18ാം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം അടിസ്ഥാനവർഗങ്ങൾക്കും ജനാധിപത്യശക്തികള്‍ക്കും അല്‍പം ആശ്വാസം പകരുന്നതാണ്. ബി.ജെ.പിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല, മാത്രമല്ല, ഒരു സഖ്യകക്ഷി സര്‍ക്കാറിലേക്ക് അത് നയിക്കുകയും ചെയ്തു. വര്‍ഷങ്ങളായി കോര്‍പറേറ്റ് മാധ്യമങ്ങള്‍ നരേന്ദ്രമോദിയെക്കുറിച്ച് സൃഷ്ടിച്ചുവച്ചിരുന്ന 'അജയ്യ' ഇമേജിന്റെ തിരസ്‌കാരം കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പുഫലം. മോദിയുടെ തിരിച്ചുവരവിനെ പൂര്‍ണമായും തടയാനായില്ലെങ്കിലും അതിന് തടയിടാന്‍ ഇന്ത്യന്‍ ജനത സംഘടിതമായി മുന്നോട്ടുവന്നതിന്റെ ഫലം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയത്.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡി.എം.കെ നേതൃത്വം നല്‍കുന്ന 'ഇന്ത്യ' മുന്നണി നേടിയ അതിഗംഭീരമായ വിജയവും എന്‍.ഡി.എയുടെ കടപുഴകലും ഇക്കാര്യം തെളിയിച്ചു.
തെരഞ്ഞെടുപ്പുഫലം, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിലേത്, ജനങ്ങളുടെ കടുത്ത അതൃപ്തികളുടെ കൂടി പ്രതികരണമായിരുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന ചരിത്രപരമായ പ്രക്ഷോഭങ്ങളും അതോടൊപ്പം രാജ്യത്തെ അടിസ്ഥാനവര്‍ഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളുമാണ് ഇത്തരമൊരു ജനകീയ പ്രതിഷേധത്തിലേക്ക് നയിച്ചത്. അധികാരത്തിലുള്ള ഏറ്റവും സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയെ നേരിടുന്നതില്‍ വര്‍ഗഐക്യത്തിനും വര്‍ഗസമരങ്ങള്‍ക്കുമുള്ള ശേഷിയെയാണ് ഈ തെരഞ്ഞെടുപ്പുഫലം കാണിച്ചുതരുന്നത്. സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ ജീവിതപ്രശ്‌നങ്ങളെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കോര്‍പറേറ്റ്- വര്‍ഗീയ കൂട്ടുകെട്ടിനെ വെല്ലുവിളിക്കാനും അതിന് തടയിടാനും കഴിയമെന്ന യാഥാര്‍ഥ്യവും ഈ തെരഞ്ഞെടുപ്പുഫലം കാണിച്ചുതന്നു.
തീര്‍ച്ചയായും ഇന്ത്യയിലെ എല്ലാ ജനാധിപത്യ- മതേതര വിഭാഗങ്ങക്കും ആശ്വസിക്കാം. ഏറ്റവും ഹീനമായ വിദ്വേഷ പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ കാലാവസ്ഥയാകെ ആണ്ടുപോയ പ്രാകൃതവും ഭീകരവുമായ ഒരു ദുഃസ്വപ്‌നത്തില്‍നിന്ന് ഉണര്‍ന്നുവരുന്നതിന്റെ ആശ്വാസം കൂടിയാണിത്. വിദ്വേഷ കലുഷിതമായ ആ സാഹചര്യം ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, പൂര്‍ണമായും അപകടമൊഴിഞ്ഞു എന്ന സംതൃപ്തിക്കുള്ള സാധ്യതയും തുറന്നിട്ടില്ല. ബി.ജെ.പി ഇപ്പോഴും അധികാരത്തിലുണ്ട്, അവര്‍ സാമ്പത്തിക രംഗത്തും ഭരണത്തിലും തങ്ങളുടെ ഏകാധിപത്യപരമായ ഫാഷിസ്റ്റ് പദ്ധതികള്‍ തുടരും. അവരുടെ സാമുദായിക വിഭജന സംവിധാനം തുടര്‍ന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. കോര്‍പറേറ്റ് താല്‍പര്യങ്ങളാണ് അവരെ നിയന്ത്രിക്കുന്നത് എന്നതിനാല്‍, വിഷമയമായ എല്ലാതരം സായുധപ്രയോഗവും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ബി.ജെ.പി തങ്ങളുടെ സ്വേച്ഛാധിപത്യം ക്രൂരമായി തുടരാനാണ് ശ്രമിക്കുക. മൂന്നാം മോദി സര്‍ക്കാര്‍, അവരുടെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ദേശീയ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാനുള്ള തങ്ങളുടെ കോര്‍പറേറ്റ് യജമാനന്മാരുടെ താല്‍പര്യത്തിനനുസരിച്ച് ‘കൂടുതല്‍ ധീരമായി പരിഷ്‌കാരങ്ങള്‍' തുടരുമെന്ന സൂചന അവര്‍ നല്‍കിക്കഴിഞ്ഞു. ആഭ്യന്തരവും വൈദേശികവുമായ വന്‍കിട കോര്‍പറേറ്റുകളുടെ ആക്രമണം ജനങ്ങള്‍ക്കുമേല്‍ ഇനിയും തുടരുമെന്നാണ് അതിനര്‍ഥം.
മോദി സര്‍ക്കാറിന്റെ ഈയൊരു അങ്കലാപ്പിനെ ചില സമകാലിക യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം വിശകലനം ചെയ്യാന്‍.
ആഗോളതലത്തില്‍ നിയോ ലിബറല്‍ കാപ്പിറ്റലിസ്റ്റ് ക്രമം സിസ്റ്റമിക് ആയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് സാമ്പത്തിക രംഗത്തും രാഷ്ട്രീയ സംവിധാനങ്ങളിലും സമൂഹത്തിലും കടുത്ത പ്രതിഫലനങ്ങളുണ്ടാക്കുന്നു. ഭരണകൂടാധികാരത്തിലുള്ള വലതുപക്ഷ കോര്‍പറേറ്റ്- വര്‍ഗീയ കൂട്ടുകെട്ടിന്റെ ആശീര്‍വാദമാണ് ഈ പ്രവണതയെ നിലനിര്‍ത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെയും നോക്കിക്കാണേണ്ടത്.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്ലാറ്റ്‌ഫോം സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ചേര്‍ന്ന് മോദി സര്‍ക്കാറിനെ പുറത്താക്കാന്‍ നടത്തിയ ആഹ്വാനം പൂര്‍ണമായും സാക്ഷാല്‍ക്കരിക്കാനായില്ലെങ്കിലും, ജനങ്ങളുടെ ഭാഗത്തുനിന്ന് ആ ആഹ്വാനത്തിന് ക്രിയാത്മക പ്രതികരണം ലഭിച്ചുവെന്നത് അനുകൂല ഘടകമായി കാണണം. സാമുദായിക ധ്രുവീകരണവും വിഭജന കാമ്പയിനും ശക്തമാക്കാന്‍ കോര്‍പറേറ്റ് 'ഗോദി മീഡിയ’ സര്‍വ സന്നാഹങ്ങളും ഒരുക്കി. തെരഞ്ഞെടുപ്പുകാലത്ത് വിദ്വേഷ പ്രസംഗങ്ങളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും ‘മോദി സന്നാഹം’ ശക്തമായി ആഞ്ഞടിച്ചു. എങ്കിലും അതിന് പ്രതീക്ഷിച്ച ലക്ഷ്യം നേടാനായില്ല.
പ്രതിപക്ഷ 'ഇന്ത്യ' ബ്ലോക്ക് ജനകീയമായ അജണ്ടകളിലൂന്നിയാണ് കാമ്പയിന്‍ നടത്തിയത്. ഇത് ഒരു പരിധി വരെ അവരുടെ തെരഞ്ഞെടുപ്പുപ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചു. ഇത് ഭാവിയില്‍, തുടരാനിരിക്കുന്ന അടിസ്ഥാനവര്‍ഗ പ്രക്ഷോഭങ്ങളുടെ ദിശ കൂടുതല്‍ മൂര്‍ത്തമാക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും തൊഴിലിടങ്ങളിലെ ദുരിതങ്ങളും തൊഴിലവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും സ്വകാര്യവല്‍ക്കരണവും കാര്‍ഷിക പ്രതിസന്ധിയും പോലുള്ള നിത്യജീവിതപ്രശ്‌നങ്ങളെ കേന്ദ്ര പ്രമേയമാക്കി നിലനിര്‍ത്തിയത് തൊഴിലാളികളുടെയും കര്‍ഷകരുടെയും തുടര്‍ച്ചയായ പ്രക്ഷോഭങ്ങളാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ഇത്തരം വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനും അവരുടെ കാമ്പയിനിലേക്ക് ഈ വിഷയങ്ങളെ കൊണ്ടുവരാനും നിര്‍ബന്ധിതമാക്കിയത് ഈ പ്രക്ഷോഭങ്ങളാണ്. രാഷ്ട്രീയമായി ഉയര്‍ത്തപ്പെട്ട പലതരം ഡിമാന്റുകള്‍, ജനാധിപത്യത്തെയും ഭരണഘടനയെയും ഭരണഘടനാ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള സമരങ്ങള്‍ എന്നിവയും ഈ അനുകൂല സാഹചര്യത്തെ ശക്തമാക്കി. ഈയൊരു അന്തരീക്ഷമാണ് ജനങ്ങളുടെ, പ്രത്യേകിച്ച് യു.പിയിലേതടക്കമുള്ളള ജനങ്ങളുടെ ആശങ്കകളെ അഭിസംബോധന ചെയ്യുകയും അത് ബി.ജെ.പിയുടെ വലിയ നഷ്ടങ്ങളിലേക്ക് നയിക്കുകയും ചെയ്തത്.
പ്രതിപക്ഷ 'ഇന്ത്യ' ബ്ലോക്ക് ഇത്തരം അജണ്ടകളിലൂന്നിയാണ് കാമ്പയിന്‍ നടത്തിയത്. ഇത് ഒരു പരിധി വരെ അവരുടെ തെരഞ്ഞെടുപ്പുപ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചു. ഇത് ഭാവിയില്‍, തുടരാനിരിക്കുന്ന അടിസ്ഥാനവര്‍ഗ പ്രക്ഷോഭങ്ങളുടെ ദിശ കൂടുതല്‍ മൂര്‍ത്തമാക്കും. മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ നിയോ ലിബറല്‍ ആക്രമണങ്ങള്‍ക്കെതിരായി അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ വിപുലമായ കാമ്പയിന്‍ നടത്താനുള്ള സാഹചര്യമൊരുക്കും. മാത്രമല്ല, തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും കര്‍ഷകരുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അന്തരീക്ഷമൊരുക്കും.
ഫിനാന്‍സ് കാപ്പിറ്റലും കോര്‍പറേറ്റ് മീഡിയയും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇത്തവണ നടന്ന എക്‌സിറ്റ് പോളിലൂടെ ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടു. എക്‌സിറ്റ് പോളിനുതൊട്ടുപുറകെ ഓഹരി വിപണി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് ഇതിനുദാഹരണമായിരുന്നു. എന്‍.ഡി.എക്ക് 400 സീറ്റുപോലും കിട്ടിയേക്കാമെന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ക്രിമിനല്‍ എക്‌സിറ്റ് പോളുകള്‍ വന്‍തോതിലുള്ള നിക്ഷേപങ്ങളെയാണ് വലിച്ചടുപ്പിച്ചത്. ബി.ജെ.പിക്കുണ്ടായ തിരിച്ചടിയോടെ അതെല്ലാം തകര്‍ന്നടിഞ്ഞു. സാധാരണക്കാരുടെ നിക്ഷേപങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. അതിനുശേഷം, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് വ്യക്തമായപ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ ട്രാക്കിലേക്കു വരികയും ചെയ്തു.
ഓഹരി വിപണിയിലെ ഈ സൂചനകള്‍ ഫിനാന്‍സ് മൂലധനത്തിന്റെ പ്രതീക്ഷകളെ കൂടി അടയാളപ്പെടുത്തുന്നതാണ്. വലിയ ഫിനാന്‍ഷ്യല്‍ മാഫിയകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ മൂലധന ശക്തികള്‍ക്ക് അജ്ഞാതമായ കാരണങ്ങള്‍ വച്ചുകൊണ്ടുപോലും കുതിപ്പും കിതപ്പും സൃഷ്ടിക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യമാണ് ഇതിലൂടെ പുറത്തുവന്നത്. കോര്‍പറേറ്റ് ശക്തികളും ഭരണപക്ഷവും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെയാണ് ഇത് തുറന്നുകാട്ടിയത്.
ഉയരുന്ന അടിസ്ഥാന ചോദ്യം ഇതാണ്: ആരുടേതാണ് ഈ രാജ്യം? തങ്ങളുടെ ഊഹക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള നേട്ടങ്ങള്‍ക്കായി ഓഹരി വിപണിയെ അമ്മാനമാടുന്ന പത്തു ശതമാനം വരുന്ന സമ്പന്നരുടേതോ അതോ ഈ രാജ്യത്തിന് ഭൗതിക സമ്പത്തൊരുക്കുന്ന കോടിക്കണക്കിന് വരുന്ന അടിസ്ഥാന വര്‍ഗങ്ങളുടേതോ?
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍വന്നതിന് തൊട്ടുപുറകേ, കോര്‍പറേറ്റ് വര്‍ഗവും അവരുടെ നേതാക്കന്മാരും വലിയ പ്രതീക്ഷകളും ആഹ്ലാദങ്ങളും പ്രകടിപ്പിച്ചത് നമ്മള്‍ കണ്ടു. കോടിക്കണക്കിന് വരുന്ന മനുഷ്യരെ കൊടും നിരാശയിലാഴ്ത്തുകയും അവരെ കടുത്ത അസമത്വങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ കോര്‍പറേറ്റ് കൊള്ളക്ക് അനുകൂലാന്തരീക്ഷമൊരുക്കുന്ന വികസനനയങ്ങള്‍ അതിവേഗത്തിലും ശക്തമായും മൂന്നാം മോദി സര്‍ക്കാറും തുടരുമെന്ന് ഇന്ത്യന്‍ കോര്‍പറേറ്റ് വര്‍ഗം പ്രതീക്ഷിക്കുന്നു. അതേസമയം, ഇത്തരമൊരു വികസനത്തിന് എതിരായാണ് ഇന്ത്യന്‍ ജനത, പ്രത്യേകിച്ച് ഗ്രാമീണ ജനത, വോട്ട് ചെയ്തത് എന്നതും മറന്നുകൂടാ.
ലോക ബാങ്കും ഐ.എം.എഫും ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം 'വളര്‍ച്ച' എന്ന് വിശേഷിപ്പിച്ച പ്രതിഭാസം കൂടിയാണിത്. ഇതിന്റെ പേരിലാണ് കഴിഞ്ഞ രണ്ട് മോദി സര്‍ക്കാറുകളും ആഗോള ഫിനാന്‍സ് മൂലധനത്തിന്റെയും അവരുടെ ഒത്താശക്കാരുടെയും പ്രശംസകള്‍ വേണ്ടുവോളം നേടിയെടുത്തത്. ഇത്തരമൊരു വികസനമാണ് ഇന്ത്യന്‍ കോര്‍പറേറ്റ് വര്‍ഗങ്ങളുടെ നേതാക്കളായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും The Associated Chambers of Commerce & Industry of India (ASSOCHAM)- യും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ വര്‍ക്കിങ് ക്ലാസ് മനുഷ്യരെ പിഴിയുന്ന തരത്തിലുള്ള ഭൂമി- തൊഴില്‍- കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സമ്മര്‍ദമാണ് ഇവര്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്.
കോര്‍പറേറ്റുകളുടെ കുത്തകാധികാരം ശക്തമാക്കുന്ന തരത്തിലുള്ള സാമ്പത്തിക മാനേജുമെന്റ് സാധ്യമാക്കുന്ന പുനഃസംഘടനാനടപടികളാണ് വരുന്നത്.
ധനകാര്യമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മല സീതാരാമന്‍ മുന്നോട്ടുവച്ച ‘പുതുക്കിയ ഉറപ്പുകള്‍’ ഈ കോര്‍പറേറ്റ് താല്‍പര്യങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതായിരുന്നു. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സുസ്ഥിരതയും അതിനനുബന്ധമായ വളര്‍ച്ചയും ശക്തിപ്പെടുത്തുംവിധം 2014-ല്‍ തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ തുടരുമെന്നാണ് അവര്‍പറഞ്ഞത്. രാജ്യത്തെ പൗരര്‍ക്ക് 'ക്ലേശരഹിതമായി ജീവിക്കാനുള്ള' സാഹചര്യത്തെക്കുറിച്ച് പറയുമ്പോള്‍അവര്‍ ശരിക്കും ഉറപ്പാക്കുന്നത്, അവരുടെ കോര്‍പറേറ്റ് മാസ്റ്റര്‍മാര്‍ക്ക് എളുപ്പം ബിസിനസ് ചെയ്യാനുള്ള സാഹചര്യമൊരുക്കുന്നതിനെക്കുറിച്ചാണ്. അവര്‍ക്ക് അതിനായി ദേശീയ ഖജനാവില്‍ നിന്ന് ഇന്‍സെന്റീവുകളുടെയും റിബേറ്റുകളുടെയും പേരില്‍ കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചാണ്. രാജ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇക്കോണമിയെ സ്വകാര്യ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള സമാന ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇക്കോണമിക്ക് National Monetisation Pipeline-ലൂടെ കൈമാറുന്നതിനെക്കുറിച്ചാണ് ധനമന്ത്രി സൂചിപ്പിക്കുന്നത്.
പല കാബിനറ്റ് മന്ത്രിമാരും തങ്ങളുടെ നൂറിന പരിപാടികള്‍ പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇതെല്ലാം, ഇതേ നയം അതേപടി തുടരുമെന്ന പ്രഖ്യാപനങ്ങള്‍ കൂടിയാണ്. അതായത്, രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മേല്‍ അധികഭാരം കെട്ടിവക്കുന്ന അതേ പരിഷ്‌കാരങ്ങള്‍. ഉദാഹരണത്തിന്, കല്‍ക്കരി മന്ത്രാലയം പരിഷ്‌കാരങ്ങളുടെ മൂന്നാം തരംഗത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത്, കോള്‍ ഇന്ത്യയുടെ മൈനിങ് ഓപ്പറേഷനുകള്‍ ക്രമേണ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ സ്വയംഭരണ നിയന്ത്രണത്തിലേക്ക്, Mine Developer and Operator (MDO) എന്ന പരിപാടിയിലൂടെ കൈമാറാനുള്ള പദ്ധതിയാണ് അവതരിപ്പിക്കുന്നത്. സ്റ്റീല്‍ അടക്കമുള്ള ഊര്‍ജ്ജേതര മേഖലകളാണ് ഈ പദ്ധതിയുടെ ഉന്നം. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയും അതിന്റെ സംസ്‌കരണവും കൈകാര്യം ചെയ്യാനുള്ള പുതിയ ബിഡിംഗ് ഓക്ഷന്‍ മുന്നോട്ടുവക്കുന്നു. ദേശീയപാത, തുറമുഖം, വൈദ്യുതി, പ്രതിരോധ വിഭാഗങ്ങള്‍ക്കുവേണ്ട ഉപകരണ നിര്‍മാണം എന്നീ മേഖലകളിലെല്ലാം National Monetisation Pipeline റൂട്ടിലൂടെയുള്ള സ്വകാര്യവല്‍ക്കരണമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
പ്രമുഖ കോര്‍പറേറ്റുകള്‍ക്ക് ദേശീയ ഖജനാവില്‍നിന്ന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുക, ടെലികോം, തുറമുഖം, റെയില്‍വേ, ദേശീയപാത തുടങ്ങിയ മേഖലകളില്‍ നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈനിലൂടെ സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കുക തുടങ്ങിയ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
കോര്‍പറേറ്റുകളുടെ കുത്തകാധികാരം ശക്തമാക്കുന്ന തരത്തിലുള്ള സാമ്പത്തിക മാനേജുമെന്റ് സാധ്യമാക്കുന്ന പുനഃസംഘടനാനടപടികളാണ് വരുന്നത്. ഇതിനനുയോജ്യമായ തരത്തില്‍ തൊഴില്‍ ബന്ധങ്ങളെയും പുനഃസംഘടിപ്പിക്കുന്നു. അപ്രന്റീസ്ഷിപ്പ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കുന്നു. ഇത് ഒരുതരം അടിമത്തമല്ലാതെ മറ്റൊന്നുമല്ല.
ലേബര്‍ കോഡ് വിജ്ഞാപനം തങ്ങളുടെ പ്രധാന മുന്‍ഗണനയായിരിക്കുമെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രമുഖ കോര്‍പറേറ്റുകള്‍ക്ക് ദേശീയ ഖജനാവില്‍നിന്ന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുക, ടെലികോം, തുറമുഖം, റെയില്‍വേ, ദേശീയപാത തുടങ്ങിയ മേഖലകളില്‍ നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈനിലൂടെ സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കുക തുടങ്ങിയ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാറിന്റെ മൂലധനച്ചെലവില്‍ ഏറിയ പങ്കും ഈ ദിശയിലേക്കാണ് ഒഴുകുന്നത്.
അതായത്, മൂന്നാം മോദി സര്‍ക്കാറിനുകീഴിലും ജനവിരുദ്ധനയങ്ങളില്‍ ഒരുതരത്തിലുമുള്ള മാറ്റവും കാണാനാകില്ല എന്നര്‍ഥം. പകരം, അത്തരം നയങ്ങള്‍ ശക്തിപ്പെടാന്‍ പോകുകയാണ്. അതിനാല്‍, അടിയന്തര നടപടികളിലേക്ക് നമുക്കും പ്രവേശിക്കേണ്ടതുണ്ട്. രാജ്യമാകെ സ്വതന്ത്രവും എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുകൊണ്ടുള്ളതുമായ പ്രതിരോധം വളര്‍ത്തിയെടുക്കണം. ദേശീയതലത്തിലും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചും. അതിന്റെ ആദ്യ പടിയായി ജൂലൈ 10ന് നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമാകെ ‘ഡിമാന്റ് ഡേ’ ആചരിക്കുകയാണ്. ഇത് മൂന്നാം മോദി സര്‍ക്കാറിനുള്ള അതിശക്തമായ ഒരു സന്ദേശം കൂടിയായിരിക്കും.
നവ ലിബറല്‍ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം വളരെ ദീര്‍ഘമായ പ്രക്രിയയാണെന്ന് വ്യക്തതയോടെ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, തൊഴിലാളി വര്‍ഗത്തിന് നിലവിലുള്ള എല്ലാ സാമൂഹിക പാരാമീറ്ററുകളിലും മികവ് പുലര്‍ത്താന്‍ കഴിയണം.
സംയുക്ത ട്രേഡ് യൂണിയനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തന്നെ, സ്വതന്ത്ര പ്രചാരണങ്ങളിലും പ്രക്ഷോഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെയും സ്വേഛാധിപത്യ പ്രവണതക്കെതിരെയും ഗ്രാമങ്ങള്‍ തോറും ശബ്ദമുര്‍ത്തണം. അതുവഴി പ്രതിപക്ഷത്തിന് ഈ പ്രശ്‌നങ്ങളെ പാര്‍ലമെന്റില്‍ ഉന്നയിക്കാനും ഉയര്‍ന്ന രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കാനും സാധിക്കും. നിയോ ലിബറല്‍ നയങ്ങളും സ്വേഛാധിപത്യ പ്രവണതകളും ഭരണകൂടത്തിന്റെ സര്‍വ്വ മേഖലകളിലും പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ, നമ്മെ കീഴടക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്ന പ്രവണതകളെ സ്വയം വിമര്‍ശനാത്മകമായി തിരിച്ചറിയണം. സി.ഐ.ടിയുവിന്റെ വരാന്‍ പോകുന്ന ജനറല്‍ കൗണ്‍സില്‍ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം. ഇതൊരു തുടരുന്ന പ്രക്രിയയാണ്. അതേസമയം, നിര്‍ണായക മാറ്റം സാധ്യമാകുന്നതിന് അധ്വാനിക്കുന്ന ജനവിഭാഗത്തിന് അവബോധം നല്‍കേണ്ടതുണ്ട്. നവ ലിബറല്‍ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം വളരെ ദീര്‍ഘമായ പ്രക്രിയയാണെന്ന് വ്യക്തതയോടെ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, തൊഴിലാളി വര്‍ഗത്തിന് നിലവിലുള്ള എല്ലാ സാമൂഹിക പാരാമീറ്ററുകളിലും മികവ് പുലര്‍ത്താന്‍ കഴിയണം. പുരോഗമന തൊഴിലാളിവര്‍ഗ സംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്, ഉല്‍പാദമേഖലയില്‍ മാത്രമല്ല, അധ്വാനിക്കുന്ന ആളുകളുടെ ദൈനംദിന സാമൂഹിക ജീവിത്തിലും തൊഴിലിടത്തിലും സാമൂഹിക ഉത്തരവാദിത്വം വഹിക്കാനുള്ള സംവിധാനം വികസിപ്പിക്കണം.
കേവലം ക്ഷേമപ്രവര്‍ത്തനത്തിന്റെയോ ചാരിറ്റിയുടെയോ രൂപത്തിലല്ലാതെ വര്‍ഗ പ്രസ്ഥാനങ്ങളും സംഘടനകളും കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി വര്‍ഗസമരത്തിന്റെ വീക്ഷണകോണിലുള്ള വര്‍ഗാധിഷ്ഠിതമായ തൊഴിലാളി അനുകൂല സാമൂഹ്യ- രാഷ്ട്രീയ ഇടപെടല്‍ സാധ്യമാക്കണം. ഇതിന് വര്‍ഗസമരത്തെ കുറിച്ചുള്ള സമഗ്ര അറിവ് ആവശ്യമാണ്. അതിനായി ഫാഷിസ്റ്റ് ശക്തികളെ രാഷ്ട്രീയമായ ഐക്യത്തോടെ അടിത്തട്ടില്‍നിന്നുതന്നെ ചെറുക്കേണ്ടുണ്ട്.