Photo: deshgujarat

മോദി; ഒരു സെൽഫി പോയിന്റ് എന്ന നിലയ്ക്ക്

മോദി തന്നെ ഒരു സെൽഫി പോയിന്റ് ആയി സ്വയം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? കരുണാകരൻ എഴുതുന്നു.

സ്വയം ഒരു സെൽഫി പോയിന്റ് എന്നും ദൈവം തിരഞ്ഞെടുത്ത പ്രതിനിധി എന്നും ഒരു ജനപ്രതിനിധി എന്നതിനേക്കാൾ രാജാവ് എന്നോ ചക്രവർത്തി എന്നോ സ്വയം വിശ്വസിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി, വാസ്തവത്തിൽ, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഉഷ്ണം പേറുന്ന പൊതു രാഷ്ട്രീയ കാലാവസ്ഥയിൽനിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കുന്ന രാഷ്ട്രീയക്കാരനാണ്.

ഉദാഹരണത്തിന്, ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിലെത്തന്നെ നിർണ്ണായകമായ പ്രതിസന്ധികളിൽനിന്ന് തന്നെയും തന്റെ ഇമേജിനെയും സംരക്ഷിച്ചുനിർത്താൻ മോദി ശ്രദ്ധിക്കുന്നു: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധമോ സമരമോ, കർഷക സമരങ്ങളോ, മണിപ്പൂർ കലാപമോ, വനിതാ കായിക താരങ്ങൾക്കെതിരെ തന്റെ തന്നെ അനുയായിയുടെ ലൈംഗികാതിക്രമ പരാതിയിൽ നിന്നോ, രാജ്യത്തെ തൊഴിലില്ലായ്മാ പ്രശ്നങ്ങളിൽ നിന്നോ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിതരുടെ അധികാര പങ്കാളിത്തത്തിന്റെ പ്രശ്നത്തിൽ നിന്നോ, മോദി സ്വയം  ഒഴിഞ്ഞുനിൽക്കുന്നു. അഥവാ, ജനാധിപത്യത്തിന്റെ സ്വാഭാവിക വെല്ലുവിളികളെ തന്റെ വ്യക്തിഗത രാഷ്ട്രീയത്തിൽനിന്ന്  ഒഴിവാക്കുന്നു.

അതുകൊണ്ടാണ് മോദി തന്നെ ഒരു സെൽഫി പോയിന്റ് ആയി സ്വയം തിരഞ്ഞെടുക്കുന്നത്.

മണിപ്പുര്‍ കലാപത്തില്‍ നിന്ന്

ജനാധിപത്യത്തിന്റെ ലാളിത്യം അധികാരത്തെ കുറിച്ചുള്ള പൗരബോധത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നു. ഏതുതരം അധികാര നിർവഹണമാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഒരു പൗരൻ / പൗര തിരഞ്ഞെടുക്കുന്ന രീതിയും അതാണ്‌. ഭരണകൂടത്തിന്റെ ആശ്രിതയായല്ല, വിമർശകരായാണ് പൗരർ തങ്ങളെത്തന്നെ  കാണുന്നത്. എന്നാൽ, ഈ  യാഥാർഥ്യത്തിലേക്ക് പൗരനെ കടത്തി വിടാതിരിക്കുക എന്നാണ് എല്ലാ ഫാഷിസ്റ്റ് സംഘടനകളും ചെയ്യുക. കാരണം, അവർ ജനാധിപത്യത്തെ അടിമുടി വെറുക്കുകയും   സമൂഹത്തിലെ   ജനാധിപത്യ ഇടപെടലുകളെ ഭയക്കുകയും ചെയ്യുന്നു. ആർ എസ് എസ് അങ്ങനെയൊരു സംഘടനയാണ്. മോദി അങ്ങനെയൊരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന  നേതാവാണ്.

എങ്കിൽ, മോദിക്കുള്ള ‘ജനപിന്തുണ’ എന്താണ് എന്ന് ചോദ്യം വരും. ഇനിയും അധികാരമേറാനുള്ള മോദിയുടെ സാധ്യതയെ പറ്റി പറയും.

അതിന്, കഴിഞ്ഞ പത്തു വർഷത്തെ ആർ എസ് എസ് ന്റെയും /ബി ജെ പിയുടെയും നേതൃത്വത്തിൽ  നിർമിച്ച  (ഹിന്ദു /ഹിന്ദി) മേധാവിത്വ  രാഷ്ട്രീയത്തിന്റെ നറേറ്റിവ് ഒരു ഉത്തരമാണ്. അവർ കൊണ്ടുവന്ന ആ നരേറ്റീവിനെ ‘ഹിന്ദുത്വ’യായി നമുക്ക്  പ്രാഥമികമായി   തിരിച്ചറിയാമെങ്കിലും, അതിന്റെ  ആവശ്യം വിമർശനാത്മകമായ ഒരു പൗരബോധത്തെ  ദൈനംദിന  രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രദ്ധയാണ്.

ഗുസ്തി ഫെഡറേഷനോടുള്ള പ്രതിഷേധസൂചകമായി തന്റെ ബൂട്ട് ഉപേക്ഷിക്കുന്ന സാക്ഷി മാലിക്.

ഉദാഹരണത്തിന്,  ആർ എസ് എസ് പക്ഷപാതിയായ ഒരാളെ  നോക്കൂ: എത്രയോ കാലത്തെ തന്റെ സാമൂഹിക സ്വത്വത്തിൽ നിന്നും, അതിന്റെ പ്രശ്നങ്ങളിൽ നിന്നും, അതിന്റെ സന്തോഷ-സന്താപങ്ങളിൽ നിന്നും, അയാളെ ഈ ‘ഹിന്ദുത്വ രാഷ്ട്രീയം’  രക്ഷിച്ചുകൊണ്ടുവന്നു എന്ന് അയാൾ  സത്യമായും വിശ്വസിക്കുന്നു. അല്ലെങ്കിൽ, അയാളുടെയും അയാളുടെ മുൻതലമുറകളുടെയും ജീവിതത്തെ സഹനീയമാക്കിയതും സുരക്ഷിതമാക്കിയതും മറ്റൊരു രാഷ്ട്രീയ കാലാവസ്ഥയായിരുന്നുവെന്നും അത്‌, ഇന്ത്യയിൽ, ജനാധിപത്യത്തിന്റെകൂടി കാലമായിരുന്നു എന്നും ഇയാൾ സൗകര്യപൂർവ്വം മറക്കുന്നു. പൗരരെ  പുറത്താക്കി,   അതിനു  പകരം പ്രജകളെ സമ്മാനിച്ച ഹിന്ദുത്വ രാഷ്ട്രീയം, വാസ്തവത്തിൽ, പാർലിമെന്ററി ജനാധിപത്യത്തിന്റെ നീതി   ബോധത്തെത്തന്നെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിലെ  കുടുംബവാഴ്ചയെ നരേന്ദ്ര മോദി വിമർശിക്കുന്നു. മോദിക്ക് കുടുംബംതന്നെ ഇല്ല എന്ന് മോദിയെപ്പറ്റി  വിമർശനം ഉയരുന്നു. മോദി അസ്വസ്ഥനാകുന്നു, രാജ്യം തന്റെ ‘പരിവാർ’ അഥവാ കുടുംബമാണെന്ന് പറയുന്നു, അതുകേട്ട്  എല്ലാ ബി ജെ പിക്കാരും അവരുടെ പേരിന്റെ വാലായി മോദി എന്നുചേർക്കുന്നു, അപ്പോൾ ഓരോ ഭാരതീയനും മോദിയുടെ കുടുംബത്തിലെ അംഗമാണ് എന്ന് മോദി പ്രഖ്യാപിക്കുന്നു. മോദി, തന്റെ അധികാരത്തെ  ആണിന്റെ  രക്ഷാകർതൃത്വത്തിലേക്ക് പരിവർത്തനം ചെയ്യുന്ന രീതിയാണത്‌. അത് ജനാധിപത്യത്തെ അവിശ്വസിക്കുന്നു.

മോദി കാ പരിവാര്‍ ക്യാമ്പയിനിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ തങ്ങളെടെ പേരിന്റെ കൂടി മോദി കാ പരിവാര്‍ എന്ന് കൂടെ ചേര്‍ക്കുന്നു.

"India, that is Bharat, shall be a Union of States” എന്ന  വാചകത്തിൽ നിന്നാണ് ഇന്ത്യക്കാർ  ജനാധിപത്യത്തിലേക്കും രാഷ്ട്രത്തിന്റെ നിർമ്മാണത്തിലേക്കും ഒരിക്കൽ പുറപ്പെടുന്നത്. അതിനുമുമ്പ്, അതിനുവേണ്ടി, ഉജ്ജ്വലമായ രാഷ്ട്രീയ ജീവചരിത്രവും ഇന്ത്യയ്ക്കുണ്ട്. ആർ എസ് എസ്, അതുപോലുള്ള  മത രാഷ്ട്രീയ  സംഘടനകൾ, ഈ ജീവചരിത്രത്തിനു പുറത്തായിരുന്നു, എല്ലാ കാലത്തും. എല്ലാ സന്ദർഭങ്ങളിൽ നിന്നും. അതുകൊണ്ടുതന്നെ അതിന്റെ ശരിയായ അർത്ഥത്തിൽ Union of States എന്ന സാമൂഹികവും രാഷ്ട്രീയപരവുമായ ഇന്ത്യൻ  ആശയം, മോദി-ഷാ - മാർക്ക്, ആർ എസ് എസിന് അപരിചിതമാണ്. പരിചയമുണ്ടെങ്കിൽത്തന്നെ അനാവശ്യമാണ്. 

ആർ എസ് എസ് ഇന്ത്യയുടെ സാംസ്കാരിക ഘടനയിൽ നിന്ന് തെറിച്ചു നിൽക്കുന്ന ഒരു സംഘടനയാണ്, പ്രധാനപ്പെട്ടതായി പറയാവുന്ന  രണ്ടു കാരണങ്ങൾകൊണ്ട്:

ഒന്ന്: അതിന്റെ ഹിന്ദി -ഹിന്ദുത്വ -രാഷ്ട്രീയം ഹിന്ദുയിസത്തിന്റെ  ബഹു ദേശീയതാ സംസ്ക്കാരത്തിന്റ ഉന്മൂലനം ആഗ്രഹിക്കുന്നു. (Note : ഭാഷാ ദേശീയത എന്ന സങ്കൽപ്പം  ഇന്ന്, ഇന്ത്യയിൽ,  ഒരു  ജനാധിപത്യ ആശയമാണ്, അത് മതത്തെയല്ല, സമകാലിക സാമൂഹിക സന്നദ്ധതകളെയാണ് ആശ്രയിക്കുന്നത്.)

രണ്ട്: ആർ എസ് എസിന്റെ   മതയാഥാസ്ഥിതിക രാഷ്ട്രീയത്തെ എത്ര പ്രയാസമാവുമെങ്കിലും മറി കടക്കുന്ന ഒരു ‘രാഷ്ട്രീയ ഇന്ത്യ’ ജനാധിപത്യപരമായിത്തന്നെ, ഭരണകൂടാധികാരത്തിനു പുറത്ത്, ഇവിടെ നിലനിൽക്കുന്നുണ്ട്, പ്രവർത്തിയ്ക്കുന്നുണ്ട്.

അമിത് ഷാ, നരേന്ദ്ര മോദി

അയഞ്ഞതും സ്വാത്മപ്രചോദിതമായ ഇന്ത്യയുടെ   ഫെഡറൽ സ്വഭാവം, എന്തുകൊണ്ടും, ആർ എസ് എസിന്റെ സങ്കൽപ്പരാഷ്ട്രത്തിന് എതിരാണ്. തങ്ങളുടെ ഭരണത്തിലൂടെ, അതായത് മേലേനിന്ന്, ഈ ഫെഡറൽ ഘടനയെ സംശയിക്കാനും തകർക്കാനുമാണ് കഴിഞ്ഞ വർഷങ്ങളിൽ ആർ എസ് എസ് ബോധപൂർവ്വം  ശ്രമിയ്ക്കുന്നതും. മണിപ്പൂർ വംശഹത്യയിൽത്തന്നെ ഇന്ത്യയുടെ  ഫെഡറൽ ഘടനയോടുള്ള വെറുപ്പ് കാണാം.

ജനാധിപത്യത്തിന്റെ പ്രാഥമികമായ ആവശ്യം തന്നെ ഏതെങ്കിലും തരത്തിലുള്ള അധികാര കേന്ദ്രീകരണത്തോടുള്ള വിയോജിപ്പും സമരവുമാണ്. ആർ എസ് എസ് പക്ഷെ തങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിനുവേണ്ടി സമൂഹത്തെത്തന്നെ വിഭജിക്കുന്നു, ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികമായ യൂണിറ്റിനെ -  പൗരരെ -  വർഗ്ഗീയതകൊണ്ടും ന്യൂനപക്ഷ വിരുദ്ധത കൊണ്ടും   വിഭജിക്കുന്നു.  രാജ്യത്തെ  മുസ്‍ലിം ന്യൂനപക്ഷത്തെ, പൊതുവായും പരസ്യമായും  കീഴ്പ്പെടുത്തുന്നു. അത്രമേൽ അവർ ഇന്ത്യയുടെ ഇതുവരെയും ആർജ്ജിച്ച ജനാധിപത്യ മൂല്യങ്ങളെ  വെറുക്കുന്നു,  അത്രമേൽ  ഭയക്കുന്നു. ആ വെറുപ്പിന്റെയും ഭയത്തിൻറെയും സാരാംശം മോദിയുടെ ഈ സെൽഫി പോയിന്റിലുണ്ട്‌.
അതിനാൽ, അത്‌,  ഇന്ത്യൻ  ജനാധിപത്യത്തിന്റെ അപചയത്തിന്റെ അടയാളം കൂടിയാണ്. 


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments