാലിൻ താൻ പുരോഗമന സാംസ്കാരിക പക്ഷത്തുണ്ടെന്ന ശക്തമായ മറുപടിയും നൽകി. തന്തൈ പെരിയോറെ തൊട്ടതാണ് കർണാടിക് സിംഗർ സിസ്റ്റേഴ്സിന്റെ ഈ വിഷയത്തിലെ നിലപാടുനില പരുങ്ങലിലാക്കിയത്. സ്റ്റാലിൻ ഉൾപ്പെടെ മറുപടിയുമായി ഇറങ്ങിയതും അതോടെയാണ്. പെരിയോറെ ചെളിവാരിയേണ്ടെന്ന മുന്നറിയിപ്പോടെ അവർ ഗായകൻ ടി.എം. കൃഷ്ണയെ പിന്തുണച്ചു.

സനാതനക്കാരും അണ്ണാമലൈ ലൈനും തമ്മിലുള്ള ക്രൈസിസ് വലുതാണ്. ആ പോര് വലിയ ഇഷ്യൂവാണ് സത്യത്തിൽ. അതെല്ലാം ഉപയോഗിക്കാൻ സ്റ്റാലിൻ സാധിക്കുന്നു.

സ്റ്റാലിൻ ഭരണത്തിൽ പലയിടത്തും സാംസ്കാരിക വിഷയങ്ങളിൽ പ്രത്യേകിച്ചും കനിമൊഴിയുടെ മേൽനോട്ടമുണ്ട്. സ്പോര്ട്സ്- കലാ മേഖലയ്ക്ക് നല്ല രീതിയിൽ ഫണ്ടുകൾ അനുവദിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തിലടക്കം വകുപ്പ് സൃഷ്ടിച്ചു. സോളാർ വൈദ്യുതി പ്രമോട്ട് ചെയ്യുന്നു. വീട്ടമ്മമാർക്ക് ആയിരം രൂപ കൊടുക്കുന്ന പദ്ധതി നടപ്പാക്കി. സർക്കാർ ബസിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. സിറ്റി ഓർഡിനറി ബസിൽ നടപ്പാക്കിയ പദ്ധതി നീലഗിരി അടക്കമുള്ള മലയോരത്തും വ്യാപിപ്പിച്ചു. വനിതകൾക്ക് ടിക്കറ്റ് ബസിൽ നൽകും. വിറ്റ ടിക്കറ്റിനുള്ള പണം സർക്കാര് റീഫണ്ട് ചെയ്യും ട്രാൻസ്പോർട്ട് കോർപ്പറേഷന്. അതാണ് വ്യവസ്ഥ. 

തമിഴ്നാട് ഗവർണ്ണർ ആർ.എൻ.രവിക്കൊപ്പം സ്റ്റാലിൻ

ഗവർണർ ആർ.എൻ.രവിയുടെ നടപടികൾ മോദിയുടെ മനസ്സറിഞ്ഞ് കളിക്കലാണ് എന്ന് തോന്നുമെങ്കിലും സത്യത്തിൽ സംസ്ഥാന ബി ജെ പിയ്ക്ക് ദോഷമാകുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ അണ്ണാമലയിലൂടെ അവതരിപ്പിക്കപ്പെടുന്ന നോൺ ബ്രാഹ്മിൺ ഫേസിന്റെ സാധ്യതകൾക്ക് മറുവശത്ത് പാരയാകുന്നതും ഗവർണർ രവിയുടെ ഇടപെടലാണ്. അതിൽ സംസ്ഥാന ഘടകത്തിന് എതിർപ്പുമുണ്ട്, അണ്ണാമലയോട് എതിർപ്പുള്ള അപ്പർ കാസ്റ്റ് വിഭാഗവും ബി.ജെ.പിയിൽ ശക്തമാണ്. അതായത് സനാതനക്കാരും അണ്ണാമലൈ ലൈനും തമ്മിലുള്ള ക്രൈസിസ് വലുതാണ് അവിടെ. ആ പോര് വലിയ ഇഷ്യൂവാണ് സത്യത്തിൽ. അതെല്ലാം ഉപയോഗിക്കാൻ സ്റ്റാലിൻ സാധിക്കുന്നു. എല്ലാ രാഷ്ട്രീയ യോഗങ്ങളിലും രാജ്ഭവൻ എങ്ങനെ ബി.ജെ.പിയുടെ ടൂൾ ആകുന്നുവെന്ന വിമർശനം ഉന്നയിക്കാൻ സ്റ്റാലിൻ മറക്കുന്നില്ല. രാമു മണിവർണനെ പോലുള്ള അക്കാദമിക് രംഗത്തെ സാമൂഹ്യനിരീക്ഷകരും ഗവർണർ രാഷ്ട്രീയം കളിക്കുന്നതിനെതിരായ ഡി.എം.കെ മറുപടിയെ ശ്ലാഘിക്കുന്നവരാണ്. ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനറാണ് ആർ.എൻ. രവിയെന്ന പരിഹാസവും അവരുന്നയിക്കുന്നു. ബി.ജെ.പി. ഡി.എം.കെയുടെ ശത്രു മാത്രമല്ല ഇന്ത്യൻ ഭരണഘടനയുടെ ശത്രുവാണ് എന്ന വിമർശനം അവർ എല്ലായിടത്തും ഉന്നയിക്കുമ്പോൾ ജനങ്ങൾക്കിടയിൽ അതിന് ബലം ലഭിക്കുന്നുമുണ്ട്. 

സ്നേഹവും സഹാനുഭൂതിയും കരച്ചിലും ആവേശവും രോഷവും നിറച്ച് ജനത്തെ മയക്കി ശീലിച്ചവരുടെ പരമ്പരയാണ് തമിഴ്നാട് രാഷ്ട്രീയത്തിന്റേത്. പക്ഷേ അവരിലൊന്നും സ്റ്റാലിൻ പെടില്ല.

ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനേക്കാൾ നന്നായി അറിഞ്ഞുകളിക്കുന്ന കേരളത്തിൽ അതിന് സ്വീകാര്യത കിട്ടുന്നുണ്ടെങ്കിൽ പകരം തൊട്ടയൽപ്പക്കത്ത് ഗവർണർ ആർ.എൻ. രവിയുടെ രീതികൾ ടോർപീഡോ ആവുന്നു ബി.ജെ.പിയ്ക്ക്, പലപ്പോഴും. പക്ഷേ ഇനി വരാനിരിക്കുന്ന പ്രതിസന്ധി തമിഴ് ജനതയെ നയിക്കുന്ന അടുത്ത നേതാവാര് എന്നതാണ്. ഉദയനിധിയുടെ സ്വീകാര്യത തുച്ഛമാണ്. ഉദയനിധിയുടെ കാലത്ത് ഡി.എം.കെയ്ക്ക് ഒരു വലിയ എതിരാളിയുണ്ട് നടൻ വിജയ്. അതാണ് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള സ്റ്റാലിന് ഇനിയുള്ള നാളുകളിൽ വരാനുള്ള വലിയ പ്രതിസന്ധിയും. അതിനിടെ ചിന്നിച്ചിതറിയ ചെറുപാർട്ടികളേയും ജയലളിതയുടെ പാർട്ടിയേയും എല്ലാം ലക്ഷ്യമിട്ട് ബി.ജെ.പി. കാത്തിരിപ്പുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പക്ഷേ ഇതൊന്നും ഒരു പ്രശ്നമല്ല തമിഴ്നാടിനെ സംബന്ധിച്ച് കാരണം അവിടെ സ്റ്റാലിനുണ്ട്, കൺസ്ട്രക് ആയ ഭരണവും. പഴയ സ്റ്റാലിനല്ല പുതിയ സ്റ്റാലിനെന്ന് പറയാം ഇപ്പോഴത്തെ അവസ്ഥയിൽ. അതുകൊണ്ടുതന്നെയാണ് സി.പി.എം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ നടത്തിയ ആ പ്രസംഗത്തിലെ പ്രയോഗം ഏത് അർത്ഥത്തിലെടുത്താലും പ്രസക്തമാകുന്നതും. 

Comments