എല്ലാ യുദ്ധവും ഇനി ജനത നേരിട്ട് ചെയ്യാനാണ് പടനായകൻ പറയുന്നത്

ഒരു വശത്ത് അമ്പരപ്പിക്കുന്ന വേഗതയിൽ വൈറസ് വ്യാപിക്കുകയും, മറുവശത്ത്‌, ജനങ്ങൾ നിത്യദുരിതത്തിലും കൊടും പട്ടിണിയിലും കിടന്നു നരകിക്കുകയും ചെയ്യുന്ന സമയത്താണ് വാക്സിനേഷന്റെ എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങൾക്കും, ലാഭം വാക്സിൻ കമ്പനികൾക്കും നൽകി പതിവുപോലെ സാധുമനുഷ്യരുടെ അവകാശങ്ങൾക്ക് ഒരു വിലയും നൽകാതിരിക്കുന്നത് എന്നത് ഒരു ജനക്ഷേമസർക്കാരിനും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്

ഴിഞ്ഞ വർഷം മാർച്ച് 25 ന് ആയിരുന്നു നമ്മുടെ പ്രധാനമന്ത്രി കൊറോണക്ക് എതിരായ മഹാഭാരതയുദ്ധം തുടങ്ങിയത്. വെറും 21 ദിവസമാണ് ആ മഹാഭാരതയുദ്ധം ജയിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്‌. യുദ്ധം തുടങ്ങുമ്പോൾ തന്നെ അതിർത്തികൾ അടക്കാനാണ് പടനായകൻ ആവശ്യപെട്ടത്. ഒരൊറ്റ പ്രസംഗത്തിൽ തന്നെ എല്ലാ സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചപ്പോൾ, കുടിക്കാൻ വെള്ളമോ, ഭക്ഷണമോ, പണമോ ഇല്ലാതെ, വഴിപോക്കരുടെ കാരുണ്യം പോലുമില്ലാതെ, അർദ്ധപട്ടിണിയിൽ ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിലെ പരമദരിദ്രരായ ജനത ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് നടക്കാൻ നിർബന്ധിതരായി. അങ്ങനെ ലക്ഷക്കണക്കിന് സാധു മനുഷ്യരെ പൊരിവെയിലിൽ നിർത്തിയും നടത്തിയും കൈകൊട്ടിയും ശംഖു വിളിച്ചും ഗായത്രി ചൊല്ലിയും ഒരു മഹാമാരിയെ പ്രതീകാത്മകമായി പ്രതിരോധിക്കാൻ ശ്രമിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിൽ ഏറെയായി.

കുടിയേറ്റതൊഴിലാളികളോട് ചെയ്ത അനീതിയെ ചോദ്യം ചെയ്തപ്പോൾ ദേശസ്നേഹത്തെക്കുറിച്ച് ഓർമിപ്പിച്ചവരാരും തന്നെ കുംഭമേളയെക്കുറിച്ചും, ലക്ഷങ്ങൾ പങ്കെടുത്ത പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ചും ഒന്നും മിണ്ടിയില്ല.

ഇപ്പോൾ ഏറ്റവും വലിയ ആരോഗ്യ അടിയന്തിരാവസ്ഥയിൽ രാജ്യം എത്തിനിൽക്കുമ്പോൾ, മഹാഭാരതയുദ്ധത്തിൽ തോറ്റുപോയി എന്ന് സമ്മതിക്കാതെ, പുതിയ വാക്സിൻ നയത്തിലൂടെ ഇന്നാട്ടിലെ സാധാരണജനങ്ങളെ മുഴുവൻ സ്വകാര്യകമ്പനികളുടെ ഔദാര്യത്തിന് കീഴിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്തത്. പുതിയ വാക്സിൻ നയം ഒട്ടും സുതാര്യവും, നീതിയുക്തവും അല്ല എന്ന വാസ്തവം ആരെയും അമ്പരപ്പിക്കും.

ഈ നയത്തിലൂടെ വാക്സിൻ നിർമാതാക്കളായ മരുന്ന് കമ്പനികൾക്ക് സ്വയം വില നിർണ്ണയിക്കാൻ കഴിയും എന്നത് മാത്രമല്ല, അമ്പതു ശതമാനം വാക്സിനുകൾ ഈ നിർമ്മാതാക്കൾക്ക് അവർക്കിഷ്ടമുള്ള വിലക്ക് വിപണിയിൽ വില്ക്കാവുന്നതാണ്. സംസ്ഥാനസർക്കാരുകൾക്കും വാക്സിൻ ഓപ്പൺ മാർക്കറ്റിൽ നിന്നും വിലകൊടുത്തു വാങ്ങണം. കൂടാതെ, കേന്ദ്രത്തിനു അവർ നൽകുന്ന അമ്പതു ശതമാനം വാക്സിനുകളും സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രസർക്കാർ സൗജന്യമായി നൽകില്ല. അതും കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾ വില കൊടുത്തു വാങ്ങേണ്ടി വരും എന്ന് കേൾക്കുന്നു. ചുരുക്കത്തിൽ, എല്ലാ ഉത്തരവാദിത്വവും സംസ്ഥാനസർക്കാരുകളെ ഏൽപ്പിച്ചുകൊണ്ട്, വാക്സിൻ നിർമാതാക്കൾക്ക് പൊതുവിപണിയിൽ ഇഷ്ടമുള്ള വിലക്ക് വാക്സിൻ വിൽക്കാനും അതിൽ നിന്നും വൻലാഭം ഉണ്ടാക്കാനും ഉള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ആരോഗ്യം പരമപ്രധാനമായ ഒരു മനുഷ്യാവകാശമാണ്. കൊവിഡ് ലോകം കണ്ട ഏറ്റവും വലിയ ആരോഗ്യഅടിയന്തിരാവസ്ഥയും. 259,170 പുതിയ രോഗികൾ ആണ് ഇന്ത്യയിൽ ചൊവ്വാഴ്ച മാത്രം രേഖപ്പെടുത്തപ്പെട്ടത്‌. ശ്മശാനങ്ങളിൽ മൃതദേഹവുമായി മണിക്കൂറുകൾ ക്യൂ നിൽക്കുന്ന, ഓക്സിജനും മരുന്നും കിട്ടാതെ മനുഷ്യർ നെട്ടോട്ടം ഓടുന്ന ഈ സാഹചര്യത്തിൽ, എല്ലാ മനുഷ്യർക്കും ഏറ്റവും പെട്ടെന്ന് സൗജന്യമായിട്ടോ സഹായവിലയിലോ വാക്സിൻ എത്തിക്കേണ്ട സർക്കാർ ആണ് മരുന്നു കമ്പനികളുടെ ഔദാര്യത്തിലേക്ക് ഈ നാട്ടിലെ പൗരന്മാരുടെ ജീവനെ വലിച്ചിഴക്കുന്നത്. ഇനി കൊവിഷീൽഡ് സംസ്ഥാനസർക്കാരുകൾക്ക് 400 രൂപക്കും, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും ആണ് ലഭ്യമാവുക. വാക്സിൻ നിർമാതാക്കൾ ഏറെനാളായി ആവശ്യപെടുന്നതാണ് വില നിയന്ത്രണം എടുത്തുകളയണം എന്നുള്ളത്. ഈ വാക്സിൻ കമ്പനികൾക്ക് നേരത്തെ തന്നെ കേന്ദ്രസർക്കാർ ഇഷ്ടംപോലെ ഗവേഷണധനസഹായവും, ലോണും ഒക്കെ നൽകിയിരുന്നു. എന്നിട്ടും, അവരുടെ അന്യായമായ ലാഭമോഹത്തിനാണ് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുത്തത്, ജനങ്ങളുടെ ജീവനല്ല. ഏതു നയപരിപാടിയിലും എന്നത് പോലെ പൊതുമേഖലാ കമ്പനികൾക്ക് കോവിഡ് വാക്സിൻ നിർമ്മാണത്തിൽ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല എന്നുകൂടി എടുത്തു പറയണം.

ഒരു വശത്ത് അമ്പരപ്പിക്കുന്ന വേഗതയിൽ വൈറസ് വ്യാപിക്കുകയും, മറുവശത്ത്‌, ജനങ്ങൾ നിത്യദുരിതത്തിലും കൊടും പട്ടിണിയിലും കിടന്നു നരകിക്കുകയും ചെയ്യുന്ന സമയത്താണ് വാക്സിനേഷന്റെ എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങൾക്കും, ലാഭം വാക്സിൻ കമ്പനികൾക്കും നൽകി പതിവുപോലെ സാധുമനുഷ്യരുടെ അവകാശങ്ങൾക്ക് ഒരു വിലയും നൽകാതിരിക്കുന്നത് എന്നത് ഒരു ജനക്ഷേമസർക്കാരിനും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്.

ചുരുക്കത്തിൽ, ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയിലെ രോഗവ്യാപനം കൃത്യമായി പ്രതിരോധിക്കാനും, ജനങ്ങളുടെ മേലുള്ള ആഘാതം പരമാവധി കുറയ്ക്കാനും ശ്രമിക്കുന്നതിനു പകരം പൊള്ള വാഗ്ദാനങ്ങളിലൂടെയും, പ്രകടനപരതയിലൂടെയും ഇന്നാട്ടിലെ ജനങ്ങളെ അതിസമർത്ഥമായി കബളിപ്പിക്കാനാണ് മോദി സർക്കാർ തുനിഞ്ഞത്. പുതിയ വാക്സിൻ നയത്തിലും പ്രതിഫലിക്കുന്നത് സ്വകാര്യമേഖലയോടുള്ള അളവറ്റ വാത്സല്യം മാത്രമാണ്,ജനങ്ങളോടുള്ള കരുതൽ അല്ല.

ഇന്നലത്തെ പ്രസംഗവും പറയാതെ പറഞ്ഞത്, എല്ലാ യുദ്ധവും ഇനി ജനത നേരിട്ട് ചെയ്യാനാണ്, അത് വാക്സിൻ ആയാലും, ജീവിതസുരക്ഷ ആയാലും. പടനായകന് യുദ്ധം മടുത്തു. അദ്ദേഹം ഇനി മയിലുകൾക്കിടയിലേക്കും യോഗയിലേക്കും തിരികെപ്പോകും

Comments