മൻമോഹൻ സിങ് പറഞ്ഞതും
മോദി വളച്ചൊടിച്ചതും

‘‘വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുംവിധമുള്ള വിഷലിപ്ത പ്രസ്താവനയാണിത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും നടത്താത്ത തരത്തിലുള്ള ഒന്ന്. ഇത് പരിശോധിക്കപ്പെടാതെയും അന്വേഷിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകരുത്'', ഇലക്ഷൻ കമീഷന് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ചുനൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം ബി.ജെ.പിയുടെ സ്വഭാവികമായ ഐഡിയോളജിക്കൽ കാമ്പയിൻ പ്ലാനിന്റെ ഭാഗമാണ്.
'കൂടുതൽ മക്കളുള്ളവർ', 'നുഴഞ്ഞുകയറ്റക്കാർ' എന്നിങ്ങനെ ആർ.എസ്.എസിന്റെ പ്രഖ്യാപിത മുസ്‌ലിം വിരുദ്ധ കാമ്പയിൻ 'ഔദ്യോഗികമായി' തന്നെ ബി.ജെ.പിയുടെ ഇലക്ഷൻ കാമ്പയിനിലേക്ക് കൊണ്ടുവരിക മാത്രമാണ് മോദി ചെയ്തത്. അതായത് കാമ്പയിൻ, യഥാർഥ രാഷ്ട്രീയ ഇഷ്യൂകളുടെ അടിസ്ഥാനത്തിലായാൽ അത് ഏറ്റവും ദോഷം ചെയ്യുക മോദിക്കും മോദിഭരണകൂടത്തിനുമാകും എന്ന തിരിച്ചറിവ് ബി.ജെ.പിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ, കാമ്പയിനെ വർഗീയമാക്കി മാറ്റുക എന്നത് ബി.ജെ.പി എല്ലാ ​ഇലക്ഷനിലും പയറ്റുന്ന തന്ത്രമാണ്. 2019-ലും ഇതേ തന്ത്രം പാർട്ടി പയറ്റിയതാണ്.

പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 2006 ഡിസംബർ ഒമ്പതിന് ദേശീയ വികസന കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം വളച്ചൊടിച്ചാണ് മോദി രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ഇലക്ഷൻ റാലിയിൽ മുസ്‌ലിംകൾക്കെതിരെ അത്യന്തം വിദ്വേഷം നിറഞ്ഞ പരാമർശം നടത്തിയത്. അതും ഒരു പ്രധാനമന്ത്രി, സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ ഇത്തരത്തിൽ സംസാരിക്കുമോ എന്നുപോലും അൽഭുതപ്പെടുത്ത തരത്തിലുള്ള വെറുപ്പിന്റെ ഭാഷയിൽ.

നരേന്ദ്രമോദി പറഞ്ഞത്: ''രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണ് എന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''
''അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്, നിങ്ങളുടെ താലിമാലയെപ്പോലും ഈ അർബൻ നക്‌സലുകൾ വെറുതെവിടില്ല'', ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവ്, അതും ഇലക്ഷൻ കാലത്ത്, നടത്താത്ത തരത്തിലുള്ള പ്രതിഷേധാർഹമായ ഭാഷയിലായിരുന്നു മോദിയുടെ പ്രസംഗം.

മോദിയുടെ പരാമർശത്തിന് ബലം പകരുന്ന മട്ടിൽ, മൻമോഹൻ സിങ് 2006 ഡിസംബർ ഒമ്പതിന് നടത്തിയ പ്രസംഗത്തിന്റെ 22 സെക്കന്റുള്ള വീഡിയോയും ബി.ജെ.പി എക്‌സിൽ പങ്കുവച്ചിട്ടുണ്ട്; 'കോൺഗ്രസിന് അവരുടെ സ്വന്തം പ്രധാനമന്ത്രിയിൽ വിശ്വാസമില്ലേ' എന്നും ബി.ജെ.പി ചോദിക്കുന്നുണ്ട്.

എന്നാൽ, 'രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണ്' എന്നൊരു പ്രസ്താവന മൻമോഹൻ സിങ്ങ് നടത്തിയിട്ടില്ല. കോൺഗ്രസ് പ്രകടനപത്രികയിലും മോദി ഉന്നയിക്കുന്ന പരാമർശമില്ല. രണ്ടും മോദി, ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകാലത്തും പയറ്റുന്ന വിഭജനരാഷ്ട്രീയത്തിന്റെ അളവുകോൽ വച്ച് വളച്ചൊടിക്കുകയായിരുന്നു.

ദേശീയ വികസന കൗൺസിൽ യോഗത്തിൽ മൻമോഹൻസിങ് നടത്തിയ പരാമർശത്തിൽനിന്ന് ബി.ജെ.പി അടർത്തിയെടുത്ത ഭാഗം ഇതാണ്: ''ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലം തുല്യമായി വിതരണം ചെയ്യത്തക്ക വിധത്തിലുള്ള പുതിയ പദ്ധതികൾ നമുക്ക് കൊണ്ടുവരേണ്ടതുണ്ട്. അവർക്ക് വിഭവങ്ങളിൽ പ്രാഥമിക അവകാശവുമുണ്ട്''.

മുസ്‌ലിംകളാണ് വിഭവങ്ങളുടെ ആദ്യ അവകാശി എന്ന തരത്തിലാണ് ബി.ജെ.പി ഈ പരാമർശത്തെ വളച്ചൊടിക്കുന്നത്.

മന്‍മോഹന്‍ സിംഗ്

യഥാർഥത്തിൽ, പദ്ധതി മുൻഗണനകളുടെയും വിഭവവിതരണത്തിന്റെയും കാര്യത്തിൽ രാജ്യത്തെ പാർശ്വവൽകൃതവിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ചായിരുന്നു മൻമോഹൻ സിങ്ങിന്റെ പ്രസംഗം. പട്ടികജാതി- പട്ടികവർഗം, സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷം എന്നിവർ അവഗണന നേരിടുന്നുവെന്ന കൃത്യമായ വസ്തുതയാണ് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടിയത്.

മൻമോഹൻ സിങ്ങിന്റെ പ്രസംഗം അന്നും ചർച്ചയായിരുന്നു. ഇതേതുടർന്ന് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു: നമ്മുടെ കൂട്ടായ മുൻഗണനകൾ വ്യക്തമാണ്. കൃഷി, ജലസേചനം, ജലവിഭവം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനമേഖലകളിലെ നിക്ഷേപം, അടിസ്ഥാനമേഖലകളിലെ പൊതു നിക്ഷേപം, പട്ടികജാതി- പട്ടികവർഗക്കാരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം തുടങ്ങിയവയാണ് ആ മുൻഗണനകൾ. പട്ടികജാതി- പട്ടികവർഗക്കാർക്കുള്ള കമ്പോണന്റ് പ്ലാനുകൾ പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഗുണഫലം തുല്യമായി വിതരണം ചെയ്യുന്നതിനുള്ള പുതിയ പ്ലാനുകൾ വേണം. അവർക്ക് വിഭവങ്ങളിൽ പ്രാഥമിക അവകാശമുണ്ടായിരിക്കണം. ആകെയുള്ള വിഭവങ്ങളുടെ ലഭ്യതയുമായി ഒത്തുപോകുന്ന വിധത്തിൽ മറ്റ് ആവശ്യങ്ങളും കേന്ദ്രത്തിന് നിറവേറ്റാനുണ്ട്''.

'വിഭവങ്ങളുടെ പ്രാഥമിക അവകാശികൾ' എന്ന പരാമർശം, മുകളിൽ ചൂണ്ടിക്കാട്ടിയ മുൻഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മൻമോഹൻസിങ് വിശദീകരിച്ചിട്ടുണ്ട്. പട്ടികജാതി- പട്ടികവർഗക്കാരും പിന്നാക്കക്കാരും സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളുമെല്ലാം വിഭവങ്ങളിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടുന്നു​വെന്നാണ് മൻമോഹൻസിങ് വിശദീകരിക്കുന്നത്. അതിനെ മറികടന്ന്, ഈ വിഭാഗങ്ങളുടെ ഉയർച്ചക്കുവേണ്ടിയുള്ള പരിപാടികൾ വേണമെന്നും. അതായത്, രാജ്യത്തെ അടിസ്ഥാന ജനതക്ക് മുൻഗണനകളിൽ തുല്യ പരിഗണനയും വിഭവ വിതരണത്തിൽ തുല്യ അവകാശവും ഉറപ്പുവരുത്തുക എന്നതായിരുന്നു ഈ പരാമർശത്തിന്റെ അന്തഃസത്ത.

പദ്ധതി മുൻഗണനകളുടെയും വിഭവവിതരണത്തിന്റെയും കാര്യത്തിൽ രാജ്യത്തെ പാർശ്വവൽകൃതവിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ചായിരുന്നു മൻമോഹൻ സിങ്ങിന്റെ പ്രസംഗം.

ഇക്കാര്യം അനിഷേധ്യ വസ്തുത കൂടിയാണ്. കാരണം, സർക്കാർ പദ്ധതികളിൽനിന്നും വിഭവ വിതരണത്തിൽനിന്നും പാർശ്വവൽക്കരിക്കപ്പെടുന്നു എന്നതാണ് ഇന്ത്യയിലെ അടിസ്ഥാനവർഗം നേരിടുള്ള ഏറ്റവും വലിയ പ്രതിസന്ധി. അതിൽ മുസ്‌ലിം ന്യൂനപക്ഷം ഒരു പ്രധാന വിഭാഗമാണെന്ന് സച്ചാർ കമ്മിറ്റി അടക്കമുള്ള പ്രധാന വിദഗ്ധസംഘങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. മൻമോഹൻ സിങ് ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പാണ്, 2006 നവംർ 30ന് സച്ചാർ സമിതി റിപ്പോർട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചത്.

ആദ്യ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ്, അര നൂറ്റാണ്ടുകാലത്തെ മുസ്‌ലിംകളുടെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്. ആകെ ജനസംഖ്യയില്‍ 14 ശതമാനത്തിലധികം വരുന്ന ഒരു വിഭാഗം മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടതിന്റെ സൂക്ഷ്മചരിത്രമാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി- പട്ടികവർഗ വിഭാഗത്തേക്കാൾ താഴ്ന്ന നിലവാരത്തിലാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം ഡാറ്റകളുടെ കൂടി അടിസ്ഥാനത്തിലാണ്, മൻമോഹൻ സിങ് അന്ന് നടത്തിയ പ്രസംഗം.

എന്നാൽ, മൻമോഹൻസിങ്ങിനെ പ്രസംഗത്തിൽ സൂചിപ്പിച്ച മറ്റെല്ലാ വിഭാഗങ്ങളെയും ഗൂഢോദ്ദേശ്യത്തോടെ ഒഴിവാക്കുകയും രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശി മുസ്‌ലിംകളാണ് എന്ന തരത്തിൽ വളച്ചൊടിക്കുകയുമാണ് മോദി ചെയ്തത്. ഇതിന് ബലം പകരാനെന്ന വണ്ണം കോൺഗ്രസ് പ്രകടനപത്രികയിൽ പറയാത്ത ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. പ്രകടനപത്രികയിലെ Equity എന്ന ടൈറ്റിലിൽ ഇങ്ങനെ പറയുന്നുണ്ട്: . ‘‘Congress will establish an authority to monitor the distribution to the poor of government land and surplus land under the land ceiling Acts’’. അധഃസ്ഥിതപക്ഷത്തുനിന്നുള്ള വിവേകപൂർവമായ ഇയൊരു നടപടിയെയാകാം, അർബൻ നക്സലുകളുടെ ആക്രമണമായി മോദി വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്തവിധം മോദി നടത്തിയ കടുത്ത വിദ്വേഷപ്രസംഗത്തിനെതിരെ അതിരൂക്ഷമായ പ്രതിഷേധമുയർന്നിരിക്കുകയാണ്.

ഇതുവരെയുള്ള കാമ്പയിനിൽ ബി.ജെ.പിക്ക് മുതലെടുപ്പുണ്ടാക്കാൻ തരത്തിലുള്ള ഒരു വിഷയും ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്തതിനെതുടർന്നാണ് മുസ്‌ലിം വിരുദ്ധ പരാമർശവുമായി രംഗത്തെത്താൻ മോദിയെ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നുണകളുടെ ലെവൽ തീരെ താഴ്ന്നുപോയിട്ടുണ്ടെന്നും അതുകൊണ്ടാണ് യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഇത്തരം വിവാദങ്ങൾ കുത്തിപ്പൊക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആദ്യ ഘട്ട വോട്ടെടുപ്പിൽ 'ഇന്ത്യ' സഖ്യത്തിന് വിജയിക്കാനാകുമെന്നുറപ്പാണെന്നും ഇതിന്റെ നിരാശയിൽനിന്ന്, അടുത്ത ഘട്ടങ്ങളിൽ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിയ ശ്രമമാണിതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ കുറ്റപ്പെടുത്തി: ''ഞങ്ങളുടെ പ്രകടനപത്രിയ ഓരോ ഇന്ത്യക്കാർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും വേണ്ട തുല്യതയെക്കുറിച്ചും നീതിയെക്കുറിച്ചുമാണ് അത് പറയുന്നത്'', ഖാർഗേ ട്വീറ്റ് ചെയ്തു.

അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദ്- ഉൽ, മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയും മോദിയുടെ പരാമർത്തെ വിമർശിച്ചു: ''മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരും കുട്ടികൾ കൂടുതലുള്ളവരുമാണെന്നാണ് മോദി പറയുന്നത്. 2002 മുതൽ മോദി ഗ്യാരണ്ടി എന്നത് മുസ്‌ലിംകളെ ആക്ഷേപിച്ച് വോട്ട് പിടിക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ച് ആലോചിച്ചാൽ ഒരു കാര്യം വ്യക്തമാകും. മോദിയുടെ ഭരണത്തിൽ ആ സമ്പത്തിന്റെ ആദ്യ അവകാശികൾ അദ്ദേഹത്തിന്റെ സമ്പന്ന സുഹൃത്തുക്കളണ്. രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം ഇന്ത്യക്കാരുടെ കൈവശമാണ്''- ഒവൈസി പറയുന്നു.

മോദിയുടെ ലജ്ജാകരമായ പരാമർശത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർക്ക് ഓരോരുത്തരും രണ്ടു വരിയുള്ള ഒരു ഇ മെയിൽ സന്ദേശം അയക്കണമെന്ന് മാധ്യമപ്രവർത്തകയും രാജ്യസഭാംഗവുമായ സാഗരിക ഘോഷ് എക്‌സിൽ കുറിച്ചു. രാഷ്ട്രീയക്കാർ ഇത്തരം ഭാഷയിൽ സംസാരിക്കരുതെന്ന് ഇലക്ഷൻ കമീഷനെ ബോധ്യപ്പെടുത്തണമെന്നും അവർ പറഞ്ഞു.

മോദിയുടെ പ്രസംഗത്തിനെതിരെ ഇലക്ഷൻ കമീഷന് നിരവധി പരാതികളാണ് ലഭിച്ചത്. ഒരു സമുദായത്തെ ഉന്നം വച്ച് നടത്തിയ പ്രസ്താവനയാണ് എന്നും ഇലക്ഷൻ പെരുമാറ്റചട്ടലംഘനാമാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. നടപടിക്കുള്ള എല്ലാ വകുപ്പുകളുമു​ണ്ടെന്നും കമീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് പറഞ്ഞു.
‘‘വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുംവിധമുള്ള വിഷലിപ്ത പ്രസ്താവനയാണിത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും നടത്താത്ത തരത്തിലുള്ള ഒന്ന്. ഇത് പരിശോധിക്കപ്പെടാതെയും അന്വേഷിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകരുത്'', കമീഷന് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു. അഭിഷേക് മനു സിങ്‌വി, ഗുരുദീപ് സപ്പാല്‍, സുപ്രിയ ശ്രിനാഥേ എന്നിവരുടെ നേതൃത്വത്തിലാണ് കമീഷനെ കണ്ടത്. ബി.ജെ.പി നടത്തിയ ജനപ്രാതിനിധ്യനിയമപ്രകാരമുള്ള 16 ചട്ടലംഘനങ്ങളെക്കുറിച്ചും ഇവര്‍ കമീഷന് പരാതി നല്‍കി.

ഇലക്ഷന്‍ നടപടിപ്രക്രിയ വിശദീകരിക്കവേ, കാമ്പയിനില്‍നിന്ന് വിദ്വേഷപ്രസംഗവും വ്യക്തിജീവിതത്തിനെതിരായ വിമര്‍ശവും ജാതി- മത പ്രീണനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യ ഇലക്ഷന്‍ കമീഷണര്‍ രാജീവ് കുമാര്‍ അഭ്യര്‍ഥിച്ചിരുന്നു. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും സമുദായത്തിന്റെയും ഭാഷയുടെയും പേരില്‍ ഒരു സ്ഥാനാര്‍ഥിയും വോട്ട് അഭ്യര്‍ഥിക്കരുതെന്ന് ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 123(3) വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മാതൃകാ പെരുമാറ്റചട്ടത്തില്‍ വിദ്വേഷ പ്രസംഗത്തിന് വ്യക്തമായ നിര്‍വചനമില്ല. പരസ്പരം വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന തരത്തിലുള്ള നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന നിര്‍ദേശമാണ് അതിലുള്ളത്. അതേസമയം, ഇത്തരം പരാതികളില്‍ ഇലക്ഷന്‍ കമീഷന് നടപടിയെടുക്കാനുളള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അധികാരമില്ലാത്തതല്ല, അധികാരം പ്രയോഗിക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
കോണ്‍ഗ്രസ് നല്‍കിയ പരാതിയനുസരിച്ച് പ്രധാനമന്ത്രിക്ക് കമീഷന്‍ ഒരു നോട്ടീസ് അയക്കുന്നതുപോലും വലിയൊരു മുന്നറിയിപ്പായി മാറുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments