ഇന്ത്യയെന്ന നമ്മുടെ രാഷ്ട്രനാമം മ്ലേച്ഛമാണെന്നും അതു ശൂദ്രനാമമാണെന്നും കരുതുന്ന പ്രധാനമന്ത്രി മോദിക്ക് INDIA എന്ന് കേള്‍ക്കുമ്പോള്‍, ഹാലിളകുന്നത് സ്വാഭാവികം. ആര്‍ എസ് എസ് ബുദ്ധിജീവിയും വിദ്യാഭ്യാസ സമിതിയായ സംസ്‌കൃത ഉത്ഥാന്‍ ന്യാസിന്റെ മേധാവിയുമായ ദീനനാഥ് ബത്ര സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്; ഇന്ത്യയെന്ന പേര് മാറ്റി മാതൃഭൂമിയുടെ പേര് ഭാരതം എന്നാക്കണമെന്നാണ്; ആര്യാവര്‍ത്തമായ ഭാരതമാണ് നമ്മുടെ മാതൃഭൂമിയെന്നും ഇന്ത്യയെന്നത് നീചനാമമാണെന്നുമാണ്.
ഇപ്പോള്‍ പ്രതിപക്ഷ സഖ്യമായ I.N.D.I.A-യെ പരിഹസിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ തിളച്ചുമറിയുന്നത് ഈയൊരു പ്രത്യയശാസ്ത്ര ബോധമാണ്. ആര്യ ശ്രേഷ്ഠതയുടെയും ശൂദ്ര വിരോധത്തിന്റെയും അപരമത വിദ്വേഷത്തിന്റെയും ഫാഷിസ്റ്റ് സംസ്‌കാരത്തില്‍ നിന്നാണദ്ദേഹം ഇന്ത്യന്‍ മുജാഹിദീനിലും, ഈസ്റ്റ് ഇന്ത്യ കമ്പനിയിലും, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ഇന്ത്യയുണ്ടെന്ന ക്രൂരമായ പരിഹാസം തട്ടിവിടുന്നത്. പ്രതിപക്ഷ ഐക്യത്തെയും അതിന്റെ മുന്നണിയായ I.N.D.I.A-യെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയോടും ഭീകരവാദ സംഘടനകളോടും താരതമ്യം ചെയ്യുന്ന മോദി, പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ നവാബായ സിറാജ് ദൗളയെ ഒറ്റിക്കൊടുത്ത മിര്‍ജാഫറുടെയും ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ദേശീയവാദികളെ കൊന്നൊടുക്കിയ ബ്രിട്ടീഷ് കമ്പനി പട്ടാളത്തിന് താവളമൊരുക്കിയ ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബത്തിന്റെയും ചരിത്രം പിന്‍പറ്റുകയാണ് ചെയ്യുന്നത്.
ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു- മുസല്‍മാന്‍ ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടിഷുകാരുടെ, ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രത്തിന്റെ കരുക്കളായി അധഃപതിച്ച ബാബമാരുടെ ചരിത്രത്തെ പിന്‍പറ്റി ഉണ്ടായ സംഘടനയാണ് ഹിന്ദു മഹാസഭയും ആര്‍ എസ് എസും. അതിന്റെ പ്രചാരകാണല്ലോ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി.

പ്രതിപക്ഷ സഖ്യത്തിനിട്ട I.N.D.I.A എന്ന പേരിനെ കളിയാക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും INDIA ഉണ്ടെന്നുപറയുന്ന മോദി സ്വന്തം പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വസേവയുടെയും ദേശവഞ്ചനയുടെയും ചരിത്രത്തെ തന്നെയാണ് അറിയാതെ വിളിച്ചു പറയുന്നത്. ബ്രിട്ടീഷ് സേവയുടെയും രാജഭരണ ദാസ്യത്തിന്റെയും അഴുക്കുചാലുകളില്‍ പ്രജനനം ചെയ്ത കൂത്താടികളാണ് ആര്‍ എസ് എസുകാര്‍.
ദേശീയാധികാരം കയ്യടക്കിയ അവര്‍ സ്വാതന്ത്ര്യനാന്തരം ഇന്ത്യ രൂപപ്പെടുത്തിയ സ്വാശ്രയത്വത്തിന്റെയും പരമാധികാരത്തിന്റയും അടിസ്ഥാനങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റുതുലക്കുകയാണ്. അതിനായി ദേശീയ ധനവല്‍ക്കരണ പൈപ്പ് ലൈന്‍ പദ്ധതികളാണ് അടിച്ചേല്പിക്കുന്നത്. ബ്രിട്ടീഷ് കമ്പനികളില്‍ നിന്നും ആധിപത്യത്തില്‍ നിന്നും നമ്മുടെ പൂര്‍വികര്‍ മോചിപ്പിച്ചെടുത്ത ഖനികളും ഇതര പ്രകൃതി വിഭവങ്ങളും പൊതുമേഖലാ കമ്പനികളും അപനിക്ഷേപവല്‍ക്കരിക്കുന്നു. നാടനും വിദേശീയുമായ കുത്തകള്‍ക്ക് വിറ്റുതുലക്കുന്നു. ദേശീയസുരക്ഷക്ക് ഭീഷണിയാവും വിധം, പ്രതിരോധ മേഖലയില്‍ വരെ വിദേശ നിക്ഷേപം അനുവദിക്കുന്നു. കടലും നദികളും റോഡും വിമാനത്താവളങ്ങളും തുറമുഖങ്ങളും റെയില്‍വെ ലൈനുകളും വരെ സ്വകാര്യവല്‍കരിക്കുന്നു. അപനിക്ഷേപവല്‍ക്കരണത്തിലൂടെ രാജ്യത്തെ അപദേശീയവല്‍ക്കരിക്കുകയും അതിനെ മറച്ചു പിടിക്കാന്‍ ഭീകരവാദ ഭീഷണി, ദേശസുരക്ഷ എന്നൊക്കെ പറഞ്ഞ് സങ്കുചിത ദേശീയവികാരവും അതിലൂടെ മുസ്ലിം വിരോധവും ഇളക്കിവിടുന്ന മോദിയുടെ ക്രൂരകൗശലങ്ങളാണ് മണിപ്പുര്‍ സൃഷ്ടിച്ചത്.
മണിപ്പുരിന്റെ മലമടക്കുകളിലെ ഭൂമിക്കടിയിലുള്ള ധാതുവിഭവങ്ങളില്‍ കണ്ണുവെച്ചിരിക്കുന്ന അദാനിമാര്‍ക്കുവേണ്ടിയാണ് മോദിയും അദ്ദേഹത്തിന്റെ സ്വന്തക്കാരനായ ബീരെന്‍ സിംഗും കുക്കി ഗോത്ര ജനതയെ കൊന്നുകൂട്ടുന്നത്. അവരുടെ സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നത്. ഇതിനെതിരെ പാര്‍ലമെന്റിലും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കാതെ മോദി പ്രതിപക്ഷസഖ്യത്തിന്റെ പേരിലെ രാജ്യദ്രോഹം ചികഞ്ഞ് സ്വയം പരിഹാസ്യനാവുകയാണ്.

ബി ജെ പി പാര്‍ലിമെന്ററി യോഗത്തിലാണ് മോദി പ്രതിപക്ഷ സഖ്യത്തെ ഭീകരവാദ സംഘടനകളോട് താരതമ്യം ചെയ്ത് പ്രസംഗിച്ചത്. മോദി പ്രതിനിധാനം ചെയ്യുന്നത് ആര്‍ എസ് എസിനെയാണ് എന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. മണിപ്പുരില്‍ ഗോത്ര ജനതക്കും അവരുടെ സ്ത്രീകള്‍ക്കും മേല്‍ നരനായാട്ട് നടത്തുന്ന ആരംബായ് തെംഗലും മെയ്തിലിപൂണും ബജ്രംഗ്ദള്‍ പോലെയും ശ്രീരാമസേന പോലെയും പ്രവര്‍ത്തിക്കുന്ന പരിവാര്‍ സംഘടനകളാണ്. മണിപ്പുരില്‍ നിന്ന് രക്തം കട്ടപിടിക്കുന്ന ക്രൂരതയുടെ വാര്‍ത്തകളും ദൃശ്യങ്ങളും ഒന്നിന് പിറകെയൊന്നായി വന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, മോദിയുടെ പേരിനെ മുന്‍നിര്‍ത്തിയുള്ള ക്രൂരപരിഹാസം.