സിറ്റിംഗ് മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയം. പക്ഷേ ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നിടത്ത് നിന്നും ഇത്തവണ അത് 1,52,513 ആയി ചുരുങ്ങി. മൂന്നര ലക്ഷത്തിന്റെ കുറവ്. റെക്കോർഡ് ഭൂരിപക്ഷമെന്ന സ്വപ്നം തകർന്നെങ്കിലും മോദിക്കിത് ഹാട്രിക്ക് വിജയം. തനിച്ച് മത്സരിച്ച ബി.എസ്.പി സ്ഥാനാർത്ഥി മൂന്നാമതെത്തി.
2014-ൽ 3.71 ലക്ഷം വോട്ടിന്റെയും 2019-ൽ 4.80 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷം നേടിയ മോദിക്ക് ഇത്തവണ 80 ശതമാനം വോട്ട് ലഭിച്ചിരിക്കണമെന്ന 'അന്ത്യശാസനം' മണ്ഡലത്തിന്റെ പ്രവർത്തകർക്ക് ബി.ജെ.പി നൽകിയിരുന്നു. പത്തു ലക്ഷത്തിലധികം വോട്ടും ഏഴു ലക്ഷത്തിന്റെ ഭൂരിപക്ഷവും എന്നതായിരുന്നു പാർട്ടി ടാർഗറ്റ്.
മണ്ഡലത്തില്‍ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്ന് ആദ്യഘട്ട ഫലസൂചനകള്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഒമ്പതിനായിരം വോട്ടിന് മോദി പിന്നില്‍ എന്ന വാര്‍ത്ത ബിജെപി ക്യാംപിന് ഉണ്ടാക്കിയ ആശങ്ക ചെറുതായിരുന്നില്ല.
സിറ്റിങ് എം.പിയായ മുരളീ മനോഹർ ജോഷിയെ മാറ്റിയാണ് മോദി 2014-ൽ വാരാണസിയിലെത്തിയത്. 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും 56.37% വോട്ടുവിഹിതവും നേടി മോദി തോൽപ്പിച്ചത് ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളിനെ. 2019-ൽ ഭൂരിപക്ഷം നാലര ലക്ഷവും വോട്ടുവിഹിതം 63 ശതമാനവുമായി ഉയർത്തി. സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവ് ആയിരുന്നു എതിർ സ്ഥാനാർഥി. രണ്ടു തവണയും അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി.
യു.പി. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അജയ് റായ് വാരണാസിയിൽ 2009- മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിർത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ്. പഴയ ബി.ജെ.പി. എം.എൽ.എ.യായിരുന്ന അജയ് 2009-ൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായാണ് മത്സരിച്ചത്. 2014-ലും 2019-ലും മോദിക്കെതിരേ കോൺഗ്രസിന്റെ ബാനറിലും. മൂന്ന് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്നു.
മുന്നാക്ക സമുദായങ്ങളായ ബ്രാഹ്മണ, ഭൂമിഹാർ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള വാരാണസിയിൽ 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയിലെ ചന്ദ്രശേഖർ നേടിയ 66.22 ശതമാനം വോട്ടുകഴിഞ്ഞാൽ മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ട് സ്വന്തമാക്കിയത് 2019-ൽ മോദിയാണ്, 63.62 ശതമാനം. ബ്രാഹ്മണർ, ജയ്‌സ്വാൾ തുടങ്ങിയ സമുദായങ്ങൾ കഴിഞ്ഞാൽ മണ്ഡലത്തിൽ സ്വാധീനമുള്ളത് മുസ്ലിങ്ങൾക്കും ഒ ബി സി വിഭാഗക്കാർക്കുമാണ്.
ഇത്തവണ ഇലക്ഷനുമുമ്പേ വാരാണസിയെ വർഗീയമായി ഒരുക്കിയെടുക്കാൻ ബി.ജെ.പിയും സംഘ്പരിവാറും കഠിനാധ്വാനം ചെയ്തിരുന്നു. ഗ്യാൻവ്യാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുവാദം നൽകുന്ന വാരാണസി ജില്ലാ കോടതി വിധി ബി.ജെ.പി നന്നായി ഉപയോഗിച്ചു. അയോധ്യയിലെ രാമക്ഷേത്രം തുടക്കമാണെന്നും കാശി വിശ്വനാഥക്ഷേത്രമാണ് അടുത്ത ലക്ഷ്യമെന്നും ബി.ജെ.പി തുറന്നു പറഞ്ഞു. ക്ഷേത്രനഗരിയെന്നറിയപ്പെടുന്ന വാരാണസിയിലെ വികസന പ്രവർത്തനങ്ങളെല്ലാം ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
മണ്ഡലത്തിലെ ജാതി സമവാക്യങ്ങളെ പ്രീണിപ്പിക്കാൻ ബ്രാഹ്മണ, ഒ ബി സി, ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് തന്റെ പത്രികയിൽ ഒപ്പിടാൻ മോദി തെരഞ്ഞെടുത്തത്. ഒപ്പം, അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ പൂജാരിയും പത്രികാ സമർപ്പണത്തിന് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഒരു കാലത്ത് സി പി എമ്മിന്റെയും സി.പി.ഐയുടെയും ശക്തികേന്ദ്രമായിരുന്നു വാരാണസി എന്ന യാഥാർഥ്യം ഇന്നത്തെ സാഹചര്യത്തിൽ അൽപം കൗതുകം കൂടി നിറഞ്ഞതാണ്.
മണ്ഡലം രൂപീകരിക്കപ്പെട്ട 1967-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി പി എം ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയാണ് വാരാണസി. സത്യനാരായൺ സിങ്ങാണ് അന്ന് ജയിച്ചത്. 1991-ൽ രണ്ടാം സ്ഥാനത്തായിരുന്നു സി.പി.എം. 1996-ലും 1998-ലും ഒന്നര ലക്ഷത്തോളം വോട്ട് വാരാണസിയിൽ സി.പി.എം നേടി. എന്നാൽ, 2014-ൽ മോദിയ്‌ക്കെതിരെ മത്സരിച്ച സി പി എം സംസ്ഥാന സെക്രട്ടറി ഹിരാലാൽ യാദവിന് കിട്ടിയത് 2,457 വോട്ട് മാത്രം. തൊണ്ണൂറുകൾക്കുശേഷം ഏഴ് വട്ടം വാരാണസിയിൽ ജയിച്ചത് ബി.ജെ.പിയാണ്. 2004- ൽ കോൺഗ്രസിന്റെ രാജേഷ് കുമാർ മിശ്രക്കായിരുന്നു ജയം. 2009- ൽ മുരളി മനോഹർ ജോഷിയാണ് ബി ജെ പിക്കുവേണ്ടി വാരാണസി തിരിച്ചുപിടിച്ചത്.