ആവർത്തിക്കുന്ന ആൾക്കൂട്ട കൊലകൾ, ഭരണകൂടത്തിന്റെ ക്രൂര മൗനം

‘ഗോരക്ഷ’യുടെ പേരിൽ ആക്രമിക്കപ്പെടുന്നവരിലധികവും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കർഷകരോ തൊഴിലാളികളോ ആണ്. ഇത്തരം ആൾക്കൂട്ടാക്രമണങ്ങളിൽഅധികവും കുറ്റവാളികൾ രക്ഷപ്പെടാറാണ് പതിവ്. ഭരണകൂടത്തിന്റെ പരസ്യ പിന്തുണ കൂടി കുറ്റവാളികൾക്ക് ലഭിക്കുമ്പോൾ അത് ഇരയെ അതിനേക്കാൾ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ ആൾക്കൂട്ടക്കൊല സ്വാഭാവികതയാവുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയാണ് സമീപകാല കൊലപാതകങ്ങൾ കാണിക്കുന്നത്.

പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അതിശക്തമായ ചെറുത്തുനിൽപ്പ് നേരിടുന്ന ബി.ജെ.പി, പുറത്ത്, തങ്ങളുടെ വർഗീയ അജണ്ടയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ആൾക്കൂട്ട കൊലകളും അസമിലും ഉത്തർപ്രദേശിലും മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നിയമനിർമാണങ്ങളും ഇതിന്റെ ഭാഗമാണ്.

2014-ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം, 2015 സെപ്തംബർ 28നാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ 45-കാരനായ അഖ്ലാഖിനെ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അടിച്ചുകൊന്നത്. ആ സംഭവമാണ്, പിന്നീട് വ്യാപകമായ ആൾക്കൂട്ടക്കൊലകളിലേക്ക് നയിച്ചത്. മോദിയുടെ മൂന്നാമൂഴം മൂന്നു മാസം തികയ്ക്കുമ്പോഴും ഇത്തരം കൊലപാതകങ്ങൾക്ക് ശമനമില്ല.

2015 സപ്തംബർ 28 ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖ്
2015 സപ്തംബർ 28 ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖ്

ഒക്ടോബർ അഞ്ചിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ ഒരാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ് ബീഫിന്റെ പേരിൽ അരങ്ങേറിയത്. ആഗസ്റ്റ് 27-ന് ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക് എന്ന ചെറുപ്പാക്കരനെ ബീഫ് കഴിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. മാലിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം ഏഴ് പേരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാവരും ഗോരക്ഷാസേന പ്രവർത്തകരാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികളായ അഭിഷേക്, മോഹിത്, രവീന്ദർ, കമൽജീത്, സാഹിൽ എന്നിവർ റോഡരികിൽ നിന്ന് ആക്രി പെറുക്കി ജീവിക്കുന്ന മാലിക്കിനെ പാഴ്‌വസ്തുക്കൾ വിൽക്കാനെന്ന വ്യാജേന തൊട്ടടുത്ത ബസ്റ്റോപ്പിൽ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു.

പത്തൊമ്പതുകാരനായ ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയുടെ കൊലപാതകമാണ് മറ്റൊന്ന്. ആര്യൻ മിശ്ര സഞ്ചരിച്ച കാറിൽ പശുമാംസം കടത്തുകയാണെന്ന സംശയത്തിന്റെ പേരിൽ 30 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് ഗന്ധ്പുരി ടോളിന് സമീപംവച്ച് കാറിനുനേരേ വെടിവച്ചത്.

പശുക്കടത്തുകാർ രണ്ട് കാറുകളിൽ ഫരീദാബാദിൽ കറങ്ങുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അക്രമിസംഘം തിരച്ചിലിനിറങ്ങിയത്. ഗധ്പുരിയിൽനിന്ന് ഡൽഹി ആഗ്ര ദേശീയപാത വരെ അക്രമിസംഘം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടർന്നു. പട്ടേൽ ചൗക്കിൽ വച്ച് ആര്യൻ മിശ്രയും സുഹൃത്തുക്കളായ ഷാൻകി, ഹർഷിത് എന്നിവരും സഞ്ചരിച്ച കാർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഷാൻകിയോട് വിരോധമുള്ള സംഘത്തിൽപ്പെട്ടവരാണെന്ന് ഭയന്ന് അവർ കാറോടിച്ച് പോയി. ഹർഷിതാണ് കാറോടിച്ചിരുന്നത്. ഒടുവിൽ ഗുണ്ടാസംഘം കാറിനുനേരെ വെടിവച്ചു. ഡ്രൈവർ സീറ്റിനരികിലിരുന്ന ആര്യന്റെ കഴുത്തിൽ വെടിയേറ്റു. വാഹനം നിർത്തിയപ്പോൾ തിരിച്ച് വെടിയുതിർക്കാനെന്നു കരുതി അക്രമികൾ വീണ്ടും വെടിയുതിർത്തു. ഇതും ആര്യനാണ് കൊണ്ടത്. കാറിൽ സ്ത്രീകളെക്കൂടി കണ്ടപ്പോഴാണ് ആളുമാറിയെന്ന് അക്രമിസംഘത്തിന് മനസ്സിലായത്. അതോടെ അവർ സ്ഥലം വിട്ടു. ആര്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റിലായിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച തോക്ക് അനധികൃതമായി നിർമിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആര്യൻ മിശ്രയുടെ കൊലപാതകം സോഷ്യൽ മീഡിയയിലടക്കം കൂടുതൽ ചർച്ചയാവുകയാണിപ്പോൾ. പ്രതിപക്ഷ പാർട്ടി നേതാക്കളും സാമൂഹ്യ പ്രവർത്തകരുമെല്ലാം സംഭവത്തെ അപലപിക്കുന്നുണ്ട്.

മുസ്‌ലിമാണെന്ന് കരുതിയാണ് ആര്യനെ കൊലപ്പെടുത്തിയതെന്നും ഒരു ബ്രാഹ്‌മണനെ കൊന്നതിൽ ഖേദിക്കുന്നുവെന്നുമാണ് ബജ്റങ്ദൾ നേതാവ് കൂടിയായ കുപ്രസിദ്ധ കുറ്റവാളി അനിൽ കൗശിക് പറഞ്ഞതായി ആര്യൻമിശ്രയുടെ പിതാവ് സിയാനന്ദ് മിശ്രയെ ക്വാട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പൊലീസിനെ വിളിക്കാമായിരുന്നില്ലേയെന്നും എന്തിനാണ് നിയമം കൈയിലെടുക്കുന്നത് എന്നും ചോദിച്ചെങ്കിലും കൗശിക് പ്രതികരിച്ചില്ലെന്നും സിയാനന്ദ് മിശ്ര പറയുന്നുണ്ട്.

എന്റെ മകനായ ആര്യൻ മിശ്രയെ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അനിൽ കൗശിക് പൊലീസിനോട് പറഞ്ഞത്. അവൻ പറഞ്ഞത് ശരിയാണെന്ന് തന്നെ വെക്കൂ. എങ്കിൽ, ആരെയെങ്കിലും വെടിവെച്ച് കൊല്ലാൻ ഈ 'പശുസംരക്ഷകർക്ക്' ആരാണ് അവകാശം നൽകിയത് എന്റെ മകൻ ഇനി തിരിച്ചുവരില്ലെന്ന് അറിയാം. പക്ഷേ ഈ കാര്യം ഗൗരവമായി അന്വേഷിക്കണം - ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര ചോദിക്കുന്നു.

ജൽഗാവിൽനിന്ന് കല്യാണിലേക്കുള്ള ട്രെയ്ൻ യാത്രക്കിടെയാണ് 72 കാരനായ അഷ്റഫ് അലി സയ്യിദ് ഹുസൈൻ എന്ന വയോധികനെ പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയെഴുതാൻ മുംബൈ വഴി പോകുന്ന ഒരു കൂട്ടം യുവാക്കൾ ക്രൂരമായി ആക്രമണത്തിനിരയാക്കുന്നത്. കൊങ്കണിൽ താമസിക്കുന്ന മകളുടെ അടുത്തേക്കുള്ള പതിവു സന്ദർശനത്തിനിടെയായിരുന്നു കഴിഞ്ഞ മാസം 30ന് ട്രെയിനിൽ വെച്ച് ഹുസൈൻ ക്രൂരമായ ആക്രമണത്തിനിരയായത്. അഷ്‌റഫിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് ജാറുകളിൽ പശുവിറച്ചിയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. ‘ഞങ്ങൾ ശ്രാവൺ ആചരിക്കുമ്പോൾ മാംസം കൊണ്ട് ട്രെയിനിൽ കയറുന്നോ’ എന്ന് ആക്രോശിച്ച് മുഖത്തും നെഞ്ചിലും വയറ്റത്തും അടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹുസൈ​ൻറെ മുഖം അടികൊണ്ട് നീര് വെച്ചിരുന്നു. കണ്ണുകൾ ചുവന്നിരുന്നിരുന്നു.

‘‘പ്ലാസ്റ്റിക് ജാറുകൾ നിറയെ എരുമ മാംസം ഉണ്ടായിരുന്നു. എരുമയുടെ ഇറച്ചി മഹാരാഷ്ട്രയിൽ നിയമവിധേയമാണ്. ബാഗ് തുറന്ന് കാണിക്കാൻ അവർ പെട്ടെന്ന് ആവശ്യപ്പെട്ടു. ബാഗിൽ എന്താണ് ഉള്ളതെന്ന് ചോദിച്ചു. അസഭ്യം പറയാൻ തുടങ്ങി. പുറത്തെടുത്തപ്പോൾ ഇത് പശുവിറച്ചിയാണെന്ന് വാദിച്ച് അവരെന്നെ മർദിക്കാനും അധിക്ഷേപിക്കാനും തുടങ്ങി’’യെന്ന് ഹുസൈൻ പറയുന്നു.

നിരന്തരം മുഖത്തടിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ തെളിവുകളായി മുന്നിൽ ലഭിച്ചിട്ടും ഭാരതീയ ന്യായസൻഹിത’ യിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഒറ്റ ദിവസംകൊണ്ട് ജാമ്യം ലഭിക്കുകയും ചെയ്തു.

മോദി അധികാരമേറ്റെടുത്തതിന് തൊട്ട് പിന്നാലെയാണ് ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നത്. റായ്പൂരിനടുത്തുള്ള ആരംഗിൽ ജൂൺ ഏഴിന് പുലർച്ചെയായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ, സദ്ദാം ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്. മഹാസമുന്ദിലെ ഒരു ഗ്രാമത്തിൽ നിന്ന് എരുമകളുമായി ഒഡിഷയിലെ മാർക്കറ്റിലേക്ക് പോവുന്നതിനിടെയായിരുന്നു ട്രക്ക് പിന്തുടർന്ന് എത്തിയ യുവാക്കളുടെ സംഘം ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ചാന്ദ് മിയാഖാന്റെ മൃതദേഹം ഏറ്റുവാങ്ങുന്ന നാട്ടുകാരും കുടുംബാംഗങ്ങളും / Photo: maktoobmedia.com
ചാന്ദ് മിയാഖാന്റെ മൃതദേഹം ഏറ്റുവാങ്ങുന്ന നാട്ടുകാരും കുടുംബാംഗങ്ങളും / Photo: maktoobmedia.com

ക്ഷേത്രനഗരിയായ അറംഗിൽ ജൂൺ ഏഴിന് നടന്ന സംഭവത്തിൽ ബി ജെ പി പ്രവർത്തകനും ബി എം എസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നതോയാണ് പൊലീസ് കുറ്റവാളികളെ അറസ്റ്റു ചെയ്യാൻ വരെ തയ്യാറായത്. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യ അടക്കം ദുർബലവകുപ്പ് ചുമത്തി രക്ഷിച്ചെടുത്തു പൊലീസ്.

അതിന് തൊട്ടടുത്ത ദിവസങ്ങളിലായി മധ്യപ്രദേശിലും ഗുജറാത്തിലും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മധ്യപ്രദേശിലെ മണ്ട്ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്ന് മുസ്ലിംങ്ങളുടെ 11 വീടുകൾ പൊലീസിന്റെ നേതൃത്വത്തിൽ ബുൾഡോസർ കൊണ്ട് പൊളിച്ചുമാറ്റിയാണ് ‘ഗോമാതാവി’നോടുള്ള സ്‌നേഹം സർക്കാർ പ്രകടിപ്പിച്ചത്. നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയ പ്രതികൾ സർക്കാർ ഭൂമിയിൽ നിയമം ലംഘിച്ച് നിർമ്മിച്ച വീടുകളാണ് പൊളിച്ചതെന്നായിരുന്നു പൊലീസ് വാദം.

മധ്യപ്രദേശിലെ മണ്ട്‌ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്ന് മുസ്‌ലിംങ്ങളുടെ 11 വീടുകളാണ് പൊലീസിന്റെ നേതൃത്വത്തിൽ ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റിയത്
മധ്യപ്രദേശിലെ മണ്ട്‌ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിനെ തുടർന്ന് മുസ്‌ലിംങ്ങളുടെ 11 വീടുകളാണ് പൊലീസിന്റെ നേതൃത്വത്തിൽ ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റിയത്

ബൈൻവാഹി മേഖലയിൽ ഇറച്ചിയാക്കാനായി പശുക്കളെ കെട്ടിയിട്ടിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയത്. വീടുകളിലെ ഫ്രിഡ്ജിൽ നിന്ന് ബീഫ് കണ്ടെത്തിയെന്നും 150 പശുക്കളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്നും ആരോപിച്ച പൊലീസ് പിടിച്ചെടുത്ത മാംസത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയക്കുക കൂടി ചെയ്തു.

ഗുജറാത്തിൽ കാലിക്കച്ചവടക്കാരനായ 40 വയസ് പ്രായമുള്ള മിശ്രിഖാൻ ബലോച്ച് എന്നയാളെയാണ് കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോവുന്ന വഴിയിൽ തടഞ്ഞുവെച്ച് അഞ്ചംഗ അക്രമിസംഘം തല്ലിക്കൊന്നത്. ഖാന്റെ കൂടെയുണ്ടായിരുന്ന ഹുസൈൻ ഖാൻ ഓടിരക്ഷപ്പെട്ടു. അഖിരാജ് സിങ്, പർബത് സിങ് വഗേല, നികുൽസിങ്, ജഗത്സിങ്, പ്രവിൻസിങ്, ഹമീർഭായ് താക്കൂർ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂലൈയിൽ പോത്തുകളെ കൊണ്ടുപോവുകയായിരുന്ന വ്യാപാരിയെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതുൾപ്പെടെ അഖിരാജിനെതിരെ നേരത്തേയും കേസുകളുണ്ടായിരുന്നു.

മിശ്രിഖാൻ ബലോച്ചിന്റെ മൃതദേഹത്തിന് സമീപം ബന്ധുക്കൾ / Photo: maktoobmedia.com
മിശ്രിഖാൻ ബലോച്ചിന്റെ മൃതദേഹത്തിന് സമീപം ബന്ധുക്കൾ / Photo: maktoobmedia.com

മുഹമ്മദ് അഖ്ലക്ക് എന്ന കർഷകനെ തല്ലിക്കൊന്നതിനെതുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങൾക്കിടെ, പശുക്കളെ സംരക്ഷിക്കാനെന്ന പേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അഹമ്മദാബാദിലെ സബർമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒമ്പത് വർഷങ്ങൾക്കിപ്പുറവും ആൾക്കൂട്ട കൊല തുടരുകയാണ്. മാത്രമല്ല, ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കുകയും കൊലയാളികൾക്ക് പ്രോത്സാഹനം നൽകുന്നതുമായ സമീപനമാണ് സർക്കാരും ബി ജെ പി നേതാക്കളും ചെയ്യുന്നത്. ‘പശുവിനോടുള്ള ആരാധന അത്രയ്ക്കും ശക്തമാണെന്നും അത് നിങ്ങൾ മനസിലാക്കണ’മെന്നുള്ള ഹരിയാന മുഖ്യമന്ത്രി നയിബ് സിങ് സൈനിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്: ‘‘ആൾക്കൂട്ട കൊലപാതകം എന്ന് പറയുന്നത് ശരിയല്ല, കാരണം പശു സംരക്ഷണത്തിനായി നിയമസഭയിൽ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ട്, അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഗ്രാമവാസികൾക്ക് പശുക്കളോട് വളരെയധികം ബഹുമാനമുണ്ട്, അത്തരം കാര്യങ്ങളെക്കുറിച്ച് അവരെ അറിയിച്ചാൽ, ആർക്കാണ് അവയെ തടയാൻ കഴിയുക. ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത് ഈ സംഭവങ്ങൾദൗർഭാഗ്യകരമാണ്’’. ‘ആർക്കാണ് അവയെ തടയാൻ കഴിയുക’ എന്ന് ചോദിക്കുന്നത് ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.

 ഹരിയാന മുഖ്യമന്ത്രി നയിബ് സിങ് സൈനി
ഹരിയാന മുഖ്യമന്ത്രി നയിബ് സിങ് സൈനി

വർധിച്ചുവരുന്ന ആൾക്കൂട്ട കൊലകൾ തടയണമെന്ന് ആവശ്യപ്പെട്ട് 2018- ൽ തഹ്‌സിൻ പൂനെവാല്ല എന്നയാൾ സുപ്രിം കോടതിയിൽ കൊടുത്ത കേസിൽ കോടതിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. പൗരർ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആൾക്കൂട്ടാക്രമണത്തെ പ്രത്യേക കുറ്റകൃത്യമായി കാണണമെന്നും ആൾക്കൂട്ടക്കൊല തടയാൻ സംസ്ഥാനങ്ങൾ പ്രത്യേക നിയമനിർമാണം നടത്തണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടത്.

'ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകൾക്കോ മറ്റൊരു വ്യക്തിയെ കുറ്റവാളിയായി കണ്ട് നിയമം കയ്യിലെടുക്കാൻ അവകാശമില്ല’ എന്നാണ് കോടതി പറഞ്ഞത്. ഏത് രീതിയിലുള്ള ആൾക്കൂട്ട നീതിയും നിയമവ്യവസ്ഥയ്ക്ക് എതിരും സിവിൽ സമൂഹത്തിൽ അനുവദിക്കാനാവാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. നിയന്ത്രിക്കപ്പെടാതെ പോവുകയാണെങ്കിൽ ആൾക്കൂട്ട ആക്രമണം പുതിയ സ്വാഭാവികത (New Normal) ആയേക്കാമെന്ന ഭയവും കോടതി പങ്കുവച്ചു.

പശുവിന്റെ പേരിൽ ആക്രമിക്കപ്പെടുന്നവരിലധികവും സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന കർഷകരോ തൊഴിലാളികളോ ആയ ദരിദ്രരാണ്. നരേന്ദ്രമോദി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഈ 90 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ പലഭാഗത്തായി മുപ്പതിലധികം പേരാണ് ആൾക്കൂട്ടക്കൊലകൾക്ക് വിധേയരായത്. ഇത്തരം ആൾക്കൂട്ടാക്രമണങ്ങളിൽഅധികവും കുറ്റവാളികൾ രക്ഷപ്പെടാറാണ് പതിവ്. ഭരണകൂടത്തിന്റെ പരസ്യ പിന്തുണ കൂടി കുറ്റവാളികൾക്ക് ലഭിക്കുമ്പോൾ അത് ഇരയെ അതിനേക്കാൾ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. നിയന്ത്രിച്ചില്ലെങ്കിൽ ആൾക്കൂട്ടക്കൊല സ്വാഭാവികതയാവുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയാണ് സമീപകാല കൊലപാതകങ്ങൾ കാണിക്കുന്നത്.

Comments