ജാതി സെൻസസ്, അഗ്നിപഥ്, ന്യൂനപക്ഷ വിഷയങ്ങൾ-
മോദി സർക്കാർ എന്തു ചെയ്യും?

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാറിനുമുന്നിൽ പ്രധാന ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി-യുവും ഉയർത്തുന്ന ആവശ്യങ്ങളിലേറെയും ‘ഇന്ത്യ’ മുന്നണി പ്രകടന പത്രികയിൽ പരാമർശിച്ചിരുന്നവയാണ്. ഇവയെ നിരാകരിച്ചിരുന്ന ബി.ജെ.പി എങ്ങനെയാണ് ടി.ഡി.പിയുടെയും ജെ.ഡി-യുവിന്റെയും ആവശ്യങ്ങളോട് നിലപാടെടുക്കുക എന്നത് പ്രധാനമാണ്.

National Desk

നാളെ അധികാരമേൽക്കുന്ന നരേന്ദ്രമോദി സർക്കാറിനുമുന്നിൽ പ്രധാന ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ മുൻ മോദി സർക്കാറുകളുടെ നിലപാടുകൾക്ക് വിരുദ്ധമായ നയപരമായ തീരുമാനങ്ങൾ ആവശ്യപ്പെടുന്നു. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഈ ആവശ്യങ്ങളെ നിരാകരിക്കാനാവാത്ത അവസ്ഥയക്‍ലുമാണ് മോദി സർക്കാർ. ഇവർ ഉന്നയിക്കുന്ന ചില പ്രധാന ആവശ്യങ്ങൾ ഇവയാണ്:

  • അഗ്നിപഥ് പദ്ധതി നിർത്തുക

അഗ്നിപഥ് പദ്ധതി 2022 ജൂണിലാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതി വഴി റിക്രൂട്ട് ചെയ്യുന്ന സൈനികർ അഗ്നിവീർ എന്നാണ് അറിയപ്പെടുക.

അഗ്നിവീർ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ നിന്നും
അഗ്നിവീർ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ നിന്നും

19- 23 വയസ്സുകാരെ നാലു വർഷത്തേക്കാണ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക. 40,000 രൂപ ശമ്പളത്തിൽ നാല് വർഷം സൈനിക സേവനത്തിൽ നിർത്തിയും അതിനുശേഷം 25 ശതമാനം സൈനികരെ നിലനിർത്തി ബാക്കിയുള്ളവരെ, 12 ലക്ഷം രൂപ പാരിതോഷികം നൽകി പിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതി. സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75% ‘അഗ്‌നിവീര’ന്മാർ. രാജ്യത്തിന്റെ വ്യാവസായിക- ഉത്പാദന മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കുതകുമെന്നുമാണ് അഗ്‌നിപഥ് അവതരിപ്പിച്ച് രാജ്യരക്ഷാമന്ത്രി രാജ്നാഥ്സിങ് അവകാശപ്പെട്ടത്.

ഈ അവകാശവാദങ്ങളൊന്നും സാധൂകരിക്കുന്നതായിരുന്നില്ല യാഥാർഥ്യം. യുവാക്കളുടെ തൊഴിലില്ലായ്മ രൂക്ഷമാക്കുംവിധം സായുധസേനയിലേക്ക് കൂട്ടമായി റിക്രൂട്ട് ചെയ്യുന്ന പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ വലിയ പ്രതിഷേധ പരിപാടികളാണ് നടന്നത്. ബീഹാറിലും അഗ്നിവീർ പദ്ധതിക്കെതിരെ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിക്കപ്പെട്ടിരുന്നു. അഗ്നിവീർ പദ്ധതിയിലെ പോരായ്മകൾ വിശദമായി ചർച്ച ചെയ്യണമെന്നാണ് തന്റെ പാർട്ടി ആഗ്രഹിക്കുന്നതെന്ന് ജനതാദൾ (യുണൈറ്റഡ്) നേതാവ് കെ.സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞത്.

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നിരുന്നു. പഴയ രീതിയിലുള്ള റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.

രാജ്യരക്ഷാമന്ത്രി രാജ്നാഥ്സിങ്
രാജ്യരക്ഷാമന്ത്രി രാജ്നാഥ്സിങ്

ഇതിനകം കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. നാവികസേനയിൽ 7385 പേരും വ്യോമസേനയിൽ 4955 പേരും പരിശീലനം പൂർത്തിയാക്കി. പദ്ധതിയിൽ ചേരാൻ യുവാക്കളെ കിട്ടാത്ത അവസ്ഥയാണിപ്പോൾ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ യുവാക്കൾ സൈന്യത്തിൽ ചേരാൻ മടിക്കുകയാണ്. ഹരിയാനയിൽ നടത്തുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലികൾ യുവാക്കളില്ലാത്തതുമൂലം റദ്ദാക്കുകയാണ്. ഇതേതുടർന്ന് പദ്ധതിയെക്കുറിച്ച് സൈന്യം ആഭ്യന്തര സർവേ നടത്തുന്നുണ്ട്. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലും ജെ.ഡി.യുവിന്റെ സമ്മർദം പരിഗണിച്ചും പദ്ധതി പുനഃപരിശോധിക്കാനാണ് നീക്കം.

  • ജാതി സെൻസസ് നടത്തണം

ബീഹാറിൽ നടപ്പിലാക്കിയ ജാതി സെൻസസ് രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നയിച്ചിട്ടുണ്ട്.

ജാതി സെൻസസ് എന്നത് കേവലം ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്ന സർവ്വേയല്ല. പകരം ജാതികളുടെ അടിസ്ഥാനത്തിൽ അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ആധികാരിക രേഖ കൂടിയാണ്. പിന്നാക്കവിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമുണ്ടാകണമെന്നാണ് സംവരണത്തിന്റെ ലക്ഷ്യമായി ഡോ.ബി.ആർ അംബേദ്കർ മുന്നോട്ട് വെച്ചിരുന്നത്. ജാതി സെൻസസിലൂടെ സംവരണം എത്രത്തോളം ഫലവത്തായി നടപ്പിലാക്കപ്പെട്ടെന്നും വിവിധ ജാതിവിഭാഗങ്ങളുടെ സാമുഹിക-സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയെത്രത്തോളമാണെന്നും കൃത്യമായി മനസ്സിലാക്കാം.

നീതീഷ് കുമാറിന്റെ നേതൃത്വത്തിലുളള ബീഹാർ സർക്കാർ ജാതിസെൻസസ് സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടിരുന്നു. അവരുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 63 ശതമാനവും ഒ.ബി.സിക്കാരാണ്. അവരിൽ തന്നെ, 36 ശതമാനം വരുന്ന ഏറ്റവും പിന്നാക്ക വിഭാഗമാണെന്നും കണ്ടെത്തിയിരുന്നു. പിന്നാക്ക ജാതിക്കാർ 19.65 ശതമാനവും പിന്നാക്ക വർഗക്കാർ 1.68 ശതമാനവും സംവരണേതര വിഭാഗമായ അപ്പർ കാസ്റ്റ് 15.52 ശതമാനവുമാണ് ഉണ്ടായിരുന്നത്.

ബീഹാറിലെ ജാതി സെൻസസിലൂടെ സവർണ ന്യൂനപക്ഷം കൈയടക്കിവച്ചിരിക്കുന്ന അധികാരത്തിന്റെയും പദവികളുടെയും സമ്പത്തിന്റെയും കണക്കുകൂടി പുറത്തുവന്നിരുന്നു. ഇത്തരത്തിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തമെന്നാണ് നിതീഷിന്റെ ആവശ്യം.

ബീഹാറിലെ ജാതി സെൻസസിലൂടെ സവർണ ന്യൂനപക്ഷം കൈയടക്കിവച്ചിരിക്കുന്ന അധികാരത്തിന്റെയും പദവികളുടെയും സമ്പത്തിന്റെയും കണക്കുകൂടി പുറത്തുവന്നിരുന്നു. ഇത്തരത്തിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തമെന്നാണ്  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ ആവശ്യം.
ബീഹാറിലെ ജാതി സെൻസസിലൂടെ സവർണ ന്യൂനപക്ഷം കൈയടക്കിവച്ചിരിക്കുന്ന അധികാരത്തിന്റെയും പദവികളുടെയും സമ്പത്തിന്റെയും കണക്കുകൂടി പുറത്തുവന്നിരുന്നു. ഇത്തരത്തിൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ ആവശ്യം.

ഇലക്ഷൻ കാമ്പയിനിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ജാതി സെൻസസ് പ്രധാന വിഷയമായി ഉയർത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് എന്ന ആവശ്യം മുന്നോട്ടുവക്കുമെന്ന് കോൺഗ്രസ് കാമ്പയിൻ സമയത്ത് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, 50 ശതമാനം സംവരണപരിധി നീക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് യു.പി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധിയെ സ്വാധീനിച്ചിട്ടുമുണ്ട്.

എന്നാൽ, ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രമാണിതെന്നു പറഞ്ഞ് ബി.ജെ.പി തുടക്കം മുതൽ ഈ ആവശ്യത്തെ നിരസിച്ചുവരികയാണ്.

ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക- സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ, വിഭവ വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തരം നൽകാൻ ജാതി സെൻസസ് ഡാറ്റ സഹായിക്കും. ഇപ്പോൾ ലഭ്യമായ ജാതി തിരിച്ച ഡാറ്റക്ക് 90 വർഷത്തെ പഴക്കമുണ്ട്.

ജാതി സെൻസസിലൂടെ മറ്റു പിന്നാക്ക സമുദായങ്ങളുടെ കണക്ക് പുറത്തുവരികയും മുന്നാക്ക വിഭാഗങ്ങൾ കൈവശം വച്ചുകൊണ്ടിരിക്കുന്ന അനർഹമായ ആനുകൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ആകെയുള്ള ദേശീയ ആസ്തികളുടെ 41 ശതമാനവും 22. 28 ശതമാനം വരുന്ന അപ്പർ കാസ്റ്റ് ഹിന്ദുക്കളുടെ കൈവശമാണ്. ഹിന്ദുക്കളിലെ ഒ.ബി.സികളുടെ കൈവശം 31 ശതമാനവും പട്ടികജാതിക്കാരുടെ കൈവശം 3.7 ശതമാനം മാത്രം. രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം വരുന്ന ഒ.ബി.സി, ദലിത് വിഭാഗങ്ങൾക്ക് ഉന്നത ജോലികളിലും അധികാര പദവികളിലുമുള്ള പ്രാതിനിധ്യം 30 ശതമാനം മാത്രം. ഗവ. സെക്രട്ടറിമാരിൽ വെറും ഏഴു ശതമാനമാണ് ഒ.ബി.സി, ദലിത് വിഭാഗങ്ങൾ.

ഇലക്ഷൻ കാമ്പയിനിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ജാതി സെൻസസ് പ്രധാന വിഷയമായി ഉയർത്തിയിരുന്നു.
ഇലക്ഷൻ കാമ്പയിനിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ജാതി സെൻസസ് പ്രധാന വിഷയമായി ഉയർത്തിയിരുന്നു.

ദേശീയാടിസ്ഥാനത്തിലുള്ള ഇത്തരം ഡാറ്റ പുറത്തുവന്നാൽ, 90 വർഷം മുമ്പുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ തുടരുന്ന സംവരണവ്യവസ്ഥ പൊളിച്ചെഴുതേണ്ടിവരും. മികവ് നിലനിർത്താനെന്ന വ്യാജേന സംരക്ഷിക്കപ്പെട്ടിരിക്കുന്ന 50 ശതമാനം സംവരണപരിധി അപ്രസക്തമാകും. അധികാരവും വിഭവങ്ങളും നിഷേധിക്കപ്പെട്ടവർ അവകാശമുന്നയിച്ചുതുടങ്ങും. അത് 15.52 ശതമാനത്തിന്റെ ആധിപത്യത്തെ ഇളക്കാൻ തുടങ്ങും.
യഥാർഥ കണക്ക് പുറത്തുവന്നാൽ, ഒ.ബി.സി ക്വാട്ട 27 ശതമാനത്തിൽനിന്ന് ഉയർത്താൻ ആവശ്യമുയരും. അതീവ പിന്നാക്കവിഭാഗക്കാർക്ക് അഡീഷനൽ ക്വാട്ടക്ക് ആവശ്യമുയരും. പ്രാദേശിക പാർട്ടികളുടെ സമ്മർദം ശക്തമാകും. ബി.ജെ.പിയുടെ സവർണ വോട്ടുബാങ്കിന്റെ വിലപേശൽ ശേഷി ഇടിയും. ഹിന്ദുത്വ രാഷ്ട്രീയത്തെ തന്നെ അത് ദുർബലമാക്കും. ബി.ജെ.പിയെ മാത്രമല്ല, അപ്പർ കാസ്റ്റും അവരുടെ താൽപര്യങ്ങളും നിയന്ത്രിക്കുന്ന എല്ലാ പാർട്ടി സംവിധാനങ്ങളെയും അവരുടെ നിലപാടുകളെയും സ്വാധീനിക്കാൻ പോന്ന പ്രകോപനമാണ് ജാതി സെൻസസിലൂടെ സാധ്യമാകുന്നത്. ഇതാണ് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നത്.

  • ന്യൂനപക്ഷ വിഷയങ്ങളിൽ കൂടിയാലോചന നടത്തണം

ഏക സിവിൽകോഡ് അടക്കമുള്ള വിഷയങ്ങൾ നടപ്പിലാക്കുമ്പോൾ ബന്ധപ്പെട്ട കക്ഷികളെ പരിഗണിക്കണമെന്നും ഏകപക്ഷീയമായ നയങ്ങൾ നടപ്പിലാക്കരുതെന്നും ടി.ഡി.പിയും ജെ.ഡി-യുവും ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ തങ്ങളുടെ പാർട്ടികൾക്കുള്ള ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ പൗരത്വ നിയമഭേദഗതി അടക്കമുള്ള ബി.ജെ.പി സർക്കാരിന്റെ നടപടികളുമായി ബന്ധപ്പെട്ട സമ്മർദതന്ത്രങ്ങൾക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് ബീഹാറിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയം പയറ്റുന്ന നിതീഷ് കുമാറിന് ന്യൂനപക്ഷത്തെയും പിന്നാക്ക വിഭാഗങ്ങളെയും പിണക്കി മുന്നോട്ട് പോകാനാകില്ല.

  • ആന്ധ്രക്കും ബീഹാറിനും
    പ്രത്യേക സംസ്ഥാന പദവി

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഒരേ പോലെ ആവശ്യപ്പെടുന്നതാണ്, ആന്ധ്രപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി. തലസ്ഥാന നഗരമായ അമരാവതിയിലെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്, പ്രത്യേക പദവി ലഭിക്കേണ്ടത് നായിഡുവിന് അനിവാര്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബീഹാറിൽ ജെ.ഡി.യു പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നതിന് നിതീഷ് കുമാറിനും സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കേണ്ടത് അനിവാര്യമാണ്.

  • എം.പി കണക്കിൽ മന്ത്രിമാരും

ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം, നിയമം, വിവരസാങ്കേതിക വകുപ്പുകൾ കൈവശം വക്കാനാണ് ബി.ജെ.പി തീരുമാനം.
ഓരോ നാല് എം.പിമാരിൽ ഒരാൾക്കുവീതം മന്ത്രിസ്ഥാനം എന്നതാണ് ടി.ഡി.പിയുടെ അവകാശവാദം. പാർട്ടിക്ക് 16 എം.പിമാരുള്ളതിനാൽ നാല് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. ജെ.ഡി.യു മൂന്നു മന്ത്രിസ്ഥാനവും. ഏകനാഥ് ഷിൻഡേയുടെ ശിവസേനയും ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും രണ്ടു വീതം മന്ത്രിമാരെ ആവശ്യപ്പെടുന്നു.

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു

ഗ്രാമവികസന വകുപ്പ്, പ്രതിരോധം, റെയിൽവേ, കൃഷി വകുപ്പുകളാണ് നിതീഷ് കുമാറിന്റെ ആവശ്യം. നഗര- ഗ്രാമ വികസന വകുപ്പ്, കപ്പൽ ഗതാഗത തുറമുഖ വകുപ്പ്, ഉപരിതല ഗതാഗത ഹൈവേ വകുപ്പ്, ജലവകുപ്പ് എന്നിവയാണ് ടി.ഡി.പിയുടെ ആവശ്യം. ലോക്‌സഭാ സ്പീക്കർ സ്ഥാനവും ടി.ഡി.പി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ജെ.ഡി.യുവും ടി.ഡി.പിയും ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളെല്ലാം സൂക്ഷ്മാർത്ഥത്തിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി പ്രകടന പത്രികയിൽ പരാമർശിച്ചിരുന്ന പ്രധാന ആവശ്യങ്ങളാണ്. അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന് രാഹുൽ ഗാന്ധി കാമ്പയിനിൽ പറഞ്ഞിരുന്നു. ജാതി സെൻസസും പ്രകടന പത്രികയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പു കാമ്പയിനിലുടനീളം ഈ ആവശ്യങ്ങളെയെല്ലാം നിരാകരിച്ചിരുന്ന ബി.ജെ.പി എങ്ങനെയാണ് ടി.ഡി.പിയുടെയും ജെ.ഡി-യുവിന്റെയും ആവശ്യങ്ങളോട് നിലപാടെടുക്കുക എന്നത് പ്രധാനമാണ്.

Comments