വിജയനഗറിലെ
ആൾക്കൂട്ട ആക്രമണവും
കുടിയേറ്റ വിദ്യാർത്ഥികളുടെ
ജീവിതവും

ഡൽഹി സർവകലാശാലാ പരിസരത്ത് മലയാളികൾ അടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന വിജയനഗറിൽ ഈയടുത്ത് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ ഭക്ഷണസാമഗ്രികൾ വിറ്റിരുന്ന ഒരു കട, പശുവിറച്ചി വിൽക്കുന്നു എന്നാരോപിച്ച് ആക്രമിക്ക​​പ്പെട്ടു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന കുടിയേറ്റ വിദ്യാർഥികളുടെ ഡൽഹി പോലുള്ള ഇടങ്ങളിലെ ജീവിതങ്ങളെയും സാംസ്കാരിക വിനിമയങ്ങളെയും അവ നേരിടുന്ന വെല്ലുവിളികളെയും വിശകലനം ചെയ്യുന്നു, ഡൽഹി അംബേദ്കർ സർവകലാശാലയിൽ ഗവേഷകനായ അനിൽ സേതുമാധവൻ.

ന്നത വിദ്യാഭ്യാസത്തിനായുള്ള അന്തർ സംസ്ഥാന കുടിയേറ്റം വർഷങ്ങളായി രാജ്യത്ത് വർദ്ധിക്കുകയാണ്. പരിഷ്കരിച്ച വിദ്യാഭ്യാസ നയങ്ങളും തന്മൂലം കേന്ദ്ര സർവകലാശാലകൾക്കു ലഭിക്കുന്ന പ്രാധാന്യവും, വിദ്യാർഥികളുടെ സ്വാതന്ത്ര്യ കാംക്ഷയും എല്ലാം ഇതിനുള്ള കാരണങ്ങളായി കണക്കാക്കാം. ഇത്തരത്തിൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് എത്തിപ്പെടുന്ന രാജ്യത്തെ നഗരങ്ങളിൽ സുപ്രധാനമായ ഒന്നാണ്, തലസ്ഥാനം കൂടിയായ ഡൽഹി. ഡൽഹി സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിങ്ങനെയുള്ള കേന്ദ്ര സർവകലാശാലകളും, അംബേദ്കർ സർവകലാശാല, സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി തുടങ്ങിയ മറ്റ് സർവകലാശാലകളും മറ്റും ഡൽഹിയെ ഉന്നത വിദ്യാഭ്യാസകാംക്ഷികളായ വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനമാക്കി തീർക്കുന്നു. 30 സർവകലാശാലകളും 188 കോളേജുകളും 107 സ്വതന്ത്ര സ്ഥാപനങ്ങളും, അതിനു പുറമേ മത്സര പരീക്ഷാ കോച്ചിംഗ് ലഭ്യമാക്കുന്ന അനവധി സ്ഥാപനങ്ങളും എല്ലാമായി ഡൽഹിയിലെ ഉന്നത വിദ്യാഭ്യാസമേഖല വിശാലമായി നിലകൊള്ളുന്നു.

2022- ലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദേശീയ കണക്ക് (AISHE 2022) പ്രകാരം 1,145,390 വിദ്യാർഥികൾ ഡൽഹിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. 2011- ലെ സെൻസസ് ഡാറ്റ പ്രകാരം, ഡൽഹിയിലെ വിദ്യാഭ്യാസ കുടിയേറ്റക്കാർ 2001- ൽ 81,000 ആയിരുന്നത് 1.32 ലക്ഷമായി വർദ്ധിച്ചു. ഇത്തരത്തിൽ ഡൽഹി വിദ്യാർഥികളുടെ ലക്ഷ്യ സ്ഥാനമാകുമ്പോഴും, ഡൽഹി എപ്രകാരമാണ് ഇവരെ സ്വീകരിക്കുന്നത്? വൈവിധ്യങ്ങളായ സംസ്കാരങ്ങളിൽ നിന്നും ഭക്ഷണശീലങ്ങളിൽ നിന്നും ഡൽഹിയിലേക്ക് എത്തുന്ന കൂടിയേറ്റക്കാരായ വിദ്യാർഥികൾ ഏത് വിധത്തിലാണ് ഡൽഹിയിൽ തങ്ങളുടെ ജീവിതം ക്രമീകരിക്കുന്നത്?

മുസ്ലിങ്ങളും ദലിതരും അടക്കമുള്ള ന്യൂനപക്ഷം മാത്രമല്ല ഈ രാജ്യത്തെ ഹിന്ദുത്വ ഭീകരവാദികളുടെ നോട്ടപ്പുള്ളികൾ. അതിൽ, വടക്ക് കിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള മനുഷ്യരും ഉൾപ്പെടും.

ഡൽഹി സർവകലാശാലാ പരിസരത്ത് മലയാളികൾ അടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന വിജയനഗർ എന്ന പ്രദേശത്ത് ഈയടുത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭക്ഷണസാമഗ്രികൾ വിറ്റിരുന്ന ഒരു കട ആക്രമിക്കപ്പെട്ടു. പശുവിറച്ചി വിൽക്കുന്നു എന്നാരോപിച്ച് ഗോരക്ഷകർ എന്നു സ്വയം വിശേഷിപ്പിച്ച സംഘമാണ് കഴിഞ്ഞ മാർച്ച് 30ന് രാത്രി കട ആക്രമിച്ചത്. ‘പശുക്കളെ കൊല്ലുന്നവരെ വെടിവെച്ചുകൊല്ലണം’ എന്നാക്രോശിച്ചെത്തിയ അക്രമിസംഘം കടയുടമ ചമൻകുമാറിനെ മർദ്ദിച്ചു. താൻ കടയിൽനിന്ന് 400 രൂപയ്ക്ക് ഒരു കിലോ പശുവിറച്ചി വാങ്ങിയെന്ന തദ്ദേശവാസിയായ ഒരു പതിനഞ്ചുകാരന്റെ പരാതിയെതുടർന്നായിരുന്നു ആക്രമണം.

ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന കുടിയേറ്റ വിദ്യാർഥികളുടെ ഡൽഹി പോലുള്ള ഇടങ്ങളിലെ ജീവിതങ്ങളെ, അതിൽ ഉൾപ്പെട്ടിരിക്കുന്ന സാംസ്കാരിക വിനിമയങ്ങളെ, അവ നേരിടുന്ന വെല്ലുവിളികളെ മനസ്സിലാക്കാനാണ് ശ്രമം.

ഡൽഹി സർവകലാശാലാ പരിസരത്ത് ഇതര സംസ്ഥാന വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന വിജയനഗർ എന്ന പ്രദേശത്ത്, പശുവിറച്ചി വിൽക്കുന്നു എന്നാരോപിച്ച് ഗോരക്ഷകർ എന്നു സ്വയം വിശേഷിപ്പിച്ച സംഘം ഒരു കട ആക്രമിച്ചു.
ഡൽഹി സർവകലാശാലാ പരിസരത്ത് ഇതര സംസ്ഥാന വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന വിജയനഗർ എന്ന പ്രദേശത്ത്, പശുവിറച്ചി വിൽക്കുന്നു എന്നാരോപിച്ച് ഗോരക്ഷകർ എന്നു സ്വയം വിശേഷിപ്പിച്ച സംഘം ഒരു കട ആക്രമിച്ചു.

കുടിയേറ്റ വിദ്യാർത്ഥികളുടെ ഇടം

കുടിയേറ്റക്കാരായ ഏതൊരു വിഭാഗത്തിന്റെയും സാംസ്കാരിക ജീവിതങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളുണ്ട് എന്ന് സാമൂഹിക ഗവേഷകർ അഭിപ്രായപ്പെടുന്നു: ഭക്ഷണം (food), വിശ്വാസം (faith), ആഘോഷം (festivity). അവരുടെ സാംസ്കാരിക സ്വത്വം, സാമൂഹിക ഐക്യം, വൈകാരിക ഉന്നമനം എന്നിവയുടെ പ്രധാന അടയാളങ്ങളായി ഇവ വർത്തിക്കുന്നു. കുടിയേറ്റക്കാരായ മനുഷ്യർ അവർ എത്തിപ്പെടുന്ന പ്രദേശത്ത് നേരിട്ടേക്കാവുന്ന ഭാഷാപരവും സാമൂഹികവും സാംസ്കാരികവുമായ അന്യവൽക്കരണത്തോട് പ്രതികരിക്കുവാനായി കണ്ടെത്തുന്ന മാർഗ്ഗങ്ങൾ ഭക്ഷണവും, വിശ്വാസവും, ആഘോഷങ്ങളുമായി കൂടിച്ചേർന്നു കിടക്കുന്നു. വിദ്യാർഥികളാവട്ടെ അവരുടെ ജീവിതശൈലി കൊണ്ടും, ചുറ്റുപാടുകളോട് പ്രതികരിക്കുന്ന രീതി കൊണ്ടും വ്യത്യസ്തരായിരിക്കുന്ന കുടിയേറ്റ വിഭാഗമാണെന്ന് വേണം കരുതാൻ. തങ്ങൾ എത്തിച്ചേരുന്ന പുതിയ ഇടം പ്രദാനം ചെയ്യുന്ന പുതിയ ജീവിതശൈലികളും മറ്റും പരീക്ഷിക്കുവാനായുള്ള സ്വാഭാവികമായ തോന്നലുകൾക്കൊപ്പം തന്നെ, തങ്ങളുടെ സാംസ്കാരിക സ്വത്വത്തെ ആഘോഷിക്കാനുള്ള പ്രവണതയും അവരിൽ ഉണ്ടായിരിക്കും.

വിദ്യാർത്ഥികൾ സ്വൈര്യവിഹാരം നടത്തുന്ന, പഠിക്കുന്ന, ചർച്ചകൾ ചെയ്യുന്ന, ആശയങ്ങളും സംസ്കാരവും വിനിമയം ചെയ്യുന്ന അവരുടെ വ്യവഹാര ഇടങ്ങളെയാണ് വിജയനഗറിലേത് പോലുള്ള ആക്രമങ്ങളിലൂടെ വലതുപക്ഷം ഉന്നംവെക്കുന്നത്.

പല വിദ്യാർഥികളും ഒരു പ്രത്യേക ഇടം തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി തെരഞ്ഞെടുക്കുന്നതുമുതൽ, താമസിക്കാനുള്ള സ്ഥലം കണ്ടുപിടിക്കുന്നതും, പുതിയ ഇടത്തെ മനസ്സിലാക്കുന്നതും എല്ലാം തങ്ങളുടെ സംസ്ഥാനത്ത് നിന്ന് അവിടെ ജീവിക്കുന്ന മറ്റു വിദ്യാർഥികളുടെ സഹായത്തോടെയായിരിക്കും. ഇത്തരത്തിൽ ഒരു വിദ്യാർഥി ഒരു അന്യനഗരത്തിലേക്ക് എത്തുന്നതിനു മുമ്പേ തന്നെ ഒരു സോഷ്യൽ നെറ്റ് വർക്കിന്റെ ഭാഗമാവുന്നു എന്നു പറയാം. സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിൽ, കഴിക്കുന്ന ഭക്ഷണവും, വസ്ത്രധാരണവും, ഭക്ഷണവും എല്ലാം ഉൾപ്പെടുന്ന സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ, മറ്റു ചിലപ്പോൾ മതത്തിന്റെയോ, രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തിൽ രൂപീകൃതമാവുന്ന ഇത്തരം സോഷ്യൽ നെറ്റ് വർക്കുകൾക്ക് കൂടിയേറ്റക്കാരായ വിദ്യാർഥികളുടെ ജീവിതങ്ങളെ നിർവചിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്. പലപ്പോഴും ഒരു പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ വഴിയോ, താമസഇടങ്ങൾ വഴിയോ ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാവുന്നതായും കാണാം. കുടിയേറ്റക്കാരായ വിദ്യാർത്ഥികളുടെ എണ്ണം ഒരിടത്ത് വർധിക്കുന്നതിൻ്റെ ഭാഗമായാണ് അത്തരത്തിൽ ഉള്ള സ്ഥാപനങ്ങൾ ഉണ്ടാവുന്നത് എന്നത് ഈ പ്രക്രിയയുടെ സാംക്രമിക സ്വഭാവം ചൂണ്ടി കാണിക്കുന്നുണ്ട്.

മതത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമെല്ലാം  അടിസ്ഥാനത്തിൽ രൂപീകൃതമാവുന്ന സോഷ്യൽ നെറ്റ് വർക്കുകൾക്ക് കൂടിയേറ്റക്കാരായ വിദ്യാർഥികളുടെ ജീവിതങ്ങളെ നിർവചിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്.
മതത്തിന്റെയും രാഷ്ട്രീയ പാർട്ടിയുടെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ രൂപീകൃതമാവുന്ന സോഷ്യൽ നെറ്റ് വർക്കുകൾക്ക് കൂടിയേറ്റക്കാരായ വിദ്യാർഥികളുടെ ജീവിതങ്ങളെ നിർവചിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്.

വിജയനഗറിൽ സംഭവിച്ചത്…

ഡൽഹിയുടെ കാര്യത്തിൽ ഇവിടെ വരുന്ന മലയാളി വിദ്യാർത്ഥികൾ വലിയ തോതിൽ മുന്നേ തന്നെ മലയാളികളായ വിദ്യാർത്ഥികൾ നിന്നു പോരുന്ന പ്രദേശങ്ങളിൽ താമസിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൻ്റെ ചുറ്റുവട്ടത്തുള്ള വിജയനഗർ, ഓൾഡ് ഗുപ്താ കോളനി, മൽക്കാഗഞ്ച് തുടങ്ങിയ പ്രദേശങ്ങളും, ഡൽഹി സർവകലാശാലയുടെ തന്നെ സൗത്ത് ക്യാമ്പസിൻ്റെ പരിസരത്തുള്ള സത്യനികേതൻ, മോത്തിബാഗ്, മുനീർക്ക തുടങ്ങിയ പ്രദേശങ്ങളും ഉദാഹരണങ്ങളാണ്.

അനിയന്ത്രിതമായ രീതിയിൽ പ്രവർത്തിക്കുന്ന വാടകമുറികളുടെ ശൃംഖലയും, വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് നടക്കുന്ന വിവിധ റെസ്റ്റോറൻ്റുകളും, പബ്ബുകളും എല്ലാം ഇത്തരം പ്രദേശങ്ങളുടെ മുഖമുദ്രകളാണ്. ഇവയോടൊപ്പം, ഈ ഇടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ താത്പര്യങ്ങൾക്ക് അനുസൃതമായ ഭക്ഷണവും, ഭക്ഷണസാമഗ്രികളും വിൽക്കുന്ന കടകളും കാലക്രമത്തിൽ ഉണ്ടായിവരുന്നതായി കാണാൻ സാധിക്കും. വിദ്യാർത്ഥികളുടെ ജീവിതശൈലിക്കനുസരിച്ച് ഒരു പ്രദേശത്തെ ഇത്തരത്തിൽ ക്രമീകരിച്ച് എടുക്കുന്ന പ്രക്രിയയെ വിദ്യാർത്ഥിവൽക്കരണം (studentification) എന്ന് യൂറോപ്പിലെ ചില സാമൂഹിക ഗവേഷകർ തൊണ്ണൂറുകളിൽ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയുടെ പല നഗരങ്ങളിലും ഈ പ്രക്രിയ കഴിഞ്ഞ കുറേ വർഷങ്ങളായി അരങ്ങേറുന്നുണ്ട് എങ്കിലും കാര്യമായ ശ്രദ്ധ ആരും ഇതിന് നൽകി കണ്ടിട്ടില്ല.

അടിസ്ഥാന സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളിൽ ഉയർന്ന വാടക കൊടുത്ത് നിൽക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ പ്രതീക്ഷയും പ്രതിരോധവും ആവുന്നത് അവരുടെ സംസ്കാരവും, ഭക്ഷണവും, സുഹൃത്ത് വലയങ്ങളും എല്ലാമാണ്. അത്തരം ഇടങ്ങളെ സംരക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ ആവശ്യമാണ്.

മേൽപ്പറഞ്ഞ, ഈ ലേഖനത്തിന് കാരണമായ സംഭവം നടന്നത്, നോർത്ത് ക്യാമ്പസിൻ്റെ പരിസരത്തുള്ള വിജയനഗർ എന്ന പ്രദേശത്താണ്. മലയാളികൾക്ക് പുറമേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും, മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും എല്ലാം വർഷങ്ങളോളമായി താമസിച്ചു പോരുന്ന ഒരിടം. 1975- ലെ സിഖ് കലാപത്തിനുശേഷം വീടുകളും മറ്റും നഷ്ടപ്പെട്ടവരെ പുനരധിവിസിപ്പിച്ച ഇടങ്ങളാണ് വിജയനഗറും, സമീപത്തുള്ള ഓൾഡ് ഗുപ്‌താ കോളനിയും, കിങ്ങ്സ് വേ ക്യാമ്പ് പരിസരവും എല്ലാം. കാലക്രമത്തിൽ ഡൽഹി സർവകലാശാലയിലെ കോളേജുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടി വരികയും, സർവകലാശാല നൽകുന്ന ഹോസ്റ്റൽ സംവിധാനം മതിയാവാതെ വരികയും ചെയ്തതോടെ ഈ പ്രദേശങ്ങളിൽ സ്വകാര്യ ഹോസ്റ്റൽ ബിസിനസ് പച്ച പിടിച്ചു. ഒപ്പം, ഈ അവസരത്തിൻ്റെ സാധ്യതകൾ മുന്നിൽ കണ്ട പ്രദേശവാസികൾ അവരുടെ വീടുകളുടെ നിളകളോ, മുറികളോ വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകാനാരംഭിച്ചു. ഇത്തരത്തിൽ അധികമുറികൾ ഇല്ലാത്ത ചില പ്രദേശവാസികൾ തങ്ങളുടെ താമസ സ്ഥലങ്ങൾക്കുമുകളിൽ പലപ്പോഴും അനധികൃതമായി പുതിയ നിലകൾ കെട്ടിപ്പൊക്കി വാടകയ്ക്ക് നൽകി തുടങ്ങി. വിദ്യാർത്ഥികൾക്കും, വീട്ടുടമകൾക്കും ഇടയിൽ ഇടനിലക്കാരായി ബ്രോക്കർമാർ രംഗപ്രവേശം ചെയ്തു. അടുത്ത വർഷങ്ങളിലായി ഹോസ്റ്റൽ ബിസിനസ് മേഖലളിൽ വലിയ സ്വാധീനമുള്ള വൻകിട കമ്പനികളായ സ്റ്റാൻസ ലിവിങ് പോലുള്ള കമ്പനികളും ഈ പ്രദേശങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിച്ചു.

1975- ലെ സിഖ് കലാപത്തിനുശേഷം വീടുകളും മറ്റും നഷ്ടപ്പെട്ടവരെ പുനരധിവിസിപ്പിച്ച ഇടങ്ങളാണ് വിജയനഗറും, സമീപത്തുള്ള ഓൾഡ് ഗുപ്‌താ കോളനിയും, കിങ്ങ്സ് വേ ക്യാമ്പ് പരിസരവും.  ഡൽഹി സർവകലാശാല നൽകുന്ന ഹോസ്റ്റൽ സംവിധാനം മതിയാവാതെ വന്നതോടെ ഈ പ്രദേശങ്ങളിൽ സ്വകാര്യ ഹോസ്റ്റൽ ബിസിനസ് പച്ച പിടിച്ചു.
1975- ലെ സിഖ് കലാപത്തിനുശേഷം വീടുകളും മറ്റും നഷ്ടപ്പെട്ടവരെ പുനരധിവിസിപ്പിച്ച ഇടങ്ങളാണ് വിജയനഗറും, സമീപത്തുള്ള ഓൾഡ് ഗുപ്‌താ കോളനിയും, കിങ്ങ്സ് വേ ക്യാമ്പ് പരിസരവും. ഡൽഹി സർവകലാശാല നൽകുന്ന ഹോസ്റ്റൽ സംവിധാനം മതിയാവാതെ വന്നതോടെ ഈ പ്രദേശങ്ങളിൽ സ്വകാര്യ ഹോസ്റ്റൽ ബിസിനസ് പച്ച പിടിച്ചു.

ഇത്തരത്തിൽ വിദ്യാർത്ഥികളെ, അവരുടെ നഗരത്തിലേക്കുള്ള വരവ് മുന്നോട്ടുവെച്ച സാധ്യതകളെ ചൂഷണം ചെയ്തുകൊണ്ട് വളർന്നു വന്നവയാണ് മുകളിൽ പറഞ്ഞ പല പ്രദേശങ്ങളും. നമ്മുടെ രാജ്യത്ത് ഇത്തരം പ്രദേശങ്ങൾ വരും വർഷങ്ങളിൽ ഇനിയും വർധിക്കും എന്നത് തീർച്ച. പക്ഷേ ഈ പ്രക്രിയയിൽ വിദ്യാർത്ഥികളും, അവരുടെ താത്പര്യങ്ങളും എപ്രകാരമാണ് പ്രതിനിധാനം ചെയ്യപ്പെടുക എന്നത് ചിന്തയ്ക്ക് വിധേയമാക്കേണ്ട ചോദ്യമാണ്. വിജയനഗറിലെ നോർത്ത് ഈസ്റ്റ് ഷോപ്പ് ആക്രമിക്കപ്പെടുന്നത് വിശകലനം ചെയ്യപ്പെടേണ്ടത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്.

രാജ്യത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ വ്യക്തമാണ്. മുസ്ലിങ്ങളും ദലിതരും അടക്കമുള്ള ന്യൂനപക്ഷം മാത്രമല്ല ഈ രാജ്യത്തെ ഹിന്ദുത്വ ഭീകരവാദികളുടെ നോട്ടപ്പുള്ളികൾ. അതിൽ, വടക്ക് കിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള മനുഷ്യരും ഉൾപ്പെടും. വലതുപക്ഷം മുന്നോട്ട് വെക്കുന്ന വംശീയതയുടെ രാഷ്ട്രീയത്തിന് പുറത്തുള്ള ഏത് മനുഷ്യരും അവരുടെ ഇരകളായി മാറാം. കഴിഞ്ഞ പത്തു വർഷമെങ്കിലുമായി പ്രസ്തുത പ്രദേശത്ത് പ്രവർത്തിച്ചുപോരുന്ന ഒരു സ്ഥാപനമായിരുന്നു ഈ നോർത്ത് ഈസ്റ്റ് ഷോപ്പ്. ഇത്രയും വർഷങ്ങൾക്കപ്പുറം ഈ സ്ഥാപനം ആക്രമിക്കപ്പെടുന്നു എന്നത്, നമ്മുടെ രാജ്യത്തിൻ്റെ മുക്കിലും മൂലയിലേക്കും വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ ദംഷ്ട്രകൾ എത്തുന്നതിൻ്റെ സൂചനയല്ലെങ്കിൽ മറ്റെന്താണ്?

വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വിദ്യാർഥികളുടെ കുടിയേറ്റം വരും വർഷങ്ങളിൽ വർദ്ധിക്കും. നഗരങ്ങൾ അവരുടെ ആവശ്യങ്ങൾക്കുതകുന്ന തരത്തിൽ വളർന്നില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അത് പ്രതിസന്ധിയിലേക്ക് നയിക്കും.

വലതുപക്ഷത്തിന്റെ
ആക്രമണ ലക്ഷ്യങ്ങൾ

വിദ്യാർത്ഥികൾ സ്വൈര്യവിഹാരം നടത്തുന്ന, പഠിക്കുന്ന, ചർച്ചകൾ ചെയ്യുന്ന, ആശയങ്ങളും സംസ്കാരവും വിനിമയം ചെയ്യുന്ന അവരുടെ വ്യവഹാരഇടങ്ങളെയാണ് വിജയനഗറിലേത് പോലുള്ള ആക്രമങ്ങളിലൂടെ ഇന്നാട്ടിലെ വലതുപക്ഷം ഉന്നംവെക്കുന്നത്. അവരുടെ ഇരകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മനുഷ്യരാണെന്നതുപോലെ തന്നെ ഇവിടെയുള്ള വിദ്യാർത്ഥികൾ കൂടിയാണ്. ബി.ജെ.പി ഭരണകൂടത്തിനെതിരെയും, വലതുപക്ഷം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനെതിരെയും ശക്തമായ ഇടപെടലുകൾ നടക്കുന്നത് ഇവിടെയുള്ള സർവകലാശാലകളിലും അവിടെയുള്ള ക്ലാസ് മുറികളിലുമാണ്. ആസൂത്രിതമായി, വിദ്യാഭ്യാസ നയങ്ങളിലൂടെയും, നിയമനങ്ങളിലൂടെയും എല്ലാം വലതുപക്ഷം അതിനെ ആക്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതിനെതിരെ ശക്തമായ പ്രതിഷേധം വിവിധ കോണുകളിൽ ഉയരുന്നുമുണ്ട്. ഇപ്പോൾ ആ ആക്രമണം ഇതാ, വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിലേക്ക് കൂടി എത്തിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത, വായുവും വെളിച്ചവും കടക്കാത്ത തീപ്പെട്ടി വലിപ്പമുള്ള മുറികളിൽ ഉയർന്ന വാടക കൊടുത്ത് നിൽക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ ദൈനംദിന ജീവിതങ്ങളിൽ പ്രതീക്ഷയും പ്രതിരോധവും ആവുന്നത് അവരുടെ സംസ്കാരവും, ഭക്ഷണവും, സുഹൃത്ത് വലയങ്ങളും എല്ലാമാണ്. അത്തരം ഇടങ്ങളെ സംരക്ഷിക്കേണ്ടത് വിദ്യാർത്ഥികളുടെ ആവശ്യമാണ്. അതേപോലെ, ഇന്നാട്ടിലെ സാംസ്കാരിക വൈവിധ്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു മനുഷ്യൻ്റെയും.

ആക്രമണം നടന്ന അതേ രാത്രിയിൽ വലതുപക്ഷ ആക്രമണത്തെ ചെറുക്കാൻ ഡൽഹി സർവകലാശാലയിലെ എസ് എഫ് ഐക്കാർ ഉണ്ടായിരുന്നു എന്നതും, സംഭവത്തിനുശേഷം ദിവസങ്ങളോളം ഇത്തരം ആക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾക്കിടയിൽ പ്രചരണവുമായി അവർ എത്തി എന്നതും ചെറുതല്ലാത്ത പ്രതീക്ഷ പകരുന്നുണ്ട്.

വിജയനഗറിലെ ആക്രമണം നടന്ന അതേ രാത്രിയിൽ വലതുപക്ഷ ആക്രമണത്തെ ചെറുക്കാൻ ഡൽഹി സർവകലാശാലയിലെ എസ് എഫ് ഐക്കാർ ഉണ്ടായിരുന്നു എന്നതും, സംഭവത്തിനുശേഷം ദിവസങ്ങളോളം ഇത്തരം ആക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾക്കിടയിൽ പ്രചരണവുമായി അവർ എത്തി എന്നതും ചെറുതല്ലാത്ത പ്രതീക്ഷ പകരുന്നു.
വിജയനഗറിലെ ആക്രമണം നടന്ന അതേ രാത്രിയിൽ വലതുപക്ഷ ആക്രമണത്തെ ചെറുക്കാൻ ഡൽഹി സർവകലാശാലയിലെ എസ് എഫ് ഐക്കാർ ഉണ്ടായിരുന്നു എന്നതും, സംഭവത്തിനുശേഷം ദിവസങ്ങളോളം ഇത്തരം ആക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾക്കിടയിൽ പ്രചരണവുമായി അവർ എത്തി എന്നതും ചെറുതല്ലാത്ത പ്രതീക്ഷ പകരുന്നു.

ചുരുക്കത്തിൽ, വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വിദ്യാർഥികളുടെ കുടിയേറ്റം വരും വർഷങ്ങളിൽ വർദ്ധിക്കുക തന്നെ ചെയ്യും. നമ്മുടെ രാജ്യത്തെ നഗരങ്ങൾ അവരുടെ ആവശ്യങ്ങൾക്കുതകുന്ന തരത്തിൽ വളർന്നില്ലെങ്കിൽ അത് പ്രതിസന്ധിയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നയിക്കും. വിദ്യാഭ്യാസാവശ്യങ്ങൾക്കായുള്ള കുടിയേറ്റം മുന്നോട്ട് വെക്കുന്ന സാധ്യതകളെയും, അത് ഉയർത്തുന്ന വെല്ലുവിളികളെയും അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയെ ഒരേ സമയം ഭൗതികവും, സാംസ്കാരികവും ആയ ഒന്നായി തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള നയരൂപീകരണം ഈ അവസരത്തിൽ അനിവാര്യമാണ്.

Comments